വിസ്താരഭേദം

വി.ആര്‍ സന്തോഷ് 

 

 

 

 

 

 

 

കാററിനു കീഴെയാ-

തെങ്ങോലകള്‍

ആടിക്കളിക്കുന്ന

കാഴ്ചയുമായ്

ഒന്നു നടക്കുക-

യാണു പോലും.

 

നല്ല സുഖങ്ങള്‍

നനച്ചു തന്ന

കാറ്റിന്റെ തുമ്പുകള്‍

കൂടെയുണ്ട്.

കൊച്ചു കിളികളും

തത്തകളും

കാറ്റിനോടൊപ്പം

കുതിച്ചുയര്‍ന്ന്

ആയുന്ന തെങ്ങോല-

പ്പാട്ടു കേട്ട്

ആനന്ദ വേദരായ്

തീരണുണ്ട്.

 

താഴെ ചെറുതരം

പുല്ലുകളില്‍

ഞൊട്ടുശലഭങ്ങള്‍

ചായുന്നതും

പുല്ലിന്റെയുള്ളില്‍

ഇമത്തരങ്ങള്‍

കാണാത്തമട്ടി-

ലൊളിക്കുന്നതും

അക്ഷര ചങ്ങാതി-

യായിടുവാന്‍

മണ്ണിര ഭാഷ

പഠിക്കുന്നതും

ഞായിങ്ങണക്കൂട്ട

വക്കിലേക്കു-

ചേര ഇഴഞ്ഞതും

കാണുന്നുണ്ട്.

 

അപ്പുറം കുണ്ടി-

ല്ലെരുമകളോ

കുത്തി മറിഞ്ഞു

കുളിക്കണുണ്ട്.

ചെള്ളിനെതിന്നാ-

നിരുന്ന കാക്ക

പെട്ടെന്നു പൊങ്ങി

പ്പറന്നുപോയി

ആടുകള്‍ പച്ച

കടിച്ചു തുപ്പി

മേയുന്നു കൂട്ട

വിശേഷമായി.

താറാവും കോഴിയും

ചിക്കിമാന്തി

മണ്ണിന്റെ മക്കളി-

ലെത്തിടുന്നു

 

അപ്പോളതുവഴി

നാട്ടുനായ

നാവില്‍ക്കൊതിയൂറി

വന്നിടുന്നു.

ട്ട പ്പെന്നൊരുകല്ലു

പാഞ്ഞുവന്നു

പള്ളയില്‍തട്ടി

ക്കുരച്ചിടുന്നു.

 

ക്രിക്കറ്റുബാറ്റും

ബഹളവുമായ്

കുട്ടിക്കുറുമ്പരി-

ങ്ങെത്തിടുന്നു.

ഇത്രയും താഴെ

നടനടപ്പ്.,

വിശ്വസിച്ചീടുവാന്‍

തോന്നുന്നില്ല!

 

താഴത്തു നിന്നിനി

മേലെ നോക്കാം:

ആകാശപ്പുസ്തക-

ത്താളിലൊക്കെ

സന്ദേശ മേഘ-

കുനുകുനുപ്പ്

ഇമെയിലാണെന്നു

തോന്നുന്നുണ്ട്.

കത്തുതുറക്കണ

ഐക്കണുണ്ട്.

ആ നിരയ്ക്കുള്ളില്‍

മറന്നുവച്ച-

തെന്തോ തിരയുന്നു

നാട്ടുപുഴ.

വള്ളങ്ങളില്ല

മനുഷ്യരില്ല

സങ്കല്പവെള്ള-

മൊഴുകണുണ്ട്

 

തൊട്ടടുത്തുള്ളൊരു

കുന്നുകാണാം

ഏറെ ഇടിഞ്ഞു

കഴിഞ്ഞ മട്ടില്‍.

നല്ല ചുവപ്പില്‍

വരച്ചപോലെ

കണ്ണില്‍ കുടുങ്ങി

മറഞ്ഞിടാതെ.

 

ഫ്ളാറ്റുകള്‍ കാഴ്ച

മറച്ചുകൊണ്ട്

നില്ക്കയായ് വൈദേശി

യാത്രികരായ്

കാറ്റുപകര്‍ന്നൊരു

കാഴ്ച മാത്രം

വസ്തു വിവരമായ്

നല്‍കിടുന്നു

വാസ്തവം! പെണ്ണിനെ

കണ്ടതില്ല

എന്നതും കൂടി

മറക്കയല്ല.

ഇപ്രദേശത്തി-

ന്നഭിരുചിയായ്

കാണുക കാറ്റേ,

മടങ്ങിടട്ടെ!

 

വിസ്താരഭേദം

മനസിലുണ്ട്

തദ്സമയങ്ങളില്‍

മാഞ്ഞിടാതെ

എങ്കിലുമ്മീ കാഴ്ച

സത്യമാണോ?

കെട്ടുകഥയിലെ

ഷെഹരസാദേ?

 

 

 

 

 

 

 

 

Top