തലയില്‍ നക്ഷത്രങ്ങള്‍ തിളയ്ക്കുന്ന കറുത്തമീനുകള്‍

മുഖ്യധാര എന്ന വരേണ്യ നിര്‍മ്മിതിയോട് നിരന്തരം കലഹിക്കുന്ന അപരവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ ആഗ്രഹാഭിലാഷങ്ങളാണ് സിനിമാസ്‌കോപ്പിന്റെ ആകെത്തുക. ചരിത്രത്തില്‍ നിന്നും, തന്റെ അപ്പൂപ്പന്മാരുടേയും അമ്മൂമ്മമാരുടെയും വേദനകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് രൂപേഷ് വരച്ചിടാന്‍ ശ്രമിക്കുന്നത് സ്വന്തം ജീവിതം തന്നെയാണ്. ഉള്ളു പൊള്ളിക്കുന്ന അനുഭവങ്ങള്‍ കൊണ്ട് ചരിത്രത്തില്‍ ഇടം ഇല്ലാതെ പോയ കുറെയധികം മനുഷ്യരുടെ ലോകത്തേക്ക് വായനക്കാരനെ രൂപേഷ് കൈപിടിച്ച് കൊണ്ട് പോവുകയാണ്. തീച്ചൂളയില്‍ വേവിച്ചെടുത്ത ഓര്‍മ്മകളാണ് ആസ്വാദകന് മുന്‍പില്‍ രൂപേഷ് നിരത്തി വെയ്ക്കുന്നത്. ഹൃദയത്തെ ചുട്ടെരിക്കുന്ന വാക്കുകള്‍ കൊണ്ട് ജീവിതത്തിനും ഓര്‍മ്മകള്‍ക്കുമിടയിലെ നേര്‍ത്ത അതിരുകളിലേക്ക് നാം ഓരോരുത്തരും സിനിമാസ്‌കോപ്പിലൂടെ ചുരുങ്ങി ചുരുങ്ങി തീരെ ചെറുതായി പോവുകയാണ്. വരേണ്യ മലയാള സാഹിത്യ ലോകം സൃഷ്ടിച്ച കീഴാള ആണത്ത മാതൃകകളെ പൊളിച്ചെഴുതിക്കൊണ്ട് ആസ്വാദനത്തിന്റെ, പ്രാതിനിധ്യത്തിന്റെ പുതിയൊരു വായനാ ലോകം രൂപേഷ് നമുക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നു.

വരേണ്യഅധീശത്വം പേറുന്ന എഴുത്തധികാരത്തോട് കലഹിച്ചും വിചാരണ ചെയ്തുമാണ് ‘സിനിമാസ്‌കോപ്പ്’ എന്ന രൂപേഷ് കുമാറിന്റെ നോവല്‍ മുന്നേറുന്നത്. ജാത്യാധികാരം സൃഷ്ടിച്ചെടുത്ത അധീശ ഇടങ്ങളെ നിഷ്പ്രഭമാക്കിയും അപ:നിര്‍മ്മിച്ചുമാണ് നോവലിന്റെ ഓരോ അധ്യായങ്ങളും കടന്നു പോകുന്നത്. ജാത്യാധികാരം കൊണ്ട് അതിന്റെ പ്രിവിലേജുകള്‍ കൊണ്ട് ആരെല്ലാമോ കൈയ്യടക്കി വെച്ച എഴുത്ത് എന്ന വരേണ്യ ഇടത്തെ അപരങ്ങളായ സമൂഹങ്ങളുടെ ആഹ്ലാദങ്ങള്‍ കൊണ്ട് ആഘോഷങ്ങള്‍ കൊണ്ട് രൂക്ഷമായി പരിഹസിച്ചും കല്ലെറിഞ്ഞുമാണ് രൂപേഷ് കുമാര്‍ സിനിമാസ്‌കോപ്പിലൂടെ നോവല്‍ സാഹിത്യത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നത്. കേരളത്തിന്റെ പുരോഗമന ഇടത് രാഷ്ട്രീയ ഭൂമികയുടെ ഉട്ടോപ്യന്‍ ഇടങ്ങളില്‍ അധിവസിക്കുന്ന മലയാള സാഹിത്യ ലോകത്തെ അനുഭവങ്ങളുടെ തീച്ചൂളകള്‍ കൊണ്ട് വെല്ലുവിളിക്കുന്നുണ്ട് രൂപേഷ്. നവോത്ഥാനം ഉഴുതു മറിച്ചിട്ട കേരളത്തില്‍ ഒഴിഞ്ഞ പത്തായപ്പുരകളിലേക്കും ക്ഷയിച്ച നായര്‍ തറവാടുകളിലേക്കും കേന്ദ്രീകരിക്കപ്പെട്ട എഴുത്തിന്റെ വരേണ്യ ആഖ്യാന രീതിയെ, ചരിത്രത്തില്‍ നിന്നും അപ്രത്യക്ഷമാക്കപ്പെട്ടതും തിരസ്‌ക്കരിക്കപ്പെട്ടതുമായ ജീവിതങ്ങളിലേക്ക് പറിച്ചു നടുക എന്ന ഒരു ജനാധിപത്യ രാഷ്ട്രീയ ഇടപെടല്‍ കൂടെയാണ് സിനിമാസ്‌കോപ്പിലൂടെ രൂപേഷ് നിര്‍വ്വഹിക്കുന്നത്. ‘എഴുത്ത്’ ഒരു അധികാരമാണെന്നിരിക്കെ അതിനിടയില്‍ ഒരു ബഹുജന്‍ ആഖ്യാന രീതിയെ അവതരിപ്പിച്ചു കൊണ്ട് മലയാള സാഹിത്യ ലോകത്തിനു തികച്ചും അപരിചിതമായ ഒരു കാലഘട്ടത്തിലേക്കും അപരങ്ങളായ സമൂഹങ്ങളിലേക്കും നോവലിന്റെ പശ്ചാത്തലം ഒരുക്കിക്കൊണ്ട് എഴുത്തധികാരത്തെയും അതിന്റെ മൂലധന താത്പര്യങ്ങളെയും നോവല്‍ പൊളിച്ചെഴുതുന്നുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിലവിലെ അധീശത്വ ബോധം പിന്‍പറ്റിയല്ലാതെ സാഹിത്യ സൃഷ്ടികള്‍ ഒന്നും തന്നെ സാധ്യമല്ലെന്ന് കരുതിയിരുന്ന നമ്മുടെ വരേണ്യസാംസ്‌കാരിക ലോകത്തിനേറ്റ കനത്ത പ്രഹരമാണ് ‘സിനിമാസ്‌കോപ്പ്’. സാംസ്‌കാരിക അധീശത്വത്തെ തകര്‍ത്തെറിയണമെങ്കില്‍ ജൈവ ധൈഷണികരുടെ ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് ഗ്രാംഷിയെ പോലുള്ള ചിന്തകര്‍ മുന്നോട്ടു വെച്ചിട്ടുള്ള രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ഇവിടെ ചേര്‍ത്തു വെയ്ക്കാമെന്നു തോന്നുന്നു. കീഴാള സ്വത്വ ബോധത്തില്‍ നിന്ന് കൊണ്ട് ഒരു തരത്തിലുള്ള വിട്ടു വീഴ്ച്ചകള്‍ക്കും വഴങ്ങാതെ തന്നെ രൂപേഷ് മുന്നോട്ട് വെയ്ക്കുന്ന ആഖ്യാന ശൈലി ഒരുപക്ഷേ ചരിത്രപരമായൊരു ദൗത്യത്തിന്റെ തുടക്കമാണെന്ന് വായിച്ചാലും ഒട്ടും കുറഞ്ഞു പോകില്ല.

ഇന്ത്യന്‍ ജാതി സമൂഹത്തിന്റെ എല്ലാ വിഴുപ്പുകളും അപചയങ്ങളും അതേപടി പ്രതിഫലിക്കുന്ന ഒരു എഴുത്തിടമാണ് മലയാള സാഹിത്യ ലോകം ഇന്നേവരെ ഉദ്പാദിപ്പിച്ചിട്ടുള്ളത്. വരേണ്യ സംസ്‌കാരത്തെയും ജീവിതങ്ങളെയും കേന്ദ്രീകരിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ട അത്തരം നോവല്‍ സാഹിത്യങ്ങള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമുദായങ്ങളെ അവരുടെ ആഘോഷങ്ങളെ ബോധപൂര്‍വ്വം തിരസ്‌ക്കരിക്കുന്ന സമീപനങ്ങളാണ് സ്വീകരിച്ചിരുന്നതെന്നത് ഒരു യാഥാര്‍ത്ഥ്യമായി തന്നെ നിലനില്‍ക്കുന്നു. ജീവിതത്തിലായാലും കഥകളിലായാലും ഒരേപോലെ ആട്ടിയകറ്റപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ ദൃശ്യതയുടെ രാഷ്ട്രീയം കൂടെയാണ് സിനിമാസ്‌കോപ്പ് മുന്നോട്ട് വെയ്ക്കുന്നത്. ആ അര്‍ത്ഥത്തില്‍ നിലവിലെ നോവല്‍ സാഹിത്യത്തോടും അതിന്റെ അധീശത്വ നിലപാടുകളോടുമുള്ള കടുത്ത വിയോജിപ്പുകളും വിമര്‍ശനങ്ങളും സിനിമാസ്‌കോപ്പിന്റെ വരികളില്‍ നിന്നും ഒരു ജനാധിപത്യ വിശ്വാസിക്ക് എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ സാധിക്കും. ഇരുണ്ടകീഴാള ശരീരങ്ങളുടെ ദൃശ്യത ഇത്രയും ശക്തമായി ആവിഷ്‌കരിച്ച മലയാളത്തിലെ ആദ്യ നോവല്‍ കൂടെയാവണം ഒരുപക്ഷേ ‘സിനിമാസ്‌കോപ്പ്’. മനുഷ്യരായി പോലും പരിഗണിക്കപ്പെടാതിരുന്ന ഒരു ജനതയുടെ രാഷ്ട്രീയ ഉണര്‍വ്വുകള്‍, സ്വത്വ ബോധം, ആത്മാഭിമാനം, ആഘോഷങ്ങള്‍, ആഹ്ലാദങ്ങള്‍, പ്രണയം തുടങ്ങി ഒരു ജനതയുടെ ജീവിതം സംബന്ധിച്ച എല്ലാ ഇടപാടുകളും അതിന്റെ തീവ്രതയോടെ തന്നെ സിനിമാസ്‌കോപ്പില്‍ കടന്നു വരുന്നുണ്ട്.

രാജു ഇവിടെ ഒരു പ്രതിനിധിയാണ്. ഒരു സമുദായത്തിന്റെ, ജനതയുടെ, സ്വപ്നങ്ങളുടെ അഭിലാഷങ്ങളുടെ പ്രതിനിധി. രാജു തിരസ്‌ക്കരിക്കപ്പെട്ടവന്റെ പ്രതിനിധിയാണ്. ചരിത്രത്തില്‍ ഇടം ഇല്ലാതെ പോയവര്‍ നിരന്തര കലഹങ്ങളിലൂടെ നേടിയെടുത്ത ദൃശ്യതയുടെ പ്രതിനിധി കൂടെയാണ് രാജു. രാജുവിന്റെ സിനിമാ കാഴ്ച്ചകള്‍ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ കാഴ്ച്ചകള്‍ കൂടെയാണ്. രാജു കണ്ട സിനിമകള്‍, അവന്‍ നടന്ന വഴികള്‍, അവന്റെ അനുഭവങ്ങള്‍, കാഴ്ച്ചകള്‍, കളികള്‍, സുഹൃത്തുക്കള്‍, അങ്ങനെ പലതും മൂര്‍ച്ചയേറിയ രാഷ്ട്രീയ നിലപാടുകളും തിരിച്ചറിവുകളുമാണ് മുന്നോട്ടു വെയ്ക്കുന്നത്. എഴുപതുകളിലെ കേരളത്തിന്റെ ഇടത്‌ നക്‌സല്‍ രാഷ്ട്രീയ ഭൂമികയില്‍ ദൃശ്യതയില്ലാതെ പോയ ഒരു ജനതയുടെ ചരിത്രമാണ് സിനിമാസ്‌കോപ്പ് വിളിച്ചു പറയുന്നത്. നമ്മുടെ വരേണ്യ എഴുത്തിടങ്ങള്‍ക്ക്, ചരിത്രകാരന്മാര്‍ക്ക് ഒരിക്കലും വിഷയമല്ലാതിരുന്ന ഒരു കൂട്ടം മനുഷ്യരുടെ വേദനയും പ്രതികാരവും പ്രതിഷേധങ്ങളുമൊക്കെ നോവലിന്റെ മുഖ്യ പ്രമേയങ്ങളായി കടന്നു വരുന്നുണ്ട്. അടിമ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ പുതുതലമുറയില്‍ നിന്നും വിദ്യാഭ്യാസം ചെയ്ത, അറിവ് കരസ്ഥമാക്കിയ, എഴുത്തിടങ്ങളെ ജനാധിപത്യവത്ക്കരിക്കാന്‍ ശ്രമിച്ച യുവാക്കളുടെ പ്രതിനിധിയെന്ന തലത്തിലേക്കുമുള്ള നോവലിസ്റ്റിന്റെ വളര്‍ച്ച സിനിമാസ്‌കോപ്പ് പുരോഗമിക്കുന്തോറും ആസ്വാദകന് അനുഭവിച്ചറിയാന്‍ സാധിക്കുന്നുണ്ട്. മുന്‍തലമുറയില്‍പ്പെട്ട അപ്പൂപ്പന്മാരുടേയും അമ്മൂമ്മമാരുടെയും കരുത്തുറ്റ രാഷ്ട്ട്രീയസാമുദായിക ജീവിതങ്ങള്‍, അവര്‍ നേരിട്ട ജാതീയ അക്രമങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ എല്ലാം രൂപേഷ് ഇപ്പോഴും എരിഞ്ഞു തീരാത്ത കനലായി ഉള്ളില്‍ കൊണ്ട് നടക്കുന്നുണ്ടെന്ന് നോവലിന്റെ ഓരോ വരികളില്‍ നിന്നും നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നു. പയ്യന്നൂര്‍ കോളേജിലെ ഇംഗ്ലീഷ് ക്ലാസില്‍ നിന്ന് ഇംഗ്ലീഷ് പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ പയ്യന്നൂര്‍ ‘ശോഭയിലെ” ഇംഗ്ലീഷ് കമ്പിപടത്തീന്നായിരിക്കും നമ്മള്‍ പഠിക്കുക എന്ന് രാജു എവിടെയോ പറഞ്ഞ് വെയ്ക്കുന്നുണ്ട്. പ്രണയത്തില്‍, സമൂഹത്തില്‍, ക്ലാസുകളില്‍ നിന്നൊക്കെ ജാതീയമായ വിവേചനങ്ങള്‍ നേരിടേണ്ടി വന്ന ഒരു കൗമാരക്കാരന് ഇതിലും ശക്തമായ ഒരു പൊളിറ്റിക്കല്‍ ഡയലോഗ് എങ്ങനെയാണ് പറയാനാവുക!! രാജു ടാക്കീസുകളില്‍ തന്റെ സ്വപ്‌നങ്ങള്‍ നെയ്‌തെടുത്തത്, ജീവിതം തള്ളിനീക്കിയത്, ആസ്വദിച്ചത് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് മാത്രമല്ല മറിച് ജാതീയ ഇടങ്ങളില്‍ നിന്നും ഏതാനും മണിക്കൂര്‍ നേരത്തേക്കെങ്കിലും രാജുവിന് ആശ്വാസം നല്‍കിയിരുന്നത് ആ സിനിമാശാലകള്‍ ആയിരുന്നു എന്നത് കൊണ്ട് കൂടെയാണ്. മദ്യവും, മയക്കുമരുന്നും, കഞ്ചാവും ഒക്കെ മണത്തിരുന്ന പയ്യന്നൂരിലെയും പഴയ്യങ്ങാടിയിലെയും ഉച്ചപടങ്ങള്‍ നിറഞ്ഞോടിയിരുന്ന ടാക്കീസുകളില്‍ ഇരുട്ടത്തിരിക്കുന്ന കാണികള്‍ക്കൊപ്പം അവരിലൊരാളായി രാജുവിന് തന്റെ സിനിമാ മോഹങ്ങള്‍ക്ക് ഊര്‍ജ്ജം കണ്ടെത്താന്‍ സാധിച്ചത്, ഒരു പക്ഷേ അവിടെ മാത്രമാണ്, ആ ടാക്കീസുകളിലെ ഇരുട്ടില്‍ മാത്രമാണ് രാജുവിന് ജാതിയുടെ അതിര്‍വരമ്പുകള്‍ മറികടക്കാന്‍ സാധിച്ചിരുന്നത് എന്നതിനാല്‍ കൂടെയാണ്. ഒന്നാലോചിച്ചാല്‍ കമ്പിപടങ്ങള്‍ നിറഞ്ഞോടിയിരുന്ന ആ ടാക്കീസുകളിലെ ഇരുട്ടത്തിരുന്ന കാണികളില്‍ എത്രയെത്ര രാജുമാര്‍ അന്ന് ഉണ്ടായിരുന്നുവെന്ന് നമുക്കെങ്ങനെ തിട്ടപ്പെടുത്താനാവും??? പയ്യന്നൂരിലെ പഴയ്യങ്ങാടിയിലെ ചെവിടിച്ചാലിലെ പെരിങ്ങീലിലെ കേരളത്തിന്റെ നാനാഭാഗങ്ങളിലെ ടാക്കീസുകളില്‍ ഇടം കണ്ടെത്തിയിരുന്ന അനേകായിരം രാജുമാരുടെ കണ്ണീരും കിനാക്കളുമാണ് സിനിമാസ്‌കോപ്പില്‍ തലയെടുപ്പോടെ ഇങ്ങനെ നിറഞ്ഞു തുളുമ്പി നില്‍ക്കുന്നത്.

‘സംസ്‌കാരവും ആരാചകത്വവും’ എന്ന ഗ്രന്ഥത്തില്‍ മാത്യു ആര്‍നോള്‍ഡ് വരേണ്യ സംസ്‌കാരത്തെ വളരെ കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്. അധികാര വര്‍ക്ഷത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് സമൂഹത്തിന്മേലുള്ള നിയന്ത്രണം നേടിയെടുക്കാനും അതിനെ വരുതിയിലാക്കാനും വരേണ്യ സംസ്‌കാരം ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം വിലയിരുത്തി. കല, സാഹിത്യം, സിനിമ, സംഗീതം, ചിന്ത തുടങ്ങിയ വരേണ്യ കലകളെ അടിസ്ഥാന ജനതയുടെ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ച് വരേണ്യ വര്‍ക്ഷം അധികാരം സ്ഥാപിച്ചെടുക്കുന്നു. ജനപ്രിയ സിനിമകള്‍, പരസ്യങ്ങള്‍, മറ്റ് മാധ്യമങ്ങള്‍ തുടങ്ങിയവയെല്ലാം വരേണ്യ സംസ്‌കാരത്തിന്റെ വ്യാപനത്തിന് സഹായകമാകുന്ന ശക്തമായ ടൂളുകളായാണ് വിലയിരുത്തപ്പെടുന്നത്. നമ്മുടെ ദൃശ്യ മാധ്യമ കലകളിലൂടെ ഇത്തരത്തില്‍ നിര്മ്മിക്കപ്പെട്ടിരിക്കുന്ന അധീശ സംസ്‌കാരത്തെ അപ:നിര്‍മ്മിക്കുന്ന ഒരു പ്രതിസംസ്‌കാരത്തിന്റെ രൂപീകരണമാണ് സിനിമാസ്‌കോപ്പിലൂടെ രൂപേഷ് കുമാര്‍ ഇപ്പോള്‍ സാധ്യമാക്കിയിരിക്കുന്നത്. ജനപ്രിയ സംസ്‌കാരത്തെ പ്രതിരോധമായൊക്കെ ഗ്രാംഷിയെ പോലുള്ളവര്‍ നിരീക്ഷിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും അകന്നു മാറി ജനപ്രിയമെന്നത് വരേണ്യ മൂല്യ ബോധത്തിന്റെ ഉപോത്പന്നമായി ഇന്ന് മാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു കാലത്ത് ബഹുജനത്തിന്റെ സംസ്‌കാരം എന്നൊക്കെ സാമാന്യാര്‍ത്ഥത്തില്‍ നിര്‍വ്വചിക്കപ്പെട്ടിരുന്ന ജനപ്രിയ സംസ്‌കാരത്തെ തിരിച്ചു പിടിക്കുക എന്ന ഒരു കീഴാള ജനാധിപത്യ രാഷ്ട്രീയം കൂടെയാണ് സിനിമാസ്‌കോപ്പ് വായനക്കാരോട് സംവദിക്കാന്‍ ശ്രമിക്കുന്നത്. സവിശേഷമായ സാമൂഹിക മൂല്യബോധവും ആചാരാനുഷ്ഠാനങ്ങളും പങ്കുവെയ്ക്കുന്ന ഒരു ജനതയുടെ ദൃശ്യതയുടെ രാഷ്ട്രീയവും അത് വഴി ശക്തമായ ഒരു പ്രതിസംസ്‌കാരവും നിര്‍മ്മിച്ചെടുക്കാന്‍ ഇവിടെ രൂപേഷിനു കഴിയുന്നുണ്ട്. മാല്‍ക്കം എക്‌സ്, ബോബ് മാര്‍ലി പോലുള്ള ചിന്താധാരകള്‍ വര്‍ണ്ണ വിവേചനത്തിനെതിരെ സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ നിര്‍മ്മിച്ചെടുത്ത പ്രതിസംസ്‌കാരം ലോകത്ത് സൃഷ്ടിച്ച ചലനങ്ങള്‍ എത്ര ആഴമേറിയതായിരുന്നുവെന്ന് ഇങ്ങ് കേരളത്തിലെ ‘കോളനി’കളില്‍ ഇപ്പോഴും നമ്മുടെ കുട്ടികള്‍ പാടി നടക്കുന്ന ബോബ് മാര്‍ലിയുടെ പാട്ടുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. സമാനമായി നമ്മുടെ വരേണ്യ സംസ്‌കാരത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഒരു കീഴാള ധൈഷണിക ഇടപെടലാണ് സിനിമാസ്‌കോപ്പ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമെന്ന് നിസംശയം പറയാനാവും. എഴുത്ത് എന്ന അധികാരത്തില്‍ തനിക്കൊരു കസേര വലിച്ചിട്ട് ഇരിക്കാനാണ് ആഗ്രഹമെന്ന് മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ രൂപേഷ് തന്നെ വളരെ നിസാരമായി പറഞ്ഞ് വെച്ചത് ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്. കേരളത്തിന്റെ പൊതുവ്യവഹാര മണ്ഡലത്തില്‍ പ്രതിഷ്ഠിച്ചു വെയ്‌ക്കേണ്ട ഒരു കേവല സാഹിത്യമായി സിനിമാസ്‌കോപ്പിനെ വിലയിരുത്തുക പോലും സാധ്യമല്ല. മറിച്ച് ആ വ്യവഹാര മണ്ഡലത്തെ തന്നെ നിരവധി ചോദ്യശരങ്ങള്‍ കൊണ്ട് പ്രഹരമേല്‍പ്പിക്കുന്ന, എഴുത്തധികാരം കൈയ്യടക്കിവെച്ചിരിക്കുന്ന ഒരു പ്രത്യേക സാംസ്‌കാരിക വിഭാഗത്തിന് ഉള്‍ക്കൊള്ളാന്‍ പോലും സാധ്യമല്ലാത്ത, വ്യവസ്ഥാപിതമായ നോവല്‍ ആഖ്യാനങ്ങള്‍ക്ക് അപവാദമാകുന്ന ഒരു സാഹിത്യ രൂപമായി വേണം സിനിമാസ്‌കോപ്പിനെ നാം മനസിലാക്കാന്‍. എഴുത്തിടങ്ങളിലെ സാംസ്‌കാരിക അധീശത്വത്തെ പ്രശ്‌നവത്ക്കരിച്ചുകൊണ്ട് കീഴാള ശരീരങ്ങളുടെ ദൃശ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന ആഖ്യാന ശൈലി ബോധപൂര്‍വ്വം സ്വീകരിച്ചതിലൂടെ ഉയര്‍ന്ന സാമുദായിക ബോധവും വ്യക്തമായ രാഷ്ട്രീയ നിലപാടുകളും തനിക്കുണ്ടെന്ന് നോവലിസ്റ്റ് അടിവരയിട്ട് പ്രഖ്യാപിക്കുകയാണ്.

രാജു എന്ന കേന്ദ്രകഥാപാത്രത്തിലൂടെ മുന്നോട്ടു പോകുന്ന നോവല്‍ അതിന്റെ അവസാന ഘട്ടത്തോട് അടുക്കുന്തോറും രാജുവും അതിന്റെ സൃഷ്ടാവായ രൂപേഷും ഒരൊറ്റ ആത്മാവാണെന്ന തിരിച്ചറിവിലേക്ക് ആസ്വാദകനെ കൊണ്ടെത്തിക്കുന്നു. ആ തിരിച്ചറിവിലാണ് സിനിമാസ്‌കോപ്പ് രാജു എന്ന ‘മുഖം മൂടി’ അഴിച്ചു വെച്ച് കൊണ്ട് രൂപേഷ് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ചുവടു മാറുന്നത്. കാര്‍ഷിക അടിമത്വം പേറി ജീവിക്കേണ്ടി വന്ന, ചരിത്രം ഇല്ലാതെ പോയ രൂപേഷിന്റെ പൂര്‍വ്വികര്‍ അയാളില്‍ സന്നിവേശിച്ചിരിക്കുന്നത് നമുക്ക് അനുഭവിച്ചറിയാനാവും. ഒരുപക്ഷേ ആ പൂര്‍വ്വികരുടെ ആത്മാവ് തന്നെയാണ് നോവലിന്റെ വെളിച്ചവും വഴികാട്ടിയുമായി രൂപേഷിനു മുന്നേ നടന്നു പോകുന്നത്. ആ പൂര്‍വ്വികരുടെ സാന്നിധ്യം കൊണ്ട് മാത്രമാണ് രൂപേഷ് വരച്ചിട്ട ജീവിതങ്ങള്‍ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ ആസ്വാദകന് കഴിയുന്നതും. മലയാള നോവല്‍ സാഹിത്യം ഉദ്പാദിപ്പിക്കുകയും പുന:രുദ്പാദിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന സാംസ്‌കാരിക വരേണ്യതയെ, ഭാഷാ വരേണ്യതയെ വളരെ നിസാരമായാണ് സിനിമാസ്‌കോപ്പ് പൊളിച്ച് മാറ്റുന്നത്. ജനകീയതയാണ് ഇവിടെ സിനിമാസ്‌കോപ്പിന്റെ അടിത്തറ. എഴുത്തും, ഭാഷയും കൈയ്യടക്കി വെച്ചിരുന്ന സാംസ്‌കാരിക വിഭാഗത്തില്‍ നിന്നും അതിന്റെ അധികാരം പിടിച്ചു വാങ്ങിക്കൊണ്ട് ഭാഷയുടെ വരേണ്യനിഗൂഢതയെ രൂപേഷ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയാണ്. സാംസ്‌കാരിക വരേണ്യതക്കും അതിന്റെ വ്യാകരണങ്ങള്‍ക്കും ബദലായി ബഹുജന്‍ ഭാഷയെ മുന്നോട്ട് വെയ്ക്കുന്നു എന്നത് മലയാള നോവല്‍ സാഹിത്യത്തിന്റെ അടിത്തറ ഇളക്കാന്‍ മാത്രം ശക്തമായ രാഷ്ട്രീയ ഇടപെടലായി വേണം നാം മനസിലാക്കാന്‍.  ‘എഴുത്തും വായനയും ഇഷ്ടപ്പെടുന്ന എഴുതാന്‍ കഴിവുള്ള ഒരുപാട് യുവതീയുവാക്കള്‍ക്ക് ‘സിനിമാസ്‌കോപ്പ്’ വലിയ പ്രചോദനം ആയിരിക്കുമെന്നും ഒരുപാട് പേരെ എഴുത്തിലേക്ക് കൊണ്ട് വരാന്‍ ഈ നോവല്‍ കാരണമായിത്തീരും’ എന്നും ആനന്ദന്‍ മാഷ് പറഞ്ഞ് വച്ചതും മറ്റൊന്നും കൊണ്ടാവില്ല.

മുഖ്യധാര എന്ന വരേണ്യ നിര്‍മ്മിതിയോട് നിരന്തരം കലഹിക്കുന്ന അപരവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ ആഗ്രഹാഭിലാഷങ്ങളാണ് സിനിമാസ്‌കോപ്പിന്റെ ആകെത്തുക. ചരിത്രത്തില്‍ നിന്നും, തന്റെ അപ്പൂപ്പന്മാരുടേയും അമ്മൂമ്മമാരുടെയും വേദനകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് രൂപേഷ് വരച്ചിടാന്‍ ശ്രമിക്കുന്നത് സ്വന്തം ജീവിതം തന്നെയാണ്. ഉള്ളു പൊള്ളിക്കുന്ന അനുഭവങ്ങള്‍ കൊണ്ട് ചരിത്രത്തില്‍ ഇടം ഇല്ലാതെ പോയ കുറെയധികം മനുഷ്യരുടെ ലോകത്തേക്ക് വായനക്കാരനെ രൂപേഷ് കൈപിടിച്ച് കൊണ്ട് പോവുകയാണ്. തീച്ചൂളയില്‍ വേവിച്ചെടുത്ത ഓര്‍മ്മകളാണ് ആസ്വാദകന് മുന്‍പില്‍ രൂപേഷ് നിരത്തി വെയ്ക്കുന്നത്. ഹൃദയത്തെ ചുട്ടെരിക്കുന്ന വാക്കുകള്‍ കൊണ്ട് ജീവിതത്തിനും ഓര്‍മ്മകള്‍ക്കുമിടയിലെ നേര്‍ത്ത അതിരുകളിലേക്ക് നാം ഓരോരുത്തരും സിനിമാസ്‌കോപ്പിലൂടെ ചുരുങ്ങി ചുരുങ്ങി തീരെ ചെറുതായി പോവുകയാണ്. വരേണ്യ മലയാള സാഹിത്യ ലോകം സൃഷ്ടിച്ച കീഴാള ആണത്ത മാതൃകകളെ പൊളിച്ചെഴുതിക്കൊണ്ട് ആസ്വാദനത്തിന്റെ, പ്രാതിനിധ്യത്തിന്റെ പുതിയൊരു വായനാ ലോകം രൂപേഷ് നമുക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നു.

കീഴാളപുരുഷ കാഴ്ച്ചകളിലൂടെയാണ് സിനിമാസ്‌കോപ്പ് കടന്നു പോകുന്നതെങ്കിലും ദലിത് സ്ത്രീ ഇടങ്ങളെ കുറിച്ചും, അവരുടെ കാഴ്ച്ചകളെ കുറിച്ചുമൊക്കെ പല സന്ദര്‍ഭങ്ങളിലും നോവല്‍ ആത്മാര്‍ഥമായി തന്നെ സംവദിക്കാന്‍ ശ്രമിക്കുന്നത് കാണാം. നോവലില്‍ പല സന്ദര്‍ഭങ്ങളിലായി കടന്നു വരുന്ന മീനാക്ഷി അച്ഛമ്മയും, നാരായണിയും, രാജുവിന്റെ കുഞ്ഞമ്മമാരുമൊക്കെ കരുത്തുറ്റ കീഴാള സ്ത്രീ ഇടങ്ങളുടെ പ്രതിനിധികള്‍ തന്നെയാണ്. കപ്പപുട്ട് തിന്ന് വിശപ്പടക്കിയിരുന്ന പെണ്ണുങ്ങളെ കുറിച്ചാണ് മുമ്പൊരിക്കല്‍ ബഷീര്‍ പറഞ്ഞിരുന്നതെങ്കില്‍ സവര്‍ണ്ണ പുരുഷ പീഡകര്‍ക്ക് നേരെ ചീറിയടുത്ത് വാളോങ്ങുന്ന നാരായണിയെന്ന കരുത്തുറ്റ പെണ്ണിനെ കുറിച്ചാണ് രൂപേഷിന് പറയാനുള്ളത്. അങ്ങനെ പലവിധത്തില്‍, ഇരുണ്ടകീഴാള ശരീരങ്ങളെ എഴുത്തിന്റെ മുഖ്യധാരയിലേക്ക് അവതരിപ്പിച്ചു കൊണ്ട് നിലവിലെ മലയാള നോവല്‍ സാഹിത്യത്തിന്റെ സാംസ്‌കാരികാടിത്തറയെ തന്നെ സിനിമാസ്‌കോപ്പ് പിടിച്ചുലച്ച് കളയുന്നു. രാജുവിന്റെ സിനിമാക്കാഴ്ച്ചകളിലൂടെ പുരോഗമിക്കുന്ന നോവല്‍ കേരളത്തിലെ അപരങ്ങളായ സമൂഹങ്ങളുടെ രാഷ്ട്രീയ ചരിത്രം മാത്രമല്ല മലയാള സിനിമയുടെ വളര്‍ച്ചയുടെ ചരിത്രം കൂടെയാണ് പറയാന്‍ ശ്രമിക്കുന്നത്. തിരക്കഥയില്‍ നിന്നും രൂപം കൊള്ളുന്ന അത്യപൂര്‍വ്വമായ നോവല്‍ എന്ന എല്ലാ സാധ്യതകളും സിനിമാസ്‌കോപ്പിന്റെ ആസ്വാദനത്തില്‍ പ്രകടമായ പങ്കു വഹിച്ചിട്ടുണ്ട്. ഒരു സ്‌റ്റോറിബോര്‍ഡില്‍ വരച്ചിട്ട രംഗങ്ങള്‍ പോലെ നോവലിന്റെ ഓരോ അദ്ധ്യായവും മികച്ച കാഴ്ച്ചകളാണ് ആസ്വാദകന് സമ്മാനിക്കുന്നത്. ക്ലോസപ്പ് ഷോട്ടുകളും, ലോംഗ് ഷോട്ടുകളും, ടോപ്പ് ആംഗിള്‍ ഷോട്ടുകളുമെല്ലാം സാന്ദര്‍ഭീകമായി ഉപയോഗിക്കേണ്ട പൂര്‍ണ്ണ സ്വാതന്ത്ര്യവും ഇവിടെ വായനക്കാരന് മാത്രമായി അനുവദിച്ചു നല്‍കിയിരിക്കുകയാണ് രൂപേഷ.  പച്ചമാംസം കൊത്തിയരിയുന്ന വേദനയാണ് സിനിമാസ്‌കോപ്പിന്റെ ഓരോ അദ്ധ്യായവും ആസ്വാദകനില്‍ സൃഷ്ടിക്കുന്നത്. അനില്‍ എന്ന ചിത്രകാരന്റെ രാഷ്ട്രീയ വരകളാണ് പലപ്പോഴും ആ വേദനയെ ഇത്രമേല്‍ തീവ്രമാക്കി മാറ്റുന്നത്. രക്തം കിനിയുന്ന വാക്കുകള്‍ കൊണ്ട് രൂപേഷ് നമ്മെ അതിവൈകാരികതയുടെ തലത്തിലേക്ക് എത്തിക്കുമ്പോഴേക്കും ഇ.വിയുടെ ചിത്രങ്ങള്‍ അതിന് മുന്നേ പറന്ന് കാഴ്ച്ചയുടെ ആകാശത്തേക്ക്, അനന്തമായ സാധ്യതകളിലേക്ക് ആസ്വാദകനെ പറത്തി വിട്ടിരിക്കും. എഴുത്തും വരയും പരസ്പരം മത്സരിച്ച് ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിക്കുന്ന അത്യപൂര്‍വ്വമായൊരവസ്ഥ.

അടിമപ്പണി ചെയ്തിരുന്ന അപ്പനപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും ഓര്‍മ്മകള്‍ മാടായിപ്പാറയിലെ ഓരോ സായാഹ്നങ്ങളിലും രാജുവിനെ വിടാതെ പിന്തുടരുന്നുണ്ട്. പൊട്ടന്‍ തെയ്യം കെട്ടിയാടിയ ബാപ്പൂട്ടിയും, സവര്‍ണ്ണ മാടമ്പികള്‍ക്ക് നേരെ വാളോങ്ങി നിന്ന നാരായണിയും, കരുത്തനായ കൃഷ്ണാപ്പനും, രാജുവിനെ സിനിമകാണാന്‍ പഠിപ്പിച്ച ഗണേശേട്ടനും, മീനാക്ഷി അച്ഛമ്മയും, അച്ഛനും, അമ്മയുമൊക്കെ രാജുവിന്റെ ഇതിഹാസങ്ങളാണ്. അവരാണ്, അവരിലൂടെയാണ് രാജു ലോകത്തെ നോക്കിക്കാണാന്‍ പഠിച്ചത്. പൊക്കുടനച്ഛനെ ഹൃദയം പകുത്ത് നല്‍കി സ്‌നേഹിക്കുന്നൊരു തലമുറയ്ക്ക്, ഉത്സവപറമ്പുകളില്‍ ഡിസ്‌കോ ഡാന്‍സുകള്‍ കളിച്ചു നടന്നൊരു തലമുറയ്ക്ക്, കലാ’വന്‍ മണിയെ ഹൃദയത്തില്‍ കൊണ്ട് നടന്നൊരു തലമുറയ്ക്ക്, വിനായകനെ ആത്മാഭിത്തിന്റെ അടയാളമായി ഉയര്‍ത്തിപ്പിടിക്കുന്നൊരു തലമുറയ്ക്ക് കണ്ണില്‍ നിന്നും രക്തം കിനിഞ്ഞു കൊണ്ടല്ലാതെ സിനിമാസ്‌കോപ്പ് വായിച്ചു തീര്‍ക്കുക സാധ്യമല്ല. ആത്മാഖ്യാനത്തിനും ഫിക്ഷനുമിടയിലെ അതിര്‍വരമ്പുകളെ ഭേദിച്ച് സിനിമാസ്‌കോപ്പ് ഇങ്ങനെ ആര്‍ത്തലച്ചു കൊണ്ട് നമ്മുടെ ഉള്ള് ചുട്ട് പൊള്ളിച്ചു കൊണ്ടേയിരിക്കുന്നു. ചരിത്രമില്ലാതെ പോയവരുടെ ചരിത്രമിങ്ങനെ ഹൃദയം കൊണ്ട് കോറിയിട്ടിരിക്കുകയാണ് നോവലില്‍. അപ്പനപ്പൂപ്പന്മാരുടെ ഓര്‍മ്മകളുറങ്ങുന്ന പെരിങ്ങീലില്‍, പ്രളയവും പട്ടിണിയുമില്ലാത്ത പെരിങ്ങീലില്‍, വെന്തുരുകുന്ന സ്മരണകളുടെ അവശിഷ്ടങ്ങളുള്ള പെരിങ്ങീലില്‍, പൂര്‍ണ്ണ ചന്ദ്രനുള്ള ഒരു രാത്രിയില്‍ ചെമ്മീന്‍കണ്ടിയില്‍ ചെന്ന് കാറ്റ് കൊണ്ട് കുറേ നേരമങ്ങനെയിരിക്കണം. അവിടെയിപ്പോഴും തലയില്‍ നക്ഷത്രങ്ങള്‍ തിളയ്ക്കുന്ന കറുത്ത മീനുകള്‍ പുളച്ചു മറിയുന്നുണ്ടാവുമായിരിക്കും!!

Top