Navigation

‘ചലോ ഉടുപ്പി-ആഹാരം എന്റെ താല്പര്യം; ഭൂമി എന്റെ അവകാശം”

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരാള്‍ പറഞ്ഞു, ”നിങ്ങള്‍ക്ക് ഉടുപ്പിയില്‍ വച്ച് എന്നെ തടയാന്‍ കഴിയില്ല. ഞാന്‍ ഒരു വര്‍ഗീയവാദി ആണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു” അപ്പോള്‍ ഞാന്‍ പറഞ്ഞു ”സഹോദരാ, ഞാന്‍ എന്തിന് താങ്കളെ തടയണം. ഞാന്‍ ബാബ സാഹേബ് അംബേദ്കര്‍ കാണിച്ച വഴികളിലൂടെ നയിക്കാന്‍ ആണ് വരുന്നത്. രാജ്യത്തെ ഗ്രസിച്ച രോഗങ്ങളെയും അതിന്റെ പരിഹാരത്തേയും നിങ്ങള്‍ ബാബ സാഹെബ് എഴുതിയതില്‍ നിന്നും ഒരു പേജ് വായിച്ചാല്‍ മനസ്സിലാകും. മിക്കവാറും പ്രശ്‌നങ്ങള്‍ ബാബാസാഹെബിനെ പഠിക്കുന്നതിലൂടെ പരിഹരിക്കാനാവും. സാമ്പത്തികമാണ് പ്രശ്‌നമെങ്കില്‍ അദ്ദേഹത്തിന്റെ ”റൂപി ആന്റ് കറന്റ് ട്രബിള്‍സ്” എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ജലക്ഷാമത്തെയാണ് അഭിമുഖീകരിക്കുന്നതെങ്കില്‍ ‘ഭക്രാ നംഗല്‍” അണക്കെട്ട് പണിത് ജലസേചന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനെ പറ്റി പറഞ്ഞിട്ടുള്ളതും നമ്മുടെ മുന്നില്‍ ഉണ്ട്. വര്‍ഗ്ഗീയതയെ പറ്റി ‘ഹിന്ദു ധര്‍മ്മ’ എന്ന പ്രബന്ധത്തില്‍ പറഞ്ഞിട്ടുണ്ട്. കാശ്മീര്‍ പ്രശ്‌നത്തിന് പോലും പരിഹാരം അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് പരിഹാരം ഇല്ലാത്തതായി ഒന്നും തന്നെ ഇല്ല. അദ്ദേഹം ലോകത്തിനു തന്നെ ഒരു മുതല്‍ ക്കൂട്ടാണ്.

സമരനായകന്‍ ബി. ആര്‍. ഭാസ്‌കറുമായുള്ള അഭിമുഖം
ഗുജറാത്തിലെ ഊന പ്രക്ഷോഭത്തില്‍ നിന്നും പ്രചോദനം കൊണ്ട് നൂറ്റി അറുപതില്‍ പരം സംഘടനകള്‍ കര്‍ണാടകത്തില്‍ ”ചലോ ഉടുപ്പി-ആഹാരം എന്റെ താല്പര്യം, ഭൂമി എന്റെ അവകാശം” സമരം ഒക്‌ടോബര്‍ 9-ന് നടന്നു. ഈ പശ്ചാത്തലത്തില്‍ സമരത്തിന്റെ പ്രധാന സംഘാടകനായ ദലിത് ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ ബി.ആര്‍ ഭാസ്‌കറുമായി ദലിത് ക്യാമറ നടത്തിയ അഭിമുഖ സംഭാഷണമാണ് ഇവിടെ കൊടുത്തിട്ടുള്ളത്.

ഞാന്‍ ഭാസ്‌കര്‍ പ്രസാദ്. കര്‍ണാടകയിലെ ബാംഗ്ലൂര്‍ ജില്ലയിലെ നിലമംഗല താലൂക്ക് സ്വദേശിയാണ്. “”Karnataka Dalita Sanghtanegale Okkuta” (കര്‍ണാടക ദലിത് സംഘടനകളുടെ കൂട്ടായ്മ) എന്ന സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ”ബാബാസാഹേബ് സര്‍വ്വീസ് ഫോര്‍സ്” എന്ന യുവജന സംഘടനയുമായി പ്രവര്‍ത്തിക്കുന്നു.

ഞാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫേസ്ബുക്ക്, വാട്‌സാപ്പ് പോലുള്ള നവമാധ്യമങ്ങളില്‍ വളരെ സജീവമാണ്. അതില്‍ കൂടി സ്ഥിരം ലഭിക്കുന്ന ഇന്ത്യയുടെ വര്‍ത്തമാനകാല സാമൂഹ്യരാഷട്രീയസംഭവങ്ങളുടെ വിവരങ്ങള്‍, രാജ്യത്ത് വളരുന്ന അസ്വസ്ഥതകളെ പറ്റിയുള്ള ഉള്‍ക്കാഴ്ച എനിക്ക് ലഭിച്ചു. ഉദാഹരണത്തിന്, മത അസഹിഷ്ണുത കാരണം നമ്മുടെ സഹ മനുഷ്യര്‍ കശാപ്പ് ചെയ്യപ്പെടുന്നു. ഞാന്‍ ആലോചിക്കാറുണ്ട് ഈ നിഷ്ഠൂരതയ്ക്ക് ഒരു അറുതിയുണ്ടോയെന്ന്. എന്റെ അഭിപ്രായത്തില്‍, ബാബാസാഹേബ് അംബേദ്ക്കറുടെ ജനാധിപത്യപരമായ ഭരണഘടനയാണ് ഭഗവത് ഗീതയെ ദേശീയ ഗ്രന്ഥം ആക്കണം എന്ന് ശഠിക്കുന്നവര്‍ക്കുള്ള ഉത്തരം. ഫേസ്ബുക്ക്, വാട്‌സാപ്പ് പോലുള്ള നവമാധ്യമങ്ങളെ എന്റെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ വേദിയായി ഉപയോഗിക്കുന്നതില്‍ കൂടി കര്‍ണാടകത്തിലെ സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ സഹായിച്ചു.

 • ഹിംസയുടെ മേല്‍ കെട്ടിപ്പൊക്കിയ ഭരണകൂടം

താഴ്ന്ന ജാതിക്കാരും മുസ്ലീംങ്ങളും ഗോമാംസം ഭക്ഷിക്കുന്നതിനെതിരെ വളര്‍ന്ന് വരുന്ന മത (ഹിന്ദു) അസഹിഷ്ണുതയുടെ കുറ്റക്കാരായി ഞാന്‍ ബി.ജെ.പി, ആര്‍. എസ്. എസ്സ്, ശിവസേന, ബജ്‌രംഗ് ദള്‍ എന്നീ സംഘടനകളെ കണക്കാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും മനുഷ്യത്വത്തിനെതിരെയുള്ള ഈ അക്രമങ്ങളുടെ കാരണക്കാരാണ്.

തന്റെയൊരു പ്രഭാഷണത്തിനിടയില്‍ മോദി പറയുകയുണ്ടായി ”ദളിതര്‍ക്ക് പകരം എന്നെ കൊല്ലൂ” എന്ന്. എന്നാല്‍ 24 മണിക്കൂറും Z വിഭാഗം സുരക്ഷയുള്ളഒരാളെ ആരാണ് കൊല്ലാന്‍ ധൈര്യപ്പെടുക എന്നുള്ളതിലാണ് ആ പറഞ്ഞതിന്റെ വിരോധാഭാസം അടങ്ങിയിരിക്കുന്നത്. എന്റെ അഭിപ്രായത്തില്‍, തന്റെ പരസ്പര വിരുദ്ധവും പ്രബലമായ ജാതി-വര്‍ഗ്ഗങ്ങള്‍ക്ക് ഊന്നലുള്ള പ്രഭാഷണങ്ങളില്‍ കൂടിയും മോദി സമാധാനത്തിന് പകരം അക്രമം എന്നന്നേക്കുമായി നിലനിര്‍ത്തുയാണെന്നാണ്. വേറെ എന്താണ് ഹിംസയുടെ മേല്‍ കെട്ടിപ്പൊക്കിയ ഭരണകൂടം പ്രോത്സാഹിപ്പിക്കാന്‍? ഗുജറാത്തിലെ ഊനയില്‍ ഈ അടുത്ത് നടന്ന നിഷ്ഠൂരമായ സംഭവം, ചത്ത പശുവിന്റെ തൊലി ഉരിച്ചതിനാല്‍ നാല് ദലിത് ചെറുപ്പക്കാരെ ഗോ സംരക്ഷണ സംഘം അതിക്രൂരമായി മര്‍ദ്ദിച്ചത് നമ്മള്‍ക്കറിയാം. ആ സംഭവം ഒരുസെല്‍ഫോണില്‍ പകര്‍ത്തയത് കാരണം ദേശീയശ്രദ്ധ പിടിച്ചു പറ്റി.

സമാന സംഭവങ്ങള്‍ കര്‍ണാടകയിലെ ദലിത് സമുദായങ്ങളുടെയും ദൈനം ദിനഅനുഭവങ്ങളാണ്. മതത്തിന്റേയും ജാതിയുടേയും പേരില്‍ കര്‍ണാടകത്തില്‍ ദളിതരുടെ മേല്‍ വന്‍തോതിലുള്ള അക്രമങ്ങള്‍ അരങ്ങേറുകയാണ്. ഉദാരണത്തിന് തുംകൂര്‍ ജില്ലയിലെ കുനിഗല്‍ താലൂക്കിലെ സംഭവം. അവിടെ ദളിത് കുടുംബങ്ങള്‍ 18 ഏക്കര്‍ഭൂമിയില്‍ കൃഷി ചെയ്താണ് തങ്ങളുടെ ഉപജീവനം നടത്തിപ്പോന്നത്. എന്നാല്‍ അഞ്ച് കുടുംബങ്ങളേയും അവരുടെ ഉപജീവനത്തില്‍ നിന്നും വേര്‍പെടുത്തുകയായിരുന്നു. മേല്‍ ജാതിക്കാരുടെ രാഷ്ട്രീയ സ്വാധീനംമൂലം പോലീസിനോ സാമൂഹ്യപ്രവര്‍ത്തകര്‍ക്കോ ആ ദളിത് കുടുംബങ്ങളെ സഹായിക്കാന്‍ കഴിഞ്ഞില്ല. എന്റെ അഭിപ്രായത്തില്‍, ആഹാരം, വെള്ളം, പാര്‍പ്പിടം എന്നിവ മനുഷ്യരുടെ നിലനില്‍പ്പിന്റെ മുന്‍ഗണനയാകാതെ ഈ രാജ്യത്ത് അക്രമങ്ങള്‍ക്ക് അറുതി വരില്ലെന്നാണ്. മറ്റൊരു സംഭവത്തില്‍, ചിക്കമംഗ്ലൂര്‍ ജില്ലയിലെ കൊപ്പ താലൂക്കിലെ ജയപുര ഗ്രാമത്തില്‍ അരക്കിലോ ഗോമാംസം കൈവശം വച്ചതിന്റ പേരില്‍ ഒരാള്‍ മര്‍ദ്ദനത്തിന് ഇരയായി. അത് പോലെ ഉഡുപ്പിയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ പ്രവീണ്‍ പൂജാരി എന്ന ചെറുപ്പക്കാരനെ കന്നുകാലികളെ കടത്തിയതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പുറത്തുകൂടെ കന്നുകാലിയെ കയറ്റി കൊന്നുകളയുകയായിരുന്നു. പ്രവീണ്‍ തന്റെ ട്രാക്ക് വാടകയ്ക്ക് നല്‍കിയാണ് ഉപജീവനം നടത്തി പോന്നത്. ഇത് തുടരുകയാണെങ്കില്‍ എന്താണ് ഈ രാജ്യത്തിന്റെ ഭാവി?

 • ആദ്യം അവര്‍ മുസ്ലീങ്ങളെ തേടിയെത്തി. പിന്നീട് ദളിതരെ തേടിയെത്തി. ഇപ്പോള്‍ മറ്റ് പിന്നോക്ക സമുദായങ്ങളെയും തേടി എത്തിയിരിക്കുന്നു.

നേരത്തെപറഞ്ഞ ബി.ജെ.പി, ആര്‍. എസ്സ്. എസ്സ്. ശിവസേന, ബജ്‌രംഗ് ദള്‍ എന്നീ സംഘടനകളെല്ലാം ഹിന്ദുമതഭ്രാന്തരാണ്. ആദ്യം അവര്‍ മുസ്ലീങ്ങളേയാണ് തങ്ങളുടെ രാഷ്ട്രീയ ഉന്നമാക്കിയത്. രാജ്യത്ത് രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാന്‍ മതത്തിന്റെ പേരില്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിച്ചു. പിന്നിട് തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കുവേണ്ടി ഈ സംഘടനകള്‍ ദലിതര്‍ക്കെതിരെ അതിക്രമം നടത്തുകയുണ്ടായി. ദലിതരുടേയും മുസ്ലീങ്ങളുടേയും ദീര്‍ഘമായ ചെറുത്തുനില്‍പ്പിന് ശേഷം ഹിന്ദു മത സംഘടനകള്‍ ഇപ്പോള്‍ മറ്റ് പിന്നോക്ക സമുദായങ്ങളിലെ ചെറുപ്പക്കാരെയാണ് ഉന്നം വയ്ക്കുന്നത്. ഈ സംഘടനകളില്‍ പണിയെടുക്കുന്നത് മുഴുവന്‍ ദലിത്-പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാരാണ്. എന്നാല്‍, ഇവരെ ഉപയോഗിച്ച് ഇവരുടെ തന്നെ സമുദായങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പ്രവീണ്‍ പൂജാരിയുടെ കാര്യത്തില്‍ കൊലപാതകികളും കൊലചെയ്യപ്പെട്ടവരും പിന്നോക്ക സമുദായക്കാരാണ്. പ്രതികള്‍ ജയിലിലാണ്. അവരുടെ കുടുംബങ്ങള്‍ നിസ്സഹായരാണ്. ഈ സംഘടനകളൊന്നും ഈ ചെറുപ്പക്കാരേയും അവരുടെ കുടുംബങ്ങളെയും സഹായിക്കാന്‍ പോകുന്നില്ല. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്രം ഫലപ്രദമായി ഉപയോഗിച്ചാണ് ബി.ജെ.പിയും, ആര്‍. എസ്. എസും ഇന്ത്യയില്‍ രാഷ്ട്രീയ അധികാരത്തില്‍ എത്തിയത്. ഇതാണ് ആര്‍. എസ്. എസ്. നയിക്കുന്ന ബി.ജെ.പിസര്‍ക്കാരിന്റെ ചരിത്രം.

 • മോദിയുടെ പിങ്ക് വിപ്ലവത്തിന്റെ പിന്നിലെ കഥ

മോദി എന്നും കോണ്‍ഗ്രസ്സിന്റെ നിശിത വിമര്‍ശകനായിരുന്നു. പിങ്ക് വിപ്ലവം സൃഷ്ടിക്കുന്നു എന്ന് മോദി കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തുമായിരുന്നു. അതായത്, കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളിലേക്ക് ഗോമാസം കയറ്റുമതി ചെയ്യുന്നുവെന്ന്. എന്നാല്‍ അതിന് കടകവിരുദ്ധമായി ഇന്ന് ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യ ദിവസേന ആയിരം ടണ്ണാണ് ഗോമാംസം കയറ്റുമതി ചെയ്യുന്നത്. മോദി സര്‍ക്കാരിന്റെ കീഴില്‍ ഗോമാംസ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഞാന്‍ ഊന്നിപ്പറയുന്നത് ആര്‍. എസ്. എസ്. ബി.ജെ.പിയിലും പ്രവര്‍ത്തിക്കുന്ന ദലിതരും പിന്നോക്ക സമുദായക്കാരും മനസ്സിലാക്കണം ആരാണ് ഈ കൂറ്റന്‍ ഗോമാംസ കയറ്റുമതി കമ്പനികളുടെ ഉടമസ്ഥരെന്ന്. ഗോമാസം കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ ഉടമസ്ഥര്‍ ഉയര്‍ന്ന ജാതി ഹിന്ദുക്കളാണ്. എന്റെ കയ്യില്‍ ഇതിന്റെ തെളിവുകളുണ്ട്. ഈ കമ്പനികള്‍ ലക്ഷോപലക്ഷം പണമാണ് ബി.ജെ.പിയ്ക്ക് പ്രതിവര്‍ഷം സംഭാവന നല്‍കുന്നത്. ഒരു വശത്ത് ബി.ജെ.പി. പിന്നോക്ക സമുദായങ്ങളിലെ തങ്ങളുടെ അനുയായികളെ ഉപയോഗിച്ച് ഗോമാംസം ഭക്ഷിക്കുന്നവര്‍ക്കെതിരെ പ്രവര്‍ത്തിപ്പിക്കുകയും മറു വശത്ത് ഗോമാംസം കയറ്റുമതിക്ക് നിയമസാധുത നല്‍കി ആനുകൂല്യങ്ങള്‍ സ്വന്തമാക്കുകയും ചെയ്യുന്നു. നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുള്ള ഇന്ദ്ര നൂയി എന്ന തമിഴ് ബ്രാഹ്മണ സ്ത്രീ ഒരു ഗോമാംസ കയറ്റുമതി കമ്പനിയുടെ ഉടമസ്ഥയാണ്. ഞാന്‍ ബി.ജെ.പിയോട് ചോദിക്കുകയാണ് പിന്നോക്ക സമുദായങ്ങളിലെ ചെറുപ്പക്കാരെ ഗോ സംരക്ഷണ സംഘത്തിന്റെ പേരില്‍ ഗോമാംസം ഭക്ഷിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? എന്തിനാണ്, കയറ്റുമതിക്കുള്ള നിയമസാധുത നല്‍കുന്നത്? ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അസ്വാസ്ഥ്യങ്ങളെ വിശകലനം ചെയ്യേണ്ട ആവശ്യകത ഉണ്ട്. ആരാണ് ഇതില്‍ നിന്ന് ലാഭം കൊയ്യുന്നത്?

 • ഊനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ”ചലോ ഉടുപ്പി”?

ബി.ജെ.പിയുടെ പ്രധാന ഉദ്ദേശം സാധാരണക്കാരുടെ ഇടയില്‍, പ്രത്യേകിച്ചും ദലിത്- മുസ്ലീം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ഇടയില്‍ അസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഞാനും എന്റെ സുഹൃത്തുക്കളും ഊന സമരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, സമാനമായ സമരം കര്‍ണാടകത്തല്‍ നടത്താന്‍ തീരുമാനിച്ചു. കമ്പലപ്പള്ളി കൂട്ടക്കൊല മുതല്‍ പ്രവീണ്‍ പൂജാരിയുടെ കൊലപാതകം വരെയുള്ള, ദലിതര്‍ക്കും മുസ്ലീങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അക്രമങ്ങളുടെ ചരിത്രപരമായ വിശകലനം നടത്തിയപ്പോള്‍ കുറെയേറെ സംഭവങ്ങള്‍ കണ്ടെത്തുകയും, ഊന ചലോ സമരത്തിന് സമാനമായ ഒന്ന് സംഘടിപ്പിക്കാനും തീരുമാനിച്ചു.സ്ത്രീകള്‍ക്കെതിരെയുള്ള ഹിംസയ്ക്കും അതിക്രമങ്ങള്‍ക്കും ഇഷ്ടംപോലെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ ഉണ്ട്. സ്ത്രീകളുടെ മേല്‍ അധികാരം നേടാനുള്ള ഒരു ഉപകരണമായി ബലാത്സംഗത്തിനെ ഉപയോഗിക്കുന്നു.

നമ്മള്‍ നവമാധ്യമങ്ങളില്‍ കൂടി ജനങ്ങളോട് നമ്മളുടെ സമരത്തില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിച്ചു. നമ്മള്‍ക്ക് ഒരു വിധമുള്ള എല്ലാ സംഘടനകളില്‍ നിന്നും പിന്തുണ ലഭിച്ചു. ഒരു സംശയവുമില്ല. ഈ സമരം കര്‍ണാടകത്തിലെ സമരങ്ങളുടെ ചരിത്രത്തില്‍ ഒരു മാറ്റം സൃഷ്ടിക്കും. ഓരോ സംഘടനയുടേയും ആശയങ്ങള്‍ വ്യത്യസ്ഥമായിരിക്കും. പക്ഷേ, നമ്മളുടെ സമരത്തിന്റെ മുദ്രാവാക്യം എല്ലാവരേയും ഒന്നിപ്പിച്ചു. നമ്മളുടെ സമരത്തിന്റെ മുദ്രാവാക്യം ”ആഹാരം എന്റെ താല്പര്യം, ഭൂമി എന്റെ അവകാശം” എന്നാണ്. എന്ത് ആഹാരം കഴിക്കണം എന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം നമ്മള്‍ക്കുണ്ട്. ആര്‍ക്കും നമ്മളെ ചോദ്യം ചെയ്യാന്‍ കഴിയില്ല. ഈ ഭൂമി നമ്മള്‍ക്കവകാശപ്പെട്ടതാണ്. കാരണം നമ്മളാണ് അതില്‍ പണി ചെയ്യുന്നത്. അത് കൊണ്ടു തന്നെ ഭൂമിയുടെ ഉടമസ്ഥരാകാനുള്ള അവകാശം നമ്മള്‍ക്കുണ്ട്. 5 ഏക്കര്‍ ഭൂമി സ്വന്തമാക്കുക മാത്രമല്ല നമ്മളുടെ ഉദ്ദേശം, അടിച്ചമര്‍ത്തലിനെ ചെറുക്കാനും ജീവിക്കാനും ഭരിക്കാനുമുള്ള അവകാശം നേടിയെടുക്കുക എന്നത് കൂടിയാണ് ഉദ്ദേശ്യം. ഏറെക്കുറെ എല്ലാ ദളിത് സംഘടനകളും, പുരോഗനമ സംഘടനകളും, ബുദ്ധിജീവികളും, പുരോഗമന ചിന്തകരും, സാഹിത്യകാരന്മാരും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും, ബഹുജന്‍ സമാജ് വാജ് പാര്‍ട്ടി, ബഹുജന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍, കര്‍ണാടകയിലെ എല്ലാ ജില്ലകളിലും ഈ സമരത്തിന് വേണ്ടി തങ്ങളുടേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രൈസ് മീറ്റുകള്‍ നടത്തിയും സംഘടിപ്പിച്ചും

 • എന്ത് കൊണ്ട് ഉടുപ്പി തിരഞ്ഞെടുത്തു?

കുറേ ആളുകള്‍ ഞങ്ങളോട് ചോദിച്ചു എന്തുകൊണ്ട് ഉടുപ്പി തിരഞ്ഞെടുത്തു എന്ന്. അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങളുടെ ഒരു നീണ്ട ചരിത്രമുണ്ട് ഉടുപ്പിക്ക്. ഹിംസയുടെ ഒരു പരീക്ഷണ ശാല തന്നെയാണ് ഉടുപ്പി. ഈ പരീക്ഷണ ശാലയെ ഉദാഹരണമാക്കിക്കൊണ്ടാണ് കര്‍ണാടകത്തില്‍ ഉടനീളം അക്രമങ്ങള്‍ അഴിച്ചു വിടാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുള്ളത്. പ്രവീണ്‍ പൂജാരിയുടെ കൊലപാതകം ഒരു കാരണമാണെങ്കിലും, ഉടുപ്പിയില്‍ നിന്നും ആരംഭിച്ച അക്രമത്തിന്റെ ഈ ചക്രം അവസാനിപ്പിക്കാന്‍ തന്നെ നമ്മള്‍ തീരുമാനിച്ചു. ഉടുപ്പിയില്‍ അക്രമത്തിന്റെ ഇരയായവര്‍ക്ക് സാധാരണ ജീവിതം നയിക്കാനുള്ള അവകാശമുണ്ട്. ഉടുപ്പിയിലെ അക്രമങ്ങള്‍ക്ക് ഇരയായവരില്‍ കൂടി അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ട ഒരു അവബോധം കര്‍ണാടകത്തില്‍ ഉടനീളം വളര്‍ത്തിയെടുക്കേണ്ട ആവശ്യമുണ്ട്. പ്രധാനമായി അവബോധം വളര്‍ത്തിയെടുക്കാനായി ഒരു സമ്മേളനം സംഘടിപ്പിക്കും. ഇത് സമരത്തിന്റെ ആദ്യ ഘട്ടമാണ്. രണ്ടാമതായി ”ആഹാരം എന്റെ താല്പര്യം, ഭൂമി എന്റെ അവകാശം” എന്ന വിഷയത്തിന്റെ ഒരു ആമുഖമായിരിക്കും. നമ്മുടെ ആത്യന്തികമായ ലക്ഷ്യം ജീവിക്കാനും ഭരിക്കാനുമുള്ള അവകാശം പോരാടിക്കൊണ്ട് നേടിയെടുക്കുക എന്നതാണ്.

 • എങ്ങനെയാണ് ഭൂപ്രശ്‌നത്തെ താങ്കളുടെ പ്രസ്ഥാനം നോക്കിക്കാണുന്നത്? ഒന്ന് വിശദീകരിക്കാമോ?

കര്‍ണാടക ഭൂപരിഷ്‌കരണ ആക്ട് പ്രകാരം അനുവദിച്ചു കിട്ടിയ ഒന്നു മുതല്‍ മൂന്ന് ഏക്കര്‍ വരെ ഭൂമിയില്‍ 1981-മുതല്‍ ധാരാളം ദലിത്/ഒ.ബി.സി കുടുംബങ്ങള്‍ ഉപജീവനം കഴിച്ചു വരികയാണ്. 1991-ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് കൈവശ രേഖകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി ധാരാളം പേര്‍ അപേക്ഷ നല്‍കിയെങ്കിലും, നാളിതുവരെ ഒരു കുടുംബത്തിനുപോലും അവര്‍ക്ക് അനുവദിക്കപ്പെട്ട ഭൂമിക്ക് പട്ടയമോ ആധാരമോ ലഭിച്ചിട്ടില്ല. അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ഭൂമി അനുവദിക്കാന്‍ അപേക്ഷകള്‍ ക്ഷണിച്ച് കൊണ്ട് മറ്റൊരു സര്‍ക്കാര്‍ പ്രഖ്യാപനം വന്നെങ്കിലും, തുടര്‍ നടപടികളുണ്ടായില്ല. ബാഗ്ലൂര്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി 12000 ത്തോളം ഏക്കര്‍ ഭൂമി പ്രബലരായ റിയല്‍ എസ്റ്റേറ്റ് മാഫിയയും രാഷട്രീയക്കാരും അനധികൃതമായി കൈവശപ്പെടുത്തി കോടികള്‍ തട്ടിയെടുത്ത് കൊണ്ടിരിക്കുകയാണ്. ഇത്തരം തട്ടിപ്പുകള്‍ തടയാനും ദലിത്/ ഒബിസി വിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാനും ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ അങ്ങേയറ്റത്തെ അനാസ്ഥ തുടരുകയാണ്. സര്‍ക്കാര്‍ ഭൂമി കെയ്യേറുന്ന പ്രബലരായ രാഷ്ട്രീയക്കാര്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കും എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് ചങ്കുറ്റമില്ല. പതിച്ചു കിട്ടിയ ഭൂമിക്ക് രേഖകള്‍ ആവശ്യപ്പെട്ട് ദലിത് കുടുംബങ്ങള്‍ കോടതിയെ സമീപിച്ചെങ്കിലും, കോടതിയുടെ ഇടപെടല്‍ ഇവര്‍ക്ക് തിരിച്ചടിയായി. കൈവശ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവരെ സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ നിന്ന് അനധികൃത കൈയ്യേറ്റക്കാരെന്ന് ആരോപിച്ച് കുടിയൊഴിപ്പിച്ചു. ഇങ്ങനെ ഒഴിപ്പിച്ചെടുത്ത ഭൂമി സര്‍ക്കാര്‍ ലേലം ചെയ്യുകയും സമ്പന്നരും റിയല്‍ എസ്റ്റേറ്റ് മാഫിയയും അത് കൈയ്യടക്കുകയും ചെയ്തു.

വന്‍ ഭൂവുടമകളില്‍ നിന്ന് മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് തുല്യമായി വിതരണം ചെയ്യുകയെന്ന ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്തസത്ത തന്നെ അട്ടിമറിക്കപ്പെടുകയാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ജാതി, ലിംഗ ഭേദമന്യേ പാവപ്പെട്ട എല്ലാവര്‍ക്കും 5 ഏക്കര്‍ ഭൂമി സാധ്യമാക്കി സ്വയം പര്യാപ്തി കൈവരിക്കുക എന്നതാണ് ”ദലിത് ദമനിത സ്വാഭിമാന ഹൊരാട്ട സമിതി” എന്ന നമ്മുടെ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം.

 • ക്രിസ്ത്യന്‍-മുസ്ലീം മതങ്ങളിലെ ദലിതുകളെ നിങ്ങളുടെ പ്രസ്ഥാനത്തില്‍ പങ്ക് ചേര്‍ക്കുമോ?

ദലിത് ഒരു ജാതീയമായ സങ്കല്‍പ്പനം അല്ല. മറിച്ച് അടിച്ചമര്‍ത്തപ്പെട്ടവരെല്ലാം ഉള്‍പ്പെടുന്നതാണ്. പക്ഷേ, ദലിത് എന്നത് ജാതിയുടെ പ്രതിനിധാനം ആയി പരക്കെ ഉപയോഗിക്കപ്പെടുന്നത് കൊണ്ട് ഞങ്ങളുടെ പ്രസ്ഥാനത്തിന് ‘ദലിത് ദമനിത സ്വഭിമാന ഹോരാട്ട സമതി’ എന്ന പേര് നല്‍കാന്‍ നിര്‍ബന്ധിതരായത്. ജാതി, മത, ദേശീയ, ലിംഗ വിഭജനങ്ങള്‍ക്ക് അതീതമായി സാമൂഹികമായും സാംസ്‌കാരികമായും രാഷ്ട്രീയമായും സാമ്പത്തികമായും അടിച്ചമര്‍ത്തപ്പെടുന്ന എല്ലാവരേയും ഈ പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്നു. കര്‍ണാടകത്തില്‍ ഹിന്ദു ജാതി ശ്രേണിയിലുണ്ടായിരുന്ന മുന്‍പ് തൊട്ടുകൂടാത്തവരായിട്ടുള്ള പല സമുദായങ്ങളുണ്ട്. (ഹൊലയ, മടിഗ തുടങ്ങിയവ) ഇത് കൊണ്ടാണ് സംഘടനയുടെ പേരില്‍ ദലിത് എന്ന് ചേര്‍ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്. ദലിത് എന്ന പദം പ്രസ്ഥാനത്തിന് പേരിടാന്‍ ഉപയോഗിച്ചത് സ്വയം പര്യാപ്തമായ , മാന്യമായ ജീവിതം നയിക്കാനായി ഭൂമി ലഭിക്കാനുള്ള അവകാശം എല്ലാ പാവപ്പെട്ടവര്‍ക്കുമുണ്ട്. ഇതിനായി പോരാടുകയാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

 • ചേരികള്‍ നവീകരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ദലിതര്‍ക്ക് ലഭ്യമാകുന്നില്ല. എസ് സി/എസ്ടി ഫണ്ടുകള്‍ മറ്റ് പല ആവശ്യങ്ങള്‍ക്ക് വഴി തിരിച്ചു വിടുന്നുണ്ട്? താങ്കളുടെ പ്രസ്ഥാനം എങ്ങനെയാണ് ഇതിനെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?

രാജ്യത്തെ വികസന പദ്ധതികളെ ഒരു ദലിത് പരിപ്രേക്ഷ്യത്തോടെ വിശകലനം ചെയ്യുകയെന്നത് പ്രധാനമാണ്. ബാംഗ്ലൂര്‍,ദല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ചേരികള്‍ വ്യാപകമായി കാണാം. ചേരിനിവാസികളുടെ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, നമ്മുടെ രാജ്യത്തെ ഒരു വികസിത രാജ്യമായി കാണാന്‍ കഴിയില്ല. പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ള സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ബജറ്റില്‍ ഇരുപതിനായിരം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പക്ഷേ,. ഈ തുക പലപ്പോഴും മറ്റം കാര്യങ്ങള്‍ക്കായി വകുപ്പു മാറ്റി ചെലവഴിക്കുകയാണ് ചെയ്യാറ്. ഉദാഹരണമായി, പട്ടികജാതി/ പട്ടികവര്‍ഗ്ഗ ക്ഷേമത്തിന് വകയിരുത്തുന്ന തുക റോഡ് വികസനത്തിനും ക്രിക്കറ്റ് സ്റ്റേഡിയത്തിനും വേണ്ടിയും ഒക്കെ വകുപ്പ് മാറ്റി ചെലവാക്കുന്നു. ഇത് ശരിയായ രീതിയാണെന്ന് ഞാന്‍ കരുതുന്നില്ല റോഡുകളും മറ്റു പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല. പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കളൊന്നും ഊ ഫണ്ടു ദുരുപയോഗത്തെ എതിര്‍ക്കുന്നില്ല. അവരെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദം കാരണം അവര്‍ വാസ്തവത്തില്‍ നിസ്സഹാരയാണ്. ചേരികളുടെ പ്രശ്‌നത്തില്‍ പലരുടേയും താല്പര്യങ്ങളും വന്‍സ്വാധീനവും കാണാം.കുടിവെള്ളം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സമത്വവും അവകാശമാണെന്ന് തിരിച്ചറിഞ്ഞ് വോട്ടവകാശം അതിനു വേണ്ടി ഉപയോഗിക്കേണ്ട ആവശ്യകത മനസ്സിലാക്കുകയാണ് പൗരന്മാര്‍ ചെയ്യേണ്ടത്.

 • ചേരികളായി പ്രഖ്യാപിക്കാത്ത താല്‍ക്കാലിക ഷെഡുകളില്‍ താമസിക്കുന്ന ബാംഗ്ലൂരിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നമാണ് നിങ്ങളുടെ പ്രസ്ഥാനം എങ്ങനെയാണ് അഭിസംബോധന ചെയ്യാന്‍ ഉദ്ദേശിക്കുന്നത്? അവരില്‍ ബഹു ഭൂരിപക്ഷവും ദലിത്-മുസ്ലീം മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ളവരാണ്?

പൗരന്മാര്‍ക്ക് ആഹാരം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുക എന്നത് സര്‍ക്കാരിന്റെ പ്രാഥമിക കടമയാണ് നമ്മുടെ ജനപ്രതിനിധികള്‍ ഈ കടമയെ ഏറ്റെടുക്കണം. തങ്ങളുടെ അവകാശങ്ങളെയും കടമകളേയും കുറിച്ചും വോട്ടിന്റെ ശക്തിയെ കുറിച്ചും പൗരന്മാരും ബോധവാന്മാരാകേണ്ടതുണ്ട്. ഭൂരിഭാഗം അടിസ്ഥാന വിഭാഗങ്ങളും പലപ്പോഴും മദ്യത്തിനും വസ്ത്രങ്ങള്‍ക്കും വേണ്ടി ഈ രാഷ്ട്രീയക്കാര്‍ക്ക് വോട്ടുകള്‍ വില്‍ക്കുകയാണ്. നമ്മുടെയും നമ്മുടെ കുടുംബത്തിന്റേയും ഭാവി നിര്‍ണ്ണയിക്കുന്നത് നമ്മുടെ വോട്ടാണ്. അത് നമ്മള്‍ ഉത്തരവാദിത്തത്തോടെ വിനിയോഗിക്കണം. അനുയോജ്യനായ പ്രതിനിധിയേയാണ് തെരഞ്ഞെടുക്കുന്നത് എന്ന് ഉറപ്പു വരുത്തണം. ഇന്ന് സെപ്തംബര്‍ 24 ആണ്. ദലിതരുടെ ചരിത്രത്തിലെ കറുത്ത ദിനം. 1932 ലെ ഇതേ ദിവസമാണ് പൂന ആക്ടിലൂടെ അംബേദ്ക്കറുടെ നേതൃത്വത്തില്‍ ദലിതര്‍ക്കായി പ്രത്യേക വോട്ടവകാശത്തിനു (ലെുമൃമലേ ലഹലരീേൃമലേ) വേണ്ടി നടത്തിയ പോരാട്ടത്തെ പരാജയപ്പെടുത്താനായത്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു. ഇന്നത്തെ തെരഞ്ഞെടുപ്പ് സംവിധാനം ദലിതുകള്‍ക്ക് ഗുണകരമല്ല. അവസര സമത്വം ഉറപ്പാക്കാന്‍ പ്രത്യേക വോട്ടവകാശത്തിനു (separate electorate) വേണ്ടി നമ്മള്‍ ദലിതുകള്‍ പോരാടേണ്ടതുണ്ട്. ഞങ്ങളുടെ ചര്‍ച്ചാ വേദിയിലേക്ക് ഞങ്ങള്‍ ജിഗ്നേഷ് മേവാനിയെ ക്ഷണിച്ചിട്ടുണ്ട്. ദലിത് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ക്കും പോരാട്ടങ്ങള്‍ക്കും ഞങ്ങള്‍ കര്‍ണാടകയില്‍ നിന്ന് തുടക്കം കുറിക്കും. ഇത് ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കും.

 • കുടിയേറ്റ തൊഴിലാളികള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാറില്ല. അവര്‍ക്ക് വോട്ടവകാശം സ്വന്തം നാട്ടിലായിരിക്കും. അവിടെ പോയി വോട്ടു ചെയ്യാന്‍ കഴിവുള്ളവരല്ലഅവര്‍. തൊഴിലെടുക്കുന്ന നഗരങ്ങളില്‍ അവര്‍ക്ക് വോട്ടവകാശം ലഭിക്കേണ്ടതല്ലേ?

കുറെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ട്. ഒര നഗരത്തില്‍ ആറ് മാസത്തിലധികം തൊഴിലെടുക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ മേല്‍വിലാസം തെളിയിക്കാന്‍ രേഖകളും, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ടാകണം. ബാംഗ്ലൂരിലെ ചില ചേരകളിലെ ആളുകള്‍ വര്‍ഷങ്ങളായി താമസിക്കുന്ന വീടുകള്‍ക്ക് പോലും സ്വത്തവകാശ രേഖകള്‍ ഇല്ല.സ്വത്തവകാശവും വോട്ടവകാശവും ഒക്കെ സ്ഥാപിക്കാനുള്ള രേഖകള്‍ ഉണ്ടാക്കാനുള്ള ഉത്തരവാദിത്വം ചേരിനിവാസികളും കാണിക്കണം. വോട്ടവകാശം ആത്മവിശ്വാസത്തോടെ ഉപയോഗിക്കാന്‍ ഇത്തരം കാര്യങ്ങള്‍ സഹായിക്കും.

 • തോട്ടി പണി ഇന്നും കര്‍ണാകടത്തില്‍ യാഥാര്‍ത്ഥ്യമാണ്. ദേവദാസി സമ്പ്രദായം ഇപ്പോഴും നിലവിലുണ്ട്. പ്രത്യേകിച്ച് ഉത്തര കര്‍ണാടകത്തില്‍, എങ്ങനെയാണ് താങ്കളുടെ പ്രസ്ഥാനം ഇതിനെതിരെ പോരാടുക?

സ്വാതന്ത്ര്യം കിട്ടിയ ശേഷം നമ്മുടെ രാജ്യത്ത് ഒരുപാട് പുരോഗതിയുണ്ടായിട്ടുണ്ട്. ബഹിരാകാശത്തേക്ക് റോക്കറ്റ് അയക്കാനൊക്കെ ഉള്ളത്ര. പക്ഷേ, ആഴത്തില്‍ പരിശോധിക്കുമ്പോഴാണ് നമ്മള്‍ ലജ്ജിച്ചു പോകുക. നമ്മുടെ നാട്ടില്‍ തോട്ടി പണികള്‍ പോലുള്ള നീച തൊഴിലുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അറിയുമ്പോളാണത്. ഈയിടെ കര്‍ണാടകത്തിലെ കോളാര്‍ ജില്ലയില്‍ നാല് തൊഴിലാളികള്‍ കുഴിയില്‍ വീണ് മരിച്ചു. ഇതൊരു ഉദാഹരണം മാത്രം. ശുചീകരണ ജോലികള്‍ സുരക്ഷിതമായി നിര്‍വഹിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ നിലവിലുണ്ട്. പക്ഷേ, ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാറിന് ഒരു താല്പര്യവും ഇല്ല. കാരണം ദലിതരാണ് അപകടകരമായ ഇത്തരം ജോലികള്‍ ചെയ്യുന്നത് എന്നതു തന്നെ. ദലിതരെ ഇത്തരത്തില്‍ താണ ശ്രേണിയില്‍ തന്നെ നിലനിര്‍ത്തേണ്ടത് സവര്‍ണ്ണ സമുദായങ്ങളുടെ ആവശ്യമാണ്. കാരണം അവര്‍ ദലിതരുടെ ശക്തിയെ അവര്‍ ഭയപ്പെടുന്നു. തോട്ടിപ്പണിക്ക് ഏര്‍പ്പെടുത്തിയ നിരോധനം കടലാസില്‍ മാത്രമല്ല യാഥാര്‍ത്ഥ്യത്തില്‍ പുനസ്ഥാപിക്കണ്ടതാണ്. ഈ തൊഴിലാളികള്‍ക്ക് മികച്ച വേതനവും ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തേണ്ടതാണ്. വടക്കന്‍ കര്‍ണാകടത്തിലെ ദേവദാസി സമ്പ്രദായം-മതത്തിന്റേയും ദൈവത്തിന്റേയും പേരിലുള്ള ലൈംഗിക തൊഴില്‍-നിരോധിക്കേണ്ടതാണ്. ഈ പ്രശ്‌നത്തില്‍ ജനങ്ങ ളെ ബോധവത്ക്കരിക്കേണ്ടതുണ്ട്. ഇത് ചിലപ്പോള്‍ കുറച്ചു സമയം എടുത്തേക്കും. കാരണം ഇത് മത വിശ്വാസവും അന്ധവിശ്വാസവും ഒക്കെയായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യാജ മഹാമനസ്‌കത കാണിക്കുകയാണ്. ഞങ്ങള്‍ താഴെ തട്ടിലെ ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും.

 • ബാബാ സാഹേബ് അംബേദ്ക്കര്‍ പറഞ്ഞത് ഹിന്ദുയിസം ആണ് ഇതിന്റെയൊക്കെ മൂലകാരണം എന്നാണ് എന്താണ്; താങ്കളുടെ അഭിപ്രായം?

ബാബ സാഹേബ് അംബേദ്കറിന്റെ അഭിപ്രായത്തില്‍; ഹിന്ദു ധര്‍മ്മം ജാതി വ്യവസ്ഥയുടെ മുകളില്‍ നിലനില്‍ക്കുന്നതാണ്. ജാതി വ്യവസ്ഥ നിലംപതിക്കുകയാണെങ്കില്‍ ധര്‍മ്മ വ്യവസ്ഥയും പിന്നീട് കാണില്ല. ഈ കെട്ടിടം നിലനില്‍ക്കുന്നതിനായി അതിന്റെ അടിത്തറ നിലവില്‍ വേണം. അടിത്തറയില്ലാതെ ഈ കെട്ടിടം നിലനിര്‍ത്തുക അസാധ്യമാണ്. ഹിന്ദു ധര്‍മ്മം ജാതി വ്യവസ്ഥയുടെ മേല്‍ കെട്ടിപ്പൊക്കിയ കള്ളങ്ങളുടെ ഒരു ഗോപുരമാണ്. അദ്ദേഹം പറയുകയുണ്ടായി ഹിന്ദു ധര്‍മ്മം നാല് നിലയുള്ള ഒരു കെട്ടിടം മാതിരിയാണ്. അതിന് പടിക്കെട്ടോ ഏണിയോ ഇല്ല. ഓരോ നിലയിലും ഉള്ളവര്‍ എന്നന്നേക്കുമായി ആ നിലയില്‍ തന്നെയായിരിക്കും ഉണ്ടായിരിക്കുക. താഴെയുള്ളവര്‍ക്ക് മുകളിലോട്ടോ മുകളില്‍ ഉള്ളവര്‍ക്ക് താഴോട്ടോ പോകുന്നത് സാധ്യമല്ല. അത്രയും കര്‍ശനമായ മതാചാരങ്ങളുടേയും പുരോഹിതന്മാരുടേയും ഒരു വ്യവസ്ഥിതിയാണ് ബ്രാഹ്മണര്‍ സ്ഥാപിച്ചത്. ചിലര്‍ പറയുന്നത് വര്‍ണ്ണം-ജാതി എന്നിവ തൊഴിലിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ ജന്മം കൊണ്ടല്ല എന്നാണ്. കേള്‍ക്കാന്‍ നല്ല സുഖമുണ്ടെങ്കിലും ഇതാണോ പ്രയോഗത്തിലുള്ളത്?

അല്ല, ഞാന്‍, എന്റെ മകന്‍, എനിക്ക് ജന്മം തന്നവര്‍, ഇവര്‍ എല്ലാവരും എന്റെ അച്ഛന്റെ ജാതി എന്താണോ അതുമായാണ് തിരിച്ചറിയപ്പെടുക. അവര്‍ പറയുമല്ലോ ജ്ഞാനമാണ് ഒരാളെ ബ്രാഹ്മണനാക്കുന്നതെന്ന്. തൊഴില്‍ അടിസ്ഥാനത്തിലാണ് ഒരാള്‍ ശൂദ്രനാകുന്നത്. ഒരാളുടെ പ്രവൃത്തികളാണ് അയാളെ ക്ഷത്രിയനോ വൈശ്യനെ ആക്കുന്നത് എന്ന്. ആഗമനശാസ്ത്രം പഠിച്ചാല്‍ ഞാന്‍ബ്രാഹ്മണമാകുമെങ്കില്‍ കുറച്ചു പ്രയത്‌നം കൊണ്ട് എനിക്ക് അത് പഠിക്കാം. പക്ഷേ, സ്ഥാനം ബ്രാഹ്മണനു നല്‍കുന്ന ആദരവ്, എനിക്ക് ഇന്നത്തെ സമൂഹത്തില്‍ കിട്ടുമോ? സദ്യയ്ക്ക് ബ്രാഹ്ണര്‍ മാത്രമായി ആദ്യം കഴിക്കുന്ന ഒരു ആചാരമുണ്ട്. ഞാന്‍ അവരുടെ രീതികളെ സ്വാംശീകരിച്ചാല്‍ തന്നെ ജന്മം കൊണ്ട് ബ്രാഹ്മണനല്ലാത്തതുകൊണ്ട്, ശാസ്ത്രങ്ങള്‍ പഠിച്ചിരുന്നാലും എനിക്ക് അവരുടെ ഇടയില്‍ ഒരു സ്ഥാനം കിട്ടുമോ? അങ്ങനെയൊരു വ്യവസ്ഥ ഇന്ത്യയില്‍ ഒരിക്കലും നടപ്പിലാക്കാന്‍ പോകുന്നില്ല. ജാതി നിര്‍ണ്ണയിക്കുന്നത് നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്. ജനനത്തിന്റെ അടിസ്ഥാനത്തിലല്ല എന്നുള്ളത് പച്ച കള്ളമാണ്. നമ്മളെ സാന്ത്വനിപ്പിക്കാന്‍ വേണ്ടിയാണ് ജാതീയത നിലനില്‍ക്കുന്നില്ല എന്ന മിഥ്യാധാരണ സൃഷ്ടിച്ചുകൊണ്ട് നമ്മളെ ചൂഷണം ചെയ്യുന്നത്. ജാതിവ്യവസ്ഥ നിലംപതിക്കുകയാണെങ്കില്‍ ഹിന്ദുമതം അവശേഷിക്കുകയില്ല. ജാതിവ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം ഹിന്ദു ധര്‍മ്മം ഇവിടെ തന്നെ കാണും.

 • പ്രവീണ്‍ പൂജാരി വധം ബി.ജെ.പിയുടെ ഉള്ളിലെ ദളിതര്‍ക്കും മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും ബി.ജെ.പിയോട് അമര്‍ഷം അകല്‍ച്ചയും തോന്നാനും ബി.ജെ.പിയുടെ ഉള്ളില്‍ വിള്ളലുകള്‍ സൃഷ്ടിക്കാനും ഇടയാക്കിയിട്ടുണ്ടോ?

ബി.ജെ.പി, ആര്‍. എസ്. എസ്, വി. എച്ച്. പി, ബജ്‌രംഗ്ദള്‍ എന്നീ സംഘടനകളില്‍ ഒരാള്‍ക്കും മറ്റൊരാളെ ചോദ്യം ചെയ്യാനാവാത്ത വിധത്തില്‍ വളരെ കണിശമായ വ്യവസ്ഥകളാണ് നിലനില്‍ക്കുന്നത്. സത്യം പറഞ്ഞാല്‍, ഞാന്‍ ആര്‍. എസ്. എസ് കൂട്ടത്തിലാണ് വളര്‍ന്നു വന്നത്. അവര്‍ ധാരാളം ക്യാമ്പുകളും മറ്റും സംഘടിപ്പിക്കാറുണ്ട്. കുട്ടികള്‍ക്കായി ബാലശിബിരം പത്താം തരത്തിലുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി ”ഐ.ടി. സി” എന്നും അതിലും, മുതിര്‍ന്നവര്‍ക്കായി ഒ.ടി.സി എന്ന പേരുകളിലും ക്യാമ്പുകള്‍ നടത്തുന്നു. മൂന്നു ദിവസം, ഒരാഴ്ച, ചിലപ്പോള്‍ ഇരുപത് മുപ്പത് വരെ ദിനങ്ങള്‍ നീളുന്ന ക്യാമ്പുകളും ഉണ്ട്. പരിശീലിപ്പിക്കപ്പെട്ട ആളുകളെ വ്യത്യസ്ത വിഭാഗങ്ങളിലേക്ക് നിയമിക്കും. സിദ്ധാന്തങ്ങള്‍ അനുസരിക്കുന്ന, ചോദ്യങ്ങള്‍ ഉന്നയിക്കാത്ത ആളുകളായിട്ട് അവരെ പരിശീലിപ്പിച്ചെടുക്കും. ആരും ഒരിക്കലും അവരെ ചോദ്യം ചെയ്യുകയില്ല. അധികാരത്തിലുള്ളവരെ ചോദ്യം ചെയ്യുന്നതില്‍ നിന്നും വിലക്കുന്ന അന്തരീക്ഷമാണ് ഉള്ളത്. ആയിരങ്ങള്‍ ഒത്തുചേരുന്ന ക്യാമ്പുകളില്‍ ആരും ചോദ്യങ്ങള്‍ ഉന്നയിക്കാതെ അവര്‍ പറയുന്നത് കേള്‍ക്കുന്നു. ഇനി ആരെങ്കിലും ചോദിച്ചാലോ അയാള്‍ക്ക് ഒരിക്കലും ഉത്തരം ലഭിക്കുകയുമില്ല. വസ്തുതകളുടെ മറുപുറം അനാവരണം ചെയ്യാന്‍ ആരെങ്കിലും ധൈര്യം കാണിച്ചാല്‍ അയാള്‍ പ്രത്യേ നിരീക്ഷണത്തിനു വിധേയമാകുകയും ”നമുക്ക് പിന്നീട് സംസാരിക്കാം” എന്ന് ഉത്തരം ലഭിക്കുകയും ചെയ്യും. ഒന്നുകില്‍ മിഥ്യാധാരണകളില്‍ നിന്നും വിമുക്തമായി അവന്‍ സംഘടന വിടും; അല്ലെങ്കില്‍ സ്വയം സ്ഥാപനവത്കരിക്കപ്പെട്ട അവരുടെ ചെയ്തികളുടെ ഭാഗമാകും. പ്രവീണ്‍ പൂജാരി കൊല്ലപ്പെട്ടയുടനെ തന്നെ ബി.ജെ.പി. നേതാക്കള്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കുകയും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തു. അതേസമയം ഈ കൃത്യം നടത്തി അറസ്റ്റിലായ ബി.ജെ.പിയുടെ കാലാള്‍ പടയാളികളെ ജയിലില്‍ നിന്നും മോചിപ്പിക്കുമെന്നും ഒന്നു കൊണ്ടും വിഷമിക്കാനില്ലെന്നും വാക്ക് കൊടുത്തു. അവര്‍ അവരുടെ നിലപാടുകള്‍ക്ക് വേണ്ടി നിലകൊള്ളുന്നു. നമുക്ക് അത് തെറ്റായി തോന്നാം. പക്ഷേ, ആത്യന്തികമായിഅവര്‍ അതാണ് ശരി എന്ന് വിശ്വസിക്കുന്നു. യുദ്ധമുഖത്ത് മക്കളോ പിതാക്കളോ പിതാമഹന്മാരോ എന്നതൊന്നും അവര്‍ പരിഗണിക്കില്ല.
അവര്‍ അവരുടെ തത്വങ്ങള്‍ക്ക് വേണ്ടി മാത്രം പോരാടുന്നു. കള്ളങ്ങളിലൂടെയും ചതിയിലൂടെയും അധികാരത്തിലെത്തുക എന്നതാണവരുടെ ലക്ഷ്യം. നിങ്ങളോട് വധിക്കനാണ് പറയുന്നതെങ്കില്‍, വധിക്കുക തന്നെ ചെയ്യണം. അതാണ് നിങ്ങളുടെ കടമ. അത്തരം വിശ്വാസ സംഹിതയാണ് അവര്‍ മുറുകെ പിടിക്കുന്നത്. അവര്‍ പശുവിനെ ആരാധിക്കുന്നു എന്ന് പറയുന്നു. അതോടൊപ്പം തന്നെ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ധന സഹായം നല്‍കുന്നു. കൈക്കൂലി വാങ്ങുന്നു എന്നതാണ് അവരുടെ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പ്. അവരുടെ പ്രവര്‍ത്തകര്‍ പശുവിനെ ആരാധിക്കാന്‍ ബാധ്യസ്ഥരാണ്. അത് കൊണ്ട് തന്നെ ഒരു പ്രവര്‍ത്തകന്‍ കന്നുകാലി കച്ചവടത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവനെ വിലക്കേണ്ടതുണ്ട്. ബി.ജെ.പി. പ്രവര്‍ത്തകരുടെ അറിവിലേക്കായി പറയുകയാണ്, മൈസൂരില്‍ ഒരു ഗോശാല ഉണ്ട്. അവിടെ പശുവിന്റെ മാംസവും എല്ലും പൊടിക്കാനും പായ്ക്ക് ചെയ്യാനുമായി ഒരു യന്ത്രമുണ്ട്. ഒരു ഗോശാലയില്‍ എന്തിനാണ് ഇത്തരമൊരു യന്ത്രം?

കന്നുകാലി കടത്തലിനെതിരെ നിയമം നിലനില്ക്കുമ്പോള്‍ ധാരാളം പശുക്കളെ ഇങ്ങിനെയുള്ള ഗോശാലകളിലേക്ക് കടത്തിവിടുകയാണ്. ഇത്തരം ഒരു ഗോശാല ധാവങ്കരയിലും ഉണ്ട്. ധാരാളം വലിയ ഗോശാലകള്‍ പലയിടങ്ങളിലും ഉണ്ട്. ആയിരക്കണക്കിന് പശുക്കള്‍ അവിടങ്ങളിലും ഉണ്ട്. ആ പശുക്കള്‍ക്ക് ഒക്കെ എന്ത് സംഭവിക്കുന്നുഎന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? ഈ ചോദ്യം ഉന്നയിച്ചുകൊണ്ടുള്ള ഒരു ആര്‍.റ്റി. ഐ. ഫയല്‍ ചെയ്തിട്ടുണ്ടോ? ആരും ഇതുവരെ ചോദിച്ചിട്ടല്ല. ഗോശാലകളിലേക്ക് ദിവസേന ആയിരക്കണക്കിന് പശുക്കളെ അയക്കുന്നുണ്ട്. മുപ്പതും അന്‍പതും ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന ഗോശാലകള്‍ക്കും ഒരു പരധി ഇല്ലേ? എത്ര പശുക്കളെ അവിടെ പാര്‍പ്പിക്കാന്‍ കഴിയും. നേരത്തെ തന്നെ ആയിരക്കണക്കിന് പശുക്കള്‍ ഇവിടെ ഉള്ളപ്പോള്‍, ദിവസനേ അങ്ങോട്ട് അയക്കുന്ന പശുക്കള്‍ക്ക് എന്താണ് സംഭവിക്കുന്നത്? ഈ പറയപ്പെടുന്ന മുപ്പത്തിമുക്കോടി ദൈവങ്ങള്‍ ഈ പശുക്കള്‍ക്ക് വയസ്സായതു കൊണ്ട് തങ്ങളുടെ അടുത്തേക്ക് കൊണ്ട് പോകുകയാണോ? അല്ലാ, പട്ടാപ്പകല്‍ ഗോരക്ഷകര്‍ക്ക് കൈക്കൂലിയും കൊടുത്ത് കന്നുകാലികളെ ഗോശാലകളിലേക്ക് കടത്തി വിട്ടിട്ട് കൊല്ലുകയാണ്. എന്നിട്ട് അവര്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് പശുവിന്റെ എല്ലും മാംസപേശിയും പൊടിക്കുന്നു. എന്നിട്ട് കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളിലേക്ക് തീറ്റയായി നല്‍കപ്പെടുന്നു. നിങ്ങള്‍ കോഴി വളര്‍ത്തു കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് കോഴി തീറ്റ നിര്‍മ്മാതാക്കളുടെ പേര് കാണാനാവും. എനിക്ക് അവയുടെ പേര് ഓര്‍മ്മയില്ല. പല കമ്പനികളും ഉണ്ട്. അതിന്റെ നിര്‍മാതാക്കളുടെ മേല്‍വിലാസം നോക്കി പോയാല്‍ പലതും എത്തപ്പെടുക ഗോശാലകളില്‍ ആയിരിക്കും. ഇതില്‍ നിന്നും ഗോശാലകളില്‍ നടക്കുന്നതെന്തെന്ന് മനസ്സിലാക്കാം. പശുവിനെ മാതാവിനെ പോലെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു എന്ന് പറയുന്നവര്‍ക്ക് എങ്ങനെയാണ് അതിനെ പൊടിച്ച് കോഴിത്തീറ്റ ആക്കാന്‍ കഴിയുക? ഗോരക്ഷകര്‍ എന്നാല്‍ ധര്‍മ്മരക്ഷകരാണോ മരണത്തിന്റെ ഏജന്റുമാര്‍ ആണോ. ഈ പശുക്കള്‍ എവിടെയാണെന്നുള്ള ചോദ്യം പോലും ഉന്നയിക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരാള്‍ പറഞ്ഞു, ”നിങ്ങള്‍ക്ക് ഉടുപ്പിയില്‍ വച്ച് എന്നെ തടയാന്‍ കഴിയില്ല. ഞാന്‍ ഒരു വര്‍ഗീയവാദി ആണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു” അപ്പോള്‍ ഞാന്‍ പറഞ്ഞു ”സഹോദരാ, ഞാന്‍ എന്തിന് താങ്കളെ തടയണം. ഞാന്‍ ബാബ സാഹേബ് അംബേദ്കര്‍ കാണിച്ച വഴികളിലൂടെ നയിക്കാന്‍ ആണ് വരുന്നത്. രാജ്യത്തെ ഗ്രസിച്ച രോഗങ്ങളെയും അതിന്റെ പരിഹാരത്തേയും നിങ്ങള്‍ ബാബ സാഹെബ് എഴുതിയതില്‍ നിന്നും ഒരു പേജ് വായിച്ചാല്‍ മനസ്സിലാകും. മിക്കവാറും പ്രശ്‌നങ്ങള്‍ ബാബാസാഹെബിനെ പഠിക്കുന്നതിലൂടെ പരിഹരിക്കാനാവും. സാമ്പത്തികമാണ് പ്രശ്‌നമെങ്കില്‍ അദ്ദേഹത്തിന്റെ ”റൂപി ആന്റ് കറന്റ് ട്രബിള്‍സ്” എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ജലക്ഷാമത്തെയാണ് അഭിമുഖീകരിക്കുന്നതെങ്കില്‍ ‘ഭക്രാ നംഗല്‍” അണക്കെട്ട് പണിത് ജലസേചന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനെ പറ്റി പറഞ്ഞിട്ടുള്ളതും നമ്മുടെ മുന്നില്‍ ഉണ്ട്. വര്‍ഗ്ഗീയതയെ പറ്റി ‘ഹിന്ദു ധര്‍മ്മ’ എന്ന പ്രബന്ധത്തില്‍ പറഞ്ഞിട്ടുണ്ട്. കാശ്മീര്‍ പ്രശ്‌നത്തിന് പോലും പരിഹാരം അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് പരിഹാരം ഇല്ലാത്തതായി ഒന്നും തന്നെ ഇല്ല. അദ്ദേഹം ലോകത്തിനു തന്നെ ഒരു മുതല്‍ ക്കൂട്ടാണ്.

അദ്ദേഹം നല്‍കിയ ഭരണഘടന യഥാവിധി അനുധാവനം ചെയ്താല്‍ തന്നെ നമുക്ക്‌സമാധാനം പ്രാപ്യം ആകും. എന്നാല്‍ ഭരണഘടനയെ അവഗണിച്ച് രാമായണം മഹാഭാരതം പോലുള്ള ഐതിഹ്യങ്ങളെ ദേശീയ ഗ്രന്ഥം ആക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നമ്മുടെ നാശത്തിേേലയ്ക്കുള്ള വഴിയാണ്.

 • രാജ്യത്ത് ആകമാനം നടക്കുന്ന ദലിത് പോരാട്ടങ്ങള്‍ സംഘപരിവാറിന് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണല്ലോ. യു.പിയില്‍ അമിത് ഷാ തന്റെ റാലി വരെ ഉപേക്ഷിക്കേണ്ടി വന്നു. ഇത്തരം സാഹചര്യം കര്‍ണാടകത്തിലും ഉണ്ടാകുമോ?

നമ്മളൊരു വിളക്ക് കത്തിക്കുമ്പോള്‍ അതിനകത്താവശ്യമായ എണ്ണ ആദ്യം തന്നെ അതില്‍ കാണും. നല്ല പ്രകാശത്തോടെ അത് കുറച്ചു നേരം കത്തി നില്‍ക്കും. പക്ഷേ, എത്ര നേരം കത്തി നില്‍ക്കും? ഇതു സ്വന്തമായി കത്തുന്ന ഒരു വിളക്ക് അല്ല. അമിത് ഷാ, മോഡി, ബി.ജെ.പി എന്നിവരുടേത് കഠിന പ്രയത്‌നത്തിന്റെ ഫലം അല്ല. അവര്‍ നല്ല നേതാക്കള്‍ കൂടി അല്ല. വിളക്ക് കത്തിനില്‍ക്കാന്‍ ആവശ്യമായ എണ്ണ അവര്‍ കരുതിയിരുന്നു. അവര്‍ പ്രദര്‍ശിപ്പിച്ച വൈബ്രന്റ് ഗുജറാത്ത് മോഡല്‍ തന്നെ എടുക്കുക. അവര്‍ ഇറ്റലി, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ബസ്സ് സ്റ്റോപ്പുകളുടേയും റയില്‍വേ സ്റ്റേഷനുകളുടെതുമായ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് നടത്തി പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരം ഗിമ്മിതട്ടിപ്പകളിലൂടെ എത്രകാലം ഒരു ജനാധിപത്യ സര്‍ക്കാരിന് പിടിച്ചു നില്‍ക്കാനാവും? അമേരിക്ക പോലെ ഇരിക്കും എന്ന് വല്യ പ്രതീക്ഷകളുമായി ആരെങ്കിലും ഗുജറാത്ത് സന്ദര്‍ശിച്ചാല്‍ അവിടെ ഇപ്പോഴും പഴയ ഓടചാലുകളും ചേരികളും അതേ കന്നുകാലികളും, യാചകരേയും തന്നെ കാണും. അസത്യങ്ങളിലൂടെ അമേരിക്കയോട് ഉപമിച്ച ഈ ഗുജറാത്ത് മോഡല്‍ കഴിഞ്ഞ 3 വര്‍ഷമായി തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഞാന്‍ പന്തയം വയ്ക്കുകയാണ്. ഗുജറാത്തിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നും മോഡി ഇലക്ഷനെ നേരിട്ടാല്‍ പരാജയം സംഭവിക്കുമെന്ന്. അമിത്ഷായ്ക്ക് ഒരു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിക്കാന്‍ സാധ്യമാണോ? അദ്ദഹം ഒറു റാലി സംഘടിപ്പിച്ചാല്‍, എത്ര ആളുകള്‍ പങ്കെടുക്കും. യു.പി.യിലെ സാഹചര്യം തന്നെ എടുക്കുക. അവിടെ കത്തിക്കൊണ്ടിരിക്കുന്ന വിളക്ക് എണ്ണ മുഴുവന്‍ ഉപയോഗിച്ച് തീര്‍ത്തിരിക്കുന്നു. അവര്‍ക്ക് ഇനി ഇന്ധനം നിറയ്ക്കാന്‍ ഉറവിടങ്ങള്‍ ഇല്ല. കുറെ കാലം രാമനെ ഒരു ഉപാധിയായി ഉപയോഗിച്ച് കൊണ്ട് അയോധ്യ പ്രശ്‌നത്തില്‍ എണ്ണ ഒഴിച്ചിരുന്നു. പിന്നീട് കുറച്ചു കാലം പശുക്കളെ ഉപയോഗച്ചു. പിന്നീട് ഗുജറാത്ത് മോഡലും. ഇപ്പോള്‍ അവരുടെ പാത്രം കാലിയാണ്. ഉറവിടങ്ങള്‍ വറ്റിയിരിക്കുന്നു. ഇപ്പോള്‍ എണ്ണ ഇല്ല. വെള്ളം മാത്രമുണ്ട്. വെള്ളമൊഴിച്ചാല്‍ വിളക്ക് കെടും. അണയാന്‍ പോകുന്ന വിളക്ക് ആളിക്കത്തുന്നത് പോലെയാണ് ബി.ജെ.പി ഇപ്പോള്‍. ഈ വിളക്ക് അണയുന്നതിന് മുന്‍പ് രാജ്യത്തെ മുഴുവന്‍ കത്തിക്കും. രാജ്യം മുഴുവന്‍ ജാഗ്രതയോടെ ഇരിക്കണം. കുറെ ആളുകള്‍ ആശങ്കയോടെ ആ സാഹചര്യത്തില്‍ നിന്നും ബി.ജെ.പി യെ എങ്ങിനെ കരകയറുമെന്നത് ഉറ്റുനോക്കുന്നത്. അത് രാജ്യത്തെ മുഴുവന്‍ കത്തിച്ചിട്ടായിരിക്കമോ അതോ പാക്കിസ്ഥാനുമായി യുദ്ധത്തിന് പോയ്‌ക്കൊണ്ടായിരിക്കുമോ എന്ന്. ഇങ്ങനെ ചെയ്യുന്നതില്‍ കൂടി അവര്‍ രാജ്യത്തെ 50 വര്‍ഷം പിന്നോട്ട് തള്ളിവിടും. മോഡിയാണ് പരമമായ ദൈവമെന്ന് വിശ്വസിക്കുന്ന മോഡിയുടെ ഭക്തന്മാര്‍ മോഡിയെ രക്ഷകനായി വാഴ്ത്തുകുയും ചെയ്യും. പക്ഷേ, നമ്മള്‍ ഒരു രാജ്യം എന്ന നിലയില്‍ വളരെ ജാഗരൂഢരായിക്കേണ്ടതുണ്ട്. അവര്‍ നമ്മെ ഹിന്ദു ധര്‍മ്മത്തിലേക്കും അതിദേശീയതയിലേക്കും നയിക്കുകയാണ്. നമ്മള്‍ മോഡിയെ അവഗണിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ കഴിയില്ല. ഈ പ്രകോപനങ്ങളില്‍ വഞ്ചിതരാകാതെ, നാം കരുതലോടെ ഇരിക്കുകയും മോഡി യഥാര്‍ത്ഥത്തില്‍ എന്താണോ എന്ന് ശാന്തമായി ചിന്തിക്കേണ്ടിയും ഇരിക്കുന്നു. നമ്മള്‍ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ വരുന്ന നൂറ്റാണ്ടുകള്‍ കൂടെ നമ്മുടെ രാജ്യം അതിജീവിക്കും. അല്ലാത്ത പക്ഷം നമ്മളെല്ലാവരും എരിഞ്ഞു മരണപ്പെടുന്നതായിരിക്കും.

 • ഉഡുപ്പി ചലോ പ്രസ്ഥാനത്തില്‍ മുസ്ലീം സംഘടനകളും പങ്കെടുക്കുന്നുണ്ടോ?

അതെ, ഞാന്‍ ദമനിത- ദലിത് ദമനിത (അടിച്ചമര്‍ത്തപ്പെട്ട) പ്രതിരോധ സമിതിയെകുറിച്ച് സൂചിപ്പിക്കുകയുണ്ടായി. ദമനിതര്‍ (അടിച്ചമര്‍ത്തപ്പെട്ടവര്‍) ഏതെങ്കിലും മതം ജാതി എന്ന പരിമിതിക്കുള്ളില്‍ ഉള്ളവരല്ല. ഒന്നോ രണ്ടോ അല്ല, ധാരാളം മുസ്ലീം സംഘടനകള്‍ ഞങ്ങളോട് സഹകരിക്കുന്നുണ്ട്. ഉഡുപ്പി, ബാംഗ്ലൂര്‍, മദ്ധ്യ കര്‍ണാടക, ബീജാപൂര്‍, ഗുല്‍ബര്‍ഗ്ഗ്, റായ്പൂര്‍എന്നിവിടങ്ങളില്‍ മുസ്ലീം സംഘടനകള്‍ സമ്മേളനങ്ങള്‍ നടത്തുകയും നമ്മളുടെ സമരത്തിന്റെ ഉദ്ദേശ്യത്തിനെ പറ്റി അതായത്, ഇത് അവരുടേയും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും ഇങ്ങിനത്തൊരു പ്രസ്ഥാനമാണ് നിലവിലുള്ള സാഹചര്യത്തില്‍ രാജ്യത്തിന് വേണ്ടതെന്നും പറയുകയുണ്ടായി. അതില്‍ ബെല്ലാരിയിലെ ഗോട്കര്‍ ഒരു ശ്രദ്ധേയമായ ഒരു പേരാണ്. ഇതൊക്കെ അവര്‍ സ്വയം ഏറ്റെടുത്തു സഹകരണവുമായി സന്നദ്ധത അറിയിച്ചു മുന്നോട്ടു വന്നതാണ്. നമ്മള്‍ സന്ദേശം പ്രചരിപ്പിക്കുന്നു. ഞങ്ങള്‍ പ്രചരിപ്പിക്കുന്ന ആശയങ്ങളില്‍ ആകൃഷ്ടരായി അവര്‍ നമ്മളുടെ കൂടെ ചേരുന്നു.

 • ആദിദ്രാവിഡ, ആദി കര്‍ണാടക എന്നീ വ്യത്യാസങ്ങളെ എങ്ങനെയാണ് നിങ്ങള്‍ പിന്തുണയ്ക്കുന്നത്?

ചില വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം. നിലവിലുള്ള സാഹചര്യത്തില്‍ ഇത് പോലുള്ള ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നതാണ് നല്ല. പ്രത്യേകിച്ചും നമ്മള്‍ നമ്മേക്കാള്‍ വലിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പൊരുതുമ്പോള്‍. ഇത് പോലുള്ള നിസ്സാരമായ അഭിപ്രായവ്യത്യാസങ്ങള്‍ ദളിത് തമ്പുകളില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, സംഭാഷണങ്ങളില്‍ കൂടി പരിഹരിക്കാവുന്നതേ ഉള്ളൂ. ഇത് നമ്മളുടെ കുടുംബത്തിനുള്ളിലെ ഒരു തര്‍ക്കമാണ്. ഈ കുടുംബത്തില്‍ വ്യത്യസ്ത വിശ്വാസ സംഹിതകള്‍ ഉള്ളവരുണ്ട്. ഇപ്പോള്‍ ഈ സംഘടനകളെല്ലാം അടങ്ങുന്ന കുടുംബം ഒരു പ്രസ്ഥാനമായി ഒന്നിച്ചു വരുമ്പോള്‍, അതും നമ്മളെ സ്വന്ത കാര്യ സാദ്ധ്യത്തിനായി ഭിന്നിപ്പിച്ച അതേ രാഷ്ട്രീയകാര്‍ക്ക് എതിരെ ഒന്നിക്കുമ്പോള്‍, ഈ ചോദ്യങ്ങളൊക്കെ അവഗണിച്ചാലേ നമ്മള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കൂ. ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ തുടങ്ങിയാല്‍ നമ്മളുടെ ഐക്യത്തെ തകര്‍ക്കാനേ അത് ഉതകുകയുള്ളൂ. ഈ പ്രശ്‌നങ്ങളൊക്കെ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, നമ്മളുടെ ഈ വ്യത്യാസങ്ങളെ നമ്മള്‍ തന്നെ പരിഹരിക്കണം. പുറത്തു ചോദിച്ചാല്‍ അത് നമ്മള്‍ക്ക് ഗുണം ചെയ്യില്ല.

 • താങ്കളുടെ അഭിപ്രായത്തില്‍ ചൂഷിതരായ ദലിതുകള്‍ ആരുടെ കൂടെ നില്‍ക്കണം? കമ്മ്യൂണിസ്റ്റ് ഇടത് പക്ഷത്തിന്റെ കൂടയോ അത് വലത് പക്ഷത്തിന്റെ കൂടെയോ?

ദലിതര്‍ ഇടത് പക്ഷത്തിന്റെ കൂടെയും പോകണ്ട. വലത് പക്ഷത്തിന്റെ കൂടെയും പോകണ്ട, അവര്‍ അംബേദ്കറൈറ്റുകള്‍ ആകുകയാണ് വേണ്ടത്.

 • നിങ്ങള്‍ നിയോഗിച്ച വക്താവ് ഇന്ന് ഒരു പ്രസ്താവനയില്‍ ദലിത് സംഘടനകള്‍ വലതു പക്ഷത്തെ അവഗണിച്ചു മുന്നോട്ടുള്ള കുതിപ്പില്‍ ഇടതു പക്ഷത്തെ തിരഞ്ഞെടുക്കണമെന്ന് പറഞ്ഞല്ലോ?

ഇതിനെയാണ് ഞാന്‍ മാധ്യമ തന്ത്രങ്ങള്‍ എന്ന് വിളിക്കുന്നത്. അവരുടെ നേട്ടത്തിനു വേണ്ടി ഞാന്‍ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിക്കുന്നു. എനിക്ക് ജിഗ്‌നേഷ് മേവാനിക്ക് വേണ്ടി ഉത്തരം പറയാന്‍ കഴിയില്ല. എന്റെ അഭിപ്രായത്തില്‍ ദളിത് സംഘടനകളിലെ ആള്‍ക്കാര്‍ അംബേദ്കറിസ്റ്റുകള്‍ ആകുകഎന്നതാണ് പ്രധാനം. നിങ്ങളുടെ ആശയത്തിലും പ്രവര്‍ത്തനത്തിലും അംബേദ്കറിന്റെ ഉപദേശം മനസ്സില്‍ സൂക്ഷിക്കുക. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ലോകത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാന്‍ ഒരു വഴിയുണ്ടെങ്കില്‍ അത് അംബേദ്കറിന്റെ വഴിയാണ്. അംബേദ്ക്കറുടെ ആശയങ്ങളെ മുറുകെ പിടിച്ചാല്‍ അത് ഇടത് പക്ഷമോ വലത് പക്ഷമോ ആയാലും നിങ്ങള്‍ നിങ്ങളുടെ മനുഷ്യത്വം നിലനിറുത്തും.

 • നിങ്ങള്‍ക്ക് പിന്തുണ നല്‍കിയ മൂന്നാമത് ഒരു സംഘടനയെ കുറിച്ച് താങ്കള്‍ സൂചിപ്പിക്കുകയുണ്ടായല്ലോ?

അതെ. പല സംഘടനകളും ഉഡുപ്പി സമരത്തോട് സഹകരിക്കുന്നുണ്ട്. ദലിത് സംഘടനകള്‍, ഇടത് സംഘടനകള്‍, എഴുത്തുകാര്‍, താല്പര്യമള്ള വ്യക്തികള്‍ എന്നിവര്‍. പക്ഷേ, എനിക്കേറെ സന്തോഷം തോന്നിയത് ഈ രാജ്യം ശ്രദ്ധിക്കേണ്ട കാര്യം കൂടിയാണ് അത്. മൂന്നാം ലിംഗക്കാര്‍ നമ്മുടെ സമരത്തിനു പിന്തുണ നല്‍കിയതാണ്. അവരും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ബഹിഷ്‌കരണത്തിനു വിധേയരായവരാണ്. ജാതിയോ മതമോ മൂലമല്ല, അവരുടെ ലിംഗം കാരണം. അവരിലൊരാള്‍ എനിക്ക് എഴുതുകയുണ്ടായി. ”എന്റെ പേര് വീണ, മൂന്നാംലിംഗ സമുദായത്തിലെ ഒരു അംഗമാണ് ഞാന്‍. ഉഡുപ്പി സമരത്തെ പിന്തുണയ്ക്കുന്നു. ഞാനും സമൂഹത്തിലെ വിവേചനത്തിന്റെ ഒരു ഇരയാണ്. സമരം മുന്നോട്ടുവയ്ക്കുന്ന പ്രശ്‌നങ്ങള്‍ ഞങ്ങളെയും കൂടി ബാധിക്കുന്നതാണ്. അതിനാല്‍ എന്റെ സംഘടനയും ഞാനും സമരത്തിന് പിന്തുണ രേഖപ്പെടുത്തുന്നു”. ഇത് അവര്‍ തന്റെ ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്യുകയും എനിക്ക് മസ്സേജ് അയക്കുകയും ചെയ്തു. നമുക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ നാം പൊരുതുന്നു. എന്നാല്‍ അവര്‍ക്ക് മുഴുവന്‍ ജീവിതം തന്നെയും പോരാട്ടം ആണ്. അവര്‍ക്ക് വോട്ട് അവകാശം ഇല്ല. ജോലി ചെയ്യാന്‍ സ്വാതന്ത്ര്യവും. ആരും അവരുമായി ഇടപെഴകാറുമില്ല. ഇല്ല. ഹിജഡ എന്ന് അഭിസംബോധന ചെയ്യല്ലെന്ന് പറയുന്നു. പക്ഷേ, ഈ വാക്കുകള്‍ കൊണ്ടാണ് അവര്‍ വിളിക്കപ്പെടുന്നത്. ഈ സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങളെ ഇതുവരെ ആരും വേണ്ട വിധത്തില്‍ അഭിമുഖീകരിച്ചിട്ടില്ല. കല്യാണം കഴിക്കാനോ, തൊഴിലെടുക്കാനോ അവരെ അനുവദിക്കില്ല. രാഷ്ട്രീയത്തിലും അവസരങ്ങള്‍ ഇല്ല. ഒരു സമുദായത്തില്‍ മറ്റുള്ളവരുടെ കൂടെ മനുഷ്യരായി ജീവിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. അവരുടെ പ്രശ്‌നങ്ങള്‍ വച്ച് നോക്കുമ്പോള്‍, നമ്മളുടേത് നിസ്സാരമെന്നു പറഞ്ഞു അവര്‍ക്ക് നമ്മളെ അവഗണിക്കാമായിരുന്നു. പക്ഷേ, ഉടുപ്പിയിലെ പ്രശ്‌നങ്ങള്‍ അവര്‍ സ്വന്തം പ്രശ്‌നമായി എടുത്തു. ഞാന്‍ രണ്ടു കയ്യും നീട്ടി അവരെ നമ്മളുടെ സമരത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയാണ്. അവര്‍ പൂര്‍ണ്ണ പിന്തുണ് നല്‍കിയിട്ടുണ്ട്. അത് സമരത്തെ കുറെ കൂടി ശാക്തീകരിക്കന്നു.

 • എന്താണ് കര്‍ണാടകത്തോടും മറ്റ് സംസ്ഥാനങ്ങളോടുമുള്ള താങ്കളുടെ സന്ദേശം?

ഉടുപ്പി ചലോ സമരം സാധ്യമായത് കുറെയേറെ സുഹൃത്തുക്കളുടെ പ്രവര്‍ത്തനങ്ങളും കര്‍ണാടകത്തിലെ മുതിര്‍ന്നവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടും കൂടിയാണ്. ഇതൊരു ശക്തമായ പ്രസ്ഥാനമായി മാറിയിട്ടുണ്ട്. സംസ്ഥാനത്തെ കുറെ എഴുത്തുകാര്‍, ബുദ്ധിജീവികള്‍ ഇതിന്റെ നട്ടെല്ലായി ഉണ്ട്. ശക്തമായ യൂണിയനുകളും, സംഘടനകളും സ്ഥാപിച്ചവരും സാധാരണക്കാരായ ആളുകളുമെല്ലാം ഈ പ്രസ്ഥാനത്തോട് പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും ശക്തമായൊരു പ്രസ്ഥാനം രൂപപ്പെട്ട് വരുമ്പോള്‍ ജനങ്ങളോട് എനിക്ക് പറയാനുള്ളത് ജാഗരൂഢരായി ഇരിക്കണം എന്നതാണ്. കാരണം മനുവിന്റെ അനുയായികള്‍ നമ്മളെ തടഞ്ഞും ആക്രമിച്ചും ഈ പ്രസ്ഥാനത്തില്‍ നുഴഞ്ഞു കയറിയും ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കും. പക്ഷേ, ഇത് നമ്മളുടെ ഭൂമിയാണ്. നമ്മുടെ താല്പര്യമാണ്. നമ്മുടെ അവകാശങ്ങളാണ്. ഈ ഉദ്ദേശ്യത്തിന്റെ പുറകില്‍ പല പ്രശ്‌നങ്ങളുണ്ട്. ഭൂമിയുടേയും ആഹാരത്തിന്റേയും പേരില്‍ നടത്തിട്ടുള്ള അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും കൊലപാതകങ്ങളുടെയും ഒരൂപാട് സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. മാത്രമല്ല അനേകം സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുന്നുണ്ട്. ചൂഷണം ചെയ്യപ്പെടുന്നുണ്ട്. നമ്മുടെ പ്രസ്ഥാനം രൂപം കൊണ്ടത് ഈ പ്രശ്‌നങ്ങളൊക്കെ കണക്കിലെടുത്താണ്. മൂന്നാം ലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ കൂടി നമ്മളേറ്റെടുക്കണം. ധര്‍മ്മമാണ് പരമമായ ഒന്നെന്നും അതില്‍ നിന്നുമാണ് ദേശസ്‌നേഹമുണ്ടാവുന്നതെന്നും വിചാരിക്കുന്ന ചിലര്‍ ഒഴികെ എല്ലാവരും നമ്മളോട് യോജിക്കും. നമ്മുടെ ലക്ഷ്യത്തില്‍ എത്തുന്നതു വരെ അപവാദപ്രചരണങ്ങളില്‍ ശ്രദ്ധിക്കാതെ വ്യതിചലിപ്പിക്കാതെ നമ്മുടെ വ്യത്യാസങ്ങളെ തരണം ചെയ്യാനുള്ള പക്വത കാണിച്ചു ശക്തമായി നില്‍ക്കണം. എല്ലാവരോടുമുള്ള എന്റെ അഭ്യാര്‍ത്ഥന നമ്മള്‍ രാജ്യത്തിന് തന്നെ മാതൃകയാകണം എന്നാണ്.
_______________________________
(അവലംബം: ദലിത് ക്യാമറ/വിവര്‍ത്തകര്‍: നിധിന്‍, യാസര്‍, ഖുദുബ്)

Comments

comments

Subscribe Our Email News Letter :