ഇസ്ലാം അപരവത്കരണവും മലയാള സാഹിത്യവും

August 16, 2017

ഹിന്ദുക്കളുമായി ആരോഗ്യകരമായ ബന്ധം പുലര്‍ത്തിയ മഹാനായ അക്ബറിനെ പോലുള്ള രാജാക്കന്മാരും ഉണ്ടായിരുന്നെന്നും പല മുസ്ലീരാജാക്കന്മാരുടേയും ഉപദേശകരും സൈന്യാധിപരും മന്ത്രിമാരും ഹിന്ദുക്കളായിരുന്നു എന്ന കാര്യവും അവര്‍ മറച്ചു വയ്ക്കുന്നു. അതായിരുന്നു മുസ്ലീം അപരവത്ക്കരണത്തിന്റെ ആദ്യഘട്ടം.’ ഏതെങ്കിലും ഓഫീസില്‍ കള്ളന്‍ കയറിയതിനെപറ്റി എഫ്.ഐ.ഐര്‍. ഉണ്ടാക്കി കഴിഞ്ഞാല്‍ അതിനു മുന്നേ അവിടെ കാണാതായ മുഴുവന്‍ രേഖകളും ആ മോഷണത്തിന്റെ ചുമലില്‍ വച്ച്‌കെട്ടി കൈകഴുകുന്ന ഒരു ഓഫീസ് യുക്തിയാണ് സച്ചിദാനന്ദന്‍ ഈ ലളിതവത്കരണത്തിലൂടെ സാധിച്ചെടുക്കുന്നത്.

ഇന്ത്യയെന്ന ദേശരാഷ്ട്ര രൂപീകരണത്തില്‍ മുസ്ലീങ്ങള്‍ എങ്ങനെ അപരവത്കരിക്കപ്പെട്ടു എന്ന ചര്‍ച്ച കവി സച്ചിദാനന്ദന്‍ വികസിപ്പിക്കുമ്പോള്‍ അതിന്റെ കുറ്റം മുഴുവനായും ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അവര്‍ ചെയ്തുവച്ച പാതകം എന്ന നിലയ്ക്കാണ് മുസ്ലീം അപരവത്കരണത്തെ സച്ചിദാനന്ദന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. അദ്ദേഹം എഴുതുന്നു. ‘ഏകമത സമുദായത്തില്‍ നിന്നുവന്ന ബ്രിട്ടീഷ്  ഭരണാധികാരികള്‍ക്ക് ബഹുമത സമുദായം എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയില്ലായിരുന്നു. അവര്‍ പ്രാഥമികമായും ഒരു ഹിന്ദുരാജ്യം എന്ന നിലയില്‍ തന്നെയാണ് ഇന്ത്യയെ മനസ്സിലാക്കിയത്…. ഹിന്ദുക്കളുമായി ആരോഗ്യകരമായ ബന്ധം പുലര്‍ത്തിയ മഹാനായ അക്ബറിനെ പോലുള്ള രാജാക്കന്മാരും ഉണ്ടായിരുന്നെന്നും പല മുസ്ലീരാജാക്കന്മാരുടേയും ഉപദേശകരും സൈന്യാധിപരും മന്ത്രിമാരും ഹിന്ദുക്കളായിരുന്നു എന്ന കാര്യവും അവര്‍ മറച്ചു വയ്ക്കുന്നു. അതായിരുന്നു മുസ്ലീം അപരവത്ക്കരണത്തിന്റെ ആദ്യഘട്ടം.’ ഏതെങ്കിലും ഓഫീസില്‍ കള്ളന്‍ കയറിയതിനെപറ്റി എഫ്.ഐ.ഐര്‍. ഉണ്ടാക്കി കഴിഞ്ഞാല്‍ അതിനു മുന്നേ അവിടെ കാണാതായ മുഴുവന്‍ രേഖകളും ആ മോഷണത്തിന്റെ ചുമലില്‍ വച്ച്‌കെട്ടി കൈകഴുകുന്ന ഒരു ഓഫീസ് യുക്തിയാണ് സച്ചിദാനന്ദന്‍ ഈ ലളിതവത്കരണത്തിലൂടെ സാധിച്ചെടുക്കുന്നത്.

ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാധീനമില്ലാതെ തന്നെ വളരെക്കാലം മുമ്പേ മുസ്ലിം അപരവത്കരണത്തിന്റെ ‘പൊതുബോധം’ ഇന്നാട്ടില്‍ നിലനിന്നിരുന്നു എന്നത് ഫോക്ക്‌ലോര്‍ സാഹിത്യത്തില്‍ നിന്നും എത്രവേണമെങ്കിലും കണ്ടെടുക്കാനാകും.

അപരരെ ജയിക്കുക എന്ന സാമൂഹിക സ്വപ്നങ്ങളില്‍ നിന്നാണ് പലപ്പോഴും വീരാപദാന കഥകളും പാട്ടുകളും ഉടലെടുക്കുക. ശത്രുവിനെ കഥയിലെങ്കിലും വിജയിച്ച് ആഹ്ലാദം അനുഭവിക്കുന്ന വിരേചനമാണ് ഇത്തരം ഫോക്കുകള്‍ സാധിച്ചെടുക്കുന്നത്. വടക്കന്‍ പാട്ടിലെ ഉണ്ണിയാര്‍ച്ചചരിതത്തിലും ഉടുക്കുപാട്ടുകളിലെ അയ്യപ്പനും വാവരും ചരിതത്തിലും മുസ്ലീങ്ങളെ പരാജയപ്പെടുത്തുന്ന താരങ്ങളെയാണ് പാടിപ്പുകഴ്ത്തുന്നത്.

‘ജോനകര്‍’ പുളപ്പ് തീര്‍ക്കല്‍ എന്ന അവതാര ലക്ഷ്യം നടപ്പിലാക്കാനാണ് ഉണ്ണിയാര്‍ച്ച അല്ലിമലര്‍ക്കാവില്‍ കൂത്തുകാണാന്‍ പുറപ്പെടുന്നത്. സുന്ദരിമാരെ കണ്ടാല്‍ തല്‍ക്ഷണം അപഹരിച്ചുകൊണ്ടുപോകുന്ന കാമവെറിയന്മാരും അക്രമോത്സുകരുമായിട്ടാണ് ഇവിടെ മുസ്ലീമിനെ അവതരിപ്പിക്കുന്നത്. അവരെ അങ്കത്തില്‍ തോല്‍പ്പിച്ച ഉണ്ണിയാര്‍ച്ചയ്ക്ക് നാടോടി സാഹിത്യത്തില്‍ പ്രതിഷ്ഠ ലഭിക്കുന്നത് അപരഹിംസയില്‍ നേടുന്ന വിജയം കൊണ്ടുകൂടിയാണ്.
വാവരുടെ കഥയില്‍ പൂമരമായി രൂപമെടുത്ത ശിവന്‍ ഫാത്തിമ എന്ന മുസ്ലിം സ്ത്രീയുമായി സംഗമിച്ചാണ് വാവര്‍ ജനിക്കുന്നത്. കൊള്ളക്കാരനായ വാവരെ അയ്യപ്പന്‍ യുദ്ധത്തില്‍ തോല്‍പിച്ച് തോഴനും സേവകനുമായി കൂടെയിരുത്തുന്നു. അമ്മയിലും മകനിലും നേടുന്ന ഹിന്ദുവിജയമാണ് അയ്യപ്പന്‍ വാവര്‍ കഥ.

ചൊല്ലുകളിലും ഫലിതങ്ങളിലുമെല്ലാം അപരവത്ക്കരണത്തിന്റെ സ്വരം കേള്‍ക്കാം. യാത്രാവേളയില്‍ വഴിയരികില്‍ നിസ്‌കരിക്കുന്ന മുസല്‍മാനെ കാണുന്ന കീഴാളന്‍ അയാള്‍ തലകുത്തി മറിയാന്‍ ശ്രമിച്ചു പലവട്ടം പരാജയപ്പെടുന്നതാണെന്ന് ധരിച്ച് തന്റെ കയ്യിലുള്ള പാലക്കോലുകൊണ്ട് മുസല്‍മാനെ മറച്ചിട്ടു സഹായിച്ചു എന്ന കഥ മുസ്ലീമിനെയും ദളിതനേയും ഒരേസമയം പരിഹസിക്കാനുള്ള ‘മേല്‍ത്തട്ട്’ നിര്‍മ്മിതിയാണ്.
‘കാക്കാന്‍മാരുടെ കല്യാണിത്തിന്
പുള്ളേരാരും പോകരുത്
തുമ്പു ചെത്തി കൂട്ടാന്‍ വച്ചത്
പുള്ളേരൊന്നും തിന്നരുതേ’
എന്ന കളിയാക്കല്‍ കുട്ടികള്‍ക്കിടയില്‍ പോലും പാട്ടായി പ്രചരിച്ചതിലും മേല്‍ചൊന്ന അപരഹിംസ തന്നെയാണ് പ്രചോദനമാകുന്നത്.

നാടിനേയും ജീവിച്ചിരിക്കുന്ന മനുഷ്യരെയും അടയാളപ്പെടുത്തുന്നത് പാതകമായിക്കണ്ട പ്രാചീന മലയാശസാഹിത്യത്തില്‍ മനുഷ്യജീവിതം കണ്ടടുക്കാനാവില്ല. രാമായണവും മഹാഭാരതവും പകര്‍ത്തിയെഴുതിക്കൊണ്ടാണ് മലയാളസാഹിത്യം ആരംഭിക്കുന്നതെന്ന് വിമര്‍ശനമുന്നയിച്ച് പ്രദീപന്‍ പാമ്പരിക്കുന്ന് എഴുതുന്നു. ‘പ്രാദേശികമായ അടയാളങ്ങള്‍ അവയില്‍ ഒരു നിഷ്ഠപോലെ ബഹിഷ്‌ക്കരിക്കപ്പെട്ടു. എഴുത്തുകാരുടെ പേര്, ജാതി, ജന്മദേശ എന്നിവ ഗണിച്ചെടുക്കാനാവാത്ത വിധം അവ കാലദേശനിരപേക്ഷമായ ആവിഷ്‌കാരമായി മാറി.’ (പുറം. 9 ദലിത് സൗന്ദര്യ ശാസ്ത്രം) ഹിന്ദുവീടുകളിലേ ഭക്തിപാരായണമായി പിന്നീടു മാറുന്ന പ്രാചീനകവികളുടെ കൃതികള്‍ പാഠ പുസ്തകങ്ങളായി പഠിപ്പിക്കപ്പെടുന്നു എന്നതില്‍ കഴിഞ്ഞ് മുസ്ലിംസമുദായത്തെ അത്തരം കൃതികള്‍ ഭനിലയില്‍ സ്വാധീനിക്കുന്നില്ല. രാമായണം, മഹാഭാരതം തുടങ്ങിയ കൃതികള്‍ ക്ലാസിക് കാലത്ത് അപരവല്‍ക്കരിക്കാന്‍ കണ്ടെത്തിയ വിഭാഗം ദസ്യക്കള്‍, ചണ്ഡാളര്‍, കാട്ടാളര്‍, അസുരര്‍ തുടങ്ങിയ പുറം ജീവിതങ്ങളെയായിരുന്നു.

സന്ദേശകാവ്യങ്ങളില്‍ കാലദേശങ്ങളെ പരാമര്‍ശിച്ചു പോകുന്നുണ്ടെങ്കിലും മനുഷ്യന്‍, കാലം, പ്രദേശം എന്നിവ സജീവ സാന്നിദ്ധ്യമാവുന്നത് നവോത്ഥാന സാഹിത്യത്തിലാണ്.

‘ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി’ എന്ന വള്ളത്തോള്‍ കവിത പേരുകൊണ്ട് തന്നെ ദേശീയത എന്നത് ഹിന്ദു ദേശീയതയാണെന്നു പ്രഖ്യാപിക്കുന്നുണ്ട്. ഹുമയൂണെന്ന മുസ്ലീം ഭരണാധികാരിയുടെ അന്തപ്പുരത്തിലേക്ക് അദ്ദേഹത്തിന്റെ സേവകനായ ഉസ്മാനാല്‍ ചതിക്കപ്പെട്ട് എത്തിച്ചേരുന്ന ഹിന്ദുസ്ത്രീയാണ് പേരില്‍ സൂചിപ്പിക്കുന്ന ഭാരതസ്ത്രീ. ഹുമയൂണും ഉസ്മാനുമൊന്നും ‘അത്ര ഭാരതീയമല്ലെന്ന’ അവബോധം കവിതയിലുടനീളം കാണാം. ‘ഇന്ത്യയില്‍ ജനിച്ചു ജീവിക്കുന്ന വിദേശി’ എന്നൊരു പൊതുബോധം മുസ്ലീങ്ങളെ കുറിച്ച് ‘ഹിന്ദുബോധം’ നിര്‍മ്മിച്ചിട്ടുണ്ട്. ഈ ബോധം കവിത നിലനിര്‍ത്തുന്നു.

ഉസ്മാന്‍ ചതിയിലാണ് ‘ഭാരതസ്ത്രീയെ’ തന്റെ മുന്നിലെത്തിച്ചതെന്ന് തിരിച്ചറിയുമ്പോള്‍ അയാളെ തുറുങ്കിലടക്കാന്‍ ഹുമയൂണ്‍ ഉത്തരവിടുന്നു.

‘മാപ്പിളമാര്‍ ചെയ്ത തെറ്റു മറന്നു നീ മാപ്പീ ഹുമയൂണിനേകിയാലും’ എന്ന് ഹുമയൂണ്‍’ ഭാരതസ്ത്രീയോട് യാചിക്കുന്നു. മാപ്പിള എന്ന എകവചനം വള്ളത്തോള്‍ ‘മാര്‍’ എന്ന പ്രത്യയം ചേര്‍ത്ത് ബഹുത്വവല്‍ക്കരിക്കുന്നത് വ്യക്തിയെയല്ല അയാള്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തെയാണ് പ്രതിയചേര്‍ക്കേണ്ടത് എന്ന മുന്‍ധാരണ കൊണ്ടാണ്. ഡല്‍ഹിയിലെ മാപ്പിള എന്ന പ്രയോഗം മുസ്ലിമിന് ഇല്ലെങ്കിലും മലബാറിലെ മാപ്പിളലഹളയെ ഹിന്ദുമുസ്ലിം കലാപമായി കാണുന്ന ഒരു ‘മഹാകവി’ വള്ളത്തോളില്‍ അടങ്ങിയിട്ടുണ്ട് എന്നത് കവിത വെളിവാക്കുന്നു.

‘ഗീരീതരജന്നു രോമാഞ്ചമേറി ഹാ….
ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി’

എന്ന് ഹുമയൂണിനെക്കൊണ്ട് പറയിക്കുന്നത് ഹുമയൂണൊരു ഭാരതീയനല്ല എന്ന അവബോധം പ്രവര്‍ത്തിക്കുന്നതിനാലാണ്. മലബാര്‍ ലഹളയില്‍ നിന്നു തന്നെയാണ് ആശാനും ഇസ്ലാമിനെ അക്രമിയായി കണ്ടെത്തുന്നത്. കലാപത്തില്‍ രക്ഷപെട്ടെത്തി പുലയന്റെ കുടിലില്‍ അഭയം തേടിയ അന്തര്‍ജ്ജനത്തിന്റെ ‘ദുരവസ്ഥയും’ ദുരവസ്ഥ എന്ന ഖണ്ഡകാവ്യം പറഞ്ഞുവയ്ക്കുന്നു. ക്രൂരമുഹമ്മദര്‍ എന്നപദം ഇടമുള്ളിടത്തെല്ലാം ആശാന്‍ പ്രയോഗിക്കുന്നതിലും മൃദുഹിന്ദുത്വത്തിന്റെ അശംങ്ങള്‍ കാണാം. മുമ്പ് സൂചിപ്പിച്ച സച്ചിദാന്ദന്റെ ലേഖനത്തില്‍ ‘കുമാരനാശാനെപ്പോലെ ഉത്പതിഷ്ണുവായ ഒരു കവിയെപ്പോലും വഴിതെറ്റിക്കാന്‍ പര്യാപ്തമായിരുന്നു ഈ പ്രതീതി എന്നോര്‍ക്കുക. അങ്ങനെയാണ് ദുരവസ്ഥയിലെ ക്രൂരമുഹമ്മദര്‍ എന്ന പ്രയോഗം ഉണ്ടാകുന്നത്.’ എന്ന് പരാമര്‍ശിക്കുന്നുണ്ട്. ഇക്കാര്യം കെ.കെ.ബാബുരാജ് ”ന്യൂനപക്ഷഹിംസ:സമകാലീന രാഷ്ട്രീയപ്രമേയവും സാമൂഹികസ്ഥാപനവും’ എന്ന ലേഖനത്തില്‍ വളരെമുമ്പ് വിശദീകരിച്ചിട്ടുണ്ട് ‘കേരളീയ മാര്‍ക്‌സിസം അതിന്റെ പുരോഗമനവീക്ഷണത്തിന്റെ മാനിഫെസ്റ്റോയായി പ്രഖ്യാപിച്ചിട്ടുള്ളതാണ് കുമാരനാശാന്റെ ‘ദുരവസ്ഥ’. ഈ കൃതിയില്‍ മലബാര്‍ കലാപകാരികളെ ‘കൂട്ടില്‍ കിടക്കുന്ന പൊന്നോമല്‍ പ്രാവിന്‍പിടകളെ പിച്ചിച്ചീന്തുന്ന കാട്ടുപോക്കന്മാരോട്’ സമീകരിച്ചാണ് വര്‍ണ്ണിച്ചിട്ടുള്ളത്. ഹിന്ദുസമുദായത്തിനുള്ളിലെ പ്രശ്‌നമായി ജാതിയെയും ജാതിജന്യമായ അവശതകളെയും ആശാന്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഹിന്ദുജനസംഖ്യയില്‍നിന്നും ജാതി അവശതകള്‍ മൂലം വിട്ടുപോയവരെ ദുഷിപ്പിക്കുന്ന അപരസാന്നിദ്ധ്യമാണ് ആശാന്‍ അള്ളാ മതത്തെ കണ്ടത്. ”കാട്ടുപോക്കന്മാരുടെ വന്യത’ പഴയ കീഴ്ജാതിക്കാര്‍ക്ക് നല്‍കിയത് ഇസ്ലാമികമതമാണെന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഈ മതത്തില്‍നിന്നുള്ള തിരിച്ചടികളെ കരുതിയിരിക്കാന്‍ വേണ്ടിയുള്ള ഉല്‍ബോധനമായിട്ടാണ് ആശാന്‍ തന്റെ പ്രസിദ്ധമായ രചന നിര്‍വ്വഹിച്ചത്’ എന്ന നിരീക്ഷണം വസ്തുതാപരമാണ്. നമ്പൂതിരിയും പുലയനും ഹിന്ദുവഴിയില്‍ ഒന്നുചേരുന്നതും ‘ക്രൂരമുഹമ്മദര്‍’ ബഹിഷ്‌കൃതരാകുന്നതും ആശാന്റെ ദുരവസ്ഥയില്‍ കാണാം.

വി. സാമ്പശിവന്റെ കഥാപ്രസംഗമെന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയ വയലാര്‍രാമവര്‍മ്മയുടെ ‘അയിഷ’ എന്ന ഖണ്ഡകാവ്യവും അപരങ്ങളില്‍ നിന്ന് ദുര്‍മാര്‍ഗികളെ കണ്ടെടുത്ത് ഉയര്‍ത്തിക്കാണിക്കുന്നതിനാലാണ് വിജയം കണ്ടത്. മാംസം കച്ചവടം ചെയ്യുന്ന മനുഷ്യരും അവരുടെ പരിസരവും തിന്മയുടെ ഇടമായി ആവഷ്‌കരിക്കുന്ന ഭാവുകത്വമാണ് മലയാളത്തിലുള്ളതെന്നു ഡോ.ഒ.കെ.സന്തോഷ് വിലയിരുത്തിയിട്ടുണ്ട്. ആയിഷയുടെ പിതാവ് അദ്രുമാന്‍ മാംസവ്യാപാരി എന്ന ആരോപിതതിന്മയും അതിനപ്പുറം കടന്ന് പന്നിയിറച്ചി ചോദിച്ച ‘പാതകത്തിന്’ അന്യമതസ്ഥനെ കൊലചെയ്ത് ജയിലില്‍ കിടക്കുന്ന നരാധമനുമാണ്. ലൈംഗികതൊഴിലാളിയായി സമൂഹത്തെ വഴിതെറ്റിക്കുന്നവളായും, കൊലപാതകിയായ ബാപ്പയുടെ പിന്‍തുടര്‍ച്ചക്കാരിയായി ജയിലിലെത്തുന്നവളുമായാണ് ഐഷയെ രാമവര്‍മ്മ പൊലിപ്പിച്ചെടുത്തത്. ‘ഇവരെ (ഇസ്ലാമിനെ) അപരിഷ്‌കൃതരും യാഥാസ്ഥിതികരുമായി കാണുന്നത് സവര്‍ണ്ണമേധാവിത്വത്തിന്റെ കാഴ്ചെയ ആശ്രയിക്കുന്നതുപോലെ മാര്‍ക്‌സിസത്തിന്റെ കുഴല്‍കണ്ണാടി ഉപയോഗിക്കുന്നത് മൂലവുമാണ് (പുറം 59 ഇരുട്ടിലെ കണ്ണാടി) എന്ന കെ.കെ.ബാബുരാജിന്റെ വിലയിരുത്തല്‍ വയലാറിന്റെ ‘ആയിഷ’ ശരി വയ്ക്കുന്നുണ്ട്.

ആദിവാസി പെണ്‍കുട്ടിയെ വഞ്ചിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ‘ജബ്ബാര്‍’ അടികൊണ്ടു വീഴുന്നതു കാണുവാനുള്ള ‘ത്രില്ലി’ലാണ് എന്‍.എസ് മാധവന്റെ ഹിഗ്വിറ്റ സൂപ്പര്‍ഹിറ്റായ ചെറുകഥയായതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളിയായി കേരളത്തിലെത്തുന്ന ഹിന്ദുവിന്റെ ദൈന്യതയ്‌ക്കെല്ലാം ഹേതു പ്രവാസംകൊണ്ട് ഇസ്ലാംനേടിയ സമ്പന്നതയാണെന്ന ‘അധികഭാവന’ ചുരത്തി ചര്‍ച്ചകള്‍ക്കുശേഷം സ്ഥാപനവത്കരിക്കപ്പെട്ട സന്തോഷ് എച്ചിക്കാനത്തിന്റെ ‘ബിരിയാണിയും’ വിളമ്പി നല്‍കുന്നത് മലയാളസാഹിത്യം തലമുറകളായി തുടര്‍ന്ന് പോരുന്ന മുസ്ലിം അപരവത്ക്കരണത്തിന്റെ സാഹിത്യഭാവുകത്വം തന്നെ. സിനിമയെന്ന പോപ്പുലര്‍ കള്‍ച്ചറിലും ‘അടിത്തട്ടായി’ ഇതേ അപരബോധത്തെ താങ്ങി നിര്‍ത്തിപോരുന്നതിനും സാഹിത്യഭാവുകത്വത്തിനു വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ സംഭാഷണം മലയാളസാഹിത്യവിമര്‍ശനത്തിന്റെ സുപ്രധാന ശബ്ദങ്ങളാവുന്നത്.

”കുട്ടിക്കാലത്ത് ഫയല്‍വാന്‍ ആകാനായിരുന്നു ആഗ്രഹം. പിന്നെ എഴുത്തുകാരനാകാന്‍ ആഹ്രഹിച്ചതിന് കാരണം ഞാന്‍ വൈക്കം ഇംഗ്ലീഷ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ വൈക്കത്ത് അഷ്ടമിക്ക് പുസ്തകങ്ങളുടെ കച്ചവടക്കാര്‍ വരും. എന്റെ സ്‌നേഹിതന്മാരുടെ വരാന്തയിലാണ് കച്ചോടം. അവരെനിക്കൊരു നോവലെടുത്തു തരും വായിക്കാന്‍. ഞാനത് രാത്രി മുഴുവനിരുന്നു വായിക്കും. ഞാനീ വായിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളിലും നോവലുകളിലും ഏത് കഥാപാത്രങ്ങളും കള്ളന്മാര്, കൊലപാതകികള്‍, പഞ്ചകരെല്ലാം, മുസ്ലീങ്ങളാണെന്ന്. അപ്പോ ഞാന്‍ നോക്കുമ്പോള്‍ എന്റെ മാതാവുണ്ട്, പിതാവുണ്ട് എന്റെ അമ്മാവന്മാര്, മറ്റു പലയാളുകളും. എനിക്ക് പരിചയമുള്ള ആരുമില്ല. അതെന്റെ മനസ്സില്‍ കിടക്കുന്നുണ്ടായിരുന്നു. എനിക്ക് വലുതാകുമ്പോള്‍ ഞാനെഴുതുമെന്ന തോന്നലുമുണ്ടായിരുന്നു.’
(എം. എ. റഹ്മാന്റെ ‘ബഷീര്‍ ദി മാന്‍’ എന്ന ഡോക്യുമെന്ററിയില്‍ നിന്നും)

Top