Navigation

നമ്മള്‍ക്കും വേണം വില്‍സ്മിത്ത്

Will-Smith-DENCIL-FREEMAN

“ഇന്ത്യയില്‍ ദളിത് സാന്നിദ്ധ്യം വരുന്നത് സംവരണ മണ്ഡലങ്ങള്‍ ഉള്ളതുകൊണ്ടു മാത്രമാണ്. മറ്റൊരു ഓപ്ഷനുമില്ലാത്തതു കൊണ്ടുമാത്രം അവര്‍ക്ക് വോട്ടു ചെയ്യുന്നു. രാഷ്ട്രീയമായും സാംസ്കാരികമായും ഇന്ത്യയില്‍ അയിത്തം തുടരുന്നു. ഈ അയിത്തം മറികടക്കാനായി രാഷ്ട്രീയ മുന്നേറ്റത്തോടൊപ്പം പോപ്പുലര്‍ കള്‍ച്ചറിലും സമാന്തരമായ മുന്നേറ്റം സംഭവിക്കേണ്ടതുണ്ട്. ജനജീവിതം കൂടുതല്‍ സജീവത പ്രാപിക്കുന്നിടത്തേക്ക് ദളിത് സെലിബ്രിറ്റി കടന്നു വരികയും നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നത് തന്നെ ഒരു സാമൂഹിക മാറ്റത്തിന് തുടക്കം കുറിക്കും. ഇതില്‍ പൊതു സമൂഹം വലിയൊരു പങ്കുവഹിക്കേണ്ടതുണ്ട്.

അനസ് എന്‍ എഴുതുന്നു


വില്‍സ്മിത്ത് കറുത്ത വര്‍ഗ്ഗക്കാരനായ അമേരിക്കന്‍ സിനിമാ സൂപ്പര്‍സ്റാറാണ്. പൊതുജീവിതത്തില്‍നിന്ന് വര്‍ഗീയവെറിയുടെ പേരില്‍ ഒരു കാലത്ത് അകറ്റി നിര്‍ത്തപ്പെട്ട കറുത്ത വര്‍ഗത്തിന്റെ പ്രതിനിധിയാണയാള്‍. വില്‍സ്മിത്ത് മാത്രമല്ല ഡെല്‍സില്‍ വാഷിങ്ങ്ടണും മോര്‍ഗന്‍ ഫ്രീമാനും സെറീന വില്യംസും ഒവേറ വിന്‍ഫിയുമൊക്കെ അമേരിക്കന്‍ പോപ്പുലര്‍ കള്‍ച്ചറില്‍ നിറസാന്നിദ്ധ്യമാണ്.

ഇന്ത്യന്‍ പശ്ചാത്തലം ഇതുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ദളിതരില്‍നിന്ന് പോപ്പുലര്‍ കള്‍ച്ചറിലൊരു പ്രതിനിധിയുണ്ടോ? ഇന്ത്യയില്‍ ദളിത് സാന്നിദ്ധ്യം വരുന്നത് സംവരണ മണ്ഡലങ്ങള്‍ ഉള്ളതുകൊണ്ടു മാത്രമാണ്. മറ്റൊരു ഓപ്ഷനുമില്ലാത്തതു കൊണ്ടുമാത്രം അവര്‍ക്ക് വോട്ടു ചെയ്യുന്നു. രാഷ്ട്രീയമായും സാംസ്കാരികമായും ഇന്ത്യയില്‍ അയിത്തം തുടരുന്നു. ഈ അയിത്തം മറികടക്കാനായി രാഷ്ട്രീയ മുന്നേറ്റത്തോടൊപ്പം പോപ്പുലര്‍ കള്‍ച്ചറിലും സമാന്തരമായ മുന്നേറ്റം സംഭവിക്കേണ്ടതുണ്ട്. ജനജീവിതം കൂടുതല്‍ സജീവത പ്രാപിക്കുന്നിടത്തേക്ക് ദളിത് സെലിബ്രിറ്റി കടന്നു വരികയും നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നത് തന്നെ ഒരു സാമൂഹിക മാറ്റത്തിന് തുടക്കം കുറിക്കും. ഇതില്‍ പൊതു സമൂഹം വലിയൊരു പങ്കുവഹിക്കേണ്ടതുണ്ട്.
ജനാധിപത്യത്തിന് രാഷ്ട്രീയ മാനം മാത്രമല്ല ഉള്ളത്. അത് പലതരം കിളികളുടെ ചിലപ്പ്. സമൂഹം ജനാധിപത്യപരമാകണമെങ്കില്‍ രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ സമൂഹത്തിലെ വിവിധ ജന വിഭാഗങ്ങളുടെ പങ്കാളിത്തം സജീവമാകേണ്ടതുണ്ട്. ഒരു സമൂഹത്തിന്റെ/വംശത്തിന്റെ മുഖ്യ ധാരയിലെ സജീവത ആ സമൂഹത്തിന്റെ ആകമാനം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഒരു ഉസൈന്‍ ബോര്‍ട്ടും സെറീന വില്യംസും ഉണ്ടാക്കുന്ന മാറ്റം ഒരു ഐ.എ.എസ് ഓഫീസറോ മന്ത്രിയോ ഉണ്ടാക്കുന്നതിനേക്കാള്‍ എത്രയോ വലുതാണ്. മുഖ്യധാരയില്‍ ഒരു ദളിത് ഐഡന്റിറ്റി ഉണ്ടാകുന്നു എന്നു പറയുമ്പോള്‍ മുഖ്യധാര തങ്ങളെ നിഷേധിച്ചിട്ടില്ല എന്നും കയറി വരാന്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പൊതു സമൂഹം അവരോട് പറയുകയാണ്.

നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹം ഇതുവരെ അത് ചെയ്തിട്ടില്ല. അത് കാണിക്കുന്നത് നാമിനിയും ജനാധിപത്യപരമാകേണ്ടതുണ്ട് എന്നാണ്. അതിനാല്‍ താഴേ തട്ടില്‍നിന്ന് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് സമാന്തരമായി സാംസ്കാരിക മുന്നേറ്റം ഉയര്‍ന്നു വരികയും ആ മുന്നേറ്റങ്ങള്‍ പൊതു സമൂഹത്തോട് നിരന്തരം സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും ചെയ്യണം. ഈ സംഘട്ടനങ്ങള്‍ ക്രമേണ പൊതു ധാരയുടെ മാനസികമായ അയിത്തത്തെ പൊഴിച്ചു കളയുകയും ഒടുവില്‍ അവരോട് സംവേദിക്കുകയും ചെയ്യും.

കറുത്ത വര്‍ഗക്കാര്‍ ഈ വിധത്തില്‍ മാര്‍ട്ടിന്‍ ലൂഥറും നെല്‍സണ്‍ മണ്ഡേലയുമടങ്ങുന്ന രാഷ്ട്രീയ മുന്നേറ്റത്തിന് സമാന്തരമായി സിനിമയിലും സാഹിത്യത്തിലും സ്പോര്‍ട്സിലും സംഗീതത്തിലും തങ്ങളുടെ കറുത്ത ഉടലും ശബ്ദവുമായി മുഖ്യ ധാരയിലേക്ക് കയറിച്ചെന്നു. നിരന്തരമായ സാംസ്കാരിക സംഘട്ടനങ്ങള്‍ക്കൊടുവില്‍ കറുത്ത ഉടലിന്റെ സന്നിവേശം സംഭവിക്കുകയും മുകളില്‍ പറഞ്ഞവര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ രൂപം കൊള്ളുകയും ചെയ്തത് ചരിത്രം.

മുകളില്‍ സൂചിപ്പിച്ച രീതിയിലുള്ള സാമൂഹിക വികാസം രൂപം കൊള്ളുമ്പോള്‍ കലാകാരനും ആക്ടിവിസ്റാകുന്നു. സൂപ്പര്‍സ്റാര്‍ റോള്‍ മോഡലാകുന്നു. അതുകൊണ്ടാണ് നമുക്കൊരു ദളിത് സൂപ്പര്‍സ്റാര്‍ വേണമെന്നു പറയുന്നത്.
അങ്ങനെ പറയുമ്പോള്‍ പ്രധാനമായും രണ്ട് ചോദ്യങ്ങള്‍ ഉയര്‍ന്നു വരാം. ഒന്ന്, രാഷ്ട്രീയത്തിലും ജോലി കാര്യത്തിലുമെന്ന പോലെ എങ്ങനെയാണ് കലയില്‍ സൂപ്പര്‍സ്റാറിനെ സൃഷ്ടിക്കുക? അവര്‍ പാട്ടു പാടുമ്പോള്‍, അഭിനയിക്കുമ്പോള്‍, ഓടുമ്പോള്‍, ഫുട്ബോള്‍ കളിക്കുമ്പോള്‍, പ്രസംഗിക്കുമ്പോള്‍, നാടകം കളിക്കുമ്പോള്‍, എന്തെങ്കിലും കണ്ടു പിടിക്കുമ്പോഴൊക്കെ യാതൊരു മുന്‍വിധിയുമില്ലാതെ നന്നായി കൈയ്യടിക്കാന്‍ നമുക്ക് സാധിക്കുമോ? അത് മറ്റുള്ളവരിലേക്കെത്തിക്കാനും ശ്രദ്ധകിട്ടാനും നാവു കൊണ്ട് പറയുകയും എഴുതുകയും ചെയ്യാന്‍ നമുക്കാവുമോ? തങ്ങളെത്തന്നെ പ്രകടിപ്പിക്കാന്‍, ആസ്വാദകരെ അത്ഭുതപ്പെടുത്താന്‍ കൂടുതല്‍ വേദികളും കാണികളും അവര്‍ക്കാവശ്യമുണ്ട്.

അടുത്ത ചോദ്യം സാമൂഹ്യമായി/ജാതീയമായി വിഭജിക്കില്ലേ എന്നതാണ്. എന്താ, സമൂഹം ജാതീയമായി വിഭജിതമല്ലേ? അല്ലെങ്കിലും പി. കെ. ജയലക്ഷ്മി മന്ത്രിയാവുമ്പോഴും ഡി.എച്ച്.ആര്‍.എം ഉയര്‍ന്നു വരുമ്പോഴും പട്ടികജാതിക്കാരന് ഗസറ്റഡ് ജോലി കിട്ടുമ്പോഴും മാത്രമാണല്ലോ നമ്മുടെ സമൂഹം ജാതീയമായ ‘ഡിവൈഡ്’ ചെയ്യുന്നതും മന്ത്രിസ്ഥാനം ജാതി തിരിച്ച് വീതം വെക്കാന്‍ നാണമാകുന്നതും! വ്യവസ്ഥക്ക് അടിമപ്പണി ചെയ്യുന്നവരായി മാത്രം ഇവരെ രൂപപ്പെടുത്തിയിരിക്കുന്നു. ജാതീയമായ ഒരു കണക്കെടുപ്പിന് ഇനിയും സ്പെയ്സുണ്ടോ എന്നറിയാന്‍ നിങ്ങളുടെ ഓഫീസിലെ മാത്രം കണക്കെടുത്താല്‍ മതിയാവും. അപ്പോള്‍ മനസ്സിലാവും, ഈ രാജ്യത്ത് ഇനിയും ജനാധിപത്യപരമാകാത്ത കുറെ കാര്യങ്ങളുണ്ടെന്ന്.
മറ്റൊരു വശം, ദളിത് ജീവിതത്തില്‍നിന്ന് പോപ്പുലര്‍ ജീവിതത്തില്‍ ഒരു മുഖമുണ്ടാകാത്തത്, താഴേ തട്ടിലുള്ള ഒരു വര്‍ഗത്തിന്റെ ആത്മവിശ്വാസം കെടുത്താനും, തങ്ങള്‍ക്കിനി ഒരു നല്ല ജീവിതം സാധ്യമല്ല എന്ന വിധത്തില്‍ മനോഭാവം രൂപപ്പെടുവാനും ക്രമേണ സായുധ സമരമാര്‍ഗങ്ങളിലേക്ക് അവരെ നയിക്കാനും ഇടയുണ്ട് എന്നതാണ്. അതവരെ കൂടുതല്‍ ഒറ്റപ്പെടുത്തുകയും ഇപ്പോള്‍ ചെറുതായി രൂപം കൊണ്ടിരിക്കുന്ന ചെറു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.
ഉദാഹരണം ഈ അടുത്തിടെ നടന്ന ലണ്ടന്‍ കലാപമാണ്. അതിന്റെ ഒരു കാരണമായി പറയുന്നത്, സമൂഹത്തിലെ താഴേ തട്ടിലുള്ളവര്‍ക്ക് ഒരു റോള്‍ മോഡലിന്റെ അഭാവമാണ്. അതായത് അവരുടെ ജീവിത പരിസരങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന് മുഖ്യധാരയില്‍ ജീവിതം കെട്ടിപ്പടുത്ത ഒരാളുടെ അഭാവം. ഇത് അവര്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ത്തിയിട്ടുണ്ടാവാം. ഈ കറുത്ത വര്‍ഗ മുന്നേറ്റങ്ങള്‍ പോലെ, കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ഉയിര്‍പ്പുപോലെ ദളിത് സമൂഹവും മുഖ്യധാരയിലേക്ക് വരേണ്ടതുണ്ട്. കേരളത്തിലെ മുസ്ളീങ്ങളും ക്രിസ്ത്യാനികളും രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും അവരുടെ സ്പെയ്സ് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയും മാണിയും യേശുദാസും ബഷീറും സക്കറിയയും മമ്മൂട്ടിയും ആലുക്കാസും യൂസഫലിയും സാധ്യമായത് അവര്‍ നേരത്തെ തുടങ്ങി വെച്ച രാഷ്ട്രീയ-സാംസ്കാരിക മുന്നേറ്റത്തിന്റെ ഫലമായാണ്.

പോപ്പുലര്‍ കള്‍ച്ചറില്‍ ഒരു ദളിത് മുഖമുണ്ടാകുന്നതിലൂടെ മുഖ്യധാരയിലേക്ക് നാം അവരെ ആവേശപൂര്‍വം ക്ഷണിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് അവരുടെ പ്രശ്നങ്ങളെ ഏറ്റെടുക്കുക കൂടിയാണ്. പുറത്ത് സ്നേഹപൂര്‍വമായ ഒരു ലോകം നിങ്ങളെ കാത്തിരിക്കുന്നു എന്ന് വിളിച്ചു പറയലാണ്. ‘ഉസൈന്‍ ബോള്‍ട്ട്, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’ എന്ന ബനിയന്‍ ധരിക്കുമ്പോള്‍ നിന്റെ വേഗത മാത്രമല്ല, നിന്നേയും സ്നേഹിക്കുന്നു എന്നാണ് അത്. അത് തരുന്ന ആത്മവിശ്വാസം മുഖ്യധാരയുടെ സജീവതയിലേക്ക് ഇടപെടാന്‍ ഒരു വംശത്തെ തന്നെ ക്ഷണിക്കുന്നതിന്റെ വിത്ത് പാകലാണ്. അത്തരത്തിലൊരു ലക്ഷ്യം പൊതു സമൂഹം വെച്ചുപുലര്‍ത്തണം.

ഒരു സ്റാര്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഒരു മേഖലയിലെ അവരുടെ പൂര്‍വികരുടെ പോരാട്ടങ്ങളും ചരിത്രവും അവരോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കും. സംശയമുണ്ടെങ്കില്‍ ഒബാമയിലേക്ക് നോക്കൂ. മാര്‍ട്ടിന്‍ ലൂഥറിന്റെ ആ പ്രസംഗം മുഴങ്ങുന്നില്ലേ? എസ്. ജോസഫിന്റെ വരികളില്‍ ഹൃദയം ചേര്‍ത്തു വെക്കുമ്പോള്‍ പൊയ്കയില്‍ അപ്പച്ചന്‍ തുടിക്കുന്നില്ലേ? സകല അയിത്തങ്ങളേയും ഭേദിച്ച്, സ്വന്തം സ്വത്വം മുറുകെ പിടിച്ചുകൊണ്ട് പോപ്പുലര്‍ കള്‍ച്ചറിലേക്ക് ഒരു ദളിത് സന്നിവേശം ഈ കാലത്തിന്റെ ആവശ്യമാണ്. അതുകൊണ്ട് തീര്‍ച്ചയായും ഒരു വില്‍സ്മിത്തിനെ നമുക്കാവശ്യമുണ്ട്.

(കടപ്പാട്: പാഠഭേദം, ജൂണ്‍ 2012)

Comments

comments

Print Friendly

Subscribe Our Email News Letter :