ഈ കൊലയില്‍ ഭരണകൂടത്തിന്റെ കൈകളുണ്ട്

ചെറുത്തുനില്‍ക്കുന്ന സ്ത്രീകള്‍ കുറ്റവാളികളില്‍നിന്ന് കൂടുതല്‍ അക്രമങ്ങള്‍ക്ക് ഇരയാകും. അത് വിധേയപ്പെടേണ്ടവരെന്ന് കരുതുന്ന ജിഷയെപ്പോലെ ഒരു ദലിത് സ്ത്രീയാകുമ്പോള്‍ ആക്രമണത്തിന്‍െറആഘാതം വലുതാകും. അധികാരത്തിലെ തുല്യതയില്ലായ്മയാണ് ദലിതര്‍ കൂടൂതല്‍ ആക്രമണവിധേയരാകാന്‍ കാരണമെന്ന് ഡോ.ബി.ആര്‍. അംബേദ്കര്‍ പറയുന്നു. അധികാരത്തില്‍ മാത്രമല്ല സാമൂഹികസ്ഥാനത്തിലും (social position) ഭൂമി ഉള്‍പ്പെടെയുള്ള സമ്പത്തിലും പദവികളിലും സാമൂഹിക ജീവിതത്തില്‍തന്നെയും ഇനിയും തുല്യതയില്‍ എത്താന്‍ കഴിയാത്തവരാണ് കേരളത്തിലെ ദലിതരും ആദിവാസികളും. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ തടയുന്ന ഭരണകൂട നടപടികള്‍ക്കപ്പുറം സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിലും തുല്യനീതിയും തുല്യപൗരത്വവും ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ കൂടുതല്‍ ആക്രമണവിധേയരാകുന്ന വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാകൂ. സാമൂഹികനീതിയും ലിംഗനീതിയും ഒരുപോലെ സാധ്യമാകുന്ന ഒരു സാമൂഹിക സാഹചര്യവും അധികാരഘടനയും ഭരണ നിര്‍വഹണവും സാധ്യമാകേണ്ടതുണ്ട്. അതിനുള്ള ജനാധിപത്യ മുന്നേറ്റങ്ങളാണ് ജിഷയുടെ കൊലപാതകത്തിന്‍െറ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരേണ്ടത്.

‘‘My birth was a fatal accident’’ എന്ന് രോഹിത് വെമുലയുടെ മരണക്കുറിപ്പില്‍ പറയുന്ന തീവ്രമായ ദുരന്തജീവിതത്തെയാണ് പെരുമ്പാവൂരിലെ ജിഷയുടെ മരണം ഓര്‍മിപ്പിക്കുന്നത്. കനാല്‍ പുറമ്പോക്കിലെ രണ്ട് സെന്‍റില്‍ ഒരു ബാത്ത്റൂം പോലുമില്ലാത്ത ഒറ്റമുറി ‘വീട്ടി’ലായിരുന്നു ജിഷയും അമ്മയും 29 വര്‍ഷമായി കഴിഞ്ഞത്. ഈ പുറമ്പോക്കില്‍നിന്നായിരുന്നു ദലിത് വിദ്യാര്‍ഥിയായിരുന്ന ജിഷ അഭിഭാഷകവേഷത്തിന്‍െറ അരികത്ത് വരെ എത്തിയത്. സാമൂഹികമായ പുറമ്പോക്കില്‍നിന്ന് പുറത്തുകടക്കാനുള്ള വഴി കൂടിയാണ് ഹീനമായ ഒരു കൊലപാതകത്തിലൂടെ എന്നേക്കുമായി അടക്കപ്പെട്ടത്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെയും ക്രിമിനല്‍വത്കരണത്തിന്‍െറയും ഭാഗമാണ് ജിഷയുടെ കൊലപാതകമെന്നതില്‍ തര്‍ക്കമില്ല. നമ്മുടെ സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിന്‍െറ ആക്രമണോത്സുകതയുടെ ഇരകളാണ് എല്ലാ സമുദായങ്ങളിലും ഉള്‍പ്പെട്ട സ്ത്രീകള്‍. കേരളത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും ഞെട്ടിപ്പിക്കുന്നതാണ്.

എന്നാല്‍, ജിഷയുടെ കൊലപാതകത്തെയും അതിന് വഴിവെച്ച സാഹചര്യങ്ങളെയും വേറിട്ട് തന്നെ കാണേണ്ടിവരും. കേരളീയ സമൂഹത്തില്‍ ദലിത് ആദിവാസി സ്ത്രീകള്‍ സവിശേഷമായ അക്രമങ്ങളുടെ ഇരകളാണെന്നതിന് കണക്കുകളും വസ്തുതകളും വേണ്ടത്രയുണ്ട്. അട്ടപ്പാടിയില്‍ മരുതിയെന്ന ആദിവാസി സ്ത്രീയെ പൈശാചികമായ രീതിയില്‍ കൊല ചെയ്യപെട്ടതു മുതല്‍ ലൈംഗിക അതിക്രമത്തിന്‍െറ ഇരകളായ അവിവാഹിത അമ്മമാര്‍ വരെ (പൊലീസ് മുതല്‍ കൈയേറ്റക്കാരായ അക്രമികള്‍ വരെ നടത്തിയ അതിക്രമത്തിന്‍െറ ഇരകള്‍) ഇതിന്‍െറ ഉദാഹരണങ്ങള്‍ മാത്രമാണ്. പൊതുസമൂഹത്തിന്‍െറ ശ്രദ്ധയില്‍പെടാതെ പോകുന്ന നിരവധി അക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും ഇതിന് പുറമെയാണ്. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഏറെയും ഈ വിഭാഗങ്ങളില്‍പെട്ടവരാണെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തിനിരയാകുന്ന സ്ത്രീകളുടെ എണ്ണത്തിലും ദലിത്, ആദിവാസി വിഭാഗത്തില്‍പെടുന്നവരാണ് കൂടുതല്‍.
ദലിത്, ആദിവാസി വിഭാഗത്തിലെ സ്ത്രീകള്‍, സ്ത്രീയെന്ന നിലയില്‍ മാത്രമല്ല ജാതി വംശീയ പശ്ചാത്തലംകൊണ്ടും ഇരട്ട ചൂഷണം നേരിടുന്നവരാണ്. ജനാധിപത്യത്തിന്‍െറയും പുരോഗമനവാദത്തിന്‍െറയും മുഖംമൂടി അഴിച്ചാല്‍ ദലിത്, ആദിവാസി സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും കോളനി പൗരന്മാരായി കാണുന്ന പൊതുസമൂഹത്തിന്‍െറ മനോഭാവത്തിന് ഇപ്പോഴും കാര്യമായ മാറ്റമുണ്ടായിട്ടില്ല.
ജിഷയുടെ കൊലയാളി/ കൊലയാളികള്‍ ആരുമാകാം. പൊലീസിന്‍െറ പല സംശയങ്ങളിലെന്നപോലെ അയല്‍ക്കാരനോ ബന്ധുവോ ഇതര സംസ്ഥാനക്കാരോ മറ്റാരുമോ ആകാം. സ്ത്രീശരീരത്തിനുമേല്‍ കമ്പിപ്പാരപോലെ കുത്തിയിറക്കാനുള്ളതാണ് പുരുഷലിംഗമെന്നും അത് പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ നശിപ്പിച്ചുകളയാനുള്ളതാണെന്നും കരുതുന്ന ആരുമാകാം. അവരെ പൊലീസ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. മരണത്തിന് എറിഞ്ഞുകൊടുത്ത ഒരു ജീവിതത്തിന് അതിനപ്പുറമുള്ള നീതി ലഭ്യമാകില്ല. ആ കുടുംബത്തിന് നഷ്ടപരിഹാരവും അടച്ചുറപ്പുള്ള വീടും നിര്‍മിച്ചുകൊടുക്കുന്നതോടെ ആ അധ്യായം പൂര്‍ത്തിയാകും.
എന്നാല്‍, ഒരു കൊലയാളിയെ കണ്ടത്തെി ശിക്ഷിച്ചതുകൊണ്ട് മാത്രം ഈ കൊലപാതകത്തിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് ഭരണകൂടത്തിനും അതിന്‍െറ ഭാഗമായ രാഷ്ട്രീയനേതൃത്വങ്ങള്‍ക്കും പൊതുസമൂഹത്തിനും രക്ഷപ്പെടാനാകുമോ? ജിഷയുടെ കുടുംബത്തിന്‍െറ പുറമ്പോക്ക് ജീവിതം മുതല്‍ കൊലപാതക അന്വേഷണത്തിലെ വീഴ്ചവരെ പരിശോധിച്ചാല്‍ കൊലപാതകത്തിന് പിന്നിലെ അദൃശ്യസാന്നിധ്യം വ്യക്തമാകും. 800 കുടുംബങ്ങള്‍ താമസിക്കുന്ന കനാല്‍ പുറമ്പോക്കിലെ ഒരു കുടുംബം മാത്രമാണ് ജിഷയുടേത്. ഇവരെ ഒഴിപ്പിക്കാന്‍ ശ്രമം നടന്നപ്പോള്‍ താന്‍ ഇടപെട്ട് തടഞ്ഞത് ഈ 800 കുടുംബങ്ങളെക്കുറിച്ച് കൂടിയുള്ള കരുതല്‍കൊണ്ടാണെന്നാണ് പെരുമ്പാവൂര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സാജു പോള്‍ പറഞ്ഞത്.

__________________________________
പുറമ്പോക്കില്‍ കഴിയുന്ന ഒരു ദലിത് കുടുംബമെന്ന നിലയിലുള്ള ഈ അവഗണന ജാതി വിവേചനത്തിന്‍െറ സ്ഥാപനവത്കരിക്കപ്പെട്ട നീതിനിര്‍വഹണമാണ്. ഇതിന്‍െറ തന്നെ മറ്റൊരു മുഖമാണ് കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയായ ഒരു യുവാവിനെ കെട്ടിയിട്ട് കൊലപ്പെടുത്തിയത്. ഈ സാമൂഹികമായ ബഹിഷ്കരണമാണ് ഒരു ക്രിമിനലിന്/ ക്രിമിനലുകള്‍ക്ക് ജിഷയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അതിക്രൂരമായ ആക്രമണം നടത്തി കൊല ചെയ്യാനുള്ള സുരക്ഷിത വഴി ഒരുക്കിയത്. ഈ അര്‍ഥത്തില്‍ നാട്ടുകാര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് കൂടി ഈ കൊടുംപാതകത്തില്‍ പങ്കുണ്ട്. എന്നാല്‍, ജാതീയ മുന്‍വിധിയോടെ ഉള്ള ഈ ബഹിഷ്കരണത്തെയും വിവേചനത്തെയും മറികടക്കുന്നതിനാണ് ദലിതരും ആദിവാസികളും സ്ത്രീകളും അടക്കമുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് പരിരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക നിയമങ്ങള്‍ കൊണ്ടുവന്നത്. 
__________________________________ 

ജനപ്രതിനിധികളുടെ ഈ കരുതല്‍ നല്ലത് തന്നെ. എന്നാല്‍, എന്തുകൊണ്ട് ഇവര്‍ പുറമ്പോക്കിലത്തെി എന്ന് കൂടി അന്വേഷിക്കേണ്ടതുണ്ട്. കേരളത്തിന്‍െറ കനാലുകളുടെയും തോടുകളുടെയും റോഡുകളുടെയും റെയില്‍പ്പാതയുടെയും പുറമ്പോക്കുകളില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്. ഇതിനുപുറമെയാണ് 26,000ത്തോളം ദലിത്,ആദിവാസി കോളനികള്‍.
കേരളത്തില്‍ 1957ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്‍െറ വിപ്ളവപരമെന്ന് അവകാശപ്പെടുന്ന ഭൂപരിഷ്കരണ നിയമത്തെ കുറിച്ച് ഡോ. തോമസ് ഐസക്കിന്‍െറ അവകാശവാദം ഇതാണ്: ‘‘സ്വാതന്ത്ര്യാനന്തര കേരളത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവവികാസമായിരുന്നു ഭൂപരിഷ്കരണം. 28ലക്ഷം കുടിയാന്മാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. 5.03 ലക്ഷം പേര്‍ക്ക് കുടികിടപ്പവകാശം കിട്ടി.’’ എന്നാല്‍, പിന്നാലെ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വഞ്ചന മൂലമാണ് കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി ലഭിക്കാതെ പോയതെന്നും ഐസക് പറയുന്നുണ്ട്. ഭൂവുടമകളുടെ തിരിമറി മൂലം മിച്ചഭൂമി ഏറ്റെടുക്കാന്‍ കഴിയാതിരുന്നതും ഭൂമിവിതരണത്തിന് തടസ്സമായെന്നും കൂട്ടിച്ചേര്‍ക്കുന്നു. 2000നുശേഷം കേരളത്തില്‍ ഭൂരഹിതരും പുറമ്പോക്കിലും കോളനികളിലും കഴിയുന്ന ആദിവാസികളും ദലിതരും ഭൂമിക്ക് വേണ്ടി സമരം ചെയ്തപ്പോള്‍ ഇനി രണ്ടാം ഭൂപരിഷ്കരണം ആവശ്യമില്ളെന്നും നിലവിലെ ഭൂപരിഷ്കരണം പൂര്‍ത്തിയാക്കുക മാത്രമാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. (ഭൂപരിഷ്കരണം ഇനി എന്ത്, ഡോ. തോമസ് ഐസക്)
എന്നാല്‍, 57ന് ശേഷം നാല് തവണ സി.പി.എം പങ്കാളിത്തമുള്ള സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടും കര്‍ഷക തൊഴിലാളികളുടെ കൂലിക്കൂടുതലിനും മിച്ചഭൂമിക്കും വേണ്ടി സമരം ചെയ്തതല്ലാതെ ദലിതര്‍ക്കും ആദിവാസികള്‍ക്കും പുറമ്പോക്കില്‍ കഴിയുന്ന ദുര്‍ബല വിഭാഗങ്ങളുടെയും ഭൂമിയില്ലായ്മ പരിഹരിക്കാന്‍ കാര്യമായ ഒരു നടപടിയും ഉണ്ടായില്ല എന്നതിന്‍െറ തെളിവുകളാണ് പുറമ്പോക്ക്, കോളനി ജീവിതങ്ങള്‍ തുടരുന്നതും കോളനികളുടെ എണ്ണം വര്‍ധിക്കുന്നതും. 57ലെ സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നെങ്കിലും 1970ലെ കോണ്‍ഗ്രസ് സി.പി.ഐ സര്‍ക്കാറാണ് ഭൂപരിഷ്കരണം നടപ്പാക്കിയതെന്നാണ് കോണ്‍ഗ്രസിന്‍െറ അവകാശവാദം. എന്നാല്‍, കേരളത്തില്‍ ദലിത് ആദിവാസി വിഭാഗങ്ങളെ ഭൂമിയുടെ അവകാശങ്ങളില്‍നിന്ന് പുറത്താക്കിയത് എം.എന്‍. ഗോവിന്ദന്‍ നായര്‍ നടപ്പാക്കിയ ലക്ഷം വീട് കോളനികളും അതിന്‍െറ തുടര്‍ച്ചയായി രണ്ട് സെന്‍റ് മുതല്‍ അഞ്ച് സെന്‍റ് വരെ ഭൂവുടമസ്ഥത നല്‍കിയ ‘ഹരിജന്‍’ ആദിവാസി കോളനികളുമാണ്. അവിടെയും ഇടം കിട്ടാതെ പോയവരും കോളനികളിലെ ചെറുവീടുകളില്‍ അംഗസംഖ്യ കൂടിയതോടെ പുറത്തായവരും ‘വികസന’ത്തിന്‍െറ ഇരകളായവരുമാണ് പുറമ്പോക്കുകളില്‍ അഭയം കണ്ടത്തെിയത്. മാറിമാറി വന്ന സര്‍ക്കാറുകള്‍ ഇവര്‍ക്ക് ഭൂമി നല്‍കാതിരിക്കുന്നതില്‍ കാട്ടിയ ജാഗ്രത കൂടി ആയതോടെ പുറമ്പോക്കുകള്‍ സ്ഥാപനവത്കരിക്കപ്പെട്ടു.
ഭൂമിയുടെ ദൗര്‍ലഭ്യമായിരുന്നില്ല മറിച്ച് വന്‍കിട തോട്ടമുടമകളോട് ഭരണനേതൃത്വങ്ങള്‍ പുലര്‍ത്തിയ ചാര്‍ച്ചയും ഈഴവര്‍ മുതല്‍ മുകളിലേക്കുള്ള സമുദായങ്ങളില്‍ മാത്രമായി ഭൂപരിഷ്കരണം ഒതുക്കിയതും ദലിതരെയും ആദിവാസികളെയും തുണ്ടുഭൂമികളിലേക്കും കോളനികളിലേക്കും പായിച്ചുവെന്നത് ഇന്ന് കേരളം തിരിച്ചറിയുന്ന വസ്തുത മാത്രമാണ്. ഇത്തരത്തില്‍ ഇടതും വലതുമായ ഭരണനേതൃത്വങ്ങള്‍ പുറമ്പോക്കിലെ അരക്ഷിത ജീവിതത്തിലേക്ക് തള്ളിവിട്ടത് തന്നെയാണ് ജിഷയെപ്പോലുള്ളവരുടെ ജീവിതത്തെ ആക്രമണ വിധേയമാക്കാന്‍ ഇടയാക്കിയ ഒരു കാരണം. ഭൂമി ലഭ്യമായില്ല എന്ന് മാത്രമല്ല ഒരു വീടിന്‍െറ സുരക്ഷ പോലും നല്‍കാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല.
ഭൂപരിഷ്കരണ നിയമങ്ങളിലൂടെയും കൈയേറ്റങ്ങള്‍ക്ക് നിയമ സാധുത നല്‍കിയ പട്ടയദാനങ്ങളിലൂടെയും അധികാര പ്രാതിനിധ്യത്തിലൂടെയും മൂലധന സമാഹരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ഇതര സമുദായങ്ങള്‍ പൊതുമണ്ഡലത്തില്‍ മെച്ചപ്പെട്ട സാമൂഹിക നില നേടിയെടുത്തു. നവോത്ഥാന പ്രസ്ഥാനങ്ങളും പില്‍ക്കാല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന സമത്വബോധം പ്രധാനമാണെങ്കിലും ദലിത്, ആദിവാസി വിഭാഗങ്ങള്‍ ഒഴികെയുള്ള പിന്നാക്ക വിഭാഗങ്ങളും ആര്‍ജിച്ച ഭൂവുടമസ്ഥതയും സമ്പത്തും തന്നെയായിരുന്നു ഇവരുടെ വികാസത്തിന് വഴിതെളിച്ചത്. അങ്ങനെ സവര്‍ണവിഭാഗങ്ങള്‍ക്ക് ആധിപത്യമുണ്ടായിരുന്ന പൊതുമണ്ഡലത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കൂടി അംഗീകാരമുള്ള പുതിയ ഒരു പൊതുമണ്ഡലം രൂപംകൊണ്ടു. ഭൂപരിഷ്കാരങ്ങളിലൂടെ ലഭിച്ച ഭൂമിലഭ്യത തന്നെയായിരുന്നു ഈ വളര്‍ച്ചയിലേക്കുള്ള പ്രധാന ഏണിപ്പടി. എന്നാല്‍, മുന്‍കാലത്തെന്നപോലെ ഭൂമിയും സമ്പത്തും പദവികളും ആര്‍ജിക്കാന്‍ കഴിയാതിരുന്ന ദലിത്, ആദിവാസി വിഭാഗങ്ങളും ഇതര ദുര്‍ബല വിഭാഗങ്ങളും ഈ പുതിയ പൊതുമണ്ഡലത്തില്‍നിന്നും പുറത്തായി. ഇവരെ പുറത്താക്കി വാതിലടച്ച സര്‍വ സമുദായ സൗഹാര്‍ദ സമൂഹമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
ഭരണ സാമൂഹിക നേതൃത്വങ്ങള്‍ പൊതുമണ്ഡലത്തില്‍നിന്ന് പുറത്താക്കിയ ഒരു സമൂഹത്തിന്‍െറ തന്നെ കീഴ്ത്തട്ടിലാണ് ജിഷയുടെ കുടുംബത്തിന്‍െറയും സാമൂഹികനില. ഇത്തരം ഒരു സാമൂഹിക സന്ദര്‍ഭത്തിലാണ് പുറമ്പോക്കില്‍ താമസിക്കുന്ന ജിഷയുടെ കുടുംബത്തെ സമീപവാസികള്‍ ഒറ്റപ്പെടുത്തിയത്. കോളനിവാസികളോടും പുറമ്പോക്കുകാരോടും സുരക്ഷിതരും മേന്മ കൂടിയവരെന്നും സ്വയം കരുതുന്നവരുമായ പൊതുസമൂഹം പുലര്‍ത്തുന്ന സമീപനം കേരളത്തില്‍ എവിടെയും ഇത് തന്നെയാണ്. ലക്ഷം വീട് കോളനികള്‍ക്ക് സമീപം പലപ്പോഴും ഭൂമി വില കുറയാന്‍ കാരണം അവിടെ വീട് വെച്ച് താമസിക്കാന്‍ വരേണ്യ പൊതുസമൂഹം താല്‍പര്യം കാണിക്കാത്തതിനാല്‍ കൂടിയാണ്.
ഈ സാമൂഹിക ബഹിഷ്കരണം തന്നെയാണ് ജിഷയുടെ കുടുംബത്തോട് പെരുമ്പാവൂരിലെ അയല്‍ക്കാര്‍ കാട്ടിയത്. അവരെ കനാല്‍ പുറമ്പോക്കില്‍നിന്ന് ആട്ടിപ്പായിക്കാന്‍ ‘നാട്ടുകാര്‍’ വിയോജിപ്പുകള്‍ മാറ്റിവെച്ച് ഒന്നിക്കുകയും ചെയ്തു. എല്ലാ മനുഷ്യരുടെയും പ്രാഥമിക ആവശ്യമായ കക്കൂസ് നിര്‍മിക്കുന്നത് പോലും അവര്‍ക്ക് തടയാന്‍ കഴിഞ്ഞു. മകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ച അമ്മയെ ഭ്രാന്തിയെന്ന് എഴുതിത്തള്ളിയാണ് അവര്‍ ഒറ്റപ്പെടുത്തിയത്. തങ്ങള്‍ നിരന്തരം അപമാനിക്കപ്പെടുകയും ആക്രമണ ഭീഷണി നേരിടുകയും ചെയ്യുന്നതായി പരാതിപ്പെട്ടിട്ടും പഞ്ചായത്ത് മുതല്‍ പൊലീസ് വരെയുള്ള സംവിധാനങ്ങള്‍ നടപടിയെടുക്കാതിരുന്നത് ഭരണസംവിധാനത്തിന്‍െറ ‘സ്വാഭാവികനീതി’യാണ്. പുറമ്പോക്കില്‍ കഴിയുന്ന ഒരു ദലിത് കുടുംബമെന്ന നിലയിലുള്ള ഈ അവഗണന ജാതി വിവേചനത്തിന്‍െറ സ്ഥാപനവത്കരിക്കപ്പെട്ട നീതിനിര്‍വഹണമാണ്. ഇതിന്‍െറ തന്നെ മറ്റൊരു മുഖമാണ് കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയായ ഒരു യുവാവിനെ കെട്ടിയിട്ട് കൊലപ്പെടുത്തിയത്. ഈ സാമൂഹികമായ ബഹിഷ്കരണമാണ് ഒരു ക്രിമിനലിന്/ ക്രിമിനലുകള്‍ക്ക് ജിഷയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അതിക്രൂരമായ ആക്രമണം നടത്തി കൊല ചെയ്യാനുള്ള സുരക്ഷിത വഴി ഒരുക്കിയത്. ഈ അര്‍ഥത്തില്‍ നാട്ടുകാര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് കൂടി ഈ കൊടുംപാതകത്തില്‍ പങ്കുണ്ട്.
എന്നാല്‍, ജാതീയ മുന്‍വിധിയോടെ ഉള്ള ഈ ബഹിഷ്കരണത്തെയും വിവേചനത്തെയും മറികടക്കുന്നതിനാണ് ദലിതരും ആദിവാസികളും സ്ത്രീകളും അടക്കമുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് പരിരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക നിയമങ്ങള്‍ കൊണ്ടുവന്നത്. അതിലൊന്നാണ് പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം (Scheduled Castes and the Scheduled Tribes (Prevention of Arocities) Amendment Act) പാര്‍ലമെന്‍റ് പാസാക്കിയത്. നിയമമനുസരിച്ച് ഒരു പട്ടികജാതി വര്‍ഗ കുടുംബം താമസിക്കുന്ന വീടോ ഗ്രാമമോ വിട്ടുപോകാന്‍ നിര്‍ബന്ധിക്കുന്നതും കുറ്റകരമാണ്. തന്‍െറ മകള്‍ക്കെതിരെ അയല്‍ക്കാരില്‍ ചിലര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിച്ചുപറയുകയും വീട് ഉപേക്ഷിച്ചുപൊകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതായി ജിഷയുടെ അമ്മ രാജേശ്വരി പൊലീസില്‍ പലതവണ പരാതി നല്‍കി. കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല എന്ന പരാമര്‍ശത്തോടെ 2014 മേയ് 17ന് ആലുവ റൂറല്‍ എസ്.പിക്കും പരാതി നല്‍കി. എന്നാല്‍, നിയമം നടപ്പാക്കുന്നതിന് ‘നിയമപാലകര്‍’ ചെറുവിരല്‍പോലും അനക്കിയില്ല.
ഒരു പട്ടികജാതി കുടുംബത്തിനെതിരെ വധഭീഷണിയോ ആക്രമണ ഭീഷണിയോ ഉണ്ടായാല്‍ അത് തടയാന്‍ സ്വീകരിക്കേണ്ട നടപടികളെ (Precautionary and preventive measures) കുറിച്ച് പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമത്തില്‍ കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. ഈ പരാതികളില്‍ പൊലീസ് അധികൃതര്‍ നടപടിയെടുത്തിരുന്നുവെങ്കില്‍ ഒരുപക്ഷേ ദാരുണമായ ഈ കൊലപാതകം തടയാന്‍ കഴിയുമായിരുന്നു. ഇതില്‍ വീഴ്ച വരുത്തിയ പൊലീസ് അധികൃതര്‍ കടുത്ത നിയമലംഘനമാണ് നടത്തിയത്. എന്നാല്‍, ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് മേധാവികളോ ഭരണനേതൃത്വമോ തയാറായിട്ടില്ല എന്നത് നിയമലംഘനത്തിന്‍െറ ആഴം കൂട്ടുന്നു. ഈ കൊലപാതകത്തിന് വേണ്ട സാഹചര്യം ഒരുക്കിയ ഇവരും ഈ കൊലപാതകത്തിന് ഉത്തരവാദികളാണ്. പഞ്ചായത്ത് വാര്‍ഡ് മെംബര്‍ മുതല്‍ പെരുമ്പാവൂര്‍ എം.എല്‍.എ സാജു പോള്‍ വരെയുള്ളവര്‍ തങ്ങളുടെ ആവലാതികള്‍ക്ക് ചെവികൊടുത്തില്ല എന്നാണ് ജിഷയുടെ കുടുംബം പരാതിപ്പെടുന്നത്. ഈ അവഗണനയും പീഡകരുടെ പക്ഷം ചേരലും തികച്ചും കുറ്റകരമാണ്.
കൊലപാതകം നടന്നതിന് ശേഷവും പൊലീസും ജനപ്രതിനിധികളും പൗരസമൂഹവും പ്രകടിപ്പിച്ച കൂട്ട അനാസ്ഥകൊണ്ടാണ് ആദ്യ ദിവസങ്ങളില്‍ സംഭവത്തിന്‍െറ ഗൗരവം മനസ്സിലാക്കാതെ പോയത്. ഒരു ദലിത് സമുദായാംഗത്തിന് നേരെ കൊലപാതകംപോലുള്ള അക്രമങ്ങളുണ്ടായാല്‍ ജില്ലാ മജിസ്ട്രേറ്റോ ആര്‍.ഡി.ഒയോ ഡിവൈ.എസ്.പിയോ സ്ഥലം സന്ദര്‍ശിച്ച് അവരുടെ നേതൃത്വത്തിലായിരിക്കണം തുടര്‍നടപടികളെന്ന് പട്ടികജാതി പീഡന നിരോധന നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍, സ്ഥലം സബ് ഇന്‍സ്പെക്ടറോ സി.ഐയോ സംഭവത്തെക്കുറിച്ച് മേലുദ്യോഗസ്ഥരെ കൃത്യമായി അറിയിച്ചിട്ടുണ്ടോ എന്ന് പോലും സംശയമാണ്. മൃതദേഹത്തിന്‍െറ ഇന്‍ക്വസ്റ്റ് തയാറാക്കുന്നത് മുതല്‍ പോസ്റ്റ്മോര്‍ട്ടവും മൃതദേഹം കത്തിച്ചുകളയുന്നത് വരെയുമുള്ള കാര്യങ്ങളില്‍ പൊലീസ് കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്. അനാസ്ഥയുടെ കാരണം പലപ്പോഴും സംഭവിക്കുന്നതുപോലെ കുറ്റവാളിക്ക് വേണ്ടിയുള്ള ബാഹ്യസമ്മര്‍ദം കൊണ്ടാവണമെന്നില്ല.

_____________________________________
പൗരസമൂഹത്തിന്‍െറ ഈ ജാഗ്രതക്കുറവിന്‍െറ കാരണവും ജാതീയതയും പുറമ്പോക്ക് ജീവിതത്തോടുള്ള അവജ്ഞയുമാണെന്ന് വ്യക്തമാണ്. ‘‘പട്ടികജാതിക്കാരിയായ നിന്നെ കൊന്നാല്‍ ഒരു പട്ടിപോലും ചോദിക്കാനുണ്ടാവില്ല’’ എന്ന് ഒരു നാട്ടുകാരന്‍െറ ഭീഷണിയെ ശരിവെക്കുന്നതായിരുന്നു സംഭവത്തോട് അയല്‍ക്കാര്‍ മുതല്‍ ആഭ്യന്തരവകുപ്പ് വരെ പുലര്‍ത്തിയ മനോഭാവം. ഇതിന് അനുബന്ധമായി തന്നെയാണ് മാധ്യമസമൂഹവും നിഷ്ഠുരമായ ഈ കൊലപാതകത്തോട് ആദ്യഘട്ടത്തില്‍ പുലര്‍ത്തിയ നിസ്സംഗത. ഏപ്രില്‍ 28 ന് വൈകുന്നേരം നടന്ന കൊലപാതകം ലോക്കല്‍ പേജ് വാര്‍ത്ത മാത്രമായാണ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു പ്രാദേശിക പ്രശ്നം എന്ന നിലയില്‍ സംഭവത്തെ ചാനലുകളും അവഗണിച്ചു. സംഭവത്തോട് പൊലീസ് പുലര്‍ത്തിയ അവഗണനയും വാര്‍ത്താപ്രാധാന്യം ഇല്ലാതാകുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍, സംഭവം അറിഞ്ഞത്തെിയ ജിഷയുടെ സഹപാഠികളും സോഷ്യല്‍ മീഡിയയും ശക്തമായി ഇടപെട്ടതിനെ തുടര്‍ന്നാണ് കൊലപാതകം മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധയിലത്തെിച്ചത്. 
_____________________________________

നേരത്തേ ചൂണ്ടിക്കാട്ടിയതുപോലെ പുറമ്പോക്കില്‍ കഴിയുന്ന രണ്ട് സ്ത്രീകള്‍ മാത്രമുള്ള ദലിത് കുടുംബത്തോട് നമ്മുടെ പൊലീസ് ഭരണസംവിധാനം പുലര്‍ത്തുന്ന സ്വാഭാവികമായ പ്രതികരണമാകാം. ദലിതര്‍, കറുത്തവര്‍, ഇതര സംസ്ഥാന പൗരന്മാര്‍, ദരിദ്രര്‍ തുടങ്ങിയവരോട് കേരള പൊലീസ് പുലര്‍ത്തുന്നത് അവഗണനാ മനോഭാവമാണ്. വംശീയവും ജാതീയവുമായ മുന്‍വിധികളോട് കൂടിയാണ് നമ്മുടെ പൊലീസും ഭരണ സംവിധാനങ്ങളും പലപ്പോഴും പെരുമാറുന്നത് എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പല സന്ദര്‍ഭങ്ങളിലും സമൂഹത്തില്‍ സ്വാധീനമുള്ള കുറ്റവാളികളോട് തുറന്ന കൂറ് പ്രകടിപ്പിക്കുന്നതിനും തെളിവുകളുണ്ട്. ജിഷയുടെ കാര്യത്തില്‍ സംഭവിച്ചതും മറ്റൊന്നാകില്ല. എന്നാല്‍, പൊലീസിന്‍െറ കുറ്റകരമായ ഈ വീഴ്ച തിരുത്തുന്നതിന് പലപ്പോഴും ജാഗ്രത കാണിക്കാറുള്ള പൗരസമൂഹവും ഇവിടെ കാഴ്ചക്കാരായി മാറുകയായിരുന്നു. പൗരസമൂഹത്തിന്‍െറ ഈ ജാഗ്രതക്കുറവിന്‍െറ കാരണവും ജാതീയതയും പുറമ്പോക്ക് ജീവിതത്തോടുള്ള അവജ്ഞയുമാണെന്ന് വ്യക്തമാണ്. ‘‘പട്ടികജാതിക്കാരിയായ നിന്നെ കൊന്നാല്‍ ഒരു പട്ടിപോലും ചോദിക്കാനുണ്ടാവില്ല’’ എന്ന് ഒരു നാട്ടുകാരന്‍െറ ഭീഷണിയെ ശരിവെക്കുന്നതായിരുന്നു സംഭവത്തോട് അയല്‍ക്കാര്‍ മുതല്‍ ആഭ്യന്തരവകുപ്പ് വരെ പുലര്‍ത്തിയ മനോഭാവം.
ഇതിന് അനുബന്ധമായി തന്നെയാണ് മാധ്യമസമൂഹവും നിഷ്ഠുരമായ ഈ കൊലപാതകത്തോട് ആദ്യഘട്ടത്തില്‍ പുലര്‍ത്തിയ നിസ്സംഗത. ഏപ്രില്‍ 28 ന് വൈകുന്നേരം നടന്ന കൊലപാതകം ലോക്കല്‍ പേജ് വാര്‍ത്ത മാത്രമായാണ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു പ്രാദേശിക പ്രശ്നം എന്ന നിലയില്‍ സംഭവത്തെ ചാനലുകളും അവഗണിച്ചു. സംഭവത്തോട് പൊലീസ് പുലര്‍ത്തിയ അവഗണനയും വാര്‍ത്താപ്രാധാന്യം ഇല്ലാതാകുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍, സംഭവം അറിഞ്ഞത്തെിയ ജിഷയുടെ സഹപാഠികളും സോഷ്യല്‍ മീഡിയയും ശക്തമായി ഇടപെട്ടതിനെ തുടര്‍ന്നാണ് കൊലപാതകം മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധയിലത്തെിച്ചത്. ഭരണകൂടത്തിന്‍െറയും പൗരസമൂഹത്തിന്‍െറയും മുന്‍വിധികളുമായി കൂടിക്കലരുന്നതാണ് നമ്മുടെ മാധ്യമ പൊതുബോധവും എന്ന് വ്യക്തമാക്കുന്നതാണ് സംഭവത്തോടുള്ള ആദ്യ പ്രതികരണങ്ങള്‍. ഇതര പൊതുമണ്ഡലങ്ങളിലെന്നപോലെ മാധ്യമമേഖലയിലും നിലനില്‍ക്കുന്ന ദലിത് ആദിവാസി പ്രാതിനിധ്യത്തിന്‍െറ അസാന്നിധ്യവും അദൃശ്യതയും ഈ നിസ്സംഗതക്ക് പ്രധാന കാരണമാണ്. ഇന്ത്യയിലെ ന്യൂസ് റൂമുകളിലെ കീഴാളരുടെ പ്രാതിനിധ്യമില്ലായ്മയെക്കുറിച്ച് റോബിന്‍ ജെഫ്രിയുടെയും ചന്ദ്രബാന്‍ പ്രസാദിന്‍െറയും രവീഷ് കുമാറിന്‍െറയും നിരീക്ഷണങ്ങള്‍ ഇതിനകം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. രോഹിത് വെമുലയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലും ഇത് സംവാദത്തിനിടയാക്കി. എന്നാല്‍, ‘പുരോഗമന വിപ്ളവ’ ചിന്താഗതിക്കാരുടെ നിറഞ്ഞ സാന്നിധ്യമുള്ള കേരളീയ മാധ്യമലോകത്ത് ഈ അദൃശ്യത ഇനിയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. കൊലപാതകമോ ആത്മഹത്യയോ അക്രമമോ ഉണ്ടാകാതെ ഈ വിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍പോലും ശ്രദ്ധയില്‍പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെടുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന സാമൂഹിക സമ്മര്‍ദങ്ങളാണ് വരേണ്യവത്കരിക്കപ്പെട്ട മാധ്യമ മുന്‍വിധികളെ തിരുത്താനുള്ള ഉപാധിയായിരിക്കുന്നത്.
മുത്തങ്ങയില്‍ പൊലീസ്, വെടിവെപ്പും വ്യാപക അക്രമവും നടത്തുകയും രണ്ട് മരണങ്ങള്‍ സംഭവിക്കുകയും ചെയ്തപ്പോള്‍ മാത്രമാണ് ഭൂരഹിതരായ ആദിവാസികളുടെ ദുരിതാവസ്ഥ പൊതുസമൂഹം ചര്‍ച്ച ചെയ്തത്. ഈ പൊലീസ് അതിക്രമത്തിലേക്ക് നയിക്കുന്നതില്‍ വയനാട്ടിലെ കുടിയേറ്റ നേതൃത്വത്തിലുള്ള പൊതുസമൂഹം സ്വീകരിച്ച ആദിവാസിവിരുദ്ധത വലിയ പങ്കാണ് വഹിച്ചത്. ദിവസങ്ങള്‍ നീണ്ട ചെങ്ങറയിലെ ദലിത് ഭൂസമരം ശ്രദ്ധയിലത്തെിയത് സമരക്കാര്‍ റബര്‍ മരങ്ങളില്‍ തുണികെട്ടി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ്. അവിടെയും ഇടത് വലത് മധ്യപക്ഷത്തുള്ള ട്രേഡ് യൂനിയനുകളും രാഷ്ട്രീയനേതൃത്വവും പൗരസമൂഹവും ഉപരോധത്തിലൂടെയും ബഹിഷ്കരണത്തിലൂടെയുമാണ് സമരത്തെ നേരിട്ടത്.
ജിഷയെ നേരിട്ട് കൊലപ്പെടുത്തിയത് ആരായാലും ഈ കൊലപാതകത്തില്‍ നമ്മുടെ ഭരണസംവിധാനങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും മാധ്യമലോകത്തിനും പൗരസമൂഹത്തിനും പങ്കുണ്ട്. ഈ കൂട്ടായ്മയിലൂടെയാണ് കൊലയാളികളും ആക്രമണകാരികളും പഴുതുകള്‍ കണ്ടത്തുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതില്‍ നമ്മുടെ ഭരണസംവിധാനം നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏത് സമൂഹത്തിലും കുറ്റവാളികളും ക്രിമിനല്‍ വാസനയുള്ളവരും ഉണ്ടാകും. അത് തടയുന്നതിന് ഭരണകൂടവും ജനങ്ങളും ഒത്തുചേര്‍ന്ന നടപടികളാണ് വേണ്ടത്. എന്നാല്‍, സമൂഹത്തില്‍ ദുര്‍ബലരായ വിഭാഗങ്ങള്‍ കൂടുതല്‍ ആക്രമണത്തിന് വിധേയരാകാനുള്ള സാധ്യതകള്‍ വലുതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. സ്ത്രീകള്‍ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടവരോ സ്വയം വിധേയപ്പെടേണ്ടവരോ ആണെന്ന പുരുഷാധിപത്യ ബോധം കൂടുതല്‍ ശക്തിപ്പെടുകയാണ്. ചെറുത്തുനില്‍ക്കുന്ന സ്ത്രീകള്‍ കുറ്റവാളികളില്‍നിന്ന് കൂടുതല്‍ അക്രമങ്ങള്‍ക്ക് ഇരയാകും. അത് വിധേയപ്പെടേണ്ടവരെന്ന് കരുതുന്ന ജിഷയെപ്പോലെ ഒരു ദലിത് സ്ത്രീയാകുമ്പോള്‍ ആക്രമണത്തിന്‍െറആഘാതം വലുതാകും. അധികാരത്തിലെ തുല്യതയില്ലായ്മയാണ് ദലിതര്‍ കൂടൂതല്‍ ആക്രമണവിധേയരാകാന്‍ കാരണമെന്ന് ഡോ.ബി.ആര്‍. അംബേദ്കര്‍ പറയുന്നു. അധികാരത്തില്‍ മാത്രമല്ല സാമൂഹികസ്ഥാനത്തിലും (social position) ഭൂമി ഉള്‍പ്പെടെയുള്ള സമ്പത്തിലും പദവികളിലും സാമൂഹിക ജീവിതത്തില്‍തന്നെയും ഇനിയും തുല്യതയില്‍ എത്താന്‍ കഴിയാത്തവരാണ് കേരളത്തിലെ ദലിതരും ആദിവാസികളും. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ തടയുന്ന ഭരണകൂട നടപടികള്‍ക്കപ്പുറം സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിലും തുല്യനീതിയും തുല്യപൗരത്വവും ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ കൂടുതല്‍ ആക്രമണവിധേയരാകുന്ന വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാകൂ. സാമൂഹികനീതിയും ലിംഗനീതിയും ഒരുപോലെ സാധ്യമാകുന്ന ഒരു സാമൂഹിക സാഹചര്യവും അധികാരഘടനയും ഭരണ നിര്‍വഹണവും സാധ്യമാകേണ്ടതുണ്ട്. അതിനുള്ള ജനാധിപത്യ മുന്നേറ്റങ്ങളാണ് ജിഷയുടെ കൊലപാതകത്തിന്‍െറ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരേണ്ടത്.
____________________
(കടപ്പാട് : മാധ്യമം വീക്കിലി) 

Top