സവര്‍ണ ശരീരങ്ങളും കീഴാള ഇടപെടലുകളും: പുതിയ ചെറുപ്പത്തിന്റെ വര്‍ത്തമാനങ്ങള്‍

സവര്‍ണ വിദ്യാര്‍ത്ഥികളുടെ ശാരീരിക സാന്നിധ്യം പോലും കീഴാള സമരങ്ങളെ സ്വാംശീകരിക്കാന്‍ മാത്രം പര്യാപ്തമാണെന്നത് നിലനില്‍ക്കുന്ന വരേണ്യ സങ്കല്പം എത്ര മാത്രം ജാതി-ശരീര കേന്ദ്രീകൃതമാണ് എന്ന് കൂടിയാണ് വ്യക്തമാക്കുന്നത്.
വിവേചനങ്ങള്‍ക്കെതിരെയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും നിത്യജീവിതത്തില്‍ നിരന്തരം കലഹിക്കേണ്ടി വരുന്നവരെ സംബന്ധിച്ചിടത്തോളം വിപ്ലവം പ്രതീക്ഷിച്ച് ഒരു പ്രത്യേക സുദിനത്തില്‍ തെരുവിലേക്കും ഫേസ്ബുക്കിലേക്കും ഇറങ്ങി പുറപ്പെടാന്‍ കഴിയുക എന്നത് തന്നെ സവര്‍ണ പ്രിവിലേജാണ്. തുനിഷ്യന്‍ വിപ്ലവത്തില്‍ രക്തസാക്ഷിത്വം വരിച്ച ബുഅസീസിമാരെ മറന്നുകൊണ്ട് ;അറബ് വസന്തം എന്ന് കേട്ടപ്പോഴേക്കു ഫേസ്ബുക്ക് തുറന്നു വിപ്ലവും വരുന്നത് കാത്തിരിക്കാന്‍ മാത്രം വിഡ്ഢികളല്ലാത്ത ഒരു തലമുറ കൂടി ഇവിടെയുണ്ട് എന്ന് മനസിലാക്കുന്നത് ലേഖികക്കും മറ്റുപലര്‍ക്കും നല്ലതാണ്.

അമേരിക്കന്‍ വെള്ളക്കാര്‍ തങ്ങളുടെ യുവത്വം നിലനിര്‍ത്താനായി ഇന്ത്യയിലെ ചേരികളില്‍ നിന്നു ശരീരം വാങ്ങുന്നതിനെ കുറിച്ച് മഞ്ജുള പത്മനാഭന്റെ ‘ഹാര്‍വെസ്റ്റ് ‘ എന്ന നാടകത്തില്‍ പറയുന്നുണ്ട്. ശരീര വില്പന പ്രക്രിയയില്‍ വില്‍ക്കപ്പെടുന്ന ശരീരത്തെ രോഗാണു വിമുക്തമാക്കാന്‍ അണുനാശിനി പ്രയോഗിക്കുന്നതും ഇതില്‍ ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തില്‍ അണുനാശിനി പ്രയോഗം കൊണ്ട് പോലും മാറാത്ത ഒന്നുണ്ട്. അതാണ് ജന്മം കൊണ്ട് ലഭിക്കുന്ന ജാതി. ജാതീയാധിഷ്ഠിത ശരീരങ്ങള്‍ (ആഖ്യാനപരതയുള്ള ജാതി അടയാങ്ങള്‍ പ്രകടമാക്കുന്ന ശരീരങ്ങള്‍) എങ്ങനെയാണ് ജാതി മേധാവിത്വം കാത്തു സൂക്ഷിക്കുന്നത് എന്നുംകീഴാള ഇടപെടലുകളെ അസ്പഷ്ടമാക്കുന്നത് എന്നുമാണ് ഈ ലേഖനത്തില്‍ അന്വേഷിക്കാന്‍ ശ്രമിക്കുന്നത്. അതോടൊപ്പം മാതൃഭൂമി ആഴ്ചപതിപ്പില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി അരുന്ധതി നാലുകെട്ടില്‍ എഴുതിയ ലേഖനത്തോട് (സമരമാണ് പെണ്ണിന്റെ ഫേസ്ബുക്ക് ജീവിതവും, ലക്കം 17) ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ തന്നെ ഒരു മുസ്ലിം വിദ്യാര്‍ത്ഥിയുടെ വിമര്‍ശനം കൂടിയാണിത്.
വരാനിരിക്കുന്ന സമൂഹത്തിന്റെ അല്ലെങ്കില്‍ നില നിലനില്‍ക്കുന്ന സമൂഹത്തിന്റെ പരിഛേദമായിട്ടാണ് കാമ്പസുകളെ സാധാരണ അടയാളപ്പെടുത്താറുള്ളത്. എന്നാല്‍ എങ്ങനെയുള്ള കാമ്പസുകള്‍ക്കാണ് ഇത്തരത്തില്‍ രാജ്യത്തിന്റെ പ്രതീക്ഷയും സമൂഹത്തിന്റെ പരിച്ചേദവുമാകാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളത് എന്നന്വേഷിക്കുമ്പോഴാണ് നമ്മുടെ പൊതുമണ്ഡലത്തിലെ സവര്‍ണ്ണ മേധവിത്വം എങ്ങനെയാണ് കാമ്പസുകളെ നിര്‍ണ്ണയിക്കുന്നത് എന്ന് മനസ്സിലാവുക. സവര്‍ണാധികാരത്തിന് പോറലേല്‍പ്പിക്കാത്ത കാമ്പസ് ഇടപെടലുകള്‍ക്ക് മാത്രമാണ് മുഖ്യധാരാ പരിവേഷം ലഭിച്ച് പോന്നിട്ടുള്ളത്. ഉന്നത ജാതി വിദ്യാര്‍ത്ഥികളുടെ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭ കാലത്ത് ഐ.ഐ.ടി കള്‍ക്കും എയിംസിനും ഇത്തരത്തില്‍ രാജ്യത്തിലെ വിദ്യാര്‍ത്ഥികളുടെ പൊതു മനസാക്ഷിയാവാന്‍ ഭാഗ്യം ലഭിച്ചത് അവ ഉന്നത ജാതി വിദ്യാര്‍ത്ഥികളുടെ പൊതു മനസാക്ഷിയായിരുന്നു എന്നത് കൊണ്ട് കൂടിയാണ്.
ഈ സവര്‍ണാധികാരത്തിനു ധൈഷണികമായും ശാരീരികമായും പരിക്കേല്പിച്ചു എന്നിടത്താണ് ബാബരിയാനന്തരം മുസ്ലിം ഇടപെടുലകളുടെയും മണ്ഡലാനന്തര ദളിത്-പിന്നാക്ക ഇടപെടലുകളുടെയും പ്രസക്തി. കാമ്പസുകളിലെ അധികാരത്തിനു പരിക്കേല്പിക്കുക എന്നത് തന്നെയാണ് കാമ്പസുകളെ കൂടുതല്‍ വിശാലമാക്കാനും ജനാധിപത്യവല്‍ക്കരിക്കാനുമുള്ള വഴി. ഒരു ദളിത്-മുസ്ലിം വിദ്യാര്‍ത്ഥിയുടെ ശാരീരിക സാന്നിധ്യം പോലും നോര്‍മാട്ടിവ്‌സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്ക് നേരെയുള്ള ശക്തമായ പ്രതികരണമാണ്. സവര്‍ണ സാധാരണത്വങ്ങളെ അസാധാരണത്വം (അല്ലെങ്കില്‍ അപരത്വം) കൊണ്ട് പൊളിക്കുന്നു എന്നത് കൊണ്ടാണ് ഇഫ്‌ളുവിലെ പോലീസധികാരത്തില്‍ കൊല്ലപ്പെട്ട മുദ്ദസിര്‍ കമ്രാന്‍ എന്ന കാശ്മീരി മുസ്ലിം വിദ്യാര്‍ത്ഥിയുടെ ശരീരംപോലും അപകടകാരിയായത്. ഇന്ത്യന്‍ ദേശീയതയ്ക്ക് തന്നെ പോറലേല്‍പ്പിക്കാന്‍ മാത്രം ശക്തമാണ് ഒരു കാശ്മീരി മുസ്ലിം വിദ്യാര്‍ത്ഥിയുടെ കേവല ശാരീരിക സാന്നിധ്യം. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പുല്യാല രാജു എന്ന ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയും അതിനെ തുടര്‍ന്ന് നടന്ന സമരങ്ങളും ഇതിന്റെ കൂടെ കൂട്ടി വായിക്കപ്പെടണം.
ശരീരം കേവലം ഫിസിക്കല്‍ ആയിട്ടുള്ള ഒന്ന് മാത്രമല്ല എന്നും അതിന് സാംസ്‌കാരിക മൂല്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ശേഷിയുണ്ട് എന്നതും നിസ്തര്‍ക്കമാണ്. വ്യത്യസ്ത രൂപങ്ങളില്‍ അധികാരം പ്രകടമാക്കുന്ന ഇടം കൂടിയാണ് ശരീരം.

_______________________________
ഇന്ത്യയിലേക്ക് വരുമ്പോള്‍ ശരീര നിര്‍മിതി തന്നെ ജാതിയാടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ബ്രഹ്മാവിന്റെ ശരീരത്തിലെ വ്യത്യസ്ത ഭാഗങ്ങള്‍ വ്യത്യസ്ത ജാതികളെ സൃഷ്ടിക്കുന്നുവെന്ന ജാതി വിശ്വാസത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ഇന്ത്യയില്‍ ജാതി വ്യവസ്ഥ നില നില്‍ക്കുന്നത്. ഇത്പ്രകാരം ദളിത് ശരീരങ്ങള്‍ ആട്ടിയോടിക്കപ്പെടുമ്പോള്‍ ബ്രാഹ്മണ ശരീരങ്ങള്‍ സ്വീകരിച്ച് ആനയിക്കപ്പെടുന്നു. ചുണ്ടുരു മുതല്‍ ഖൈര്‍ലാഞ്ചി വരെയുള്ള ദളിത് കൂട്ടക്കുരുതികള്‍ സവര്‍ണ്ണരുടെ ശരീരത്തിന് മുകളില്‍ അല്ലെങ്കില്‍ സവര്‍ണ ശരീര ഇടത്തില്‍ അവര്‍ണ ജാതിക്കാര്‍ കാലെടുത്ത് വെച്ച് എന്ന് പറഞ്ഞിട്ടായിരുന്നു. ബോംബെ കലാപ കാലത്ത് മാര്‍ഗം ചെയ്യപ്പെട്ട ലിംഗം നോക്കി മുസ്ലീംകളെ കൊന്നതിന്റെ കണക്ക് കൂടി പരിശോധിക്കുമ്പോഴാണ് ശരീരത്തില്‍ മതത്തിന്റെ അളവ് കൂടി ബോധ്യമാവുക. കൈ കൂപ്പി നില്‍ക്കുന്ന ഖുദ്ദഖ്ദ്ധീന് അന്‍സാരിയുടെ ശരീരം തന്നെയാണ് ഇതിന്റെ ജീവിക്കുന്ന രക്തസാക്ഷി.
_______________________________ 

കറുത്തവര്‍ഗക്കാര്‍ നിരന്തരം എതിരിടുന്നത് വെളുത്ത വരേണ്യ ശരീരത്തെ തന്നെയാണ്. അവിടെ വെളുത്ത ശരീരം സ്വയം തന്നെ ഒരു അധികാര ചിഹ്നമാണ്. ശരീര നിറം കറുപ്പായത് കൊണ്ട് മാത്രം കൂടുതല്‍ ചെക്കിങ്ങും അപമാനവും നേരിടേണ്ടി വരുന്നതിനെക്കുറിച്ചുള്ള കറുത്ത വര്‍ഗക്കാരുടെ ആഖ്യാനങ്ങള്‍ ദിനേനയെന്നോണം ഓണ്‍ലൈന്‍ പോര്‍ട്ടറുകളില്‍ വരാറുണ്ട്. ശരീര നിറം വെളുപ്പായത് കൊണ്ട് മാത്രം സൗജന്യ ലഗേജ് അനുവദിക്കുന്ന വിമാന കമ്പനിയെ കുറിച്ച് മീന കന്ദസാമി ഈയടുത്ത് എഴുതിയിരുന്നു. വംശീയതയെ കുറിച്ചുള്ള പഠനങ്ങള്‍ എല്ലാം തന്നെ വെളുത്ത ശരീരം പ്രകടമാക്കുന്ന അധികാരാകാരത്തിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നതാണ്.
ഇന്ത്യയിലേക്ക് വരുമ്പോള്‍ ശരീര നിര്‍മിതി തന്നെ ജാതിയാടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ബ്രഹ്മാവിന്റെ ശരീരത്തിലെ വ്യത്യസ്ത ഭാഗങ്ങള്‍ വ്യത്യസ്ത ജാതികളെ സൃഷ്ടിക്കുന്നുവെന്ന ജാതി വിശ്വാസത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ഇന്ത്യയില്‍ ജാതി വ്യവസ്ഥ നില നില്‍ക്കുന്നത്. ഇത്പ്രകാരം ദളിത് ശരീരങ്ങള്‍ ആട്ടിയോടിക്കപ്പെടുമ്പോള്‍ ബ്രാഹ്മണ ശരീരങ്ങള്‍ സ്വീകരിച്ച് ആനയിക്കപ്പെടുന്നു. ചുണ്ടുരു മുതല്‍ ഖൈര്‍ലാഞ്ചി വരെയുള്ള ദളിത് കൂട്ടക്കുരുതികള്‍ സവര്‍ണ്ണരുടെ ശരീരത്തിന് മുകളില്‍ അല്ലെങ്കില്‍ സവര്‍ണ ശരീര ഇടത്തില്‍ അവര്‍ണ ജാതിക്കാര്‍ കാലെടുത്ത് വെച്ച് എന്ന് പറഞ്ഞിട്ടായിരുന്നു. ബോംബെ കലാപ കാലത്ത് മാര്‍ഗം ചെയ്യപ്പെട്ട ലിംഗം നോക്കി മുസ്ലീംകളെ കൊന്നതിന്റെ കണക്ക് കൂടി പരിശോധിക്കുമ്പോഴാണ് ശരീരത്തില്‍ മതത്തിന്റെ അളവ് കൂടി ബോധ്യമാവുക. കൈ കൂപ്പി നില്‍ക്കുന്ന ഖുദ്ദഖ്ദ്ധീന് അന്‍സാരിയുടെ ശരീരം തന്നെയാണ് ഇതിന്റെ ജീവിക്കുന്ന രക്തസാക്ഷി.
ടെക്‌നോ പാര്‍ക്കില്‍ വിവേചനം നേരിട്ട സൗമ്യ പറയുന്നത് സര്‍ട്ടിഫിക്കറ്റിലും ഗ്രേഡിലും ഒന്നുമല്ല നേരില്‍ കണ്ടപ്പോഴാണ് മുകളില്‍ തട്ടിലുള്ളവര്‍ക്ക് പ്രശ്‌നമായത് എന്നാണ്. സൗന്ദര്യം, നിറം, ആകര്‍ഷണീയത എന്നിവ എങ്ങനെയാണ് സെലക്ഷന്‍ മാനദണ്ഡമാവുന്നതെന്ന് കേരളീയ ധൈഷണിക മണ്ഡലം ഇനിയും ചര്‍ച്ച ചെയ്തിട്ടില്ല. ഈ സംഭവത്തെ മുന്‍നിര്‍ത്തി ദളിത് വെബില്‍ മീനു എഴുതിയ ലേഖനത്തില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചുംബനസമരത്തിന്റെ മീഡിയ കവറേജില്‍ നിന്നും ഇരുണ്ട നിറമുള്ള സംഘാടകര്‍ മാറ്റി നിര്‍ത്തപ്പെട്ടത് എങ്ങനെയാണ് എന്ന് പറയുന്നുണ്ട്. വര്‍ണ ശബളമായ കാമറ ഫ്രെയിമില്‍ നിന്നും ഇരുണ്ട ശരീരങ്ങള്‍ വഴുതി പോകുന്നതും ഇരു നിറമുള്ളവരുടെ ശരീരദൃശ്യങ്ങളില്ലാതെ ശബ്ദം മാത്രം അവശേഷിക്കുന്നതും നില നില്‍ക്കുന്ന ജാതി സമവാക്യ വാര്‍പ്പ് മാതൃകയുടെ തുടര്‍ച്ചകൂടിയാണെന്ന് മീനു നിരീക്ഷിക്കുന്നുണ്ട്.
ഇതിനു പുറമെയാണ് ശരീരത്തിലെ അലങ്കാരങ്ങള്‍ നല്‍കുന്ന ജാതി/മത വ്യത്യസ്തത. വൃന്ദ കാരാട്ടിനെ അനുസ്മരിപ്പിക്കുന്ന വലിയ പൊട്ട് അരുന്ധതിക്ക് നാലുകെട്ടിന് നല്‍കുന്ന സുരക്ഷിതത്വം മഫ്ത ധരിച്ച നബാലക്ക് കിട്ടുകയില്ല എന്നിടത്താണ് ശരീരത്തിന്റെ അലങ്കാരം തന്നെയും പ്രശ്‌നമാവുന്നത്. സി.ബി.എസ്.സി നിഷ്‌കര്‍ഷിച്ച ഡ്രസ്സ് കോഡ് ധരിച്ചിട്ടും പരീക്ഷ എഴുതാതെ മടങ്ങേണ്ടി വന്ന സിസ്റ്റര്‍ സബയും ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്. ശരീരത്തിന്റെ പേരിനു കൂടെയുള്ള ജാതി/തറവാട് വാല് കൂടി ഇവിടെ ചേര്‍ത്ത് വായിക്കണം. ഇ.എം.സിന്റെ ജാതി വാലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആവര്‍ത്തിക്കുന്നില്ല. സവര്‍ണ ശരീരങ്ങള്‍ തന്നെയാണ് എന്നും അവര്‍ണ ശരീരങ്ങള്‍ക്ക് മേല്‍ ഭീതിയുടെ നിഴല്‍ വീഴ്ത്തിയിട്ടുള്ളത്.

_______________________________

നിരന്തര നിരീക്ഷണങ്ങളിലൂടെ ഭരണകൂടം എങ്ങനെയാണ് ഭരണീയരുടെ ശരീരത്തെ അച്ചടക്കവല്‍ക്കരിക്കുന്നതെന്നും അതിലൂടെ അധികാരം നിലനിര്‍ത്തുന്നതെന്നും മിഷേല്‍ ഫൂക്കോ പഠന വിധേയമാക്കുന്നുണ്ട്. രാജാവിന്റെ ശരീരം എങ്ങനെയാണ് രാജാധിപത്യത്തെ താങ്ങി നിര്‍ത്താന്‍ അനിവാര്യമാകുന്നത് എന്നും ഫൂക്കോ അപഗ്രഥിക്കുന്നണ്ട്. ഇന്ത്യയില്‍ കുറെ കൂടെ വ്യക്തമാണ് കാര്യങ്ങള്‍. തൊട്ടുകൂടായ്മ നിലനില്‍ക്കുന്ന രാജ്യത്ത് ശരീരങ്ങളുടെ അധികാര സ്വഭാവം വളരെ പ്രകടമാണ്. സവര്‍ണന്റെ ശരീരത്തില്‍ നിഴല്‍ പോലും വീഴാന്‍ പാടില്ലാത്ത വണ്ണം അരികില്‍ നിന്നും പുറമ്പോക്കിലേക്കെറിയപ്പെട്ട പിന്നാക്ക ജനതയുടെ ശരീരത്തെ ‘എന്റെ ശരീരം’ ‘എന്റെ അവകാശം’ എന്ന കേവല മുദ്രാവാക്യം കൊണ്ട് മറികടക്കാനാവില്ല. സഞ്ജയ് ഗാന്ധിയുടെ കൂട്ട വന്ധ്യംകരണം മുതല്‍ നരേന്ദ്രമോഡിയുടെ മുസ്ലിം കൂട്ടക്കൊല വരെയുള്ള വംശീയ ഹത്യകള്‍ വിവിധരൂപത്തില്‍ ഭയം ജനിപ്പിച്ച് പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങളെ അടക്കിനിര്‍ത്താനും അവരുടെ എണ്ണം കുറക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളായിരുന്നു.
_______________________________ 

ഇത്തരത്തില്‍ ഇന്ത്യയിലെ ജാതി വ്യവസ്ഥയെ കുറിച്ചുള്ള മിനിമം കോമ്മണ്‍സെന്‍സു പോലും ഇല്ലാത്തതിന്റെ ഉദാഹരണം കൂടിയാണ് സവര്‍ണ ശരീരം എന്നു പറയുന്നതിനെ സ്ത്രീ വിരുദ്ധമായി കാണുന്ന മനോഘടന. തൊള്ളായിരത്തി എണ്‍പതുകള്‍ക്ക് ശേഷമുള്ള ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ പലപ്പോഴും കീഴാള മുന്നേറ്റങ്ങളുടെ മുനയൊടിക്കാന്‍ കൂടിയാണ് ഉപയോഗിക്കപ്പെട്ടത്. മണ്ഡല്‍ വിരുദ്ധ സമരങ്ങളിലെ സ്ത്രീവാദങ്ങള്‍ മുതല്‍ തുണിഷ്യയിലെ ഫെമെന്‍ സമരങ്ങള്‍ വരെ ഇത്തരത്തിലുള്ളവയായിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ് അരുദ്ധതി പ്രയോഗിക്കുന്ന സ്ത്രീ വിരുദ്ധത എന്ന ചാപ്പകുത്തല്‍. തനിക്ക് ലഭിക്കുന്ന മീഡിയ കവറേജ് എങ്ങനെയാണ് തന്റെ വെളുത്ത ശരീരവുമായി ബന്ധപ്പെട്ട് കിടക്കുന്നതെന്ന് അരുന്ധതി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതിന്റെ കൂടെ തന്നെ മനസിലാക്കേണ്ടതാണ് ഇന്ത്യയില്‍ വെളുപ്പിനെയും തറവാടിനെയും കൂട്ടി ചേര്‍ക്കുന്ന ജാതി ഘടന. തന്റെ ശരീരത്തിലെ ജാതിയെ കുടഞ്ഞെറിയുന്നതിനു പകരം നാലകെട്ടില്‍ എന്ന് അഭിമാനപൂര്‍വം തന്റെ പേരിന്റെ കൂടെ ചേര്‍ത്ത് അത് പ്രതിഷേധസൂചകമാണ് എന്ന് പറയുമ്പോള്‍ ആ തറവാട്ട് മഹിമ നല്‍കുന്ന പ്രത്യേകാധികാരങ്ങളെയാണ് അരുന്ധതി കണ്ടില്ലെന്ന് നടിക്കുന്നത്.
നിരന്തര നിരീക്ഷണങ്ങളിലൂടെ ഭരണകൂടം എങ്ങനെയാണ് ഭരണീയരുടെ ശരീരത്തെ അച്ചടക്കവല്‍ക്കരിക്കുന്നതെന്നും അതിലൂടെ അധികാരം നിലനിര്‍ത്തുന്നതെന്നും മിഷേല്‍ ഫൂക്കോ പഠന വിധേയമാക്കുന്നുണ്ട്. രാജാവിന്റെ ശരീരം എങ്ങനെയാണ് രാജാധിപത്യത്തെ താങ്ങി നിര്‍ത്താന്‍ അനിവാര്യമാകുന്നത് എന്നും ഫൂക്കോ അപഗ്രഥിക്കുന്നണ്ട്. ഇന്ത്യയില്‍ കുറെ കൂടെ വ്യക്തമാണ് കാര്യങ്ങള്‍. തൊട്ടുകൂടായ്മ നിലനില്‍ക്കുന്ന രാജ്യത്ത് ശരീരങ്ങളുടെ അധികാര സ്വഭാവം വളരെ പ്രകടമാണ്. സവര്‍ണന്റെ ശരീരത്തില്‍ നിഴല്‍ പോലും വീഴാന്‍ പാടില്ലാത്ത വണ്ണം അരികില്‍ നിന്നും പുറമ്പോക്കിലേക്കെറിയപ്പെട്ട പിന്നാക്ക ജനതയുടെ ശരീരത്തെ ‘എന്റെ ശരീരം’ ‘എന്റെ അവകാശം’ എന്ന കേവല മുദ്രാവാക്യം കൊണ്ട് മറികടക്കാനാവില്ല. സഞ്ജയ് ഗാന്ധിയുടെ കൂട്ട വന്ധ്യംകരണം മുതല്‍ നരേന്ദ്രമോഡിയുടെ മുസ്ലിം കൂട്ടക്കൊല വരെയുള്ള വംശീയ ഹത്യകള്‍ വിവിധരൂപത്തില്‍ ഭയം ജനിപ്പിച്ച് പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങളെ അടക്കിനിര്‍ത്താനും അവരുടെ എണ്ണം കുറക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശാരീരിക സാന്നിധ്യം എന്ത് കൊണ്ടാണ് ഭയം ജനിപ്പിക്കുന്ന ഒന്നായി മാറുന്നത് എന്നിടത്താണ് ശരീരത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ എന്റെ ശരീരം എന്റെ അവകാശം എന്ന കേവല വ്യക്തി വാദ ലിബറല്‍ വ്യവഹാരത്തെ തന്നെയും ചോദ്യം ചെയ്തുമുന്നോട്ട് പോകേണ്ടത്.
വ്യക്തികളുടെ ശരീരത്തില്‍ ഇടപെടുന്ന അധികാരത്തിന്റെ പ്രാപഞ്ചികത നിര്‍മിക്കുന്ന സാമൂഹിക ശരീരത്തെ കുറിച്ചും ഫൂക്കോ സംസാരിക്കുന്നുണ്ട്. ഇവിടെയാണ് ചില ശരീരങ്ങള്‍ സാമുദായികമാകുന്നതിന്റെയും ചില ശരീരങ്ങള്‍ വൈയക്തികമാകുന്നതിന്റെയും രാഷ്ട്രീയം നാം മനസിലാക്കേണ്ടത്. അരുന്ധതിയുടെ മാതൃഭൂമി ലേഖനത്തില്‍ ആകെ പരാമര്‍ശിക്കപ്പെടുന്ന സംഘടനയാണ് എസ്.ഐ.ഒ. പലരെക്കുറിച്ചും പറയുമ്പോഴും അവരുടെ ജാതിയോ മതമോ സമുദായമോ പറയാതെ കേരളീയ പുരുഷന്‍ എന്ന് പറുന്നവര്‍ എന്ത് കൊണ്ട് മുസ്ലിം വിദ്യാര്‍ത്ഥിയുടെ വിമര്‍ശനം മാത്രം അവന്റെ സംഘടനയുടെ /മതത്തിന്റെ /സമുദായത്തിന്റെ അക്കൗണ്ടില്‍ വരവ് വെക്കുന്നു എന്നിടത്താണ് മുസ്ലിം വിരുദ്ധതയുടെയും സാമൂഹിക അധികാരത്തിന്റെയും അടിവേര് കിടക്കുന്നത്. ചുംബന സമരത്തെ എതിര്‍ക്കുന്നവരെ കുറിച്ച് ചോദിച്ചപ്പോള്‍ അതിലൊരു സംഘാടക; മീഡിയയോട് മുസ്ലിം സംഘടനകളുടെ പേര് എണ്ണി പറഞ്ഞുകൊണ്ട് പ്രകടിപ്പിച്ച അസ്സര്‍ട്ടീവ് മുസ്ലിം ചെറുപ്പത്തോടുള്ള വെറുപ്പ് തന്നെയാണ് മറ്റൊരു രൂപത്തില്‍ അരുന്ധതിയും പങ്കുവെക്കുന്നത്. കീഴാള സമുദായങ്ങളെ കുറിച്ചുള്ള ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ എങ്ങനെയാണ് കീഴാള വിരുദ്ധമാവുന്നതെന്ന് ജെനി റൊവിന ചൂണ്ടി കാണിക്കുന്നുണ്ട്. കീഴാള സമുദായങ്ങളെ കുറിച്ചുള്ള ഫെമിനിസ്റ്റ് സംഭാഷണങ്ങള്‍ മാത്രമാണ് വ്യക്തമായി ഈ സമുദായങ്ങളിലെ ആണ്‍കോയ്മയെ പേരെടുത്ത് അടയാളപ്പെടുത്തുന്നതെന്നും, സവര്‍ണ സമുദായങ്ങള്‍ ഇങ്ങനെയൊരു പ്രക്രിയയില്‍ നിന്നും വഴുതി മാറുന്നുവെന്നും ജെനി പറയുന്നുണ്ട്.
ഫേസ്ബുക്കില്‍ ചുംബന സമരത്തോട് വിമര്‍ശനാത്മകമായി പ്രതികരിച്ച മുസ്ലിം ചെറുപ്പക്കാരെക്കുറിച്ച് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റായിരുന്ന ടി മുഹമ്മദിനോട് പറയുന്ന ജെ.ദേവികയുടെ നിലപാട് കൂടി ഇതോട് ചേര്‍ത്ത് വായിക്കാനാവുന്നതാണ്. പ്രസ്തുത സംവാദത്തെ സൊല്ലയെന്നു വിളിച്ചധിക്ഷേപിക്കുക മാത്രമല്ല, അതിനെ ചേര്‍ത്ത് വെച്ച് കൊണ്ട് സോളിഡാരിറ്റിയെന്ന ‘നല്ല മുസ്ലിമി ‘നെയും അല്ലാത്ത ചീത്ത മുസ്ലിങ്ങളെയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നു അവര്‍. താന്‍ വരച്ച/പ്രതീക്ഷിച്ച വരയിലൂടെ പോകുന്നത് കൊണ്ട് മാത്രമാണ് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റിനും നല്ല മുസ്ലിം സുഹൃത്ത് പദവി ലഭിക്കുന്നത്. പ്രതികരിക്കുന്ന മുസ്ലിം ചെറുപ്പത്തിന്റെ പേറ്റന്റ് സോളിഡാരിറ്റിക്ക് നല്‍കുക മാത്രമല്ല, മുസ്ലിം ചെറുപ്പക്കാരുടെ സ്വതന്ത്രമായ ഇടപെടലുകളുടെ സ്വതന്ത്ര കര്‍തൃത്വം ഇല്ലാതാക്കുക കൂടിയാണ് ദേവിക ചെയ്യുന്നത്. അതിലൂടെ മുസ്ലിം ചെറുപ്പക്കാര്‍ക്ക് വ്യക്തിയാവാന്‍ കഴിയില്ല/ പാടില്ല എന്നാണ് ദേവികയും പറയാതെ പറയുന്നത്.

മറുപടി പറയുന്നത് മുസ്ലിം സമുദായത്തിലെ ഒരു വ്യക്തി ആകുമ്പോള്‍ ശരീരം കേവലം സമുദായത്തിന്റെ ആസ്തി മാത്രമാകുമ്പോള്‍ സവര്‍ണ് ശരീരങ്ങള്‍ വ്യക്തിയുടെ മാത്രം സ്വത്ത് ആയി മാറുന്നു. ഇങ്ങനെ സ്വയം ശരീരമാകാന്‍ ശേഷിയുള്ള ശരീരങ്ങളെ പറ്റി അംബേദ്കര്‍, ചന്ദ്രബാന്‍ പ്രസാദ് മുതല്‍ പറഞ്ഞു വെച്ചിട്ടുണ്ട്. ലിബറലിസം മുന്നോട്ട് വെക്കുന്ന വ്യക്തി എന്ന യോഗ്യതയില്‍ നിന്നും ആഗോള തലത്തില്‍ തന്നെ മുസ്ലീങ്ങള്‍ പുറത്താകുന്നതെങ്ങനെയാണെന്ന് ആസ്‌ട്രേലിയിലെ Reclaim Australia എന്ന പ്രസ്ഥാനത്തെ മുന്‍ നിര്‍ത്തി ഇര്‍ഫാന്‍ അഹ്മദ് നിരീക്ഷിക്കുന്നുണ്ട്. നിലനില്‍ക്കുന്ന ലിബറല്‍ വ്യവഹാരത്തില്‍ നികൃഷ്ട മുസ്ലീങ്ങള്‍ പ്രതിനിധീകരിക്കുന്നത് അവരുടെ സമുദായം, മതം, ആചാരം എന്നിവയെയാണ്. അതേസമയം കീഴാള സമുദായത്തിലെ വ്യക്തിയുടെ നന്മകള്‍ സമുദായത്തില്‍/ മതത്തില്‍ നിന്നുള്ള വ്യതിരിക്തതയായി ആ വ്യക്തിയുടേത് മാത്രമാവുകയും ചെയ്യുന്നു. ഏറ്റവുമൊടുവില്‍ ബ്രെവിക് നടത്തിയ ആക്രമണങ്ങളെ കുറിച്ചും ചാര്‍ളി ഹെബ്ദോ സംഭവത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ലെറ്റര്‍ ബോംബ് കേസിലെ മനോരോഗി മുതല്‍ കാസര്‍ഗോഡ് പിഞ്ചു കുഞ്ഞിനെ അറുകൊല ചെയ്ത വിജയന്‍ എന്ന മനോരോഗി വരെ ഇതിന്റെ തുടര്‍ച്ചകളാണ്. എന്നാല്‍ സവര്‍ണരുടെ നന്മകള്‍ പ്രതിനിധീകരിക്കുന്നത് അവരുടെ ഇല്ലത്തെ/സമുദായത്തെ കൂടിയാണ്. ഇ.എം.എസിന്റെ ജാതി വാല്‍ മുതല്‍ അരുന്ധതിയുടെ തറവാട് വാല്‍ വരെ ധാര്‍ഷ്ട്യം നിറഞ്ഞ ഈ മനോഭാവത്തിന്റെ തുടര്‍ച്ചയാണ്.

_______________________________
എല്ലാ സവര്‍ണരും ‘താന്‍’ കേന്ദ്രീകൃത ഇടങ്ങളില്‍ മാത്രമാണ് ഇടപെടാറുള്ളതും അവിടെ മാത്രമാണ് അവരുടെ വിപ്ലവ വായാടിത്തം കാണിക്കാറാുള്ളതും. അടിച്ചമര്‍ത്താന്‍ പറ്റാത്ത ഇടപെടലുകളെ എല്ലാം പിന്നെ സ്വന്തം കൈപിടിയിലൊതുക്കാനാണ് അവര്‍ ശ്രമിക്കാറുള്ളത്. സ്വാംശീകരിച്ച് തന്റെതാക്കുന്ന ഈ പരിപാടി അരുന്ധതിയും ചെയ്യുന്നുണ്ട്. താന്‍ സ്ത്രീ വിരുദ്ധമായ ചാറ്റ് സംഭാഷണങ്ങള്‍ പരസ്യമാക്കിയത് ഒരുപാട് പേര്‍ക്ക് ഊര്‍ജമായി എന്നും ഒരുപാട് പെണ്‍കുട്ടികള്‍ തന്റെ പാത പിന്തുടര്‍ന്നുവെന്നും എന്നും അരുന്ധതി പറയുമ്പോള്‍ ഞാന്‍ എന്നത് കേന്ദ്രമാവുന്നു. ഈ ഞാന്‍ നിഷ്‌കാസിതമാക്കുന്നത് അരുന്ധതിക്ക് മുമ്പേ അശ്ലീല ചാറ്റ് സംഭാഷണങ്ങള്‍ പരസ്യമാക്കി പ്രതിഷേധിച്ച ഒരുപാട് പെണ്‍കുട്ടികളുടെ കര്‍തൃത്വത്തെ കൂടിയാണ്. ഇങ്ങനെയുള്ള ‘ഞാനിസ’ത്തിനു പുറത്ത് കടക്കാത്ത കാലത്തോളം പിന്നാക്ക-ന്യൂനപക്ഷ ഇടപെടലുകളുടെ രാഷ്ട്രീയം മനസിലാക്കാന്‍ സാധിക്കുകയില്ല.
_______________________________ 

എല്ലാ സവര്‍ണരും ‘താന്‍’ കേന്ദ്രീകൃത ഇടങ്ങളില്‍ മാത്രമാണ് ഇടപെടാറുള്ളതും അവിടെ മാത്രമാണ് അവരുടെ വിപ്ലവ വായാടിത്തം കാണിക്കാറാുള്ളതും. അടിച്ചമര്‍ത്താന്‍ പറ്റാത്ത ഇടപെടലുകളെ എല്ലാം പിന്നെ സ്വന്തം കൈപിടിയിലൊതുക്കാനാണ് അവര്‍ ശ്രമിക്കാറുള്ളത്. സ്വാംശീകരിച്ച് തന്റെതാക്കുന്ന ഈ പരിപാടി അരുന്ധതിയും ചെയ്യുന്നുണ്ട്. താന്‍ സ്ത്രീ വിരുദ്ധമായ ചാറ്റ് സംഭാഷണങ്ങള്‍ പരസ്യമാക്കിയത് ഒരുപാട് പേര്‍ക്ക് ഊര്‍ജമായി എന്നും ഒരുപാട് പെണ്‍കുട്ടികള്‍ തന്റെ പാത പിന്തുടര്‍ന്നുവെന്നും എന്നും അരുന്ധതി പറയുമ്പോള്‍ ഞാന്‍ എന്നത് കേന്ദ്രമാവുന്നു. ഈ ഞാന്‍ നിഷ്‌കാസിതമാക്കുന്നത് അരുന്ധതിക്ക് മുമ്പേ അശ്ലീല ചാറ്റ് സംഭാഷണങ്ങള്‍ പരസ്യമാക്കി പ്രതിഷേധിച്ച ഒരുപാട് പെണ്‍കുട്ടികളുടെ കര്‍തൃത്വത്തെ കൂടിയാണ്. ഇങ്ങനെയുള്ള ‘ഞാനിസ’ത്തിനു പുറത്ത് കടക്കാത്ത കാലത്തോളം പിന്നാക്ക-ന്യൂനപക്ഷ ഇടപെടലുകളുടെ രാഷ്ട്രീയം മനസിലാക്കാന്‍ സാധിക്കുകയില്ല. കാരണം അവ നില നില്‍ക്കുന്നത് തന്നെ വ്യക്തി കേന്ദ്രീകൃത സാമൂഹിക ഘടനയെ ചോദ്യം ചെയ്യുന്ന സാമുദായിക ഘടനയുടെ കൂടി അടിത്തറയിലാണ്.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ സമരങ്ങളെ കുറിച്ച് പറഞ്ഞ അരുന്ധതി പറയാതെ വിട്ടുപോയ ചില സമരങ്ങള്‍ കൂടി അതേ കാലത്ത് നടന്നിട്ടുണ്ട്. അതിലൊന്നായിരുന്നു വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെ നടന്ന പ്രതിഷേധ സംഗമം. പൂര്‍ണമായും കീഴാള വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ നടന്നത് കൊണ്ട് കൂടിയായിരിക്കണം അത് പരാമര്‍ശവിധേയം പോലും ആകാത്തത്. ദളിത്-മുസ്ലിം വിദ്യാര്‍ത്ഥികളുടെ മുന്‍കയ്യില്‍ നടന്ന Songs of resistance അംബേദ്കര്‍ സ്മരണ പരിപാടികള്‍ ഒന്നും തന്നെ പരാമര്‍ശ യോഗ്യത കൈവരിച്ചിട്ടില്ല. പതിവ് രീതികളെ പൊളിച്ചെഴുതിയ ഒന്നാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ പോലും പരിഗണനയില്‍ വന്നില്ല. ഇനി കുറച്ച് പിറകോട്ട് പോയാല്‍ പത്തോളം ദളിത് വിദ്യാര്‍ത്ഥികളുടെ പുറത്താക്കല്‍ വരെ എത്തിയ തീവ്രമായ സമരങ്ങളും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നടന്നിട്ടുണ്ട്. സ്ത്രീ ഇടപെടലുകളെ കുറിച്ച് പറഞ്ഞപ്പോഴും അംബേദ്കറുടെ സ്മരണ പുതുക്കി കൊണ്ട് എല്ലാ വര്‍ഷവും ഡിസംബറില്‍ മനുസ്മൃതി കത്തിക്കുന്ന ദളിത് പെണ്‍കുട്ടികളെ അരുന്ധതി കണ്ടില്ല. കാമ്പസിന്റെ മുഖ്യധാര ശബ്ദമായി ഇത്തരം ഇടപെടലുകളെ പരിഗണിക്കാന്‍ അരുന്ധതിയെ പോലെ തന്നെ പൊതു മണ്ഡലത്തിലെ ബുദ്ധിജീവികളോ രാഷ്ട്രീയക്കാരോ സാമൂഹിക പ്രവര്‍ത്തകരോ ഒരിക്കലും ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് ഇന്ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഭരിക്കുന്ന അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് പദം അലങ്കരിച്ച പ്രേം കുമാര്‍ എന്ന ദളിത് ഗവേഷക വിദ്യാര്‍ത്ഥിയെ കേരളം അറിയാതെ പോകുന്നതും നാലകെട്ടില്‍ അരുന്ധതി കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയാവുകയും ചെയ്യുന്നത്. എം.ടിയുടെ സിനിമകള്‍ മാത്രമല്ല. നമ്മുടെ പൊതുബോധവും അബോധത്തില്‍ കറങ്ങുന്നത് ക്ഷയിച്ചുകൊണ്ടിരിക്കുന്ന നാലുകെട്ടുകള്‍ക്കു ഇടത് വരേണ്യതക്കും നടുവിലാണ്.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വന്തം പേര് വെച്ചെഴുതിയ നോട്ടീസിനു അരുന്ധതി നല്‍കിയ വിശദീകരണം ഹൈദരാബാദ് നിങ്ങളുടെ കൂടെ ചേരുന്നു എന്നാണ്. എങ്ങനെയാണ് ഒരു വ്യക്തിയുടെ ശരീരത്തിന് ഒരു യൂണിവേഴ്‌സിറ്റിയുടെ അല്ലെങ്കില്‍ ഹൈദരാബാദ് എന്ന സ്ഥലത്തിന്റെ അവകാശ വാദം ഉന്നയിക്കാന്‍ കഴിയുന്നത് എന്നത് തന്നെയാണ് പ്രശ്‌നവല്‍ക്കരിക്കേണ്ടത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.എസ്.എ) നടത്തിയ ബീഫ് ഫെസ്റ്റിവലിനെ കുറിച്ച് വണ്‍ ഇന്ത്യ എന്ന വെബ്‌സൈറ്റില്‍ വന്ന വാര്‍ത്ത ചുംബനസമര നായിക അരുന്ധതി നയിച്ച സമരം എന്ന രൂപത്തിലാണ്. എന്നാല്‍ എ.എസ്.എ കണ്‍വീനര്‍ കോഴിക്കോട്ടുകാരന്‍ മുഹമ്മദ് അഷ്‌റഫ് എന്ന മുസ്ലിം ഗവേഷക വിദ്യാര്‍ത്ഥിയുടെ പേരോ ഫോട്ടോയോ അഭിമുഖമോ എവിടെയും പ്രസിദ്ധീകരിക്കപ്പെട്ടില്ല. സവര്‍ണ വിദ്യാര്‍ത്ഥികളുടെ ശാരീരിക സാന്നിധ്യം പോലും കീഴാള സമരങ്ങളെ സ്വാംശീകരിക്കാന്‍ മാത്രം പര്യാപ്തമാണെന്നത് നിലനില്‍ക്കുന്ന വരേണ്യ സങ്കല്പം എത്ര മാത്രം ജാതി-ശരീര കേന്ദ്രീകൃതമാണ് എന്ന് കൂടിയാണ് വ്യക്തമാക്കുന്നത്.
വിവേചനങ്ങള്‍ക്കെതിരെയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും നിത്യജീവിതത്തില്‍ നിരന്തരം കലഹിക്കേണ്ടി വരുന്നവരെ സംബന്ധിച്ചിടത്തോളം വിപ്ലവം പ്രതീക്ഷിച്ച് ഒരു പ്രത്യേക സുദിനത്തില്‍ തെരുവിലേക്കും ഫേസ്ബുക്കിലേക്കും ഇറങ്ങി പുറപ്പെടാന്‍ കഴിയുക എന്നത് തന്നെ സവര്‍ണ പ്രിവിലേജാണ്. തുനിഷ്യന്‍ വിപ്ലവത്തില്‍ രക്തസാക്ഷിത്വം വരിച്ച ബുഅസീസിമാരെ മറന്നുകൊണ്ട് ;അറബ് വസന്തം എന്ന് കേട്ടപ്പോഴേക്കു ഫേസ്ബുക്ക് തുറന്നു വിപ്ലവും വരുന്നത് കാത്തിരിക്കാന്‍ മാത്രം വിഡ്ഢികളല്ലാത്ത ഒരു തലമുറ കൂടി ഇവിടെയുണ്ട് എന്ന് മനസിലാക്കുന്നത് ലേഖികക്കും മറ്റുപലര്‍ക്കും നല്ലതാണ്.

Top