Navigation

കൂടെപ്പോരുന്ന മീനുകള്‍

bheemayana

 

 

ഡോ. ബി ആര്‍ അംബേദ്‌കറുടെ ജീവിതത്തെ ആസ്പദമാക്കുന്ന
ഭീമായനം: തൊട്ടുകൂടായ്മയുടെ അനുഭവങ്ങള്‍ എന്ന  പുസ്തകത്തെ എം.ആര്‍.രേണുകുമാര്‍ പരിചയപ്പെടുത്തുന്നു

 

 

മ്പതില്‍ പഠിക്കുമ്പോഴാണ് അംബേദ്കര്‍ എന്ന പേര് ഞാനാദ്യമായി കേള്‍ക്കുന്നത്. അതിന് മുമ്പേ ഗാന്ധി, നെഹ്റു, പട്ടേല്‍ എന്നൊക്കെ കേട്ടിരുന്നെങ്കിലും അംബേദ്കര്‍ എന്നൊരാളെപ്പറ്റി ഞാന്‍ കേട്ടതേയില്ല. ഇങ്ങനെയൊരാള്‍ അവരുടെകാലത്ത് ജീവിച്ചിരുന്നതായി പഠിച്ച ഒരു പുസ്തകവും പറഞ്ഞുതന്നതുമില്ല. മുതിര്‍ന്നവരുടെ നാവില്‍നിന്നോ അപൂര്‍വ്വമായി കൈയിലെത്തിയ മറ്റു പുസ്തകങ്ങളില്‍നിന്നോ അങ്ങനെയൊരുപേര് വീണ് കിട്ടിയതുമില്ല. ഒരു പക്ഷെ ഒമ്പതാം ക്ളാസ്സില്‍ മലയാളം ഉപപാഠപുസ്തകമായി ആ മഹാന്‍റെ ജീവിതകഥ പഠിക്കാന്‍ വെച്ചില്ലായിരുന്നെങ്കില്‍ പിന്നെയും എത്രനാള്‍ കഴിഞ്ഞേനെ ഞാനാപ്പേര് കേള്‍ക്കാന്‍. എന്തുകൊണ്ടാണ് ചിലപേരുകള്‍ കേള്‍ക്കാതെ പോകുന്നത്. എന്തുകൊണ്ടാണ് ചിലപേരുകള്‍ കൂടുതല്‍ കൂടുതല്‍ കേള്‍ക്കേണ്ടിവരുന്നത്. അതു നമ്മുടെ കേള്‍വിയുടെ മാത്രം പ്രശ്നമാണോ? അക്ഷരമറിയാമെന്ന ഒറ്റകാരണത്താല്‍ അറിയേണ്ടതെല്ലാം നമ്മുക്ക് വായിച്ചറിയാന്‍ പറ്റുന്നുണ്ടോ? നിങ്ങള്‍ എപ്പോഴെങ്കിലും ഇങ്ങനെയൊക്കെ വിചാരിച്ചിട്ടുണ്ടോ? ഇല്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ഇതു വായിക്കുമ്പോഴെങ്കിലും വെറുതെ അങ്ങനെയൊന്നു ആലോചിച്ചുനോക്കൂ!.
ഒമ്പതില്‍ പഠിക്കുമ്പോഴുളള എന്റെ അവസ്ഥയല്ല നിങ്ങളില്‍ പലര്‍ക്കും ഇപ്പോള്‍ഉളളതെന്ന് എനിക്കറിയാം. നിങ്ങള്‍ അംബേദ്ക്കറെക്കുറിച്ച് കേട്ടിട്ടുണ്ട്. അംബേദ്ക്കറുടെ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്ക് തിരിച്ചറിയാനാകും. അദ്ദേഹം ഇന്ത്യയുടെ ഭരണഘടനശില്പിയായിരുന്നുവെന്നും, ആദ്യത്തെ നിയമ മന്ത്രിയായിരുന്നെന്നും ഒക്കെ മിടുക്കികളും മിടുക്കന്മാരുമായ നിങ്ങള്‍ക്കറിയാം. ഇനി ആര്‍ക്കെങ്കിലും അറിയാതുണ്ടെങ്കില്‍ നമ്മുക്കവര്‍ക്ക് അദ്ദേഹത്തെപ്പറ്റി ചില കാര്യങ്ങള്‍ പറഞ്ഞുകൊടുത്താലോ. അതിന് പറ്റിയ ഒരു പുസ്തകം അടുത്ത കാലത്തായി പുറത്തുവന്നിട്ടുണ്ട്. ഭീമായനം എന്നാണതിന്റെ പേര്. കുട്ടികളെ ഉദ്ദേശിച്ചു പ്രസിദ്ധീകരിച്ച പുസ്തകമൊന്നുമല്ല അത്. പക്ഷെ കുട്ടികളായ നിങ്ങള്‍ക്ക് നല്ല രീതിയില്‍ വായിച്ചും കണ്ടും രസിക്കാനാവും വിധമാണത് തയ്യാറാക്കിയിരിക്കുന്നത്. അതൊരു ഗ്രാഫിക് നോവലാണ്. എന്ന് കേട്ട് ആരും പേടിക്കേണ്ട. ചില മിടുക്കന്മാര്‍ക്കും  മിടുക്കികള്‍ക്കും എന്താണ് ഗ്രാഫിക് നോവല്‍ എന്നൊക്കെ അറിയാമായിരിക്കും. അവര്‍ വേണമെങ്കില്‍ ഒന്നു മിനുട്ട് സ്വപ്നം കണ്ടോളൂ. ഗ്രാഫിക് നോവലെന്താണെന്നോ? ഒരു കഥ ചിത്രങ്ങളുടെ സഹായത്തോടുകൂടി കുറച്ചു വാക്കുകളിലൂടെ തുടര്‍ച്ചയായി പറഞ്ഞു പോകുന്നതിനാണ് അങ്ങനെപറയുന്നത്. ഒരു ചിത്രകഥ എന്നു വേണമെങ്കില്‍ പറയാം. പക്ഷേ ഗ്രാഫിക് നോവല്‍ ഒരു ചിത്രകഥ മാത്രമല്ല. ചിത്രനോവല്‍ എന്നുപറഞ്ഞാല്‍ കുറച്ചു കൂടി ശരിയായേക്കും. പക്ഷെ എന്നാലും പോരാ. അതുകൊണ്ട് നമുക്ക് ഗ്രാഫിക് നോവലിനെ ഗ്രാഫിക് നോവല്‍ എന്നുതന്നെ വിളിക്കാം. പറഞ്ഞാല്‍ മനസ്സിലാകാത്ത പലകാര്യങ്ങളും ചിലപ്പോള്‍ വായിച്ചാല്‍ മനസ്സിലായേക്കും. കണ്ടാല്‍ മനസ്സിലായേക്കും. അതുകൊണ്ടാണ് അംബേദ്ക്കറിന്‍റെ കഥ പറയുന്ന ഈ പുസ്തകം ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. നിങ്ങള്‍ക്ക് വിട്ടുതരുന്നത്. അതിപ്പോള്‍ ഇംഗ്ളീഷിലും മലയാളത്തിലും നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്. ചിത്രങ്ങള്‍ കാണാന്‍ പിന്നെ ഒരു പ്രത്യേക ഭാഷ വേണ്ടല്ലോ. ചിത്രങ്ങളാണല്ലോ അക്ഷരങ്ങളുടെ മുതുമുത്തിയും മുതുമുത്തനും സോറി ഗ്രാന്റ്മായും ഗ്രാന്റ്പ്പായും. ഈ പുസ്തകത്തിലെ ഗ്രാഫിക്സുകള്‍ ചെയ്തത് അഥവാ ചിത്രങ്ങള്‍ വരച്ചത് ആരാണെന്നറിയേണ്ട? അവരുടെ പേരാണ് ദുര്‍ഗാബായി വ്യാം, സുബാഷ് വ്യാം. ഇവരുടെ മകള്‍ റോഷിനി വ്യാമും ഇതില്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. മീനിന്റെ ചിത്രങ്ങള്‍ കൊണ്ട് മാത്രം അധ്യായത്തിന്റെ തലക്കെടുകളും നമ്പരുകളും സൃഷ്ടിച്ചത് ഈ കൊച്ചു ചിത്രകാരിയാണ്. ഈ ചിത്രകാരിക്കും ചിത്രകാരനും എഴുത്തും വായനയും അത്ര വശമുണ്ടായിരുന്നില്ല. ഈ പുസ്തകത്തിന്‍റെ കഥയൊക്കൊ ഹിന്ദിയില്‍ തയ്യാറാക്കി മകളായ റോഷിനിയെക്കൊണ്ട് വായിപ്പിച്ചാണ് അവര്‍ക്ക് മനസ്സിലാക്കികൊടുത്തത്. ശ്രീവിദ്യനടരാജന്‍, എസ്.ആനന്ദ് എന്നിവരാണ് ഇതിന്‍റെ കഥയുണ്ടാക്കിയത്. ഒരു ഉത്തരേന്ത്യന്‍ ദലിത് യുവതിയും തെന്നിന്ത്യന്‍ ബ്രാഹ്മണയുവാവും തമ്മിലുളള സംഭാഷണ രൂപത്തിലാണ് ഭീമായനത്തിന്‍റെ കഥ ഇതള്‍ വിടരുന്നത്. അംബേദ്കറുടെ ജീവിതകഥയോടൊപ്പം ദലിത് സംവരണം, ദലിത്പീഡനം, തുടങ്ങിയ കാലികവിഷയങ്ങളും ഇടകലര്‍ത്തിയാണ് പുസ്തകത്തിന്റെ ഉളളടക്കം ക്രമപ്പെടുത്തിയിരിക്കുന്നത്. അതൊക്കെ ഒരു പക്ഷെ നിങ്ങള്‍ക്ക് വളരെവേഗം ദഹിക്കാന്‍ പറ്റാത്ത കാര്യമാകും. എന്നാലും ഇങ്ങനെയൊക്കെയും ചില കാര്യങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കാമല്ലോ. ചില കാര്യങ്ങള്‍ മനസ്സിലാവാന്‍ നമ്മള്‍ വലുതാവേണ്ടി വരും. ശരീരം കൊണ്ടുമാത്രമല്ല, മനസ്സുകൊണ്ടും വലുതാവുമ്പോഴാണ് സമൂഹത്തെക്കുറിച്ച് നമ്മുക്ക് ഒട്ടനവധി കാര്യങ്ങള്‍ മനസ്സിലാവുക.
ചിത്രകാരിയിലേക്കും ചിത്രകാരനിലേക്കും തിരിച്ചുവരാം. ഇവര്‍ മധ്യപ്രദേശിലെ പര്‍ദാന്‍ ഗോണ്ട് എന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ടവരാണ്. ഇരുവരും ഭീമായനത്തിന്റെ മലയാളപരിഭാഷയുടെ പ്രകാശനത്തിന് എറണാകുളത്ത് വന്നിരുന്നു. ഞാനവരെ ചരിചയപ്പെടുകയും അവര്‍ക്കൊപ്പം നിന്ന് പടമെടുക്കുകയും ചെയ്തിരുന്നു. മധ്യേഇന്ത്യയിലെ പ്രബലഗോത്രവിഭാഗമായ ഗോണ്ടുവിഭാഗത്തില്‍പ്പെട്ടവരാണ് പദര്‍ദാന്‍ഗോണ്ടുകള്‍. ഇവരില്‍ പലരും ചിത്രകാരികളും ചിത്രകാരന്മാരുമാണ്, കവികളും ഗായകരുമാണ്. ചിത്രങ്ങളുടെയും കഥകളുടെയുമൊക്കെ പുറംലോകവുമായി വളരെ അടുത്ത ബന്ധമൊന്നുമില്ലാത്ത ഇവരുടെ അതേപ്പറ്റിയുളള അഭിപ്രായം കേട്ടോളൂ,  ” ഞങ്ങളൊരിക്കലും ഞങ്ങളുടെ കഥാപാത്രങ്ങളെ കളളികളില്‍ ഒതുക്കുകയില്ല. അതവരെ ഞെക്കിക്കൊല്ലും. ഞങ്ങള്‍ ഞങ്ങളുടെ ജോലി തുറസ്സുകളില്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. എല്ലാവര്‍ക്കും വിശ്വസിക്കത്തക്കവിധം വിശാലമാണ് ഞങ്ങളുടെ കല്‍” ഈ പുസ്തകത്തിലൂടെ കടന്നുപോകുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടും. ഇതിലെ കഥാപാത്രങ്ങളെല്ലാം സര്‍വ്വസ്വതന്ത്രരാണ്. ഈ പുസ്തകത്തിനുവേണ്ടി നാനൂറോളം ചിത്രങ്ങളാണ് വ്യാമുമാര്‍ വരച്ചത്. ‘ഡിഗ്ന’യിലാണ് പര്‍ദാന്‍ ഗോണ്ടുകളുടെ വരയുടെ ഗുട്ടന്‍സ് കിടക്കുന്നത്.’ഡിഗ്ന’യെന്നുപറഞ്ഞാല്‍ സ്വീറ്റ്നപോലെ തിന്നാനുളള സാധനമൊന്നുമല്ല. ഗോണ്ടുകള്‍ അവരുടെ വീടിന്‍റെ ചുമരുകളിലും തറയിലും മറ്റും ഉത്സവകാലത്ത് നിറമുളള മണ്ണുകൊണ്ട് വരയ്ക്കുന്ന ഡിസൈനുകളാണവ. പര്‍ദാന്‍ ഗോണ്ട് വരയുടെ പ്രത്യേകതകള്‍ നിങ്ങള്‍ കണ്ടുതന്നെ മനസ്സിലാക്കേണ്ടതാണ്. അതിര്‍വരകള്‍ ഇല്ലാത്ത ഇവരുടെ വരകളില്‍ മനുഷ്യര്‍ മാത്രമല്ല പക്ഷികളും മൃഗങ്ങളും മരങ്ങളും പ്രത്യക്ഷപ്പെടുന്നത് സ്വതന്ത്രരായാണ്.  ഇതിലെ കഥാപാത്രങ്ങളുടെ സംസാരങ്ങള്‍ വ്യത്യസ്തമായ കുമിളകള്‍ക്കുളളിലാണ് എഴുതിയിരിക്കുന്നത്. പക്ഷിയുടെ രൂപത്തിലുളള സംസാരക്കുമിളകള്‍ക്കുളളിലാണ് ജാതികളുടെ ഇരകളായിട്ടുളളവരുടെയും സ്നേഹമയികളും മൃദു ഭാഷികളുമായ ആള്‍ക്കാരുടെയും വര്‍ത്തമാനങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ജാതിയെ ഇഷ്ടപ്പെടുന്ന, വാക്കുകളില്‍ വിഷം പുരട്ടിയ, സ്പര്‍ശങ്ങളില്‍ പകയുളള കഥാപാത്രങ്ങള്‍ മറ്റൊരു കുമിളയിലൂടെയാണ് സംസാരിക്കുന്നത്. കഥാപാത്രങ്ങളുടെ ആലോചനകളും വ്യത്യസ്തമായ കുമിളകള്‍ക്കുളളിലാണ് രേഖപ്പെടുത്തിയിട്ടുളളത്. മനസ്സുകൊണ്ട് കാണാന്‍ തുടങ്ങുമ്പോഴാണ് ആലോചനയുണ്ടാകുന്നതത്രെ! കേള്‍ക്കാന്‍ കഴിയാത്ത എന്നാല്‍ തിരിച്ചറിയാന്‍ കഴിയുന്ന വാക്കുകളാണ് ആലോചനക്കുമിളകളായി മാറുന്നത്. വ്യാമുമാരുടെ ചിത്രംവരപ്പിന്റെ പ്രത്യേകതകള്‍ ഇനിയുമുണ്ട്. കേട്ടോളൂ.  കുട്ടിക്കാലത്ത് അച്ചനെക്കാണാന്‍ കുഞ്ഞു ഭീമും സഹോദരങ്ങളും തീവണ്ടിയില്‍ പോകുന്നുണ്ടല്ലോ. തീവണ്ടിയെ ഒരു പാമ്പായാണ് വരച്ചിരിക്കുന്നത് (പേജ് 31,33). ഭയപ്പെടുത്തുന്ന ഒരു കോട്ട ഇവരുടെ മുന്നില്‍ (മനസ്സില്‍) ഒരു സിംഹമായാണ് പ്രത്യക്ഷപ്പെടുന്നത് (പേജ് 78,85). അംബേദ്കറിനെ സ്വീകരിക്കുന്ന ചാലിസ്ഗാവിലെ ജനങ്ങളുടെ സന്തോഷം പ്രതിഫലിപ്പിക്കുന്നത് ചിരിക്കുന്ന മുഖങ്ങളിലൂടെയല്ല മറിച്ച് നൃത്തം വെയ്ക്കുന്ന മയിലുകളില്‍ കൂടിയാണ് (പേജ്. 79). ചരിത്രപ്രധാനമായ അംബേദ്കറുടെ മഹദ്പ്രസംഗം കേള്‍വിക്കാരില്‍ എത്തുന്നത് ശബ്ദമായല്ല മറിച്ച് വെളളമായാണ്. ഉച്ചഭാഷിണികള്‍ ഇവിടെ വെളളം തളിയ്ക്കുന്ന ഉപകരണങ്ങളായി മാറുകയാണ് (പേജ് 48). താമസിക്കാനിടമില്ലാതെ വിധിയെ പഴിച്ച് ബറോഡയിലെ കാമാത്തി പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ ചിത്രമെഴുത്തുകാരുടെ ഭാവനയില്‍ അംബേദ്കര്‍ സ്വയം ഒരു പാര്‍ക്കായി (പേജ് 72) മാറുന്നുണ്ട്.  വ്യാമുമാര്‍ ദാഹിക്കുന്ന കുഞ്ഞുഭീമിനെ മീനായാണ് കാണുന്നത്. (പേജ് 21) ഭക്ഷണത്തിലെ ഉപ്പുപോലെയാണ് ഇവര്‍ക്ക് ചിത്രകലയില്‍ മീന്‍. എവിടെയും എപ്പോഴും കടന്നുവരാവുന്ന വിധം സ്വതന്ത്രരാണ് ഇവരുടെ ബ്രഷ്ത്തുമ്പുകളിള്‍ മീന്‍. ഈ പുസ്തകം വായിച്ച് പഠിച്ചിട്ട്, കണ്ട് പഠിച്ചിട്ട് നിങ്ങള്‍ എന്തെല്ലാം മറന്നാലും ജീവിതകാലം മുഴുവന്‍ ചില മീനുകള്‍ നിങ്ങളെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം അവര്‍ അത്രമേല്‍ സ്വതന്ത്രരാണല്ലോ!

ഭീമായനം:- തൊട്ടുകൂടായ്മയുടെ അനുഭവങ്ങള്‍ (ഭീമറാവു റാംജി അംബേദ്കറുടെ ജീവിതത്തിലെ സംഭവങ്ങള്‍)
വര    : ദുര്‍ഗാബായി വ്യാം, സുബാഷ് വ്യാം
കഥ    : ശ്രീവിദ്യനടരാജന്‍, എസ്. ആനന്ദ്
മലയാളപരിഭാഷ    : എം.ആര്‍. രേണുകുമാര്‍
പ്രസാധനം    : നവയാന പബ്ളിക്കേഷന്‍സ്
വിതരണം    : ഡി.സി ബുക്ക്സ്, വില; 195 രൂപ

Comments

comments

Print Friendly

Subscribe Our Email News Letter :