സി.കേശവനില്‍ നിന്നും വെള്ളപ്പള്ളി നടേശനിലേക്കുള്ള ദൂരം

കീഴാള ജനതകളുടെ രാഷ്ട്രീയ ലക്ഷ്യം സോഷ്യലിസമല്ല; ഒരു നവജനാധിപത്യ സമൂഹരൂപീകരണമാണ്. ഇതിന്നായി ശ്രീനാരായണ ദര്‍ശനമുള്‍ക്കൊണ്ട്, ഡോ.ബി.ആര്‍.അംബേദ്കറിന്റെ രാഷ്ട്രീയദര്‍ശനങ്ങളുടെ അടിത്തറയില്‍ എല്ലാ സാമൂഹ്യവിഭാഗങ്ങളേയും സ്വത്തുടമസ്ഥരും രാഷ്ട്രീയാധികാരത്തില്‍ പങ്കാളിത്തമുള്ളവരുമാക്കാന്‍, രാഷ്ട്രീയഭരണ ക്രമത്തിന്റെ പരിഷ്‌കരണം അനിവാര്യമായിരിക്കുകയാണ്. അതുകൊണ്ടാണ് ബഹുസ്വരതകളുടെ അഥവാ വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം സ്വീകാര്യമായിരിക്കുന്നത്. ഈ രാഷ്ട്രീയ സങ്കല്‍പ്പനത്തെ ഹിന്ദുത്വത്തിന്റേയും ബ്രാഹ്മണിസത്തിന്റേയും ഏകാത്മകതയിലേക്കും സവര്‍ണമേധാവിത്വത്തിന്റെ വംശീയതയിലേക്കും നയിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്ന സംഘപരിവാറിനെ പിന്തുണയ്ക്കുന്ന വെള്ളാപ്പള്ളി നടേശന്‍, വ്യവസ്ഥാപിത ജാതിനേതാക്കന്മാരുടെ പഴയ പാത തന്നെയാണ് പിന്തുടരുന്നത്. സി.കേശവന്റെ ചരിത്രാനുബവങ്ങളെ നിഷേധിക്കുന്ന ഈ പാത ഈഴവ സമുദായം തള്ളിക്കളയു മെന്നുറപ്പാണ്.

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിച്ച സമത്വമുന്നേറ്റ യാത്ര, കേരളത്തില്‍ നിലനില്ക്കുന്ന സാമുദായിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുക എന്നതിലുപരി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിലൂടെ സംഘപരിവാറിലേക്കുള്ള തീര്‍ത്ഥയാത്രയായാണ് മാറിയത്. യാത്രയിലൂടനീളം എന്‍.എന്‍.ഡി.പി പ്രസ്ഥാനത്തെ സ്ഥാപനവല്‍ക്കരിച്ചുകൊണ്ട് നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദുക്കളുടെ പ്രത്യയശാസ്ത്ര-സംഘടനാ നേതൃത്വം തങ്ങളാണെന്ന പൊതുബോധമാണ് സൃഷ്ടിച്ചത്. ഈ സാമുദായികാധീശത്വം ഇതര സമുദായങ്ങളെ അന്യവല്‍ക്കരിച്ചതിലൂടെയാണ് ബി.ഡി.ജെ.എസിന് ദലിതരടക്കമുള്ള ജനവിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെടുത്തിയത്. സാമുദായികരാഷ്ട്രീയത്തെ ചരിത്രപരമായും പ്രത്യയശാസ്ത്രവ്യക്തതയോടെയും ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ച ഒരു സമുദായ നേതാവിന്റെ പരാജയമാണിത്.

  • ചരിത്രപാഠം

കേരളത്തില്‍ സുദീര്‍ഘ കാലമായി നിലനില്ക്കുന്ന സാമുദായിക അസന്തുലിതാവസ്ഥയേയും വിവേചനങ്ങളേയും വസ്തുനിഷ്ഠമായി വായിക്കാന്‍ വിസമ്മതിക്കുന്ന വെള്ളാപ്പള്ളി നടേശന്‍, നായാടിമുതല്‍ നമ്പൂതിരിവരെയുള്ള ഹിന്ദുക്കളുടെ ഏകോപനത്തിനായി മുന്നോട്ടുവയ്ക്കുന്ന മാര്‍ഗ്ഗം ന്യൂനപക്ഷമതങ്ങ (ക്രിസ്ത്യന്‍, മുസ്ലീം) ക്കെതിരായ ശത്രുതയാണ്. സംഘപരിവാര്‍ പാളയത്തിലേക്കുള്ള ജനയാത്രയുടെ ഈ രാഷ്ട്രീയത്തെ ജാതി ഉന്മൂലനം എന്ന കൃതിയില്‍ ഡോ.ബി.ആര്‍ അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ”ഹിന്ദുമതം ഒരു മിഥ്യയാണ്. അത് ജാതികളുടെ സമാഹാരമാണ്. ശാഖോപശാഖകളായി പടര്‍ന്നു പന്തലിച്ച് കിടക്കുന്ന ജാതികള്‍ക്കും ഉപജാതികള്‍ക്കും ഒരു ഫെഡറേഷന്‍ രൂപീകരിക്കാന്‍പോലും സാദ്ധ്യമല്ല. ദൂരവ്യാപകമായിട്ടല്ലെങ്കിലും, താല്‍ക്കാലികമായി ഹിന്ദുഐക്യം സാദ്ധ്യമാകുന്നത് മുസ്ലീങ്ങള്‍ക്കെതിരായ കലാപങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ്”. ഇത്തരമൊരവസ്ഥയില്‍ ഹിന്ദുവിന്റെ സാമൂഹ്യമെന്നതിലുപരി, രാഷ്ട്രീയമായ ഏകോപനത്തിന് അനിവാര്യമായിട്ടുള്ളത് സ്ഥായിയായ മുസ്ലീം വിരോധമാണ്. ഈ പ്രത്യയശാസ്ത്ര പാഠവല്‍ക്കരണമുള്‍ക്കൊണ്ടാണ് 1925 ല്‍ ആര്‍.എസ്.എസ്. രൂപീകരിക്കപ്പെടുന്നത്. സംഘടന രൂപീകരിക്കപ്പെടുമ്പോള്‍ മലബാര്‍ കലാപത്തിന്റെ തീയണഞ്ഞിരുന്നെങ്കിലും, കലാപത്തില്‍ ഏകപക്ഷീയമായി ഹിന്ദുക്കള്‍ മുസ്ലീങ്ങളാല്‍ ആക്രമിയ്ക്കപ്പെട്ടുവെന്നാണ് ആര്‍.എസ്.എസ്. പ്രചരിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം പൊട്ടിപ്പുറപ്പെട്ട ഹിന്ദു-മുസ്ലിം ലഹളകളുടെയും പാക്കിസ്ഥാന്‍ രൂപീകരണത്തിന്റെയും ഉത്തരവാദിത്തം മുസ്ലീങ്ങളില്‍ അടിച്ചേല്‍പ്പിച്ചതിലൂടെയാണ് മുസ്ലീം വിരോധത്തെ ദേശീയമായി പരിവര്‍ത്തനപ്പെടുത്താന്‍ കഴിഞ്ഞത്. അതുകൊണ്ടാണ് എതിരാളികളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ സംഘപരിവാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, മുന്‍ചൊന്ന അവസ്ഥയെ നിഷേധിക്കുന്ന സാമുദായിക രാഷ്ട്രീയത്തെ മുന്നോട്ടുവക്കാന്‍ കേരളത്തിലെ ഈഴവ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.

________________________________
സംഘപരിവാര്‍ പാളയത്തിലേക്കുള്ള ജനയാത്രയുടെ ഈ രാഷ്ട്രീയത്തെ ജാതി ഉന്മൂലനം എന്ന കൃതിയില്‍ഡോ.ബി.ആര്‍ അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ”ഹിന്ദുമതം ഒരു മിഥ്യയാണ്. അത് ജാതികളുടെ സമാഹാരമാണ്. ശാഖോപശാഖകളായി പടര്‍ന്നു പന്തലിച്ച് കിടക്കുന്ന ജാതികള്‍ക്കും ഉപജാതികള്‍ക്കും ഒരു ഫെഡറേഷന്‍ രൂപീകരിക്കാന്‍പോലും സാദ്ധ്യമല്ല. ദൂരവ്യാപകമായിട്ടല്ലെങ്കിലും, താല്‍ക്കാലികമായി ഹിന്ദുഐക്യം സാദ്ധ്യമാകുന്നത് മുസ്ലീങ്ങള്‍ക്കെതിരായ കലാപങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ്”. ഇത്തരമൊരവസ്ഥയില്‍ ഹിന്ദുവിന്റെ സാമൂഹ്യമെന്നതിലുപരി, രാഷ്ട്രീയമായ ഏകോപനത്തിന് അനിവാര്യമായിട്ടുള്ളത് സ്ഥായിയായ മുസ്ലീം വിരോധമാണ്. ഈ പ്രത്യയശാസ്ത്ര പാഠവല്‍ക്കരണമുള്‍ക്കൊണ്ടാണ് 1925 ല്‍ ആര്‍.എസ്.എസ്. രൂപീകരിക്കപ്പെടുന്നത്. സംഘടന രൂപീകരിക്കപ്പെടുമ്പോള്‍ മലബാര്‍ കലാപത്തിന്റെ തീയണഞ്ഞിരുന്നെങ്കിലും, കലാപത്തില്‍ ഏകപക്ഷീയമായി ഹിന്ദുക്കള്‍ മുസ്ലീങ്ങളാല്‍ ആക്രമിയ്ക്കപ്പെട്ടുവെന്നാണ് ആര്‍.എസ്.എസ്. പ്രചരിപ്പിച്ചത്.
________________________________ 

1932 ല്‍ നിവര്‍ത്തന പ്രക്ഷോഭണത്തിനാരംഭംകുറിച്ച സി.കേശവന്റെ അനുഭവത്തെ വെള്ളാപ്പള്ളി നടേശന്‍ ”ജാതിയുടെ രാഷ്ട്രീയം” (മെലിന്‍ഡ ബുക്‌സ് 2005) എന്ന ലേഖന സമാഹാരത്തില്‍ വിവരിക്കുന്നുണ്ട്. കൊല്ലത്ത് അഭിഭാഷകനായിരുന്നപ്പോള്‍, കേശവന്റെ ഉറ്റ സുഹൃത്തുക്കള്‍ ഇ.വി. കൃഷ്ണപിള്ള, കോട്ടൂര്‍ കൃഷ്ണപിള്ള, കെ.ജി. പരമേശ്വരന്‍ നായര്‍ എന്നി നായര്‍ പ്രമാണിമാരായിരുന്നു. ഇക്കാലത്താണ് തിരുവിതാംകൂറില്‍ ഭരണപരിഷ്‌കാരം പ്രഖ്യാപിക്കപ്പെട്ടത്. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും, നാളതുവരെ ഈഴവ സമുദായത്തിന് തെരഞ്ഞെടുപ്പിലൂടെ ഒരാളെപ്പോലും നിയമസഭയിലേക്ക് അയയ്ക്കാര്‍ കഴിഞ്ഞിരുന്നില്ല. കുമാരനാശാനേയും എന്‍. കുമാരനേയുംപോലുള്ള നേതാക്കന്മാര്‍ പരാജയപ്പെടുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഈഴവനായ പ്രതിനിധിക്ക് കൊല്ലത്ത് വിജയാസാധ്യതയുള്ള മൂന്ന് സീറ്റുകളില്‍ ഒന്നുവേണമെന്ന് സി.കേശവന്‍ നായര്‍ സുഹൃത്തുക്കളോടാവശ്യപ്പെടുന്നത്. മുന്‍തെരഞ്ഞെടുപ്പുകളില്‍ ഈഴവരുടെ പിന്തുണയോടെയാണ് നായന്മാര്‍ വിജയിച്ചിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം വിസ്മരിച്ച് കോട്ടൂര്‍ കൃഷ്ണപിള്ള പറഞ്ഞു. ഞാന്‍ പിന്നെ എവിടെ മത്സരിക്കും? അവഗണനയും വിവേചനവും ജാതീയാധീശത്വവും മുറ്റി നിന്ന് ഈ ചോദ്യമാണ് കേശവനെ പുതിയൊരു രാഷ്ട്രീയ വഴി തേടാന്‍ പ്രേരണയായത്.
തുടര്‍ന്നുള്ള സംഭവങ്ങള്‍ വെള്ളാപ്പള്ളി നടേഷന്‍ വിവരിക്കുന്നു. കൊല്ലം നിയോജകമണ്ഡലം തന്റെ അട്ടിപ്പേറാണെന്ന മട്ടിലും മുന്‍ തെരഞ്ഞെടുപ്പുകളില്‍ കോട്ടൂരിനെ വിജയിപ്പിക്കാന്‍ കേശവനും കൂട്ടരും ചെയ്തിട്ടുള്ള വിലപ്പെട്ട സഹായങ്ങളെ മറന്നുകൊണ്ടുമുള്ള ഈ ചോദ്യമാണ് കേശവന്റെയെന്നല്ല, തിരുവിതാംകൂറിന്റെ ചരിത്രം തിരുത്തിക്കുറിച്ചത്. കേശവന്റെ വാക്കുകള്‍ തന്നെയാവട്ടെ, ”എന്റെ സഹനശക്തി നിശ്ശേഷം അവസാനിച്ചു. എന്റെ രക്തം വല്ലാതെ തിളച്ചു. ഒരു ഈര്‍ഷ്യയും അവജ്ഞയും പരിഹാസവും കോട്ടൂരിന്റെ ചോദ്യത്തില്‍ തുളുമ്പി നിന്നപോലെ എനിക്കുതോന്നി. ആ നിമിഷത്തിന്റെ ഭ്രാന്തില്‍ ഞാന്‍ പറഞ്ഞു. നിങ്ങള്‍ കടലിലോ ആകാശത്തിലോ നില്ക്കണം എനിക്ക് ഒരു സീറ്റല്ല, ഈഴവന് ഒരു സീറ്റാണ് വേണ്ടത്”. ഇതോടൊപ്പം, ഇവരെ വിശ്വസിച്ചിട്ടു കാര്യമില്ല. നമുക്ക് ഒരു സീറ്റ് കിട്ടുമോ എന്ന് കൂടെയുണ്ടായിരുന്ന കെ.സി. കുഞ്ഞുരാമനും വിളിച്ചു പറഞ്ഞതോടെ ഇരുവരും അവിടെ നിന്ന് ഇറങ്ങിയതും ഒപ്പമായിരുന്നു.
കേശവന്റെ അന്തക്ഷോഭം അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെയാവട്ടെ. ”അന്നുണ്ടായ എന്റെ രക്തതിളപ്പ് നിവര്‍ത്തന പ്രക്ഷോഭം അവസാനിക്കുന്നതുവരെ, എന്റെ ലക്ഷ്യപ്രാപ്തിവരെ അവസാനിച്ചില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു അന്നു രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. വിവിധ ചിന്തകള്‍ എന്നെ മഥിച്ചുകൊണ്ടിരുന്നു. ഈഴവന് ഈ രാജ്യത്ത് രാഷ്ട്രീയമായ ഒരു സ്ഥാനമുണ്ടോ എന്നറിയണം എന്ന് ഞാനുറച്ചു. ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ച എന്റെ നായര്‍ സുഹൃത്തുക്കള്‍ അവരുടെ തനിരൂപം എന്നെ കാട്ടിയിരിക്കുന്നു. ഈ വിദ്വേഷം നായര്‍ പ്രമാണികളോടും ദുര്‍ബ്ബല സമുദായങ്ങളുടെ അവകാശങ്ങള്‍ കൈയ്യടക്കി അവരെ അടിമകളാക്കി വിട്ട നായര്‍ സമുദായതതോടും ആ സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിച്ച സര്‍ക്കാരിനോടും രാജവാഴ്ചയോടും എനിക്കുളവായി. ഒരു രാത്രികൊണ്ട് എന്റെ ജീവിത ലാളിത്യങ്ങളെല്ലാം ഒടുങ്ങി. സി.കേശവന്‍ എഴുപത് വര്‍ഷം മുമ്പുന്നയിച്ച ചോദ്യം ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനായെന്നവകാശപ്പെടുന്ന വെള്ളാപ്പള്ളി നടേശന്‍, അദ്ദേഹത്തിന്റെ നിയോഗത്തെ ചരിത്രപരമായാണോ കാണുന്നത്?

  • സാമുദായികാവസ്ഥ അന്നും ഇന്നും

മുകളില്‍ കൊടുത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരം തേടേണ്ടത് സി.കേശവന്‍ അതിജീവിച്ച കാലത്തിന്റേയും ദേശത്തിന്റേയും തിരിച്ചറിവിലൂടെയായിരിക്കണം. തിരുവിതാംകൂറിലെ ഭരണക്രമത്തിന് കീഴില്‍ നിലനിന്നത് സമാനതകളില്ലാത്ത സാമുദായികമായ അസന്തുലിതാവസ്ഥയായിരുന്നു. ഇതിന്നാധാരമായത് ജാതീയവും മതപരവുമായ വിവേചനങ്ങളായിരുന്നു. തന്മൂലം, 1932 ലെ ഭരണപരിഷ്‌കരണങ്ങളിലൂടെ ജനസംഖ്യാനുപാതികമായി ലഭിക്കുമായിരുന്നതിലും കുറഞ്ഞ സ്ഥാനങ്ങള്‍ മാത്രമാണ് ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം പ്രതിനിധികള്‍ക്ക് ലഭിച്ചിരുന്നത്. അതേ സമയം നായര്‍സമുദായത്തിന്നാകട്ടെ അര്‍ഹതപ്പെട്ടതിലും അധികം സ്ഥാനങ്ങളാണുണ്ടായിരുന്നത്. ഇപ്രകാരമൊരു തിരിച്ചറിവില്‍, ഭരണ നിര്‍വ്വഹണത്തില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിനുവേണ്ടി വാദിക്കുകമാത്രമല്ല, അവഗണിത സമുദായങ്ങളുടെ മുന്നണിയായ സംയുക്തരാഷ്ട്രീയ മുന്നണി രൂപീകരിച്ച് നിവര്‍ത്തനപ്രക്ഷോഭണത്തിന് നേതൃത്വം കൊടുക്കുകയാണ് സി.കേശവന്‍ ചെയ്തത്. ഫലമോ, സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഈഴവ, മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുക മാത്രമല്ല, 1937 ല്‍ പരിഷ്‌ക്കരിച്ച നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സംയുക്ത രാഷ്ട്രീയ മുന്നണിയുടെ പ്രതിനിധികള്‍ വിജയിക്കുകയും ചെയ്തു.

___________________________________
അന്തരാള വിഭാഗങ്ങളായ ലത്തീന്‍ ക്രിസ്ത്യാനികള്‍, ദലിത് ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പരിമിതമായ അവകാശങ്ങള്‍ പോലും ലഭിക്കുന്നില്ല. മുസ്ലീങ്ങളില്‍ തങ്ങള്‍മാരടക്കമുള്ള ഉന്നതകുലജാതര്‍ക്ക് അപ്പത്തിന്റെ വലിയ പങ്ക് ലഭിക്കുമ്പോള്‍, കീഴാളരാക്കപ്പെട്ട നിരവധി മുസ്ലിം വിഭാഗങ്ങള്‍ക്ക് നാമമാത്രമായ അവകാശങ്ങള്‍ പോലുമില്ല. ഇനി ഹിന്ദുക്കളുടെ സ്ഥിതി പരിശോധിച്ചാലോ? ശാഖോപശാഖകളായി പടര്‍ന്നു കിടക്കുന്ന മുന്നോക്ക സമുദായത്തിന്റെ വിഭവ-അധികാരം നായന്മാരില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍, ബ്രാഹ്മണരുള്‍പ്പെടുന്ന മുന്നോക്കക്കാര്‍ പോലും പുറമ്പോക്കുകളാണ്. പിന്നാക്ക സമുദായങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളുടെ ഏറിയപങ്കും ഈഴവര്‍ കയ്യടക്കുമ്പോള്‍, ഇതേ ശ്രേണിയിലുള്ള വിശ്വകര്‍മ്മജര്‍, നാടാന്മാര്‍, ധീവരര്‍ എന്നിങ്ങനെയുള്ള അനേകം വിഭാഗങ്ങള്‍ തലയുയര്‍ത്തി നില്ക്കാന്‍ ആകാശമോ, കാലുറപ്പച്ചു നില്‍ക്കാന്‍ ഭൂമിയോ ഉള്ളവരല്ല. ദലിതരിലെ പുലയരും സാംബവരും താരതമ്യേന മെച്ചപ്പെട്ട നിലയിലാണുള്ളതെങ്കില്‍, സിദ്ധനരടക്കമുള്ളവര്‍ പിന്നിലാണ.് ആദിവാസികളിലാവട്ടെ, കുറിച്യരും കുറുമരും മുന്നിട്ടുനില്ക്കുമ്പോള്‍ പണിയരും അടിയാന്മാരും ബഹുദൂരം പിന്നിലാണ്.
___________________________________ 

നിവര്‍ത്ത പ്രക്ഷോഭണം മുകളില്‍ കൊടുത്തിരിക്കുന്ന ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല. അത് ചരിത്രപരമായി മാറിയത്, പഴയ ഭരണക്രമത്തെ ഉടച്ചുവാര്‍ക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചതിലൂടെയാണ്. ഈ ലക്ഷ്യം കൈവരിക്കാനാണ് ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള വാദം ഉയര്‍ത്തിയത്. തുടര്‍ന്നാണ് 1938 ഫെബ്രുവരിയില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് എന്ന സംഘടന രൂപീകരിക്കപ്പെടുന്നത്. പട്ടം താണുപിള്ള പ്രഥമ അദ്ധ്യക്ഷനായ സംഘടനയുടെ പ്രമുഖ നേതാക്കളായിരുന്ന സി.കേശവന്‍, ടി.എം. വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ഈ കാലഘട്ടത്തിലുനീളം നടന്ന പ്രക്ഷോഭങ്ങളിലൂടെയാണ് ജനാധിപത്യഭരണക്രമത്തില്‍ സാമുദായിക രാഷ്ട്രീയം ഇടം കണ്ടെത്തുന്നത്.
സാമുദായിക രാഷ്ട്രീയത്തെ പുനര്‍വായിക്കുന്ന വെള്ളാപ്പള്ളി നടേശന്‍, സമകാലീന സാമുദായിക സ്ഥിതികളെ വസ്തുനിഷ്ഠമായാണോ വിലയിരുത്തുന്നത്? സി.കേശവന്റെ കാലത്തെ സാമുദായികാവസ്ഥയല്ലഇന്നുള്ളത്. പല സാമുദായിക വിഭാഗങ്ങളും ഇന്നു വിഭവ-രാഷ്ട്രീയ മേധവിത്വമുള്ള അധീശത്വ ശക്തികളായി മാറിയിട്ടുണ്ട്. അതേ സമയം, വിവിധ സമുദായങ്ങള്‍ നിലനിര്‍ത്തിയിരിക്കുന്ന ആന്തരികവൈരുദ്ധ്യങ്ങളും അന്തരാള വിഭാഗങ്ങളിലൂടെ നിലനിര്‍ത്തിയിരിക്കുന്ന അസന്തുലിതാവസ്ഥയുമാണ് വര്‍ത്തമാനകാല സാമുദായിക പ്രശ്‌നമായി മാറിയിരിക്കുന്നത്. പിന്നാക്ക-ദലിത് വിഭാഗങ്ങളുള്‍ക്കൊള്ളുന്ന ഹിന്ദുക്കളുടെ അവശതകള്‍ക്കടിസ്ഥാനമായി വെള്ളാപ്പള്ളി നടേശന്‍ പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുന്ന ക്രൈസ്തവ സമുദായത്തില്‍, സവര്‍ണരായ സുറിയാനി ക്രിസ്ത്യാനികള്‍ സമ്പത്തും അധികാരവും കൈയ്യടക്കിയിരിക്കുന്ന വരേണ്യരാണ്. അന്തരാള വിഭാഗങ്ങളായ ലത്തീന്‍ ക്രിസ്ത്യാനികള്‍, ദലിത് ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പരിമിതമായ അവകാശങ്ങള്‍ പോലും ലഭിക്കുന്നില്ല. മുസ്ലീങ്ങളില്‍ തങ്ങള്‍മാരടക്കമുള്ള ഉന്നതകുലജാതര്‍ക്ക് അപ്പത്തിന്റെ വലിയ പങ്ക് ലഭിക്കുമ്പോള്‍, കീഴാളരാക്കപ്പെട്ട നിരവധി മുസ്ലിം വിഭാഗങ്ങള്‍ക്ക് നാമമാത്രമായ അവകാശങ്ങള്‍ പോലുമില്ല. ഇനി ഹിന്ദുക്കളുടെ സ്ഥിതി പരിശോധിച്ചാലോ? ശാഖോപശാഖകളായി പടര്‍ന്നു കിടക്കുന്ന മുന്നോക്ക സമുദായത്തിന്റെ വിഭവ-അധികാരം നായന്മാരില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍, ബ്രാഹ്മണരുള്‍പ്പെടുന്ന മുന്നോക്കക്കാര്‍ പോലും പുറമ്പോക്കുകളാണ്. പിന്നാക്ക സമുദായങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളുടെ ഏറിയപങ്കും ഈഴവര്‍ കയ്യടക്കുമ്പോള്‍, ഇതേ ശ്രേണിയിലുള്ള വിശ്വകര്‍മ്മജര്‍, നാടാന്മാര്‍, ധീവരര്‍ എന്നിങ്ങനെയുള്ള അനേകം വിഭാഗങ്ങള്‍ തലയുയര്‍ത്തി നില്ക്കാന്‍ ആകാശമോ, കാലുറപ്പച്ചു നില്‍ക്കാന്‍ ഭൂമിയോ ഉള്ളവരല്ല. ദലിതരിലെ പുലയരും സാംബവരും താരതമ്യേന മെച്ചപ്പെട്ട നിലയിലാണുള്ളതെങ്കില്‍, സിദ്ധനരടക്കമുള്ളവര്‍ പിന്നിലാണ.് ആദിവാസികളിലാവട്ടെ, കുറിച്യരും കുറുമരും മുന്നിട്ടുനില്ക്കുമ്പോള്‍ പണിയരും അടിയാന്മാരും ബഹുദൂരം പിന്നിലാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം; മുകളില്‍കൊടുത്തിരിക്കുന്ന മത-സാമുദായിക വിഭാഗങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളാണ്. ഒരു വികസിത സമൂഹത്തിനനുയോജ്യമല്ലാത്ത അനുഷ്ഠാനങ്ങള്‍ പുലര്‍ത്താനും, രാഷ്ട്രീയാവകാശങ്ങളില്‍നിന്നും ബഹിഷ്‌കൃതരാകാനും അവര്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണ്. അനര്‍ഹമായ സമ്പത്തും അധികാരവും കൈയ്യാളുന്ന മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് ഭരണക്രമത്തില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, നാമമാത്രമായ പ്രാതിനിധ്യംപോലും ലഭിക്കുന്നില്ലെന്നുള്ളതാണ് വസ്തുത. ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കാതെയുള്ള സാമുദായിക രാഷ്ട്രീയം ഒരു വശത്ത് സവര്‍ണാധിപത്യവും, മറുവശത്ത് പുരുഷാധിപത്യവുമായിരിക്കുമെന്ന് വ്യക്തമാണ്.

  • സാമുദായികസമത്വം

ഇന്ന്; എല്ലാ മത-സാമുദായിക വിഭാഗങ്ങളും മത-സാമുദായിക സംഘടനകളുടെ പിന്‍ബലമില്ലാതെ ഏറ്റക്കുറച്ചിലുകളോടെ ഭരണ ക്രമത്തില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. ക്രൈസ്തവ-മുസ്ലിം സമുദായങ്ങള്‍ യു.ഡി.എഫിലൂടെയും, ഹൈന്ദവ സമുദായങ്ങള്‍ എല്‍.ഡി.എഫിലൂടെയുമാണ് പ്രാതിനിധ്യം നേടിയിരിക്കുന്നത്. ഇരുമുന്നണികളുടെയും ഘടനാപരമായ സ്വഭാവം ഏറെക്കുറെ ഒന്നായിരിക്കുന്നതിനാല്‍, കേവലം അനുഭവവാദപരമായ പ്രശ്‌നങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് സമുദായങ്ങളെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് യു.ഡി.എഫിലോ എല്‍.ഡി.എഫിലോ നിലയുറപ്പിക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ടാണ് മത-സാമുദായിക സംഘടനകള്‍ മുന്നണികളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മാറ്റങ്ങള്‍ വരുത്താതിരിക്കുന്നത്. വര്‍ത്തമാനകാല സാമുദായിക രാഷ്ട്രീയം അഭിമുഖീകരിക്കുന്ന ഈ ലക്ഷ്മണരേഖ മുറിച്ചു കടക്കാന്‍, നിലവിലുള്ള രാഷ്ട്രീയഭരണക്രമത്തിനുള്ളില്‍ എല്ലാ സമുദായങ്ങള്‍ക്കും അവയുടെ അന്തരാള വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം കാട്ടുന്ന വിധത്തിലുള്ള ഭരണ പരിഷ്‌ക്കാരത്തിനായുള്ള പ്രക്ഷോഭണങ്ങളാണ് ഉയര്‍ന്നുവരേണ്ടത്. ഇത്തരം കാഴ്ചപ്പാടുകളില്ലാതെ രൂപംകൊണ്ട സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങല്‍ അപമൃത്യുവരിച്ചതിനുള്ള കാരണവും മറ്റൊന്നല്ല.
സാമുദായിക രാഷ്ട്രീയത്തിന്റെ അവതാര പുരുഷനായ വെള്ളാപ്പള്ളി നടേശന് എവിടെയാണ് വഴി തെറ്റിയത്? നവോത്ഥാന കാലതതുയര്‍ന്നുവന്ന സമുദായ സമത്വമെന്ന സങ്കല്‍പ്പനത്തെ സമകാലീനമാക്കാതെയും, ഭരണപരിഷ്‌കാരങ്ങളെ നിഷേധിച്ചും, നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരുെടെ ഹൈന്ദവമായ ഏകീകരണം മതന്യൂനപക്ഷ വിരോധം കൊണ്ട് സാദ്ധ്യമാണെന്ന വിചാരം ഏതായാലും സി.കെ കേശ വന്റെയോ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയല്ല ഇത്. സംഘപരിവാറിന് സ്വീകാര്യമായിരിക്കുമ്പോള്‍ ഈഴവ സമുദായത്തിലെ സമുന്നത വ്യക്തിത്വങ്ങളായ സഹോദരനയ്യപ്പനെപ്പോലുള്ള സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍, സമുദായ സമത്വത്തെ നിര്‍വ്വചിച്ചത്. ഉയര്‍ച്ച താഴ്ചകളില്ലാതെ എല്ലാ സമുദായങ്ങള്‍ക്കും തുല്യാവകാശവും അവസരസമത്വവുമുണ്ടായിരിക്കണമെന്നാണ്. ഈ ആവശ്യത്തെ വീണ്ടെടുത്താല്‍ ഈഴവര്‍ ഇപ്പോള്‍ കൈയ്യടക്കിയിരിക്കുന്ന അനര്‍ഹമായ അവകാശങ്ങളും സംഘപരിവാറിന്റെ നട്ടെല്ലായ സവര്‍ണ സമുദായങ്ങളുടെ അനര്‍ഹമായ പ്രാതിനിധ്യങ്ങളും കൈയ്യൊഴിക്കേണ്ടിവരും. ചുരുക്കത്തില്‍ സ്വന്തം സമുദായത്തിലേയും ഹൈന്ദവ സമൂഹത്തിലെ സവര്‍ണരുടെയും നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ രക്ഷാപുരുഷനെന്ന സ്ഥാനമാണ് വെള്ളാപ്പള്ളി നടേശനെ സംഘപരിവാറിന്റെ ഉറ്റ തോഴനാക്കയിരിക്കുന്നത്.

  • പ്രത്യയശാസ്ത്രം

ഈഴവ നേതാവ് എന്ന സി.കേശവന്റെ പ്രതിനിധാനത്തില്‍ നിന്നും ഭിന്നമായി, ഉറപ്പിച്ചു കൊണ്ട് ഹിന്ദു നേതാവായി വെള്ളാപ്പള്ളി നടേശന്‍ മാറിയിട്ടുണ്ട്. ഈ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം ശ്രീനാരായണ ദര്‍ശനമാണെന്നവകാശപ്പെട്ടുകൊണ്ടദ്ദേഹം എഴുതുന്നു. ഹിന്ദുമതം ദുഷിച്ചുനാറിയ കാലം. ചാതുര്‍വര്‍ണ്യവ്യവസ്ഥ, മതദ്രോഹ വിചാരകന്റെ വേഷത്തില്‍ പൂണൂലിടുന്നു. മതവും ജാതിയും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കുവച്ചകാലം. ഈ കഷ്ടകാലത്തിനെതിരെ ഉയര്‍ന്ന കാലാവര്‍ത്തിയായ ശബ്ദമായിരുന്നു ശ്രീനാരായണഗുരുദേവന്‍. അദ്ദേഹം ദൈവത്തെ നിഷേധിച്ചില്ല, മതത്തെ നിഷേധിച്ചില്ല, ജാതിയേയും നിഷേധിച്ചില്ല. മറിച്ച് ജാതികളും മതങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച ഭരണ വ്യവസ്ഥയെ നിഷേധിച്ചു.” (ജാതിയുടെ രാഷ്ട്രീയം) ശ്രീനാരായണചിന്തകള്‍ക്ക് സാമൂഹ്യവിഭജനങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയുമെന്നതിനപ്പുറം, പുതുകാല രാഷ്ട്രീയവല്‍ക്കരണത്തിനടിത്തറയാനാവില്ലെന്ന തിരിച്ചറിവിലാണ് സാമൂഹ്യസമത്വം കൈവരിക്കുന്നതിനായി സഹോദരന്‍ അയ്യപ്പനും, ‘സ്വതന്ത്ര സമുദായം’ എന്ന പുസ്തകമെഴുതിയ മാധവനും റഷ്യന്‍ വിപ്ലവത്തേയും സോഷ്യലിസത്തേയും ഉയര്‍ത്തിപ്പിടിപ്പിച്ചത്. ഈ പ്രത്യയശാസ്ത്രത്തെ ഈഴവ സമുദായം ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നത് ചരിത്രം. ഇക്കാര്യം വെള്ളാപ്പള്ളി നടേശന്റെ വാക്കുകളില്‍ ”കേരളത്തില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ വിയര്‍പ്പുചോരയും കണ്ണീരും ജീവനും നല്‍കി വളര്‍ത്തിയത് ഈഴവരാണ്. ഈഴവരെന്ന് ഇവിടെ പറയുന്നത് പിന്നോക്കവിഭാഗങ്ങളേയും ദളിതരേയും ഉള്‍പ്പെടുത്തിയാണ്” (അതേ കൃതി)
ഇന്നാകട്ടെ, ചരിത്രം ഗതി മാറി ഒഴുകുകയാണ്. തന്മൂലം, മുമ്പെന്നപോലെ കീഴാള ജനതകളുടെ രാഷ്ട്രീയ ലക്ഷ്യം സോഷ്യലിസമല്ല; ഒരു നവജനാധിപത്യ സമൂഹരൂപീകരണമാണ്. ഇതിന്നായി ശ്രീനാരായണ ദര്‍ശനമുള്‍ക്കൊണ്ട്, ഡോ.ബി.ആര്‍.അംബേദ്കറിന്റെ രാഷ്ട്രീയദര്‍ശനങ്ങളുടെ അടിത്തറയില്‍ എല്ലാ സാമൂഹ്യവിഭാഗങ്ങളേയും സ്വത്തുടമസ്ഥരും രാഷ്ട്രീയാധികാരത്തില്‍ പങ്കാളിത്തമുള്ളവരുമാക്കാന്‍, രാഷ്ട്രീയഭരണ ക്രമത്തിന്റെ പരിഷ്‌കരണം അനിവാര്യമായിരിക്കുകയാണ്. അതുകൊണ്ടാണ് ബഹുസ്വരതകളുടെ അഥവാ വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം സ്വീകാര്യമായിരിക്കുന്നത്. ഈ രാഷ്ട്രീയ സങ്കല്‍പ്പനത്തെ ഹിന്ദുത്വത്തിന്റേയും ബ്രാഹ്മണിസത്തിന്റേയും ഏകാത്മകതയിലേക്കും സവര്‍ണമേധാവിത്വത്തിന്റെ വംശീയതയിലേക്കും നയിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്ന സംഘപരിവാറിനെ പിന്തുണയ്ക്കുന്ന വെള്ളാപ്പള്ളി നടേശന്‍, വ്യവസ്ഥാപിത ജാതിനേതാക്കന്മാരുടെ പഴയ പാത തന്നെയാണ് പിന്തുടരുന്നത്. സി.കേശവന്റെ ചരിത്രാനുബവങ്ങളെ നിഷേധിക്കുന്ന ഈ പാത ഈഴവ സമുദായം തള്ളിക്കളയുമെന്നുറപ്പാണ്.
___________________

Top