പിളരുന്ന സൈബര്‍ ഇടങ്ങള്‍

നമ്മുടെ പല മുതിര്‍ന്ന എഴുത്തുകാരുടെയും നോവലുകള്‍ ഒരു ലക്കം പിന്നിടുമ്പോഴും വാഴ്ത്തുപാട്ടുകള്‍ക്ക് ഇടംകൊടുക്കുന്ന മാധ്യമങ്ങള്‍ പലപ്പോഴും പുതിയ എഴുത്തുകാരെ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ നമ്മുടെ നോവല്‍ സാഹിത്യത്തെ ചലനാത്മകമാക്കുന്നത് മെയിന്‍ സ്ട്രിം പരിഗണനകള്‍ക്ക് പുറത്തുള്ളവരാണ് എന്ന വസ്തുത കാണാതിരുന്നുകൂടാ. അപൂര്‍ണ്ണമായ ജീവിതത്തിന്റെ ലിങ്കുകള്‍ കണ്ടെത്തുകയാണ് നരേന്ദ്രന്റെ ലക്ഷ്യമെന്നു നോവലിന്റെ തുടക്കത്തില്‍ ആഖ്യാതാവ് സൂചിപ്പിക്കുന്നുണ്ട്. അയാള്‍ സ്വയം പൂരിപ്പിക്കുന്ന ജീവിതത്തിന്റെ ഖണ്ഡങ്ങള്‍ മികച്ച രീതിയില്‍ തുന്നിപ്പിടിപ്പിക്കുവാന്‍ എഴുത്തുകാരന്‍ കാണിച്ച വൈദഗ്ധ്യം അനന്യമാണ്. വെട്ടിയും തിരുത്തിയും ചിന്തേരിട്ട സുതാര്യമായ ആഖ്യാനശൈലി പുതിയ എഴുത്തുകാരന്റെ പരിഭ്രമങ്ങള്‍ ഒട്ടും തന്നെ പ്രകടിപ്പിക്കുന്നില്ല എന്നും പറയാം. അല്ലെങ്കിലും വിഭ്രമിപ്പിക്കുന്ന വേഗതയില്‍ കാലം മുന്നേറുമ്പോള്‍ അതിന് എതിരെ നില്‍ക്കുവാന്‍ എഴുത്തുകാരനാവില്ല. പ്രവീണ്‍ ചന്ദ്രനു അതു നന്നായി അറിയാമെന്നതിന്റെ തെളിവാണ് ഈ നോവല്‍.

ആഖ്യാനത്തിലെ പുതുമകളും ഇതിവൃത്തത്തിലെ വൈവിധ്യങ്ങളും ക്രാഫ്ടിലെ പരീക്ഷണങ്ങളും കൊണ്ട് അസാധാരണമായ ഭാവനാലോകങ്ങള്‍ തീര്‍ക്കുകയാണ് സമകാലിക മലയാളനോവലുകള്‍ എന്നത് യാഥാര്‍ത്ഥ്യമാണ്. സാഹിത്യചരിത്രത്തിന്റെ കാനോനീകരണത്തില്‍ ഈ പുതുമകള്‍ അത്രയേറെ സാന്നിധ്യമായിട്ടില്ലെങ്കിലും വരുംകാലത്ത് എഴുത്തു നേരിടുന്ന, വിശേഷിച്ചും ഫിക്ഷന്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി അതിന്റെ പരീക്ഷണാത്മകത തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാര്യങ്ങള്‍ വ്യത്യസ്തമായി അവതരിപ്പിക്കുകയെന്ന രീതി പിന്തുടരാതെ നിലനില്‍ക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യം ഓരോ എഴുത്തുകാരെയും സര്‍ഗാത്മകമായ പ്രതിസന്ധിയിലാക്കുന്നുവെന്നും പറയാം. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളില്‍ ഈ പുതുമകള്‍ തന്നെയാണ് നമ്മുടെ വായനക്കാരെ തൃപ്തിപ്പെടുത്തുന്നത്. വായനയിലും വില്‍പ്പനയിലും അഭൂതപൂര്‍വ്വമായ വളര്‍ച്ച ഫിക്ഷന്‍ സാഹിത്യം നേടിയിട്ടുണ്ട് എന്നതിനു തെളിവുകളാണ് വിറ്റഴിക്കപ്പെടുന്ന കോപ്പികളുടെ വര്‍ദ്ധനവ്. പുതിയ ചെറുപ്പക്കാരെ സാഹിത്യത്തിലേക്ക് അടുപ്പിക്കുവാന്‍ സഹായിക്കുന്ന തരത്തിലുള്ള നവമാധ്യമങ്ങളിലെ ആസ്വാദനകുറിപ്പുകളും വമ്പന്‍ പ്രമോഷനുകളും എല്ലാം പുതിയൊരു വ്യവഹാരരീതിയായി മാറിയിട്ടുണ്ട്. ഇതെല്ലാം ചിലപ്പോള്‍ മികച്ച രചനകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതിനും കാരണമാകുന്നു. എഴുത്തുകാരുടെ തലയെടുപ്പും മാധ്യമബന്ധങ്ങളും സാഹിത്യത്തിലെ ഗ്രൂപ്പുകളും ഒക്കെ ചേരുന്ന മണ്ഡലത്തിലാണ് ഓരോ രചനകളും അതിന്റെ വിജയങ്ങളും പരാജയങ്ങളും നിര്‍ണ്ണയിക്കപ്പെടുന്നതെന്നും പറയാം.
പ്രവീണ്‍ ചന്ദ്രന്റെ ‘അപൂര്‍ണ്ണതയുടെ ഒരു പുസ്തകം’ എന്ന നോവല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഉണ്ടായ ആലോചനകള്‍ ആണ് ഇങ്ങനെയൊക്കെ എഴുതാന്‍ പ്രേരിപ്പിച്ചത്. നമ്മുടെ പല മുതിര്‍ന്ന എഴുത്തുകാരുടെയും നോവലുകള്‍ ഒരു ലക്കം പിന്നിടുമ്പോഴും വാഴ്ത്തുപാട്ടുകള്‍ക്ക് ഇടംകൊടുക്കുന്ന മാധ്യമങ്ങള്‍ പലപ്പോഴും പുതിയ എഴുത്തുകാരെ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ നമ്മുടെ നോവല്‍ സാഹിത്യത്തെ ചലനാത്മകമാക്കുന്നത് മെയിന്‍ സ്ട്രിം പരിഗണനകള്‍ക്ക് പുറത്തുള്ളവരാണ് എന്ന വസ്തുത കാണാതിരുന്നുകൂടാ. സൈബര്‍ സ്‌പേസും അതിന്റെ വിനിമയങ്ങളും നമ്മുടെ വ്യക്തിജീവിതത്തെയും സാമൂഹിക വ്യവഹാരങ്ങളെയും വളരെയേറെ സ്വാധീനിക്കുന്ന സമകാലിക സന്ദര്‍ഭത്തില്‍, ശ്രദ്ധയോടെ വായിക്കേണ്ട പുസ്തകമാണ് പ്രവീണ്‍ ചന്ദ്രന്റെ അപൂര്‍ണ്ണതയുടെ ഒരു പുസ്തകം

  • നഗരവല്‍ക്കരണവും സാങ്കേതികതയും

ആഗോളീകരണവും പുതിയ തൊഴില്‍ സാഹചര്യങ്ങളും നിര്‍മ്മിച്ച സാംസ്‌കാരിക മാറ്റങ്ങള്‍ വളരെയേറെ ചര്‍ച്ചകള്‍ക്കു വിധേയമായിട്ടുണ്ട്. പ്രത്യേകിച്ചും ഐ.ടി പ്രൊഫഷണുകളുടെ ജീവിതവുമായി ബന്ധപ്പെട്ട ജീവിതസന്ദര്‍ഭങ്ങള്‍ സാഹിത്യത്തിലെ ഒഴിവാക്കാനാവാത്ത പ്രമേയമായി മാറുകയും, വ്യത്യസ്തരീതിയില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സൈബര്‍ ഐഡന്റിറ്റിയുടെ സങ്കീര്‍ണ്ണതകള്‍ സൂക്ഷ്മമായി രേഖപ്പെടുത്തുന്ന പുസ്തകം എന്ന നിലയ്ക്കാണ് അപൂര്‍ണ്ണതയുടെ ഒരു പുസ്തകം പുതുരചനകളുടെ കൂട്ടത്തില്‍ ശ്രദ്ധേയമായ ചുവടുവയ്ക്കുന്നത്. മാറിയ കാലത്ത് ചിതറിപ്പോകുന്ന സ്വത്വങ്ങളാണ് ഓരോരുത്തരും അവരറിയാതെ തന്നെ നിലനിര്‍ത്തുന്നത്. പരസ്പരമുള്ള അറിവും ആഴവും ഇല്ലാത്ത ബന്ധങ്ങളാണ് മനുഷ്യര്‍ക്കിടയിലുള്ളതെന്നു ഇതിനെ മറ്റൊരുവാക്കില്‍ വിശദീകരിക്കാം. എവിടെനിന്നോ ഒഴുകിയെത്തുന്ന, സവിശേഷമായ നിഗൂഡതകള്‍ ഒളിപ്പിച്ച വ്യക്തികള്‍ ആണ് ഇവരിലധികവും. ഒറ്റനോട്ടത്തില്‍ അസംഗതമെന്നു തോന്നാവുന്ന കാര്യങ്ങളാണ് നഗരജീവിതത്തില്‍ ഓരോരുത്തരെയും കാത്തിരിക്കുന്നത്. വേഗതയും തിരക്കുകളും ഞെരുക്കുന്ന, ഒന്നിലും സ്വയം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത വിധത്തില്‍ കുരുക്കുകള്‍ മുറുകുന്ന കാലത്തെയും സ്ഥലങ്ങളെയും അഭിമുഖീകരിക്കാതെ അവിടെ ആര്‍ക്കും മുന്നോട്ടു പോകാന്‍ കഴിയില്ല. അസ്ഥിരവും പ്രവചനാതീതവുമായ ഭാവിയാണ് നഗരജീവിതത്തിന്റെയും തൊഴില്‍ ഘടനയുടെയും മുഖമുദ്ര.
കഴിഞ്ഞ രണ്ടുദശകങ്ങളിലായി നമ്മുടെ സാമൂഹികരംഗത്തുണ്ടായ ഈ മാറ്റം അതര്‍ഹിക്കുന്ന മട്ടില്‍ സാഹിത്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. എന്നാല്‍, പ്രവീണ്‍ ചന്ദ്രനെപ്പോലുള്ള പുതിയ എഴുത്തുകാര്‍ ഈ പരിമിതികളെ നികത്താനുള്ള ശ്രമത്തിലാണെന്നു ഉറപ്പിച്ചു പറയാം.
നാലു വര്‍ഷമായി ഡല്‍ഹിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന നരേന്ദ്രന്‍ എന്ന ചെറുപ്പക്കാരനെ മുന്നറിയിപ്പൊന്നും കൂടാതെ കമ്പനി പിരിച്ചുവിടുന്നതിലാണ് നോവല്‍ തുടങ്ങുന്നത്. ഐ.ടി മേഖലയില്‍ ഇതൊരു പുതുമയല്ലെങ്കിലും ജോലി കളയാന്‍ കമ്പനി കണ്ടെത്തിയ കാരണം അയാളെ ക്ഷുഭിതനാക്കി. മറ്റൊരു ഫേമില്‍ ചേക്കാറാന്‍ കഴിയുന്ന തരത്തില്‍ സര്‍ട്ടിഫിക്കറ്റ് കവറിലാക്കി വച്ചതിനുശേഷമാണ് എച്ച്.ആര്‍.മാനേജര്‍ നരേന്ദ്രന്റെ ആവശ്യപ്രകാരം കാരണങ്ങള്‍ വിശദീകരിച്ചത്. അതില്‍ അപ്രതീക്ഷിതവും ഒരു വ്യക്തിയുടെ നൈതികമായ നിലപാടുകളെ സംശയിക്കുന്ന തരത്തിലുള്ള ഉള്ളടക്കവുമായിരുന്നു ഉണ്ടായിരുന്നത്. കമ്പനിയുടെ വിലപ്പെട്ട പല രേഖകളും നരേന്ദ്രന്റെ സിസ്റ്റത്തില്‍ നിന്നും പുറത്തേക്കു പോയെന്നു മാത്രമല്ല അത് കമ്പനിയുടെ എതിരാളികള്‍ക്ക് ലഭിച്ചു എന്നുമാണ് മാനേജര്‍ പറഞ്ഞത്. പക്ഷേ, സാങ്കേതികമായ അര്‍ത്ഥത്തില്‍ ഒരു കമ്പനിയും സുരക്ഷിതമല്ലെന്നും വ്യാജ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോകത്തുള്ള ഏതുസൈറ്റുകളും ഹാക്ക് ചെയ്യാമെന്നും നരേന്ദ്രന്‍ വിശദീകരിച്ചെങ്കിലും അതൊന്നും തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ സഹായിച്ചില്ല. ആധുനികോത്തര സമൂഹം നേരിടുന്ന സ്വത്വസംഘര്‍ഷങ്ങള്‍ വിശദീകരിക്കുവാന്‍ പര്യാപ്തമായ ജീവിത സന്ദര്‍ഭമാണ് നരേന്ദ്രന്റെ കമ്പനിയില്‍ നിന്നുള്ള മടക്കം കാണിക്കുന്നത്.
നഗരത്തിന്റെ യാന്ത്രികമായ മടുപ്പുകളും ആവര്‍ത്തനങ്ങളും അതിജീവിക്കുവാനുള്ള മാര്‍ഗം എന്ന നിലയ്ക്കാണ് വായനയിലേക്ക് അയാള്‍ തിരിഞ്ഞത്. അതിലൂടെ കിട്ടിയ അപൂര്‍വ്വം സൗഹൃദങ്ങളില്‍ ഒന്നായിരുന്നു സൂസന്നയുടെ സാമീപ്യം. അതു വികസിച്ചു ഒന്നിച്ചു താമസിക്കുന്നിടത്തോളം എത്തുകയും നഗരത്തിലെ ഒരു ഫ്‌ളാറ്റിലേക്ക് അവര് ചേക്കേറുകയും ചെയ്യുന്നു. പരസ്പരമുള്ള അറിവുകള്‍ അവര്‍ക്കിടയില്‍ കുറവായിരുന്നു. സമാനതകള്‍ ധാരാളമുണ്ടെങ്കിലും വ്യത്യസ്ഥതകളെ അവര്‍ കണ്ടിരുന്നില്ല. മറ്റൊരാര്‍ഥത്തില്‍ സമാനതകളെ മാത്രം സ്‌നേഹിച്ചവരായിരുന്നു അവര്‍. ജോലി നഷ്ടപ്പെട്ടു ഫ്‌ലാറ്റിലെത്തി നരേന്ദ്രന്‍ മറ്റൊരു ജീവിതത്തിത്തെ സ്വപ്നം കാണുകയും അനിശ്ചിതത്വത്തിന്റെ വ്യാകുലതകള്‍ ഒന്നുമില്ലാതെ കിടന്നുറങ്ങുകയും ചെയ്യുന്നു; സൂസന്നയെ അത്ഭുതപ്പെടുത്തിക്കൊണ്ട്.

  • പ്രതീതികളുടെ (ഭുവനേശിന്റെയും) ലോകങ്ങള്‍

ഉത്തരാധുനികലോകം പ്രതീതികളുടേതാണെന്ന് സാംസ്‌കാരിക വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമായും മാധ്യമപഠനങ്ങള്‍ സവിശേഷമായ വിഷയമായി പരിഗണിക്കപ്പെട്ട സന്ദര്‍ഭത്തിലാമ് ബോദ്‌ലയറിനെപ്പോലുള്ളവര്‍ അയഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചത്. സൈബര്‍ കള്‍ച്ചറിനെക്കുറിച്ച് സംവാദങ്ങള്‍ വികസിച്ചപ്പോള്‍ മാധ്യമീകൃത കാലത്തെ വ്യക്തി; സ്വേച്ഛാധികാരിയും, അതിലുമപ്പുറം അഴിഞ്ഞുപോകുന്ന ഘടനയോടുകൂടിയ സ്വത്വവുമായി മാറി. പണ്ടുകാലത്തേതില്‍ നിന്നും വ്യത്യസ്തമായ വൈകാരികമായ പങ്കുവയ്ക്കലുകള്‍ പോലും ഡിവൈസുകളോടാകുന്ന രീതിയില്‍ വ്യക്തികളുടെ സ്വകാര്യലോകങ്ങള്‍ക്ക് മാറ്റം സംഭവിച്ചു. പരാജയങ്ങള്‍, വിജയങ്ങള്‍, തിരസ്‌കാരങ്ങള്‍, ഒറ്റപ്പെടലുകള്‍, ഉന്മാദങ്ങള്‍, തുടങ്ങിയ വൈകാരികാനുഭവങ്ങള്‍ക്കെല്ലാം സാമൂഹികേതരമായ ഉത്തരങ്ങള്‍ കണ്ടെത്താന്‍ നാം കമ്പ്യൂട്ടറുകളെ ആശ്രയിച്ചു തുടങ്ങി. ഒരു പെണ്‍കുട്ടി പ്രണയത്തെ തിരസ്‌കരിച്ചാല്‍ ഉടന്‍ വ്യാജപ്രൊഫൈലുകളും ഫെയ്ക്ക് ഫോട്ടോകളും നെറ്റ് ഹാക്കിങ്ങും ഉള്‍പ്പെടെയുള്ള യാന്ത്രികപരിഹാരങ്ങളിലേക്ക് ഒരാള്‍ മാറുന്ന വിധത്തില്‍ സ്വത്വപരമായ പുനസംഘാടനം സംഭവിച്ച കാലത്തെയാണ് നാം നേരിടുന്നത്. അപൂര്‍ണ്ണതയുടെ ഒരു പുസ്തകത്തിലെ ഭുവനേശിന്റെ വരവ് കഥാഗതിയെ മാറ്റുന്നത് ഇത്തരം യന്ത്രവിധികളിലേക്ക് എളുപ്പം മാറാനുള്ള യുവാക്കളുടെ ആസക്തിയെ കൂടി സൂചിപ്പിക്കുന്നു. ജീവിതത്തിലെ സങ്കീര്‍ണ്ണതകളെ ഹൈപ്പര്‍ലിങ്ക് ആഖ്യാനത്തിലേക്ക് മികവോടെ മാറ്റാന്‍ കഴിഞ്ഞത് നോവലിസ്റ്റിന്റെ വിജയം കൂടിയാണ്.

__________________________________
ആഖ്യാനത്തിലെ പുതുമകളും ഇതിവൃത്തത്തിലെ വൈവിധ്യങ്ങളും ക്രാഫ്ടിലെ പരീക്ഷണങ്ങളും കൊണ്ട് അസാധാരണമായ ഭാവനാലോകങ്ങള്‍ തീര്‍ക്കുകയാണ് സമകാലിക മലയാളനോവലുകള്‍ എന്നത് യാഥാര്‍ത്ഥ്യമാണ്. സാഹിത്യചരിത്രത്തിന്റെ കാനോനീകരണത്തില്‍ ഈ പുതുമകള്‍ അത്രയേറെ സാന്നിധ്യമായിട്ടില്ലെങ്കിലും വരുംകാലത്ത് എഴുത്തു നേരിടുന്ന, വിശേഷിച്ചും ഫിക്ഷന്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി അതിന്റെ പരീക്ഷണാത്മകത തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാര്യങ്ങള്‍ വ്യത്യസ്തമായി അവതരിപ്പിക്കുകയെന്ന രീതി പിന്തുടരാതെ നിലനില്‍ക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യം ഓരോ എഴുത്തുകാരെയും സര്‍ഗാത്മകമായ പ്രതിസന്ധിയിലാക്കുന്നുവെന്നും പറയാം. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളില്‍ ഈ പുതുമകള്‍ തന്നെയാണ് നമ്മുടെ വായനക്കാരെ തൃപ്തിപ്പെടുത്തുന്നത്. വായനയിലും വില്‍പ്പനയിലും അഭൂതപൂര്‍വ്വമായ വളര്‍ച്ച ഫിക്ഷന്‍ സാഹിത്യം നേടിയിട്ടുണ്ട് എന്നതിനു തെളിവുകളാണ് വിറ്റഴിക്കപ്പെടുന്ന കോപ്പികളുടെ വര്‍ദ്ധനവ്
__________________________________ 

ഭുവനേശിന്റെ ദല്‍ഹിയിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നില്ല. നരേന്ദ്രന്റെ സുഹൃത്ത് സന്ദീപ് മുഖാന്തിരമാണ് അവിടേയ്ക്കുള്ള വരവ് അയാള്‍ എളുപ്പമാക്കിയത്. നരേന്ദ്രനാവട്ടെ, അയാള്‍ എത്തുന്നതിനു മുന്‍പ് ഫെസ്ബുക്കിലുള്ള വിവരങ്ങളും അഭിരുചികളും എല്ലാം കണ്ടെത്തി ഭുവനേശിനെക്കുറിച്ച് കുഴപ്പമില്ലാത്ത ഒരു ചിത്രം മനസ്സില്‍ ഉണ്ടാക്കി വച്ചിരുന്നു. അയാളുടെ ഭ്രാന്തമായ പ്രണയവും ഭാവനാലോകങ്ങളും വിചിത്രമായി തോന്നിയെങ്കിലും ഡിജിറ്റലും, സ്ഥലവും, കാലവും എല്ലാം വിഭിന്നമാകുന്നിടത്തു സ്വാഭാവികമായി സംഭവിക്കാവുന്നതാണ് അവയൊക്കെയും എന്നു നരേന്ദ്രന്‍ ആശ്വസിച്ചു. പക്ഷേ, എല്ലാം തുറന്നതെന്നു കരുതുന്ന സൈബര്‍ സ്‌പേസില്‍ കുരുക്കുകള്‍പോലെ മുറുകന്ന അവിചാരിതങ്ങള്‍ അയാളെയും സൂസന്നയും കാത്തിരിക്കുന്നതാണ് പിന്നീട് നമ്മള്‍ കാണുന്നത്.

  • ഫ്‌ളാഷ്ബാക്ക് അഥവാ യാഥാര്‍ത്ഥ്യം

നോവലിന്റെ രണ്ടാം പകുതി തുടങ്ങുന്നത് ഭുവനെശ് നരേന്ദ്രനോടു പറയുന്ന കഥയുടെ രൂപത്തിലാണ്. നരേന്ദ്രന്റെ ഫ്‌ളാറ്റിനു താഴെ അയാളുടെ സുഹൃത്തായ അജിത്തിനൊപ്പം താമസമാക്കിയ ഭുവനേശ് വിചിത്രമായ പല നീക്കങ്ങളും നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയൊരു സംഭാഷണം അവര്‍ തമ്മില്‍ ആരംഭിക്കുന്നത്. നരേന്ദ്രന്റെ പല വിശ്വാസങ്ങളും, അറിവിന്റെ അഹന്തങ്ങളും ജീവിതവീക്ഷണങ്ങളുമെല്ലാം ഒറ്റയടിക്ക് തകര്‍ത്തുകൊണ്ടാണ് ഭുവനേശിന്റെ നീക്കം തുടങ്ങുന്നതു തന്നെ. ജോലി നഷ്ടപ്പെട്ടതിന്റെ ആകുലതകളും അപമാനവും ഒരു വശത്ത്, മറു ഭാഗത്താകട്ടെ ഭ്രാന്തവും വിചിത്രവുമായ ഭുവനേശിന്റെ സ്വേച്ചാധികാര ഭാഷ്യങ്ങള്‍ കേള്‍ക്കുക. തെല്ലൊരു അപമാനത്തോടെയും ഇച്ഛാഭംഗത്തോടെയും ആണ് നരേന്ദ്രന്‍ ഭുവനേശിന്റെ കഥപറച്ചിലിനു മുന്‍പില്‍ ഇരുന്നുകൊടുക്കുന്നത്. പെര്‍ഫെക്ട് വിര്‍ച്വല്‍ സിസ്റ്റത്തെക്കുറിച്ച് അഹന്ത നിറഞ്ഞ അവകാശവാദങ്ങള്‍, തര്‍ക്കങ്ങള്‍ ഒക്കെ ഇതിനിടയില്‍ സംഭവിക്കുന്നുണ്ടെങ്കിലും, ആധുനികോത്തര മനുഷ്യര്‍ നേരിടുന്ന ഐഡാന്റിറ്റി ക്രൈസിസിനു തന്നെയാണ് എഴുത്തുകാരന്‍ ഊന്നല്‍ കൊടുക്കുന്നത് എന്നു പറയാം.
കേരളത്തിലെ പ്രധാനപ്പെട്ട ഒരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാണ് കഥവീണ്ടും തുടങ്ങുന്നത്. അച്ചടക്കവും, സമ്പന്നതയുടെ പുളപ്പുകളും, പ്രണയങ്ങളും, മധ്യവര്‍ഗ ഒറ്റപ്പെടലുകളും എല്ലാം ചേരുന്ന ഇടങ്ങളാണല്ലോ ഒട്ടുമിക്ക എഞ്ചിനീയറിംഗ് കോളേജുകളും. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. രാമനാഥന്‍ എന്ന മധ്യവയസ്‌കനും അവിവാഹിതനുമായ മാത്തമാറ്റിക്‌സ് പ്രൊഫസ്സറും ഹേമ എന്ന കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയുടെയും പ്രണയത്തിലൂടെയാണ് കഥ വികസിക്കുന്നത്. സമാനമായ അഭിരുചികള്‍ ആണ് അവരെ തമ്മില്‍ അടുപ്പിച്ചത്. സ്വന്തം സൈറ്റുകളിലൂടെ സാഹിത്യവും തത്വചിന്തകളും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ കണക്ക് എന്ന വിഷയത്തെ കാല്‍പ്പനികതയോടു ചേര്‍ത്തു അവതരിപ്പിക്കുന്ന പ്രൊഫസ്സറെയാണ് ഹേമ സ്‌നേഹിച്ചത്. കുടുംബത്തില്‍ ഏകയായി മാറിയ അവള്‍ക്കു ചിലപ്പോള്‍ മരിച്ചുപോയ പിതാവിനെയാണ് രാമനാഥനില്‍ കാണാന്‍ കഴിഞ്ഞത്. എങ്കിലും ഒരു ഘട്ടത്തില്‍ ഫേസ്ബുക്ക് ചാറ്റിങ്ങുകള്‍ അനിവാര്യതകളായി അവര്‍ക്കു തോന്നി. തുടര്‍ന്ന് കാമ്പസിനെയും കുടുംബത്തെയുമെല്ലാം അത്ഭുതപ്പെടുത്തികൊണ്ട് അവര്‍ ഒന്നിച്ചു താമസിക്കുന്നു. പക്ഷേ, അധികം വൈകാതെ ജീവിതത്തെ മുഖാമുഖം കണ്ട അവര്‍ക്ക് ഫേസ്ബുക്കിലെ അല്‍ഗോരിതങ്ങള്‍ക്കപ്പുറത്താണ് യാഥാര്‍ത്ഥ്യങ്ങളെന്നു തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍ കോളേജിലെ മറ്റൊരു വിദ്യാര്‍ത്ഥിക്കു അവളോടു തോന്നിയ പ്രണയം പ്രതികരണത്തിന്റെ യാന്ത്രിക ലോകത്തേക്ക് കടന്നു കഴിഞ്ഞിരുന്നു. പ്രണയത്തിന്റെ ആവേശം കെട്ടടങ്ങിയ ഹേമയ്ക്കും രാമനാഥനും തടയാനാവാത്ത വിധത്തില്‍ സൈബര്‍ ഇടങ്ങളിലെ പ്രതികാരനടപടികള്‍ തുടരുകയും ഒരേ സമയം വെര്‍ച്വല്‍ ലോകത്തും യഥാര്‍ത്ഥ ജീവിതത്തിലും പരാജയം രുചിക്കുകയും ചെയ്തു. തന്നെ സമര്‍ത്ഥമായി പിന്തുടരുന്ന ഹാക്കര്‍മാരുടെ ചതിക്കുഴികളെ തിരിച്ചറിയുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. പ്രൊഫസറുടെ അക്കൗണ്ട് ഉപയോഗിച്ച് പത്തോളം പേരില്‍ നിന്നും വന്‍തുകകള്‍ കൈക്കലാക്കി അയാളെ ഒരിക്കലും രക്ഷപ്പെടാനാവാത്ത കുരുക്കില്‍പ്പെടുത്തുകയാണ് ഹാക്കര്‍ ചെയ്തത്. പലപ്പോഴും ഓണ്‍ലൈനില്‍ സൗഹൃദഭാവത്തോടെ ചാറ്റിങ്ങില്‍ ഏര്‍പ്പെട്ടാണ് ഇത്തരം കെണികള്‍ അവര്‍ തീര്‍ത്തതെന്നും കാണാം. പുതിയകാലത്തെ അദൃശ്യനായ എതിരാളി നമ്മുടെ പരിചിതവലയങ്ങളില്‍ ചുറ്റിത്തിരിഞ്ഞു നടക്കുന്ന കോമാളികള്‍ ആവാം. പ്രണയവും രതിയും ആസക്തികളും കൂടിചേരുന്ന ലഹരികളുടെ അപൂര്‍വ്വലോകങ്ങള്‍ നമ്മുടെ മെട്രോകളില്‍ സാധാരണമായ പാശ്ചാത്തലത്തില്‍, വര്‍ത്തമാനകാലത്തെ രേഖപ്പെടുത്തുകയാണ് ഈ നോവല്‍ ചെയ്യുന്നത്.

  • ജീവിതത്തിന്റെ ലിങ്കുകള്‍ (അപൂര്‍ണ്ണതയുടെയും)

നോവലിന്റെ മൂന്നാം ഭാഗത്തു വായനക്കാരെ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ തിരിവുകളും ചുഴികളുമാണ്. കഥയിലെ ഹേമയെക്കുറിച്ച് ഭുവനേശ് പുലര്‍ത്തിയ നിശബ്ദത അലോസരപ്പെടുത്തിയതിനാല്‍ നരേന്ദ്രന്‍ ആവര്‍ത്തിച്ചു അവളെക്കുറിച്ച് ചോദിക്കുന്നു. മറുപടിയായി ലഭിച്ചത് ഇങ്ങനെ: ”പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. സുഖമായി ജീവിക്കുന്നു. നിങ്ങളോടൊപ്പം കഥയിലെ ഹേമയാണ് നിങ്ങളുടെ സൂസന്ന” (പുറം 114) അപരിചിതമായ ഭൂതകാല സൗഹൃദത്തെ പഴിക്കാനാവില്ലെങ്കിലും, സൂസന്നയോടൊപ്പമുള്ള ജീവിതത്തെ തള്ളാന്‍ കഴിയില്ലെങ്കിലും നരേന്ദ്രന് ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ഏറെ സമയം വേണ്ടിവന്നു. പ്രതികാരബുദ്ധിയോടെ പിന്തുടര്‍ന്ന കാമുകനായ ഭുവനേശിന്റെ അഹന്തനിറഞ്ഞ നീക്കങ്ങളെ തടയുകയെന്നതായി പിന്നീട് അയാളുടെ ലക്ഷ്യം. ഭുവനേശിന്റെ കമ്പ്യൂട്ടര്‍ സെര്‍വര്‍ തകര്‍ക്കാന്‍ കഴിഞ്ഞെങ്കിലും അയാളുടെ പിതാവിന്റെ സ്‌നേഹം നിറഞ്ഞ എഴുത്ത് മെയില്‍ബോക്‌സില്‍ എത്തുമ്പോഴേയ്ക്കും ഭുവനേശ് ഈ ലോകത്തുനിന്ന് വിടപറഞ്ഞിരുന്നു.
അപൂര്‍ണ്ണമായ ജീവിതത്തിന്റെ ലിങ്കുകള്‍ കണ്ടെത്തുകയാണ് നരേന്ദ്രന്റെ ലക്ഷ്യമെന്നു നോവലിന്റെ തുടക്കത്തില്‍ ആഖ്യാതാവ് സൂചിപ്പിക്കുന്നുണ്ട്. അയാള്‍ സ്വയം പൂരിപ്പിക്കുന്ന ജീവിതത്തിന്റെ ഖണ്ഡങ്ങള്‍ മികച്ച രീതിയില്‍ തുന്നിപ്പിടിപ്പിക്കുവാന്‍ എഴുത്തുകാരന്‍ കാണിച്ച വൈദഗ്ധ്യം അനന്യമാണ്. വെട്ടിയും തിരുത്തിയും ചിന്തേരിട്ട സുതാര്യമായ ആഖ്യാനശൈലി പുതിയ എഴുത്തുകാരന്റെ പരിഭ്രമങ്ങള്‍ ഒട്ടും തന്നെ പ്രകടിപ്പിക്കുന്നില്ല എന്നും പറയാം. അല്ലെങ്കിലും വിഭ്രമിപ്പിക്കുന്ന വേഗതയില്‍ കാലം മുന്നേറുമ്പോള്‍ അതിന് എതിരെ നില്‍ക്കുവാന്‍ എഴുത്തുകാരനാവില്ല. പ്രവീണ്‍ ചന്ദ്രനു അതു നന്നായി അറിയാമെന്നതിന്റെ തെളിവാണ് ഈ നോവല്‍.
___________________________________
അപൂര്‍ണ്ണതയുടെ ഒരു പുസ്തകം, പ്രവീണ്‍ ചന്ദ്രന്‍, മാതൃഭൂമി ബുക്‌സ് കോഴിക്കോട്

Top