Navigation

വംശീയ അസഹിഷ്ണുതയുടെ കളിക്കളം

Euro 6

 

 

വംശീയ അധിക്ഷേപങ്ങളും ആക്രമണങ്ങളും കലാപങ്ങളും ഫുട്ബോളിന്‍റെ സൌന്ദര്യത്തെ ഇല്ലാതാക്കുമെന്ന വാദത്തിന് രണ്ടു പക്ഷമില്ല. തൊലിനിറവും ഗോത്രവും വംശവും അതിന്‍റെ വിവിധ തലങ്ങളിലൂടെ കാലത്തിനൊപ്പം സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നതായി യൂറോപ്പിന്‍റെ ചരിത്രങ്ങള്‍ നമ്മോട് വിളിച്ചുപറയുന്നുണ്ട്. വംശത്തിന്‍റെ/ഗോത്രത്തിന്‍റെ സാമ്പ്രദായിക അധികാരശ്രേണി വ്യവസ്ഥയിലൂടെയാണ് യൂറോപ്പിന്‍റെ ചരിത്രത്തിന് തുടക്കമിടുന്നത്. വെളുത്തവരെ ഉന്നതനായും കറുത്തവനെ താണവനായും നോക്കിക്കാണുക യൂറോപ്യന്മാരുടെ മന:സ്ഥിതിയാണ്. വലതുപക്ഷ തീവ്രവാദികള്‍ ഉയര്‍ന്നുവരുന്ന യൂറോപ്പിന്‍റെ സാമൂഹ്യ സാഹചര്യത്തില്‍ തന്നെയാണ് മാറ്റം വരേണ്ടത്, ഷാനവാസ്. എസ് എഴുതുന്നു

രു രാജ്യത്തിന്‍റെ അല്ലെങ്കില്‍ ദേശത്തിന്‍റെ വികാരങ്ങളെ ഒന്നിച്ചുനിര്‍ത്തുന്ന ഒന്നാണ് സ്പോര്‍ട്സ് എന്നു പൊതുവെ പറയപ്പെടാറുണ്ട്. ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിന് അവിടെ സ്ഥാനമില്ലെന്നും കായികമായ മികവിന്റെ അടിസ്ഥാനത്തിലാണ് അവിടെ താരങ്ങള് വാഴ്ത്തപ്പെടുന്നതെന്നും അതിനാല്‍ എല്ലാവരെയും ഒരേപോലെ ഉള്‍ക്കൊള്ളാന്‍ ഏതൊരു കായിക ഇനത്തിനും കഴിയുമെന്നുമാണ് കാലങ്ങളായി നമ്മുടെയിടയില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന ഒരു പൊതുധാരണ. എന്നാല്‍ ഏതൊരു സ്പോര്ട്സിലും വിവേചനത്തിന്‍റെ ചില കടമ്പകള്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നുണ്ടെന്നതാണ് വാസ്തവം. വംശം, ഗോത്രം, സാമൂഹ്യ പശ്ചാത്തലം, ദേശം, ജാതി, മതം, തൊലിനിറം, ഭാഷ, ശാരീരിക ഘടന എന്നിങ്ങനെയുള്ള ഘടകങ്ങള്‍ വിവേചനത്തിന്‍റെ വ്യാപകമായ നിര്‍വചനത്തിനുള്ളില്‍ വരുമ്പോള്‍ തന്നെ, അതില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നതും മറ്റൊരു ഗുരുതര പ്രശ്നമായി ആപത്കരമായ ദിശയില് വളര്‍ന്നുവരുന്നതുമായ ഒന്നാണ് വംശീയത. അതിപ്പോള്‍ ‘മാന്യന്മാരുടെ’ കളിയായ ക്രിക്കറ്റിലായാലും മിക്സഡ് റേസ് സ്പോര്‍ട്സ് എന്ന വിളിപ്പേരുള്ള ഫുട്ബോളിലായാലും അങ്ങനെ തന്നെ. തൊലിയുടെ നിറവും നൈസര്‍ഗികമായ ചില ഗുണവിശേഷങ്ങളും തമ്മില്‍ വളരെ ബന്ധമുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് നാം ഇന്നും ജീവിക്കുന്നത്.
ആവേശത്തിന്‍റെ മെക്സിക്കന്‍ തിരമാലകള്‍ക്കിടയില്‍ അരങ്ങേറുന്ന യൂറോ കപ്പിനിടയിലും പുറത്തുവന്നുകൊണ്ടിരിക്കുന്ന വംശീയതയുടെ പേക്കൂത്തുകള്‍ ഇനിയും മറച്ചുവെക്കാനാകാത്ത സത്യത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ തന്നെയാണ്.
വംശീയ പ്രശ്നങ്ങള്‍ കടന്നാക്രമിച്ച ഇംഗ്ലീഷ് പ്രീമീയര്‍ ലീഗ് മത്സരങ്ങള്‍ക്കുശേഷമാണ് യൂറോ കപ്പ് അരങ്ങേറുന്നത്. സെനഗലിന്‍റെ ഫ്രഞ്ച് താരം പാട്രിക് എവ്രയെ വംശീയമായി അധിക്ഷേപിച്ചതിന് ലിവര്‍പൂള്‍ താരം ലൂയിസ് സുവാരസിന് വിലക്കും പിഴയും ഒടുക്കേണ്ടി വന്നതും സമാനമായ ആരോപണങ്ങളില്‍ ചെല്‍സിയയുടെ ജോണ് ടെറി അന്വേഷണം നേരിടുന്നു എന്നതുമാണ് പ്രീമിയര്‍ ലീഗിലെ വംശീയതയുടെ ചെറിയ ഉദാഹരണങ്ങള്‍. ക്ലബ്, കൌണ്ടി ഫുട്ബോളില്‍ ഒളിഞ്ഞുനിന്നിരുന്ന വംശീയ പക്ഷപാതിത്വവും, അധിക്ഷേപവും, ആക്രമണവും ഇന്ന് ലോകകപ്പില്‍ വരെയെത്തിയിട്ടുണ്ട്. കൈക്കരുത്തിന്റെ കളിയായി ഇടക്കിടെ ഫുട്ബോള്‍ മാറുന്നതും അതിനാലാണ്.
യൂറോകപ്പില്‍ പന്തുരുളുന്നതിനും മുമ്പുതന്നെ വംശീയതയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. യൂറോകപ്പിന് സംയുക്തമായി ആതിഥ്യമരുളുന്ന പോളണ്ടും യുക്രൈനും വംശീയവെറിയുടെ കാര്യത്തില്‍ കുപ്രസിദ്ധരാണ് എന്നതായിരുന്നു ഇത്തരമൊരു ചര്‍ച്ചയിലേക്ക് എത്തിച്ചേരാന്‍ കാരണമായത്. അതിനു പിറകെ, ബിബിസി കഴിഞ്ഞമാസം ‘വെറുപ്പിന്‍റെ സ്റ്റേഡിയം’ (സ്റ്റേഡിയം ഓഫ് ഹേറ്റ്) എന്ന ഒരു ഡോക്യുമെന്‍റെറി പുറത്തുവിട്ടത് കാര്യങ്ങളെ ഒന്നുകൂടി ചൂടുപിടിപ്പിച്ചു. ഒരു പറ്റം യുക്രൈന്‍ യുവാക്കള്‍ ഫുട്ബോള്‍ മത്സരത്തിനിടെ തെക്കനേഷ്യക്കാരെ ഭീകരമായി മര്‍ദ്ദിക്കുന്നു, അതും ഒഫീഷ്യലുകള്‍ നോക്കിനില്ക്കെ. മൊട്ടത്തലയുള്ള ഇവര്‍ വലതുപക്ഷ തീവ്രവാദ സംഘടനയുടെ (നിയോ-നാസി സംഘങ്ങള്‍) മേല്‍നോട്ടത്തില്‍ കായിക പരിശീലനം നടത്തുന്ന ദൃശ്യങ്ങളുമുണ്ട്. നാസി ശൈലിയിലാണവര്‍ സല്യൂട്ട് ചെയ്യുന്നത്. പോളണ്ടില്‍ ഇരകള്‍ കറുത്തവംശജരാണ്. മത്സരത്തിനിടെ കറുത്തവര്‍ഗക്കാരനായ താരം പന്തുമായി നീങ്ങുമ്പോള്‍ കാണികള്‍ കുരങ്ങന്‍റെ അംഗവിക്ഷേപങ്ങള്‍ കാണിക്കുന്നു. നാസി വിലക്കുകള്‍ മറികടന്ന് തെരുവുകളിള്‍ കാല്‍പ്പന്തുകളിയുമായി പ്രതിഷേധിച്ച ചരിത്രമുള്ള രാജ്യമാണ് പോളണ്ട് എന്നുകൂടി ഓര്ക്കുക.
ബിബിസി റിപ്പോര്‍ട്ടിനെ നിഷേധിച്ച പോളണ്ട്, യുക്രൈന്‍ ഒഫിഷ്യല്‍സ് വാര്‍ത്തകള്‍ പെരുപ്പിച്ചെഴുതുന്ന ബിബിസിയെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് ബ്രിട്ടീഷ് ആരാധകരെ ആക്രമിക്കുമെന്ന് യുക്രൈന്‍ തെമ്മാടി സംഘങ്ങള്‍ ഔദ്യോഗികമായി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് സ്കൈ ന്യൂസ് റിപ്പോര്‍ട് പുറത്തുവിടുന്നത്..
ഇംഗ്ലണ്ട് മുന്‍ ക്യാപ്ടന് കറുത്തവര്‍ഗക്കാരനായ സോള്‍ കാംബെല്‍ ആരാധകര്‍ക്കു നല്കിയ ഒരു മുന്നറിയിപ്പ് കൂടി ഇവിടെ പറയേണ്ടിയിരിക്കുന്നു. പോളണ്ടില്‍ കളി കാണാന് പോയാല്‍ ശവപ്പെട്ടിയില്‍ തിരിച്ചുവരാം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അനുഭവത്തിന്റെ ഒരു പശ്ചാത്തലം തീര്‍ച്ചയായും കാംബെലിന്റെ വാക്കുകള്‍ക്കുണ്ടാകും.
ഇനിയുള്ളത് യൂണിയന് ഓഫ് ഫുട്ബോള്‍ അസോസിയേഷന് (യുവേഫ) പ്രസിഡന്റും മുന് ഫ്രഞ്ച് താരവുമായ മിഷേല് പ്ലാറ്റിനിയുടെ വാക്കുകളാണ്. യുറോകപ്പ് മത്സരങ്ങള്‍ക്കിടെ എപ്പോഴെങ്കിലും വംശീയ അധിക്ഷേപം ശ്രദ്ധയില്‍പ്പെട്ടാല്‍ ആ നിമിഷം കളി നിര്ത്തിവെയ്ക്കാന് റഫറിമാര് തയ്യാറാകണമെന്ന് പ്ലാറ്റിനി പറഞ്ഞപ്പോള്‍ യൂറോപ്യന് കളിക്കളത്തില്‍ വംശീയത നിറഞ്ഞു നിലനില്ക്കുന്നുവെന്നതിന് ഒരു ഔദ്യോഗിക ഭാഷ്യം കൈവരുകയായിരുന്നു.
ഇത്തരം വാര്ത്തകളെ നാം എങ്ങനെയാണ് സമീപിക്കേണ്ടത്? ബിബിസി റിപ്പോര്ട്ട് എരിതീയില് എണ്ണ പകരുന്നതു തന്നെയാണ്. എന്നാല് വാര്ത്ത ഊതിപ്പെരുപ്പിച്ചതാണെന്ന് പറയാനുമാവില്ല. കാരണം, വംശീയത യൂറോ കപ്പിന്റെ തുടക്കത്തില്‍ തന്നെ തലയുയര്ത്തിയിരുന്നു. സ്പെയിന് ഇറ്റലി മത്സരത്തിനിടെ ഇറ്റലിയുടെ കറുത്തവര്ഗക്കാരനായ മരിയോ ബലോട്ടെലിയെ ഇരുനൂറിലധികം വരുന്ന സ്പാനിഷ് ആരാധകര് കുരങ്ങിന്റെ അംഗവിക്ഷേപങ്ങളോടെ അധിക്ഷേപിച്ചതാണ് ആദ്യ സംഭവം. പിന്നീട്, അത്തരം സംഭവങ്ങള് ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. വാഴ്സോവില് പോളണ്ട് റഷ്യന് ആരാധകര് തമ്മില് ഏറ്റുമുട്ടിയപ്പോള് പൊലീസ് ഇടപെടല്‍ ആവശ്യമായി വന്നു. ഇങ്ങനെ യൂറോ കപ്പ് മത്സരങ്ങള് ഫൈനലിലേക്ക് കുതിക്കുമ്പോള് വംശീയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന് യുവേഫ ഇതിനോടകം എത്രയോ തവണ ഉത്തരവിട്ടിരിക്കുന്നു. ചുരുക്കത്തില്, ടീമിനുള്ളിലും ടീമുകള്‍ തമ്മിലും കോച്ചും കളിക്കാരും തമ്മിലും റഫറിമാരും ടീമുകളും തമ്മിലും കാണികള്‍ക്കിടയിലും തിങ്ങിഞെരുങ്ങുന്ന വംശീയതയുടെ ഭാവഭേദങ്ങള്‍ ഏതെങ്കിലുമൊരു മാധ്യമസൃഷ്ടിയല്ല.
വംശീയ അധിക്ഷേപങ്ങളും ആക്രമണങ്ങളും കലാപങ്ങളും ഫുട്ബോളിന്റെ സൌന്ദര്യത്തെ ഇല്ലാതാക്കുമെന്ന വാദത്തിന് രണ്ടുപക്ഷമില്ല. എന്നാല്‍ അതിന്റെ വേരുകള്‍ ഇപ്പോഴും അവശേഷിക്കുന്നതും മൂടിക്കിടക്കുന്നതും സമൂഹത്തില്‍ തന്നെയാണ്. തൊലിനിറവും ഗോത്രവും വംശവും അതിന്റെ വിവിധ തലങ്ങളിലൂടെ കാലത്തിനൊപ്പം സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നതായി യൂറോപ്പിന്റെ ചരിത്രം നമ്മോട് വിളിച്ചുപറയുന്നുണ്ട്. വംശത്തിന്റെ/ഗോത്രത്തിന്റെ സാമ്പ്രദായിക അധികാരശ്രേണി വ്യവസ്ഥയിലൂടെയാണ് യൂറോപ്പിന്റെ ചരിത്രത്തിന് തുടക്കമിടുന്നത്. വെളുത്തവരെ ഉന്നതനായും കറുത്തവനെ താണവനായും നോക്കിക്കാണുക യൂറോപ്യന്മാരുടെ മന:സ്ഥിതിയാണ്. വലതുപക്ഷ തീവ്രവാദികള്‍ ഉയര്‍ന്നുവരുന്ന യൂറോപ്പിന്റെ സാമൂഹ്യ സാഹചര്യത്തില് തന്നെയാണ് മാറ്റം വരേണ്ടത്.
കറുത്തവര്‍ സ്പോര്‍ട്സിന് നല്ലവരാണെന്ന ഒരു പൊതു കാഴ്ചപ്പാട് മിക്ക രാജ്യങ്ങളും വെച്ചുപുലര്ത്തുന്നുണ്ട്. എന്നാല്‍ അവരെ ഉപയോഗപ്രദമായ ചരക്കായി മാറ്റുക മാത്രമാണ് ഏവരുടെയും ലക്‌ഷ്യം. അതിനാല്‍ തന്നെ മറ്റുള്ള ഗ്ലാമര്‍ സ്പോര്‍ട്സ് ഇനങ്ങളിലേക്കൊന്നും ഇവര്‍ പരിഗണിക്കപ്പെടുന്നുമില്ല. ഒരേസമയം ഉള്‍പ്പെടുത്തുന്നതിന്റെയും ബഹിഷ്കരിക്കുന്നതിന്റെയും ശാപവും വേദനയും കറുത്തവര്‍ഗക്കാരായ കായിക താരങ്ങള്‍ക്ക് നേരിടേണ്ടിവരാറുണ്ട്. ഏതെങ്കിലും ഒരു വംശത്തിന്റെയോ ഗോത്രത്തിന്റെയോ അല്ലെങ്കില്‍ ആ സമൂഹത്തില്‍ ഉള്‍പ്പെടുന്നവരുടെ തൊലിയുടെ നിറത്തിന്റെയോ അടിസ്ഥാനത്തില്‍ മുന്‍വിധിയോടെയുള്ള ചില വിശ്വാസങ്ങളാണ് വംശീയ അധിക്ഷേപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വഴിയൊരുക്കുന്നത്. ഉന്നതരെന്ന് സ്വയം വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ അടക്കിവെക്കാനാവാത്ത അസഹിഷ്ണുതകളാണ് പലപ്പോഴും ഇത്തരത്തില് പുറത്തേക്കു വരുന്നത്. ഫുട്ബോള്‍ ഒരു മാധ്യമം മാത്രമാണ്. നിലവിലെ സാമുഹ്യ വ്യവസ്ഥയില്‍ ഇവരെ തുല്യ പൌരന്മാരായി അംഗീകരിക്കാനും ഉള്‍പ്പെടുത്താനും ഇഷ്ടപ്പെടാത്ത സമൂഹങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം വംശീയത അതിന്റെ വിഷം ചീറ്റീക്കൊണ്ടിരിക്കും, പല ഭാവങ്ങളില്‍, പല വേദികളില്‍.

Comments

comments

Print Friendly

Subscribe Our Email News Letter :