Navigation

ഭക്ഷണം ദേശം പൊതുബോധം

ഇന്ത്യന്‍ സാമൂഹിക സന്ദര്‍ഭത്തില്‍ മുന്‍പ് എങ്ങും ഇല്ലാത്ത വിധത്തില്‍ ഭക്ഷണം, വസ്ത്രം, സ്വകാര്യത എന്നിവയെല്ലാം സങ്കീര്‍ണമായ അരിച്ചെടുക്കല്‍ പ്രക്രീയയിലൂടെ കടന്നു പോവുകയാണ്. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ നിര്‍ണയിക്കാന്‍ അധികാരം ആര്‍ക്ക്? അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങള്‍ ഇപ്പോള്‍ മാത്രം രൂപപ്പെട്ടതാണോ? ദേശീയത എന്ന ഭാവനാ സമുദായത്തിന്റെ രൂപീകരണ സന്ദര്‍ഭങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ അത് ആരുടെ വീക്ഷണത്തിലൂടെയാണ് ആഖ്യാനം ചെയ്യപ്പെട്ടത്? ഫാസിസത്തിന്റെ രൂപപരിണാമങ്ങള്‍ നവഹൈന്ദവതയുടെ വികാസവുമായി മാത്രം ചേര്‍ത്ത് ചര്‍ച്ച ചെയ്യുന്നത് എത്രമാത്രം ശരിയാണ് തുടങ്ങി ഇനിയും നീട്ടാവുന്ന ചോദ്യങ്ങള്‍ക്കുള്ളിലാണ് പുതിയ സംസ്‌കാര രാഷ്ട്രീയത്തിന്റെ വേരുകള്‍ തേടേണ്ടത്.

യന്ത്രവല്‍കൃത അറവുശാലകളായും പ്രാദേശിക ഭരണസംവിധാനങ്ങളുടെ ലൈസന്‍സ് നിര്‍ബന്ധമായ കച്ചവടസ്ഥാപനങ്ങളായും മാംസവില്‍പ്പന മാറുന്നതിന് മുന്‍പുള്ള ഒര്‍മ്മകളാണ് മിശ്രഭോജനത്തിന്റെ ഒരു നൂറ്റാണ്ടിലെ ആലോചനകളുടെ തുടക്കം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തുടങ്ങി പകുതിയോടെ വികസിച്ച ഇടുക്കിയിലെ കുടിയേറ്റ ജീവിതത്തിന്റെ അനുബന്ധം കൂടിയാണിത്. പങ്ക് വെട്ട് എന്ന പേരില്‍ അറിയപ്പെടുന്ന രീതികളില്‍ സാമൂഹികജീവിതത്തിന്റെ അതിരുകളെ ഭേദിക്കാനുള്ള ചിലശ്രമങ്ങളുണ്ട്. അറക്കപ്പെടുന്ന പോത്തോ, പശുവോ, പന്നിയോ എന്തുമാകട്ടെ അയല്‍വാസികളെല്ലാം തുല്യമായ അളവില്‍ മാംസം വീതിച്ചെടുക്കുന്ന രീതിയാണ് പങ്ക് വെട്ട്. ഉരുക്കളുടെ കഴുത്ത് അറുത്ത് അവയുടെ നിലവിളി ദൂരങ്ങള്‍ ചെവിയിലെത്തുമായിരുന്നു. തേക്കിലകളില്‍ പൊതിഞ്ഞ് കമുകിന്‍ പാളകളിലുണ്ടാക്കിയ വള്ളികളില്‍ കെട്ടിയുറപ്പിച്ച പൊതിയുമായി എല്ലാവരും വീട്ടിലേക്ക് പോകുന്നു. ഇക്കാര്യത്തില്‍ സാമുദായിക വ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിറകടുപ്പിന് മേല്‍ മാലപോലെ തൂക്കിയിട്ട് ഉണക്കിയ ശേഷം സൂക്ഷിച്ച് വെയ്ക്കുന്ന ഇറച്ചി മഴക്കാലത്തെ ഏറ്റവും സ്വാദിഷ്ഠമായ വിഭവമായിരുന്നു. ഇതുകൂടാതെ ഇടുക്കി റിസര്‍വോയറിനെ ചുറ്റിക്കിടക്കുന്ന അഞ്ചുരുളി കാട്ടില്‍പോയി കാട്ടുപന്നികളെ വെടിവെച്ച് വീതിച്ചെടുക്കുന്ന രീതിയും വളരെ രഹസ്യമായി നിലനിന്നിരുന്നു. വെടിയിറച്ചി അക്കാലത്തൊക്കെ വിജയത്തിന്റെയും ആഡംബരത്തിന്റെയും സൂചകങ്ങളായിരുന്നു. അതിരുകള്‍ കെട്ടിത്തിരിക്കാത്ത പറമ്പുകളിലൂടെ കളിച്ചുവളര്‍ന്ന ഞങ്ങള്‍ക്ക് വെടിയിറച്ചി കൊണ്ടുവരുന്നവര്‍ ആരാധ്യപുരുഷന്മാരുമായിരുന്നു. നൈജീരിയന്‍ സാഹിത്യത്തിലെ എക്കാലത്തെയും വിസ്മയമായ ചിന്ന അച്ചബെയുടെ Things fall Apart (സര്‍വ്വവും ശിഥിലമാകുന്നു)ന്റെ തുടക്കം വായിക്കുമ്പോള്‍ ഞങ്ങളുടെ ജീവിതത്തിന്റെ ചെറുതല്ലാത്ത ഒരു ചിത്രം ഇതിലുണ്ടല്ലോയെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.

ഇടുക്കിയിലെ കുടിയേറ്റ സമൂഹത്തില്‍ മൂന്ന് പതിറ്റാണ്ടിനുമുന്‍പ് നിലനിന്നിരുന്ന ഭക്ഷണത്തിന്റെയും സാമൂഹികവിനിമയത്തിന്റെയും ചരിത്രമാണിത്. പങ്കിറച്ചിയും വെടിയിറച്ചിയുമൊക്കെ സൗഹൃദങ്ങളുടെകൂടി അടയാളങ്ങളാകുന്നു. ഓണം, വിഷു, ഈസ്റ്റര്‍ പോലുള്ള വിശേഷ ദിവസങ്ങളിലും അപൂര്‍വ്വം ചില വീടുകളൊഴിച്ചാല്‍ മാംസാഹാരം നിര്‍ബന്ധമായിരുന്നു. അതില്‍ ഇന്നുന്നയിക്കപ്പെടുന്ന അശുദ്ധി/വിശുദ്ധി സങ്കല്‍പങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലായിരുന്നുവെന്ന് സ്‌കൂള്‍ ദിനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അടിവരയിടുന്നു.
വ്യക്തിപരമായ ഈ കാര്യങ്ങളെ സമൂഹവുമായി ഘടിപ്പിക്കുക എന്നത് ഇക്കാലത്ത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും അറവുകാരും ഉപഭോക്താക്കളും തമ്മില്‍ നിലനിന്നുരുന്ന സൗഹാര്‍ദവും ആശയവിനിമയങ്ങളും വ്യത്യസ്തമായിരുന്നു. വിശേഷാവസരങ്ങളില്‍, പ്രത്യേകിച്ചും ഈസ്റ്ററിന് കള്ളപ്പത്തിന്റെയും തേങ്ങാകൊത്തിയരിഞ്ഞ് കറിവെച്ച ബീഫിന്റെ തിളമണവും വിശദീകരിക്കാനാവാത്ത സൗന്ദര്യമായി ചുറ്റും കൂടുന്നു. കാവിമുണ്ടിനോടോ കൈയ്യില്‍ കെട്ടുന്ന ബഹുവര്‍ണ ചരടുകളോടോ ഭ്രമമില്ലാതിരുന്ന തലമുറയായിരുന്നു ഞങ്ങളുടേത്. അത് ഇന്ന് സങ്കല്‍പ്പിക്കാനാവില്ല.
ഭക്ഷണത്തിന്റെ രാഷ്ട്രീയം വെള്ളത്തിന്റെ രാഷ്ട്രീയം തുടങ്ങിയവയൊക്കെ വിപുലമായ ചര്‍ച്ചയ്ക്ക് വിധേയമാകുന്നത് സമകാലീനതയിലാണെങ്കിലും മനുഷ്യസമുദായത്തിന്റെ തുടക്കം മുതല്‍ അഭിരുചികളിലെ വ്യത്യസ്തതകള്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയിലെ ജാതിവ്യവഹാരങ്ങളുടെ മുഖ്യപ്രഭവമായി ആവാസവ്യവസ്ഥ, ഭക്ഷണശീലം എന്നിവ മാറിയതിനെക്കുറിച്ച് ഡോ.അംബേദ്ക്കര്‍ വിപുലമായി ചര്‍ച്ചചെയ്യുന്നുണ്ട്. അസ്പൃശ്യതയെയും ഔന്നിത്യത്തെയും സൃഷ്ടിക്കുന്ന ഒന്നായി ഇക്കാലത്തും അത് തുടരുന്നു.
ജീവന്‍ നിലനിര്‍ത്താനുള്ള ഉപാധിയെന്നതില്‍ നിന്നും മാറി സ്ഥലപരവും സാംസ്‌കാരികപരവുമായ അടയാളങ്ങള്‍ പേറുന്ന ഒന്നായി വിപുലമായ അര്‍ത്ഥത്തില്‍ ഭക്ഷണം മാറുന്നത് 1917ല്‍ സഹോദരന്‍ അയ്യപ്പന്‍ നേതൃത്വം കൊടുത്ത മിശ്രഭോജനത്തിലൂടെയാണ്. അതിനുംമുന്‍പ് വൈകുണ്ഠസ്വാമി ഒരുമിച്ചിരുന്നുള്ള ഭോജനത്തെക്കുറിച്ച് ചിന്തിക്കുകയും പ്രായോഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. കൂടാതെ ക്രൈസ്ത മതത്തിലേക്കുള്ള കീഴാള സമൂഹങ്ങളുടെ പരിവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ സ്വത്വസംഘര്‍ഷമായി രൂപപ്പെടുന്ന ഭക്ഷണസംസ്‌കാരത്തെക്കുറിച്ച് എം.എസ്.എസ്. പാണ്ഡ്യന്‍ ബ്രാഹ്മിണ്‍ ആന്റ് നോണ്‍ബ്രാഹ്മിണ്‍ എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. കീഴാള സമൂഹങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കണമെന്ന ഔദ്യോഗിക നിര്‍ദ്ദേശം, തെക്കന്‍ തമിഴ്‌നാടിലെ സി.എം.എസ്.സഭകളില്‍ വായിച്ചതായി അദ്ദേഹം പറയുന്നു. ഇത് സൂചിപ്പിക്കുന്നത് വരേണ്യ ഹിന്ദുത്വത്തിന്റെ ഫ്രെയ്മിനുള്ളില്‍ മാത്രം ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയം മാത്രമല്ല ഇതെന്നാണ്.

  • ആഖ്യാനങ്ങളിലെ പന്തിഭോജനം

കേരളത്തിന്റെ വരേണ്യവും യാഥാസ്ഥിതികവുമായ ഭക്ഷണശീലങ്ങളെ കുടിയേറ്റം എങ്ങനെയാണ് തകര്‍ക്കുന്നത് എന്നത് നമ്മുടെ സാഹിത്യത്തില്‍ പലമട്ടില്‍ ആഖ്യാനം ചെയ്തിട്ടുണ്ട്. 1948 ല്‍ പുറത്തുവന്ന എസ്.കെ.പൊറ്റക്കാടിന്റെ വിഷകന്യകയില്‍ വയനാട്ടിലേക്കുള്ള ക്രൈസ്തവസമൂഹത്തിന്റെ കുടിയേറ്റം സൃഷ്ടിച്ച ഏറ്റവും വലിയ വിപത്തായി ചൂണ്ടിക്കാണിക്കുന്നത് ഭക്ഷണസംസ്‌കാരത്തില്‍ അവര്‍ വരുത്തുന്ന ആഘാതങ്ങളാണ്. പോത്തും പോര്‍ക്കും കള്ളും കുടിച്ച് നടക്കുന്നതിനെ തദ്ദേശിയരായ വരേണ്യര്‍ അപരിഷ്‌കൃതം എന്നാണ് വിലയിരുത്തുന്നത്. ഇതിന്‌റെ തുടര്‍ച്ചകളിലേയ്ക്ക് എത്തുന്ന രചനകള്‍ ധാരാളമുണ്ട്. സന്തോഷ് ഏച്ചിക്കാനത്തിന്റെ പന്തിഭോജനം ദേവദാസ് വി.എം.ന്റെ ക്ലാസ്‌വാര്‍, വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്നിവയൊക്കെ ഈ ജനുസ്സില്‍പ്പെടുന്ന കൃതികളാണ്. അങ്കമാലി ഡയറീസ് എന്ന സിനിമ കണ്ടശേഷം സഹപ്രവര്‍ത്തകനായ പി.എം.ഗിരീഷ് പറഞ്ഞത് തനിക്ക് ആ ചിത്രത്തില്‍ കാണുന്ന ലോകവുമായി ഒരു പരിചയവുമില്ലെന്നാണ്. പോര്‍ക്കും പോത്തും സംസ്‌കാരത്തിന്റെ പുറംപ്രദേശങ്ങളായി പരിഗണിക്കപ്പെടുന്നതിന്റെ മാത്രം സാധൂകരണമായല്ല ഞാന്‍ ഈ പ്രസ്താവനയെ കണ്ടത്. മലയാളികള്‍ തന്നെ എത്രതരം മലയാളി ചേരുന്നതാണ് ആലോചനയിലേക്ക് നയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
ഭക്ഷണത്തിന്റെ ജാതി, ശരീരം എന്നിവയെക്കുറിച്ച് നിരവധിയായ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മലയാളത്തില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ഗ്രന്ഥങ്ങള്‍ അധികമില്ലെന്ന് പറയാം. സാമൂഹിക ചരിത്രങ്ങളിലും നരവംശ ശാസ്ത്രപഠനങ്ങളിലും സാന്ദര്‍ഭികമായ ചില സൂചനകള്‍ ഉണ്ടായിട്ടുണ്ട്. പറയ/പുലയ സമുദായങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനം പറയര്‍ പശുവിറച്ചി തിന്നുന്നവരാണെന്നും പുലയര്‍ അത് ഉപയോഗിക്കാത്തവരാണെന്നുമാണ്. എന്നാല്‍ ഇന്നത്തെക്കാലത്ത് ഈ വാദത്തിന്റെ സ്വീകരാര്യത എത്രമാത്രം പൊരുത്തക്കേടുകള്‍ ഉള്ളതാണെന്നകാര്യം ആലോചനാവിഷയം തന്നെയാണ്. ഹനു ജി. ദാസിന്റെ ഭക്ഷണത്തിലെ ജാതിയെന്ന പ്രബന്ധം ആരംഭിക്കുന്നത്, (ആഖ്യാനത്തിലെ അപരസ്ഥലികള്‍, എഡിറ്റര്‍. അരുണ്‍.എ) കുടുംബശ്രീ മീറ്റിംഗുകളില്‍ സൂക്ഷ്മമായി പ്രവര്‍ത്തിക്കുന്ന ജാതിവിനിമയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടാണ്. ബിസ്‌ക്കറ്റും പഴവും കഴിച്ച് (ഇവ രണ്ടും വീടുകളില്‍ പാചകം ചെയ്യാത്തവ) ദളിത്-കീഴാളസമൂഹങ്ങളുടെ വീടുകളിലെ കല്യാണത്തില്‍ പങ്കെടുക്കുന്ന വരേണ്യരിലും പ്രവര്‍ത്തിക്കുന്നത് ഇത്തരം സൂക്ഷ്മവ്യവഹാരങ്ങളാണ്. സി എസ് രാജേഷിന്റെ ജ്ഞാനപ്പഴം എന്ന കവിത ഈ പ്രമേയം കൈകാര്യം ചെയ്യുന്ന രചനയാണ്. കൂടാതെ ഫോക്‌ലോര്‍-ജനസംസ്‌കാര പഠനങ്ങളില്‍ ഭക്ഷണശീലങ്ങളില്‍ ഓരോ സമൂഹവും പുലര്‍ത്തുന്ന വൈവിധ്യങ്ങളും അധികാരവും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ചോറുതിന്നോ എന്ന ചോദ്യത്തെ ഊണു കഴിച്ചോ എന്നാക്കുമ്പോള്‍ ഭാഷാപരമായ മാറ്റം മാത്രമല്ല സാമൂദായിക അധികാരത്തിന്റെ ശ്രേണിബദ്ധതകൂടി അതില്‍ ഉള്ളടങ്ങുന്നുണ്ട്. സാമൂഹിക ഭാഷാശാസ്ത്രത്തില്‍ മാത്രമല്ല ഇത്തരം സൂക്ഷ്മാന്വേഷണങ്ങള്‍ നടക്കുന്നതെന്ന് ഈയടുത്തകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട എസ്. ഹരീഷിന്റെ ‘മോദസ്ഥിതനായങ്ങു നില്‍പ്പൂമലപോലെ’ എന്ന കഥയിലും കാണാം. ഫോക്‌ലോറിലെ കീഴാളതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന എ.കെ.വാസുവിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഭക്ഷണശീലങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന അധികാരം, കുലീനത്വം, അപകൃഷ്ടത എന്നിവയെല്ലാം വിശകലനവിധേയമാക്കുന്നുണ്ട്. കാലാനുസൃതമായി മാറുന്ന

Vasu A K

ഭക്ഷണശീലങ്ങളില്‍ നിശ്ചലതയെ ഭാവന ചെയ്യാനായില്ലെങ്കിലും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളായി ഇവ നിലനില്‍ക്കുന്നു എന്നത് കാണാതിരിക്കാനാവില്ല.
ശീരരചോദനകളുമായും ജൈവപരമായ സവിശേഷതകളുമായും ഭക്ഷണത്തെ ബന്ധിപ്പിക്കുന്ന യുക്തി അടുത്തകാലത്തായി തീവ്രമാകുന്നത് കാണാം. പ്യൂര്‍ വെജിറ്റേറിയന്‍ ഉപയോഗിക്കുന്നവരെ സ്വാത്വികരും സൗമ്യരും കുറ്റകൃത്യങ്ങളില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുന്നവരായും രേഖപ്പെടുത്തുമ്പോള്‍ മാംസാഹാരം കഴിക്കുന്നവരെ ക്ഷിപ്രകോപികളും കാമാസക്തരും കുറ്റകൃത്യം ചെയ്യാന്‍ മടിക്കാത്തവരുമെന്ന ഗണത്തില്‍പ്പെടുത്തിയാണ് ഇത്തരം ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വെജിറ്റേറിയന്‍ ആണ് താനെന്ന അവകാശവാദം സര്‍വ്വസ്വീകാര്യമായ ഒന്നായിമാറുന്നു. ശുദ്ധമായ വെജിറ്റേറിയനിസം പുതിയകാലത്ത് സാമൂഹികാധികാരത്തിന്റെയും സാംസ്‌കാരിക അധീശത്വത്തിന്റെയും സിംബലുകളായി പരിണമിക്കുകയാണ്. ശരവണഭവന്‍, അടയാര്‍ആനന്ദഭവന്‍, സംഗീത പോലുള്ള ഹോട്ടല്‍ ശൃംഖലകള്‍ തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്നത് പ്യൂര്‍ വെജിറ്റേറിയന്‍ എന്ന അലങ്കാരത്തോടെയാ ണെങ്കില്‍ ആര്യാസ്, ആര്യാഭവന്‍ എന്നിവ കേരളത്തിലും സമാനമായ രുചിയുടെ രാഷ്ട്രീയമാണ് സൃഷ്ടിക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, പ്രശസ്തമായ ക്ഷേത്രങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമായി തലയുയര്‍ത്തിനില്‍ക്കുന്ന ഇവയ്ക്കുള്ള സ്വീകാര്യത വിഭവങ്ങളുടെ മികവുകൊണ്ടുമാത്രമല്ലെന്ന് ഏതൊരാള്‍ക്കും മനസ്സിലാകും. കമ്മത്ത് ആന്റ് കമ്മത്ത്, കല്യാണരാമന്‍ പോലുള്ള ജനപ്രിയ സിനിമകളില്‍ ആഖ്യാനം ചെയ്യുന്നത് ഈ വിശുദ്ധിയുടെ മറ്റൊരു ചേരുവയാണ്. കമ്മട്ടിപ്പാടത്തിലാകട്ടെ ഇറച്ചിക്കടയുടെ പശ്ചാത്തലത്തിലാണ് വലിയ സംഘട്ടനങ്ങള്‍ നടക്കുന്നത്. സ്വാത്വികതയും രാക്ഷസീയതയും തമ്മിലുള്ള ദ്വന്ദാത്മകത ഇത്തരം ജനപ്രിയ ആഖ്യാനങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്നത് കാണാം.

  • തെരുവുകളിലെ ആഘോഷങ്ങള്‍

ചെന്നൈ നഗരത്തിലെ ഹ്രസ്വകാലത്തെ ജീവിതത്തില്‍, അവിടുത്തെ തെരുവുകളുടെ വ്യത്യസ്ത മണങ്ങള്‍ സംസ്‌കാരത്തിന്റെ തന്നെ വിഭിന്നതകളെ അടയാളപ്പെടുത്തുന്നുണ്ട് എന്ന് തോന്നാറുണ്ട്. മറീന ബീച്ചിന് സമാന്തരമായുള്ള ആവാസവ്യവസ്ഥയില്‍, പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ബ്രാഹ്മിണ്‍ സെറ്റില്‍മെന്റുകളിലെ കളമെഴുത്തിന്റെയും കോലമെഴുത്തിന്റെയും ലോകത്തോടു ചേര്‍ന്ന് കിടക്കുന്ന നടേശന്‍ റോഡിന്റെ ഇരുവശവും മറ്റൊരു ലോകത്തെയാണ് വെളിപ്പെടുത്തുന്നത്. ബീഫിന്റെയും മട്ടന്റെയും ചിക്കന്റെയും കലര്‍പ്പുകളില്‍ ഉരുവം കൊള്ളുന്ന ആ ലോകം കാഞ്ചാ ഇളയ്യയെപ്പോലുള്ളവര്‍ വിശദീകരിക്കുന്ന കീഴാള ബഹുജന്‍ സംസ്‌കാരത്തിന്റേതാണ്. റിക്ഷാവലിക്കുന്നവരും ശുചീകരണതൊഴിലില്‍ ഏര്‍പ്പെടുന്നവരും മറ്റ് ചെറുകിട ജോലികളില്‍ ഏര്‍പ്പെടുന്നവരും കൂട്ടമായി താമസിക്കുന്നത് ഇവിടെയാണ്. ഇക്കഴിഞ്ഞ ജെല്ലിക്കെട്ട് സമരത്തിന്റെ സമാപനത്തില്‍ ഭരണകൂടത്തിന്റെ ക്രൂരമായ അതിക്രമങ്ങള്‍ നടന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. സമീപത്തുള്ള മത്സ്യമാര്‍ക്കറ്റിന് തീവെച്ച്‌കൊണ്ട് കീഴാളസ്ത്രീകളുടെ ജീവനോപാധികള്‍ക്കുമേല്‍ മറ്റൊരു ആക്രമണം കൂടി നടത്തി പോലീസ്. പൊതുസമൂഹത്തിന്റെ മുമ്പില്‍ അവഹേളിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ ലോകമെങ്കിലും ഇന്ത്യന്‍ ദേശീയതയുടെ ഏകശീലാത്മകതയ്ക്ക് മേല്‍ ഈ സമൂഹം ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ലെന്ന് പറയേണ്ടിയിരിക്കുന്നു.

പ്രാന്തസ്ഥലങ്ങളായും ആഘോഷകേന്ദ്രങ്ങളായും രേഖപ്പെടുത്തപ്പെട്ട തെരുവുകളാണ് ഇന്ത്യന്‍ നഗരങ്ങളിലെ മനുഷ്യജീവിതത്തിന്റെ ഇല്ലായ്മകളെ ശമിപ്പിക്കുന്നതെന്ന് പറയാം. ആര്‍ക്കും കൈയിലൊതുങ്ങുന്ന ചെറു മാര്‍ക്കറ്റുകളാണിവ. കൂലിത്തൊഴിലാളികള്‍, ചെറുകിട ഉദ്യോഗസ്ഥര്‍, മാസവരുമാനംകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ തുടങ്ങി ഓരങ്ങളിലെ ജീവിതങ്ങളെയാണ് ഈ ഇടങ്ങള്‍ തൃപ്തിപ്പെടുത്തുന്നത്. മതിയ സാമ്പത്തിക ഭദ്രതയില്ലാത്ത ദലിത്,ന്യൂനപക്ഷ, ബഹുജന്‍ സമൂഹങ്ങളില്‍നിന്ന് ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി നഗരങ്ങളിലേക്ക് ചേക്കേറുന്ന ഒട്ടുമിക്കവരും ഇത്തരം കടകളെയാണ് ആശ്രയിക്കുന്നത്. ഈ അടുത്തകാലത്ത് ക്രിയേറ്റീവ് റൈറ്റിങ് എന്ന വിഷയത്തിന്റെ പേപ്പര്‍ പരിശോധനയില്‍ ‘ദാനം കിട്ടിയ രണ്ട് ദോശ’ എന്ന പേരില്‍ മലപ്പുറത്തുനിന്നുള്ള ഒരു വിദ്യാര്‍ത്ഥിയുടെ ഹൃദയസ്പര്‍ശിയായ അനുഭവകുറിപ്പ് വായിച്ചു. മെട്രോ നഗരങ്ങളിലെ വര്‍ണകാഴ്ചകളും ഇന്ത്യന്‍ സര്‍വകലാശാലകളിലെ വരേരണ്യ ആഘോഷങ്ങള്‍ക്കുമപ്പുറമുള്ള സത്യത്തിന്റെ ആവിഷ്‌കാരം മാത്രമല്ലിത്. ജീവിതത്തിന്റെ സങ്കീര്‍ണതകളും ഭക്ഷണത്തിന്റെ കലര്‍പ്പുകളും മുഖാമുഖം നില്‍ക്കുന്ന ചരിത്രസന്ദര്‍ഭം കൂടിയാണിത്.

കലര്‍പ്പുകളുടെ ഈ ലോകം വ്യത്യസ്തങ്ങളായ പ്രകാശനങ്ങളെ സാധ്യമാക്കുന്നതുകൂടിയാണ് വ്യക്തിപരിതയെ തന്നെ ബന്ധിപ്പിക്കുന്ന ചില ഓര്‍മ്മകള്‍ കൂടിയാണ് ഈ വാദത്തെ ഉറപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ചില ദിവസങ്ങളില്‍ മാത്രം മാംസം പാചകം ചെയ്യുന്നവരാണ് ഞങ്ങളുടെ സമീപവാസികളേറെയും. ശുദ്ധാശുദ്ധി സങ്കല്‍പ്പങ്ങളെ ഒരിക്കലും വകവെയ്ക്കാത്തവര്‍ ഇത് പാലിക്കാറില്ലെങ്കിലും അദൃശ്യമായ ഒരു സാമൂഹിക നിയമം നമ്മുടെ ദിനചര്യകളെയും അഭിരുചികളെയും സാരമായി ബാധിക്കാറുമുണ്ട്. ബീഫിന്റെ ഉപയോഗം പരക്കെ കുറവായി കാണുന്ന തമിഴ്‌നാടിന്റെ നഗര സംസ്‌കാരം, ഇതര മാംസവിഭവങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ നാട്ടില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നുകൊണ്ടുവരുന്ന ബീഫിന്റെ ചുറ്റുമിരുന്നുള്ള പാരസ്പര്യവും പങ്കുവെക്കലും ആസ്വാദ്യകരമായ അനുഭവമായി മാറുന്നു. കേരളത്തിലെ ഭക്ഷണസംസ്‌കാരം അത്രമേല്‍ യാഥാസ്ഥിതികമല്ലായെന്ന യാതാര്‍ത്ഥ്യം, ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ ചര്‍ച്ചചെയ്യാറുമുണ്ട്.
ഇന്ത്യന്‍ സാമൂഹിക സന്ദര്‍ഭത്തില്‍ മുന്‍പ് എങ്ങും ഇല്ലാത്ത വിധത്തില്‍ ഭക്ഷണം, വസ്ത്രം, സ്വകാര്യത എന്നിവയെല്ലാം സങ്കീര്‍ണമായ അരിച്ചെടുക്കല്‍ പ്രക്രീയയിലൂടെ കടന്നു പോവുകയാണ്. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ നിര്‍ണയിക്കാന്‍ അധികാരം ആര്‍ക്ക്? അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങള്‍ ഇപ്പോള്‍ മാത്രം രൂപപ്പെട്ടതാണോ? ദേശീയത എന്ന ഭാവനാ സമുദായത്തിന്റെ രൂപീകരണ സന്ദര്‍ഭങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ അത് ആരുടെ വീക്ഷണത്തിലൂടെയാണ് ആഖ്യാനം ചെയ്യപ്പെട്ടത്? ഫാസിസത്തിന്റെ രൂപപരിണാമങ്ങള്‍ നവഹൈന്ദവതയുടെ വികാസവുമായി മാത്രം ചേര്‍ത്ത് ചര്‍ച്ച ചെയ്യുന്നത് എത്രമാത്രം ശരിയാണ് തുടങ്ങി ഇനിയും നീട്ടാവുന്ന ചോദ്യങ്ങള്‍ക്കുള്ളിലാണ് പുതിയ സംസ്‌കാര രാഷ്ട്രീയത്തിന്റെ വേരുകള്‍ തേടേണ്ടത്.

ഇത്രമാത്രം അക്രമാസക്തമല്ലെങ്കിലും, ദേശീയ വാദത്തിന്റെ രണ്ടു നൂറ്റാണ്ടോളം എത്തുന്ന ചര്‍ച്ചകളില്‍ ഒതുക്കി നിര്‍ത്തപ്പെട്ടവര്‍ നിരവധിയാണ്. ദലിതര്‍, സ്ത്രീകള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ അപരത്വങ്ങളെ പല മട്ടില്‍ സൃഷ്ടിക്കുന്നതായിരുന്നു ദേശീയവാദ വ്യവഹാരങ്ങളുടെ പ്രബലമായ അജണ്ടകള്‍ എന്നു കാണാം. ശക്തിയുടെയും ശുദ്ധിയുടെയും ദേശക്കൂറിന്റെയും നിര്‍മ്മിതികളില്‍ ഈ വിഭാഗങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, സംശയിക്കപ്പെടുകയും നിര്‍ദയമായി ആക്രമിക്കപ്പെടുകയും ചെയ്തതായ ചരിത്രം പറയുന്നു. രാമചന്ദ്രഗുഹയുടെ ഇന്ത്യ ഗാന്ധിക്കുശേഷം എന്ന ഗ്രന്ഥത്തിലെ നാഗാസമൂഹത്തെക്കുറിച്ചുള്ള വിശകലനം ഭരണകൂട അടിച്ചമര്‍ത്തലിന്റെ മികച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. വ്യത്യസ്തതകളോടുള്ള അസഹിഷ്ണുതയുടെ വികാസ ചരിത്രം അധീശത്വവുമായി ബന്ധപ്പെട്ടു ചര്‍ച്ച ചെയ്യാതെ മുതലാളിത്ത-മൂലധന വ്യവസ്ഥയുമായി മാത്രം കൂട്ടിച്ചേര്‍ക്കുന്ന വര്‍ഗ വ്യാഖ്യാനങ്ങളും പരിശോധിക്കപ്പെടേണ്ടതാണ്.

കേരളീയ നവോത്ഥാനത്തിന്റെ മൂല്യപരമായ വീണ്ടെടുപ്പുകള്‍ വിമര്‍ശന രഹിതമായി പൂര്‍ത്തിയാക്കേണ്ട പ്രക്രീയയല്ല. വ്യത്യസ്ത ധാരകളുടെ സാന്നിധ്യത്തിലൂടെയാണ് അത് വികസിച്ചതെങ്കിലും ശുദ്ധ-അശുദ്ധ സങ്കല്‍പങ്ങളുടെ വേരറുക്കാനുള്ള ശ്രമങ്ങള്‍ എത്രത്തോളം ശക്തമായിരുന്നു എന്നും ചിന്തിക്കേണ്ടതുണ്ട്. അസ്പൃശ്യതയുടെ പുതുരൂപങ്ങളെക്കുറിച്ചുള്ള ഒട്ടേറെ വാര്‍ത്തകള്‍ പുറത്തുവരുന്ന ഇക്കാലത്ത് ഭക്ഷണം അതിലൊരു ഘടകം മാത്രമാണ്. പൊതുബോധമെന്ന അധീശത്വ/അധികാര നിര്‍മ്മിതിയുടെ വിമര്‍ശനമാണ് സമകാലിക ഉത്തരവാദിത്വമെന്ന് കരുതുന്നവര്‍ ഏറെയുണ്ട്. ഭക്ഷണം, വസ്ത്രം, നിറം, രൂപം, വിശ്വാസം എന്നിവയെയെല്ലാം അപരസ്ഥാനത്തു നിര്‍ത്തുന്നതാണ് പ്രബലമായ പൊതുബോധമെന്നതുകൂടി അനുബന്ധമായി പറയേണ്ടിയിരിക്കുന്നു.
______________________________________

Comments

comments

Subscribe Our Email News Letter :