Navigation

അനര്‍ഹരും, അര്‍ഹരുടെ അലിഖിത നിയമങ്ങളും

DAlith-Studens

നീതു സി സി

ദളിതര്‍ എത്രമേല്‍ അര്‍ഹതയുള്ളവരാണെങ്കിലും ഔദാര്യമെന്ന മട്ടില്‍ പൊതു സമൂഹം പുച്ഛം വാരി വിതറിത്തരും. നമ്മുടെ മക്കളൊക്കെ എത്ര മാര്‍ക്കു വാങ്ങിയാലും കിട്ടാത്തതാ ചുളുവില്‍ വാങ്ങിയെടുത്തതെന്ന ഭാവം ആ മുഖങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കും. ഇനിയിപ്പോ അങ്ങനെയാണെങ്കില്‍ തന്നെ അതാരുടെയെങ്കിലും ഔദാര്യമാണെന്ന് എനിക്കിന്നോളം തോന്നിയിട്ടില്ല. “ഇതെന്‍റെ അവകാശമാണ്…” നൂറ്റാണ്ടുകളോളം എന്‍റെ പൂര്‍വീക പിതാക്കളെ പിഴിഞ്ഞൂറ്റിയെടുത്തതിന് അവര്‍ക്കു നല്‍കാനാവുന്ന ചെറിയ കാര്യം. ഇതെന്‍റെ തോന്നലാണ് എന്‍റെ മാത്രം തോന്നല്‍…നീതു സി സി  തന്റെ ദളിത്ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

മേല്‍വിലാസമെന്ന സിനിമ കാണുമ്പോഴെല്ലാം ഞാന്‍ കരഞ്ഞിട്ടുണ്ട്. സിനിമയുടെ ഏതു ഭാഗം തൊട്ടു കണ്ടാലും പാര്‍ഥിപന്റെ മുഖം കാണുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു തൂവും. ആദ്യം കണ്ടപ്പോഴേ വല്ലാതെ സ്വാധീനിച്ചതു കൊണ്ടായിരിക്കാം വാലും തലയുമില്ലാതെ ചിത്രം കണ്ടാലും കരയുന്നത്. ഇന്ത്യന്‍ സേനയില്‍ ദളിതന്‍ അനുഭവിക്കുന്ന തരംതാഴ്ത്തലുകളും പീഡനങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

എല്ലായിടത്തും ദളിതന്‍ അപമാനിക്കപ്പെട്ടിട്ടേയുള്ളൂ. പക്ഷേ ഇന്ത്യയില്‍ ദളിതന്‍ യാതൊരു തരത്തിലുള്ള തരംതിരിവും അനുഭവിക്കുന്നില്ലെന്ന മട്ടിലാണ് സമൂഹം പെരുമാറുക. അതേ ദളിതന്‍ ഒരിക്കലും മാറ്റിനിര്‍ത്തപ്പെടുന്നില്ലെന്നു തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. പക്ഷേ ഞാനെത്ര കണ്ണടച്ചു വിശ്വസിച്ചാലും ആ സത്യത്തെ മൂടി വെക്കാനാവില്ല. സമൂഹത്തിന് ദളിതരോടുള്ള മനോഭാവം പണ്ടു പണ്ട് എങ്ങനെയായിരുന്നുവോ ഇപ്പോഴും അങ്ങനെ തന്നെ. ഇപ്പോള്‍ അതു കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണെന്നാണ് എന്‍റെ പക്ഷം. ആത്മീയതയായാലും ഭക്തിയായാലും അന്ധവിശ്വാസമായാലും ഇപ്പോഴുള്ളവര്‍ക്ക് എല്ലാം ഒരു പടി കൂടുതലാണല്ലോ. തൊട്ടു കൂടായ്മയും ഇരുന്നിടത്ത് പുണ്യാഹം തെളിക്കലുമെല്ലാം ഇപ്പോഴും നിലവിലുണ്ടെന്ന് പത്രങ്ങളില്‍ വാര്‍ത്തകള്‍ നിറയുന്നുണ്ട്. പക്ഷേ അതു നിയമം മൂലം അല്ലെങ്കില്‍  ബലം പ്രയോഗിച്ച് വേണമെങ്കില്‍ നിര്‍ത്തലാക്കാം. ഞാന്‍ പറയുന്നത് മാനസീകമായ അയിത്തത്തെക്കുറിച്ചാണ്. നാലു പേര്‍ കൂടുന്നിടത്ത് നോട്ടം കൊണ്ടും സ്വകാര്യം പറച്ചിലുകള്‍ കൊണ്ടും പുച്ഛച്ചിരികൊണ്ടും ദളിതനു മുന്‍പില്‍ സൃഷ്ടിക്കപ്പെടുന്ന വന്‍മതിലിനെകുറിച്ച്.

കൗമാരക്കാലത്ത് പഠനത്തില്‍ ഞാന്‍ മിടുക്കിയായിരുന്നു. അല്ലെങ്കില്‍ മിടുക്കിയായിരുന്ന ഒരേ ഒരു കാര്യം പഠനമായിരുന്നു. ബാക്കി എല്ലായിടത്തും ഞാന്‍ അമ്പേ പരാജയമായിരുന്നു. എന്നു വച്ചാല്‍ സാധാരണ പെണ്‍കുട്ടികള്‍ മിടുക്കു തെളിയിക്കുന്നിടത്തൊക്കെ. ആരോടും മിണ്ടാത്ത ഡിപ്രഷന്‍ കാലം തന്നെയായിരുന്നു കൗമാരം. അന്നും എനിക്ക് അത്യാവശ്യം നല്ല മാര്‍ക്കുണ്ടെന്നറിഞ്ഞിട്ടും പ്ലസ് ടു ഡിഗ്രി പ്രവേശന സമയങ്ങളില്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു ഡയലോഗുണ്ടാ  യിരുന്നു. ഓ, എസ് സിയല്ലേ റിസര്‍വേഷന്‍ സീറ്റാണല്ലേ? അന്നൊക്കെ എനിക്കു കിട്ടിയത് റിസര്‍വേഷന്‍ സീറ്റല്ല മെറിറ്റ് സീറ്റാണെന്ന് തിരുത്താന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു. ദളിതന്‍റെ പരിമിതിയായിരുന്നു അത്. എത്ര മേല്‍ അര്‍ഹനാണെങ്കിലും ഔദാര്യമെന്ന മട്ടില്‍ പുച്ഛം വാരിവിതറിത്തരും. നമ്മുടെ മക്കളൊക്കെ എത്ര മാര്‍ക്കു വാങ്ങിയാലും കിട്ടാത്തതാ ചുളുവില്‍ വാങ്ങിയെടുത്തതെന്ന ഭാവം ആ മുഖങ്ങളില്‍ എപ്പോഴും ഉണ്ടായിരുന്നു. ഇനിയിപ്പോ അങ്ങനെയാണെങ്കില്‍ തന്നെ അതാരുടെയെങ്കിലും ഔദാര്യമാണെന്ന് എനിക്കിന്നോളം തോന്നിയിട്ടില്ല. ഇതെന്‍റെ അവകാശമാണ്…നൂറ്റാണ്ടുകളോളം എന്‍റെ പൂര്‍വീക പിതാക്കളെ പിഴിഞ്ഞൂറ്റിയെടുത്തതിന് അവര്‍ക്കു നല്‍കാനാവുന്ന ചെറിയ കാര്യം. ഇതെന്‍റെ തോന്നലാണ് എന്‍റെ മാത്രം തോന്നല്‍.

സര്‍ക്കാര്‍ ജീവനക്കാരായ എന്‍റെ ബന്ധുക്കളും ഇത്തരത്തില്‍ പൊതുജനമധ്യത്തില്‍ അപമാനിതരാവുന്നതിനെ കുറിച്ച് പറയാറുണ്ട്. മൂന്നോ നാലോ പേര്‍ ഒരുമിച്ചു സംസാരിക്കുന്നതിനിടെ വീടും താമസിക്കുന്ന പ്രദേശവുമെല്ലാം ചോദിക്കുന്നത് സ്വാഭാവികമാണല്ലോ അങ്ങനെ ചോദിച്ചു

മുന്‍ രജിസ്‌ട്രേഷന്‍ ഐ.ജി. എ.കെ.രാമകൃഷ്ണന്‍

വരുന്പോഴാണ് ഇവര്‍ ആരുടെ മകളാണ് അല്ലെങ്കില്‍ മരുമകളാണ് അല്ലെങ്കില്‍ സഹോദരിയാണ് എന്നെല്ലാം വ്യക്തമാവുക.അറിഞ്ഞ കാര്യം പെട്ടെന്ന് പങ്കുവക്കുക എന്നതു തന്നെയായിരിക്കും ഉദ്ദേശം. പക്ഷേ പെട്ടെന്ന് അക്കാര്യം അടുത്തയാളുടെ ചെവിയില്‍ പതിഞ്ഞ സ്വരത്തില്‍ പറയുന്പോള്‍ കണ്ടുനില്‍ക്കുന്ന ദളിത് വംശജന്‍ അപമാനിതനാകുന്നത്. ഏതു വംശമായാലും സംസാരിച്ചു കൊണ്ടിരിക്കേ തന്നെയൊഴിവാക്കി മറ്റു രണ്ടുപേര്‍ അടക്കം പറയുന്നത് ഒരു മനുഷ്യനും സ്വീകാര്യമായ കാര്യമല്ല. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ എന്‍റെ ബന്ധു ഉറക്കെ പറഞ്ഞുവത്രെ,  “നിങ്ങളെന്താ സ്വകാര്യം പറയുന്നത് അതെ ഞാന്‍ ചെല്ലപ്പന്‍റെ മരുമകളാണ്. അതു നിങ്ങള്‍ ഇങ്ങനെ പതുക്കെ പറയേണ്ട കാര്യമെന്താ?” കേട്ടവര്‍ അത്യാവശ്യം നന്നായി തന്നെ ചമ്മി പെട്ടെന്ന് സ്ഥലം കാലിയാക്കി. ഇതേക്കുറിച്ചു സംസാരിച്ചപ്പോള്‍ അവര്‍ പറയുകയു ണ്ടായി, “ഒരു പക്ഷേ ഞാന്‍ ഏതെങ്കിലും കോവിലകത്തു നിന്നോ  ഏതെങ്കിലും ഒരു മനക്കല്‍ നിന്നോ അല്ലെങ്കില്‍ നായര്‍ മേനവ കുടുംബത്തില്‍ നിന്നോ ആയിരുന്നെങ്കില്‍ അവരതു ഉറക്കെ പറഞ്ഞു ആഘോഷമാക്കിയേനെ..” ഇവിടെ രൂപപ്പെടുന്ന അല്ലെങ്കില്‍ മനപൂര്‍വ്വം സൃഷ്ടിക്കുന്ന അലിഖിത നിയമമിതാണ്, ദളിത് വേരുകള്‍ ഒളിച്ചു വെക്കേണ്ടതാണ് മറ്റാര്‍ക്കു മുന്പിലും അനാച്ഛാദനം ചെയ്യപ്പെടാന്‍  പാടില്ലാത്തതാണ്. ഇതാണ് ഞാന്‍ പറഞ്ഞത് ഇത്തരം ചിന്തകളെ ഇത്തരം രീതികളെ പിടിച്ചുകെട്ടാന്‍ അല്ലെങ്കില്‍ നിരോധിക്കാന്‍ പെട്ടെന്ന് കഴിയില്ലെന്ന്. കാരണം ഇത്തരം ചിന്തകള്‍ ഒരാളില്‍ മാത്രം നിക്ഷിപ്തമായതല്ല… ഇത്തരം ചിന്തകള്‍ ഇല്ലാത്തവര്‍ വിരലിലെണ്ണാവുന്ന ആത്രയും ചുരുക്കമാകും. ഇത്തരത്തില്‍ ദളിതനെ അംഗീകരിക്കാന്‍ കഴിയാത്തതു കൊണ്ടു മാത്രം പ്രോട്ടോകോള്‍ തെറ്റിച്ച് പരിപാടികള്‍ നടത്തിയതിനെകുറിച്ചും ഞാന്‍ കേട്ടിട്ടുണ്ട്.

ഇഴ പിരിയാത്ത സുഹൃദ് ബന്ധങ്ങള്‍ക്കിടയിലും ഇതേ രീതിയിലുള്ള മനപൂര്‍വ്വമല്ലാത്ത വേര്‍ തിരിവുകള്‍ എനിക്കനുഭവപ്പെട്ടിട്ടുണ്ട്. എന്‍റെ കുടുംബത്തെ കുറിച്ചും എന്‍റെ വേരുകളെകുറിച്ചുമെല്ലാം ഞാന്‍ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. എന്നോടുള്ള സൗഹൃദത്തില്‍ ഒട്ടും കുറവില്ലാതിരിക്കുമ്പോള്‍ തന്നെ എന്‍റ് ദളിത് മേല്‍വിലാസം ചര്‍ച്ചകളില്‍ ഇടം പിടിക്കാതിരിക്കാന്‍ അവര്‍ മനപൂര്‍വ്വം ശ്രമിച്ചിരുന്നു. എപ്പോഴെങ്കിലും ഞാന്‍ അതേകുറിച്ച് സംസാരിച്ചാല്‍ അവര്‍ നിശബ്ദരാകുകയോ പെട്ടെന്ന് വിഷയം മാറ്റുകയോ ചെയ്തു. ഇതു പറയുന്നതിനു കാരണമെന്തെന്നാല്‍ നായര്‍, മേനവ, നമ്പൂതിരി വേരുകളെ അവരും ആഘോഷിച്ചിരുന്നു എന്നതുതന്നെ. ഒരുപക്ഷേ ഞാന്‍ അപഹാസ്യയായേക്കാം എന്നു ഭയന്നായിരിക്കാം അവര്‍ ആ വിഷയം ചര്‍ച്ച ചെയ്യാതിരുന്നത്. പക്ഷേ എനിക്കു മനസ്സിലായത് യുവാക്കളും മുതിര്‍ന്നവരും എല്ലാം ദളിത് മേല്‍വിലാസം പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന ഉറച്ച വിശ്വാസം പ്രചരിപ്പിച്ചു എന്നു തന്നെയാണ്. ഇങ്ങനെ സ്വയം വിശ്വസിച്ചിരുന്ന എണ്ണത്തില്‍ ഒട്ടും കുറവല്ലാത്ത ദളിത് സുഹൃത്തുക്കളും എനിക്കുണ്ടായിരുന്നു. സ്വന്തം വേരുകളെ പൊതിഞ്ഞുകെട്ടി ജീവിച്ചിരുന്നവര്‍. സൗഹൃദത്തില്‍ മറ്റു മറകളൊന്നുമില്ല എന്നാണ് എന്‍റെ വിശ്വാസം കൂട്ടത്തില്‍ വച്ചുള്ള എന്‍റെ പല പരാമര്‍ശങ്ങളെയും ഒറ്റക്കു കാണുന്പോള്‍ അത്തരം ദളിത് സുഹൃത്തുക്കള്‍ കുറ്റപ്പെടുത്തുമായിരുന്നു. അവര്‍ ഉന്നത വിദ്യാഭ്യാസം നേടിയവരായിരുന്നു. അതു കൊണ്ട് യാതൊരു ഉപകാരവുമില്ലെന്ന് എനിക്കപ്പോഴാണ് തോന്നിയത്. മറ്റുള്ളവര്‍ വിലകുറച്ചു കാണുമോ എന്നു അവര്‍ ഭയന്നിരുന്നു. അങ്ങനെയെങ്കില്‍ അങ്ങനെ ആര്‍ക്കു മുന്നിലും എന്‍റെ വേരുകള്‍ മറച്ചുവക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ദളിത് വെളിപ്പെടുത്തലുകള്‍ പാരയായവരെയും ഞാന്‍ കണ്‍ടിട്ടുണ്ട്. ഒരു പക്ഷേ വിവാഹത്തില്‍ എത്തി നില്‍ക്കാമായിരുന്ന ഒരു പ്രണയം ഇത്തരം ഒരൊറ്റ വെളിപ്പെടുത്തലില്‍ വിവാഹത്തിലെത്താതെ പോയി. മറ്റേതെങ്കിലും മതമായിരുന്നുവെങ്കില്‍ ഈ വിവാഹം നടക്കാന്‍ എന്തെങ്കിലും സാദ്ധ്യതയുണ്ടായേനെ എന്നവള്‍  സ്വന്തം നാവു കൊണ്ടു പറയുന്നത് കേട്ടു ഞാന്‍ തരിച്ചു നിന്നിട്ടുണ്ട്. അങ്ങനെ എല്ലാത്തിലും താഴെയാണ് ദളിതന്‍ എന്നു കരുതുന്നവള്‍ ആ പാവം പയ്യനെ കെട്ടാതിരിക്കുന്നത് തന്നെയായിരിക്കും നല്ലെതെന്ന് ഞാനും കരുതി.

ആരു മനസ്സു വച്ചാലാണ് ഇത്തരം ചിന്തകളെ തൂത്തെറിയാനാവുക. എല്ലാവരുടെയും സിരകളില്‍ ഒഴുകുന്ന ചോരക്ക് ഒരേ ചുവപ്പ് നിറമാണെന്ന് ഇനിയും ആരെയാണ് പറഞ്ഞു മനസ്സിലാക്കേണ്ടത്……അതോ ഈ അലിഖിത നിയമങ്ങള്‍ ഇങ്ങനെ തന്നെ തുടരുമോ ?

Comments

comments

Print Friendly

Subscribe Our Email News Letter :