വധശിക്ഷയുടെ (അ) നീതിശാസ്ത്രം

യാക്കൂബ് മേമന്‍െറ കാര്യത്തില്‍ പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെട്ടത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ എന്ന് ഭരണകൂടം കരുതുന്നവര്‍ പിടിക്കപ്പെടാത്ത സാഹചര്യത്തില്‍, സംഭവുമായി നേരിട്ട് ബന്ധമില്ലാത്ത, എന്നാല്‍ അവരുമായി സാമീപ്യമുണ്ടായിരുന്നതിനാല്‍ പ്രതി ചേര്‍ക്കപ്പെടുകയും ആ സാഹചര്യത്തില്‍ മാപ്പുസാക്ഷി ആവാന്‍ തയാറാവുകയും ചെയ്ത ഒരു വ്യക്തിയെ വധശിക്ഷ നല്‍കി ഇല്ലാതാക്കേണ്ടതുണ്ടോ എന്ന കാര്യമായിരുന്നു. ഇതിന്‍െറയൊന്നും കൂടുതല്‍ സങ്കീര്‍ണമായ വശങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. ഈ വധം ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ ചില പ്രഖ്യാപിത അജണ്ടകളെ വീണ്ടും മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നു എന്നുള്ളതാണ് പ്രധാനമായിട്ടുള്ളത്. മാത്രമല്ല, വധശിക്ഷയോടുള്ള സമീപനത്തെക്കുറിച്ച് കൂടുതല്‍ ഗൗരവമുള്ള ഉപരിചര്‍ച്ചകള്‍ക്കും ഇത് സാഹചര്യം ഒരുക്കിയിരിക്കുന്നു.

യാക്കൂബ് മേമന്‍െറ വധശിക്ഷ വിവിധ മാനങ്ങളുള്ള ചര്‍ച്ചകള്‍ക്കാണ് കാരണമായിരിക്കുന്നത്. വധശിക്ഷയുടെ സാംഗത്യത്തെ കുറിച്ചുതന്നെ കൂടുതല്‍ തീക്ഷ്ണമായ സംവാദങ്ങള്‍ ഉണ്ടായിരിക്കുന്നു. മാത്രമല്ല, ഈ വധശിക്ഷ നടപ്പാക്കിയതിനെതിരെ മനസ്സാക്ഷിയുടെ ശബ്ദം ഉയര്‍ത്തിക്കൊണ്ടു സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ അനൂപ് സുരേന്ദ്രനാഥ് രാജിവെച്ചതടക്കം നിരവധി പ്രതിഷേധങ്ങള്‍ ഈ തൂക്കിലേറ്റല്‍ സംഭവിക്കുന്നതിനു മുമ്പും പിമ്പും ഉണ്ടായി എന്നത് ചെറിയ കാര്യമല്ല. കാരണം, ഈ പ്രതിഷേധങ്ങള്‍ പരമ്പരാഗതമായി വധശിക്ഷയെ എതിര്‍ക്കു ന്ന മനുഷ്യാവകാശ പ്രവര്‍ത്തകരില്‍നിന്നോ സിവില്‍സമൂഹസംഘങ്ങളില്‍നിന്നോ മാത്രമല്ല ഉണ്ടായത്. സോഷ്യല്‍ മീഡിയയില്‍തന്നെ വിപുലമായ കാമ്പയിന്‍ ഇതിനെതിരെ നടന്നിരുന്നു. ഒരു വശത്ത് ഭരണകൂടം അതിന്‍െറ ചില പ്രാക്തനശീലങ്ങള്‍ രാകിമിനുക്കുമ്പോള്‍ മറുവശത്ത് ജനതയുടെ ജനാധിപത്യാഭിനിവേശങ്ങള്‍ കൂടുതല്‍ ബഹുലീകൃതമാവുകയാണ്. വധശിക്ഷക്കെതിരെ ഇപ്പോള്‍ ഉയരുന്ന വിപുലമായ മുന്നണിയില്‍ സ്റ്റാലിനിസ്റ്റുകള്‍പോലും അണിചേരുകയാണ്.

വിശേഷിച്ച് ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ അല്ളെങ്കിലും സി. പി. ഐ (എം)നു വധശിക്ഷയുടെ കാര്യത്തില്‍ ഈ അടുത്ത കാലത്തുണ്ടായ മനംമാറ്റവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇത് പക്ഷേ, വിശ്വാസയോഗ്യമാണോ എന്ന് പറയാന്‍ കഴിയില്ല. കമ്യൂണിസ്റ്റ്പാര്‍ട്ടി കള്‍ അധികാരം കിട്ടിയപ്പോഴൊക്കെ മുന്നണികളിലെ പാര്‍ട്ടികളെ ഇല്ലാതാക്കാനും പൊതുഅജണ്ടകള്‍ അട്ടിമറിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. അത്തരം അവസരവാദത്തിന്‍െറ പേരിലായിരുന്നു ലെനിന് എതിരത്തെന്നെ വധശ്രമംപോലും ഉണ്ടായത്. വിപ്ളവാനന്തരം നടന്ന തെരഞ്ഞടുപ്പില്‍ ബോള്‍ഷെവിക്കുകളല്ല, സോഷ്യലിസ്റ്റ് റെവലൂഷനറി വിഭാഗത്തിനാണ് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം കിട്ടിയത്. അവരുടെ പ്രതിനിധിയാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. അതോടെ പാര്‍ട്ടിയുടെ വിധം മാറി. തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചു പാര്‍ലമെന്‍റ് പിരിച്ചുവിട്ടു. മറ്റ് പാര്‍ട്ടികളെ നിരോധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് തികഞ്ഞ സോഷ്യലിസ്റ്റും വിപ്ളവപൂര്‍വ റഷ്യയില്‍ ജയിലില്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിരുന്ന ഫാന്യ കാപ്ളാന്‍ എന്ന ധീരവിപ്ളവകാരിലെനിനെ വെടിവെച്ചുവീഴ്ത്തിയത്. ആ വീഴ്ചയില്‍നിന്ന് ലെനിന്‍ പിന്നെ ആരോഗ്യപരമായി ഒരിക്കലും തിരിച്ചു വന്നില്ല. വധശിക്ഷ നിര്‍ത്തലാക്കും എന്നൊക്കെ പറഞ്ഞിരുന്ന കമ്യൂണിസ്റ്റുകാര്‍ ഫാന്യയെ വധശിക്ഷക്ക് വിധേയയാക്കി. പിന്നെ അത്തരം കൊലപാതകങ്ങള്‍ നിത്യസംഭവമായി. സ്റ്റാലിന്‍ അതിന്‍െറ ക്രൂരനായ പ്രയോക്തവായി.

യാക്കൂബ് മേമന്‍െറ കാര്യത്തില്‍ പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെട്ടത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ എന്ന് ഭരണകൂടം കരുതുന്നവര്‍ പിടിക്കപ്പെടാത്ത സാഹചര്യത്തില്‍, സംഭവുമായി നേരിട്ട് ബന്ധമില്ലാത്ത, എന്നാല്‍ അവരുമായി സാമീപ്യമുണ്ടായിരുന്നതിനാല്‍ പ്രതി ചേര്‍ക്കപ്പെടുകയും ആ സാഹചര്യത്തില്‍ മാപ്പുസാക്ഷി ആവാന്‍ തയാറാവുകയും ചെയ്ത ഒരു വ്യക്തിയെ വധശിക്ഷ നല്‍കി ഇല്ലാതാക്കേണ്ടതുണ്ടോ എന്ന കാര്യമായിരുന്നു. ഇതിന്‍െറയൊന്നും കൂടുതല്‍ സങ്കീര്‍ണമായ വശങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. ഈ വധം ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ ചില പ്രഖ്യാപിത അജണ്ടകളെ വീണ്ടും മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നു എന്നുള്ളതാണ് പ്രധാനമായിട്ടുള്ളത്. മാത്രമല്ല, വധശിക്ഷയോടുള്ള സമീപനത്തെക്കുറിച്ച് കൂടുതല്‍ ഗൗരവമുള്ള ഉപരിചര്‍ച്ചകള്‍ക്കും ഇത് സാഹചര്യം ഒരുക്കിയിരിക്കുന്നു.

യാക്കൂബ് മേമന്‍െറ വധശിക്ഷയെ വളരെ പെട്ടെന്ന് ആര്‍.എസ്.എസ്^ബി. ജെ. പി. ഭരണത്തിന്‍െറ ഹിന്ദുത്വ ഹിംസയുമായി കൂട്ടിവായിക്കുന്നത് ബാലിശമാണ്. ഇതില്‍ ഉറപ്പിക്കപ്പെട്ടത് ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ കശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട, പാകിസ്താനുമായുള്ള ശത്രുതയെ എങ്ങനെ കാണണം എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ സമീപനമാണ്. ഇന്ദിര ഗാന്ധിയുടെ കാലത്ത് മക്ബുല്‍ ഭട്ടിന്‍െറ വധശിക്ഷയുടെ കാര്യത്തിലെന്ന പോലുള്ള ഒരു സമീപനമാണിത്. അതു പറയാനുള്ള നൈതിക രാഷ്ട്രീയം ശീലമില്ലാത്തതിനാലാണ് ഈ വധശിക്ഷയെക്കുറിച്ചുള്ള പ്രകാശ് കാരാട്ടിന്‍െറ പ്രസ്താവനയില്‍ ‘ന്യൂനപക്ഷ വിരുദ്ധത’ കടന്നുവന്നത്. 2004നു ശേഷം വധശിക്ഷക്ക് വിധേയരായവര്‍ ന്യൂനപക്ഷ സമുദായക്കാരാണ് എന്ന് പറയുമ്പോള്‍ ഈ യാഥാര്‍ഥ്യമടക്കം പലതും മറയ്ക്കാന്‍ കഴിയും.

മാത്രമല്ല, 2004ല്‍ ആണ് സി.പി.ഐ.എം നേതൃത്വത്തില്‍ ഒരു കാമ്പയിന്‍തന്നെ നടത്തി ധനഞ്ജയ് ചാറ്റര്‍ജിയെ ബംഗാളില്‍ തൂക്കിക്കൊന്നത്. ആ വധശിക്ഷ നടത്തിയെടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ കാട്ടിയ തിടുക്കങ്ങളും സന്നാഹങ്ങളും മറക്കാന്‍ കഴിയുന്നതല്ല. സി.പി.എമ്മിന്‍െറ കൈയിലെ ചോരക്കറകളില്‍ മായ്ക്കാന്‍ കഴിയാത്ത ഒന്നാണ് ധനഞ്ജയ്യുടെ വധശിക്ഷയുടേത്. കെ.ആര്‍. മീരയുടെ നോവല്‍ ‘ആരാച്ചാര്‍’ ഈ പശ്ചാത്തലത്തിലുള്ളതാണ്. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ മുന്നില്‍നിന്ന് നയിച്ചതായിരുന്നു ആ വധശിക്ഷാ കാമ്പയിന്‍.

____________________________________
വധശിക്ഷക്കെതിരെ ഇപ്പോള്‍ ഉണ്ടായിട്ടുള്ള വികാരം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. യാക്കൂബ് മേമന്‍െറ വധശിക്ഷ ആ രാഷ്ട്രീയത്തിന്‍െറ ദൃഢീകരണത്തിന് നിമിത്തമായിരിക്കുന്നു. സിവില്‍സമൂഹ രാഷ്ട്രീയത്തിന്, മനുഷ്യാവകാശ സംഘടനകള്‍ക്ക്, എപ്പോഴും വലിയ നൈതിക സമസ്യകള്‍ അഭിമുഖീകരിക്കേണ്ടി വരും. രാഷ്ട്രീയപാര്‍ട്ടി കളുടെ, ഭരണകൂടത്തിന്‍െറ, നിരവധി സമ്മര്‍ദങ്ങളും വേട്ടയാടലും നേരിടേണ്ടിവരും. പക്ഷേ അതിന്‍െറ മുദ്രാവാക്യങ്ങള്‍ക്ക് ചരിത്രത്തിന്‍െറ സാധുതയും ഭാവിയുടെ തിളക്കവും ഉണ്ട് എന്നതാണ് കാലക്രമത്തില്‍ അവയെ സ്വീകാര്യമാക്കുന്നത്.
____________________________________ 

മക്ബൂല്‍ ഭട്ടിന്‍െറ വധശിക്ഷയുടെ തുടര്‍ച്ചയാണ് അഫ്സല്‍ ഗുരുവിലും കസബിലും ഇപ്പോള്‍ മേമനിലും കാണുന്നത് എന്ന് പറയാനുള്ള ആര്‍ജവം ഇല്ലാത്ത കാരാട്ട്, ധനഞ്ജയ് ചാറ്റര്‍ജിയുടെ വധശിക്ഷകൂടി മറച്ചുവെച്ച്, 2004നു ശേഷം വധിക്കപ്പെട്ടവരെല്ലാം ന്യൂനപക്ഷക്കാര്‍ എന്ന കഥയിലേക്ക് കാര്യങ്ങള്‍ വെട്ടിച്ചുരുക്കുന്നു. കശ്മീര്‍ പാകിസ്താന്‍ ബന്ധം ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ പാര്‍ട്ടി ഭേദമന്യേ ഇന്ത്യന്‍ ഭരണകൂടം ഈ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് മക്ബൂല്‍ ഭട്ടിന്‍െറയും അഫ്സല്‍ ഗുരുവിന്‍െറയും കസബിന്‍െറയും ഒക്കെ അനുഭവത്തില്‍നിന്ന് വെളിവാകുന്ന കാര്യമാണ്. ഇത് ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ പ്രഖ്യാപിത നിലപാടാണ്. ഈ ഒരു ബന്ധം ആരോപിക്കപ്പെട്ടു കഴിഞ്ഞാല്‍പിന്നെ അവര്‍ ഇന്ത്യന്‍ പൗരന്മാര്‍ ആണെങ്കില്‍ പോലും, ‘കുറ്റവാളി’ ആയിട്ടല്ല, ‘ശത്രു’ ആയിട്ടാണ് ഭരണകൂടം കാണുന്നത് എന്നാണു മനസ്സിലാക്കേണ്ടിവരുന്നത്. ഇവരുടെ പൗരത്വംതന്നെ അംഗീകരിക്കാന്‍ ഭരണകൂടം വിസമ്മതിക്കുന്നു എന്ന് പറയേണ്ടിവരുന്നു.

ഇക്കാര്യത്തില്‍ യഥാര്‍ഥ ശത്രുതകള്‍ ഇല്ലാതാക്കാന്‍ കെല്‍പില്ലാത്ത ഭരണകൂടം കേവല ശത്രുക്കളെ കണ്ടത്തെി ഇല്ലാതാക്കുകയാണ്. മറ്റു പലരുടേയും ശിക്ഷകള്‍ ഇളവുചെയ്യപ്പെടുമ്പോള്‍ (സി.പി.ഐ എമ്മിന്‍െറ കടുംപിടിത്തം ഇല്ലായിരുന്നെങ്കില്‍ ധനഞ്ജയ് ഇന്ന് ജീവിച്ചിരിക്കുമായിരുന്നു) കശ്മീര്‍-പാക് ബന്ധം ആരോപിക്കപ്പെടുന്ന കേസുകളില്‍ തെളിവുകളുടെ വസ്തുനിഷ്ഠതക്കപ്പുറം കൊലവിളിയുടെ ചോരമണം എല്ലാറ്റിനും മീതെ ഉയര്‍ന്നുപൊങ്ങുന്നു. നീതി, കേവലം യുദ്ധനീതിയാകുന്നു.

വധശിക്ഷക്കെതിരെ നില്‍ക്കാന്‍ മാര്‍ക്സിനെ ഉദ്ധരിക്കേണ്ട കാര്യമില്ല. എങ്കിലും വധശിക്ഷയെ അംഗീകരിച്ചിരുന്ന കാന്‍റിനോടും ഹേഗലിനോടും വിയോജിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചിരുന്നു വധിക്കേണ്ടത് കുറ്റവാളിയെ ആണോ, കുറ്റവാളികള്‍ ഉണ്ടാകുന്ന സാഹചര്യത്തെ ആണോ എന്ന്. ഇവിടെ കുറ്റം പോലും അമൂര്‍ത്തമാണ്. ദൂതനെയും മാപ്പുസാക്ഷിയേയും ഉപയോഗം കഴിഞ്ഞ സ്വന്തം ഒറ്റുകാരനെയും വിചാരണത്തടവുകാരേയും വരെ നീതി വ്യവസ്ഥയുടെ പഴുതുകളിലും പഴുതില്ലായ്മകളിലുംവെച്ച് വധിച്ചു മദിക്കുന്ന ഭരണകൂടം മനുഷ്യാര്‍ജിത സംസ്കാരത്തെക്കൂടി അധിക്ഷേപിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ ഇപ്പോഴത്തെ നിലപാടിനെ നീതിമത്കരിക്കാന്‍ പ്രത്യുദാഹരണങ്ങളും ചരിത്ര സാക്ഷ്യങ്ങളും കമ്യൂണിസവും മതവും ഒക്കെ മുന്നിലേക്ക് തള്ളിയിടാം. പക്ഷേ, കുറ്റവും ശിക്ഷയും തുലനം ചെയ്യപ്പെടുന്ന സാമൂഹിക മാനദണ്ഡത്തിന് മുന്നില്‍, ഈ കൊലപാതക നീതിശാസ്ത്രം സാധൂകരിക്കാന്‍ ആവില്ല. ഭരണകൂടം ശത്രുവിനെ കൊല്ലുന്നത് ശിക്ഷ ആയിട്ടല്ല. അത് അവര്‍ ആഘോഷിക്കുന്ന കൊലക്കളി ആണ്. കൊല്ലാന്‍ ഭയമില്ല ഞങ്ങള്‍ക്കും എന്ന ഒരു പ്രസ്താവന മാത്രമാണ്. ‘ശത്രു’ ജീവിച്ചിരിക്കുന്നതുപോലും കുറ്റമാണ്. നിങ്ങള്‍ കുറ്റം ചെയ്തവര്‍ക്കൊപ്പമോ അതോ കുറ്റവാളിയെ ശിക്ഷിക്കുന്നവര്‍ക്കൊപ്പമോ എന്ന് ചോദിക്കുന്നവരുണ്ട്. കുറ്റത്തെക്കാള്‍ വലിയ തെറ്റായി ശിക്ഷ മാറുന്നത് കുറ്റാരോപിതരുടെ ജീവന്‍ പറിക്കുമ്പോള്‍ മാത്രമേ നീതി നടപ്പാവുന്നുള്ളൂ എന്ന് ധരിക്കുമ്പോഴാണ്. അത് മനുഷ്യനീതിയല്ല, ആര് ചെയ്യുമ്പോഴും.

വധശിക്ഷക്കെതിരെ ഇപ്പോള്‍ ഉണ്ടായിട്ടുള്ള വികാരം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. യാക്കൂബ് മേമന്‍െറ വധശിക്ഷ ആ രാഷ്ട്രീയത്തിന്‍െറ ദൃഢീകരണത്തിന് നിമിത്തമായിരിക്കുന്നു. സിവില്‍സമൂഹ രാഷ്ട്രീയത്തിന്, മനുഷ്യാവകാശ സംഘടനകള്‍ക്ക്, എപ്പോഴും വലിയ നൈതിക സമസ്യകള്‍ അഭിമുഖീകരിക്കേണ്ടി വരും. രാഷ്ട്രീയപാര്‍ട്ടി കളുടെ, ഭരണകൂടത്തിന്‍െറ, നിരവധി സമ്മര്‍ദങ്ങളും വേട്ടയാടലും നേരിടേണ്ടിവരും. പക്ഷേ അതിന്‍െറ മുദ്രാവാക്യങ്ങള്‍ക്ക് ചരിത്രത്തിന്‍െറ സാധുതയും ഭാവിയുടെ തിളക്കവും ഉണ്ട് എന്നതാണ് കാലക്രമത്തില്‍ അവയെ സ്വീകാര്യമാക്കുന്നത്.

Top