ശതകോടീശ്വരന്മാരെ തോല്പിക്കാന്‍ ജനങ്ങള്‍ക്കു കഴിയും

അധികം വോട്ടില്ലാത്ത, പോളിങ്ങ് ദിനത്തില്‍ വോട്ട് ചെയ്യാന്‍ പോലും പോകാത്ത ധനികരോട് ബി.എസ്.പി ഇതര പാര്‍ട്ടികള്‍ക്ക് ഇത്ര വലിയ കൂറ് എന്താണ്? ഈ കാണാവുന്ന വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ക്കു വോട്ട് ചെയ്ത് അധികാരത്തിലേറ്റി കൊണ്ടിരിക്കുന്നപാവപ്പെട്ടവരെ എന്തുകൊണ്ടാണ് അവര്‍ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്? ഏതു പാര്‍ട്ടി ഭരിച്ചാലും ധനികര്‍ക്ക് ആഹ്ലാദിക്കാനുള്ള സകലതും കിട്ടുന്നത് എന്തുകൊണ്ടാണ്? ഇന്‍ഡ്യക്കാരാവുക, ഇന്‍ഡ്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് ഇന്‍ഡ്യക്കാരില്‍ ദേശാഭിമാനം ഉണര്‍ത്തി സ്വാതന്ത്ര്യം നേടാന്‍ മാത്രം ഉദ്ദേശിച്ചായിരുന്നില്ല. മറിച്ച് , ഇത്തരം ബിസിനസ് സംഘങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വലിയൊരു വിപണി ഉണ്ടാക്കാന്‍ കൂടിയായിരുന്നു. വന്‍കിട ബിസിനസുകള്‍ ചെയ്യാന്‍ ബനിയകളെയും മാര്‍മാഡികളെയും ബ്രിട്ടീഷു സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. അതു കൊണ്ട് സ്വതന്ത്രമായ വലിയ വിപണി നേടിയെടുക്കാന്‍ വേണ്ടി, ബനിയ തന്നെയായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസി നെ അവര്‍ പിന്തുണച്ചു. സ്വാതന്ത്ര്യത്തിനു മുന്‍പേ ആരംഭിച്ച ആ പ്രവണത ഇന്നും തുടരുകയാണവര്‍

ബ്രീട്ടീഷുകാര്‍ പോയപ്പോള്‍ ഇഡ്യയിലെ പീഡിത ജനത പ്രതീക്ഷിച്ചത്, സ്വതന്ത്രഭാരതത്തില്‍ ദാരിദ്ര്യത്തില്‍നിന്നും അവമാനത്തില്‍ നിന്നും തങ്ങള്‍ മോചിതരാകും എന്നാണ്. വോട്ടമകാശം എന്ന ആയുധം കൈയിലുള്ളതുകൊണ്ട് തങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന പാര്‍ട്ടിയെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കു കഴിയുമെന്നായിരുന്നു ഭരണഘടനാ നിര്‍മാതാക്കള്‍ വിശ്വസിച്ചിരുന്നത്.എന്നാല്‍ 1947 മുതല്‍ എന്താണിവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
തങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നു കരുതി കോണ്‍ഗ്രസ്സിനെയും ബി.ജെ.പി.യേയും മറ്റും മാറിമാറി വോട്ടു ചെയ്തു ജയിപ്പിക്കുകയായിരുന്നു ദരിദ്രഭൂരിപക്ഷം. പാര്‍ട്ടികള്‍ മാറി മാറി അധികാരത്തില്‍ വരുന്നുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷം കഴിഞ്ഞിട്ടും പാവപ്പെട്ടവരുടെ ജീവിതം മാറിയിട്ടില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയപ്പോള്‍, ദാരിദ്ര്യം, നിരക്ഷരത, തൊഴിലില്ലായ്മ, അഴിമതി, കുംഭകോണങ്ങള്‍, ആരോപണങ്ങള്‍, വിലക്കയറ്റം മുതലായ എല്ലാ തിന്മകള്‍ക്കും കോണ്‍ഗ്രസ് സര്‍ക്കാരിനെയാണ് പഴിച്ചിരുന്നത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇപ്പറഞ്ഞ എല്ലാ തിന്മകളും നിര്‍മാര്‍ജനം ചെയ്യുമെന്നും അവര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അഭൂതപൂര്‍വമായ സമ്മതി നല്‍കി തങ്ങളെ അധികാരത്തിലേറ്റിയ ദരിദ്ര ഭൂരിപക്ഷത്തിന് കന്നിബജറ്റിലൂടെ എന്താണു ബി.ജെ.പി നല്‍കിയത്? കോണ്‍ഗ്രസ് ബജറ്റിന്റെ ചുണ്ടുകളിലൊരു കാവിനിറം എന്നാണ് ബി.ജെ.പി സര്‍ക്കാരിന്റെ ബജറ്റ് വിശേഷിപ്പിക്കപ്പെടുന്നത് തന്നെ. യു.പി.എ യുടെ നയങ്ങളുടെ തുടര്‍ച്ച മാത്രമല്ലാതെ, ബി.ജെ.പിയുടെ ബജറ്റില്‍ പുതുതായൊന്നുമില്ലെന്നു യു.പി.എ ചെയര്‍ പേഴ്‌സന്‍ സോണിയാ ഗാന്ധിയും മുന്‍ധനമന്ത്രി ചിദംബരവും സമ്മതിക്കയുണ്ടായി. സത്യസന്ധരായ ബുദ്ധിജീവികള്‍ക്കും ഈ ബജറ്റില്‍, മുന്‍ബജറ്റുകളില്‍ നിന്ന് വ്യത്യസ്തമായി കാതലായ ഒരു മാറ്റവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ്സില്‍ നിന്നു വ്യത്യസ്തരാണെന്നു പറയുന്ന ബി.ജെ.പി സര്‍ക്കാരും തങ്ങളുടെ ബദ്ധവൈരികളുടെ നയങ്ങളില്‍ നിന്നി വൃതിചലിക്കുന്നില്ല എന്നതിന്റെ സൂചനയാണിത്. സര്‍ക്കാര്‍ മാറിയിട്ടുണ്ട് എന്നാല്‍ ഭരണം അതേ പടിതന്നെയാണ്. തൊഴിലില്ലായ്മ അവസാനിപ്പിക്കാനായി ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കുതിച്ചുയരുന്ന വിലക്കയറ്റം താഴേക്കു കൊണ്ടുവരുമെന്നും ബി.ജി.പി യുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനുള്ള ഒരു കര്‍മപരിപാടിയും ”ധനമന്ത്രി അവതരിപ്പിച്ചിട്ടില്ല. ദാരിദ്ര്യവും വിശപ്പും അവസാനിപ്പിക്കാനായി അദ്ദേഹത്തിന് ഒരു പരിപാടിയും ഇല്ല. എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കുന്നതിനെപ്പറ്റിയോ പാവങ്ങള്‍ക്കു സൗജന്യചികത്സയെപ്പറ്റിയോ ഒരു പരാമര്‍ശവുമില്ല. അതിനെക്കാളൊക്കെ വഷളായിട്ടുള്ളത്, ഗ്രാമീണ ഭാരതത്തില്‍ അക്രമാസക്തമായ ഫ്യൂഡലിസം വീണ്ടും കൊണ്ടുവരാനുള്ള ഒരു പദ്ധതി ഈ ബജറ്റില്‍ അന്തര്‍ലീനമായിട്ടുണ്ടെന്നതാണ്. പാവപ്പെട്ടവരോട് അനുകൂല നിലപാടുള്ള നിരവധി സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഇക്കാര്യം ചൂണ്ടികാണിച്ചിട്ടുണ്ട്. 5,75,000 കോടി മൊത്തം വകയിരുത്തിയതില്‍ ഒരുറുപ്പികപ്പോലും ഭൂരഹിത തൊഴിലാളികളുടെയും നിര്‍മ്മാണ തൊഴിലാളികളുടെയും ആഭ്യന്തര കുടിയേറ്റക്കാരുടെയും ( ഇവരെല്ലാം കൂടി രാജ്യത്തെ ജനസംഖ്യയുടെ 30 ശതനാത്തിനുമേല്‍ വരും) പുനരധിവാസത്തിനോ ക്ഷേമത്തിനോ വേണ്ടി നീക്കി വെച്ചിട്ടില്ല. ഒരിക്കല്‍ കൂടി പാവപ്പെട്ടവര്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. പാവപ്പെട്ട ഈ നിഷ്‌ക്കളങ്കരറിയുന്നുണ്ടോ അവര്‍ വഞ്ചിക്കപ്പടുകയാണെന്ന്? ഇല്ല. മോദിയുടെ സര്‍ക്കാരിനു കീഴിലും നല്ല ദിനങ്ങള്‍ ഒരിക്കലും വരില്ലെന്ന് അവര്‍ക്കറിയില്ല. അദ്ദേഹത്തിന്റെ മുന്‍ഗണനകള്‍ വേറെയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ദരദ്ര്യഭൂരിപക്ഷത്തിന് സ്വര്‍ഗം വാഗ്ദാനം ചെയ്ത് കൊണ്ടുള്ള പ്രകടന പത്രികകള്‍ ബി.ജെ.പി യും കോണ്‍ഗ്രസും ഇറക്കു കൊണ്ടിരിക്കുകയാണ്. പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ പാര്‍ട്ടികളൊന്നും തങ്ങളുടെ വാഗ്ദാനങ്ങളോ പാവപ്പെട്ട ഈ ഭൂരിപക്ഷ ജനതയെയോ ഓര്‍ക്കാറില്ല. നേരെ മറിച്ച് ഈ പാര്‍ട്ടികളൊന്നും ധനികര്‍ക്ക് ഒരു വാഗ്ദാനവും നല്‍കാറില്ല. എന്നാല്‍ ഏതു പാര്‍ട്ടി ഭരിച്ചാലും ധനികര്‍ക്ക് എല്ലാം ലഭിക്കുന്നു.
ബഹുജന്‍സമാജ് പാര്‍ട്ടിയാണ് പ്രകടന പത്രിക ഇറക്കാത്ത, പാവങ്ങള്‍ക്ക് വാഗ്ദാനമൊന്നും നല്‍കാത്ത ഒരേയൊരു പാര്‍ട്ടി. പാവപ്പെട്ടവരെ, അവരുടെ നിരുത്തരവാദപമായ മനോഭാവത്തിന്റെ പേരില്‍ ശകാരിക്കുകയാണ് ബി.എസ്.പി നേതാക്കള്‍ ചെയ്യാറ്. അതിനര്‍ത്ഥം ഈ പാര്‍ട്ടി പാവപ്പെട്ടവരെ വെറുക്കുന്നുവെന്നാണോ? ബി.എസ്.പി യുണ്ടാക്കിയ നേട്ടങ്ങള്‍ നല്‍കുന്ന മറുപടി. വലിയൊരു നോ(അല്ല) ആണ്. പാവപ്പെട്ടവരുടെ യഥാര്‍ത്ഥ പ്രതിനിധിയെന്നറിയപ്പെടുന്ന ഈ പാര്‍ട്ടി ധനികര്‍ക്കെതിരെയാണോ? വീണ്ടും ബി.എസ്.പി യുടെ ഭരണം പറയുന്നത് വലിയൊരു നോ ആണ്.
അധികം വോട്ടില്ലാത്ത, പോളിങ്ങ് ദിനത്തില്‍ വോട്ട് ചെയ്യാന്‍ പോലും പോകാത്ത ധനികരോട് ബി.എസ്.പി ഇതര പാര്‍ട്ടികള്‍ക്ക് ഇത്ര വലിയ കൂറ് എന്താണ്? ഈ കാണാവുന്ന വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ക്കു വോട്ട് ചെയ്ത് അധികാരത്തിലേറ്റി കൊണ്ടിരിക്കുന്ന പാവപ്പെട്ടവരെ എന്തുകൊണ്ടാണ് അവര്‍ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്? ഏതു പാര്‍ട്ടി ഭരിച്ചാലും ധനികര്‍ക്ക് ആഹ്ലാദിക്കാനുള്ള സകലതും കിട്ടുന്നത് എന്തുകൊണ്ടാണ്?
ഭരണഘടനയുടെ മുഖ്യ ശില്‍പി ഡോ. ബാബാസാഹെബ് അംബേഡ്കര്‍ മഹാഭാരതത്തില്‍ നിന്ന് ഒരു സംഭവം വിവരിക്കുന്നുണ്ട്’: ”കൗരവ പാണ്ഡവ യുദ്ധത്തില്‍ ഭീഷ്മരും ദ്രോണരും കൗരവ പക്ഷത്തായിരുന്നു… പാണ്ഡവരുടെ പക്ഷത്താണു ശരിയെന്നു കണ്ടിട്ടും എന്തുകൊണ്ടാണ് കൗരവരെ പിന്തുണക്കുന്നെതെന്ന് ഭീഷ്മരോട് ആരോ ചോദിക്കുകയുണ്ടായി. ഭീഷ്മരുടെ പ്രഖ്യാതമായ മറുപടി ഇതായിരുന്നു.’ കഴിക്കുന്ന ഉപ്പിനും ചോറിനും കൂറുള്ളയാളായിരിക്കണം. കൗരവരുടെ ഭക്ഷണം കഴിക്കുന്ന കാലത്തോളം അവരുടെ ഭാഗത്ത് തെറ്റാണെങ്കിലും അവരുടെ ഭാഗത്ത് നില്‍ക്കേണ്ടതുണ്ട്’. ഇന്നും അതേകാര്യം തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ബനിയകളുടെയും മാര്‍വാഡികളുടെയും മറ്റു രാഷ്ട്രാന്തരകുത്തകകളുടെയും സാമ്പത്തിക സഹായം സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. അവരുടെ ഭക്ഷണമാണവര്‍ കഴിച്ചുകൊണ്ടിരിക്കുന്നത്.അതുകൊണ്ട് തന്നെ എല്ലാ നിര്‍ണ്ണായക ഘട്ടങ്ങളിലും ഈ വന്‍ ബിസിനസുകാരുടെ ഭാഗത്തു നില്‍ക്കേണ്ടി വരുന്നു അവര്‍ക്ക്” ( ഡോ. അംബേഡകറുടെ രചനകളും പ്രസംഗങ്ങളും : വാല്യം 17 ഭാഗം 3,പേജ് 428-429)
സ്വാതന്ത്ര്യപൂര്‍വ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഈ വന്‍ ബിസിനസുകാര്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിരുന്നു. സ്വാതന്ത്ര്യാനന്തരം അതിന്റെ വലിയ ഡിവിഡന്റുകള്‍ അവര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്നു. ഇന്‍ഡ്യക്കാരാവുക, ഇന്‍ഡ്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് ഉയര്‍ത്തിയത് ഇന്‍ഡ്യക്കാരില്‍ ദേശാഭിമാനം ഉണര്‍ത്തി സ്വാതന്ത്ര്യം നേടാന്‍ മാത്രം ഉദ്ദേശിച്ചായിരുന്നില്ല. മറിച്ച് , ഇത്തരം ബിസിനസ് സംഘങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വലിയൊരു വിപണി ഉണ്ടാക്കാന്‍ കൂടിയായിരുന്നു. വന്‍കിട ബിസിനസുകള്‍ ചെയ്യാന്‍ ബനിയകളെയും മാര്‍മാഡികളെയും ബ്രിട്ടീഷു സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. അതു കൊണ്ട് സ്വതന്ത്രമായ വലിയ വിപണി നേടിയെടുക്കാന്‍ വേണ്ടി, ബനിയ തന്നെയായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസി നെ അവര്‍ പിന്തുണച്ചു. സ്വാതന്ത്ര്യത്തിനു മുന്‍പേ ആരംഭിച്ച ആ പ്രവണത ഇന്നും തുടരുകയാണവര്‍. ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ഫണ്ട് നല്‍കുന്നതിനൊപ്പം തിരഞ്ഞെടുപ്പുകളില്‍ സ്വയം മത്സരിച്ച് അധികാരം പിടിച്ചെടുക്കുകയാണു ബിസിനസുകാര്‍. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറയുകയാണ്: 16-ാം ലോക് സഭയിലെ 541 അംഗങ്ങളില്‍ 442 പേര്‍, മൊത്തം 6500 കോടി ആസ്തിയുള്ള കോടിശ്വരന്മാരാണ. (കഴിഞ്ഞതവണ അത് 300 ആയിരുന്നു) ബി.ജെ.പി യില്‍ 237 കോടീശ്വരന്മാരാണ്. കോണ്‍ഗ്രസില്‍ 35 പേരും” (ഹിന്ദുസ്ഥാന്‍ റ്റൈംസ് ലക്‌നൗ പതിപ്പ് 2014 മെയ് 20).
ഭരിക്കുന്ന എം.പിമാരില്‍ 84 ശതമാനം പേരും കോടീശ്വരന്മാരാണെന്നര്‍ത്ഥം. സ്വാഭാവികമായും ധനികര്‍ക്കു വേണ്ടി ധനികരുണ്ടാക്കിയ ധനികരുടെ സര്‍ക്കാരായിരിക്കും അത്. ഇത്തരം ധനികരുടെ സര്‍ക്കാരില്‍ നിന്ന് പാവപ്പെട്ടവര്‍ക്ക് അനുകൂലമായ ബജറ്റും നയങ്ങളും എങ്ങനെ പ്രതീക്ഷിക്കാനാകും?
2004 മുതല്‍ 2012 വരെ. വിവിധ ദേശീയ പാര്‍ട്ടികള്‍ക്ക് ബിസിനസ്/കോര്‍പ്പറേറ്റ് വിഭാഗം നല്‍കിയത് സംഭാവനകളുടെ വിശദാംശം നാഷനല്‍ ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡിമൊക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. താഴെ പട്ടിക നോക്കുക. (എല്ലാം കോടിയില്‍)

ഇന്‍ഡ്യന്‍ ബിസിനസുകാരില്‍ നിന്നു മാത്രമല്ല, വിദേശ ബിസിനസുകാരില്‍ നിന്നു പോലും ഈ പാര്‍ട്ടികള്‍ ഫണ്ടു വാങ്ങുന്നുണ്ട്. 1976- ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍സ് (റെഗുലേഷന്‍) ആക്റ്റിന്റെ 3,4 സെക്ഷനുകള്‍ പ്രകാരം വിദേശകമ്പനികളില്‍ നിന്നോ വിദേശികള്‍ നിയന്ത്രിക്കുന്ന ഇന്‍ഡ്യന്‍ കമ്പനികളില്‍ നിന്നോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് വാങ്ങാന്‍ അനുവാദമില്ല. എന്നാല്‍ കോണ്‍ഗ്രസും ബി.ജെ.പിയും 2003-04 കാലത്ത് 983.50 ലക്ഷം രൂപയും 2011-12 കാലത്ത് 1942.50 കോടിയുമാണ് വിദേശ ഫണ്ട് വാങ്ങിയത്. 1956-ലെ കമ്പനീസ് ആക്റ്റ് ,സെക്ഷന്‍ 293(എ) പ്രകാരം ഏതെങ്കിലും കമ്പനി അത്തരമൊരു സംഭാവന നല്‍കുന്നുണ്ടങ്കില്‍, സംഭാവന നല്‍കിയ അഥോറിറ്റി ആ തുകയുടെ മൂന്നിരട്ടി പിഴയായി അടയ്ക്കുകയും ഒപ്പം മൂന്നു വര്‍ഷം തടവു ശിക്ഷ അനുഭവിക്കുകയും വേണം. പക്ഷെ നാളിതുവരെ ഒരാളും ശിക്ഷിക്കപ്പെട്ടിട്ടില്ല.

_________________________________
ബി.എസ്.പി യും ഒരേഒരു നേത്രി ബെഹന്‍ജിയുമാണ്. പാവപ്പെട്ട ഭൂരിപക്ഷത്തിന്റെ ‘ഒരു വോട്ട്, ഒരു നോട്ട്’എന്നതു മാത്രമാണ് വൃത്തികെട്ട തന്ത്രത്തെ തോല്പിക്കാനുള്ള അദ്ഭുത മന്ത്രം. ഈ മന്ത്രം കൊണ്ടാണ് പാവപ്പെട്ട ഭൂരിപക്ഷത്തിന് തങ്ങളുടെ സ്വന്തം സര്‍ക്കാരിനെ നാലു പ്രാവിശ്യം യു.പി.യി ല്‍ ഉണ്ടാക്കാന്‍ സാധിച്ചതും, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സ്വന്തം ഭൂമി. ബിസിനസ് ലോകത്തേക്കുള്ള പ്ര വേശനം മുതലയവ അന്തസ്സോടെ നേടാനായതും. അഭിമാനത്തോടെ ജീവിക്കുന്നതില്‍ ആനന്ദം അവര്‍ മനസ്സിലാക്കി. ഭാവിയിലും അങ്ങനെ ജീവിക്കുമെന്ന ദൃഢനിശ്ചയത്തിലുമാണവര്‍. യു.പി യിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് ഇതു സാധ്യമാണെങ്കില്‍ അവരെക്കാള്‍ ഭേദപ്പെട്ട നിലയിലുള്ള ഇന്‍ഡ്യയിലെ ബാക്കി പാവപ്പെട്ടവര്‍ക്ക് അതു സാധ്യമല്ലേ?
_________________________________ 

മുകളില്‍ കൊടുത്തിട്ടുള്ള വിവരങ്ങളെല്ലാം വിവരാവകാശ നിയമ പ്രകാരം എ.ഡി.ആര്‍ ശേഖരിച്ചതാണ്. അതുകൊണ്ട് ഈ വിവരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഔദ്യോഗികാവശ്യത്തിന് വേണ്ടി നല്‍കിയിട്ടുള്ള തായിരിക്കണം. എന്നാല്‍ ഡി.എന്‍.എ എന്ന ഇംഗ്ലീഷ് ദിനപത്രം, 2003-04 ലും 2006-07 ലും കോര്‍പ്പറേറ്റുകള്‍ നല്‍കിയ ഫണ്ടിന്റെ, ഇതിനെക്കാള്‍ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വിട്ടുണ്ട്. താഴെ നോക്കുക (കോടിയിലാണു തുകകളെല്ലാം)

ബി.ജെ.പി- 5241.79
സി.പി.ഐ- 27.70
സി.പി.എം- 27.70
കോണ്‍ഗ്രസ് -5292.92
എ.ഐ.എ.ഡി.എം.കെ- 28.53
പി.എം.കെ -286.19
എസ്.പി -245.22
ജെ.ഡി.(യു) -37.40
മണിപ്പൂര്‍ പി.പി -3.75
ടി.ഡി.പി -224.60
എം.ഡി.എം.കെ -10.35
ശിവസേന- 417.42

ഇതെല്ലാം അഞ്ചു വര്‍ഷം പഴക്കമുള്ള കണക്കുകളാണ്. ഇന്നത്തെ ചിത്രം 2 മുതല്‍ 3 വരെ മടങ്ങായിരിക്കാനിടയുണ്ട്.രസകരമായ സംഗതി, വന്‍കിട കമ്പനികള്‍ പലതും ഒന്നില്‍ കൂടുതല്‍ പാര്‍ട്ടികള്‍ക്കു ഫണ്ട് നല്‍കുന്നുണ്ടെന്നതാണ്. 2003-04 മുതല്‍ 2011-12 വ രെയുള്ള കാലത്ത് ആദിത്യ ബിര്‍ലയുടെ ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റ് ബി.ജെ.പി ക്ക് 16.60 കോടിയും കോണ്‍ഗ്രസിന് 13.05 കോടിയും സംഭാവന ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് ടിവി ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബി.ജെ.പി ക്ക് 10 കോടിയും കോണ്‍ഗ്രസിന് 20.50 കോടിയും കൊടുത്തിട്ടുണ്ട്. ടൊറന്റ് പവര്‍ ലിമിറ്റഡ് ബി.ജെ.പി ക്ക് 5.5. കോടിയും കോണ്‍ഗ്രസിന് 5.05 കോടിയുമാണ് നല്‍കിയത്. അതുപോലെ മുകളില്‍ പട്ടികയില്‍ കാണിച്ചിട്ടുള്ളതുപോലെ നിരവധി കമ്പനികള്‍ ബി.ജെ.പി, കോണ്‍ഗ്രസ്,എന്‍.സി.പി, സി.പി.എം, സി.പി.ഐ പ്രാദേശിക പാര്‍ട്ടികള്‍ ഇവര്‍ക്ക് ഓരോ സമയം സംഭാവന നല്‍കിയിട്ടുണ്ട്. ഈ കമ്പനികളെ സംബന്ധിച്ച് യാതൊരു പ്രത്യയ ശാസ്ത്ര പ്രതിബദ്ധതയോ സാമൂഹിക താത്പര്യമോ ഇല്ലെന്നും സ്വന്തം ബിസിനസ് താത്പര്യങ്ങള്‍ മാത്രമേ ഉള്ളൂ എന്നുമാണ് ഇത് തെളിയിക്കുന്നത്. ഏതെങ്കിലും ഒരു പാര്‍ട്ടിക്കു മാത്രം ഫണ്ട് നല്‍കി, റിസ്‌ക് എടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവര്‍ക്കനുകൂലമായ നയങ്ങള്‍ ഉണ്ടാകുന്നു.ഒരു പക്ഷെ ഇതാവും ബി.എസ്.പി ഇതര പാര്‍ട്ടികളെല്ലാം കണ്ണില്‍ ചോര ഇല്ലാത്ത സ്വകാര്യ വത്കരണ പ്രക്രിയയെ പിന്തുണക്കുന്നതിന്റെയും, ആവശ്യ സാധ നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിന്റെയും പിന്നിലുള്ള കാരണം. ഇതിനു മുന്‍പത്തെ മറ്റെല്ലാ ബജറ്റിലും നാളിതുവരെ തുടര്‍ന്നുപോന്നിരുന്ന ധനികാനുകൂല നയങ്ങളില്‍ നിന്ന് ഒരിഞ്ചുപോലും ബി.ജെ.പിയുടെ ഇപ്പോഴത്തെ ബജറ്റും വൃതിചലിച്ചിട്ടില്ല. സ്വകാര്യവത്കരണ നയം, ചൈനപോലുള്ള രാജ്യങ്ങളെ സഹായിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇന്‍ഡ്യയെ അതു നശിപ്പിച്ചിരിക്കുകയാണ്. 96 ശതമാനം ബിസിനസ് കുടുംബങ്ങളും മേല്‍ജാതിക്കാരുടെതായതിനാല്‍ എല്ലാ ബി.എസ്.പി ഇതര സര്‍ക്കാരുകളും അവരെ കൂടുതല്‍ ധനികരാക്കാനാണു സഹായിച്ചിട്ടുള്ളത്.
വിഖ്യാത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ് പറയുന്നു: ”കൊട്ടിഘോഷിക്കുന്ന ഇന്‍ഡ്യയുടെ ജി.ഡി.പി യുടെ നാലിലൊന്ന് തുല്യമായ ആസ്തികള്‍ നൂറ് ആളുകള്‍ സ്വന്തമായുണ്ട്.രാജ്യത്തെ 120 കോടി ജനങ്ങള്‍ 80 കോടിയും ദിവസം 20 ക.പോലും ലഭിക്കാതെ ജീവിക്കുന്നവരാണ്.വന്‍കിട കോര്‍പ്പറേറ്റുകളാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്തെ സ്വന്ത മാക്കിയിരിക്കുന്നതും നയിക്കുന്നതും. വന്‍ ബിസിനസുകാരുടെ സബ്‌സിഡിയറി കമ്പനികളെപോലെയാണ് രാഷ്ട്രീയക്കാരും രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്…” ഫോര്‍ബസ് മാഗസിന്‍ അടുത്തിടെ പുറത്തിറക്കിയ ശതകോടീശ്വരന്മാരുടെ ലിസ്റ്റിലുള്ള 55 പേര്‍ ഇന്‍ഡ്യക്കാരാണ്. ഈ 55 പേരില്‍ ഏറ്റവും മുകളിലുള്ള 10 പേരില്‍ 7 പേരും വൈശ്യരാണ്… മുകേഷ് അംബാനി, ലക്ഷി മിത്തല്‍, ദിലീപ് സാങ് ഗ്വി , റൂയ്യ സഹോദരന്മാര്‍, കെ.എം.ബിര്‍ല, സാവിത്രി ദേവി ജിന്‍ഡാല്‍, ഗൗതം അദാനി, സുനില്‍ മിത്തല്‍ എന്നിവരാണ് അവര്‍. ബാക്കി വരുന്ന 45 പേരില്‍ 19 പേരും വൈശ്യരാണ്. ശേഷിക്കുന്നവര്‍ മിക്കവരും പാര്‍സികളു ബ്രോഹ്രകളും ഖത്രികളും (എല്ലാം കച്ചവടജാതിക്കാര്‍) ബ്രാഹ്മണരുമാണ്. ഒരു ദലിതനോ ആദിവാസിയോ ലിസ്റ്റിലില്ല. തുറമുഖങ്ങള്‍, ഖനികള്‍, എണ്ണപ്പാടങ്ങള്‍, ടെലിഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍, പെട്രോ കെമിക്കല്‍ നിലയങ്ങള്‍, അലുമിനിയം നിലയങ്ങള്‍, സെല്‍ഫോണ്‍ നെറ്റ് വര്‍ക്കുകള്‍, ടെലിവിഷന്‍ ചാനലുകള്‍, ഫ്രെഷ് ഫുഡ് ഔട്‌ലെറ്റുകള്‍, സ്‌കൂളുകള്‍, സിനിമാ വ്യവസായ കമ്പനികള്‍, സ്റ്റെംസെല്‍ സംഭരണ ഏര്‍പ്പാടുകള്‍, വൈദ്യുതി വിതരണ ശൃംഖലകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ മുതലാവയുടെ ഉടമസ്ഥരും നടത്തിപ്പുകാരും മുകളില്‍പ്പറഞ്ഞ ഈ 7 കോടീശ്വരന്മാര്‍ ആണ്.
വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ-ജല വിതരണം, ഗതാഗതം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, കമ്യൂണിക്കഷന്‍ പോലുള്ള സര്‍വീസ് മേഖലകളെപ്പോലു സ്വകാര്യവത്കരണത്തിന്റെ നീരളിക്കൈകള്‍ ഒഴിവാക്കിയിട്ടില്ല. ജനങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനും തൊഴിലവസരങ്ങളുണ്ടാക്കാനും തങ്ങള്‍ പ്രതിബദ്ധരാണെന്ന് ഒരു ബി.എസ്.പി ഇതര സര്‍ക്കാരിലും തോനുന്നില്ല. സര്‍ക്കാര്‍ സ്‌ക്കൂളുകളേക്കാള്‍ കൂടുതല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാരായ ഷാപ്പുകളും വൈന്‍ ഷോപ്പുകളുമുണ്ട്. എന്നിരുന്നാലും ഈ ബിസിനസുകര്‍ പിന്തുണ യ്ക്കുന്ന സര്‍ക്കാരുകള്‍, ഒരൊറ്റ അപവാദം പോലുമില്ലാതെ, മുതലാളിത്തത്തിന് വിലകുറഞ്ഞ അധ്വാനം പിഴിഞ്ഞെടുക്കാനും അവരുടെ പാര്‍ട്ടികളെ വോട്ട് ചെയ്ത് അധികാരത്തിലേറ്റാനും വേണ്ടി, പാവപ്പെട്ടവരെ പാവപ്പെട്ടവരായിത്തന്നെ നിലനിത്തുകയാണ്. തത്ഫലമായി, ഒരു വശത്ത് നാം വളരെ വേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥിതിയാണെന്നു വീമ്പു പറയുമ്പോള്‍, മറുവശത്ത്, മനുഷ്യ വികസന സൂചക പ്രകാരം, 137- മത്തെ രാജ്യമായി നിലനില്‍ക്കുന്ന വൈരുധ്യാത്മക സാഹചര്യത്തിലുമാണ്. അതുപോലത്തെ ഒരു വശത്ത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയില്‍ 60 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് 20 ശതമാനത്തിലധികം ഇന്‍ഡ്യക്കാര്‍ രണ്ടു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നു. വര്‍ഷങ്ങള്‍ കഴിയും തോറും പാവപ്പെട്ടവരും ധനികരും തമ്മിലുള്ള വിടവ് കൂടികൊണ്ടിരിക്കുകയാണ്. ആ വിടവ് നികത്താനുള്ള ഒരു പദ്ധതിയും ബിസിനസുകാര്‍ പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍ക്കൊന്നുമില്ല. ആരാണ് ദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്നു മോചിപ്പിച്ചു ശാക്തീകരിക്കുക?
പാവപ്പെട്ടവരെ വിമോചിപ്പിക്കാന്‍ വേണ്ടി ധനികര്‍ പോരാടിയതിന്റെ ഒരൊറ്റ ചരിത്രം പോലും ലോകത്തില്ല. ഈ സര്‍വലൗകിക സത്യത്തിന് ഇന്‍ഡ്യയിലെ ധനികരും അവരുടെ രാഷ്ട്രീയ പാര്‍ട്ടികളും അപവാദമായിരിക്കാന്‍ സാധ്യതയില്ല.അതിനെക്കാളുപരി, നമ്മുടെ കഷ്ടപാടിന് മറ്റുള്ളവരെ കുറ്റം പറയുന്നതിലൂടെ നാം കൂടുതല്‍ നിരുത്തരവാദികളും പരാന്നഭോജികളുമായിരിത്തീരും. ധനികര്‍ അവരുടെ പാര്‍ട്ടികളെ അധികാരത്തിലെത്തിച്ച് കൂടുതല്‍ ധനികരാകുന്നുണ്ടെങ്കില്‍, പാവപ്പെട്ടവരും അവരുടെ സ്വന്തം പാര്‍ട്ടിയെ അധികാരത്തിലെത്തിക്കണം. ഇതല്ലാതെ വേറെ വഴിയെന്തെങ്കിലുമുണ്ടോ? മറ്റൊരു വഴിയുമില്ലെങ്കില്‍, ധനികരെ വെല്ലു വിളിച്ച് തങ്ങളുടെ സ്വന്തം സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമകരമായ ദൌത്യം ദരിദ്ര ഭൂരിപക്ഷം ഏറ്റെടുക്കണം.ശതകോടശ്വ രന്മാരുടെ നയങ്ങള്‍ക്കെതിരെ നാം വിജയിക്കുമോ?
ധനിക പാര്‍ട്ടികളുടെ വീക്ഷണകോണില്‍ നിന്നു ചിന്തിക്കുകയും അവരുടെ രാഷ്ട്രീയശൈലി അനുകരിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ നാം പരാജയപ്പെടും. ധനികരെപ്പോലെ കോടിക്കണക്കിനു രൂപ നമ്മുക്കില്ലായിരിക്കും. പക്ഷേ ലക്ഷക്കണക്കിനു ആളുകളുണ്ട് നമ്മുടെ കൂടെ. ജനാധിപത്യത്തില്‍ പ്രധാനപ്പെട്ടത് നോട്ടുകളല്ല, വോട്ടുകളാണ്. പാവപ്പെട്ടവരുടെ വോട്ടുകള്‍ വിലകൊടുത്ത് വാങ്ങാനായി ധനികര്‍ നോട്ടുകള്‍ ഉപയോഗിക്കുന്നു.തങ്ങളുടെ വോട്ടുകള്‍ വില്‍ക്കില്ലെന്നു പാവപ്പെട്ടവര്‍ പറഞ്ഞാല്‍ എന്ത് സംഭവിക്കും? അതായിരിക്കും ധനികരുടെ സാമൂഹിക വിരുദ്ധ രാഷ്ട്രീയത്തിന്റെ ശവസംസ്‌കാര ദിനം. യഥാര്‍ത്ഥ ജനാധിപത്യം ഇന്‍ഡ്യയില്‍ ഉയര്‍ന്നു വരുന്ന ദിനവും അതായിരിക്കും. പാവപ്പെട്ടവരിലെ പരമാവധി ആളുകള്‍ ചെറിയൊരു സംഭാവന നല്‍കാന്‍ കൂടി തയ്യാറായാല്‍ പണം കൊണ്ടുള്ള ധനികരുടെ കളിയും അവസാനിപ്പിക്കാം. ദരിദ്ര ഭൂരിപക്ഷത്തിന്റെ പത്തു രൂപാ നോട്ടുകള്‍ക്ക് ധനിക ന്യൂനപക്ഷത്തിന്റെ അന്യായാര്‍ജിതമായ കോടികളെ നിഷപ്രയോജനമാക്കാനുള്ള ധാര്‍മിക ശക്തിയുണ്ടെന്ന് ഓര്‍ക്കുക.
കോണ്‍ഗ്രസും ബി.ജെ.പിയും കഴിഞ്ഞാല്‍ ബി.എസ്.പിയാണ് മൂന്നാമത്തെ സമ്പന്ന പാര്‍ട്ടിയെന്ന് എ.ഡി.ആര്‍ റിപ്പോര്‍ട്ട് പറയുന്നു. അതുപോലെതന്നെ ഈ രണ്ടു പാര്‍ട്ടികള്‍ക്ക് ശേഷം വന്‍തോതില്‍ സംഭാവനകള്‍ കിട്ടുന്നതും ബി.എസ്.പിക്കാണ്. അങ്ങനെയെങ്കില്‍, ബി.എസ്.പി യുടെ പരമോന്നത നേത്രി ബെഹന്‍ മാതാവതിജിയ്ക്ക് പാവപ്പെട്ടവര്‍ക്കനുകൂലമായ നയങ്ങള്‍ എങ്ങനെയാണ് നടപ്പാക്കാനാവുക? സെപന്‍സേഴ്‌സ്, റിലയന്‍സ്‌പോലുള്ള ബിഗ് ബസാറുകളും മാളുകളും അടച്ച് പൂട്ടാനുള്ള അസാധാരണമായ ധൈര്യം അവര്‍ കാണിച്ചു. ബി.എസ്.പി ഇത്ര സമ്പന്നമായിട്ടും ഇത്ര പ്രക്ഷുബ്ധമാവാന്‍ എങ്ങനെയാണവര്‍ക്കു സാധിക്കുന്നത്. കോര്‍പ്പറേഷനുകളില്‍ നിന്ന് സംഭാവന വാങ്ങാത്ത ഒരേഒരു പാര്‍ട്ടി ബി.എസ്.പി യാണെന്നാണ് എ.ഡി.ആര്‍ റിപ്പോര്‍ട്ട് പറയുന്നത്. ജനങ്ങളില്‍ നിന്നുള്ള സംഭാവനകളും രാജ്യമെങ്ങുമുള്ള, ദശലക്ഷക ണക്കിനു പ്രവര്‍ത്തകരുടെ അംഗത്വത്തില്‍ നിന്നുമാണ് പാര്‍ട്ടി ഫണ്ട് സമാഹരിക്കുന്നത്.അതായത്, ബി.എസ്.പി ഒരു ധനിക പാര്‍ട്ടിയായി മാറ്റിയത് ന്യൂനപക്ഷം വരുന്ന കോടീശ്വരന്മാരല്ല, മറിച്ച് പാവപ്പെട്ട ജനങ്ങളുടെ എളിയ സംഭാവനകള്‍ കൊണ്ടാണ്. വിലയ്ക്കു വാങ്ങാന്‍ പറ്റുമായിരുന്ന ഒരു സമുദായത്തെ വിലയ്ക്കു വാങ്ങാന്‍ കഴിയാത്ത സമുദായമാക്കി ബി.എസ്.പി സ്ഥാപകന്‍ ദാദാസാഹെബ് കാന്‍ഷി റാംജി പരിവര്‍ത്തനം ചെയ്തു. ശരീരത്തിന്റെ വിശപ്പടക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തില്‍ പാപ്പെട്ടവരെ കുടുക്കിയാണ് ധനികരുടെ പാര്‍ട്ടികള്‍. എന്നാല്‍, അധികാരദാഹം തൃപ്തിപ്പെടുത്താനുള്ള സമരത്തിലേര്‍പ്പെടാനാണ് ദാദാസാഹെബ് ദരിദ്രരെ പഠപ്പിച്ചത്. ധനിക ന്യൂനപക്ഷത്തിന്റെ ഭരണത്തിന്‍ കീഴില്‍ ആത്മാഭിമാനമില്ലാതെ ജീവിക്കുന്നത് ഒരവസരമാണെന്ന് ഉത്തര്‍പ്രദേശിലെ ദരിദ്ര ഭൂരിപക്ഷത്തിന് തോന്നിയതു അതുകൊണ്ടാണ്. ഇന്നവര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്; തങ്ങളുടെ നോട്ടുകള്‍ പാര്‍ട്ടിക്ക് സംഭാവനയും ചെയ്യുന്നു. ഈ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ പോലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ പട്ടിക ജാതിക്കാരുടെ വോട്ടുകള്‍ വിലക്കെടുക്കാന്‍ ബി.ജെ.പിക്കു സാധിച്ചില്ല. ധനശക്തിയും മാധ്യമ സ്വാധീനവും വര്‍ഗീയ രാഷട്രീയം കൊണ്ട് മറ്റു സ്ഥലങ്ങളിലെ വോട്ട് തൂത്ത് വാരാന്‍ ബി.ജെ.പി ക്കു സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ അതിദരിദ്രരുടെ വോട്ടുകള്‍ നേടാന്‍ അതിനായില്ല. ഏറ്റവും പാവപ്പെട്ട വരും അതേ സമയം, അഭിമാനികളുമായ ആ ജനത തങ്ങളുടെ സ്വന്തം പാര്‍ട്ടിയായ ബി.എസ്.പി യോട് ഉറച്ച ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. തങ്ങളുടെ വിമോചനത്തിന് വേണ്ടി ദശകണക്കിനു രൂപ സംഭാവന ചെയ്യാന്‍ പാവപ്പെട്ടവരെ ഒരുക്കിയെടുക്കാന്‍ കഴിഞ്ഞ ഒരേഒരു പാര്‍ട്ടി ബി.എസ്.പി യും ഒരേഒരു നേത്രി ബെഹന്‍ജിയുമാണ്. പാവപ്പെട്ട ഭൂരിപക്ഷത്തിന്റെ ‘ഒരു വോട്ട്, ഒരു നോട്ട്’എന്നതു മാത്രമാണ് വൃത്തികെട്ട തന്ത്രത്തെ തോല്പിക്കാനുള്ള അദ്ഭുത മന്ത്രം. ഈ മന്ത്രം കൊണ്ടാണ് പാവപ്പെട്ട ഭൂരിപക്ഷത്തിന് തങ്ങളുടെ സ്വന്തം സര്‍ക്കാരിനെ നാലു പ്രാവിശ്യം യു.പി.യി ല്‍ ഉണ്ടാക്കാന്‍ സാധിച്ചതും, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സ്വന്തം ഭൂമി. ബിസിനസ് ലോകത്തേക്കുള്ള പ്ര വേശനം മുതലയവ അന്തസ്സോടെ നേടാനായതും. അഭിമാനത്തോടെ ജീവിക്കുന്നതില്‍ ആനന്ദം അവര്‍ മനസ്സിലാക്കി. ഭാവിയിലും അങ്ങനെ ജീവിക്കുമെന്ന ദൃഢനിശ്ചയത്തിലുമാണവര്‍. യു.പി യിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് ഇതു സാധ്യമാണെങ്കില്‍ അവരെക്കാള്‍ ഭേദപ്പെട്ട നിലയിലുള്ള ഇന്‍ഡ്യയിലെ ബാക്കി പാവപ്പെട്ടവര്‍ക്ക് അതു സാധ്യമല്ലേ?
ജീവിതത്തില്‍ ശാശ്വമായ മാറ്റം കൊണ്ടുവരാനുള്ള ഏറ്റവും വലിയ അവസരം തിരഞ്ഞെടുപ്പാണ്; ഏറ്റവും ശക്തമായ ആയുധം വോട്ടാണ്. മഹാനായ നേതാവ് ബാബാസാഹെബ് അംബേദ്കര്‍ ആണ് ഈ ,സമ്മാനം നമ്മുക്ക് നല്‍കിയത്. വോട്ടുകള്‍ വിറ്റുകൊണ്ടും ദരിദ്ര വിരുദ്ധരായ ധനികരുടെ പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയാധികാരം കൈ മാറികൊണ്ടും നാം ആ മഹാത്മാവിനെ പരാജയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. തത്ഫലമായി, ഇപ്പോഴും നാം കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു. ഈ അബദ്ധം ഇന്നു മുതല്‍ അവസാനിപ്പക്കണമെന്ന് നമ്മുക്ക് തീരുമാനിക്കാം. നമ്മുടെ വോട്ടും നോട്ടുകളും ഇന്‍ഡ്യയിലെ പാവപ്പെട്ട ഭൂരിപക്ഷത്തിന്റെ പാര്‍ട്ടിയായ, ബഹുജന്‍ സമാജ് പാര്‍ട്ടിക്കു നല്‍കുമെന്ന് തീരുമാനിക്കാം. ധനിക ന്യൂനപക്ഷത്തിന്റെ ദയാരഹിതമായ ഭരണം അവസാനിപ്പിച്ച് ദരിദ്ര ഭൂരിപക്ഷത്തിന്റെ ജനാധിപത്യ ഭരണം നാം കൊണ്ടുവരും. നമ്മുടെ സ്വന്തം പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ സാധിച്ചാല്‍, വളരെ ചെറിയ കാലത്തിനുള്ളില്‍തന്നെ ദാരിദ്ര്യവും കഷ്ടപാടും അവസാനിപ്പി ക്കാനും ജീവിതം സമ്പന്നമാക്കാനും കഴിയും. കഴിഞ്ഞ 67 വര്‍ഷം കൊണ്ട് മറ്റെല്ലാ പാര്‍ട്ടികളുടെയും ഭരണത്തിന്‍ കീഴില്‍ നേടാന്‍ സാധിക്കാതിരുന്നത് നമ്മുടെ സ്വന്തം പാര്‍ട്ടിയുടെ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട് നേടാന്‍ നമ്മുക്കു സാധിക്കും.
______________________________

(ബി.എസ്.സി യുടെ തെക്കന്‍ സംസ്ഥാന കോര്‍ഡിറ്റേറാണ് ലേഖകന്‍വിവ: സുദേഷ് എം.ആര്‍. )

Top