ജനാധിപത്യത്തിന്റെ മാറുന്ന ഭാവങ്ങള്‍

കണ്ടും കേട്ടും പരിചയിച്ച പാർലമെന്ററി ജനാധിപത്യത്തെ അപ്പാടെ തള്ളണമെന്നല്ല ഞാൻ കരുതുന്നത്, ആ ജനാധിപത്യവുമായി സംവദിച്ചുകൊണ്ടും നീക്കുപോക്കുകൾ ഉണ്ടാക്കിക്കൊണ്ടും ഏറ്റുമുട്ടിക്കൊണ്ടും ചിലപ്പോൾ അതിനെ അവഗണിച്ചും എല്ലാം ജനാധിപത്യം കൂടുതൽ അർത്ഥപൂർണ്ണമായ ഒരു സങ്കല്പമായി മാറുമെന്ന തോന്നൽ പങ്കുവയ്ക്കുക മാത്രമാണ്.

ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്. ‘ജനങ്ങള്‍’ നടത്തുന്ന തിരഞ്ഞെടുപ്പും ‘ജനങ്ങളുടെ പ്രതിനിധിക’ളായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരലും തന്നെയാണ് ആ നിർവ്വചനത്തിന്റെ കാതൽ. ആ പാഠപുസ്തക നിർവ്വചനത്തിന് പുറത്തായാലും നമ്മൾ ജനാധിപത്യത്തെ മനസ്സിലാക്കി വന്നിരുന്നത് ഏറെക്കുറെ ജനങ്ങൾക്കുണ്ടെന്നു പറയപ്പെടുന്ന ഈ ‘പാർലമെന്ററി’ അധികാരത്തിന്റെ അർത്ഥത്തിൽത്തന്നെയായിരുന്നു. ഡോ. ബി ആർ അംബേഡ്കർ അടക്കമുള്ളവർ ഈ അധികാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ബോധവാന്മാരായിരുന്നു എന്നും കാണാം. ‘ഉയർന്ന’ ജാതിക്കാർക്കും ന്യൂനപക്ഷങ്ങൾക്കും പിന്നോക്കജാതിക്കാർക്കും തൊട്ടുകൂടാത്ത ജാതികളിൽപ്പെടുന്നവർക്കുമെല്ലാം പ്രത്യേക ഇലക്ടറേറ്റ് എന്ന ആശയവുമായി 1932-ൽ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന ‘കമ്മ്യൂണൽ അവാർഡി’നെ ഗാന്ധി അടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കൾ ഇന്ത്യയെ ‘വിഭജിച്ചു ഭരിക്കാനുള്ള’ ബ്രിട്ടീഷുകാരുടെ തന്ത്രത്തിന്റെ ഭാഗമായി ചിത്രീകരിച്ചപ്പോൾ ദലിതരുടെ രാഷ്ട്രീയാധികാരത്തിലേക്കുള്ള വഴിയായിട്ടാണ് ഡോ. അംബേഡ്കർ അതിനെ കണ്ടത് എന്നോർക്കുക.

എന്നാൽ അതേ സമയം തന്നെ, പാർലമെന്ററി അധികാരത്തിന്റെ അർത്ഥത്തിൽ മാത്രം മനസ്സിലാക്കേണ്ട ഒന്നല്ല ജനാധിപത്യം എന്നു നമ്മൾ പലപ്പോഴും തിരിച്ചറിയുന്നുമുണ്ട്. ഉദാഹരണത്തിന്, ആകെയുള്ള 543 സീറ്റിൽ 336 എണ്ണവും ബി ജെ പിയ്ക്കും സഖ്യകക്ഷികൾക്കും കൂടി കിട്ടിയ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന്റെ കാര്യമെടുക്കാം. അങ്ങനെ ‘ജനങ്ങൾ’ കൂട്ടത്തോടെ ഒരു കൂട്ടരെ പിന്തുണച്ച് അധികാരത്തിലെത്തിക്കുന്ന സമയത്ത് അതിൽപ്പെടാത്ത ജനങ്ങൾ അതിനോടെങ്ങനെ പ്രതികരിക്കും? അവർക്ക് ഈ ‘ജനാധിപത്യ’ത്തിൽ എന്തെങ്കിലും ചെയ്യാനുണ്ടോ? അവർ അധികാരത്തിൽ എന്തെങ്കിലും രീതിയിലുള്ള ഇടപെടലുകൾ നടത്തുന്നുണ്ടോ? അതോ അങ്ങനെ ഉണ്ടായിവരുന്ന ഒരു ‘സമ്പൂർണ്ണ ഹിന്ദു രാഷ്ട്ര’ത്തിൽ ‘ഇതാ ഒരപകടം നമ്മളെ വിഴുങ്ങാൻ വരുന്നു’ എന്നു വിലപിച്ചുകൊണ്ട് അടുത്ത ഇലക്ഷൻ വരെ കാത്തിരിക്കുക, അടുത്ത തവണ വീണ്ടും ഭാഗ്യം പരീക്ഷിക്കുക എന്നതുമാത്രമാണോ അവർക്ക് ആകെക്കൂടി ചെയ്യാനുള്ളത്?

ശരിക്കും പറഞ്ഞാൽ ഇത്രയ്ക്കങ്ങു പോവേണ്ട കാര്യമൊന്നുമില്ല ഈ പ്രശ്നം മനസ്സിലാവാൻ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കാര്യം തന്നെ നോക്കിയാൽ മതി. അഞ്ചുകൊല്ലം എൽ ഡി എഫ്, അഞ്ചുകൊല്ലം യു ഡി എഫ് എന്ന രീതിയിൽ ഭാരങ്ങൾ മാറിമാറി വരുന്നുണ്ട് എന്നിരിക്കിലും ഈ രണ്ടു മുന്നണികളുടെയും ഭാഗമല്ലാത്ത ജനങ്ങൾ എങ്ങനെയാണ് ഈ ‘ജനാധിപത്യ’ പ്രക്രിയയെ കാണുന്നുണ്ടാവുക? ഒരുപക്ഷേ അവർ ഇതിലേതെങ്കിലും ഒരു മുന്നണിയുടെ സ്ഥാനാർത്ഥിയ്ക്ക് (അല്ലെങ്കിൽ ബി ജെ പിയ്ക്ക്) വോട്ടുചെയ്യുന്നവരായിരിക്കും. അപ്പോഴും, ആ വോട്ട് ആ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി / പാർട്ടി / മുന്നണി തങ്ങളെ പ്രതിനിധാനം ചെയ്യും, അല്ലെങ്കിൽ അവരിലൂടെ തങ്ങൾക്കും ഭരണത്തിൽ പങ്കാളിത്തം ലഭിക്കും എന്ന പ്രതീക്ഷയിലാണോ? അതോ ‘തമ്മിൽ ഭേദം’ എന്നുതോന്നുന്ന ഒരു മുന്നണിയ്ക്ക് / ആൾക്ക് വോട്ടുചെയ്ത് വിടുകയാണോ ഭൂരിഭാഗം പേരും ചെയ്യുന്നത്? അങ്ങനെ ആണെങ്കിൽ വേറെ ഏതെങ്കിലും തരത്തിൽ അവർ തങ്ങളുടെ ‘അധികാര പങ്കാളിത്തം’ പിന്നീട് സാധ്യമാക്കുന്നുണ്ടോ?

ജോലിസ്ഥലങ്ങളിലാണെങ്കിൽ മിക്കവാറും ആളുകളും ഏതെങ്കിലും മുഖ്യധാരാ പാർട്ടിയുമായി ചേർന്നുപോവുന്ന ശക്തമായ ഒരു സംഘടനയിൽ അംഗത്വമെടുത്ത് (അത് മിക്കപ്പോഴും ‘തൊഴിലാളിവർഗ്ഗ’ പാർട്ടികളുടെ സംഘടനാ തന്നെയായിരിക്കും) അതിലൂടെ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയും അധികാരകേന്ദ്രങ്ങളുമായി ബന്ധം നിലനിർത്തുകയും ചെയ്യുന്നുണ്ട്. അത്തരം സംഘടനകളുടെ രാഷ്ട്രീയ / സദാചാര കെട്ടുകളിൽ നിൽക്കാൻ കഴിയാത്തവരുടെ കാര്യമോ? കോഴിക്കോട് സർവ്വകലാശാലയിൽ പി ഇ ഉഷ നേരിടേണ്ടിവന്ന അവഹേളനങ്ങൾ ഇക്കൂട്ടത്തിൽ ഓർമ്മിക്കാവുന്നതാണ്.

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നേതാവ് ഈയിടെ കോഴിക്കോട് വച്ച് നടത്തിയ ഒരു പ്രസംഗത്തിൽ ഈ ചോദ്യമുയർത്തുകയുണ്ടായി — കേരളത്തിൽ ഇരുമുന്നണികളും മാറിമാറി അഞ്ചുകൊല്ലം വീതം ഭരിച്ചിട്ട് ആർക്കാണ് നേട്ടമുണ്ടായത് എന്ന്. ഇവിടെയെല്ലാമുള്ള ഒരു പ്രധാന പ്രശ്നം സാമൂഹ്യമായും രാഷ്ട്രീയമായും ശക്തമായ ഒരു കൂട്ടത്തിന്റെ, അല്ലെങ്കിൽ ചില കൂട്ടങ്ങളുടെ, അധികാര കേന്ദ്രീകരണമായി മാറുന്നു ഫലത്തിൽ ഇത്തരം ജനാധിപത്യമെല്ലാം എന്നതാണ്.

  • കമ്മ്യൂണിസ്റ്റ് / മാവോയിസ്റ്റ് ഉത്തരങ്ങള്‍

ഇത്തരം ചോദ്യങ്ങൾക്ക് എല്ലാത്തിനും എളുപ്പത്തിലുള്ള ഉത്തരമില്ല. മാവോയിസ്റ്റ് / നക്സലൈറ്റ് ഗ്രൂപ്പുകളും പാർലമെന്ററി ജനാധിപത്യത്തിന്റെ പരിമിതികളെപ്പറ്റി പറയാറുണ്ടെങ്കിലും അവർ പോംവഴിയായി ചൂണ്ടിക്കാണിക്കുന്ന ‘കമ്മ്യൂണിസ്റ്റ്’ / ‘സോഷ്യലിസ്റ്റ്’  സർവ്വാധിപത്യങ്ങൾ എവിടെയും ജനങ്ങളുടെ വികാരങ്ങളെ കാര്യമായൊന്നും മാനിച്ചതായി ചരിത്രമില്ല. ‘ഞങ്ങൾ പറഞ്ഞുതരാം നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന്’ എന്ന രീതിയിൽ സ്വാതന്ത്ര്യ നിഷേധത്തിലൂടെയും പരമാധികാരത്തിലൂടെയും ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ് സാമൂഹ്യനീതിയെന്ന വിശ്വാസവുമില്ല. അതുകൊണ്ട് അവരൊക്കെ പൊതുവിൽ ചെയ്യുന്നതുപോലെ ‘ജനാധിപത്യം’ എന്ന സങ്കല്പത്തെത്തന്നെ ഒരു മിഥ്യയായി കണക്കാക്കി തള്ളിക്കളയാനല്ല, മറിച്ച് വേറെ ഏതെങ്കിലുമൊക്കെ തരത്തിൽ / രൂപത്തിൽ വിഭാവനം ചെയ്യാമോ ‘ജനാധിപത്യ’ത്തെ എന്നാണ് ഇവിടെ ആലോചിക്കാൻ ശ്രമിക്കുന്നത്.

ഇത്തരം ചിന്തകൾ ഇവിടെ ഉണ്ടായിരുന്നില്ലെന്നല്ല. എളുപ്പത്തിൽ ഉത്തരം കൊടുക്കാവുന്നൊരു ചോദ്യമല്ലെങ്കിലും ചില പൊതുവായ ഉത്തരങ്ങൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതും കാണാം. ‘ജനകീയ സമരങ്ങൾ’ തന്നെയാണ് അതിലൊന്ന്.

  • കേരളത്തിലെ ചില ‘ജനകീയ’ സമരങ്ങളുടെ ഓര്‍മ്മകള്‍

സത്യത്തിൽ ജനകീയ സമരം എന്ന ആശയം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. കേരളത്തിലാണെങ്കിൽത്തന്നെ,  ‘വിമോചന സമരം’ തൊട്ടിങ്ങോട്ട് പല സമരങ്ങളും ജനകീയ സമരങ്ങളെന്ന വിഭാഗത്തിൽ പെടുത്താവുന്നതാണ്. തിരഞ്ഞെടുപ്പിനു പുറത്തുള്ള, അല്ലെങ്കിൽ തിരഞ്ഞെടുപ്പിനുമപ്പുറത്തേക്കുള്ള, ‘ജനങ്ങളു’ടെ പലവിധത്തിലുള്ള ഇടപെടലുകളായി മനസ്സിലാക്കാൻ കഴിയുന്നവയാണ് ഇത്തരം സമരങ്ങൾ ഏതാണ്ടെല്ലാം തന്നെ. അതിൽ ചിലതൊക്കെയെങ്കിലും ഇവിടെ ഓർമ്മിക്കാതിരിക്കാൻ കഴിയുന്നില്ല.

ആദിവാസികളുടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി 2001ൽ സെക്രട്ടറിയേറ്റിന് മുന്നിൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസി ഗോത്ര മഹാസഭ കുടിൽ കെട്ടി സമരം നടത്തിയതിന്റെ തുടർച്ചയെന്നോണം വയനാട്ടിലെ മുത്തങ്ങയില്‍ വനഭൂമി കൈയേറി കുടില്‍ കെട്ടിയ സംഭവമുണ്ടായത് 2003-ലായിരുന്നു. “ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന ധാരണ സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നുണ്ടായ സമരമാണ് മുത്തങ്ങ സമരം. 2003 ജനുവരി മൂന്നിന് സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസി ഗോത്രമഹാസഭ മുത്തങ്ങയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. മുത്തങ്ങയില്‍ സമരം നടത്തിയിരുന്ന ആദിവാസികള്‍ക്കു നേരെ ആന്റണി സര്‍ക്കാര്‍ ഫിബ്രുവരി 19 ന് നരനായാട്ട് നടത്തി. വെടിവെപ്പിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും സമര പ്രവര്‍ത്തകനും  ഒരു പോലീസ് കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടു. തുടര്‍ന്ന് സമ്മര്‍ദത്തിലായ സര്‍ക്കാര്‍ വിതരണത്തിനായി 42 കോടി നല്‍കി സ്റ്റേറ്റ് ഫാം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ആറളം ഫാം വാങ്ങാന്‍ തീരുമാനിച്ചു. 2006 മാര്‍ച്ചില്‍ ആദിവാസികള്‍ക്ക് ആദ്യഘട്ട ഭൂമിവിതരണം നടത്തി..” എന്ന് മാതൃഭൂമി പത്രം കേരളം@60 എന്ന ഫീച്ചറിൽ ഈ സമരത്തെ ഓർമ്മിക്കുന്നു. ജോഗി എന്ന ആദിവാസി യുവാവ് 2003 ഫെബ്രുവരി 9-ന്റെ ആ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. അന്നത്തെ പോലീസ് മർദ്ദനത്തെത്തുടർന്ന് തുടർന്നുള്ള ദിവസങ്ങളിൽ വേറെയും ആദിവാസികൾ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു.

മുത്തങ്ങ സമരമൊരു വിജയമായിരുന്നോ എന്ന കാര്യത്തിൽ അഭിപ്രായം പറയാൻ നിൽക്കുന്നില്ല. ‘മുത്തങ്ങ പാക്കേജ്’ മുഴുവനായി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ ഇപ്പോഴും സമരങ്ങൾ തുടരുന്നുണ്ട്. എന്നാൽ സി പി എം പോലുള്ള മുഖ്യധാരാ പാർട്ടികളുടെയും അവരുടെ ‘പോഷക’സംഘടനയായ ആദിവാസ ക്ഷേമ സമിതിയുടെയും ലേബലിലല്ലാതെ ആദിവാസികളുടെ രാഷ്ട്രീയമായ ഇടപെടലുകൾ കേരളം കാണാൻ തുടങ്ങിയത് സി കെ ജാനുവിലൂടെയും കുടിൽ കെട്ടി സമരത്തിലൂടെയും മുത്തങ്ങ സമരത്തിലൂടെയുമായിരുന്നു.

2014-ൽ നല്ലൊരളവിൽ ജനശ്രദ്ധ നേടിയ ‘നിൽപ്പുസമരം’ തന്നെയും ഭൂമിക്കുമേലുള്ള ആദിവാസികളുടെ അവകാശസമരങ്ങളുടെ ഒരു തുടർച്ചയായിരുന്നു. കേവലം ഒരു ഭൂ അവകാശ സമരം എന്നതിനപ്പുറം 1996-ൽ പാർലമെന്റ് പാസാക്കിയ ‘പെസ’ (Panchayath Act Extended to Scheduled Area) നിയമപ്രകാരമുള്ള ‘ഗോത്ര സ്വയംഭരണം’ എന്ന ആവശ്യം കൂടി ഉന്നയിച്ചുകൊണ്ടായിരുന്നു ആ സമരം. നിൽപ്പ് സമരത്തിലേക്കെത്തിയ പ്പോഴേയ്ക്ക് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കുറച്ചുകൂടി ഇടം നേടിയെടുക്കാനും തങ്ങളുടെ ശബ്ദത്തിനു കൂടുതൽ കേൾവിക്കാരെ ഉണ്ടാക്കിയെടുക്കാനും ആദിവാസികൾക്കു കഴിഞ്ഞു. കേരളത്തിൽ ‘പെസ’ നിയമം നടപ്പിലാക്കുന്നതടക്കം ആദിവാസികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഭൂരിഭാഗവും അംഗീകരിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് 162 ദിവസം നീണ്ടുനിന്ന ആ സമരം സമാപിച്ചത്.

ഭൂസമരങ്ങളുടെ തന്നെ കാര്യമെടുത്താൽ പത്തനംതിട്ട ജില്ലയിലെ ഹാരിസൺ മലയാളം കമ്പനിയുടെ അധീനതയിലുള്ള ചെങ്ങറ എസ്റ്റേറ്റിൽ 2007 ആഗസ്റ്റ് നാലിനാരംഭിച്ച, ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന, ‘ചെങ്ങറ സമര’വും ചരിത്രപ്രധാനമായ ഒന്നാണ്. സമരം തുടങ്ങിയ കാലത്തു റബ്ബർ ഷീറ്റ് മോഷ്ടാക്കൾ എന്നാണ് അന്നത്തെ മുഖ്യമന്ത്രി സമരക്കാരെ വിളിച്ചത്. ‘തൊഴിലാളി’കൾക്കെതിരായ ഒരു സമരമായി അതിനെ വ്യാഖ്യാനിക്കാനും ശ്രമങ്ങൾ നടന്നു. ആദ്യത്തെ അഞ്ചാറുമാസം മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ ഈ സമരത്തോട് കണ്ണടച്ചു, 2008 മാർച്ചിൽ സെക്രട്ടേറിയറ്റിനടുത്ത് ചെങ്ങറ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചുകൊണ്ടു നടന്ന ‘രാത്രിസമര’ത്തിനെതിരെ സദാചാര വാളെടുത്തുകൊണ്ട് ദേശാഭിമാനി പത്രവും കൈരളി / പീപ്പിൾ ചാനലുകളും ചെങ്ങറ സമരത്തെത്തന്നെ താറടിക്കാൻ ശ്രമങ്ങൾ നടത്തി. എന്നാൽ അതിനുശേഷം പതുക്കെപ്പതുക്കെ പത്രങ്ങളും ചാനലുകളുമൊക്കെ ആ സമരത്തെപ്പറ്റി പറയാൻ നിർബ്ബന്ധിതരാവുകയും 2009-ൽ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ ‘ചെങ്ങറ പാക്കേജ്’ പ്രഖ്യാപിക്കുകയും ചെയ്തു. 2011-ൽ ഉമ്മൻ ചാണ്ടി സർക്കാർ ആ പാക്കേജ് നടപ്പിലാക്കാനുള്ള നടപടികൾ തുടങ്ങിയെങ്കിലും പലർക്കും ഭൂമി കിട്ടിയില്ല, പലർക്കും കിട്ടിയ ഭൂമി കൃഷിക്കോ വീടുവയ്ക്കാനോ പറ്റുന്നതല്ലെന്ന പരാതി ഉയരുകയും ചെയ്തു. ളാഹ ഗോപാലനും സലീന പ്രക്കാനവും ആ സമരത്തിൽ നിന്ന് ഉയർന്നുവന്ന നേതാക്കളായിരുന്നു. അവരെല്ലാം വിട്ടുപോയിട്ടും പത്താം വർഷത്തിലും ചെങ്ങറയിൽ പലരും സമരം തുടരുന്നുണ്ട്.

2012 ഡിസംബര്‍ 31 ന് അര്‍ധരാത്രി ശ്രീരാമന്‍ കൊയ്യോന്റെ നേതൃത്വത്തിലുള്ള ആദിവാസി-ദളിത് മുന്നേറ്റ സമിതിയുടെ മുന്‍കൈയില്‍ 150 ഓളം കുടുംബങ്ങള്‍ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലെ ‘അരിപ്പ’യിലെ ഭൂമിയില്‍ പ്രവേശിച്ച് കുടിലുകള്‍ കെട്ടി തുടങ്ങിയ ‘അരിപ്പ’ ഭൂസമരവും ഇന്നും തുടരുകയാണ്. കാര്‍ഷികാവശ്യത്തിന് ഉപയുക്തമായ  ഒന്നു മുതല്‍ അഞ്ച് ഏക്കര്‍ വരെ ഭൂമിയും ഗൃഹനിര്‍മ്മാണത്തിന് ധനസഹായവും ആവശ്യപ്പെട്ടു കൊണ്ടാണ് അവിടെ സമരം നടക്കുന്നത്. ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെടുത്തി പട്ടയം ലഭിച്ചിട്ടും ഭൂമി എവിടെയെന്ന് അറിയാത്തവരോ കാര്‍ഷിക ആവശ്യത്തിനോ താമസത്തിനോ ഉപകരിക്കാത്ത ഗുണനിലവാരം കുറഞ്ഞ ഭൂമി ലഭിച്ചവരോ തീര്‍ത്തും ഭൂരഹിതരോ നാമമാത്രഭൂമിയുള്ളവരോ ഉള്‍ക്കൊള്ളുന്ന ദളിത് ആദിവാസി ഭൂരഹിതരാണ് ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ സമരത്തിൽ പങ്കുകൊള്ളുന്നത്. അരിപ്പയിലെ സമരഭൂമിയിലുള്ളവര്‍ വര്‍ഷങ്ങളായി ഹരിജന്‍-ലക്ഷം വീടുകളിലും റോഡ്-തോട് പുറമ്പോക്കുകളിലുമാണ് താമസിക്കുന്നത്.

“ഭൂപരിഷ്‌കരണത്തിന്റെ വലക്കണ്ണികള്‍ പൊട്ടിക്കാന്‍ വിദേശിയും സ്വദേശിയുമായ തോട്ടമുടമകള്‍ക്ക് കഴിഞ്ഞത്, സമ്പദ്ഘടനയുടെ മുഖ്യാവലംബം നാണ്യവിളകളാണെന്നും, തോട്ടങ്ങളില്‍ 15 ലക്ഷത്തോളം തൊഴിലാളികളു ണ്ടെന്നുമുള്ള വാദമുന്നയിച്ചതു കൊണ്ടാണ്. തോട്ടമുടമകളോ ടുള്ള ഉദാര സമീപനത്തിന്റെ ഫലമായി, ഇപ്പോള്‍ ലണ്ടന്‍ ആസ്ഥാനമായ കുത്തകക്കമ്പനിയായ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് കൈവശം വെച്ചിരിക്കുന്നത് 76,000 ഏക്കര്‍ ഭൂമിയാണ്. ടാറ്റയുടെ കൈവശമുള്ളത് 50,000 ഏക്കറാണ്.” എന്ന് കെ കെ കൊച്ച് 2013 ഡിസംബറിൽ ‘ഉത്തരകാല’ത്തിൽ പ്രസിദ്ധീകരിച്ചുവന്ന ‘അരിപ്പ ഭൂസമരം: പ്രശ്‌നങ്ങളും പ്രതിസന്ധികളും‘ എന്ന ലേഖനത്തിൽ പറയുന്നുണ്ട്. “ദളിത്/ ആദിവാസി ജനതകള്‍ സമ്പന്നരോ സംഘടിത വോട്ട് ബാങ്കോ അല്ലാത്തതിനാല്‍, അവര്‍ നയിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക ഭിമുഖീകരിക്കേണ്ടിവരുന്നത് സര്‍ക്കാറിന്റെ അവഗണനയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലായ്മയുമാണ്. ഇതേ സമയം മുഖ്യധാരയ്ക്ക് പുറത്തുള്ള ദളിത് സംഘടനകള്‍, പൗരാവകാശപ്രസ്ഥാനങ്ങള്‍, മനുഷ്യാവകാശ സംഘടനകള്‍, സ്ത്രീ പ്രസ്ഥാനങ്ങള്‍, മാധ്യമങ്ങള്‍, ജനാധിപത്യവാദികള്‍ എന്നിവരുടെ പിന്തുണയാര്‍ജിക്കുന്നുണ്ട്. രാഷ്ട്രീയമെന്നതിലുപരി സാമൂഹികവും മനുഷ്യത്വപരവുമായ ജനപിന്തുണയാണ് സമരങ്ങളെ കരുത്തുറ്റതും വിപുലവുമാക്കുന്നത്.” എന്നും പ്രസ്തുത ലേഖനത്തിൽ അദ്ദേഹം നിരീക്ഷിക്കുന്നു. വലിയ തോതിലുള്ള “ജനപ്രീതി” കരസ്ഥമാക്കുന്നതിൽ ഇത്തരം ജനകീയ സമരങ്ങൾക്കുള്ള പരിമിതിയെപ്പറ്റി ഓർമ്മിപ്പിക്കുമ്പോൾത്തന്നെ “മുഖ്യധാര”യുടെ പിന്തുണ ഇല്ലാതിരിക്കുമ്പോഴും സമൂഹത്തിന്റെ അരികുകളിൽ ജീവിക്കുന്ന ജനങ്ങൾക്ക് ലഭ്യമായ ജനാധിപത്യത്തിന്റെ ചില സാധ്യതകളെ അടയാളപ്പെടുത്തുന്നു ഈ വരികൾ.

ചെങ്ങറ സമരഭൂമിയിൽ വച്ച് ഈ വർഷം ജാനുവരി 29-ന് ജിഗ്നേഷ് മേവാനി ഉദ്ഘാടനം ചെയ്ത ചലോ തിരുവനന്തപുരവും ഈ ഭൂസമരങ്ങളുടെ ഒരു തുടർച്ചയാണ്.

നിർദ്ദിഷ്ട സൈലന്റ് വാലി ജലവൈദ്യുതപദ്ധതിക്കെതിരായി 35-40 കൊല്ലം മുമ്പു നടന്ന സമരങ്ങളും ഏതാണ്ട് അതേ കാലത്ത് മാവൂർ റയൺസിനെതിരെ നടന്ന സമരവും മയിലമ്മ എന്ന സ്ത്രീയുടെ നേതൃത്വത്തിൽ 2002-ൽ തുടങ്ങിയ പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റിനെതിരെയുള്ള സമരവും തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ ശാല മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പേരിൽ അവിടെ മാലിന്യം കുമിഞ്ഞുകൂടുന്നതി നെതിരെ 2011 മുതൽ 2016 വരെ നടന്ന സമരവും എല്ലാം പല തരത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഉണ്ടായിവന്നതും ഒരു പരിധി വരെയെങ്കിലും വിജയിച്ച തുമായ സമരങ്ങളാണ്. സൈലന്റ് വാലി പദ്ധതി പ്രതിഷേധങ്ങളെ ത്തുടർന്ന് ഉപേക്ഷിക്കപ്പെട്ടു, മാവൂർ റയൺസ് ഫാക്ടറി 1999-ൽ ഉത്പാദനം നിർത്തുകയും അതേത്തുടർന്ന് 2001-ൽ നിയമപരമായി അടച്ചുപൂട്ടുകയും ചെയ്തു. 2004ൽ പാലക്കാടു ജില്ലയെ സര്‍ക്കാര്‍ വരള്‍ച്ച ബാധിത മേഖല പ്രദേശം ആയി പ്രഖ്യാപിച്ച തിനെത്തുടർന്ന് പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റ് പ്രവർത്തനമ വസാനിപ്പിച്ചു. വിളപ്പിൽ ശാലയിലെ മാലിന്യ പ്ലാന്റാകട്ടെ, അടച്ചുപൂട്ടാൻ ഹരിത ട്രൈബ്യൂണലിന്റെ വിധി വരികയും ചെയ്തു.

‘എന്‍ഡോസള്‍ഫാന്‍’ സമരമാണ് മറ്റൊന്ന് — കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുവണ്ടി തോട്ടത്തില്‍ ഹെലിക്ടോപ്ടറില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചതിന്റെ ഫലമായി ആ പ്രദേശത്ത് ആളുകൾ മാരകരോഗങ്ങൾക്ക് അടിമകളാവുകയും പലതരത്തിലുള്ള ജനിതക വൈകല്യങ്ങളോടെ കുട്ടികൾ പിറക്കുകയും ചെയ്തു. എന്‍ഡോസള്‍ഫാനെതിരെയുള്ള നീണ്ട നാളത്തെ സമരങ്ങൾക്കു ശേഷം 2011 ല്‍ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ ഉത്പാദനവും വിതരണവും വിണനവും സുപ്രീംകോടതി നിരോധിക്കുകയുണ്ടായി. ഈ കീടനാശിനി മൂലമുള്ള രോഗബാധിതരുടെ അവകാശങ്ങൾക്കുവേണ്ടി ഇന്നും സമരങ്ങൾ തുടരുന്നുണ്ട്.

  • പുതിയൊരു ‘തൊഴിലാളി’സമരം

തൊഴിലാളി സമരം എന്നാൽ എങ്ങനെയിരിക്കണം എന്ന സങ്കൽപ്പങ്ങളും മാറ്റങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്ത് കേരളത്തില്‍ നടന്ന ഏറ്റവും വലിയൊരു ജനകീയപ്രക്ഷോഭമായിരുന്നു 2015 സെപ്റ്റംബറിൽ ‘പൊമ്പിളൈ ഒരുമൈ’യുടെ നേതൃത്വത്തിൽ മൂന്നാറിലെ തേയില തോട്ടം തൊഴിലാളികള്‍ നടത്തിയ സമരം. ആ വർഷം സെപ്റ്റംബർ 2-നു ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ കൺവെൻഷനിലേക്ക് മൂന്നാറിലെ സ്ത്രീ തോട്ടം തൊഴിലാളികൾ കയറിച്ചെല്ലുകയും വര്‍ഷങ്ങളായി എല്ലാ തൊഴിലാളി യൂണിനുകളും തങ്ങളെ വഞ്ചിക്കുകയാണെന്നും അതിനാല്‍ തങ്ങള്‍ തന്നെ തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി സംഘടിക്കുകയാണെന്നും പറഞ്ഞു.

മുഖ്യധാരാ തൊഴിലാളി സംഘടനകളുടെ പ്രയോരിറ്റികളിൽ ഒരിക്കലും കടന്നുവരാതിരുന്ന, അങ്ങേയറ്റം മോശപ്പെട്ട ജീവിത സൗകര്യങ്ങളിൽ കഴിയുന്ന, ദലിതരും തമിഴരുമൊക്കെയായ തോട്ടം തൊഴിലാളികളാണ് ഈ സമരത്തിലൂടെ അവരുടെ അവകാശങ്ങൾക്കായി സംസാരിച്ചത്. മിക്കവാറും എല്ലാ പ്രമുഖ തൊഴിലാളി സംഘടനകളും സമരത്തിനെതിരായിരുന്നു, അല്ലെങ്കിൽ ഈ സമരത്തിന്റെ ഭാഗമായിരുന്നില്ല. ബോണസും മെച്ചപ്പെട്ട ആശുപത്രി / പാർപ്പിട സൗകര്യങ്ങളും ആവശ്യപ്പെട്ട് സെപ്റ്റംബർ അഞ്ചാം തിയ്യതി മുതൽ മൂന്നാറിൽ നടന്ന ആദ്യഘട്ട സമരം ഒന്‍പതു ദിവസം നീണ്ടുനിന്നു. ആ സമരത്തിനൊടുവിൽ ഇരുപതു ശതമാനം ബോണസ് നൽകാൻ തീരുമാനമായി.

“20 ശതമാനം ബോണസ്, ആശുപത്രി സൗകര്യം, ലയങ്ങളിലെ ശോചനീയാവസ്ഥ പരിഹരിക്കുക, മെച്ചപ്പെട്ട പാര്‍പ്പിടം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഓരോ ദിവസവും കഴിയും തോറും സമരത്തിലേക്ക് തൊഴിലാളികളുടെ ഒഴുക്കായിരുന്നു. മൂന്നാര്‍ ഇളകി മറിഞ്ഞു. പുരുഷ തൊഴിലാളികളും സ്ത്രീ തൊഴിലാളികളും അവരുടെ ഭര്‍ത്താക്കന്മാരും മക്കളുമടക്കം സമരരംഗത്തെത്തി. അമ്പത്, നൂറ്, ഇരുന്നൂറ്, അഞ്ഞൂറ്, ഒടുവില്‍ ഒമ്പതാം തിയതി ആയപ്പോള്‍ 2000ത്തിലേറെ പേര്‍ അണിനിരന്ന വമ്പന്‍ പ്രക്ഷോഭമായി അതു മാറി..” എന്ന് ‘നാരദാ ന്യൂസിലെ ഒരു റിപ്പോർട്ട് ഈ സമരത്തെക്കുറിച്ചു പറയുന്നു. തുടങ്ങിയ തൊഴിലാളി നേതാക്കളും ഈ സമരത്തിലൂടെ ഉയർന്നുവന്നു.

പിന്നീട് മിനിമം വേതനം 500 രൂപയാക്കാൻ വേണ്ടി വീണ്ടും സമരം ചെയ്‌തെങ്കിലും ട്രേഡ് യൂണിയനുകളുടെ സമ്മർദ്ദങ്ങൾക്കും തൊഴിൽ മന്ത്രിയുടെ ഇടപെടലിനുമൊടുവിൽ മിനിമം വേതനം കേവലം 301 രൂപയായാണ് വർദ്ധിപ്പിച്ചത്. അതോടൊപ്പം നുള്ളേണ്ട തേയിലയുടെ അളവും വർദ്ധിപ്പിച്ചതിലൂടെ ഫലത്തിൽ അതൊരു തൊഴിലാളി വിരുദ്ധ ഒത്തുതീർപ്പായി മാറി. മാത്രവുമല്ല സമരം ചെയ്തു നേടിയ 20 ശതമാനം ബോണസ് 2016 ആയതോടെ 10 ശതമാനമാക്കി കമ്പനി കുറച്ചു. ഇപ്പോൾ 10 ശതമാനം മാത്രം ബോണസാണ് തൊഴിലാളികൾക്ക് കിട്ടുന്നത്.

ആദ്യത്തെ സമരം ഒത്തുതീർപ്പാക്കിയ സമയത്ത് അന്നത്തെ യു ഡി എഫ് സർക്കാർ നൽകിയ പല ഉറപ്പുകളും പാലിക്കപ്പെട്ടില്ല. കോളനിവാസികള്‍, തേയില തൊഴിലാളികള്‍, പ്രദേശത്തെ മറ്റു പാവപ്പെട്ട കുടുംബങ്ങള്‍ എന്നിവര്‍ക്കു വേണ്ടി ഈ വർഷം അതിനൊരു തുടർ സമരമുണ്ടാവും എന്നാണ് അന്നത്തെ സമരത്തിന്റെ നേതാക്കളിൽ ഒരാളായ ഗോമതി പറയുന്നത്.

  • ചില ‘ഒറ്റയാള്‍’ പോരാട്ടങ്ങള്‍

ഇത്തരത്തിലുള്ള ‘ജനകീയ’ സമരങ്ങളിൽ പെടാത്ത ചില ഒറ്റയാൾ പോരാട്ടങ്ങളുമുണ്ട്. അഫ്‌സ്പ എന്ന ആംഡ് ഫോഴ്സസ് സ്‌പെഷ്യൽ പവേഴ്സ് ആക്റ്റിനെതിരെ മണിപ്പൂരിൽ പതിനാറു കൊല്ലം നിരാഹാര സമരം നടത്തിയ ഇറോം ശർമ്മിള ആ നിയമത്തിന്റെ ഭീകരത ദേശീയതലത്തിൽ ചർച്ചയാവുന്നതിൽ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തിൽ മണൽ മാഫിയക്കെതിരെ ജസീറ മാടായി നടത്തിയ ഒറ്റയാൾ സമരവും ചിത്രലേഖയ്ക്ക് തന്റെ ഓട്ടോ ഓടിക്കാനും ജീവിക്കാനും വേണ്ടി നടത്തേണ്ടിവന്നിട്ടുള്ള സമരങ്ങളും എല്ലാം ജനാധിപത്യത്തിന്റെ അത്ര പരിചിതമല്ലാത്ത ചില ഭാവങ്ങളെ വെളിപ്പെടുത്തുന്നതായിരുന്നു.

‘തിന്നുകൊഴുത്തതും ബലവത്തായതുമായ ഒരു വ്യവസ്ഥയ്‌ക്കെതിരെയുള്ള ദൃശ്യമായ ഒരാക്രമണമാണ് ചിത്രലേഖയുടേത്’ എന്നും ‘അവരുടെ പ്രവൃത്തികൾ ഈ രാജ്യത്തെ മറ്റനേകം ചിത്രലേഖമാർക്ക് പ്രചോദനമാകും’ എന്നും 2010-ൽ ഇൻസൈറ്റ് യങ് വോയ്‌സസ് ബ്ലോഗിലെഴുതിയ ‘എല്ലാ ചിത്രലേഖമാരോടും’ എന്ന ലേഖനത്തിൽ ശ്രീമതി അനു രാംദാസ് അഭിപ്രായപ്പെട്ടു (“Chitralekha appears as a visible attack on the well-fed and muscled system. An act that can inspire all other Chitralekha’s across the length and breadth of this country.” – Anu Ramdas, To All Chithralekhas). ചിത്രലേഖയെ ഒരു മാർഗ്ഗദർശി (pioneer) ആയാണ് അവർ ആ ലേഖനത്തിൽ നിരീക്ഷിക്കുന്നത്.

ദേശീയഗാനത്തിനു കൂവിയതിന്റെ പേരിൽ ജയിലിൽ പോവേണ്ടിവരുന്ന സൽമാൻ മുഹമ്മദും നോവലിനെതിരെ ദേശദ്രോഹക്കേസും ഭീഷണികളും വന്നപ്പോൾ സ്വന്തം നോവൽ കത്തിക്കുന്ന കമൽസിയും എല്ലാം നിലവിലുള്ള ‘അംഗീകൃത’ ജനാധിപത്യ സങ്കല്പത്തോടുള്ള പല തരത്തിലുള്ള ഒറ്റയാൾ പോരാട്ടങ്ങൾ തന്നെയാണ്. ബസിനുള്ളിലെ പീഡനശ്രമത്തിനെതിരേ ശബ്ദമുയർത്തിയപ്പോൾ ടാർഗറ്റ് ചെയ്യപ്പെടുകയും പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മുഖ്യധാരാ തൊഴിലാളി സംഘടനകളോട് പൊരുതി അവിടെനിന്ന് ‘നാടുകടത്തപ്പെട്ട്’ അട്ടപ്പാടി ഹില്‍സ് ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റി (അഹാഡ്‌സ്)ലെത്തിയ പി ഇ ഉഷയുടെ ജീവിതവും ജോലിയിടങ്ങളിൽ നിലവിലുള്ള ഏതെങ്കിലും സർവ്വീസ് സംഘടനയുടെ കൂടെ നിൽക്കാൻ നിർബ്ബന്ധിതമാവുന്ന, പരിമിതമായ സാധ്യതകളുടേതായ, ഒരു മുഖ്യധാരാ ‘ജനാധിപത്യ’ത്തിനെതിരെയുള്ള ഒരു ഒറ്റയാൾ സമരം തന്നെയായിരുന്നു.

  • കേരളത്തിലെ ‘സവിശേഷ രാഷ്ട്രീയ സാഹചര്യം’

രണ്ടു പ്രധാന മുന്നണികൾക്കു പുറത്തുള്ള രാഷ്ട്രീയം പറയുന്നവർക്ക് കേരളത്തിന്റെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ അത്ര വലിയൊരു ചലനമൊന്നും ഉണ്ടാക്കാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല എന്നുകാണാം. വിരലിലെണ്ണാവുന്ന ചില മണ്ഡലങ്ങളിൽ ബി ജെ പി ഈ രണ്ടു മുന്നണികൾക്കും ഭീഷണിയാവുന്ന സ്ഥിതിയുണ്ടായിട്ടുണ്ട് എന്നതൊഴിച്ചാൽ ഇന്നും ഈ അവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ബി എസ് പി, പി ഡി പി, എസ് ഡി പി ഐ, വെൽഫെയർ പാർട്ടി തുടങ്ങിയ പാർട്ടികൾ ഇവിടെ ദലിത് രാഷ്ട്രീയവും പിന്നോക്ക-മുസ്‌ലീം രാഷ്ട്രീയവുമെല്ലാം പറയാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പാർലമെന്ററി രാഷ്ട്രീയത്തിൽ ചില പഞ്ചായത്ത് വാർഡുകൾക്കപ്പുറം തങ്ങളുടെ ശക്തി കാണിക്കാൻ ഇനിയും ഇവർക്കായിട്ടില്ല. ഇതിൽ ബി എസ് പി ഉത്തർ പ്രദേശ് രാഷ്ട്രീയത്തിലെ ഒരു നിർണ്ണായക ശക്തിയാണെന്നും രണ്ടുതവണ ആ സംസ്ഥാനം ഭരിച്ചത് അവരുടെ മുഖ്യമന്ത്രിയായ മായാവതിയായിരുന്നു എന്നും ഓർക്കുക. ഉത്തർ പ്രദേശിൽ ഇപ്പോൾ ഭരണത്തിലില്ലെങ്കിലും ഇരുപതു ശതമാനത്തിനു മേൽ വോട്ടു ഷെയറുള്ള ഒരു പാർട്ടിയായി അവരവിടെ തുടരുന്നുണ്ട്, എന്നാൽ കേരളത്തിലെ ‘സവിശേഷ സാഹചര്യം’ മിക്കപ്പോഴും അവരെ ഒന്നും രണ്ടും ശതമാനം വോട്ടുകളിൽ തളച്ചിടുന്നതായാണ് കാണാനാവുന്നത്. (2009-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ നീലലോഹിത ദാസൻ നാടാർ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ബി എസ് പി ടിക്കറ്റിൽ മത്സരിച്ച് 85000-ത്തോളം വോട്ടുകൾ നേടിയത് മാത്രമാണ് ഇതിനൊരപവാദം. അദ്ദേഹമാകട്ടെ, വൈകാതെ ഇടതുമുന്നണിയിലേക്ക് തിരിച്ചുപോവുകയും ചെയ്തു.)

മുന്നണികൾക്കു പുറത്ത് പാർലമെന്ററി രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്തുക ദുഷ്കരമായ സമയങ്ങളിൽ പാർലമെന്ററി രാഷ്ട്രീയത്തെ തങ്ങളുടെ പ്രഥമ പ്രയോറിറ്റിയായി കാണാതിരിക്കുക, അതേസമയം തങ്ങളുടെ രാഷ്ട്രീയവുമായി ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ കഴിയുന്ന വിധത്തിലൊക്കെ ശ്രമിക്കുക എന്നതാണ് സാധ്യമായ മറ്റൊരു വഴി. അതേസമയം, അതിലും വെല്ലുവിളികൾ പലതാണ്. പലയിടങ്ങളിലും സംഘടനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന കേരളം പോലുള്ള സ്ഥലങ്ങളിൽ പാർട്ടിയെ സംഘടനാപരമായി വളർത്തുക എന്നത് എളുപ്പമല്ല. വിശേഷിച്ചു ജാതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയം പറയാനാകട്ടെ, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വിസമ്മതിക്കുകയും ചെയ്യുന്നു. കേരളത്തിനു പുറത്തുള്ള ഒന്നായാണ് ‘ജാതി’യെ ഇവിടെയുള്ള മാധ്യമങ്ങൾ കാണുന്നത് എന്നും അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾക്ക് കേരളത്തിലെ മാധ്യമങ്ങളിൽ ഇടം കിട്ടുകയില്ല എന്നും ദലിത് ക്യാമറയ്ക്കു വേണ്ടി ഗോപാൽ ഗുരുവും ഡോ. ടി എം യേശുദാസനുമായുള്ള ഒരു സംഭാഷണത്തിൽ ഡോ. പി സനൽ മോഹൻ പറയുന്നുണ്ട്.

  • പി ആര്‍ ഡി എസ്, മറ്റു മതസംഘടനകള്‍

കേരളത്തിന്റെ മുഖ്യധാരയിൽ ജാതീയമായ വിവേചനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഏറെക്കുറെ അസാധ്യമാവുമ്പോഴും ഒരു പരിധി വരെ മുഖ്യധാരയ്ക്കുള്ളിൽ നിന്നുകൊണ്ടുതന്നെ അത്തരം വിഷയങ്ങൾക്ക് / വ്യവഹാരങ്ങൾക്ക് ഇടമുള്ളത്  പി ആർ ഡി എസ്, എസ് സി എം തുടങ്ങിയ ‘മത’സംഘടനകളിലാണെന്നു കാണാം. എണ്ണത്തിൽ കുറവായിരിക്കുമ്പോഴും ക്രിസ്തീയ സഭയ്ക്കുള്ളിലും പുറത്തുമെല്ലാമുള്ള ജാതീയ വിവേചനങ്ങളെപ്പറ്റി സംസാരം സാധ്യമാകുന്ന ചില സ്ഥലങ്ങളാണത്.  പുരോഗമന / മതേതര കക്ഷികൾ എന്നറിയപ്പെടുന്ന മിക്ക കക്ഷികളും അത്തരം വിഷയങ്ങളെ അഭിസംബോധന ചെയ്യാൻ തയ്യാറല്ലാത്ത സമയത്താണ് ഇത് എന്നോർക്കണം. മതവിശ്വാസം ‘പ്രതിലോമകര’മായ ഒന്നായും മതനിഷേധം ‘പുരോഗമനം’ ആയും പൊതുവെ മനസ്സിലാക്കപ്പെടുന്ന ഈ സമൂഹത്തിൽ ഇത് നമ്മളെ നമ്മുടെതന്നെ ബോധ്യങ്ങളെപ്പറ്റി ഒരു പുനർചിന്തയ്ക്ക് പ്രേരിപ്പിക്കേണ്ടതുണ്ട്.

  • സി എസ് ഡി എസ് – കുടുംബസംഗമവും ഹര്‍ത്താലും

അടുത്ത കാലത്ത് കേരളത്തിലെ ദലിതർക്കിടയിൽ ഒരു നിർണ്ണായക ശക്തിയായി ഉയർന്നുവന്നിട്ടുള്ള ഒരു സംഘടനയാണ് 2014-ൽ രൂപീകൃതമായ ചേരമർ-സാംബവർ ഡവലപ്മെന്റ് സൊസൈറ്റി എന്ന സി എസ് ഡി എസ്. ഹിന്ദു-ക്രിസ്ത്യൻ എന്ന വ്യത്യാസമില്ലാതെ ചേരമരെയും (പുലയസമുദായം) സാംബവരെയും (പറയസമുദായം) ഒരു കുടയ്ക്കു കീഴിൽ അണിനിരത്താൻ കഴിഞ്ഞു എന്നത് സംഘടനയുടെ എടുത്തു പറയാവുന്ന നേട്ടമാണ്. 2015-ൽ കോട്ടയത്തും 2016 ഡിസംബർ 23-നു തിരുവനന്തപുരത്തും സി എസ് ഡി എസ് നടത്തിയ സംസ്ഥാനതല കുടുംബസംഗമങ്ങളിൽ വമ്പിച്ച ജനപങ്കാളിത്തമുണ്ടായിരുന്നു. തിരുവനന്തപുരത്തെ സംഗമത്തിൽ ജിഗ്നേഷ് മേവാനിയും പങ്കെടുക്കുകയുണ്ടായി.

കേവലമൊരു ജാതി സംഘടന എന്നതിനപ്പുറത്ത് കേരളസമൂഹത്തിൽ രാഷ്ട്രീയമായ ഇടപെടലുകൾ നടത്തിക്കൊണ്ടു കൂടിയാണ് സി എസ് ഡി എസ് നിലനിൽക്കുന്നത്. ഇടുക്കി ജില്ലയിൽ കട്ടപ്പന പേഴുംകണ്ടത്ത് ദലിത് പിതാവിന്റെ മൃതദേഹം പുറത്തെടുത്ത് പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംഘടന കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇടുക്കി ജില്ലാ വ്യാപകമായി ഹർത്താലിനാഹ്വാനം ചെയ്തു. അതിനുശേഷം എം ജി സർവ്വകലാശാലയിൽ എസ് എഫ് ഐ ഒരു ദലിത് വിദ്യാർത്ഥിയെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഈ വർഷം ജാനുവരി 17-ന് കോട്ടയം ജില്ലയിലും സി എസ് ഡി എസ് ഹർത്താൽ നടത്തി.

ഈ ഹർത്താലിനോട് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഒരുപോലെ കടുത്ത വിരോധത്തോടെയാണ് പ്രതികരിച്ചത്. പൊതുവിൽ ഹർത്താൽ എന്ന സമരരൂപത്തെ അനുകൂലിക്കുകയും ന്യായീകരിക്കുകയും ചെയ്യാറുള്ള സി പി എം അനുഭാവികളുടെ ഫെയ്‌സ്ബുക്ക് ടൈംലൈൻ ജാനുവരി പതിനേഴിന് ഒരു ഹർത്താൽ വിരുദ്ധ ‘മലയാള മനോരമ’യായി മാറി. അടുത്ത ദിവസത്തെ ദേശാഭിമാനി പത്രവും വ്യത്യസ്തമായിരുന്നില്ല.

ഹർത്താൽ ദിവസം ശ്രീ. സെബിൻ എ ജേക്കബ് ആ ഹർത്താലിനെപ്പറ്റി മൂന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ എഴുതുകയുണ്ടായി. അതിലൊന്ന് ‘എസ്എഫ്ഐ അങ്ങനെയെങ്കിൽ ജാതിസംഘടന ഇങ്ങനെ അഥവാ സ്വത്വവാദം ഡാ!’ എന്ന പേരിൽ ‘നാരദാ ന്യൂസി’ൽ പ്രസിദ്ധീകരിച്ചു വരികയും ചെയ്തു. ഇത്തരത്തിൽ ഒരു പ്രതികരണം ഉണ്ടാക്കാനായി ആ ഹർത്താലിന് എന്നത് പ്രധാനമാണ്. അതിനു മുമ്പ് അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല എന്ന് അദ്ദേഹം തന്നെ പോസ്റ്റുകളിൽ പറയുന്നുണ്ട്. ഈ ഹർത്താൽ ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷേ എം ജി സർവ്വകലാശാലയിലെ ആ വിഷയം ഏതൊക്കെയോ ‘സി പി എം വിരോധികൾ പറഞ്ഞുണ്ടാക്കിയ ഒരു കഥ’ മാത്രമായി തേഞ്ഞുമാഞ്ഞു പോയേനെ.

  • ചുംബനസമരവും അമാനവ സംഗമവും

നാമമാത്രമായ ജനപങ്കാളിത്തം കാരണം ‘ജനകീയ സമരങ്ങൾ’ എന്ന ഗണത്തിൽ ഒരുപക്ഷേ പെടുത്താൻ പറ്റാത്ത, വിശേഷിച്ചൊരു സംഘടനയുടെയോ നേതൃത്വത്തിന്റെയോ ഒന്നും പിൻബലമില്ലാത്ത, ചില സമരരൂപങ്ങൾക്കും സമീപകാലത്ത് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ‘ജനകീയ’മല്ലാതിരിക്കെത്തന്നെ ഇത്തരം സമരങ്ങൾ സമൂഹത്തിലെയും രാഷ്ട്രീയത്തിലെയും മുഖ്യധാരകൾ ചർച്ച ചെയ്യാത്ത ചില വിഷയങ്ങളെ പ്രശ്നവൽക്കരിക്കുകയുണ്ടായി. 2014-ലെ ‘കിസ് ഓഫ് ലവ്’ അഥവാ ‘ചുംബന സമര’ സീരീസ് ആണ് അതിലൊന്ന്. 2014 നവംബർ 2-നു കൊച്ചിയിൽ നടന്ന ‘കിസ് ഓഫ് ലവും’ നവംബർ 8-നു ഡൽഹിയിലെ ആർ എസ് എസ് ആസ്ഥാനത്തു നടന്ന ‘കിസ് ഓഫ് ലവും’ കോഴിക്കോട്ടു വച്ചു നടന്ന ‘കിസ് ഇൻ ദ സ്ട്രീറ്റും’ പിന്നീട് ആലപ്പുഴയിലും തിരുവനന്തപുരത്തും ഒക്കെ നടന്ന ഉമ്മ / കെട്ടിപ്പിടിക്കൽ സമരങ്ങളും എല്ലാം ഇതിൽ പെടുത്താം. 2015 അവസാനം കോഴിക്കോട്ടുവച്ചു നടന്ന അമാനവ സംഗമമാണ് മറ്റൊന്ന്. ഈ രണ്ടു സമരങ്ങളും സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചവയാണ്. സംഘാടനം മുഖ്യമായും നടന്നത് ആ ഒരു മീഡിയത്തിലൂടെയാണ്, മാത്രവുമല്ല ഈ സമരങ്ങളുയർത്തിയ മുദ്രാവാക്യങ്ങൾ ജനങ്ങളിലേക്കെത്തിയതും പ്രധാനമായും അതേ മാർഗ്ഗത്തിലൂടെത്തന്നെയാണ്.

2014 ഒക്ടോബറിൽ കോഴിക്കോട് വച്ച് ഡൗൺടൗൺ എന്ന റസ്റ്ററന്റിലുണ്ടായ യുവമോർച്ചയുടെ മോറൽ പോലീസ് ആക്രമണമാണ് ‘കിസ് ഓഫ് ലവ്’ സീരീസിലുണ്ടായ സമരങ്ങൾക്ക് പെട്ടെന്നുണ്ടായ കാരണം. എന്നാൽ എത്രയോ കാലമായി കേരളത്തിൽ തുടർന്നുപോരുന്ന ‘സദാചാര പൊലീസിങ്’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സമൂഹത്തിന്റെ കപട സദാചാര നാട്യങ്ങളോടും അധികാര പ്രകടനങ്ങളോടും  എന്നെങ്കിലുമൊരിക്കൽ ഇത്തരത്തിലുള്ളൊരു പ്രതികരണം ഉണ്ടാവാതിരിക്കുക അസാധ്യമായിരുന്നു. “..ഇത്തരം വീടവസ്ഥയെയും നാടവസ്ഥയെയും വിമർശിക്കുന്നതും പുരുഷന്റെയും സ്ത്രീയുടെയും കള്ളസദാചാരത്തെ ചോദ്യം ചെയ്യുന്നതുമായ പുതുവിമർശനങ്ങൾ ചെവിക്കൊള്ളേണ്ടതുതന്നെയാണ്. ഒന്നു ചുംബിച്ചാൽ തകർന്നുപോവുന്ന ചീട്ടുകൊട്ടാരമോ സദാചാര ബോധനിർമ്മിതികൾ? സദാചാരം കനിഞ്ഞുനൽകുന്ന പുരുഷകോയ്മയെ ചോദ്യം ചെയ്യാൻ പുരുഷനെത്തന്നെ വലിച്ചെറിയുന്ന സ്ത്രീമാത്രരോഗമല്ല ഇത്തരം സമരങ്ങളിൽ കാണാൻ കഴിഞ്ഞത്. അവിടെ രണ്ടുപേരും (സ്ത്രീയും പുരുഷനും) ഉണ്ടായിരുന്നു.. സദാചാരത്തെയും ഭരണകൂട ജന്മിത്വത്തെയും ആയുധം കൊണ്ടല്ല ചുംബനം കൊണ്ടാണവർ നേരിട്ടത്..” എന്ന് ശ്രീ. പ്രദീപ്‌ കുളങ്ങര ‘വികാരങ്ങൾക്കു മേൽ മതങ്ങളെ പണിയുന്നവർ’ എന്ന തന്റെ ലേഖനത്തിൽ ഇതേപ്പറ്റി പറയുന്നു. (‘ഘർ വാപ്പസി: വീടെന്ന മതിൽ’, 2015, പ്രസാധകർ തിരുവല്ല ഡൈനാമിക് ആക്ഷൻ, എഡിറ്റർ : ജോസ് പീറ്റർ).

2015 അവസാനം കോഴിക്കോട് കടപ്പുറത്തുവച്ചു നടന്ന അമാനവ സംഗമമാകട്ടെ അതേ സമയം എറണാകുളത്തുവച്ചു നടന്ന ‘ഫാസിസത്തിനെതിരെ ജനങ്ങൾ – മനുഷ്യസംഗമം’ എന്ന പരിപാടിയോടുള്ള പ്രതികരണമായാണ് ഉടലെടുത്തത്. ‘ഫാസിസത്തിനെതിരെ’ എന്നു പറയുമ്പോൾത്തന്നെ ഇന്ത്യയിലെ ബ്രാഹ്മണിക-ഹിന്ദു ഫാസിസത്തിനെതിരെ പൊരുതിക്കൊണ്ടിരിക്കാൻ നിർബ്ബന്ധിതരാവുന്ന മുസ്‌ലീം സംഘടനകളെ മനുഷ്യസംഗമത്തിൽ നിന്നൊഴിച്ചു നിർത്തിയതാ യിരുന്നു അതിന്റെ പശ്ചാത്തലം. “അമാനവ സംഗമത്തിൽ ഞാൻ പങ്കെടുക്കുന്നില്ല. കാരണം ഞാൻ തടങ്കലിലാണ്” എന്നു പറയുന്ന അബ്ദുൽ നാസർ മദനിയും “മനുഷ്യസ്നേഹിയായ മന്നാഡിയാർ തൂക്കിക്കൊന്നതിനാൽ” വരാൻ കഴിയാത്ത ‘ധ്രുവം’ സിനിമയിലെ ഹൈദർ മരയ്ക്കാരും മാടമ്പിയായ ജയകൃഷ്ണനും കൂട്ടുകാരും തോട്ടിലെറിഞ്ഞതുകൊണ്ട് വരാൻ പറ്റാത്ത ‘തൂവാനത്തുമ്പികളി’ലെ രാമനുണ്ണിയും എല്ലാം ‘അമാനവ സംഗമ’ത്തിന്റെ പോസ്റ്ററുകളിൽ നിറഞ്ഞു. ചിത്രലേഖയും ജസീറ മാടായിയും എട്ടുവർഷത്തെ ജാമ്യമില്ലാത്ത ജയിൽവാസത്തിനു ശേഷം കർണ്ണാടക ഹൈക്കോടതി കുറ്റവിമുക്തനാക്കിയ യഹ്യ കമ്മുക്കുട്ടിയുമെല്ലാം കോഴിക്കോട് നടന്ന സംഗമത്തിനെത്തി.

അസംഘടിതവും വലിയൊരു ജനക്കൂട്ടത്തിന്റെ പിന്തുണയില്ലാത്തതുമായിരുന്നു എങ്കിലും കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിൽ ഈ രണ്ടു സമരങ്ങളുണ്ടാക്കിയ ചലനങ്ങൾ ചില്ലറയല്ല. അധികാരത്തിനു പുറത്ത്, മുഖ്യധാരയ്ക്കു പുറത്ത്, സംഘടനകൾക്കും പുറത്ത്, ജനാധിപത്യത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു ഇതു രണ്ടും. അവയുണർത്തിയ അനുരണനങ്ങൾ ഇനിയും നിലച്ചിട്ടില്ലെന്നും അതിനെല്ലാം പല തരത്തിലുള്ള തുടർച്ചകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നും കാണാം.

  • മുഖ്യശത്രു, തമ്മില്‍ ഭേദം എന്നീ വാദങ്ങളുടെ കുരുക്ക്

‘മുഖ്യശത്രുവിനെതിരെ പോരാടാൻ ഒരുമിച്ചു നിൽക്കണം’ എന്നതും ‘നോക്കൂ, അവരെത്ര മോശം, അവരെക്കാൾ എന്തുകൊണ്ടും ഭേദം ഇവർ തന്നെ’ എന്നതുമാണ് ‘പഴയ’ ചോയിസുകൾക്കപ്പുറത്തേയ്ക്ക് ആരും ചിന്തിക്കരുത് എന്നുറപ്പുവരുത്താൻ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ പലപ്പോഴും പ്രയോഗിച്ചു വിജയിക്കുന്ന ഒരു തന്ത്രം. ‘ഫാസിസത്തിനെതിരെ’ കൂട്ടായി പോരാടാം, ഇടതുപക്ഷത്തിന്റെ കൂടെ നിൽക്കൂ, അല്ലെങ്കിൽ കോൺഗ്രസ്സ് ഇല്ലാതായാൽ ബി ജെ പിയെയാണ് സഹായിക്കുക അതുകൊണ്ട് കോൺഗ്രസ്സിനു വോട്ടു ചെയ്യൂ, കോൺഗ്രസ്സ് / ബി ജെ പി വലതുപക്ഷത്തേക്കാൾ ഭേദം സി പി എം നയിക്കുന്ന ഇടതുപക്ഷമാണ്, ഞങ്ങളോടൊപ്പമില്ലെങ്കിൽ നിങ്ങൾ പ്രതിലോമകാരികളായ അവരുടെ കൂടെയാണ് തുടങ്ങിയ വാദങ്ങൾ ഈ ഗണത്തിൽ പെടുന്നതാണ്.

“ഫാസിസത്തിനു വളം വയ്ക്കുന്ന ഉമ്മന്‍ ചാണ്ടി സർക്കാരിനും , പ്രോഹിന്ദു ഫാസിസ്റ്റ് ആയ ബി.ജെ.പി സർക്കാരിനും  തല്ക്കാലം ഒരു ബദല്‍ ഇടതു മുന്നണിയേ ഉള്ളൂ” എന്ന് ഇടതുപക്ഷ സഹയാത്രികയായ ഡാലി ഡേവിസ് ഒരു ഫെയ്‌സ്ബുക്ക് കമന്റിൽ പറയുന്നത് ഇതിനൊരുദാഹരണമാണ് (2016 ജാനുവരി).

സെബിൻ ജേക്കബ് സി എസ് ഡി എസ് ഹർത്താലിനു ശേഷമിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നതു നോക്കുക : “CSDS എന്ന സംഘടന, പെന്തക്കോസ്ത്, സിഎസ്ഐ, മാർത്തോമ്മ, ഓർത്തഡോക്സ്, ലത്തീൻ കത്തോലിക്ക തുടങ്ങിയ ക്രിസ്ത്യൻ സഭകളിലുള്ള ചേരമർ സാംബവർ വിഭാഗത്തെ (പുലയ ക്രിസ്ത്യാനികളെ) – അവരും പരമ്പരാഗതമായി ഇടതുപക്ഷ വോട്ടർമാരാണ് – സിപിഐ(എം)ൽ നിന്നു വിഘടിപ്പിച്ച് വലതുപക്ഷ പാളയത്തിൽ എത്തിക്കുക എന്ന പ്രവൃത്തിയിലാണു വ്യാപൃതരായിരിക്കുന്നത്. അതിനുവേണ്ടിയുള്ള കളമൊരുക്കലായിരുന്നു, ഇന്നത്തെ ഹർത്താൽ.” (2017 ജാനുവരി). ഇടതുപക്ഷത്തെ എതിർത്താൽ നിങ്ങൾ വലതുപക്ഷം എന്ന ലളിതയുക്തിയാണ് അദ്ദേഹം ഉപയോഗിക്കുന്നത്, പണ്ട് ജോർജ് ബുഷ് പറഞ്ഞിരുന്ന കുപ്രസിദ്ധമായ അതേ ന്യായം തന്നെ.

ജയകുമാർ എം കെ അതിനു മറുപടിയായി എഴുതിയ കമന്റിൽ പറയുന്നു, “‘കമ്മികൾക്കെതിരെ എന്നാൽ ബി.ജെ.പിക്കോ കോൺഗ്രസ്സിനോ ഒപ്പമാണെ’ന്നുള്ള പഴയസമവാക്യം അത്രകണ്ട് ഓടില്ല.. മാത്രമല്ല പരമ്പരാഗതമായി ഒരാൾക്കിട്ടു തന്നെ കുത്തിക്കൊള്ളാമെന്നു ദലിതർ ആർക്കും ഒപ്പിട്ടു നൽകിയിട്ടുമില്ല.” അംബേദ്കറുടെ രാഷ്ട്രീയത്തിലേക്കാണ് ദലിതർ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് ജയകുമാർ അഭിപ്രായപ്പെടുന്നത്.

‘മറ്റുള്ളവരെ എന്തുകൊണ്ട് നിങ്ങൾ കുറ്റം പറയുന്നില്ല’ എന്നതാണ് ഇതേ ഗണത്തിൽ പെടുന്ന മറ്റൊരു വാദം. സെബിന്റെ തന്നെ ഈ വാദം ശ്രദ്ധിക്കുക : “മറ്റു പാർട്ടികൾ കേരളത്തിലെ ദളിതർക്കുവേണ്ടി എന്തു ചെയ്തു എന്നു ചോദിക്കരുത്. ദീർഘകാലം അധികാരത്തിനു പുറത്തുനിന്ന് എൺപതുകളിൽ എത്തിയപ്പോൾ അധികാരം പിടിച്ചെടുത്ത സിപിഐ(എം) ആണ് സകല തിന്മകളുടെയും ആണിക്കല്ല്!”

കേരളത്തിലെ ദലിതരിൽ ഭൂരിഭാഗവും സി പി എമ്മിനാണ് വോട്ടു ചെയ്യുന്നത് എന്ന് പറയുന്ന സെബിന് (മറ്റു സി പി എം കാർക്കും) അറിയാത്തതല്ല എന്തുകൊണ്ട് അവർ ഇത്രയും കാലം ‘മറ്റു പാർട്ടികളി’ൽ പ്രതീക്ഷയർപ്പിക്കാതെ സി പി എമ്മിൽ പ്രതീക്ഷയർപ്പിച്ചു എന്നത്. ആ പ്രതീക്ഷ അസ്ഥാനത്താണ് എന്നു മനസ്സിലായപ്പോൾ അവർ ആ ‘അന്ധമായ പിന്തുണ’ പിൻവലിക്കാൻ തീരുമാനിക്കുന്നു എന്നതും. എന്നാൽ ജനങ്ങൾ ഈ പരിമിതമായ എൽ ഡി എഫ് അല്ലെങ്കിൽ യു ഡി എഫ് എന്ന ദ്വന്ദത്തിനപ്പുറത്തേയ്ക്കും ഇലക്ഷൻ-നിയമസഭ-പാർലമെന്റ് എന്ന രാഷ്ട്രീയത്തിനപ്പുറത്തേക്കും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന കാര്യം അംഗീകരിക്കാൻ അവർക്കു ബുദ്ധിമുട്ടാണ്.

  • ‘പാര്‍ലമെന്ററി’ ജനാധിപത്യത്തിലുള്ള നിലയ്ക്കാത്ത വിശ്വാസങ്ങള്‍

ഇത്തരത്തിലെല്ലാം പുതിയ രീതികളിൽ, ഭാവങ്ങളിൽ ജനാധിപത്യം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്തും ‘പഴയ’ ജനാധിപത്യത്തിന്റെ പ്രലോഭനങ്ങളെ തള്ളിക്കളയുക അത്ര എളുപ്പമല്ല. കുടിൽ കെട്ടി സമരവും മുത്തങ്ങയും നിൽപ്പുസമരവും എല്ലാം കഴിഞ്ഞ ശേഷം സി കെ ജാനു എൻ ഡി എ യുടെ ഭാഗമായി തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥിതിയുണ്ടായി. പാർലമെന്ററി അധികാരം കൂടി കയ്യിലുണ്ടെങ്കിൽ കൂടുതൽ നന്നായി തങ്ങളുടെ ജനതയെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടപെടാം എന്നവർ കരുതിയിട്ടുണ്ടാവാം. മണിപ്പൂരിൽ ഇറോം ശർമ്മിളയും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയാണ്. എന്നാൽ അത്തരത്തിലുള്ള ഒത്തുതീർപ്പുകൾ സത്യത്തിൽ കൂടുതൽ കാര്യക്ഷമമായി അധികാരത്തിൽ ഇടപെടാനുള്ള അവസരം നൽകുകയാണോ ചെയ്യുന്നത്, അതോ അവർ ആ സിസ്റ്റത്തിനു പുറത്തുനിന്നുകൊണ്ട് ഇടപെടലുകൾ നടത്തുമ്പോഴാണോ അവർ കൂടുതൽ ശക്തരായിരിക്കുന്നത് എന്നെല്ലാം അവരും അവരുടെ രാഷ്ട്രീയത്തെ മാനിക്കുന്ന ജനങ്ങളും ആലോചിക്കേണ്ട വിഷയമാണ്.

കണ്ടും കേട്ടും പരിചയിച്ച പാർലമെന്ററി ജനാധിപത്യത്തെ അപ്പാടെ തള്ളണമെന്നല്ല ഞാൻ കരുതുന്നത്, ആ ജനാധിപത്യവുമായി സംവദിച്ചുകൊണ്ടും നീക്കുപോക്കുകൾ ഉണ്ടാക്കിക്കൊണ്ടും ഏറ്റുമുട്ടിക്കൊണ്ടും ചിലപ്പോൾ അതിനെ അവഗണിച്ചും എല്ലാം ജനാധിപത്യം കൂടുതൽ അർത്ഥപൂർണ്ണമായ ഒരു സങ്കല്പമായി മാറുമെന്ന തോന്നൽ പങ്കുവയ്ക്കുക മാത്രമാണ്.

മലപ്പുറം ലോകസഭാ മണ്ഡലത്തിലെ ഫലം വന്ന ശേഷം കൂട്ടിച്ചേർത്തത് : വെൽഫെയർ പാർട്ടിയും എസ് ഡി പി ഐയും വലിയ രാഷ്ട്രീയ ശക്തികളായി അംഗീകരിക്കപ്പെട്ടു ഇത്തവണത്തെ മലപ്പുറം ഇലക്ഷനിൽ. അവർ സ്ഥാനാർത്ഥികളെ നിർത്തി മത്സരിച്ച ഏതെങ്കിലും ഇലക്ഷനിൽ അവർക്ക് ഇത്രയും അംഗീകാരം കിട്ടിയിട്ടുണ്ടോ?
**********************************************************

(ഡൈനാമിക് ആക്ഷൻ ദ്വൈമാസിക മാർച്ച്-ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.

കടപ്പാട് : സൽമാൻ മുഹമ്മദുമായുള്ള ചില സംഭാഷണങ്ങൾ, ഇതിൽ പരാമർശിച്ചിട്ടുള്ള അമാനവ സംഗമം അടക്കമുള്ള സമരരൂപങ്ങൾ, അമാനവ സംഗമത്തിലെ ജസീല സി വിയുടെ പ്രസംഗം, കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ കഴിഞ്ഞ കൊല്ലം നടന്ന ഒരു സെമിനാറിലെ ലേഖകൻ കൂടി ഭാഗമായ ഒരു പാനൽ ചർച്ച, സുഹൃത്തുക്കളുമായുള്ള ആശയവിനിമയങ്ങൾ എന്നിവയ്ക്ക്).
_______________________________________

Top