അവര്‍മാത്രം എങ്ങനെ കുടിയേറ്റക്കാരാകും

‘ഇന്ത്യന്‍ ജാതിവ്യവസ്ഥ തൊഴില്‍ വിഭജനം മാത്രമല്ല തൊഴിലാളികളുടെ വിഭജനം കൂടിയാണ്. എന്നാല്‍ തൊഴില്‍ വിഭജനത്തോടൊപ്പം തൊഴിലാളികളേയും വെള്ളം കേറാഅറകളില്‍ വിഭജിക്കപ്പെടുന്ന ഈ അസ്വാഭാവിക വേര്‍തിരിക്കലുകള്‍ ഒരു പരിഷ്‌കൃത സമൂഹത്തിലും കാണുകയില്ല.-തൊഴില്‍ വിഭജനം സ്വയം രൂപപ്പെട്ടതല്ല. അത് സ്വാഭാവിക അഭിരുചിയില്‍ അടിസ്ഥാനപ്പെട്ടതുമല്ല.-പകരം മാതാപിതാക്കളുടെ സാമൂഹിക പദവിയുടെ അടിസ്ഥാനത്തിലാണ് സാമൂഹിക കാര്യശേഷിയെ പരിഗണിക്കുമ്പോള്‍, വ്യവസായിക വ്യവസ്ഥയുടെ ഏറ്റവും വലിയ തിന്മ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദാരിദ്ര്യവും ദുരിതവുമല്ല, തൊഴിലെടുക്കുന്നവര്‍ക്ക് അവരുടെ തൊഴില്‍ ആകര്‍ഷകമാകുന്നില്ലെന്നത് നമ്മള്‍ തിരിച്ചറിയാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അത്തരം കാരണങ്ങള്‍ തൊഴിലുകളില്‍ നിന്ന് വിട്ടുപോകാനും നിരന്തരമായ ആഗ്രഹം ഉണ്ടാകും.’
~അംബേദ്കര്‍

മാലിന്യം നീക്കം ചെയ്യുന്ന, ശവം മറവുചെയ്യുന്ന, ഓടകള്‍ വൃത്തിയാക്കുന്ന മാന്‍ഹോള്‍ തൊഴിലാളികള്‍ക്ക് കേരള സംസ്ഥാന ബഡ്ജറ്റില്‍ പത്തുകോടി രൂപ വകയിരുത്താന്‍ കാരണമായത് നവാഗതസംവിധായികയായ വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ എന്ന സിനിമയാണ്. ഈ ചിത്രം വരുന്നതിനു മുന്‍പും പിന്‍പും മാന്‍ഹോളില്‍ ജീവന്‍ പൊലിഞ്ഞവരും, മനുഷ്യവിസര്‍ജ്യം വൃത്തിയാക്കുന്ന റെയില്‍വേതൊഴിലാളികളും, കക്കൂസും-സെപ്റ്റിക്ടാങ്കും വൃത്തിയാക്കുന്ന തോട്ടിപ്പണിക്കാരും(Manual Scavengers)നമ്മോടൊപ്പം ഉണ്ടായിരുന്നിട്ടും അവരുടെ ദാരിദ്ര്യവും, സമൂഹത്തില്‍ നിന്ന് നേരിടുന്ന ജാതീയമായ വിവേചനവും മാനുഷിക അന്തസില്ലായ്മയും ജീവിതദുരിതങ്ങളും ഒക്കെ സര്‍ക്കാരിനും പൊതുസമൂഹത്തിനും മനസിലാക്കുവാന്‍ 160 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സിനിമ വേണ്ടിവന്നു എന്നത് സംവിധായികയ്ക്കും തിരക്കഥാകൃത്തിനും ഏറെ അഭിമാനിക്കാവുന്നതാണ്.

എന്നാല്‍ അവര്‍ നേരിടുന്ന ദൈനംദിന ജീവിതപ്രശ്‌നങ്ങള്‍ എല്ലാം വെള്ളിത്തിരയിലൂടെ വെളിപ്പെടുത്താന്‍ സാധിക്കുന്നതല്ല. തൊഴില്‍ ആധുനികവല്‍ക്കരിക്കാന്‍ കേവലം പത്ത്‌കോടിയുടെ ഉപകരണങ്ങളോ, മരണത്തിന്റെ കൂലിയായ പത്തുലക്ഷമോ അവരുടെ ജീവിത സാഹചര്യം ഒരു വിധത്തിലും മെച്ചപ്പെടുത്തുന്നില്ല എന്ന് ഭരണകൂടവും നീതിന്യായസംവിധാനവും തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് സിനിമയില്‍ അഭിനയിച്ചവരും അല്ലാത്തവരുമായ ചക്കിലിയന്‍ സമുദായക്കാര്‍ അവരുടെ ജാതിസര്‍ട്ടിഫിക്ക റ്റിനുവേണ്ടി കൊല്ലം കളക്‌ട്രേറ്റിനുമുന്നില്‍ നടത്തിയ ധര്‍ണ്ണ ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കാതെ പോയത്. സ്‌ക്കൂള്‍, കോളേജ് ഉന്നത വിദ്യാഭ്യാസ പ്രവേശന സമയത്ത് ജാതിസര്‍ട്ടിഫിക്കറ്റിനുവേണ്ടിയുള്ള ധര്‍ണ്ണ അവരെ സംബന്ധിച്ചിടത്തോളം അതിജീവനത്തിന്റേയും അന്തസിന്റേയും പോരാട്ടമാണ്. അതു നിഷേധിക്കുന്നത് ചരിത്ര നിഷേധം മാത്രമല്ല നൈതിക വെല്ലുവിളിയും ആണ്.

കാരണം കേരള സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്റേയും മനുഷ്യാവകാശകമ്മീഷന്റേയും ഉത്തരവനുസരിച്ച് ചക്കിലിയന്‍ സമുദായക്കാര്‍ കുടിയേറ്റക്കാര്‍(migrants))അല്ല എന്നും കേരള സംസ്ഥാനത്തിനകത്തു ജനിച്ചു ജീവിക്കുന്നവരാണെന്നും അതിനാല്‍ ഇവര്‍ പട്ടികജാതിവിഭാഗം എന്ന സര്‍ട്ടിഫിക്കറ്റിന് അര്‍ഹരാണെന്നും ചരിത്ര രേഖകള്‍ ഉദ്ധരിച്ച് ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്മീഷനുകള്‍ അംഗീകരിക്കുന്നു. എന്നാല്‍ ഇവരെ അംഗീകരിക്കാത്തത് ചരിത്രബോധമില്ലാത്ത ഇവിടുത്തെ ഉദ്യോഗസ്ഥ വൃന്ദമാണ്.

  • രേഖപ്പെടുത്തപ്പെട്ട സംസ്‌കാരത്തില്‍

പൗരാണിക ഭാരതത്തില്‍ വര്‍ണ്ണവ്യവസ്ഥയുടേയും പിന്നീടുണ്ടായ നഗരവല്‍ക്കരണത്തിന്റെയും ഉപോല്‍പന്നമായിട്ടാണ് ഒരു വിഭാഗം ജനത തോട്ടിപ്പണിക്കാരായി മാറിയത്. എന്നാല്‍ ആദിമ നാഗരിക സിന്ധൂനദീതട സംസ്‌കാരത്തില്‍ (The Indus Valley Civilization) ശാസ്ത്രീയമായ ഭൂഗര്‍ഭജലനിര്‍ഗ്ഗമന സംവിധാനം അവരുടെ നഗരാസൂത്രണത്തില്‍ ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകളില്‍ നിന്ന് മനസിലാക്കാം. എല്ലാ കെട്ടിടങ്ങളിലും കുളിമുറികളും അവയില്‍ നിന്നും ഒഴുകുന്ന വെള്ളം അഴുക്കുചാലുകളില്‍കൂടി പ്രധാന തെരുവുകളില്‍നിന്ന് ദൂരെസ്ഥലത്ത് എത്തിക്കാനുള്ള ഓടകളുമാണ് മോഹന്‍ജദാരോ ഹാരപ്പന്‍ സംസ്‌കാരങ്ങളിലെ സവിശേഷത. മറ്റൊരു പുരാതന സംസ്‌കാര ചരിത്രത്തിലും ഇത്ര വിജയപ്രദമായി പ്രവര്‍ത്തിച്ചിരുന്ന അഴുക്കുചാല്‍ പദ്ധതിഉണ്ടായിരുന്നതായി രേഖപ്പെടുത്തി കാണുന്നില്ല. ഈ പദ്ധതികളെ നിയന്ത്രിച്ചിരുന്നത് നഗരസഭപോലുള്ള പൊതു സ്ഥാപനം ആയിരുന്നു. വലിയ സ്‌നാനഘട്ടവും, ശുചിത്വത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നവയാണ്.

‘മോഹന്‍ജോദാരോയിലെ പൗരന്മാരുടെ വിസ്തൃതമായ വീടുകളും, കുളിമുറിയും ചരിത്രാതീത ഈജിപ്തിലോ, മിസോപൊട്ടാമിയയിലോ, പശ്ചിമേഷ്യയിലോ ഒരിടത്തും കാണാന്‍ കഴിയില്ല. ഈ രാജ്യങ്ങളിലൊക്കെ ജനങ്ങളുടെ അധ്വാനവും പണവും ചിലവഴിച്ച് ദൈവങ്ങള്‍ക്കായി പ്രൗഢിയുള്ള അമ്പലങ്ങളും, രാജാക്കന്മാര്‍ക്കായി ആഡംബര കൊട്ടാരങ്ങളും, ശവകുടീരങ്ങളും നിര്‍മ്മിച്ചപ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് മണ്ണുകൊണ്ടുള്ള വീടുകള്‍ മാത്രം. പക്ഷേ സിന്ധൂനദീതട സംസ്‌കാരത്തിന്റെ ചിത്രം വ്യത്യസ്തമാണ്.’ എന്നാണ് വ്യക്തിഗതശുചീകരണത്തിനും പൊതുജനാരോഗ്യത്തിനും മുന്‍ഗണന നല്‍കിയിരുന്ന ഹാരപ്പന്‍ നാഗരികതയെപ്പറ്റി ജവഹര്‍ലാല്‍ നെഹ്രു ഇന്ത്യയെ കണ്ടെത്തലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

  • വേദകാലത്തില്‍ തുടങ്ങുന്ന തോട്ടിപണിയുടെ ചരിത്രം

ദുര്‍ഗന്ധം വമിക്കുന്ന ഇന്‍ഡ്യ (India Stinking) എന്ന പഠനത്തില്‍ ഗീതാ രാമസ്വാമി ഇന്‍ഡ്യയിലേയും പ്രത്യേകിച്ച് ആന്ധ്രാപ്രദേശിലേയും തോട്ടിപ്പണിക്കാരുടെ ചരിത്രം വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്. പുരാതന മതഗ്രന്ഥമായ നാരദസംഹിതയിലാണ് തോട്ടിപ്പണിക്കാരുടെ ചരിത്രം തുടങ്ങുന്നത്. അടിമകള്‍ക്കു കല്പിച്ച പതിനഞ്ച് ചുമതലകളില്‍ ഒന്ന് തോട്ടിപ്പണിയായിരുന്നു. വജസനേയി സംഹിതയിലും ചണ്ഡാളരെ അടിമകളായും മലംവൃത്തിയാക്കേ ണ്ടവരായും കരുതിയിരുന്നു. അയിത്തവും തീണ്ടലും ആചരിക്കുന്ന യാഥാസ്ഥിതിക ഹിന്ദുക്കള്‍ വീടിനുള്ളിലെ കക്കൂസുകള്‍ അശുദ്ധമായി കരുതിയിരുന്നതുകൊണ്ട് അതു വൃത്തിയാക്കാന്‍ അയിത്തജാതിക്കാരായ ദലിതരെയാണ് ഉപയോഗിച്ചിരുന്നത്.

മുഗള്‍ ഭരണകാലത്ത് കൊട്ടാരങ്ങളില്‍ കുളിമുറികളില്‍ നിന്നും ചെറിയ ബഹിര്‍ഗമനക്കുഴലുകള്‍ കക്കൂസുകളായി ഉപയോഗിച്ചിരുന്നതായി കാണാം. ഭൂഗുരുത്വാകര്‍ഷണത്താല്‍ വെള്ളത്തിനൊപ്പം വിസര്‍ജ്യങ്ങള്‍ പുറമേയ്ക്ക് പോയിരുന്നു. ഈ ടെക്‌നിക് ഡല്‍ഹിയിലെ റെഡ്‌ഫോര്‍ട്ട്, രാജസ്ഥാന്‍ കൊട്ടാരം, ഹര്‍ണ്ണാടകയിലെ ഹംപി, തിരുവനന്തപുരം കൊട്ടാരം എന്നിവിടങ്ങളില്‍ കാണാം. എന്നാല്‍, തുല്യതയും ജാതീയമായും മതപരമായും വിവേചനം പാടില്ലെന്നും നിയമവാഴ്ചകളിലൂടെ പ്രഖ്യാപിച്ച ബ്രിട്ടീഷ് ഭരണകാലത്തും തോട്ടിപ്പണി നിര്‍ബാധം തുടര്‍ന്നു എന്നതാണ് വിചിത്രം.

ഇവരുടെ കാലത്തെ നഗരവല്‍ക്കരണവും വാണിജ്യ വല്‍കരണവും സാമൂഹ്യവിപ്ലവം സൃഷ്ടിച്ചെങ്കിലും കൈത്തൊഴിലുകള്‍ നഷ്ടപ്പെട്ട ഒരു വിഭാഗം ദലിതര്‍ക്ക് ആന്ധ്രാപ്രദേശില്‍ തോട്ടിപ്പണിയില്‍ വ്യാപൃതരാകേണ്ടിവന്നു. മാത്രമല്ല 1930 കളില്‍ ഹൈദ്രബാദിലെ നിസ്സാം ചെയ്തതുപോലെ ഭൂഗര്‍ഭനിര്‍ഗ്ഗമനസംവിധാനം ഉണ്ടാക്കുവാന്‍ ഉന്നത ജാതിക്കാര്‍ ശ്രമിച്ചിട്ടില്ല. ഈ കാലയളവിലാണ് കൃഷിപ്പണിചെയ്തിരുന്ന ദലിതര്‍ കൂടുതലായും തോട്ടിപ്പണിക്കാരാകുന്നത്.

ബ്രിട്ടീഷുകാര്‍ ‘സ്‌ക്കാവഞ്ചേഴ്‌സ്’ എന്ന പേരില്‍ പട്ടാളം, റെയില്‍വേ, മുനിസിപ്പാലിറ്റി, വലിയ നഗരങ്ങള്‍ എന്നിങ്ങനെ തോട്ടിപ്പണിക്കും ശുചീകരണത്തിനും പ്രത്യേക തസ്തികയും അംഗീകാരവും നല്കുകയാണുണ്ടായത്. അങ്ങനെ സ്വന്തമായി ഭൂവുടമാവകാശം അനുവദിക്കപ്പെടാതിരുന്ന, നഗരവല്‍ക്കരണത്തിന്റെ ഭാഗമായി തൂപ്പുകാരും തോട്ടിപ്പണിക്കാരുമായി മാറിയ ഈ ദലിത് വിഭാഗങ്ങള്‍ ബ്രിട്ടീഷ്ഭരണകാലത്ത് മദ്രാസ് പ്രവിശ്യയുടെ ഭാഗമായ ആന്ധ്രാപ്രദേശത്ത് നിന്നുമാണ് രാജ്യത്തിന്റെ വിവിധപ്രദേശങ്ങളിലേക്ക് കുടിയേറിയത്. എന്നാല്‍ ഇന്ത്യാവിഭജനത്തിനുശേഷം പാകിസ്ഥാനില്‍ അകപ്പെട്ട തോട്ടിപ്പണിചെയ്യുന്ന അയിത്തജാതിക്കാരെ ഇന്ത്യയിലേക്ക് മടങ്ങുവാന്‍ അനുവദിച്ചില്ല. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി മടങ്ങിവരാന്‍ പാതയൊരുക്കിയെങ്കിലും തോട്ടിപ്പണിക്കാര്‍ക്ക് ആ പരിഗണനയും കിട്ടിയില്ല എന്നതാണ് വേദനാജനകമായ ചരിത്രസത്യം.

സ്വാതന്ത്ര്യാനന്തരഭാരതം ശാസ്ത്രത്തിലും ടെക്‌നോളജിയിലും അഭൂതപൂര്‍വ്വമായ പുരോഗതി കൈവരിച്ചെങ്കിലും പാര്‍ശ്വവല്‍കൃതരായ ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സുരക്ഷിതവും കാര്യക്ഷമവും ശാസ്ത്രീയവുമായ മലവിസര്‍ജ്ജന നിര്‍മ്മാര്‍ജ്ജനവും അതിലൂടെ ആരോഗ്യകരമായ ജീവതവും പ്രദാനം ചെയ്യാന്‍ കഴിയാത്തത് ഭരണകൂടത്തിന്റെ പരാജയമാണെന്നും ഗീതാരാമസ്വാമി ‘ദുര്‍ഗന്ധം വമിക്കുന്ന ഇന്ത്യ’ എന്ന തന്റെ പഠനത്തിലൂടെ തുറന്നുകാട്ടുന്നുണ്ട്. 1983-ലെ നാഷണല്‍ സാമ്പിള്‍സര്‍വ്വേ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഉയര്‍ന്ന വരുമാനം ഉള്ള 50% ജനങ്ങള്‍ക്കുമാത്രമാണ് ഫ്‌ളഷ്‌ചെയ്യുവാന്‍ കഴിയുന്ന സീവേജ് സിസ്റ്റവുമായി ബന്ധപ്പെടുത്തിയുള്ള കക്കൂസുകള്‍ ഉള്ളത്. അതിനുവിരുദ്ധമായി, ശൗച്യാലയ സംവിധാനസൗകര്യം ഉള്ള 40% ദരിദ്രരില്‍ ഭൂരിഭാഗവും പൊതു കക്കൂസുകള്‍ പങ്കിടുന്നവരാണ്. മേല്‍കണക്കുകള്‍ ഉദ്ധരിച്ച് ഗീതാരാമസ്വാമിയെപ്പോലുള്ളവര്‍ സമര്‍ത്ഥിക്കുന്നത് ഫണ്ടിന്റെ അഭാവമല്ല മറിച്ച് വ്യവസ്ഥിതിയുടെ പരാജയമാണ് ദലിതരെ മലം ചുമക്കുന്നവരാക്കുന്നത്. ആധുനിക ഉപകരണങ്ങളും കാലത്തിനനുരൂപമല്ലാത്ത യന്ത്രങ്ങളും പൊതു നന്മയ്‌ക്കെന്നപേരില്‍ വാങ്ങുമ്പോള്‍ തോട്ടിപ്പണിക്കാര്‍ തകരഷീറ്റുകൊണ്ട് മലം കോരി ബക്കറ്റിലിട്ട് തലയില്‍ ചുമന്ന് ഇന്നും നടക്കേണ്ടിവരുന്നു. ഓരോ വീടുകളിലേയും മനുഷ്യ വിസര്‍ജ്ജനത്തില്‍ നിന്നും പകരുന്ന ഡയേറിയ പോലെയുള്ള രോഗങ്ങളും ശ്വാസകോശസംബന്ധമായ അസുഖങ്ങളും അതിനൊപ്പം പോഷണക്കുറവും ആണ് വികസര രാജ്യങ്ങളിലെ കുട്ടികളുടെ മരണനിരക്കുയരാനുള്ള പ്രധാകാരണം.
ഒരു വിഭാഗം മനുഷ്യര്‍മാത്രം മറ്റുമനുഷ്യരുടെ മലം കോരുന്നതും ‘മഹത്തായ ഭാരതീയ സംസ്‌കാരത്തിന്റെ’ ഭാഗമാണ്. രാജ്യം സ്വച്ഛ്ഭാരത് അഭിയാന്‍ പ്രഖ്യാപിക്കുമ്പോള്‍ നൂറ്റാണ്ടുകളായി ഇവിടം ശുചിയാക്കിക്കൊണ്ടിരിക്കുന്ന ഈ ജനത അദൃശ്യരാക്കപ്പെടുകയും എന്നാല്‍ ദേശീയതയും ജാതീയതയും പേറിക്കൊണ്ട് മലംചുമന്ന് ജീവിക്കേണ്ടിവരുന്നു.
അവഹേളനത്തിന്റെ കേരള ചരിത്രം

  • 1921 ല്‍ കൊല്ലം മുനിസിപ്പാലിറ്റിയാവുന്ന കാലം മുതല്‍ ആരും

മലമൂത്രവിസര്‍ജ്ജനം നീക്കം ചെയ്യുന്നതിന് തയാറാകാത്തസാഹചര്യത്തില്‍ തിരു കൊച്ചി തിരുവിതാംകൂര്‍ ഭാഗമായിരുന്ന നാഗര്‍ കോവില്‍, ചെങ്കോട്ട ഭാഗങ്ങളില്‍ നിന്നുമാണ് ചക്കിലിയന്മാരെ തോട്ടിപ്പണിയ്ക്കായി കൊണ്ടുവന്നത്. 1956 ല്‍ കേരള സംസ്ഥാനരൂപീകരണത്തിന്റെ ഭാഗമായുള്ള സ്റ്റേറ്റ് പുനഃസംഘടനയനുസരിച്ച് തിരുവിതാംകൂറിന്റെ ഭാഗമായ ചെങ്കോട്ട, നാഗര്‍കോവില്‍, വല്ലം, ആയിക്കുടി, സാമ്പവര്‍ വടകര, കുറ്റാലം, പുളിയറ, ഭഗവതിപുരം പ്രദേശങ്ങള്‍ തമിഴ്‌നാടിന് വിട്ടുകൊടുത്തു. അപ്പോഴും ചക്കിലിയന്മാര്‍ കൊല്ലം ജില്ലയുടെ പുറമ്പോക്കുകളിലും, നഗരപ്രാന്തങ്ങളിലുമായി മുനിസിപ്പാലിറ്റിയിലും തോട്ടിപ്പണി തുടര്‍ന്നു. അവരുടെ ഭാഷയില്‍ തന്നെ അവര്‍ ചെയ്തിരുന്ന ജോലിഎന്നത് ‘നഗരം ഉണരുന്നതിനുമുമ്പ് ഓരോ തോട്ടിയും ദിവസം 150-200 വീടുകളിലെ കക്കൂസുകളില്‍ നിന്നും പച്ച മലമൂത്ര വിസര്‍ജ്ജനം തവികൊണ്ട് കോരി പാട്ടയിലാക്കി തലചുമടായി ചുമന്ന് കൊണ്ടുപോയി നിശ്ചിത സ്ഥലത്ത് കുഴിമാന്തിയെടുത്ത് മൂടിയിരുന്നു. പുരുഷന്മാരെ കൂടാതെ സ്ത്രീകളും കുട്ടികളും തോട്ടിപ്പണി ചെയ്തിരുന്നു. ദിവസവും നീക്കം ചെയ്യേണ്ടതിനാല്‍ ഓണം, ദീപാവലി, ക്രിസ്തുമസ് എന്നോ, ഞായറാഴ്ച പോലുമോ അവധികൊടുക്കാതെ കോരിചൊരിയുന്ന മഴക്കാലത്തും തലയിലൂടെ ഈ വെള്ളം ശരീരമാസകലം ഒഴുക്കിയും ജോലി ചെയ്തിരുന്നു. ഈ തൊഴിലുകാരണം മാരകമായ സാംക്രമിക രോഗങ്ങളുടെ ഉറവിടമായ കാരണത്താല്‍ ഞങ്ങളെ ഒതുക്കപ്പെട്ട രീതിയില്‍ അവഗണനയോടെ മാറ്റിതാമസിപ്പിച്ചിരുന്നു.’
ഇപ്പോള്‍ ഈ പ്രദേശവും നഗരകേന്ദ്രമായപ്പോള്‍ വീണ്ടും മാറ്റിതാമസിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

ഇവരുടെ മൂന്നാമത്തേയും നാലാമത്തേയും തലമുറയും സ്‌കാവഞ്ചേഴ്‌സ് എന്നപേരില്‍ ഈ തൊഴില്‍തന്നെയാണ് ചെയ്തുവരുന്നത്.

ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ ജീവിതം പശ്ചാത്തലമാക്കി തകഴി രചിച്ച നോവല്‍ തോട്ടിപ്പണിക്കാരന്റെ സാന്നിദ്ധ്യവും ജീവിതവും വെളിപ്പെടുത്തുന്നു.
എറണാകുളം ജില്ലയില്‍ സ്ത്രീകള്‍ നടത്തിയ ആദ്യതൊഴില്‍ അവകാശ സമരം തോട്ടിപ്പണിയും തൂപ്പുജോലിയും ചെയ്തിരുന്ന സ്ത്രീകളുടേതാണ്. എം.എം. ലോറന്‍സ് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അക്കാലത്തെ കുറെ ചെറുപ്പക്കാര്‍ ഇവരെ സംഘടിപ്പിച്ചാണ് പ്രസ്തുത പ്രകടനം നടത്തിയത് എന്നും മനുഷ്യജന്യമാലിന്യങ്ങള്‍ മാത്രമല്ല വഴിയില്‍ ചത്തുചീഞ്ഞ അവസ്ഥയിലുള്ള മൃഗശരീരങ്ങളുള്‍പ്പെടെയുള്ളവ മാറ്റിയിടേണ്ട ചുമതലയുള്ള ഇവരോട് ഇവ ചെയ്യാന്‍ ഇടവരാതെ രക്ഷപെട്ട ജനങ്ങളുടെ പെരുമാറ്റം അതീവ നിന്ദ്യവുമായിരുന്നുഎന്നും കൊച്ചിന്‍ കോര്‍പറേഷന്‍ പ്രസിദ്ധീകരിച്ച സ്മരണിക 2000 ത്തില്‍ തോട്ടിതൊഴിലാളികളുടെ ആദ്യ പ്രകടനം എന്ന ലേഖനത്തിലൂടെ ടി.കെ. ചടയന്‍മുറി വ്യക്തമാക്കുന്നുണ്ട്. മലയാളത്തില്‍ തമിഴ്ശീലുകള്‍ കൂട്ടികലര്‍ത്തി സംസാരിക്കുന്ന തുച്ഛവരുമാനക്കാരായ ഇവര്‍ക്ക് നിരക്ഷരതയും രോഗപീഢകളും മാത്രമായിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്.

19-ാം നൂറ്റാണ്ടുമുതല്‍തന്നെ മലബാര്‍പ്രവിശ്യയില്‍, നിലനിന്നിരുന്ന ചക്കിലിയന്‍, തോട്ടി എന്നീ ജാതികളും അവരുടെ തൊഴിലും മദ്രാസ് പ്രസിഡന്‍സിമാന്വലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. Manuel of administration of Madras Presidency in illustration of the Records of Government and Yearly Administration Reports published in 1885 (vol.II Appendix No. XXXII) കേരളം പിറക്കുന്നതിനു മുന്‍പുള്ള പഠനങ്ങളിലും രേഖകളിലുമെല്ലാം ഈ ജനതയുടെ സാന്നിദ്ധ്യം വ്യക്തമാണെന്നിരിക്കെ ഇവരെ കുടിയേറ്റക്കാര്‍ എന്ന് മുദ്രകുത്തുന്നതിനുപിന്നില്‍ വൃത്തിയാക്കലിന്റെ ജാതി രാഷ്ട്രീയബോധം തന്നെയാണ്.

  • ജാതിസര്‍ട്ടിഫിക്കേറ്റ് നിഷേധിക്കുന്ന സര്‍ക്കാര്‍ ഉത്തരവ്

1950 ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിനുമുന്‍പ് അന്യസംസ്ഥാനത്തുനിന്നും സ്ഥിരമായി മറ്റുസംസ്ഥാനത്ത് കുടിയേറിയ ആള്‍ക്കാരെ മാത്രമേ കുടിയേറ്റ സംസ്ഥാനത്ത് പട്ടികജാതിക്കാരായി കണക്കാക്കുവാന്‍ കഴിയുകയുള്ളു. 1950-ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിനുശേഷം തൊഴിലിനായി മറ്റുസംസ്ഥാനങ്ങളില്‍ കുടിയേറിയ ആളുകളെ അവര്‍ പൂര്‍വ്വികമായി ഏതു സംസ്ഥാനത്തെ ആളുകളാണോ അവിടുത്തെ അവരുടെ ജാതി തന്നെയാണ് അവരുടെ പിന്‍തലമുറക്കാരുടെയും ജാതി. അവരെ ആ സംസ്ഥാനത്തെ പട്ടികജാതി /വര്‍ഗ്ഗക്കാരായി മാത്രമേ കണക്കാക്കുവാന്‍ കഴിയൂ എന്നതാണ് G.O.(M.S) 10/86 SC STDD 12/02/86 ലെ ഗവണ്‍മെന്റ് ഓര്‍ഡര്‍ വ്യക്തമാക്കുന്നത്. കൊല്ലം മുനിസിപ്പാലിറ്റി 1921 ലും കേരളസംസ്ഥാനം 1956 ലുമാണ് രൂപീകൃതമാവുന്നത്. ചക്കിലിയന്മാരെ കൊല്ലത്തുകൊണ്ടുവന്നത് 1921 മുതലാണ്. മേല്‍പറഞ്ഞ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിനും സംസ്ഥാന രൂപീകരണത്തിനും എത്രയോവര്‍ഷങ്ങള്‍ക്കും മുന്‍പ്!

കൊല്ലം ജില്ലാകളക്ടര്‍ കമ്മീഷനുകള്‍ക്കു മുന്‍പാകെ നല്‍കിയത് കേരളത്തില്‍ നിലവിലുള്ള പട്ടികജാതിക്കാരുടെ ലിസ്റ്റില്‍ 14-ാം ക്രമനമ്പരായി ചക്കിലിയന്‍ സമുദായത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കപ്പലണ്ടിമുക്ക് നിവാസികളോട് അവര്‍ 1950-ന് മുമ്പ് കുടിയേറിയവരാണെങ്കില്‍ ആയതിനു രേഖയും 1950-ന് ശേഷമാണ് കുടിയേറിയതെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നും അവരുടെ പൂര്‍വ്വികര്‍ക്ക് നല്‍കിയിട്ടുള്ള ജാതി തെളിയിക്കുന്ന രേഖകളോ ഹാജരാക്കണമെന്നും അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ 2013 വരെ ഇത്തരം രേഖകള്‍ ആവശ്യപ്പെടാതെ തന്നെ ഇവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നു. 1986 ല്‍ ഇറക്കിയ ഉത്തരവു നടപ്പിലാക്കുന്നത് 2013 മുതലാണ്. പക്ഷേ, അവധിയോ, ആഘോഷമോ ഒന്നുമില്ലാതെ മൂത്രവും വെള്ളവും കലര്‍ന്ന മിശ്രിതം തവികൊണ്ടുകോരി ബക്കറ്റില്‍ ഒഴിച്ച് തലയില്‍ ചുമന്ന് അതിരാവിലെ നഗരം വൃത്തിയാക്കിയിരുന്ന ഇവരോട് 1950 ന് മുമ്പുള്ള മുന്‍ഗാമികളുടെ പേരുവിവരങ്ങളുടെ രേഖകള്‍ ആവശ്യപ്പെടുന്നതിലെ യുക്തിരാഹിത്യം അര്‍ഹരല്ലാത്തവര്‍ക്ക് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ ഈ ഉദ്യോഗസ്ഥര്‍ ഒരു വിമുഖതയും കാണിക്കാറില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

കോഴിക്കോടു ജില്ലയില്‍ 200-ല്‍ അധികം കുട്ടികള്‍ എസ്.എസ്.എല്‍.സി. വിദ്യാഭ്യാസം കഴിഞ്ഞ് ജാതിസര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ മറ്റ് ആനുകൂല്യങ്ങളോ തുടര്‍വിദ്യാഭ്യാസ സഹായങ്ങളോ ലഭിക്കാതെ തുടര്‍ന്ന് വിദ്യാഭ്യാസം നടത്തുവാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട്.

കേരള പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന ഗവേഷണ പരിശീലന പഠനകേന്ദ്രം (KIRTADS) ചക്കിലിയന്മാരും, അരുന്ധതിയാര്‍ സമുദായവും ഒന്നാണ് എന്ന് സമര്‍ത്ഥിക്കുന്നുണ്ട്. അതൊന്നും തന്നെ ജാതിസര്‍ട്ടിഫിക്കറ്റ് ഇവര്‍ക്കു ലഭിക്കാന്‍ മതിയായ രേഖയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണക്കിലെടുക്കുന്നില്ല.
20 വര്‍ഷത്തിനുശേഷം രേഖകള്‍ നശിച്ചു എന്നു പറയുന്ന കൊല്ലം നഗരസഭയുടെ അനാസ്ഥ നശിപ്പിച്ചത് ഒരു ജനതയുടെ ചരിത്രമാണ്. സ്വന്തമായി കെട്ടിടവും രേഖകള്‍ സൂക്ഷിക്കുവാന്‍ സൗകര്യവും ഉള്ള ഒരു മുനിസിപ്പാലിറ്റി 1921 മുതല്‍ 1982 വരെ തോട്ടിപ്പണി ചെയ്തിരുന്നവരുടെ മുന്‍ഗാമികളെക്കുറിച്ചുള്ള രേഖകള്‍ കാലഹരണപ്പെട്ടു എന്നു പറയുമ്പോള്‍ വൃത്തിഹീനമായ തൊഴിലെടുപ്പിച്ചതിനുശേഷം അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നല്‍കാതെ കൈയ്യൊഴിയുന്നത് ചരിത്രപരമായ നിഷേധവും ക്രൂരതയുമാണ്. ഇവര്‍ക്കെല്ലാംതന്നെ റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവ ഉണ്ടെന്നുമാത്രമല്ല വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുമുണ്ട്. 2012-ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ അനുവദിക്കുന്ന ‘ഭൂരഹിത ഭവനരഹിത പുനരധിവാസ വീട് നിര്‍മ്മിക്കുന്ന ധനസഹായ പദ്ധതി’യിലും ഇവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അടുത്ത തലമുറ വിദ്യകൊണ്ടു പ്രബുദ്ധരാകുവാന്‍ വേണ്ട ജാതിസര്‍ട്ടിഫിക്കറ്റുമാത്രം നല്‍കില്ല എന്നതാണ് ഭരണകൂട നിലപാട്. ഇതേ സാഹചര്യത്തില്‍ തന്നെ, തിരുകൊച്ചി സ്റ്റേറ്റിന്റെ ഭാഗമായിരുന്ന സാമ്പവര്‍ വടകര വില്ലേജില്‍ നിന്നും കോട്ടയം ജില്ലയിലേക്ക് കൊണ്ടുവന്ന ചക്ലിയര്‍ സമുദായക്കാര്‍ കേരളത്തിലെ സ്ഥിര താമസക്കാരാണെന്നും അവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നുമുണ്ട്.

പ്രാചീന സംസ്‌കാരത്തില്‍ നിന്നും പുരോഗമന-നാഗരിക സംസ്‌കാരത്തിന്റെ തലപ്പത്തു നില്‍ക്കുമ്പോള്‍ ഭരണകൂടം പൊതുജനക്ഷേമത്തിന് നല്‍കുന്ന പ്രാതിനിധ്യത്തിനു വൈരുദ്ധ്യം കാണാവുന്നതാണ്. പൊതുജനാരോഗ്യവും മെച്ചപ്പെട്ട ശുചിത്വമാര്‍ഗ്ഗങ്ങളും അവരുടെ മുന്‍ഗണനാപട്ടികയില്‍ നിന്നും മാറി. മലമൂത്രാദികളും, വിസര്‍ജ്ജനവും മനുഷ്യനോ, മൃഗങ്ങള്‍ക്കോ തൊടാനാവാത്ത വിധം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുതകുന്ന സെപ്റ്റിക് ടാങ്ക്, ഓവുചാലുകള്‍, ധാരാനിപാതമുള്ള കക്കൂസുകള്‍, കാറ്റും വെളിച്ചവുമുള്ള ആധുനിക കുഴിക്കക്കൂസുകള്‍ എന്നിവയും ഉണ്ടാകുമ്പോഴാണ് പര്യാപ്തമായ മെച്ചപ്പെട്ട ശുചിത്വമാര്‍ഗ്ഗമായി കണക്കാക്കുന്നത്. എന്ന് ഗീതരാമസ്വാമി എഴുതുന്നു.

പക്ഷേ ജാതീയത അടിസ്ഥാനമാക്കിഇന്നും തുടരുന്ന ഇന്‍ഡ്യന്‍ തൊഴില്‍ സംസ്‌കാരത്തിന് ദലിതരുടെ തൊഴിലും തൊഴിലിടവും എത്രമാത്രം മലിനമാണ് എന്നത് രാഷ്ട്രീയ സാമൂഹിക പരിഗണനകള്‍ക്ക് വിഷയമല്ല.

‘ഇന്ത്യന്‍ ജാതിവ്യവസ്ഥ തൊഴില്‍ വിഭജനം മാത്രമല്ല തൊഴിലാളികളുടെ വിഭജനം കൂടിയാണ്. എന്നാല്‍ തൊഴില്‍ വിഭജനത്തോടൊപ്പം തൊഴിലാളികളേയും വെള്ളം കേറാഅറകളില്‍ വിഭജിക്കപ്പെടുന്ന ഈ അസ്വാഭാവിക വേര്‍തിരിക്കലുകള്‍ ഒരു പരിഷ്‌കൃത സമൂഹത്തിലും കാണുകയില്ല.-തൊഴില്‍ വിഭജനം സ്വയം രൂപപ്പെട്ടതല്ല. അത് സ്വാഭാവിക അഭിരുചിയില്‍ അടിസ്ഥാനപ്പെട്ടതുമല്ല.-പകരം മാതാപിതാക്കളുടെ സാമൂഹിക പദവിയുടെ അടിസ്ഥാനത്തിലാണ് സാമൂഹിക കാര്യശേഷിയെ പരിഗണിക്കുമ്പോള്‍, വ്യവസായിക വ്യവസ്ഥയുടെ ഏറ്റവും വലിയ തിന്മ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദാരിദ്ര്യവും ദുരിതവുമല്ല, തൊഴിലെടുക്കുന്നവര്‍ക്ക് അവരുടെ തൊഴില്‍ ആകര്‍ഷകമാകുന്നില്ലെന്നത് നമ്മള്‍ തിരിച്ചറിയാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അത്തരം കാരണങ്ങള്‍ തൊഴിലുകളില്‍ നിന്ന് വിട്ടുപോകാനും നിരന്തരമായ ആഗ്രഹം ഉണ്ടാകും.’ എന്ന് ഭരണഘടനാ ശില്പിയായ ഡോ. ബാബാസാഹേബ് അംബേദ്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

2013-ലെ തോട്ടിപ്പണി എന്ന തൊഴില്‍ നിരോധനവും അവരുടെ പുനഃരധിവാസനിയമവും, 2015-ല്‍ ഭേദഗതി ചെയ്ത പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലും മനുഷ്യവിസര്‍ജ്ജനം മറ്റൊരു മനുഷ്യനെക്കൊണ്ട് ചെയ്യിക്കുന്നത് കുറ്റകരമാണെന്ന് അനുശാസിക്കുന്നുണ്ട്. എന്നാല്‍ നൈയാമിക പരിരക്ഷകള്‍ക്കപ്പുറം നിരോധിത ജോലി ചെയ്യുന്ന ജനങ്ങളുടെ എണ്ണം കേരളത്തില്‍ 13,687 കുടുംബങ്ങളാണ്. സാമൂഹികമായി നിര്‍ത്തലാക്കാന്‍ കഴിയാത്ത ജാതീയ അടിസ്ഥാനത്തില്‍ ഇന്നും തുടര്‍ന്നുവരുന്ന ഈ തൊഴിലില്‍ നിന്ന് മറ്റൊരു സാമൂഹിക-സാമ്പത്തിക തലത്തിലേക്ക് എത്തിച്ചേരാന്‍ ഈ വിഭാഗങ്ങളെ തടയേണ്ടത് സാമൂഹ്യാവശ്യമായി മാറിയിരിക്കുന്നു. നിയമം മാത്രം ഉണ്ടായാല്‍ പോര ഇവര്‍ക്കു വേണ്ടത് നീതിയാണ്. വാതോരാതെ പറയുന്ന മനുഷ്യാവകാശങ്ങളും അല്ല. ആ നീതിക്കായി വേണ്ടതാകട്ടെ കേവലം ജാതി സര്‍ട്ടിഫിക്കറ്റ് മാത്രവും.

കുഷ്ഠരോഗം, ക്യാന്‍സര്‍, ഡയേറിയ, കോളറ, ക്ഷയം, മലമ്പനി, മഞ്ഞപ്പിത്തം, പലവിധ ത്വക്ക്‌രോഗങ്ങളും സാംക്രമിക രോഗങ്ങളും വന്ന് മരിച്ചവരുടെ ചരിത്രമാണ് ഇവര്‍ക്കുള്ളത്. പൊതു സമൂഹം ഈവിധം ഒരു ചരിത്രം അവര്‍ക്കായി നീക്കിവെച്ചിരിക്കുന്നു. ഒരു താലൂക്കില്‍ നിന്ന് മറ്റൊരു താലൂക്കിലേക്ക് നടന്നുവന്ന ഇവരെ കുടിയേറ്റക്കാരായി മുദ്രകുത്തി പൂര്‍വ്വികരുടെ കുഴിമാന്തി രേഖകള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുമ്പോള്‍ ഒപ്പം വരുന്നത് നമ്മുടെ പൂര്‍വ്വികരുടെ മലത്തിന്റെ അവശിഷ്ടങ്ങള്‍കൂടിയാണ്. അതിന്റെ ദുര്‍ഗന്ധം അസഹനീയമായിരിക്കും. തോട്ടികളെപ്പറ്റി എഴുതിയ തകഴിക്ക് ജ്ഞാനപീഠം അവാര്‍ഡും അവരുടെ ജീവിതം പ്രതിപാദിക്കുന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡും കിട്ടിയതിനൊടൊപ്പം ഈ സമൂഹത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കുക.

കെ.കെ. പ്രീത, ഹൈക്കോടതി അഭിഭാഷകയും കഴിഞ്ഞ പത്തുവര്‍ഷമായി ഈ വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്നയാളുമാണ് ലേഖിക. മഗ്‌സാസെ അവാര്‍ഡുജേതാവായ ബെസ്‌വാഡ വില്‍സണെ ആദ്യമായി കേരളത്തില്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ കൊണ്ടുവന്നതും ലേഖികയാണ്. ഇപ്പോള്‍ ഈ വിഭാഗക്കാര്‍ ബസവാഡ വില്‍സണൊപ്പം സഫായികര്‍മ്മചാരി ആന്ദോളന്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു. തോട്ടിപ്പണി എന്ന് ഉപയോഗിക്കേണ്ടിവന്നത് ഈ തൊഴിലിന്റെ വൃത്തിഹീനത അനുഭവപ്പെടാന്‍ വേണ്ടിയാണ്. പകരം വാക്കുകള്‍ പരിഷ്‌കൃത സമൂഹത്തിന് അനുയോജ്യമായി ഉപയോഗിക്കുമ്പോള്‍ അറിയാതെ പോകുന്നത് ഒരു ജനതയോട് കാട്ടിയ അനീതിയാണ്.

References:
1) Exposing an abhorrent practice by S. Viswanathan
2) Manual Scavenging The most indecent form of work- United Nations commission on Human Rights.
3) Human Rights watch-Broken people
4) Gita Ramaswamy-India Stinking
5) Manual Scavenging: Must be eradicated right away by Ram puniyani
6) സ്മരണിക 2000 (കൊച്ചിന്‍ കോര്‍പറേഷന്‍) തോട്ടിതൊഴിലാളികളുടെ ആദ്യ പ്രകടനം. ലേഖനം ടി.കെ. ചടയന്‍മുറി
7) Manual of Administration of the Madras Presidency in Illustration of the Records of Government and the yearly Administration Reports published in 1885 (Vol.II, Appendix No. XXXII)

Top