ടി കെ ഹംസക്ക് ജാതിയുണ്ട് – യെച്ചൂരിക്ക് വർഗബോധം മാത്രമേയുള്ളൂ : എസ് എഫ് ഐയുടെ ജാതി ബോധം 

ജെ എൻ യു വിലും എച് സി യു വിലും ജാതിഹിന്ദു അടിത്തറയുള്ള  ഇടത് രാഷ്ട്രീയ ഡോഗ്മകൾക്കപ്പുറമുള്ള കീഴാള രാഷ്ട്രീയത്തിൽ ഇടപെടാൻ മുസ്ലീം വിദ്യാർഥി രാഷ്ട്രീയത്തിന് സാധ്യമാകുന്നതും നിതീഷ് നാരാണയണന്റെ പാർട്ടിക്ക് ആ സംവാദങ്ങളിൽ ഇടപെടേണ്ടി വരുന്നതും. തീർച്ചയായും പുറത്തേക്കുള്ള ചോദ്യങ്ങൾ മാത്രമല്ല അകത്തേക്കും സ്വന്തത്തിലേക്കുമുള്ള ചോദ്യങ്ങളായാണ് ഇസ്‌ലാമിക  രാഷ്ട്രീയത്തിന്റെ വികാസം. അഭാവത്തെ കുറിച്ച് മാത്രമല്ല അധികത്തെ കുറിച്ച് കൂടി സംസാരിക്കാനാവുന്നതാണ് ഇസ്‌ലാമിക  രാഷ്ട്രീയത്തിന്റെ ധാർമിക ബലം. അതിനോട് സംവദിക്കാൻ ഈ ഭൂത പ്രേത കഥകൾ മതിയാകുമോ എന്ന് ആലോചിക്കുന്നിടത്ത് ഒരു പക്ഷെ നിതീഷിന്റെ പാർട്ടിക്ക് ഒരു സംവാദ മണ്ഡലം തുറക്കാനായേക്കാം.

കഴിഞ്ഞ ജൂലൈ പതിനാറിന് ദേശാഭിമാനിയിൽ  സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒരു പ്രസ്താവനയുണ്ട്. അദേഹത്തിന്റെ പ്രസ്താവന ദേശാഭിമാനി ഇങ്ങിനെ റിപ്പോർട്ട് ചെയ്യുന്നു : ‘ വനിതാസംവരണ ബിൽ പാസാക്കാതെ കേന്ദ്ര സർക്കാർ സ്ത്രീകളെയും പൊതുസമൂഹത്തെയും കബളിപ്പിക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മൂന്നുവർഷമായി ബില്ലിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ്. ബിൽ പാസാക്കുന്നതിന്  രാജ്യസഭയിൽ ഭൂരിപക്ഷമില്ലെന്ന കാരണമാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ, ബിൽ മുമ്പ് രാജ്യസഭയിൽ പാസായതാണ്. ഇപ്പോഴും രാജ്യസഭയിൽ ബില്ലിന് അനുകൂല നിലപാടാണുള്ളത്. ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് യെച്ചൂരി പറഞ്ഞു. വനിതാസംവരണ ബിൽ പാർലമെന്റ് പാസാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജന്തർമന്ദറിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം’.ജാതി/ലിംഗം/മതം തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് ഒരു ജാതി ഹിന്ദുവിന് മാത്രം ചിന്തിക്കാൻ കഴിയുന്ന നിലപാടാണ് അദേഹം പറയുന്നത്.

ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സ്ത്രീ സംവരണം കേവല അർത്ഥത്തിൽ നടപ്പിലാക്കിയാൽ അത് ബൃന്ദ കാരാട്ട്, സുഷമ സ്വരാജ്, മമത ബാനർജി അടക്കമുള്ള സവർണ സ്ത്രീ നേതാക്കളെ  മാത്രമേ സഹായിക്കൂ. അതുകൊണ്ടാണ് ഇന്നത്തെ നിലയിലുള്ള കേവല  സ്ത്രീ സംവരണത്തെ രാജ്യത്തെ ദലിത് ബഹുജന ന്യൂനപക്ഷ സ്ത്രീ  പ്രസ്ഥാനങ്ങൾ എതിർക്കുന്നത്. സ്ത്രീ എന്ന ജനറൽ കാറ്റഗറി സവർണ സ്ത്രീകളുടെ അധികാരത്തിന്റെ ആധിക്യത്തെ സഹായിക്കും എന്നതുകൊണ്ടാണ് സുഷമ സ്വരാജും ബൃന്ദ കാരാട്ടും പരസ്പരം കൈകോർത്തു പിടിച്ചുനിന്നു പ്രക്ഷോഭം നയിച്ചത് എന്നാണ് ദലിത് ഫെമിനിസ്റ്റ് ചിന്തകയായ അനു രാംദാസ് നിരീക്ഷിക്കുന്നത്.

ഇങ്ങിനെയുള്ള നിലപാടുകൾ  സി പി എമ്മിന്റെ സവർണ നേതൃത്വം എത്തിപെട്ട ആശയക്കുഴപ്പത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇന്ത്യൻ സമൂഹത്തിൽ ജാതി/ സാമുദായിക അധികാരത്തിന്റെ പ്രത്യേകതകൾ കാണാൻ കഴിയാതെ ഉഴലുന്ന സി പി എം രണ്ടു രീതിയിലാണ് അതിനെ നേരിടുന്നത്.

ഒന്നുകിൽ ജാതിയെ പൂർണമായും നിഷേധിക്കുക. കേരളത്തിലെ ദലിത് ആദിവാസി ഭൂസമരത്തിന്റെ സാഹചര്യത്തിൽ ഭൂമിയുടെ ജാതിയെക്കുറിച്ച് സംസാരിക്കാൻ വിസമ്മതിച്ചു പുസ്തകം എഴുതിയ തോമസ് ഐസക്കിന്റെ നിലപാട് ഇതിനുദാഹരണമാണ്. രണ്ടാമത്തെ രീതി,  ജാതി എന്നത് പൂർവാധുനിക രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റിക്കൊണ്ട്,  തങ്ങൾ നേരത്തെ  മത/ജാതി വർഗീയ  സംഘടനകൾ എന്ന ലേബൽ ഒട്ടിച്ച കീഴാളസാമൂഹ്യ പ്രസ്ഥാനങ്ങളുടെ മേലെ പ്രതിഷ്ടിക്കുക. ജാതിയെക്കുറിച്ച്നിശബ്ദത പാലിച്ചുപോകാൻ കഴിയാത്ത വിധം പുതുരാഷ്ട്രീയ മുന്നേറ്റങ്ങൾ ഉണ്ടാവുമ്പോഴാണ് ഈ നിലപാട് ഒരു വിഭാഗം സി പി എമ്മുകാർ വികസിപ്പിക്കുന്നത്.

  • മനുവാദം : ആത്മീയ പ്രശ്‌നമോ പ്രാദേശിക പ്രശ്‌നമോ?

രണ്ടു തന്ത്രങ്ങൾ സി പി എം ജാതിയെ കാണുമ്പോൾ പ്രയോഗിക്കാറുണ്ട്. സ്ത്രീ സംവരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ യെച്ചൂരി സ്ത്രീ സംവരണത്തെ എതിർക്കുന്നവർ മനുവാദി രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന് ആക്ഷേപിക്കുന്നുണ്ട്. അപ്പോൾ മനുവാദം എന്നതിനെ ചുരുക്കിക്കാണാനും അത് മറ്റെവിടെയോ കിടക്കുന്ന പ്രതിഭാസമായി കാണാനും അദേഹത്തിന് കഴിയുന്നു. മാത്രമല്ല മനുവാദം ബ്രാഹമണിക് ഹിന്ദുയിസത്തിന്റെ പ്രത്യേകതയല്ലെന്ന് വരുത്താനും അത് ഇന്ത്യ എന്ന പ്രദേശത്തിന്റെ പൊതുപ്രത്യേകതയായി മാറ്റാനും അദേഹത്തിന് കഴിയുന്നു. ജാതിയെ മനുവാദത്തിന്റെ ആത്മീയ/രാഷ്ട്രീയ പ്രശ്‌നത്തിൽ നിന്ന് മാറ്റി കേവല പ്രാദേശിക ചരിത്രപ്രശ്‌നമാക്കി മാറ്റുന്ന രീതിയാണ് ഇത്. ഇങ്ങിനെ ജാതിയെ നിരപേക്ഷമായി കാണുമ്പോൾ ജാതി സവർണരുടെ പ്രശനം മാത്രം അല്ലാതെയാവുകയും ഇന്ത്യയിലെ അബ്രാഹ്മണ സ്വഭാവമുള്ള മതങ്ങളും ദർശനങ്ങളും ജീവിത രീതികളും അതിന്റെ ഭാരം പേറാൻ നിർബന്ധിതരാവുകയും ചെയ്യുന്നു.

യെച്ചൂരിയുടെ വാക്കുകൾ ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് നോക്കുക : ‘ വനിതാസംവരണ ബിൽ നടപ്പാക്കാൻ സംഘപരിവാർ ആഗ്രഹിക്കുന്നില്ല. സ്ത്രീകൾ മുഖ്യധാരയിലേക്കെത്തുന്നത് അംഗീകരിക്കാത്ത മനുസ്മൃതിയാണ് അവർ പിന്തുടരുന്നത്’ . ഇത് ജാതിയെ ഒരു പൂർവാധുനിക ഗണമായി കാണുന്ന മതേതരയുക്തിയുടെ ഭാഗമാണ്. അങ്ങിനെ യെച്ചൂരി അടക്കമുള്ളവരുടെ ജാതി സ്ഥാനം എന്നത് ഒട്ടും പരിശോധന അർഹി്ക്കാതെ നില നിർത്താനും ജാതിയുടെ ആധുനികതയെ നിഷേധിക്കാനും അവർക്ക് കഴിയുന്നു. ഇത് എസ് എഫ് ഐ കാരും പയറ്റാറുണ്ട്. കാമ്പസുകളിൽ രണ്ടാം മണ്ഡലിന് ശേഷം നടന്ന രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി ദലിത് മുസ്‌ലിം ഐക്യം പോലുള്ള പ്രമേയങ്ങൾ ഉയരുന്ന സന്ദർഭങ്ങളിലാണ് യെച്ചൂരിയുടെ വികല യുക്തി പാർട്ടിയിലെ അനുസരണയുള്ള കുഞ്ഞാടുകൾ പ്രായോഗിക്കാറുള്ളത്.

  • എസ് എഫ് ഐ  കാമ്പസിലെ ജാതിയെ  കാണുന്ന വിധം

ഇസ്ലാമിൽ ജാതിയുണ്ട്‘ എന്ന തലക്കെട്ടിൽ സമകാലിക മലയാളം വാരികയിൽ എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണൻ് എഴുതിയ  ലേഖനം നേരത്തെ സൂചിപ്പിച്ച യെച്ചൂരിയുടെ വിമർശന രീതിയാണ് പിന്തുടരുന്നത്. പൊതുവെ ഇത്തരം കാര്യങ്ങളിൽ വിവരമില്ലാത്തത്തിന്റെ പ്രശ്‌നം വേറെ തന്നെ പരിഗണിക്കണം. അത് വഴിയെ സൂചിപ്പിക്കാം. നാരായണന്റെ വിമർശനത്തിന്റെ സാഹചര്യം ചെറുതായൊന്നു പറയാം.

ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തെ പ്രധാന സർവകലാശാലകളിൽ മുസ്‌ലിം പശ്ചാത്തലമുള്ള വിദ്യാർഥികളും പ്രസ്ഥാനങ്ങളും ദലിത് ബഹുജൻ പ്രസ്ഥാനങ്ങളോട് ഐക്യപ്പെടുന്ന കാഴ്ച എസ് എഫ് ഐയെ തെല്ലൊന്നുമല്ല ഉലക്കുന്നത്. നേരത്തെ മുസ്‌ലിം വിദ്യാർഥികളെ ‘ഇതാ  എ ബി വി പി വരുന്നേ, ഞങ്ങൾക്ക് വോട്ടു ചെയ്തില്ലേൽ എ ബി വി പി വരും’ എന്ന് ഭീഷണി പെടുത്തിയാണ് എസ് എഫ് ഐ വോട്ടു വാങ്ങിയിരുന്നത്.രണ്ടാം മണ്ഡലിനു ശേഷം നടന്ന  ഓ ബി സി സംവരണം, കാമ്പസിന്റെ ജാതി/സാമുദായിക ഉള്ളടക്കത്തെ മാറ്റിമറിക്കുകയും പുതിയ രാഷ്ട്രീയ ഐക്യങ്ങൾ വോട്ടുബാങ്കായി തന്നെ രൂപപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദളിത് മുസ്ലിം ഐക്യം പോലുള്ള മുദ്രാവാക്യങ്ങൾ ഏറെ ശക്തിയോടെ വികസിച്ചത്. ഇതിൽ മുസ്‌ലിം വിദ്യാർഥി സംഘടനകൾ വഹിച്ച പങ്ക് അവരെ കേവല വോട്ടുബാങ്കായി മാത്രം കണ്ടിരുന്ന എസ് എഫ് ഐ , ഐസ അടക്കമുള്ള ജാതിഇടതുപക്ഷ സംഘടനകൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മാത്രമല്ല എ എസ് എ , ബാപ്‌സ പോലുള്ള സംഘടനകൾ മുസ്‌ലിം വിദ്യാർഥി സംഘടനകളെ സ്വതന്ത്ര ശബ്ദമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളായി ഉൾക്കൊണ്ടതോടെ എസ് എഫ് ഐ അടക്കമുള്ളവരുടെ കേവല മുസ്‌ലിം വോട്ടുബാങ്ക് രാഷ്ട്രീയം കാലയവനികക്കുള്ളിൽ മറഞ്ഞു.

അതുകൊണ്ടാണ് ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ ജെ എൻ യു ഇലക്ഷനിൽ വിശാല ഇടതുഐക്യം രാഹുൽ സോൻപിംബ്‌ളെ എന്ന ദലിത് വിദ്യാർഥി നേതാവിനെതിരെ ജെ എൻ യുവിൽ നിലവിൽ വന്നത്. ബാപ്‌സയുടെ രാഹുൽ സോൻപിംബ്‌ളെ എന്ന ദലിത് വിദ്യാർഥി നേതാവിന് എതിരെ എസ് എഫ് ഐയും കൂട്ടരും അണിനിരന്നപ്പോൾ രാഹുലിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തതു സാക്ഷാൽ എസ് ഐ ഓ ആയിരുന്നു. ജെ എൻ യുവിൽ നിന്ന് വസീം ആർ എസ് പുറത്തിറക്കിയ ആ പ്രസ്താവന ദലിത് ബഹുജൻ വെബ്ബായ ‘റൌണ്ട്‌ടേബിൾ ഇന്ത്യ’ പ്രസിദ്ധീകരിച്ചത് ആർക്കും വായിക്കാവുന്നതാണ്. ആ ഇലക്ഷനിൽ ദലിത് മുസ്‌ലിം ഐക്യമെന്ന പ്രമേയത്തെ ത്യാഗപൂർണമായി ഉയർത്തിപ്പിടിക്കുന്ന നൈതിക ദൌത്യമാണ് എസ് ഐ ഓ അടക്കമുള്ള ഇസ്ലാമിക വിദ്യാർഥി പ്രസ്ഥാനങ്ങൾ നിർവഹിച്ചത്. എച് സി യുവിലും സ്ഥിതി മറ്റൊന്നല്ല. എസ് ഐ ഓയെ എ ബി വി പിക്ക് തുല്യമായി ചിത്രീകരിക്കാൻ ശ്രമിച്ച എസ് എഫ് ഐ നേരിട്ടത് ശഹീദ് രോഹിത് വെമുലയായിരുന്നു. അദേഹം പറഞ്ഞത് എസ് ഐ ഓയെ എ ബി വി പിക്ക് തുല്യമായി ചിത്രീകരിക്കുമ്പോൾ എസ് എഫ് ഐ കാർ ആഗ്രഹിക്കുന്നത് കീഴാളരിലെ അടിമകളെ മാത്രമാണ് എന്നാണ്. പറഞ്ഞുവരുന്നത് എസ് എഫ് ഐയുടെ എസ് ഐ ഓക്കെതിരായ ആരോപണങ്ങളുടെ വിശാല രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചാണ്. ഇത് മനസ്സിലാകുമ്പോൾ മാത്രമാണ് നിതീഷ് നാരായണന്റെ ജാതിഹിന്ദു അജണ്ട പുറത്താവുന്നത്.

പുതിയ കീഴാള ഐക്യത്തെ ഇല്ലായ്മ ചെയ്യാൻ ദലിത് ബഹുജൻ വിദ്യാർഥി സംഘടനകളെ ഉപജാതി രാഷ്ട്രീയത്തിന്റെ പേരിൽ  പിളർത്തിക്കൊണ്ടും മുസ്ലിം വിദ്യാർഥി സംഘടനകളെ ജാതി/ലിംഗം/വർഗം ഇവയുടെ അഭാവത്തിന്റെ പേരുപറഞ്ഞു  പൈശാചികവൽകരിച്ചുകൊണ്ടും എസ് എഫ് ഐ നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഇത്തരം ലേഖനങ്ങൾ. ഇപ്പോൾ ഇടതുഅനുഭാവമുള്ള വെബ് പോർട്ടലുകളും മാഗസിനുകളും ഈ അജണ്ട ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ജാതി ഹിന്ദുവിന്റെ അജണ്ടകളെ ഇടത്തുനിന്നും വലത്തുനിന്നും താലോലിച്ചിരുന്ന, ജാതി ഹിന്ദുവിന്റെ ഇടം വലം കയ്യായ ഈ വിദ്യാർഥി സംഘടനകൾ, ഇപ്പോൾ ‘ജാതിയുടെ ഭാരം’ മുസ്ലിമിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. സവർണ ഹിന്ദുപ്പേരുകൊണ്ടും ചിഹ്നം കൊണ്ടും സവർണ ആത്മീയതകൊണ്ടും ശരീരഭാഷകൊണ്ടും  നിറഞ്ഞ തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെപ്പറ്റി, സാമൂഹിക ജീവിതത്തെപ്പറ്റി, വ്യക്തി ജീവിതത്തെപ്പറ്റി,  ഒരക്ഷരം പറയാൻ  കഴിയാത്ത നിസഹായതകൊണ്ടും അല്ലെങ്കിൽ ഉള്ളിൽ നിറയുന്ന ജാതികുശുമ്പുകൊണ്ടും, ജാതിയുടെ ഭാരം നോൺ ബ്രാഹ്മണിക ഇടങ്ങളിലുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മേലെചാരി കൈകഴുകാനാണ് എസ് എഫ് ഐക്കാർ  ഇപ്പോൾ ശ്രമിക്കുന്നത്. ഇത് കാമ്പസിലെ ഏതെങ്കിലും ദളിത് ബഹുജൻ പ്രസ്ഥാനങ്ങളുടെ അജണ്ടയല്ല എന്നും ഇടതു വിദ്യാർഥികളുടെ ജാതിയെക്കുറിച്ചുള്ള ആന്തരിക പ്രതിസന്ധി മാത്രമാണെന്നും എല്ലാവർക്കുമറിയാം.

  • ജാതിയുടെ ആത്മീയ രാഷ്ട്രീയത്തെ നിരാകരിക്കുമ്പോൾ

ജാതിയെ എങ്ങിനെ നിരപേക്ഷമായി കണ്ടുകൊണ്ടു അതിന്റെ ഹിന്ദു ആത്മീയ സ്വഭാവം ഇലാതാക്കാം എന്ന  ഗവേഷണം നൂറ്റാണ്ടുകൾ ആയി നടക്കുന്ന കാര്യമാണ്. സീതാറാം യെച്ചൂരിയുടെ ഈ  നിലപാട് ഒരു സെക്കുലർ/ഹിന്ദു/ജാതി നിലപാടാണ്. ജാതിയുടെ ആത്മീയ ലോകത്തെ പൂർണമായി നിരാകരിച്ച മുസ്‌ലിംകൾ അതുകൊണ്ട് തന്നെ സെക്കുലർ ജാതിഹിന്ദുക്കളുടെ വെറുപ്പിന്റെ മുഖ്യ ഇരകളാണ്.  ‘ഇസ്ലാമിൽ ജാതിയുണ്ട്’ എന്ന തലക്കെട്ട് അതുകൊണ്ട്തന്നെ ഏറെ  ശ്രദ്ധ പിടിച്ച് വാങ്ങുന്നത് ഒരു ജാതി ഹിന്ദു നോട്ടം (Caste Hindhu Gaze )ഇസ്ലാമിനെക്കുറിച്ച് ഉള്ളടങ്ങിയതുകൊണ്ടാണ്.

ഒരു മഹാകണ്ടുപിടിത്തം എന്ന മട്ടിലാണ് എസ് എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം നിതീഷ് നരായണൻ ഇസ്ലാമിൽ ജാതിയുണ്ട് എന്ന് പറയാൻ ശ്രമിക്കുന്നത്.സംഗതി ഇസ്ലാമാണ് തലക്കെട്ട് എങ്കിലും ലേഖനം ജമാഅത്തെ ഇസ്ലാമിയിലും എസ്‌ഐഒ വിലുമാണ് വട്ടം കറങ്ങുന്നത്.തലക്കെട്ടിനെ കുറിച്ചുള്ള വിമർശത്തിന് ഇസ്ലാം മതത്തെ കുറിച്ചല്ല ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ കുറിച്ചാണ് ലേഖനം പറയുന്നതെന്ന് നിതീഷ് ഫെയ്‌സ്ബുക്കിൽ പ്രതികരിച്ചിട്ടുണ്ട്.ജമാഅത്തെ ഇസ്ലാമിയുടെ ജാതിയും ദലിത് മുസ്ലീം ഐക്യവും എന്നതായിരുന്നു നിതീഷ് ലേഖനത്തിന് നൽകിയിരുന്ന തലക്കെട്ട്.അതിനെ ഇസ്ലാമിൽ ജാതിയുണ്ട് എന്നാക്കിയത് പത്രാധിപരാണത്രേ.സമകാലിക മലയാളത്തിന് ആ ലേഖനം പ്രസിദ്ധീകരിക്കുന്നതിലുള്ള താൽപര്യം പത്രാധിപർ നൽകിയ തലക്കെട്ടിലൂടെ തന്നെ വ്യക്തമാകുന്നുണ്ട്. നിതീഷ് നൽകിയ തലക്കെട്ട് എസ് എഫ് ഐയുടെ മുസ്‌ലിം ദലിത് ഐക്യത്തെക്കുറിച്ചുള്ള ഭീതിയും വെളിവാക്കുന്നു.

  • എസ് ഐ ഓവിനെ ലക്ഷ്യം വെക്കുമ്പോൾ

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ കുറിച്ചാണ് ലേഖനത്തിലൂടെ സംസാരിക്കുന്നത് എന്ന് നിതീഷ് വ്യക്തമാക്കുന്നു.ലേഖനം ഉന്നയിക്കുന്ന ചോദ്യങ്ങളൊക്കെ ജമാഅത്തെ ഇസ്ലാമിയോട് മാത്രവുന്നതിന്റെയും മുസ്ലീ വിദ്യാർഥി രാഷ്ട്രീയത്തെ എസ് ഐ ഒ വിലേക്ക് മാത്രം ചുരുക്കി കാണുന്നതിന്റെയും കാരണം നിതീഷ് തന്നെയാണ് വ്യക്തമാക്കേണ്ടത്(എസ്.ഐ.ഒ വിലേക്ക് ചുരുക്കുന്നു എന്ന വിമർശം നിതീഷ് നിഷേധിക്കുന്നുണ്ടെങ്കിലും ലേഖനം വായിക്കുന്ന ഏതൊരാൾക്കും അക്കാര്യം ബോധ്യപെടും.)എസ്.ഐ.ഒ വിനെയും ജമാഅത്തെ ഇസ്ലാമിയെയും മാത്രം ഉന്നം വെച്ച് അദ്ധേഹം നടത്തിയിട്ടുള്ള ചില വ്യാജ യുക്തികളെ പരിശോധിക്കാനാണ് തുടർന്ന്  ശ്രമിക്കുന്നത്.

മുസ്ലിമിന്റെ ഒരു വൻപാപം ഇതാ കണ്ടുപിടിച്ചിരിക്കുന്നു എന്ന മട്ടിലാണ് നിതീഷിന്റെ എഴുത്ത്. കഴിഞ്ഞ ജനുവരിയിൽ എസ് ഐ ഓവിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ Casting Islam എന്ന തലക്കെട്ടിൽ ഒരു ചർച്ച നടന്നിരുന്നു. ഇസ്‌ലാമിലെ ജാതി തന്നെയായിരുന്നു ആ ചർച്ചയുടെ മർമം. അവിടെ പ്രഭാഷണം നടത്തിയത് ദലിത്കാമറയുടെ സ്ഥാപകനും ഗവേഷകനുമായ രവിചന്ദ്രനായിരുന്നു. ഇങ്ങിനെയുള്ള നിരവധി അനുഭവങ്ങൾ ദളിത് ബഹുജൻ ചിന്തകരും പ്രസ്ഥാനങ്ങളും എസ് ഐ ഓവുമായി ബന്ധപ്പെട്ടു ഉള്ളപ്പോഴാണ് വെറുപ്പ് ഉൽപാദിപ്പിക്കാൻ ഗീബൽസിനെ വെല്ലുന്ന പച്ചക്കള്ളങ്ങൾ ഒരു എസ് എഫ് ഐക്കാരൻ അഴിച്ചുവിടുന്നത്.

കാഞ്ച ഐലയ്യ, ജി അലോഷ്യസ്, കെ കെ കൊച്ച് തുടങ്ങിയവർ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി എസ് ഐ ഓ വേദികളിൽ വന്നു സംവദിക്കുന്നത് എസ് എഫ് ഐകാരുടെ സർടിഫിക്കറ്റ് വാങ്ങിയിട്ടല്ല. കേരളത്തിലെ അനേകം ദലിത് ബഹുജൻ ആക്റ്റിവിസ്റ്റുകൾ എസ് ഐ ഓകാരുമായി നാനാവിധ പ്രശ്‌നങ്ങളിൽ സംവദിക്കുന്നു. രാഷ്ട്രീയ മുന്നേറ്റങ്ങൾ രൂപപ്പെടുത്തുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള വിഷയങ്ങളിൽ തുറന്ന സംവാദങ്ങളും ഈ രാഷ്ട്രീയത്തിന്റെ ഭാഗമായി നടക്കാറുണ്ട് എന്നത് വലിയ പുതുമയുള്ള കാര്യമല്ല. പക്ഷെ ഇതൊന്നും അല്ല പ്രശ്‌നം. സ്വന്തം ശബ്ദവും അഭിമാനവും  ഇടവുമുള്ള ഒരു മുസ്‌ലിം വിദ്യാർഥി പ്രസ്ഥാനത്തോടുള്ള അടങ്ങാത്ത പകയാണ് എസ് എഫ് ഐകാർക്ക് ബാക്കിയുള്ളത്. അതിന്റെ കാരണം രണ്ടാം മണ്ഡലിന് ശേഷമുള്ള പുതുമുസ്ലിം രാഷ്ട്രീയമാണ്.

  • ഇസ്ലാമിലെ ജാതി എസ് എഫ് ഐ കണ്ടുപിടിക്കുമ്പോൾ

എസ് എഫ് ഐ നേതാവ്  ബോധപൂർവ്വം വ്യാജം ചമക്കുന്നതുകൊണ്ട് ചില വസ്തുതകൾ പറയാൻ ആഗ്രഹിക്കുന്നു. എസ് എഫ് ഐ  പറയുന്ന പോലുള്ള ഇസ്ലാമിലെ ജാതിയെ കുറിച്ച് അറിയില്ലെങ്കിലും മുസ്ലീങ്ങളിലെ ജാതി പോലുള്ള വിവേചനങ്ങളെ കുറിച്ച് ഇംതിയാസ് അഹമ്മദിന്റെ സാമൂഹിക ശാസ്ത്ര പഠനങ്ങൾ അറുപതുകളുടെ അവസാനത്തിൽ തന്നെ പ്രചാരം നേടിയതാണ്. മുസ്ലീങ്ങൾ തദ്ദേശീയ സാമൂഹിക സാംസ്‌കാരിക ഘടകങ്ങളെ സ്വാംശീകരിച്ച് ഒരു പ്രദേശിക Lived Islam രൂപീകരിക്കുന്നുണ്ട് എന്ന് സ്ഥാപിക്കാനായിരുന്നു ആദ്യ ഘട്ടത്തിൽ ജാതി എന്ന സംവർഗത്തിന്റെ മുസ്ലീങ്ങൾക്കിടയിലെ സാന്നിധ്യം ചൂണ്ടികാണിക്കപെട്ടിരുന്നത്. മുസ്ലീങ്ങൾ ഏകശിലാത്മകമായ ഒരു അന്തർദേശീയ കമ്മ്യൂണിറ്റിയാണ്/ആയികൊണ്ടിരിക്കുന്നു എന്ന വാദത്തെ ഖണ്ഡിക്കാനാണ് ഇംതിയാസ് അഹമ്മദ് തന്റെ  പഠനങ്ങളിലൂടെ ശ്രമിച്ചിരുന്നത്.

സാമൂഹിക നീതിയെയും സഹോദര്യത്തെയും ആദർശപരമായി കാണുന്ന ഇസ്ലാമിനെ ജന്മം കൊണ്ട് തന്നെ മനുഷ്യനെ വേർതിരിക്കുന്ന ബ്രാഹ്മണിക് മൂല്യവ്യവസ്ഥയോട് തുലനപെടുത്തുന്ന പഠനങ്ങളെയും വാദങ്ങളെയും അക്കാലത്തെ മുസ്ലീം സമുദായത്തിലെ ഏതാണ്ട് എല്ലാ സംഘടനകളും എതിർത്തിരുന്നു. അതിന്റെ ഫലപ്രാപ്തി എത്രത്തോളം എന്ന ചർച്ച ഇനിയും നടക്കേണ്ടതുണ്ട്. എന്നാൽ ഹിന്ദു ജാതിവ്യവസ്ഥ പോലെ അല്ലെങ്കിലും ജാതി സമാനമായ വിവേചനങ്ങളും ബ്രാഹ്മണിക് മുല്യ വിചാരങ്ങളും മുസ്ലീം സമുദായത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും അതിനെ അഭിമുഖീകരിക്കണം എന്നും മുസ്ലീം സമുദായത്തിലെ പുതുരാഷ്ട്രീയ വിഷയികൾ ഉന്നയിക്കുന്ന കാര്യമാണ്. സംഘപരിവാർ ഭരണകൂടം നിരോധിച്ച സിമിയുടെ പ്രവർത്തകർ ഈ വിഷയത്തിൽ മുഖ്യധാരാ മുസ്ലീം സംഘടനകളെ നിശിതവിമർശത്തിന് വിധേയമാക്കിയിരുന്നു.വിടി രാജശേഖർ എഡിറ്ററായിരുന്ന ദലിത് വോയ്‌സിൽ ദഅ്‌വത്ത്( ഇസ്ലാമിക പ്രബോധനം) എന്ന ഇസ്ലാമിക പരികൽപ്പനെ കുറിച്ച് നടന്ന സംവാദങ്ങൾ വായിച്ചവർക്ക് ഇക്കാര്യം ബോധ്യപെടും. വർഷങ്ങൾക് മുമ്പ് യോഗീന്ദർ സികന്ദ് ഈ വിഷയത്തിൽ എഴുതിയ കാര്യങ്ങൾ എസ് ഐ ഓ തന്നെ ചർച്ചക്ക് വിധേയമാക്കിയിരുന്നു.

മുസ്ലീം സമുദായത്തിലെ സാമൂഹിക വർഗീകരണങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നത് വളരെക്കാലം മുതൽ തന്നെ മുസ്ലീം സമുദായത്തിലെ ചർച്ചാ വിഷയമാണ്. ജമാഅത്തെ ഇസ്ലാമി കേന്ദ്രശൂറാ അംഗമായിരുന്ന ഡോ.എഫ്.ആർ ഫരീദി എഡിറ്ററായ, Institute of Objective Studies  പ്രസിദ്ധീകരിച്ച Social Structure Of Indian Muslim (1987) എന്ന പുസ്തകം എൺപതുകളിൽ ഉയർന്നുവന്ന വാദഗതികളെ പരിശോധിക്കുന്നുണ്ട്. ഇസ്ലാമിന്റെ വിമോചനപരമായ ബോധ്യങ്ങളെ ശക്തിപെടുത്തിയാണ് സാമൂഹിക വർഗീകരണത്തിന് കാരണമായ ബ്രാഹ്മണിക് നൈതിക ബോധ്യത്തിന്റെ അധീശത്വത്തിന്റെ ഉൻമൂലനം സാധ്യമാവുക എന്ന നിലാപാടാണ് അതിൽ പലരും  സ്വീകരിച്ചത്. ഇന്നും ഈ വിഷയത്തിൽ കേരളത്തിൽ അടക്കം ബഹുഭൂരിപക്ഷം മുസ്ലിം പ്രസ്ഥാനങ്ങളും സ്വീകരിക്കുന്നത് ഈ നിലപാടാണ്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിക ടെക്‌സ്ച്വൽ ട്രഡീഷനിൽ ജാതിയുടെയും ബ്രാഹ്മണിക മൂല്യങ്ങളുടെയും സ്വാധീനമുണ്ട് എന്ന മസൂദ് ആലം ഫലാഹിയുടെ പഠനം ഈ വിഷയത്തിലെ ശ്രദ്ധേയമായ ഒരു ഇടപെടലായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പഠന ഗവേഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ പുറത്തിറങ്ങിയിരുന്ന ‘സിന്ദഗി നൗ’ വിലാണ് 2007 ൽ ഈ പഠനം പരമ്പരയായി പ്രസിദ്ധീകരിക്കുന്നത്. അത് പുസ്തകമാക്കിയപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ ദേശീയ നേതാവ് ഡോ.എഫ്.ആർ ഫരീദിയാണ് മുഖവുര എഴുതിയത. ദഅ്‌വത്ത്,ഇസ്‌ലാഹ് എന്നീ ഇസ്ലാമിക സംജ്ഞകളെ സാമൂഹിക വിമോചനത്തിന്റെ തലത്തിൽ വായിക്കുക എന്നതാണ് മസൂദ് ആലം ഫലാഹിയും മുന്നോട്ട് വയ്ക്കുന്ന ജാതി ഉൻമൂലനത്തിന്റെ രീതി ശാസ്ത്രം.

ചുരുക്കത്തിൽ , നിതീഷ് നാരാണയൻ തന്റെ കണ്ടുപിടിത്തം നടത്തുന്നത് മുൻപ് തന്നെ മുസ്ലീം വിദ്യാർഥി രാഷ്ട്രീയം ഈ ചോദ്യങ്ങളെ ഉയർത്തിയിരുന്നു എന്നത് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. എസ് ഐ ഓവിന്റെ പ്രസിദ്ധീകരണമായ കാമ്പസ് അലൈവ് തന്നെ ഈ വിഷയത്തിൽ നിരവധി പഠനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം ചർച്ചകൾ നടത്തുന്നത് നിതീഷ് ഇപ്പോൾ കുറ്റപ്പെടുത്തുന്ന,  ഓ ബി സി സംവരണം കിട്ടി കാമ്പസിൽ എത്തിയ എസ് ഐ ഒ ക്കാർ തന്നെയാണ്. ഓ ബി സിക്കാരാണല്ലോ ഇപ്പോൾ ജാതി ഹിന്ദുക്കളുടെ മുഖ്യപ്രശ്‌നം!

  • ടി കെ ഹംസയുടെ  ജാതിയും യെച്ചൂരിയുടെ വർഗ്ഗവും

ജമാഅത്തെ ഇസ്ലാമിയുടെ മറവിൽ മുസ്ലീം രാഷ്ട്രീയത്തിന് മുകളിൽ വെറുപ്പ് ഉൽപ്പാദിപ്പിക്കുക എന്നതിനപ്പുറം നീതിഷ് നാരായണന് ഈ സംവാദങ്ങളെ അഭിമൂഖീകരിക്കാനും അവയോട് ക്രിയാത്മക സംവാദത്തിൽ ഏർപ്പെടാനും സാധ്യമാകുമോ?. സംവാദമാണ് നിതീഷ് നാരായണൻ ലേഖനത്തിലൂടെ ലക്ഷ്യം വെക്കുന്നത് എങ്കിൽ ചില ചോദ്യങ്ങൾക്ക് ആദ്യം ഉത്തരമുണ്ടാകേണ്ടതുണ്ട് എന്ന് തോന്നുന്നു.

നിതീഷ് പറയുന്ന മുസ്ലീം സമുദായത്തിലെ ജാതി എന്ന പ്രശ്‌നത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്? കേരളത്തിൽ ആണല്ലോ ഈ ചർച്ച ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ മുസ്ലിംകളിൽ നല്ലൊരു ശതമാനം കീഴാളർ മതം മാറിയതാണ്.  കീഴാളരുടെ മതപരിവർത്തനം നിങ്ങൾ അംഗീകരിക്കുമോ? അതിനെ ഒരു രാഷ്ട്രീയ ഇടപാടായി നിങ്ങൾ കാണുമോ? ഇടതുപക്ഷത്തിന് പിന്തുണ നൽകുന്ന മുസ്ലിം നേതാക്കളുടെയും സംഘടനകളുടെയും ജാതി എങ്ങിനെയാണ് സി പി എം കാണുന്നത്? മലബാറിലെ മുസ്ലിം സംഘടനകളിൽ ഏതിന്റെ ജാതിയാണ് നിങ്ങൾ പരിഗണിക്കുക? ഓ ബി സി മുസ്ലിംകളായ  കാന്തപുരം എ പി അബൂബക്കർ മുസലിയാരും എം ഐ അബ്ദുൽ അസീസും തമ്മിലെ ജാതിപരമായ അന്തരം ഒന്ന് വിശദീകരിക്കാമോ ? സിപി എമ്മിലെ മുസ്‌ലിം  നേതാക്കളുടെ ജാതി എന്താണ്? സി പി എമ്മിൽ അണിനിരന്ന മുസ്ലിംകളുടെ ജാതിയാണോ നിങ്ങൾ നോക്കാറുള്ളത് അതോ വർഗ പശ്ചാത്തലമോ ? നിതീഷ് നാരായണനും അബ്ദുള്ള നവാസും തമ്മിലെ ജാതി വ്യത്യാസം എന്താണ് ? യെച്ചൂരിക്കും ടി കെ ഹംസക്കും  രണ്ടു മാനദണ്ഡമാണോ?ജമാഅത്തെ ഇസ്ലാമി കുടുംബ  പശ്ചാത്തലമുള്ള കെ ടി ജലീലിന്റെ ജാതി എന്തായിരിക്കും? ഓ ബി സികളായ മലബാറിലെ ബഹുഭൂരിപക്ഷം മുസ്ലിംകളെയും എങ്ങിനെയാണ് സി പി എം ഇനിയും ജാതിപരമായി വർഗീകരിക്കുക? സി പി എമ്മിലെ ബാർബർ മുസ്ലിംകൾ എം എൽ എ ആയിട്ടുണ്ടോ ? പാർട്ടിക്കു ഭരണകൂട അധികാരമുള്ള സ്ഥാനങ്ങളിൽ എവിടെയാണ് കീഴാള മുസ്ലിംങ്ങൾ ? അതെ മാനദണ്ഡം ഹിന്ദു ഓ ബി സികളുടെ കാര്യത്തിൽ പാർട്ടി നടപ്പിലാക്കുമോ? പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ എവിടെ കീഴാളർ ? ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പൊതുവെയും സിപിഎമ്മും എസ്എഫ്‌ഐയും വിശേഷിച്ചും അക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നയവും പരിപാടികളും വിശദീകരിക്കാൻ നിതീഷിന് സാധിക്കണമായിരുന്നു. ചുരുങ്ങിയത് നിതീഷിന്റെ അക്കാര്യത്തിലുള്ള സമീപനം പോലും ആ ലേഖനത്തിൽ നിന്ന് വ്യക്തമല്ല. എന്നിട്ടാണ് എസ് ഐ ഒായെ ഉപദേശിക്കാൻ വരുന്നത്.

  • സാമൂഹിക സ്ഥാനം : ഹിന്ദുവിന്റെ ആനുകൂല്യങ്ങൾ

നിതീഷ് എപ്പോഴും സംസാരിക്കുന്നത് സ്വന്തം സാമൂഹികനിലയെ അദൃശ്യമാക്കിയാണ്. ആരാണ് നിതീഷ് നാരായണൻ? നിങ്ങളുടെ പാർട്ടിയുടെ ജാതി എന്താണ്? പാർട്ടിയിലെ കീഴാളരിൽ നിങ്ങൾ എവിടെ വരും? നിങ്ങളുടെ വീട്ടിലെ ജാതി എന്താണ്? എന്താണ് നിങ്ങളുടെ കുടുംബത്തിന്റെ ജാതി ചരിത്രം? ഇത്തരം കാര്യങ്ങളെ മറച്ചുവെച്ചാണ് ജാതി മറ്റൊരു സ്ഥലത്ത് കണ്ടെത്താൻ നിങ്ങൾ ശ്രമിക്കുന്നത്. നിങ്ങളുടെ ജാതി സ്ഥാനം കുറച്ചുകൂടി വ്യക്തമാക്കിയാൽ അത് മുസ്ലിംങ്ങളുടെ ജാതിസ്ഥാനവുമായി എത്ര അകലം ഉണ്ടെന്നു മനസ്സിലാക്കാമായിരുന്നു. ബ്രാഹമണിസം എന്ന പൊതുശത്രുവിനെതിരായ പോരാട്ടത്തിൽ നിങ്ങൾ എവിടെ നിൽക്കുമെന്നു അറിയാനാണ്. അങ്ങിനെയാണ് എന്നെപ്പോലുള്ള മുസ്ലിംകൾ ജാതിവിരുദ്ധ പോരാട്ടം നടത്തുക.

ഈ വിഷയത്തിൽ Positionality  വളരെ പ്രധാനാമാണ്. ഒരു ഹിന്ദു പേര് സ്വീകരിച്ചു  ജാതിഹിന്ദു സാമൂഹ്യക്രമത്തിൽ നിതീഷിനു കിട്ടുന്ന ആനുകൂല്യം മുസ്ലിം പേരുള്ള പ്രസ്ഥാനങ്ങൾക്ക് കിട്ടും എന്ന് നിതീഷിനു കരുതുന്നുണ്ടോ? എങ്ങിനെയാണ് നിതീഷ് സ്വന്തം വിമർശക സ്ഥാനത്തിന്റെ ജാതിയെ കാണുക? ഈ വിമർശക സ്ഥാനവും ജാതിയുടെ ബ്രാഹമണിക്  കേന്ദ്രവും തമ്മിലെ അകലത്തെ എങ്ങിനെയാണ് നിങ്ങൾ കാണുന്നത്? ഈ ചോദ്യങ്ങൾ ജാതി ചർച്ചയിൽ വളരെ പ്രധാനമാണ്. കാരണം ജാതി ഓരോരുത്തരെയും എവിടെ നിർത്തുമെന്ന് അറിയുന്നത് വളരെ പ്രധാനമാണ്.

  • ബംഗാൾ മുതൽ ബീമാപള്ളി വരെ : മുസ്ലിംകൾ സി പി എം ജാതി ഹിംസയുടെ ഇരകൾ

ഇന്ത്യൻ പാർലമെന്റിലെ മുസ്ലീം പ്രാതിനിധ്യത്തിന്റെ കുറവ് പതുക്കെ പരാമർശിച്ച് വിട്ട് അതിൽ കീഴാള മുസ്ലീം പ്രാതിനിധ്യം വളരെ കുറവാണെന്ന് നിതീഷ് സ്ഥാപിക്കുന്നു.അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഒളിച്ചോടാൻ സാധിക്കുന്നത് എങ്ങനെയാണ്?. പാർലമെന്റിൽ മുസ്ലീം പ്രാതിനിധ്യവും കീഴാള മുസ്ലീം പ്രാതിനിധ്യവും ഉറപ്പ് വരുത്തണമെന്ന് സിപിഎമ്മിന് നയമുണ്ടോ?.സച്ചാർ കമ്മിറ്റി റിപ്പോർട്ട് ബംഗാളിലെ മുസ്ലീം സമുദായത്തിന്റെ അവസ്ഥ വിവരിക്കുന്നുണ്ടല്ലോ.ദലിതുകളുടെയും മുസ്ലീങ്ങളുടെയും പിന്നാക്കവസ്ഥയിൽ മൂന്നര പതിറ്റാണ്ട് ബംഗാൾ ഭരിച്ച സിപിഎമ്മിന്റെ പങ്കിനെ കുറിച്ച് സംസാരിക്കുന്നതിന് പകരം ഒരിക്കലും രാഷ്ട്രീയാധികാരം ലഭിച്ചിട്ടില്ലാത്ത ഒരു മുസ്ലീം സംഘടനയോട് ചോദ്യം ഉന്നയിക്കുന്നതിന്റെ രാഷ്ട്രീയ കാപട്യം തുറന്ന് കാണിക്കപെടേണ്ടതുണ്ട്.

കേരളത്തിൽ വിശേഷിച്ചും മുസ്ലിം പിന്നാക്കകാർ ധാരാളമുള്ള മലബാറിൽ സി പി എം എന്താണ് ചെയ്തത്? എന്തുകൊണ്ട് മലബാർ വിവേചനത്തിന് വിധേയമായി? സി പി എമ്മിന്റെ ജാതിബോധം അതിൽ പ്രവർത്തിച്ചിട്ടില്ലേ? ആലോചിക്കാൻ ഒരു കാര്യം കൂടി പറയാം . സി പി എം നടത്തിയ ഒരു വെടിവെപ്പാണ് 2009 മേയ് 17 നു ബീമാപള്ളിയിൽ നടന്നത്. ആറു മുസ്ലിം മത്സ്യ തൊഴിലാളികൾ ഓ ബി സി മുസ്ലിംകൾ ആയിരുന്നു. അതിന്റെ ജാതി/വർഗ/മത വിവേചനത്തെ സി പി എം എങ്ങിനെ കാണുന്നു? യു എ പി എ നടപ്പിലാക്കിയത് നിങ്ങൾ അല്ലെ ? കേരളത്തിലെ  യു എ പി എ തടവുകാരായ മുസ്ലിംകൾ മുഴുവൻ ഓ ബി സി യാണ് . നിങ്ങൾ എന്തിനാണ് ഓ ബി സി മുസ്ലിംകളെ ജയിലിൽ അടച്ചത്? അവർക്കു വേണ്ടി സംസാരിക്കുന്ന എസ് ഐ ഓ അല്ലെ ശരിക്കും പുരോഗമന രാഷ്ട്രീയക്കാർ?

  • രംഗനാഥ കമീഷൻ റിപ്പോർട്ടും ജമാഅത്തെ ഇസ്ലാമിയും : മറ്റൊരു പച്ചക്കള്ളം

നിതീഷ് അടക്കമുള്ള ഇടതുപക്ഷ നേതാക്കൾക്ക് മുസ്ലീം രാഷ്ട്രീയത്തോട് സംവാദം സാധ്യമല്ല എന്നതിന്റെയും സത്യസന്ധമായ സംവാദം ലക്ഷ്യമല്ല എന്നതിന്റെയും തെളിവാണ് ജമാഅത്തെ ഇസ്ലാമി രംഗനാഥ് മിശ്ര കമ്മീഷൻ റിപ്പോർട്ടിന് എതിരായിരുന്നു എന്നൊക്കെ തട്ടിവിടുന്നത്.ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു വ്യാജമാണ് ലേഖനത്തിലുള്ളത്.രംഗനാഥ് മിശ്ര കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് അതിശക്തമായി ആവിശ്യപെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.2011 നംവബർ പതിനഞ്ചിന് രംഗനാഥ് മിശ്ര കമ്മീഷൻ റിപ്പോർട്ട് പാർലമെന്റ് അപ്പോൾ ചേരുന്ന വിന്റർ സെഷനിൽ തന്നെ  അംഗീകരിച്ച് നടപടി സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ആവിശ്യപെട്ടിരുന്നു.2011 ലെ പാർലമെൻ് വിന്റർ സെഷന് മുൻപായി ജമാഅത്തെ ഇസ്ലാമി പുറത്തിറക്കിയ പ്രസ്താവനയിൽ രണ്ടാമത്തെ ആവിശ്യം ഇങ്ങനെ വായിക്കാം.

2. Reservation for Muslims:
The UPA Government, during its first stint, formed a commission led by Justice Ranganath Mishra to suggest recommendations for reservation in education and employment of Muslims and other minorities. The commission recommended for Muslims and other minorities (religious and linguistic) 15 per cent reservation (10 per cent for Muslims alone) in education and employment. Besides, it also recommended annulment of the Presidential ordinance on Section 341, whereby Muslims have been deprived of SC/ST reservation. Unfortunately, the Government shelved the Report for about two years. Later on, the pressure mounted by Muslims forced the Government to table the Report in Parliament, but no action has yet been taken on it nor did the Government present any action taken report in Parliament.
JamaateIslami Hind demands that, as per recommendations of Ranganath Commission
(A) The retsriction imposed by the Presidential ordinance on Section 341 of the Constitution be removed forthwith, and Muslims must be included in the SC/SC reservation category;
(B) Government should declare 10 per cent reservation for Muslims in education and employment; and
(C) Government should fix in OBC quota a subquota for the Muslim sects that are already mentioned in the OBC list under Mandal Commission, in proportion to their population.

2014 ലോക സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ നേതൃത്വം പുറത്തിറക്കിയ ജനകീയ പ്രകടന പത്രികയിലെ രണ്ടാമത്തെ ആവിശ്യം  ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ച് നടപ്പാക്കണമെന്നായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വെബ്‌സൈറ്റിൽ ഇപ്പോഴും അത് ലഭ്യമാണ്. (http://jamaateislamihind.org/…/jamaateislamihindreleas…/).തെലുങ്കാനയിലും കേരളത്തിലുമൊക്കെ വലിയ സംവാദങ്ങൾ ഈ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയും പോഷക സംഘടനകളും നടത്തുകയും ചെയ്തു. നിതീഷിന്റെ ഒട്ടുമിക്ക വാദങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ രംഗനാഥ് മിശ്ര കമ്മീഷൻ റിപ്പോർട്ടിനോടുള്ള നിലപാടിൽ തന്നെ പൊളിഞ്ഞ് പോകുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി ശക്തമായി ആവിശ്യപെട്ടില്ല എന്നാണ് പറഞ്ഞ കള്ളത്തെ വിശദീകരിക്കാൻ നിതീഷ് ഇപ്പോൾ പറയുന്ന ന്യായം. ഒരു സംഘടനയുടെ അടിസ്ഥാന നിലപാടിനെ കുറിച്ച് വ്യാജം പറയുക. അത് നിരന്തരമായി ആവർത്തിച്ച് ആവിശ്യപെടുന്ന ഒരു കാര്യത്തിൽ താൽപര്യ കുറവുണ്ട് എന്നൊക്കെ പിന്നീട് വിശദീകരിക്കുക.ഇതിലൂടെ തന്നെ നിതീഷിന്റെ ലക്ഷ്യം വ്യക്തമാണ്. മുസ്ലീം സംഘടനകൾ സമുദായത്തിന്റെ ആവിശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭങ്ങളെ സിപിഎമ്മും മുസ്ലീം വിദ്യാർഥി പ്രസ്ഥാനങ്ങളെ എസ് എഫ് ഐ യും എങ്ങനെയാണ് സമീപിക്കാറുള്ളത് എന്നത് കൂടി ഓർക്കണം. ഈ സംഘടനകളുടെ സ്വന്തന്ത്ര അസ്ഥിത്വം വർഗശുദ്ധിയുടെ പേര് പറഞ്ഞു നിഷേധിക്കുക എന്നതിൽ കവിഞ്ഞ അജണ്ട അവർക്കില്ല.എല്ലാ മാസവും എസ് ഐ ഓക്കാരെ കാമ്പസുകളിൽ മർദ്ധിക്കുന്ന നിങ്ങളുടെ ഹിന്ദു ജാതിബോധം ആരും കാണുന്നില്ലെന്ന് കരുതരുത്.

  • മൗദൂദി ഭീതിയുടെ മൂലധനം

മൗദൂദിയിലേക്കുളള മടക്കമാണ് അടുത്ത പരിപാടി. രണ്ടു പതിറ്റാണ്ടായി കേരളത്തിൽ നിലനിൽകുന്ന വലിയൊരു മുസ്ലിംവിരുദ്ധ സ്ഥാപനമാണ് മൗദൂദി ഭീതി. മൗദൂദി എന്ന അച്ചുതണ്ടിൽ ചുറ്റി കറങ്ങുന്നതല്ല മുസ്ലീം വിദ്യാർഥി രാഷ്ട്രീയം. അതിന്റെ ബാധ്യത ഇസ്ലാമിക നൈതിക മൂല്യങ്ങളോടാണ് എന്നത് പല തവണ വിശദീകരിക്കപെട്ടതാണ്. ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളുടെ അടിസ്ഥാനത്തെ കുറിച്ചും തന്റെ അഭിപ്രായങ്ങൾക്ക് അതിലുള്ള സ്ഥാനത്തെ കുറിച്ചും സാക്ഷാൽ മൗദൂദി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാൽ മൗദൂദിയെ തള്ളിപറയുന്നു എന്ന വാദം ബാലിശമാണ്. ഒരു പക്ഷെ മാർക്‌സിനെ

സയ്യിദ് അബുല്‍അഅ്ലാ മൌദൂദി

കുറിച്ച് മിണ്ടരുത് എന്ന പോലൊരു തിട്ടൂരം ഇസ്ലാമിക രാഷ്ട്രീയത്തിൽ ഉണ്ടാവില്ലെന്ന് മാർക്‌സിസ്റ്റായ നിതീഷിന് മനസ്സിലാവാത്തതായിരിക്കണം. ജമാഅത്തെ ഇസ്ലാമിയുടെ അഖിലേന്ത്യാ ശൂറയിലെ ‘ഗൂഢാലോചനക്ക്’ ശേഷം മാത്രമേ അംബേദ്കർ സ്റ്റഡി സർക്കിൾ ഉണ്ടാക്കാൻ സാധിക്കൂ എന്ന് ധരിക്കുന്നത്, ടോപ്-ഡൗൺ രീതിയിലുള്ള  ലെനിനിസ്റ്റ് സംഘടനാ മാതൃകയിലാണ്  മുസ്ലീം വിദ്യാർഥി രാഷ്ട്രീയവും മുന്നോട്ട് പോവുക എന്ന മൗഢ്യത്തിലുമാകാം. ഈ വിമർശത്തിന് നിതീഷ് നൽകിയ മറുപടി കൂടുതൽ രസാവഹമാണ്. ആദ്യത്തെ ആരോപണം ദലിത് ഐക്യദാർഡ്യമെന്ന എസ് ഐ ഒ വിന്റെ നയം ജമാഅത്തെ ഇസ്ലാമിയുടെ മുഖം മൂടിയാണ് എന്നായിരുന്നു.അതിനെ ചോദ്യം ചെയ്യുമ്പോൾ പറയുന്നത് , അതൊന്നും ജമാഅത്തെ ഇസ്ലാമി തീരുമാനിച്ച് നടക്കില്ലെന്ന് അറിയാം എന്നായി തീരുന്നു.വാദത്തിന് വേണ്ടി വാദിക്കുക എന്നത് മാത്രമാണ് നീതീഷിന്റെ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ട്.

വീണ്ടും ചില വസ്തുതകൾ പറയാം. എസ് എഫ് ഐകാർക്ക് വേണ്ടിയാണ്. മൗദൂദി ജാതി വ്യവസ്ഥയെ കുറിച്ച് ഒന്നും പറഞ്ഞില്ല,ഗാന്ധിയെ വിമർശിച്ചില്ല എന്നൊക്കെ പറയുന്നതിന്റെ കാരണം മൗദൂദിയുടെ ആദ്യ ഗ്രന്ഥങ്ങളിൽ ഒന്നായ അൽ ജിഹാദു ഫിൽ ഇസ്ലാം ഗാന്ധിക്കുള്ള മറുപടി കൂടിയായിരുന്നു എന്നത് നിതീഷിന് അറിയാത്തതായിരിക്കണം.ബ്രിട്ടീഷ്‌കാർ കണ്ട് കെട്ടിയ,ദേശീയ പ്രസ്ഥാനത്തോട് ചായ്‌വുണ്ടായിരുന്ന, താജ് എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു തന്റെ ചെറുപ്പകാലത്ത് ( 17വയസ്സ്) മൗദൂദി.അക്കാലത്ത് അദ്ദേഹം മദൻമോഹന മാളവ്യ,ഗാഡി മുതലായ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളായി അറിയപ്പെട്ടിരുന്നവരുടെ ജീവചരിത്രകുറിപ്പുകൾ എഴുതിയിട്ടുണ്ട്, നിയാസ് ഫതേഹ് പുരിയെ പോലുള്ള ഉറുദു സാഹിത്യത്തിലെ സോഷ്യലിസ്റ്റ് ചേരിയുമായി സംവദിച്ചിട്ടുണ്ട്, ‘മർത്തത്തുൽ ജദീദ്’ തുടങ്ങിയ മുസ്‌ലിം ആധുനികവാദികളുടെ പുസ്തകങ്ങൾ ഉർദുവിൽ പരിചയപ്പെടുത്തുന്നുണ്ട്.

എന്നാൽ 1931 ന് ശേഷം ദേശീയ പ്രസ്ഥാനത്തിന്റെ ബ്രാഹ്മണിക് സ്വഭാവം വ്യകതമായതോടെ നിശിത വിമർശനങ്ങൾ അദ്ദേഹം ദേശീയ പ്രസ്ഥാനത്തോടും ഉയർത്തുന്നുണ്ട്.ദളിതുകളുടെ സാംസ്‌കാര സവിശേഷതയെ അഭിസംബോധന ചെയ്യുന്നുമുണ്ട്.ഇന്ത്യാ വിഭജനത്തിന് ബദലായി,അദ്ദേഹം മുന്നോട്ട് വെച്ച കൾച്ചറൽ ഫെഡറൽ സ്‌റ്റേറ്റ് എന്നതിൽ ദളിതുകളുടെ സ്വയംഭരണ സംസ്ഥാനം എന്ന ആശയം പങ്കുവെക്കുന്നുമുണ്ട്.എന്നാൽ വിഭജനം യാഥാർഥ്യമായതോടെ ഇത്തരം സംവാദങ്ങൾ തുടരുക ഇന്ത്യയിൽ മുസ്ലിംകൾക്ക് സാധ്യമായിരുന്നില്ല എന്ന രാഷ്ട്രീയ ബാലപാഠം നിതീഷിനും അറിയുമായിരിക്കുമല്ലോ.ദേശീയതക്കും ജനാധിപത്യത്തിനും മേൽ സവർണരും പത്താൻമാരും സയ്യിദുമാരും അടങ്ങുന്ന വരേണ്യരുടെ ആധിപത്യത്തെ കുറിച്ചുള്ള നിശിത വിമർശങ്ങളും അദ്ധേഹത്തിന്റെ എഴുത്തുകളിലും പ്രസംഗങ്ങളിലും സുലഭമാണ്. അന്തരിച്ച ഉമർ ഖാലിദി എഴുതിയ പഠനം ഒന്നും നിങ്ങൾ കാണണം എന്നില്ലല്ലോ.

കേരളത്തിൽ ഇപ്പോൾ മതേതര/സവർണ/ഭരണകൂട മുക്കൂട്ടുമുന്നണി സാധ്യമാക്കിയ മൗദൂദി ഭീതിക്ക് മുകളിൽ കുറച്ചു സമയം ചിലവഴിക്കുക എന്നതിൽ കവിഞ്ഞ ശ്രമം നിങ്ങളുടെ വിമർശനത്തിൽ ഇല്ല എന്നറിയാം.മൗദൂദി അല്ലെ എന്തും പറയാം എന്നതിൽ കവിഞ്ഞു വലിയ കാര്യം താങ്കളുടെ വിമർശനങ്ങളിൽ ഇല്ല. അപര ജനസമൂഹങ്ങളെക്കുറിച്ച് മാർക്‌സും എംഗൽസും നടത്തിയ വംശീയ പരമാർശങ്ങൾ വെറുതെ വാരി വിതറുന്നത് മാർക്‌സിനോടുള്ള നീതിയല്ല എന്നത് ഞങ്ങൾക്ക് അറിയാം. വിമർശനത്തിന്റെ നൈതികത നിങ്ങൾ പാലിക്കണം എന്ന് വാശിപിടിക്കാൻ ഞങ്ങളില്ല.

  • സംവരണ വിരുദ്ധത ആരുടെ അജണ്ട?

നിതീഷിന്റെ ഇതര ആരോപണങ്ങൾ എല്ലാം തന്നെ സമാനമാണ്. സംവരണത്തെ കുറിച്ച് ജമാഅത്തെ ഇസ്ലാമിയുടെ നയത്തിൽ ഒരു അവ്യക്തതയും ഉണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല നിരവധി സംസ്ഥാനങ്ങളിൽ പിന്നാക്ക സമൂഹങ്ങളുടെ സംവരണ മുന്നണികൾ രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്ക് ജമാഅത്തെ ഇസ്ലാമി വഹിക്കുന്നുണ്ട്. അപ്പോഴാണ് ജമാഅത്തെ ഇസ്ലാമിയും മുസ്ലീം വിദ്യാർഥി പ്രസ്ഥാനങ്ങളുമൊക്കെ തള്ളി പറഞ്ഞ ഒ. അബ്ദുറഹ്മാന്റെ ലേഖനം പൊക്കി പിടിച്ചും റേഡിയൻസിലെ ഏതോ ഒരു ലേഖനം എടുത്ത് കാണിച്ചും നിതീഷ് ജമാഅത്തിനെ സംവരണ വിരുദ്ധ പ്രസ്ഥാനമാക്കി മാറ്റുന്നത്. Slip of Tongue ആണോ  പ്രശനം?  ബാബറി മസ്ജിദ് പൊളിച്ചു കക്കൂസ് പണിയാം എന്ന് പറഞ്ഞ ഇ എം എസിന്റെ Slip of tongue എത്രകാലം എസ് എഫ് ഐക്കാർ മൂടിവെക്കും? ഇത്രയും ദുർബലമാണോ നിങ്ങളുടെ വിമർശനങ്ങൾ?

സംവരണത്തിൽ സിപിഎമ്മിന്റെ അടിസ്ഥാനപരമായ നിലപാട് എന്താണ്?. ജസ്റ്റിസ് കർണന് എതിരായ സുപ്രീം കോടതി നടപടികളെ പിന്തുണച്ച് യോഗ്യത മാത്രം പരിഗണിച്ച് ന്യായധിപ നിയമനം നടത്തേണ്ടുന്നതിന്റെ ആവിശ്യകതയെ കുറിച്ച് വാചാലനായി എസ്.രാമചന്ദ്രൻ പിള്ള (സവർണഹിന്ദുവായ, ജാതിവാലുള്ള പിള്ള)  എന്ന സിപിഎമ്മിന്റെ സമുന്നതനായ നേതാവ് ദേശാഭിമാനിയിൽ എഴുതിയ ലേഖനം തന്നെയാണല്ലോ അക്കാര്യത്തിലെ സിപിഎം നയം. മെറിറ്റിന്റെ ആളുകളാണ് എല്ലാ കാലത്തും സിപിഎമ്മുകാർ. കടകം പള്ളി സുരേന്ദ്രൻ എന്ന മന്ത്രി ബ്രാഹ്മണർക്ക് സംവരണം കൊടുക്കാത്തതിൽ വിഷമിച്ച് നടത്തിയ പ്രസംഗം പാർട്ടി നയമാണ് എന്നാണ് അദ്ധേഹം വിശദീകരിച്ചത്.എൽ ഡി എഫ് സർക്കാറിന്റെ ഇത്തവണത്തെ പ്രകടന പത്രികയിലും മുന്നാക്കകാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പാക്കും എന്ന് എഴുതി വെച്ചിട്ടുണ്ട്.സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം പരിഗണിച്ച് സവർണർക്ക് സംവരണം നൽകും എന്ന് പ്രകടന പത്രികയിൽ എഴുതി വെച്ച പാർട്ടിയുടെ വിദ്യാർഥി നേതാവിന് അക്കാര്യത്തിൽ എന്ത് പറയാനുണ്ട്?

  • പ്രബോധനവും ഉത്തരേന്ത്യയും

ദലിത് മുസ്ലീങ്ങളെ കുറിച്ച് ജമാഅത്തെ ഇസ്ലാമി സംസാരിക്കുന്നില്ലെന്ന് പറയുന്ന നിതീഷ് ചുരുങ്ങിയത് എസ്എഫഐയുടെ പശ്മണ്ടാ മൂവ്‌മെന്റിനോടുള്ള സമീപനമെങ്കിലും വിശദീകരിക്കാൻ തയ്യാറാവണം. പ്രബോധനം ഉത്തരേന്ത്യയിലെ മുസ്ലീം സമൂഹത്തിന്റെ സാമൂഹികാവസ്ഥകളെ കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടേയില്ല എന്നൊക്കെ പറയുന്ന നിതീഷിന് കേരളത്തിൽ വരുന്ന സമയത്ത് വെള്ളിമാടു കുന്നിലെ പ്രബോധനം ഓഫീസൊന്ന് സന്ദർശിക്കാവുന്നതാണ്. കൂട്ടത്തിൽ മാധ്യമം ഓഫീസിലും ചെന്നാൽ കേരളത്തിലെ മുസ്ലീം രാഷ്ട്രീയത്തിന്റെ ചരിത്രം മനസ്സിലാക്കാൻ സാധിക്കും.

ആർക്കൈവ്‌സ് വായിക്കാൻ താല്പര്യമില്ലെങ്കിൽ ചുരുങ്ങിയത് കെ ടി ജലീൽ സാഹിബിനെയെങ്കിലും ഒന്ന് വിളിക്കുക. ആ സംശയം തീർന്നു കിട്ടും. അല്ലേൽ ഇമ്പിച്ചി ബാവയുടെ വീട്ടിൽ പോവുക. പ്രബോധനം പഴയ കോപ്പികൾ അദേഹത്തിന്റെ പൊന്നാനിയിലെ വീട്ടിൽ കിട്ടും. എന്തിനധികം സ്പീക്കർ ശ്രീരാമകൃഷ്ണൻ നല്ലൊരു പ്രബോധനം വായനക്കാരനും നേരും നെറിയുമുള്ള മലപ്പുറത്തുകാരൻ സഖാവാണ്. അദേഹത്തോട് ചോദിക്കുക. Emprical Evidence ആണല്ലോ നിങ്ങളുടെ പ്രശ്‌നം!.ചിന്തയും ദേശാഭിമാനിയും സവർണ രാഷ്ട്രീയത്തെ കുറിച്ചും ദലിത് മുസ്ലീം രാഷ്ട്രീയത്തെ കുറിച്ചുമൊക്കെ എന്താണ് എഴുതാറുള്ളത് എന്നത് നിതീഷിനോട് ചോദിച്ച് സമയം കളയുന്നില്ല. കെ എൻ ഗണേഷ് ഒക്കെ എഴുതിയ ദളിത് വിരുദ്ധത ‘ചിന്ത ‘ യുടെ താളുകളിൽ ഒട്ടിപ്പിടിച്ചു കിടക്കുന്നതു എല്ലാവർക്കും കാണാം.

  • ഏതു മുസ്‌ലിം പ്രസ്ഥാനം?

ജമാഅത്തെ ഇസ്ലാമി അവിടെ ഇരിക്കട്ടെ. ഇസ്ലാമിസ്റ്റുകളുടെ പൊളിറ്റിക്കൽ ഇസ്ലാം ആർ എസ് എസിനെ പോലെ എതിർക്കപെടണമെന്നാണല്ലോ നയം. ബാക്കി മുസ്ലീം രാഷ്ട്രീയ മുൻകൈകളെ കുറിച്ച് ഇടതുപക്ഷത്തിന്റെ നയമെന്താണ്?.മുസ്ലീം ലീഗ് വർഗീയ പ്രസ്ഥാനമാണ്,പിഡിപി വർഗീയ പ്രസ്ഥാനമാണ്,ഐ എൻ എൽ ഇപ്പോഴും പടിക്ക് പുറത്താണ്. ഇതിൽ നിന്ന് വ്യക്തമല്ലേ മുസ്ലീം രാഷ്ട്രീയ മുന്നേറ്റങ്ങളോടുള്ള ,നിതീഷിന്റെ പാർട്ടിയുടെ നയം. മുസ്ലീങ്ങളുടെ മുൻകൈയ്യിൽ നടക്കുന്ന പുതിയ രാഷ്ട്രീയ വികാസങ്ങളെ വേഷം മാറലായി മാത്രം കാണാൻ സാധിക്കുന്നത് ആ നിലപാടിന്റെ തുടർച്ചയായി മാത്രമെ മനസ്സിലാക്കാനാവൂ.

ജമാഅത്തെ ഇസ്ലാമിയെ മാത്രമല്ല കേരളത്തിലെ മുസ്ലീം ലീഗിനെയും സവർണർ,വരേണ്യർ എന്നൊക്കെയാണ് പൊതുവെ ഇടതുപക്ഷക്കാർ വിളിച്ച് പോരുന്നത്.ആരാണ് കേരളത്തിലെ സവർണ മുസ്ലീങ്ങൾ?. എന്താണ് അത്തരത്തിലൊരു വർഗീകരണത്തിന്റെ മാനദണ്ഡം?പട്ടിണി മാറ്റാൻ പ്രവാസം തൊഴിലാക്കി നാല് കാശുണ്ടാക്കിയ മുസ്ലീങ്ങളാണോ?. കേരളത്തിലെ മുസ്ലീങ്ങൾ ഒബിസി വിഭാഗത്തിലാണല്ലോ വരുന്നത്. അവരിൽ സവർണരെ കണ്ടെത്തുന്നവർ തങ്ങളുടെ വർഗീകരണത്തിന്റെ താൽപര്യവും മാനദണ്ഡവും വിശദീകരിച്ചേ മതിയാകൂ. മുസ്ലിംകളെപ്പറ്റി സംസാരിക്കുമ്പോൾ ഹിന്ദു മൂല്യമണ്ഡലത്തിൽ നിന്ന് എത്ര അകലയാണ് നിങ്ങൾ എന്ന ചോദ്യം ഓരോ തവണയും നിങ്ങൾ ചോദിക്കേണ്ടി വരും. അത്രയും ആഴത്തിൽ വേരോടിയതാണ് ഇവിടുത്തെ ഹിന്ദു ജാതി ബോധം.

  • വർഗസമരത്തിന്റെ ശുദ്ധിബോധം

വർഗസമരത്തിന് ജമാഅത്തെ ഇസ്ലാമി എതിരാണ് എന്നും നിതീഷിന്റെ ലേഖനം പറഞ്ഞു പോകുന്നുണ്ട്. സമസ്ത പ്രശ്‌നങ്ങളും വർഗസമരങ്ങളിലൂടെ നേരിടാം എന്ന നിലപാടിനോട് ഇന്ത്യൻ സാമൂഹികാവസ്ഥയെ മനസ്സിലാക്കുന്ന ഏതൊരു പ്രസ്ഥാനത്തിലും എതിർപ്പുണ്ടാകും. ജാതി വിവേചനങ്ങളെയും വർഗസമരത്തിലൂടെയാണ് നേരിടേണ്ടത് എന്ന് പറയാതെ പറയുകയാണ് നിതീഷ് ചെയ്യുന്നത്.ജാതി,മതം,ലിംഗം,സമുദായം,വർഗം,ദേശം,ഭാഷ തുടങ്ങിയവയിൽ അധിഷ്ടിതമായ വിവേചനങ്ങളെ അങ്ങനെ തന്നെ മനസ്സിലാക്കുകയും സമീപിക്കുകയും വേണമെന്ന് മുസ്ലീം വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് നിലപാടുണ്ട്. മുസ്ലിംങ്ങൾ എന്ന നിലയിൽ തന്നെ തങ്ങളുടെ അസ്ഥിത്വം ചോദ്യം ചെയ്യപെടുന്ന , രാഷ്ട്രീയപരമായും ജ്ഞാനശാസ്ത്രപരമായും ജൈവരാഷ്ട്രീയപരമായും വംശഹത്യക്ക് വിധേയമാകുന്ന സാഹചര്യത്തിൽ,  മുസ്ലീങ്ങളെ ജാതി സമൂഹമായി മാത്രമേ കാണാനാകൂ എന്ന സമീപനമാണ് നിതീഷ് മുന്നോട്ട് വെക്കാൻ ശ്രമിക്കുന്നത്. ഇത് പഴയ വർഗശുദ്ധി വാദം പുതിയ കുപ്പിയിൽ ആക്കിയതാണ്. അതിൽ ഒരു പുതുമയുമില്ല. അതിനു കീഴടങ്ങാൻ മനസ്സുമില്ല. സോവിയറ്റ് യൂണിയനും ബംഗാളും ഒന്നും ഇനി ബാക്കിയില്ല എന്ന് മാത്രം ഓർമിപ്പിക്കട്ടെ.

  • വീണ്ടും കാമ്പസ് രാഷ്ട്രീയത്തിലേക്ക്

ക്യാമ്പസുകളിൽ ദളിത് മുസ്ലീങ്ങളെ കുറിച്ച് എസ് ഐ ഒ സംസാരിക്കാറുണ്ടോ എന്ന് നിതീഷ് ചോദിക്കുന്നുണ്ട്.ക്യാമ്പസിൽ ദലിതുകളെ കുറിച്ചും മുസ്ലീങ്ങളെ കുറിച്ചും സംസാരിക്കുന്ന എസ് ഐ ഒ വിനോടും എം എസ് എഫിനോടും ദലിത് വിദ്യാർഥി പ്രസ്ഥാനങ്ങളോടും എസ് എഫ് ഐ സ്വീകരിക്കുന്ന സമീപനത്തെ കുറിച്ച് അഖിലേന്ത്യാ നേതാവിന് അറിയുമായിരുക്കമല്ലോ. നേരത്തെ പറഞ്ഞ ആർ എസ് വസീമിന്റെ ലേഖനം ഒരാവർത്തി കൂടി വായിക്കുക. മുസ്ലീം വിദ്യാർഥി രാഷ്ട്രീയത്തെ ഹൈദരാബാദിലും ജെ എൻ യു വിലും സമാധാനപരമായും  കേരളത്തിലെ ക്യാമ്പസുകളിൽ കായികമായും  നേരിടുന്ന  എസ് എഫ് ഐ  സമീപനത്തിന്റെ കാരണങ്ങൾ ഒന്ന് വിശദീകരിക്കാൻ നിതീഷ് തയ്യാറാവുമോ?.

മാൽക്കം എക്‌സിന്റെയും അംബേദ്ക്കറുടെയും എഴുത്തും പ്രവർത്തനങ്ങളും നിരന്തരമായി വായിക്കുന്ന,പുസ്തക ചർച്ചകളും,അക്കാദമിക സമ്മേളനങ്ങളും നടത്തുന്ന എസ് ഐ ഓ എന്ന ഇസ്‌ലാമിക  വിദ്യാർഥി പ്രസ്ഥാനത്തോട് നിങ്ങൾ വായിക്കാൻ കൊടുക്കുന്ന പുസ്തകങ്ങളിൽ ഇവരൊന്നുമില്ലല്ലോ എന്ന് ചോദിക്കുന്നതിലെ അപഹാസ്യത ഒന്ന് ആലോചിച്ച് നോക്കൂ.മൗദൂദിയെ കുറിച്ച് സംസാരിക്കാനുള്ള പേടികൊണ്ടാണ് ഇതൊക്കെ എന്ന് പറയുന്ന നിതീഷിനോട് മൗദൂദിയുടെ പുസ്തകങ്ങൾ പരസ്യമായി തന്നെ വീണ്ടും വീണ്ടും വായിക്കുന്ന പ്രസ്ഥനമാണ് എസ് ഐ ഒ എന്ന് ആരെങ്കിലുമൊന്ന് പറഞ്ഞു കൊടുക്കണം. പക്ഷെ കേരളത്തിൽ ഹമീദ് ചേംന്ദമംഗല്ലൂർ അടക്കമുള്ളവർ ഉന്നയിച്ചിരുന്നതും ജമാഅത്തെ ഇസ്ലാമിക്കാർ  കൃത്യമായി തുറന്ന് കാണിച്ചിട്ടുള്ളതുമായ മുനീർ കമ്മീഷൻ റിപ്പോർട്ട് പോലെയുള്ള   പ്രേതകഥകൾ ഇനിയും ചർച്ച ചെയ്ത് സമയം കളയാൻ എസ് ഐ ഒ ക്കാരെ കിട്ടുമെന്ന് തോന്നുന്നില്ല. നവീദ ഖാനം മുനീർ കമീഷനെക്കുറിച്ച് എഴുതിയ പഠനം
Muslim Becoming : Aspiration and Skepticism in Pakistan എന്ന പുസ്തകത്തിൽ   നിതീഷിനു സമയം കിട്ടുമ്പോൾ തപ്പിപ്പിടിച്ചു വായിച്ചോളൂ! ഏതായാലും ക്യാമ്പസുകളിലൊന്നും കാണാറില്ലെങ്കിലും എസ്എഫ്‌ഐയുടെ പഠന ക്ലാസുകളിൽ മാൽക്കം എക്‌സും ഇ എം എസ് ജാതി വാദിയെന്ന് അധിക്ഷേപിച്ച അംബേദ്ക്കറുമൊക്കെ വായിക്കപെടുന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

എസ്‌ഐഒവും ദലിത് ബഹുജൻ ആദിവാസി വിദ്യാർഥി പ്രസ്ഥാനങ്ങളും തമ്മിലുള്ള സഹോദര്യവും ഐക്യദാർഡ്യ രാഷ്ട്രീയവുമാണ് നിതീഷിന്റെ പ്രകോപനമെന്ന് ലേഖനത്തിൽ ഉടനീളം വ്യക്തമാകുന്നുണ്ട്. അതിന്റെ ഉന്നം കാമ്പസിലെ മാറിയ രാഷ്ട്രീയമാണ്. നിതീഷ് ഉന്നയിക്കുന്ന പോലുള്ള വാദങ്ങൾ ഉന്നയിച്ച് എസ്‌ഐഒവിനെ ശത്രുപക്ഷത്ത് നിർത്താൻ അംബേദ്കറൈറ്റ് മൂവ്‌മെന്റുകൾ തയ്യാറാവണമെന്ന ആഗ്രഹവും നിതീഷ് പ്രകടിപ്പിക്കുന്നുണ്ട്. ദലിത് മുസ്ലീം ആദിവാസി ബഹുജൻ വിദ്യാർഥി ഉണർവുകളെ തകർക്കാനും ഭിന്നിപ്പിക്കാനും കേന്ദ്ര സർവകലാശാലകളിൽ അടക്കം എസ് എഫ് ഐ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായി മാത്രമേ ഈ ലേഖനത്തെ മനസ്സിലാക്കാനാവുന്നുള്ളൂ. ആ ശ്രമങ്ങൾ വരും കാല കാമ്പസുകൾ തിരിച്ചറിയുമെന്ന ശുഭാപ്തി വിശ്വാസം നല്ലോണമുണ്ട്.

  • മണ്ഡലും മുസ്ലിംകളും : ചില വ്യക്തതകൾ

രംഗനാഥ് മിശ്ര കമ്മീഷൻ റിപ്പോർട്ടിന് ജമാഅത്ത് എതിരായിരുന്ന എന്ന കള്ളത്തിന് ശേഷം നിതീഷ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അവതരിപ്പിക്കുന്ന അടുത്ത വാദം ജമാഅത്ത് മണ്ഡൽ കമ്മീഷന് എതിരായിരുന്നു എന്നാണ്. മണ്ഡൽ പ്രക്ഷോഭത്തിനിടെ യുപിയിൽ കാൻഷി റാമിനെ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയതിന്റെ ചിത്രം എസ് ഐ ഒ വിന്റെ മുഖപത്രമായിരുന്ന യുവസരണയിൽ കണ്ടതാണ് നിതീഷിന്റെ ആരോപണം വായിച്ചപ്പോൾ എനിക്കോർമ്മ വന്നത്. എൺപതുകളിൽ ജമാഅത്തെ ഇസ്ലാമിയും യുവജന വിദ്യാർഥി പ്രസ്ഥാനമായിരുന്ന എസ് ഐ ഒ വും സ്വീകരിച്ച നിലപാടുകൾ ചരിത്രമാണ്. സത്യസന്ധമായും പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ എസ് ഐ ഒ വിന്റെ പ്രസിദ്ധീകരണങ്ങൾ അക്കാര്യത്തിൽ മികച്ച റഫറൻസായിരിക്കും. അതല്ലാത്തെ എസ് ഐ ഓ മണ്ഡലിനു എതിരായിരുന്നു എന്ന് തട്ടിവിടുന്നത് സ്വന്തം മണ്ഡൽ വിരുദ്ധ നിലപാടിനെ സാധൂകരിക്കാനെ ഉതകൂ.

പക്ഷെ എൺപതുകളിലെയും തൊണ്ണൂറുകളിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലപാടുകളെ എസ്.എഫ്.ഐ ക്കാർ ആദ്യം പഠിക്കേണ്ടതുണ്ട്. മുസ്ലീം സമുദായത്തിന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന ഏക സിവിൽ കോഡ് നടപ്പാക്കാൻ ഇം എം എസും കൂട്ടരും നടത്തിയ സവർണ രാഷ്ട്രീയ ഇടപാടുകൾ  ഒന്ന് പഠിക്കുന്നത് നന്നാവും. ശരീഅത്ത് വിവാദവും ബാബരി മസ്ജിദും  മണ്ഡലും തമ്മിലെ ബന്ധം നിങ്ങൾ മറക്കരുത്. ഇതൊക്കെ മറച്ചുവെച്ച് മുഴുവൻ കുറ്റവും ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നത് ഏതായാലും സംഘപരിവാർ അല്ലലോ, ഭാഗ്യം!

ഒരൊറ്റ സമകാലിക ഉദാഹരണം നൽകി ഈ ചർച്ച അവസാനിപ്പിക്കാം. സിബിഎസ്ഇ ഹിജാബ് നിരോധിച്ചതിനെതിരായ ഹരജി തള്ളിയപ്പോൾ അതിനെ അനുകൂലിച്ച പ്രസ്ഥാനമാണ് എസ് എഫ് ഐ. ഹിജാബ് ധരിക്കാനുള്ള വിശ്വാസ സ്വാതന്ത്ര്യത്തിനായിമുസ്ലീം വിദ്യാർഥിനികളുടെ പോരാട്ടത്തോട് ഇനിയെങ്കിലും നിലപാട് വ്യക്തമാക്കാൻ നിതീഷ് തയ്യാറാകുമോ? മണ്ഡൽ – മസ്ജിദ് – ശരീഅത്തു ചർച്ചകൾ എങ്ങിനെ നടന്നുവെന്ന് മനസ്സിലാക്കാൻ നിതീഷ് കുറേകൂടി ചരിത്രം പഠിക്കണം. വ്യാജങ്ങൾ ചമച്ചുകൊണ്ട് ഇസ്ലാമിക പ്രസ്ഥാനങ്ങളെ താറടിക്കാൻ ശ്രമിക്കുന്നത് ഹിന്ദുത്വവാദികൾ മാത്രമല്ല. നിങ്ങളെപ്പോലുള്ള എസ് എഫ് ഐക്കാർ കൂടിയാണ് എന്നത് വളരെ വ്യക്തമാണ്. നിങ്ങളും ആർ  എസ് എസും പങ്കുവെക്കുന്ന ഈ പൊതുനിലപാട് ബോധപൂർവമാണോ ?

  • ചോദ്യങ്ങൾ അവസാനിക്കുന്നില്ല

എന്റെ അനുഭവത്തിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി, വിശിഷ്യാ  കേരളത്തിൽ  ഉന്നയിക്കപെട്ട,  ജനാധിപത്യ പ്രശ്‌നങ്ങളെ ദൈവശാസത്രപരമായും സാമൂഹിക രാഷ്ട്രീയ വിശകലനത്തിന്റെ പ്രാഥമിക പ്രശ്‌നമായും മുസ്ലീം വിദ്യാർഥി രാഷ്ട്രീയം അഭിമുഖീകരിക്കുന്നുണ്ട്. ദലിത് ബഹുജനങ്ങൾ, ജനാധിപത്യ ബോധമുള്ള ഇടതുപക്ഷക്കാർ, ഫെമിനിസ്റ്റുകൾ, മറ്റു മതന്യൂനപക്ഷ പ്രസ്ഥാനങ്ങൾ ഒക്കെ ഇസ്ലാമിക വിദ്യാർഥി പ്രസ്ഥാനമായ എസ് ഐ ഓവിനോട് യോജിച്ചും വിയോജിച്ചും നിലപാടുകൾ എടുത്തിട്ടുണ്ട്. അതിനിയും തുടരും. ആരുടേയും ഭീഷണിക്ക് എസ് ഐ ഓ വഴങ്ങുമെന്ന് തോന്നുന്നില്ല.

പക്ഷെ എസ് എഫ് ഐയെപ്പോലെ കായികമായി ഞങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചവർ അപൂർവമാണ്. അതുകൊണ്ട് തന്നെ ജനാധിപത്യത്തെ ഒരു നൈതിക ആത്മീയ ബോധ്യമായി തിരിച്ചറിയാൻ സാധിച്ചാൽ എസ് എഫ് ഐ രക്ഷപ്പെടും. ഇത്തരം വ്യാജ ആരോപണങ്ങളും ഹിന്ദുജാതി യുക്തികളും കൊണ്ട് സ്വന്തം ബലഹീനതകളുടെ മേലെ  ഓട്ടയടക്കാൻ ശ്രമിച്ചാൽ നിരാശ മാത്രമായിരിക്കും ഫലം.

ഇടത്/വലത്, മതേതരത്വം /വർഗീയത, മതം/രാഷ്ട്രീയം, ആത്മീയത/ഭൗതികത, പാശ്ചാത്യം/പൗരസ്ത്യം തുടങ്ങിയ ലളിത  ബൈനറികളെ മറികടന്ന് പുതിയൊരു സാമൂഹിക രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാതൃകയും ഇസ്‌ലാമിക വിദ്യാർഥി രാഷ്ട്രീയം മുന്നോട്ട് വെക്കുന്നുണ്ട്. ലോകത്തെ എല്ലാ പ്രമുഖ സർവകലാശാലകളിലും ഇസ്ലാമിക വിദ്യാർഥി രാഷ്ട്രീയത്തിന്റെ അനേകം കൈവഴികൾ ഇന്ന് കാണാം. സംവാദവും അനീതിക്കെതിരാര പോരാട്ടവും അതിന്റെ മുഖമുദ്രയാണ്. മുസ്‌ലിം പ്രശ്‌നത്തിന്റെ  ആഗോള സ്വഭാവം ഈ സംവാദത്തെ ഏറെ നിർണയിക്കുന്നുണ്ട്.

ഇന്ത്യയിലെ തന്നെ പ്രമുഖരായ ദലിത് ബഹുജൻ/ ഫെമിനിസ്റ്റ്/ റാഡിക്കൽ  ചിന്തകർക്കും ആക്ടിവിസ്റ്റുകൾക്കും എസ് ഐ ഒ വിനോട് ക്രിയാക്തമായി വിമർശിക്കുവാനും മുസ്ലീം രാഷ്ട്രീയത്തോട് സംവാദാത്മക ബന്ധം കാത്തു സൂക്ഷിക്കുവാനും സാധിക്കുന്നതും അതിന്റെ മികച്ച ഉദാഹരണമാണ്. മതം, ജാതി,

വർഗം, ദേശം, പ്രദേശം, ലിംഗം തുടങ്ങിയ പ്രശ്‌നങ്ങളിൽ ഇനിയും സംവാദ സന്നദ്ധമായി എസ് ഐ ഓയും ഇസ്ലാമിക  രാഷ്ട്രീയത്തിന്റെ വക്താക്കളും  ഇവിടെ

SFI-attacked-kerala-student

തന്നെയൊക്കെ ഉണ്ടാവും. സഖാക്കളെ, ഭരണകൂട നിരോധനവും സാമൂഹിക വിലക്കും സാംസ്‌കാരിക ബഹിഷ്‌കരണവും ഇസ്ലാമിക ജീവിത മാർഗത്തിലെ പൂമാലകൾ മാത്രമാണ്.

അതുകൊണ്ടാണ് ജെ എൻ യു വിലും എച് സി യു വിലും ജാതിഹിന്ദു അടിത്തറയുള്ള  ഇടത് രാഷ്ട്രീയ ഡോഗ്മകൾക്കപ്പുറമുള്ള കീഴാള രാഷ്ട്രീയത്തിൽ ഇടപെടാൻ മുസ്ലീം വിദ്യാർഥി രാഷ്ട്രീയത്തിന് സാധ്യമാകുന്നതും നിതീഷ് നാരാണയണന്റെ പാർട്ടിക്ക് ആ സംവാദങ്ങളിൽ ഇടപെടേണ്ടി വരുന്നതും. തീർച്ചയായും പുറത്തേക്കുള്ള ചോദ്യങ്ങൾ മാത്രമല്ല അകത്തേക്കും സ്വന്തത്തിലേക്കുമുള്ള ചോദ്യങ്ങളായാണ് ഇസ്‌ലാമിക  രാഷ്ട്രീയത്തിന്റെ വികാസം.അഭാവത്തെ കുറിച്ച് മാത്രമല്ല അധികത്തെ കുറിച്ച് കൂടി സംസാരിക്കാനാവുന്നതാണ് ഇസ്‌ലാമിക  രാഷ്ട്രീയത്തിന്റെ ധാർമിക ബലം.അതിനോട് സംവദിക്കാൻ ഈ ഭൂത പ്രേത കഥകൾ മതിയാകുമോ എന്ന് ആലോചിക്കുന്നിടത്ത് ഒരു പക്ഷെ നിതീഷിന്റെ പാർട്ടിക്ക് ഒരു സംവാദ മണ്ഡലം തുറക്കാനായേക്കാം.

Top