കിന്‍ഡര്‍ ഗാര്‍ട്ടന്‍ എന്ന പൂന്തോട്ടം: ശിശുദിനത്തില്‍ ഫ്രൊബെലിനെ അനുസ്മരിക്കുമ്പോള്‍

മാതാപിതാക്കളുടെ സാമ്പത്തിക/സാമൂഹ്യ ശേഷിയെ ആശ്രയിച്ചു കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം പോലും നിശ്ചയിക്കപ്പെടേണ്ടി വരുന്നത് തന്നെ വേദനാജനകമാണ്. വലിയ കെട്ടിട സമുച്ചയങ്ങള്‍ പടുത്തുയര്‍ത്തി അവയ്ക്ക് ഇംഗ്ലീഷ് മീഡിയം എന്നോ കിന്റര്‍ഗാര്‍ട്ടനെന്നോ പേര് നല്‍കുന്നത് വഴി മാത്രം ഫ്രോബെല്‍ ഉയര്‍ത്തുന്ന കുട്ടികളുടെ പൂന്തോട്ടത്തെ നമുക്ക് സൃഷ്ടിക്കാന്‍ കഴിയില്ല. അതിനു ഭരണകൂടം മുന്നോട്ടു വരേണ്ടതാണ്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിസ്മരിക്കുന്നില്ല. മലയാളം മീഡിയം പിന്തുടരുന്ന ആശാന്‍ കളരികള്‍ ആയാലും, നമ്മുടെ പ്രാഥമിക വിദ്യാലയങ്ങള്‍ ആയാലും ഫ്രോബേലിയന്‍ ആശയങ്ങള്‍ പിന്തുടര്‍ന്നാല്‍ വിദ്യാലയങ്ങളെ നമുക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒരു പൂന്തോട്ടമാക്കി മാറ്റാന്‍ കഴിയും. വരുന്ന ശിശുദിനത്തില്‍ അതാവട്ടെ നമ്മുടെ സന്ദേശവും.

ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകത്തിലെ പല രാജ്യങ്ങളിലും ശിശുദിനം ആഘോഷിക്കപ്പെടുന്ന ഒരു സമയമാണിത്. നവംബര്‍ പതിനാലിന് ഇന്ത്യയിലും ഇരുപതിന് ആഗോളതലത്തിലും, കുട്ടികളുടെ ക്ഷേമപരിപാലനം ഉറപ്പുവരുത്തുകയെന്ന തത്വം പ്രചരിപ്പിക്കുകയാണ് ശിശുദിനത്തിന്റെ ലക്ഷ്യം. കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണല്ലോ ഇന്ത്യയില്‍ ശിശുദിനമായി കൊണ്ടാടുന്നത്. ഓരോ ശിശുദിനത്തിനും നാം കുട്ടികളെ ബാഡ്ജ് അണിയിച്ച് പരേഡിനായി സ്‌കൂളില്‍ വിടും. ചാച്ചാജിയുടെ ശിശു സ്‌നേഹം ഓര്‍മ്മപ്പെടുത്തി വിദ്യാലയങ്ങളില്‍ ഓരോ ശിശുദിനവും കടന്നു പോകും. കിന്റര്‍ഗാര്‍ട്ടന്‍ (ജന്‍മന്‍ പദം) സ്‌കൂളുകളുടെ കാര്യം പറയുകയും വേണ്ട. യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ പേരില്‍ നടത്തുന്ന വെറുമൊരു ആഘോഷമായി ശിശുദിനം മാറിയോ? കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ നമ്മുടെ കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളുകള്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട്?

എല്‍.കെ.ജി, യു.കെ.ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളുകള്‍ ഇന്നു കേരളത്തില്‍ വളരെയധികം ജനസമ്മതിയാര്‍ജിച്ചു കഴിഞ്ഞു. കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇംഗ്ലീഷ് മീഡിയത്തെക്കുറിച്ച് മാത്രമാണ് പലരും ചിന്തിക്കുന്നത്. അത്തരം സ്‌കളുകള്‍ മലയാളമുള്‍പ്പെടെയുള്ള ഏതൊരു പ്രാദേശിക ഭാഷയിലും പരീക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷ് മീഡിയം ഇന്നത്തെ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നേടിക്കൊടുക്കുക എന്നതല്ല കിന്റര്‍ഗാര്‍ട്ടന്‍ എന്ന ആശയത്തിന്റെ ലക്ഷ്യമെന്ന് അതിന്റെ ഉത്ഭവം പരിശോധിച്ചാല്‍ വ്യക്തമാകും.

ജര്‍മന്‍ ഭാഷയില്‍ കുട്ടികളുടെ പൂന്തോട്ടം എന്നാണ് കിന്റര്‍ഗാര്‍ട്ടന്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 1837-ല്‍ കിന്റര്‍ഗാര്‍ട്ടന്‍ ആദ്യമായി സ്ഥാപിച്ചത് ജര്‍മ്മന്‍ വിദ്യാഭ്യാസ ചിന്തകന്‍ ഫ്രെഡിച്ച് ഫ്രൊബെല്‍ ആണ്. കുട്ടികളുടെ പൂന്തോട്ടം അല്ലെങ്കില്‍ കുട്ടികള്‍ക്ക് വേണ്ടിയൊരു പൂന്തോട്ടം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ സമൂഹ പശ്ചാത്തലത്തില്‍ അത്തരം സ്‌കൂളുകള്‍ തീര്‍ത്തും സ്വകാര്യവത്കരിക്കപ്പെട്ട കുത്തക ഇടങ്ങളില്‍ മാത്രമാണ് നിലകൊള്ളുന്നത് എന്നതു കൊണ്ടു തന്നെ അവയ്ക്ക് ഫ്രൊബേലിയന്‍ ആശയങ്ങള്‍ എത്രത്തോളം പിന്തുടരാന്‍ കഴിയുമെന്നതാണ് ഞാന്‍ പ്രശ്‌നവത്കരിക്കുന്നത്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന എല്ലാത്തരം വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുന്ന ഒരു സംവിധാനം എന്ന നിലയില്‍ ആണ് അത്തരം ‘പൂന്തോട്ടങ്ങളെ’ ഫ്രൊബെല്‍ പരിചയപ്പെടുത്തിയത്. എന്നാല്‍ കേരളത്തിലെ കീഴാള വിഭാഗങ്ങളിലെ ഭൂരിഭാഗം കുട്ടികളെയും അത്തരം പൂന്തോട്ടങ്ങള്‍ ബഹിഷ്‌കരിക്കുമ്പോള്‍, ഒരു വ്യക്തിയുടെ തന്‍പ്രമാണിത്വം (Ego) പദവി തുടങ്ങിയവയെ മാത്രം (Social Status) നിര്‍ണയിക്കുന്നതിലേക്ക് മാത്രമായി നമ്മുടെ പൂന്തോട്ടങ്ങള്‍ ചുരുങ്ങിയിരിക്കുന്നതിനാല്‍ കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളുകള്‍ ഫ്രൊബേലിയന്‍ ആശയങ്ങളില്‍ നിന്നും ബഹുദൂരം പിന്നിലാണെന്നതാണ് യാഥാര്‍ത്ഥ്യം.

കുട്ടികള്‍ക്ക് മൂന്നു വയസ്സ് ആകുമ്പോഴെ എഴുതാനും വായിക്കാനും പരിശീലിപ്പിച്ചു തുടങ്ങുക എന്നതാണല്ലോ നമ്മുടെ പൊതുശീലം. പക്ഷേ, ഫ്രോബെലിന്റെ ആശയങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ഫ്രൊബേലിന്റെ “The Education of Man എന്ന ഗ്രന്ഥത്തില്‍ പറയുന്നതിങ്ങനെ. കുഞ്ഞുങ്ങള്‍ ചെറിയ പുഷ്പങ്ങളെപ്പോലെയാണ്. അവര്‍ വ്യത്യസ്തരും സംരക്ഷണം വേണ്ടവരും ആണ്. സമൂഹത്തില്‍ കാണുന്ന ഓരോന്നും മനോഹരവും തിളക്കമുള്ളവയുമാണ്. കുട്ടികള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും അവ ഗ്രഹിക്കുന്നതും വിനോദങ്ങളിലൂടെയാണെന്ന് ഫ്രോബെല്‍ പറയുന്നു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടരുന്നില്ലെങ്കില്‍ കിന്റര്‍ഗാര്‍ട്ടന്‍ എന്ന പേര് ആ ക്ലാസ്സുകള്‍ക്ക് നല്‍കിയിരിക്കുന്നത് എന്തിനാണ്?

ജര്‍മനി, ഇംഗ്ലണ്ട് തുടങ്ങിയ പലരാജ്യങ്ങളിലും നഴ്‌സറികളില്‍ തന്നെ കിന്റര്‍ഗാര്‍ട്ടനുണ്ട്. മുന്നു മുതല്‍ അഞ്ചു വയസ്സ് വരെ പ്രായമുള്ള (4 വയസ്സ് മുതല്‍ സ്‌കൂളില്‍ പോയി തുടങ്ങാവുന്നതാണ്. പക്ഷേ, ചില കുട്ടികള്‍ 5 വയസ്സ് വരെയും നഴ്‌സറികളില്‍ തന്നെ തുടരുന്നു.) കുട്ടികളുടെ ഈ ക്ലാസിനെ പല നേഴ്‌സറികളിലും പലപേരുകളില്‍ അറിയപ്പെടുന്നു. പരമ്പരാഗതമായ പരീക്ഷാരീതികള്‍ തീരെയില്ല. ഇതില്‍ നിന്നും വിഭിന്നമായി എല്‍.കെ.ജിയിലും യു.കെ.ജിയിലും പരീക്ഷകളും പരീക്ഷണങ്ങളും നടത്തി ഏറ്റവും മനോഹരമായ പൂവിനെ തിരഞ്ഞെടുക്കാനാണു നമ്മള്‍ ശ്രമിക്കുന്നത്. അതുവഴി കുട്ടികളെ വളരെ ചെറുപ്പം മുതലേ മത്സരത്തിന്റെ ലോകത്തേക്കു തള്ളി വിടുകയും ചെയ്യുന്നു.

ബഹുമാനം, സംയോജനം, വിനോദം, നേരറിവുകള്‍, പുറലംലോകക്കാഴ്ചകള്‍, സമ്പര്‍ക്കം, ക്രിയാത്മകത, ആരോഗ്യപരമായ ബന്ധങ്ങള്‍, തഴക്കം വന്ന അദ്ധ്യാപകര്‍ മുതലായ ഒന്‍പത് അടിസ്ഥാനതത്വങ്ങള്‍ ആണ് ഫ്രൊബെല്‍ പ്രയോഗവത്കരിക്കാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പുതിയ കാര്യങ്ങള്‍ പരിശ്രമിക്കുകയും സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിവുള്ളവരുമാണ് കുട്ടികള്‍. ചുറ്റും കാണുന്ന എന്തിനെക്കുറിച്ചും ജിജ്ഞാസയുള്ളവരുമാണ്. അത്തരം താല്പര്യങ്ങളില്‍ ഊന്നിവേണം കുട്ടികളുടെ പഠനത്തെ പരിപോഷിപ്പിക്കേണ്ടത്. കഴിഞ്ഞ മൂന്നുപതിറ്റാണ്ട് കാലമായി ചില പരിഷ്‌കാരങ്ങള്‍ ഒക്കെ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വന്നിട്ടുണ്ടെങ്കിലും അവയെല്ലാം തന്നെ ‘അനാവശ്യമായ’ ഇടപെടലുകള്‍ ആയോ ‘അടിച്ചേല്‍പ്പിക്കലുകള്‍’ ആയോ മാത്രമാണ് കേരളത്തിലെ പല അദ്ധ്യാപകരും മാതാപിതാക്കളും വിദ്യാര്‍ത്ഥികളുമൊക്കെ നോക്കിക്കാണുന്നത്. പ്രയോഗത്തിലെ പാളിച്ചകള്‍ മൂലം അത്തരം ആശയങ്ങളുടെ അന്തഃസന്ത പൊതു സമൂഹത്തിനു മുന്നിലെത്തിക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു.

കുട്ടികളും ബഹുമാനിക്കപ്പെടേണ്ടവരാണ്. മുതിര്‍ന്നവരെ മാത്രം ബഹുമാനിക്കാന്‍ ശീലിച്ച പൊതുസമൂഹത്തിനു അതത്ര എളുപ്പമുള്ള കാര്യമല്ല. അച്ചടക്കത്തിന്റെയും ബഹുമാനത്തിന്റെയും പാഠങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണല്ലോ നമ്മുടെ രീതി. എന്നാല്‍ നമ്മുടെ സംസാരത്തിലും പ്രവൃത്തിയിലും കുട്ടികളെ ബഹുമാനിക്കാമെന്ന് അവര്‍ക്കു മനസ്സിലാക്കി കൊടുക്കാന്‍ അദ്ധ്യാപകരും മാതാപിതാക്കളും മാതൃകാപരമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. തങ്ങള്‍ മാത്രം എല്ലായ്‌പ്പോഴും ബഹുമാനിക്കപ്പെടേണ്ടവര്‍ ആണെന്ന ചിന്താഗതി അദ്ധ്യാപകരും മാതാപിതാക്കളും തിരുത്തേണ്ടതുണ്ട്.

വിനോദങ്ങളിലൂടെയും സംസാരങ്ങളിലൂടെയും അവരുടെ ആദ്യാനുഭവങ്ങളിലൂടെയും അവര്‍ പഠിക്കുകയാണ്. അതില്‍ തന്നെ വിനോദങ്ങളിലൂടെ കുട്ടികള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നു എന്ന് ഫ്രൊബെല്‍ പറയുന്നു. എല്ലാ കുട്ടികള്‍ക്കും കളിയ്ക്കാന്‍ ഇഷ്ടമാണെന്നുള്ളത് കൊണ്ട് തന്നെ വിജ്ഞാനപ്രദമായ വിനോദങ്ങള്‍ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത് നല്ല കാര്യമാണ്.

കുട്ടികളെ തങ്ങളുടെ ഭാവനയേയും അവരുടെ ദൈനംദിന അനുഭവങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ പ്രാപ്തരാക്കേണ്ടതുണ്ട്. വീടിനു പുറത്തുള്ള വിനോദോപാദികള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കുട്ടികളെ നാം സഹായിക്കേണ്ടതുണ്ട്. അങ്ങനെ അവര്‍ പ്രകൃതിയെ അറിയാനും പരിസ്ഥിതിയിലുള്ള എല്ലാത്തരം ജീവജാലങ്ങളേയും സ്‌നേഹിക്കാനും തുടങ്ങുന്നു. അവരുടെ സ്വാതന്ത്ര്യവും ഇഷ്ടങ്ങളും മാനിച്ചുകൊണ്ട് തന്നെ അവര്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ നല്‍കി മുതിര്‍ന്നവര്‍ അവരോടൊപ്പം എപ്പോഴും ഉണ്ടാകേണ്ടതാണ്. അധ്യാപകരും മാതാപിതാക്കളും ഒരിക്കലും സ്ഫടികം സിനിമയിലെ ചാക്കോ മാഷാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുട്ടികളില്‍ നിന്ന് മുതിര്‍ന്നവരും മുതിര്‍ന്നവരില്‍ നിന്ന് കുട്ടികളും അറിവുകള്‍ കൈമാറുന്നരീതിയില്‍ നഴ്‌സറികളും സ്‌കൂളുകളും ജനാധിപത്യപരമായിരിക്കണം. എല്ലാവര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള സമൂഹമായി സംവദിക്കാനും കഴിയണം, കുട്ടികളോട് അടുപ്പത്തോടെയും വിശ്വാസത്തോടെയും ബൗദ്ധികമായി ഇടപെഴകണം. ഓരോ കുട്ടിയ്ക്കും ഇതുവരെ എന്ത് ചെയ്യാന്‍ കഴിയില്ല എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കരുത് പകരം അവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിനെ ആശ്രയിച്ചായിരിക്കണം അവരുടെ സ്വഭാവ സവിശേഷതകള്‍ വളര്‍ത്തിയെടുക്കേണ്ടത്.

കുട്ടികളുടെ സംരക്ഷണവും അവര്‍ക്ക് കിട്ടുന്ന വിദ്യാഭ്യാസവും സമൂഹത്തിനു വളരെ അത്യന്താപേക്ഷിതമാണ്. അറിവുള്ളവരായി വളരുക എന്നത് ഓരോ കുട്ടിയുടെയും അവകാശമാണ്. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നവരും സ്വന്തം അറിവുകള്‍ നിരന്തര നിരീക്ഷണങ്ങളിലടെയും പരിശീലനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും വളര്‍ത്തിയെടുക്കേണ്ടതാണ്. മൂന്നോ നാലോ വയസ്സുള്ള ഇരുപതിലധികം വരുന്ന ഒരു ക്ലാസ്സിനെ മാനേജ് ചെയ്യുക എന്നത് ഒരു അദ്ധ്യാപകനോ അദ്ധ്യാപികയ്‌ക്കോ എളുപ്പമുള്ള കാര്യമല്ല. ആയതിനാല്‍ കുട്ടികളെ ചെറിയ കൂട്ടങ്ങളായി ഇരുത്തി വിനോദപരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനുള്ള സാഹചര്യങ്ങള്‍ ഉറപ്പുവരുത്തണം.

മേല്‍പറഞ്ഞ ആശയങ്ങള്‍ പിന്തുടരുന്നതില്‍ നമ്മുടെ വിദ്യാലയങ്ങള്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഈ ആശയങ്ങള്‍ വെറുതെ പ്രസംഗിക്കാന്‍ മാത്രമേ കൊള്ളൂവെന്നു കരുതുന്നവര്‍ ധാരാളം ഉണ്ടാകാം. ആരുടെ മുന്‍പില്‍ ആണ് ഇതൊക്കെ അവതരിപ്പിക്കുന്നത് എന്നൊരു മറുചോദ്യം ഉന്നയിക്കേണ്ടതുമുണ്ട്. ഇവയെല്ലാം വിജയകരമാണെങ്കില്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനം തന്നെ കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെടേണ്ടതുണ്ട്.

അമിതഫീസ് നല്‍കേണ്ടി വരുന്നുള്ളത് കൊണ്ടു തന്ന കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭ്യമാകുന്നില്ല. കൂടാതെ കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളുകളിലെ പ്രവേശനത്തിന് അലിഖിത മാനദണ്ഡങ്ങള്‍ മാനേജ്‌മെന്റുകള്‍ പിന്തുടരുന്നുവെന്ന വിമര്‍ശനം മാതാപിതാക്കള്‍ ഉയര്‍ത്തുന്നു. പ്രവേശനത്തിനു മാതാപിതാക്കള്‍ സമ്പന്നരായാല്‍ മാത്രം പോരല്ലോ, മറിച്ച് അവര്‍ വിദ്യാസമ്പന്നരും ഉന്നത ഉദ്യോഗസ്ഥര്‍ കയ്യാളുന്നവരും കൂടി ആയിരിക്കണമല്ലോ. ഇത്തരം കുതന്ത്രങ്ങളിലൂടെ കേരളത്തിലെ കിന്റര്‍ഗാര്‍ട്ടണ്‍ സ്‌കൂളുകള്‍ സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ ഒന്നടങ്കം പുറംതള്ളുന്നു. മാതാപിതാക്കളുടെ സാമ്പത്തിക/സാമൂഹ്യ ശേഷിയെ ആശ്രയിച്ചു കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം പോലും നിശ്ചയിക്കപ്പെടേണ്ടി വരുന്നത് തന്നെ വേദനാജനകമാണ്. വലിയ കെട്ടിട സമുച്ചയങ്ങള്‍ പടുത്തുയര്‍ത്തി അവയ്ക്ക് ഇംഗ്ലീഷ് മീഡിയം എന്നോ കിന്റര്‍ഗാര്‍ട്ടനെന്നോ പേര് നല്‍കുന്നത് വഴി മാത്രം ഫ്രോബെല്‍ ഉയര്‍ത്തുന്ന കുട്ടികളുടെ പൂന്തോട്ടത്തെ നമുക്ക് സൃഷ്ടിക്കാന്‍ കഴിയില്ല. അതിനു ഭരണകൂടം മുന്നോട്ടു വരേണ്ടതാണ്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിസ്മരിക്കുന്നില്ല. മലയാളം മീഡിയം പിന്തുടരുന്ന ആശാന്‍ കളരികള്‍ ആയാലും, നമ്മുടെ പ്രാഥമിക വിദ്യാലയങ്ങള്‍ ആയാലും ഫ്രോബേലിയന്‍ ആശയങ്ങള്‍ പിന്തുടര്‍ന്നാല്‍ വിദ്യാലയങ്ങളെ നമുക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒരു പൂന്തോട്ടമാക്കി മാറ്റാന്‍ കഴിയും. വരുന്ന ശിശുദിനത്തില്‍ അതാവട്ടെ നമ്മുടെ സന്ദേശവും.

(ലേഖിക ഇംഗ്ലണ്ടില്‍ നഴ്‌സറി പ്രാക്ടീഷണര്‍ ആയി ജോലി ചെയ്യുന്നു. ഫ്രൊബേലിയന്‍ തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ പരിശീലനം നേടിയിട്ടുണ്ട്. കേരളത്തില്‍ അദ്ധ്യാപികയായിരുന്നു)

Top