സി.പി.ഐ യുടെ കണ്ടങ്കോരന്‍ ദേവസ്സിമാര്‍

ഒരു പ്രസ്ഥാനത്തിലെ പ്രമാണിയായ മനോജിനെ സംബന്ധിച്ചിടത്തോളം അടൂര്‍ എം. എല്‍. എ സ്ഥാനം തന്റെ പൈതൃക സ്വത്താണ്. ആ അധീനമേഖലയിലേക്ക് ജാതി എന്ന പരിഗണനയില്‍ ഗോപകുമാര്‍ അതിക്രമിച്ചു കടന്നിരിക്കുകയാണ്. ഇതിനെതിരെയായ പ്രതിരോധം അസാധ്യമായതിനാല്‍, കേവലം ഒരു വോട്ടറായ ഗോപകുമാറിനെയല്ല, അദ്ദേഹത്തിന്റെ ജാതിയെ ശപിച്ചു നിര്‍വ്വീര്യമാക്കുന്നു. ഇതിനര്‍ത്ഥം, പാര്‍ട്ടിയിലെ കണ്ടങ്കോരന്‍ ദേവസ്സിമാര്‍ വെള്ളം കോരികളുമായി വിറകുവെട്ടുകാരുമായി നിലനിന്നാല്‍ മതിയെന്നാണ്. എങ്കിലും മനോജിനെ പാര്‍ട്ടി ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡു ചെയ്തിരിക്കുകയാണ്. ഈ ഖാപ് പഞ്ചായത്ത് വിധിയിലൂടെ കഴുകിക്കളയാവുന്നതല്ല ഗോപകുമാറിനും അദ്ദേഹത്തിന്റെ സമുദായത്തിനുംമേല്‍ വീണിരിക്കുന്ന കളങ്കം. കാരണം, സി.പി.ഐ എന്ന പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ ഒളിച്ചിരിക്കുന്ന ഹിറ്റ്‌ലറുടെ വംശീയവിദ്വേഷമാണ് പുറത്തായിരിക്കുന്നത്. അതിനെ ചെറുത്തുതോല്പിക്കേണ്ടത് കാനം രാജേന്ദ്രനല്ല, കേരളത്തിലെ പീഢിത ജനതയാണ്.

പ്രസിദ്ധ ദലിത് സാഹിത്യകാരനായ ടി.കെ.സി വടുതലയുടെ ‘അച്ചണ്ടവെന്തീഞ്ഞ ഇന്നാ’ എന്ന കഥയുടെ സാരം ഇങ്ങനെയാണ്. പുലയനായ കണ്ടങ്കോരന്‍ ഭാര്യയുടെയും മക്കളുടെയും എതിര്‍പ്പിനെ മറികടന്ന് മതപരിവര്‍ത്തനത്തിലൂടെ ദേവസ്സിയാകുന്നു. ഇതോടെ അയാളുടെ ഭൗതികജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ട്. കീറപ്പായ പോയി ഒരു കയറുകട്ടില്‍ തല്‍സ്ഥാനത്ത് കയറിപ്പറ്റി. അതൊരാളുടെ ഔദാര്യമാണ്. വെള്ളിനാണയങ്ങള്‍, അലക്കിത്തേച്ച വസ്ത്രങ്ങള്‍, മരുന്നുകുപ്പികള്‍, കഷായപ്പൊതികള്‍ എന്നുവേണ്ട സകല വിശേഷപ്പെട്ട പദാര്‍ത്ഥങ്ങളും, ഇഹത്തില്‍ ഒരു മനുഷ്യന് ആവശ്യമായതൊക്കെ അവിടെ വന്നു നിറഞ്ഞു. എങ്കിലും ക്രൈസ്തവ സമുദായത്തിലും സഭയിലും തുല്യത ലഭിക്കുന്നില്ലെന്ന തിരിച്ചറിവില്‍ അയാള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു.

തെക്കേപ്പറമ്പിലെ പള്ളിപ്പെരുന്നാള്‍ ദിവസം, സ്വന്തം സമുദായാംഗങ്ങളുടെ മുന്നില്‍വച്ച്, കണ്ടങ്കോരന്‍ ദേവസ്സിയെന്ന സവര്‍ണ്ണക്രിസ്ത്യാനികളുടെ വിളി കേള്‍ക്കുമ്പോള്‍, താനിപ്പോഴും പഴയ കണ്ടങ്കോരന്‍, പുലയനെന്ന വെളിപാടുണ്ടാകുന്നുണ്ട്. ദേവസ്സി മടിച്ചു നിന്നില്ല. ആത്മാഭിമാനം തകര്‍ന്ന്, തൊണ്ടയിടര്‍ച്ചയോടെ അയാള്‍ പള്ളിവികാരിയുടെ മുന്നിലെത്തുന്നു. പിന്നീട്, കഴുത്തിന് ഭാരമായി തൂങ്ങിക്കിടന്നിരുന്ന പഴമുറം പോലുള്ള വെന്തിങ്ങ ഊരിയെടുത്തുകൊണ്ട് വെറുപ്പോടെ പറഞ്ഞു ‘അച്ചണ്ട വെന്തിങ്ങ ഇന്നാ, ഏന്‍ പയേ കണ്ടങ്കോരനായിട്ടുതന്നെ ചീവിച്ചോളാം’ ഒരു നിരൂപകന്റെ അഭിപ്രായത്തില്‍; ദലിതര്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയും സമത്വത്തിനുവേണ്ടിയുള്ള ദാഹവും ആവിഷ്‌ക്കരിക്കുന്ന ഈ കഥ അനുസ്മരിക്കാന്‍ കാരണം സി.പി.ഐയുടെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ചരളേല്‍ മനോജ് എന്ന സഖാവും, മറ്റൊരു സഖാവായ അടൂര്‍ എം. എല്‍.എ. ചിറ്റയം ഗോപകുമാറിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനാലാണ്.

ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സവര്‍ണ്ണ ക്രിസ്ത്യാനിയാണ് മനോജ്. ആള് ചില്ലറക്കാരനല്ല. മുന്‍ മുഖ്യമന്ത്രി സി.കെ. വാസുദേവന്‍ നായരുടെ അടുത്ത ബന്ധുവവാണെന്ന് മാത്രമല്ല, വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് ഭാഷ്യത്തില്‍ ”ചോരച്ചാലുകള്‍” നീന്തിക്കടന്നുവന്ന ആളുമാണ്. ഇപ്രകാരം സി.പി.ഐ എന്ന സഭയിലെത്തിച്ചേര്‍ന്ന മനോജ് സവര്‍ണ്ണ ജാതി ബോധത്തില്‍ നിന്നും വിടുതല്‍ നേടാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ ഇവയാണ്.
1. സി.പി.ഐ എന്ന സഭ മനോജിന്റെ പൈതൃക ഗോത്രമാണ്
2. ആ ഗോത്രത്തിലേക്ക് ജ്ഞാനസ്‌നാനം ചെയ്‌തെത്തിയ ഗോപകുമാര്‍ അന്യനാണ്. ഇപ്രകാരമൊരു തിരിച്ചറിവ് ആദ്യമായി ഉണ്ടാകേണ്ടത് ഗോപകുമാറിന് തന്നെയാണ്. കാരണം, പ്രത്യക്ഷമായ മുറിവേല്ക്കലാണ് നടന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാനം രാജേന്ദ്രനെന്ന പള്ളി വികാരിയുടെ കയ്യില്‍ പാര്‍ട്ടിക്കാര്‍ തന്ന വെന്തിങ്ങ കൊടുത്ത്, എം. എന്‍ സ്മാരകത്തിന്റെ പടി ഇറങ്ങുകയാണ് വേണ്ടത്. എന്തുകൊണ്ടിപ്രകാരം സംഭവിക്കുന്നില്ല.? സി.പി.ഐ യുടെ കാരുണ്യത്തിലാണ് ഉപ്പുംചോറും കിട്ടുന്നതെന്നും മാത്രമല്ല അടുത്ത ജന്മത്തിലും അത് കിട്ടുമെന്നദ്ദേഹം വിശ്വസിക്കുന്നു. എന്നാല്‍ ചരിത്രപാഠം വേറെയാണ്. ഭരണഘടനയിലൂടെ വ്യവസ്ഥാപിതമായ സംവരണത്തിലൂടെയാണ് ഗോപകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യം പകല്‍പോലെ തിരിച്ചറിയുന്നവരാണ് മനോജ് മുതല്‍ കാനം രാജേന്ദ്രന്‍ വരെയുള്ള ഖാപ് പഞ്ചായത്ത് മേധാവികള്‍. അവരെ സംബന്ധിച്ചിടത്തോളം ഗോപകുമാറിന്റെ എം. എല്‍.എ സ്ഥാനം, യോഗ്യത (മെറിറ്റ്) യിലൂടെ നേടിയതല്ല, സി.പി.ഐ യുടെ ദാനമാണ്. ഈ മനോഭാവം ഉള്ളതിനാല്‍ മനോജിന്റെ പ്രതികരണം നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ നാക്കു പിഴയല്ല; ബോധപൂര്‍വ്വം സംഭവിച്ചതാണ്.

കാരണമുണ്ട് കേരളത്തിലെ ദലിത് സമുദായത്തെ അടിച്ചമര്‍ത്തുന്നതിലും ശിഥിലീകരിക്കുന്നതിലും സി.പി.ഐയുടെ പങ്ക് വളരെ വലുതാണ്. 1965 – 70 കാലത്ത് നടന്ന കര്‍ഷക തൊഴിലാളി സമരങ്ങളെ ചോരയില്‍ മുക്കിക്കൊന്നത് സി. അച്യുതമേനോനാണ്. ദലിതരെ പുറംപോക്കുകളാക്കിയ ലക്ഷം വീടുകള്‍ എം.എന്‍.ഗോവിന്ദന്‍ നായരുടെ സംഭാവനയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ സ്ഥാനമാനങ്ങള്‍ ഉറപ്പാക്കും വരെ കെ.പി. എം. എസ് എന്ന ജാതി സംഘടനയുടെ പെറ്റമ്മയും പോറ്റമ്മയും സി.പി.ഐ ആയിരുന്നു. കെ.പി.എം.എസിന്റെ സമുന്നത നേതാവും മുന്‍മന്ത്രയുമായ സി.കെ.രാഘവന്റെ മൃതദേഹത്തിന് ആദരാജ്ജലികള്‍ അര്‍പ്പിക്കാനുള്ള അവസരം ആ സംഘടനയുടെ പ്രവര്‍ത്തകര്‍ക്കു നിഷേധിച്ചു.

ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്കുന്നതിനുള്ള നിയമം അട്ടിമറിച്ചത് റവന്യു വകുപ്പ് മന്ത്രിയായിരുന്ന കെ. ഇ ഇസ്മയിലാണ്. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിയെ ഒരു ചെമ്പ് പട്ടയം കാണിച്ച് കുഴിച്ചു മൂടിയത്, കാനം രാജേന്ദ്രന്‍, പന്യന്‍ രവീന്ദന്‍, കെ. ഇ ഇസ്മയില്‍ എന്നിവരടങ്ങിയ മൂവര്‍ സംഘമാണ്. ഈ പട്ടിക ഇനിയും നീട്ടാവുന്നതാണ്. ഇപ്രകാരം ഒരു പ്രസ്ഥാനത്തിലെ പ്രമാണിയായ മനോജിനെ സംബന്ധിച്ചിടത്തോളം അടൂര്‍ എം. എല്‍. എ സ്ഥാനം തന്റെ പൈതൃക സ്വത്താണ്. ആ അധീനമേഖലയിലേക്ക് ജാതി എന്ന പരിഗണനയില്‍ ഗോപകുമാര്‍ അതിക്രമിച്ചു കടന്നിരിക്കുകയാണ്. ഇതിനെതിരെയായ പ്രതിരോധം അസാധ്യമായതിനാല്‍, കേവലം ഒരു വോട്ടറായ ഗോപകുമാറിനെയല്ല, അദ്ദേഹത്തിന്റെ ജാതിയെ ശപിച്ചു നിര്‍വ്വീര്യമാക്കുന്നു. ഇതിനര്‍ത്ഥം, പാര്‍ട്ടിയിലെ കണ്ടങ്കോരന്‍ ദേവസ്സിമാര്‍ വെള്ളം കോരികളുമായി വിറകുവെട്ടുകാരുമായി നിലനിന്നാല്‍ മതിയെന്നാണ്. എങ്കിലും മനോജിനെ പാര്‍ട്ടി ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡു ചെയ്തിരിക്കുകയാണ്. ഈ ഖാപ് പഞ്ചായത്ത് വിധിയിലൂടെ കഴുകിക്കളയാവുന്നതല്ല ഗോപകുമാറിനും അദ്ദേഹത്തിന്റെ സമുദായത്തിനുംമേല്‍ വീണിരിക്കുന്ന കളങ്കം. കാരണം, സി.പി.ഐ എന്ന പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ ഒളിച്ചിരിക്കുന്ന ഹിറ്റ്‌ലറുടെ വംശീയവിദ്വേഷമാണ് പുറത്തായിരിക്കുന്നത്. അതിനെ ചെറുത്തുതോല്പിക്കേണ്ടത് കാനം രാജേന്ദ്രനല്ല, കേരളത്തിലെ പീഢിത ജനതയാണ്.

Top