വിവേചനങ്ങളുടെ വികസനം

ഉയര്‍ന്ന ജാതിസ്ഥാനം ഉല്‍പാദിപ്പിക്കുന്ന സാമൂഹികമായ മുന്‍ഗണനകളെ സമര്‍ത്ഥമായി ഉപയോഗിച്ച് അന്താരാഷ്ട്രദേശീയ ഏജന്‍സികളില്‍ നിന്ന് ഫണ്ട് കൈക്കലാക്കുന്ന സര്‍ക്കാറിതര സ്ഥാപനങ്ങള്‍ പ്രസ്തുത ഫണ്ടും സൗകര്യങ്ങളും ആനുകൂല്യങ്ങളും ഉപയോഗിച്ച് അവരുടെ തന്നെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി സാധ്യമാക്കുകയും അതേ സമയം കീഴാള ജാതി വിഭാഗങ്ങളുടേയും ന്യൂനപക്ഷങ്ങളുടേയും സാമൂഹികമായ ഉണര്‍ച്ചകളെയും ഉയിര്‍ത്തെഴുന്നേല്‍പ്പുകളെയും പൊള്ളയായ വാഗ്ദാനങ്ങള്‍ വെച്ച് നീട്ടി അടിച്ചുടക്കുകയും പാര്‍ശ്വവല്‍കൃത മനസുകള്‍ക്ക് മേല്‍ സവര്‍ണ്ണ രക്ഷകര്‍തൃത്തെ നിര്‍മ്മാണം നടത്തുകയും ചെയ്യുന്നു. ഇതിനപവാദമായി നില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആനുകൂല്യങ്ങളുടെയും സൗകര്യങ്ങളുടെയും മുന്‍ഗണനകളുടെയും അഭാവം കാരണം പ്രവര്‍ത്തന മണ്ഡലങ്ങളില്‍ കൂടുതല്‍ മുന്നോട്ട് പോവാന്‍ കഴിയാതെ വിഷമിക്കുകയും ചെയ്യുന്നു. ജാതിവ്യവസ്ഥയെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉന്മൂലനം (Annihilation) ചെയ്യാതെ രാഷ്ട്രീയവും സാമ്പത്തികവുമായ പരിഷ്‌കരണവും പുരോഗതിയും അസാധ്യമാണ് എന്ന അംബേദ്ക്കറിന്റെ മൗലികമായ നിരീക്ഷണത്തെ കേന്ദ്ര ആശയമായി സ്വീകരിച്ചുകൊണ്ടല്ലാതെ സമത്വത്തില്‍ അധിഷ്ഠിതമായ ഇന്ത്യ എന്ന ലക്ഷ്യത്തിന്റെ സഫലീകരണം അക്ഷരാര്‍ത്ഥത്തില്‍ അചിന്തനീയമാണ്.

Turn any Direction you like, caste is the monster that crosses your path. You cannot have political reforms, you cannot have economic reforms unless you kill this monster.
-Dr. B.R. Ambedkar

അന്താരാഷ്ട്ര സൗകര്യങ്ങളുടെ അടിച്ചേല്‍പ്പിക്കലുകളല്ല, മറിച്ച് പ്രാദേശികമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണമാണ് വികസനം എന്ന കാഴ്ചപ്പാട് പ്രകാരം ഒരു വിഭാഗത്തിന്റെ അല്ലെങ്കില്‍ പ്രദേശത്തിന്റെ പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള വികസനം സാധ്യമാകണമെങ്കില്‍ പ്രസ്തുത പ്രദേശത്തിന്റെയോ വിഭാഗത്തിന്റെയോ ആവശ്യങ്ങളെക്കുറിച്ച് വ്യക്തവും ഗഹനവുമായ ധാരണ ഉണ്ടായിരിക്കല്‍ ഒഴിച്ചുകൂടാനാകാത്ത ഒരു മുന്നുപാധിയാണ്. അത് പോലെ ആ ജനവിഭാഗത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ പ്രത്യേകതകള്‍, അവരുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍, വിപുലമായ അറിവ്, വിഭവങ്ങളുടെ ലഭ്യത, അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള കൃത്യമായ അവബോധം വളരെ അത്യാവശ്യമാണ്. ഒപ്പം ജനങ്ങളുടെ കൂട്ടായ തീരുമാനങ്ങള്‍ പരിഗണിച്ച് വികസനരീതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പരമാവധി പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് അവരേക്കാള്‍ അവബോധം കൈവരരിക്കാന്‍ മറ്റൊരാള്‍ക്കും, ഒരു ഏജന്‍സിക്കും സാധിക്കില്ല എന്നതുകൊണ്ട് കൂട്ടായ തീരുമാനങ്ങളെ അടിസ്ഥാനമാക്കി നടപ്പില്‍ വരുത്തുന്നതാകണം വികസന പ്രവര്‍ത്തനങ്ങള്‍.
ഇന്ത്യയില്‍ ഒട്ടനവധി സര്‍ക്കാറിതര സ്ഥാപനങ്ങള്‍ (Non Governmental Organizations -NGO) സാമൂഹിക സമത്വം, സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്നുണ്ട്. പങ്കാളിത്ത വികസനം അല്ലെങ്കില്‍ പ്രാദേശികമായ അറിവും വിഭവങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള വികസനം എന്ന ആശയത്തെ അടിസ്ഥാന തത്ത്വമായി അംഗീകരിച്ചുകൊണ്ടാണ് മിക്കവാറും സര്‍ക്കാറിതര സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമേഖലകളിലേക്ക് കടന്ന് വരുന്നത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ അവരുടെ അടിസ്ഥാന തത്ത്വത്തിനോട് നീതിപുലര്‍ത്തിക്കൊണ്ട് തന്നെയാണോ പ്രവര്‍ത്തന മേഖലകളില്‍ സജീവമാകുന്നത് എന്ന കാര്യം സംശയകരമാണ്.
നിലവില്‍ ഇന്ത്യയില്‍ മിക്കവാറും സര്‍ക്കാറിതര സ്ഥാപനങ്ങളുടെയും നേതൃത്ത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനം, സാമൂഹികവും സാംസ്‌കാരികവുമായ അസമത്ത്വങ്ങളുടെ പ്രഭവകേന്ദ്രമായ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യാതെയോ മൗലികമായി നിഷേധിക്കാതെയോ ആണ് തുടര്‍ന്നു പോരുന്നത്. ജാതീയമായ അധീശത്വബോധം ആന്തരവല്‍ക്കരിച്ചവരോ അല്ലെങ്കില്‍ സങ്കീര്‍ണ്ണവും ഹിംസാത്മകവുമായ സാമൂഹികസംവിധാനങ്ങളുടെ ശക്തി സ്രോതസ്സായ ജാതിസമ്പ്രദായത്തെക്കുറിച്ച് ലിബറല്‍ കാഴ്ചപ്പാടുള്ളവരോ ആയ സാമൂഹിക പ്രവര്‍ത്തകരാണ് സാമൂഹിക നീതിക്കും സമത്ത്വത്തിനും വേണ്ടി അധ്വാനിച്ച് കൊണ്ടിരിക്കുന്നത്. കാര്‍ത്തിക് നവയന്‍ എഴുതിയ Caste Diversity in Indian Development Sector: Does it Exist?1 എന്ന ലേഖനത്തില്‍ ഇന്ത്യയില്‍ വികസന മേഖലയില്‍ പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുന്ന സര്‍ക്കാറിതര സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ജാതീയതയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

_______________________________
ഇന്ത്യയില്‍ ഒട്ടനവധി സര്‍ക്കാറിതര സ്ഥാപനങ്ങള്‍ (Non Governmental Organizations -NGO) സാമൂഹിക സമത്വം, സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്നുണ്ട്. പങ്കാളിത്ത വികസനം അല്ലെങ്കില്‍ പ്രാദേശികമായ അറിവും വിഭവങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള വികസനം എന്ന ആശയത്തെ അടിസ്ഥാന തത്ത്വമായി അംഗീകരിച്ചുകൊണ്ടാണ് മിക്കവാറും സര്‍ക്കാറിതര സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമേഖലകളിലേക്ക് കടന്ന് വരുന്നത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ അവരുടെ അടിസ്ഥാന തത്ത്വത്തിനോട് നീതിപുലര്‍ത്തിക്കൊണ്ട് തന്നെയാണോ പ്രവര്‍ത്തന മേഖലകളില്‍ സജീവമാകുന്നത് എന്ന കാര്യം സംശയകരമാണ്. 
_______________________________

ബ്രാഹ്മണിക്കല്‍ ജാതിവ്യവസ്ഥയുടെ സാംസ്‌കാരിക മൂലധനം ഉപയോഗിച്ചുകൊണ്ട് അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിനെന്ന പേരില്‍ നടക്കുന്ന പരിശ്രമങ്ങളില്‍ എത്രമാത്രം ജാതീയമായ പരിഗണനകളും ഉത്കൃഷ്ടബോധങ്ങളും സജീവമാണെന്ന് അദ്ദേഹത്തിന്റെ ലേഖനത്തിന്റെ സൂക്ഷ്മ വായനയിലൂടെ മനസ്സിലാക്കാവുന്നതാണ്. ഈ ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് രാജസ്ഥാന്‍ സംസ്ഥാനത്തെ പടിഞ്ഞാറന്‍ ഭാഗത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാറിതര സ്ഥാപനത്തില്‍, പഠനത്തിന്റെ ഭാഗമായി ഞാന്‍ നടത്തിയ ഒരു മാസത്തെ ഫീല്‍ഡ് വര്‍ക്ക് അനുഭവങ്ങള്‍ വിവരിക്കാന്‍ തീരുമാനിക്കുന്നത്.

  • ”’ഒരു ജാതി അനുഭവം’

ജനുവരി മാസത്തിന്റെ തണുപ്പില്‍ ഉര്‍ജ്ജസ്വലമായി മാറിയ സായാഹ്നസമയത്തെ അങ്ങാടിത്തിരക്കിലേക്കാണ് ഞാനും സഹപാഠികളായ ശ്രീരാജും ജുനൈസും ഒരു മാസത്തെ നിര്‍ബന്ധിത ഫീല്‍ഡ് വര്‍ക്ക് എന്ന ദൗത്യവുമായി തീവണ്ടിയിറങ്ങിയത്. പിറ്റെ ദിവസം രാവിലെ 9 മണിക്ക് ഞങ്ങള്‍ ഓഫീസില്‍ ഹാജരായി. പതിവായി നടക്കാറുള്ള ‘സ്റ്റാഫ് അസംബ്ലിയില്‍’ ഞങ്ങളെ ഔദ്യോഗികമായി സ്വീകരിക്കുകയും ഫീല്‍ഡ് വര്‍ക്കിന് വേണ്ടി പ്രസ്തുത സ്ഥാപനം തെരഞ്ഞെടുത്തതിന് ചീഫ് എക്‌സിക്യൂട്ടിവ്(സ്ഥാപനമേധാവി)ഞങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥാപനത്തിലെ ഓരോ ജീവനക്കാരും അവരെ ഞങ്ങള്‍ക്കു വേണ്ടി പരിചയപ്പെടുത്തി. എല്ലാവരും രാജ്പുത്ത്, ജാട്ട്, ബനിയ തുടങ്ങിയ മുന്തിയ ജാതികളില്‍ നിന്നുള്ളവരാണെന്ന് മനസ്സിലാക്കാന്‍ ആ കുറഞ്ഞ സമയത്തെ പരിചയപ്പെടുത്തല്‍ ധാരാളമായിരുന്നു. തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥനക്ക് ശേഷം സ്ഥാപന മേധാവി ചൊല്ലിത്തന്ന നന്മക്ക് വേണ്ടി മാത്രമേ പ്രവര്‍ത്തിക്കൂ എന്ന ആശയം വരുന്ന, മഹദ് വചനങ്ങള്‍ എല്ലാ ജീവനക്കാരും ഏറ്റ് ചൊല്ലി. കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ ഉന്നമനത്തിന് വേണ്ടിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്നും കീഴാള വിഭാഗങ്ങളെയും സ്ത്രീകളുടെയും ശാക്തീകരണവും ഉയര്‍ച്ചയുമാണ് സ്ഥാപനത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും സ്ഥാപനമേധാവി പിന്നീട് ഞങ്ങളോട് വിശദീകരിച്ചു.

അന്ന് ബാഡ്മീര്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ, താര്‍ മരുഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന തിലക് നഗറും മോത്തി നഗറും ഞങ്ങള്‍ സന്ദര്‍ശിച്ചു. ആദ്യം സന്ദര്‍ശിച്ചത് തിലക് നഗറായിരുന്നു. അവിടെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ കുടില് കെട്ടി പാര്‍ക്കുന്ന ജോഗി വിഭാഗത്തില്‍പെട്ട ആളുകളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ മുഖ്യ ഉദ്ദേശ്യം. കൊല്ലപ്പണി കുലത്തൊഴിലായുള്ള ഏറ്റവും കീഴ്ജാതിക്കാരായ ജോഗികള്‍ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല എന്നും ഇപ്പോള്‍ ഭിക്ഷാടനമാണ് അവരുടെ മുഖ്യതൊഴിലെന്നും ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ വഴി അറിയാന്‍ കഴിഞ്ഞു. നല്ല ചൂടുള്ള മണലില്‍ വിളറി മെലിഞ്ഞ കുട്ടികള്‍ ഓടിക്കളിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ടീം അവിടെ എത്തിയതും ആ പരിസരമാകെ ഒന്ന് ഒതുങ്ങിക്കൂടുകയും കുട്ടികള്‍ കുടിലുകളിലേക്ക് പിന്‍വലിയുകയും ചെയ്തു. ആളുകളുടെ ബഹുമാനമോ വിധേയത്വമോ കണ്ട് ഞങ്ങള്‍ അതിശയപ്പെട്ടു. വൈകാതെ അത് അരോചകമായി മാറുകയും ചെയ്തു.
തിലക് നഗറില്‍ സ്ഥാപനം ഒരു താല്‍ക്കാലിക സ്‌കൂള്‍ തുടങ്ങിയിട്ടുണ്ടായിരുന്നു. കുറച്ച് ദിവസം താല്‍ക്കാലിക സ്‌കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിപ്പിച്ച് പിന്നീട് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പ്രസ്തുത പ്രദേശത്ത് സ്‌കൂള്‍ നിര്‍മ്മിക്കേണ്ട ആവശ്യകതയിലേക്കും നടപടികളിലേക്കും സര്‍ക്കാറിന്റെ ശ്രദ്ധകൊണ്ട വരിക എന്നതാണ് താല്‍ക്കലിക സ്‌കൂള്‍ തുടങ്ങുന്നതിന് പിന്നിലുള്ള പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ്സായ കോര്‍പ്പറേറ്റ് കമ്പനിയില്‍നിന്നും ഫണ്ട് കൈക്കലാക്കാനുള്ള അനേകം സാമൂഹിക പരിഷ്‌കരണ പരിശ്രമങ്ങളില്‍പെട്ട ഒന്ന് മാത്രമാണ് ഈ താല്‍ക്കാലിക സ്‌കൂള്‍ സംവിധാനം എന്നാണ് പിന്നീടുള്ള അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്. ബാബൂള്‍ മരത്തിന്റെ തടികളും ചില്ലകളും കേര്‍മരത്തിന്റെ നീണ്ട ഇലകളും കെട്ടി മേഞ്ഞുണ്ടാക്കിയ താല്‍ക്കാലിക സ്‌കൂളില്‍ ഞങ്ങളെത്തി പത്ത് മിനുട്ടാകുമ്പോഴേക്കും പതിനഞ്ചോളം കുട്ടികള്‍ ഹാജരായി. സ്ഥാപനത്തിലെ ജീവനക്കാര്‍ അധ്യാപക വേഷത്തിലേക്ക് മാറുകയും കുട്ടികളെ ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അങ്ങേയറ്റം പ്രഹസന സ്വഭാവമുള്ള ആ ക്ലാസ്സില്‍ വെച്ച് ശബ്ദമുണ്ടാക്കുകയോ അനാവശ്യമായി അനങ്ങുകയോ ചെയ്യുന്ന കുട്ടികളെ അധ്യാപകര്‍ വളരെ ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. അതിനു വേണ്ടി അവര്‍ വടിയോ മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ചിരുന്നില്ല, പകരം അവരുടെ ബലിഷ്ഠമായ കൈകള്‍ കൊണ്ട് കുട്ടികളുടെ തലയുടെ പിന്‍ഭാഗത്ത് പ്രഹരിക്കുകയായിരുന്നു. സാമ്പ്രദായികമായ അധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങളില്‍ അന്തര്‍ലീനമായ അധികാരബോധങ്ങളുടെ പ്രത്യക്ഷതയല്ല ഇതെന്നും, മറിച്ച് അങ്ങേയറ്റം ജാതീയമായ മനോഘടനകളുടെ ഹിംസാത്മകമായ ആവിഷ്‌കാരങ്ങളും അവഹേളന പ്രകടനങ്ങളുമാണെന്നും മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് അവരുടെ കൂടെ ഒരു ദിവസം കൂടി ചിലവഴിക്കേണ്ടി വന്നു.

തിലക് നഗറില്‍ നിന്നും ഉച്ചക്ക് ശേഷം ഞങ്ങള്‍ അടുത്തു തന്നെയുള്ള മോത്തിനഗര്‍ എന്ന കോളനിയിലേക്ക് നീങ്ങി. താല്‍ക്കാലിക സ്‌കൂള്‍ തുടങ്ങുന്നതിന്റെ ആദ്യപടിയായ അവയര്‍നസ് റൈസിംഗ് മീറ്റിംഗ് (awareness raising meeting) സംഘടിപ്പിക്കുക എന്നതായിരുന്നു സന്ദര്‍ശന ലക്ഷ്യം. ഉയര്‍ന്ന ജാതിയില്‍ നിന്നുള്ള ഞങ്ങളുടെ ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ ഓരോ കുടിലുകളിലും ചെന്ന് അവരുടെ സൗകര്യങ്ങളെയൊന്നും പരിഗണിക്കാതെ മീറ്റിംഗിന് നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അറിയിച്ചു. അറിയിപ്പുകള്‍ക്ക് തീര്‍ച്ചയായും അധികാരത്തിന്റെ സ്വരവും അതില്‍ രാജ്പുത്തുകളുടെയും ജാട്ടുകളുടെയും ബനിയകളുടെയും അക്ഷരാര്‍ത്ഥത്തില്‍ പാലിക്കാന്‍ ജോഗികള്‍ ബാധ്യസ്ഥരാണ് എന്ന സന്ദേശം ഉള്‍ച്ചേര്‍ന്നിട്ടുണ്ടായിരുന്നു. അര മണിക്കൂറിനകം മീറ്റിംഗ് ആരംഭിച്ചു. ഓരോ കുട്ടികളോടും നിങ്ങള്‍ക്ക് കലക്ടറും പോലീസുമൊക്കെ ആവണ്ടേ എന്നും അവരുടെ രക്ഷിതാക്കളോട് അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാക്കുന്നതിന് വേണ്ടി കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കേണ്ടേ എന്നുമൊക്കെയുള്ള പരമ്പരാഗത ചോദ്യങ്ങള്‍ ചോദിക്കാനും കുട്ടികളെ താല്‍ക്കാലികസ്‌കൂളില്‍ നിര്‍ബന്ധമായും പറഞ്ഞയക്കുമെന്നുള്ള രക്ഷിതാക്കളുടെ ഔദ്യോഗിക ഉറപ്പ് കരസ്ഥമാക്കാനും സ്ഥാപന ജീവനക്കാര്‍ പ്രസ്തുത മീറ്റിംഗ് ഉപയോഗപ്പെടുത്തി.

ജാത്യാധിഷ്ഠിത ചൂഷണത്തിന്റെയും അരികുവല്‍ക്കരണത്തിന്റെയും അനന്തര ഫലമായി സാമൂഹികവും സാംസ്‌കാരികവുമായ കീഴായ്മ അനുഭവിച്ച് തീര്‍ത്തും ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ജോഗി വിഭാഗത്തെ ലക്ഷ്യം വെച്ച് നടക്കുന്ന അവബോധ നിര്‍മ്മാണ മീറ്റിംഗില്‍ ബ്രാഹ്മണിക്കല്‍ ബിംബങ്ങളെയും സവര്‍ണ്ണനേതാക്കന്മാരെയും ഉദാത്ത ഉദാഹരണങ്ങളായി അവതരിപ്പിക്കുമ്പോള്‍, നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം എന്നത് അധീശത്വ സംസ്‌കാരത്തിന്റെ പുനരുല്‍പാദനമാണെന്ന ഫ്രഞ്ച് ചിന്തകരായ പിയറി ബോര്‍ദ്യുവിന്റെയും യാങ് ക്ലോഡ് പാസെറൊണിന്റെയും (Jean-Claude Passe)മര്‍ദ്ദക വ്യവസ്ഥയുടെ സാര്‍വത്രികവും കാലാതിവര്‍ത്തിയുമായ നിലനില്‍പ്പിന് വേണ്ടി മര്‍ദ്ദകര്‍ രൂപപ്പെടുത്തിയ മര്‍ദ്ദനോപകരണമാണ് വിദ്യാഭ്യാസമെന്ന ബ്രസീലിയന്‍ ചിന്തകന്‍ പൗലോ ഫ്രെയറിന്റെയും നിരീക്ഷണങ്ങള്‍ സാമൂഹികമായി എത്രമാത്രം വ്യക്തതയുള്ളതാണ് എന്ന് ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും മാത്രമാണ് ഞങ്ങള്‍ക്ക് കഴിഞ്ഞത്.

_______________________________
നിലവില്‍ ഇന്ത്യയില്‍ മിക്കവാറും സര്‍ക്കാറിതര സ്ഥാപനങ്ങളുടെയും നേതൃത്ത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനം, സാമൂഹികവും സാംസ്‌കാരികവുമായ അസമത്ത്വങ്ങളുടെ പ്രഭവകേന്ദ്രമായ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യാതെയോ മൗലികമായി നിഷേധിക്കാതെയോ ആണ് തുടര്‍ന്നു പോരുന്നത്. ജാതീയമായ അധീശത്വബോധം ആന്തരവല്‍ക്കരിച്ചവരോ അല്ലെങ്കില്‍ സങ്കീര്‍ണ്ണവും ഹിംസാത്മകവുമായ സാമൂഹികസംവിധാനങ്ങളുടെ ശക്തി സ്രോതസ്സായ ജാതിസമ്പ്രദായത്തെക്കുറിച്ച് ലിബറല്‍ കാഴ്ചപ്പാടുള്ളവരോ ആയ സാമൂഹിക പ്രവര്‍ത്തകരാണ് സാമൂഹിക നീതിക്കും സമത്ത്വത്തിനും വേണ്ടി അധ്വാനിച്ച് കൊണ്ടിരിക്കുന്നത്.
_______________________________ 

അടിസ്ഥാനവര്‍ഗത്തിന്റെ, അധസ്ഥിത വിഭാഗങ്ങളുടെ എക്കാലത്തെയും മികച്ച ഊര്‍ജ്ജസ്രോതസും നേതാവുമായ മഹാത്മാ ജ്യോതിന്മാഫുലെ വ്യക്തമാക്കിയ ‘ജ്ഞാനത്തിന്റെ കുത്തക’ സാമൂഹിക നീതി മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിതര സ്ഥാപനങ്ങള്‍ പോലും അസമത്വങ്ങളുടെയും ധ്രൂവീകരണങ്ങളുടെയും ആഴം കൂട്ടാന്‍ വേണ്ടി ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്നു എന്ന് മനസിലാക്കാന്‍ പ്രസ്തുത അവബോധ നിര്‍മ്മാണ മീറ്റിംഗ് ധാരാളമായിരുന്നു.

താല്‍ക്കാലിക സ്‌കൂള്‍ തുടങ്ങുന്നതിന്റെ ഭാഗമായുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ പിറ്റെ ദിവസവും മോത്തി നഗര്‍ സന്ദര്‍ശിച്ചു. ആളുകളെ വിളിച്ച് കൂട്ടി സംസാരിക്കുന്നതിനിടയില്‍ ജോഗി വിഭാഗത്തില്‍പെട്ട ഒരു യുവാവ് സ്ഥാപനത്തിലെ ‘ഉയര്‍ന്ന ജാതി’യില്‍പെട്ട വനിതാ ജീവനക്കാരിയോട് (എല്ലാ ജീവനക്കാരും ഉയര്‍ന്ന ജാതിക്കാരാണ്) അല്‍പം മാറിനിന്ന് ഇങ്ങോട്ട് വരുമോ കുറച്ച് കാര്യങ്ങള്‍ സംസാരിക്കാറുണ്ട് എന്ന് പറഞ്ഞു. അയാള്‍ അവരെ മാഡം എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. എന്നാല്‍ മുഴുവന്‍ ജീവനക്കാരും പൊടുന്നനെ രോഷാകുലരാവുകയും അവന്‍ വന്‍ അപരാധം ചെയ്തു എന്ന നിലയില്‍ സംസാരിക്കാനും തുടങ്ങി. വനിതാ ജീവനക്കാരി ഉടനെതന്നെ ഭര്‍ത്താവിനെ ഫോണ്‍ വിളിക്കുകയും താഴ്ന്ന ജാതിക്കാരനാല്‍ അധിഷേപിക്കപ്പെട്ടതായി അറിയിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ വഷളാകുന്നു എന്നു മനസിലാക്കിയ ജോഗി സ്ത്രീകള്‍ അവന്‍ ഇവിടുത്തുകാരനല്ലെന്നും മദ്യപിച്ച് ബോധം പോയി എന്തൊക്കെയോ പറയുകയാണെന്നും വനിതാ ജീവനക്കാരിയോട് പറഞ്ഞുകൊണ്ടിരുന്നു. അതേസമയം കുറച്ച് സ്ത്രീകള്‍ ആ യുവാവിനോട് എത്രയും വേഗം അവിടെ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. അല്‍പ്പസമയത്തിനകം ഭര്‍ത്താവും സംഘവും ഒരു ജീപ്പില്‍ അവിടെ എത്തിച്ചേരുകയും ആ സമയംകൊണ്ട് അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ കണ്ടെത്തുകയും കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് അയാളെ ജീപ്പിലേക്ക് വലിച്ചിടുകയും സ്ഥാപനത്തിന്റെ ഓഫീസിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ജീപ്പില്‍ വെച്ചും നന്നായി പെരുമാറി എന്ന് ഫീല്‍ ഡ് കോര്‍ഡിനേറ്റര്‍ പിന്നീട് ഞങ്ങളെ വളരെ ആവേശത്തോടെ അറിയിച്ചു. ഓഫീസില്‍ വെച്ചും മര്‍ദ്ദനം തുടര്‍ന്നു. അയാളുടെ തലയില്‍ വെള്ളം ഒഴിക്കുകയും ശേഷം മനോഹരമായ അയാളുടെ തലമുടി മുന്‍വശത്ത് മാത്രം മുറിച്ച് അയാളെ വികൃതരൂപിയാക്കുകയും ചെയ്തു. സ്ഥാപനമേധാവി കസേരയിട്ടിരുന്ന് ആ യുവാവിനെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ നിലത്ത് കിടന്ന് കരഞ്ഞ് മേധാവിയുടെ കാല് പിടിക്കുയായിരുന്നു. ഒരു സംവിധാനത്തിനും ഇവന്മാരെയൊന്നും നന്നാക്കിയെടുക്കാന്‍ കഴിയില്ലെന്നും ഇവര്‍ ഇങ്ങനെ മാത്രമേ ജീവിക്കൂ എന്നുമുള്ള വരേണ്യജാതി യുക്തിയിലാണ് സംഭവത്തില്‍ ഇടപെടാനുള്ള ഞങ്ങളുടെ വളരെ ചെറിയ ശ്രമങ്ങളോട് സ്ഥാപന മേധാവി പ്രതികരിച്ചത്.

ഓഫീസ് ജീവനക്കാരുടെ മാനസികവും ശാരീരികവുമായ മുഴുവന്‍ അസ്വസ്ഥതകളും കലിപ്പും ആ യുവാവിന്റെ മെലിഞ്ഞ ശരീരത്തില്‍ തീര്‍ത്തതിന് ശേഷം, മേലില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ പറയുന്ന ഏത് ശിക്ഷയും ഏറ്റ് വാങ്ങാന്‍ തയ്യാറാണ് എന്നും എഴുതി ഒപ്പിടുവിച്ചു വാങ്ങി അയാളെ പറഞ്ഞയച്ചു. അത്ര ഗൗരവതരമായ തെറ്റൊന്നും ആ യുവാവ് ചെയ്തിട്ടില്ല എന്ന് പിന്നീടെങ്ങനെയോ മനസിലാക്കിയത്‌കൊണ്ടാവണം, പിറ്റെ ദിവസത്തെ സ്റ്റാഫ് അസംബ്ലിയില്‍ ഫീല്‍ഡില്‍നിന്നുള്ള എന്ത് വിഷയവും ആദ്യം ഓഫീസില്‍ വിളിച്ചറിയിക്കണം എന്ന് വനിതാജീവനക്കാരിയോട് അയാള്‍ നിര്‍ദ്ദേശിച്ചത്. കോളനികള്‍ നമ്മുടെ പ്രവര്‍ത്തനമേഖലകളാണ് എന്നത് ആരും മറക്കരുതെന്ന കാര്യം അന്നത്തെ സ്റ്റാഫ് അസംബ്ലിയില്‍ അയാള്‍ ഊന്നിയൂന്നിപ്പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും അനുബന്ധ സംവിധാനങ്ങളും പരാജയപ്പെടുന്നിടത്ത് സാമൂഹികവും സാമ്പത്തികവും, രാഷ്ട്രീയവും, സാംസ്‌കാരികവുമായ സമത്വം ഉറപ്പാക്കുന്നതിനുവേണ്ടി സ്വയം സജ്ജരായ സംഘം എന്ന് സ്വയം വിശേഷിപ്പിക്കുന്ന, (Empowerment, Emancipation, upliftment, Development) തുടങ്ങിയ ആശയങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുകയും ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാറിതര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ നെഞ്ചില്‍ ജാതീയമായ അധികാരബോധം എത്രത്തോളം രൂഢമൂലമായിരിക്കുന്നു എന്ന തിരിച്ചറിവ് ഞങ്ങളെ ഒരേ സമയം ഭയപ്പെടുത്തുകയും അനേകം തിരിച്ചറിവുകളിലേക്ക് നയിക്കുകയും ചെയ്തു.

ഒരാഴ്ചക്ക് ശേഷം ഞങ്ങളെ സ്ഥാപനത്തിന്റെ തന്നെ ആരോഗ്യ സേവന വിഭാഗത്തിലേക്ക് മാറ്റി. തീര്‍ത്തും സവര്‍ണ്ണമായ പദാവലികള്‍ കൂട്ടിച്ചേര്‍ത്തുള്ള സംഭാഷണങ്ങളോടെയാണ് അവിടുത്തെ ജീവനക്കാര്‍ ഞങ്ങളെ സ്വീകരിച്ചത്. സംവരണമുള്ളത് കാരണം ഉയര്‍ന്ന ജാതിയില്‍പെട്ട ആളുകള്‍ കൂടുതല്‍ പഠിച്ചിട്ട് കാര്യമില്ലെന്നും സംവരണമാണ് ജാതിബോധങ്ങളെയും ജാത്യാധിഷ്ഠിത ചൂഷണങ്ങളെയും അതിക്രമങ്ങളെയും ഈ ആധുനിക കാലത്തും നിലനിര്‍ത്തുന്നത് എന്നുമുള്ള സവര്‍ണ്ണ നിരീക്ഷണങ്ങളും ആകുലതകളും ആത്മഗതങ്ങളും അവര്‍ ആദ്യകൂടിക്കാഴ്ചയില്‍ തന്നെ ഞങ്ങളുമായി പങ്കുവെച്ചു.

____________________________
അങ്ങേയറ്റം സങ്കുചിതവും ഇടുങ്ങിയതുമായ മാനസികാവസ്ഥയുള്ളവര്‍, ജാതിസമ്പ്രദായത്തിന്റെ വിധ്വംസക സ്വഭാവമുള്ള ആനുകൂല്യങ്ങള്‍ ആസ്വദിച്ച് അനുഭവിക്കുന്നവര്‍ അതിന്റെ തന്നെ ഉപോല്‍പന്നമായ സൂമൂഹിക വിവേചനം അവസാനിപ്പിക്കുക എന്ന ദൗത്യത്തിന് വേണ്ടി പരിശ്രമിക്കുന്നതിലെ ബീഭത്സമായ വൈരുധ്യം ഞങ്ങളെ നിരന്തരം അസ്വസ്ഥരാക്കികൊണ്ടിരുന്നു. ഇത്തരത്തില്‍ ബ്രാഹ്മണിക്കല്‍ ജാതിവ്യവസ്ഥയുടെ നിലനില്‍പ്പ് മൂലമുണ്ടാകുന്ന ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങളിലേക്കൊന്നും ഭൂരിപക്ഷം സര്‍ക്കാറിതര സ്ഥാപനങ്ങളും ചെവി കൊടുക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവരാണ് അവരെത്തന്നെ പുതിയ കാലത്തെ മാറ്റത്തിന്റെ പതാകവാഹകര്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്നത് മറ്റൊരു ദയനീയമായ യാഥാര്‍ത്ഥ്യം.
____________________________ 

സ്ഥാപനത്തിലെ ജീവനക്കാരന്‍ വഴി ഉത്തരേന്ത്യയില്‍ മിക്കവാറും ഇത്തരത്തില്‍ ജാതീയമായ വീക്ഷണത്തോട് കൂടിയാണ് സര്‍ക്കാറിതര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നു വളരെ ചുരുക്കം സ്ഥാപനങ്ങളൊഴിച്ചാല്‍ രാജസ്ഥാനിലും സമാന സ്ഥിതി തന്നെയാണ് നിലനില്‍ക്കുന്നത് എന്നും അറിയാന്‍ കഴിഞ്ഞു. എന്നാല്‍ മുമ്പ് ജോഗി യുവാവിനെ മര്‍ദ്ദിക്കുമ്പോള്‍ ഇയാള്‍ അങ്ങേയറ്റം ഉത്സാഹവാനായി അതില്‍ പങ്കെടുത്തിരുന്നു എന്ന ഓര്‍മ്മ, ജാതിസമ്പ്രദായം സൃഷ്ടിക്കുന്ന സാമൂഹികവും വ്യക്തിപരവുമായ ആഘാതങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നുമറിയില്ല എന്ന ഞങ്ങളുടെ തന്നെ നിരീക്ഷണങ്ങളെ ശരിവെക്കുന്നതിലേക്ക് നയിച്ചു.

പ്രശസ്ത തുര്‍ക്കി എഴുത്തുകാരിയായ എലിഫ് ഷഫക്ക് (Elit Shafak)അവരുടെ The Forty Rules of love: A novel of Rumi എന്ന നോവലിലെഴുതി. ‘There was nothing wrong with Being traditional in the Kitchen’ അടുക്കളകളിലൂടെ അധിനിവേശം നടത്തിയ മുതലാളിത്ത കാഴ്ചപ്പാടുകള്‍ ഉടച്ചുകളഞ്ഞ പ്രാദേശികവൈവിധ്യങ്ങളെയും രുചിഭേദങ്ങളെയും കുറിച്ച് സംസാരിക്കുമ്പോള്‍ ഉദ്ധരിക്കാറുണ്ടായിരുന്ന ഈ വാചകം പക്ഷേ ഇന്ത്യനവസ്ഥകളില്‍ പ്രയോഗിക്കുമ്പോള്‍ എത്രമാത്രം മര്‍ദ്ദക-സംഹാര സ്വഭാവമുള്ളതായിത്തീരുന്നു എന്ന് ഈ ഇടക്ക് ഞാന്‍ മനസിലാക്കി. സ്ഥാപനത്തിലെ കോമണ്‍ അടുക്കളയില്‍ ഞങ്ങളുടെ മുസ്ലീം കീഴ്ജാതി എഡന്ററ്റികള്‍ കാരണം കടുത്ത വിവേചനം നേരിടേണ്ടി വന്നു. മറ്റു ജീവനക്കാര്‍ വരുമ്പോള്‍ ഞങ്ങള്‍ അടുക്കളയില്‍ ഉണ്ടാകാന്‍ പാടില്ല എന്നതായിരുന്നു നിയമം. അതുകൊണ്ട് തന്നെ കഠിനമായ തണുപ്പുള്ള, കാറ്റ് വീശുന്ന പുലര്‍ച്ചകളില്‍ സമാധാനത്തോടു കൂടി ഒരു ചായ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം പോലും ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു.
അങ്ങേയറ്റം സങ്കുചിതവും ഇടുങ്ങിയതുമായ മാനസികാവസ്ഥയുള്ളവര്‍, ജാതിസമ്പ്രദായത്തിന്റെ വിധ്വംസക സ്വഭാവമുള്ള ആനുകൂല്യങ്ങള്‍ ആസ്വദിച്ച് അനുഭവിക്കുന്നവര്‍ അതിന്റെ തന്നെ ഉപോല്‍പന്നമായ സൂമൂഹിക വിവേചനം അവസാനിപ്പിക്കുക എന്ന ദൗത്യത്തിന് വേണ്ടി പരിശ്രമിക്കുന്നതിലെ ബീഭത്സമായ വൈരുധ്യം ഞങ്ങളെ നിരന്തരം അസ്വസ്ഥരാക്കികൊണ്ടിരുന്നു.

ജാതി സമ്പ്രദായത്തിന്റെ ഏറ്റവും ദാരുണമായ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. കഴിഞ്ഞ മെയ് മാസത്തിലാണ് ‘താഴ്ന്ന ജാതി’യായ മേഘ്വാലകള്‍ക്കെതിരെ ജാട്ടുകള്‍ അതിക്രൂരമായ ആക്രമണം അഴിച്ചു വിട്ടത്. മേഘ്പാല വിഭാഗത്തില്‍പെട്ട അഞ്ചാളുകളെ ട്രാക്ടര്‍ കയറ്റിയിറക്കി കൊലപ്പെടുത്തുകയും അതിലൊരാളുടെ കണ്ണുകളിലേക്ക് കത്തുന്ന വിറക് കൊള്ളികള്‍ കുത്തിയിറക്കുകയും ചെയ്ത ഈ മനുഷ്യത്വരഹിതമായ ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് വളരെ ഗുരുതരമായ പരിക്കേല്‍ക്കുകയും സ്ത്രീകളും കുട്ടികളും ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുകയും ചെയ്തു. മേഘ്വാലകളുടെ വീടും മറ്റു സാധന സാമഗ്രികളെല്ലാം കത്തിച്ചു ചാമ്പലാക്കിയ ജാട്ടുകള്‍ പരിക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ വെച്ച് ചികിത്സ നല്‍കാന്‍പോലും അവരുടെ സംഘബലം ഉപയോഗിച്ച് അനുവദിച്ചില്ല. ഇത്തരത്തില്‍ ബ്രാഹ്മണിക്കല്‍ ജാതിവ്യവസ്ഥയുടെ നിലനില്‍പ്പ് മൂലമുണ്ടാകുന്ന ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങളിലേക്കൊന്നും ഭൂരിപക്ഷം സര്‍ക്കാറിതര സ്ഥാപനങ്ങളും ചെവി കൊടുക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവരാണ് അവരെത്തന്നെ പുതിയ കാലത്തെ മാറ്റത്തിന്റെ പതാകവാഹകര്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്നത് മറ്റൊരു ദയനീയമായ യാഥാര്‍ത്ഥ്യം.

ഉയര്‍ന്ന ജാതിസ്ഥാനം ഉല്‍പാദിപ്പിക്കുന്ന സാമൂഹികമായ മുന്‍ഗണനകളെ സമര്‍ത്ഥമായി ഉപയോഗിച്ച് അന്താരാഷ്ട്രദേശീയ ഏജന്‍സികളില്‍ നിന്ന് ഫണ്ട് കൈക്കലാക്കുന്ന സര്‍ക്കാറിതര സ്ഥാപനങ്ങള്‍ പ്രസ്തുത ഫണ്ടും സൗകര്യങ്ങളും ആനുകൂല്യങ്ങളും ഉപയോഗിച്ച് അവരുടെ തന്നെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി സാധ്യമാക്കുകയും അതേ സമയം കീഴാള ജാതി വിഭാഗങ്ങളുടേയും ന്യൂനപക്ഷങ്ങളുടേയും സാമൂഹികമായ ഉണര്‍ച്ചകളെയും ഉയിര്‍ത്തെഴുന്നേല്‍പ്പുകളെയും പൊള്ളയായ വാഗ്ദാനങ്ങള്‍ വെച്ച് നീട്ടി അടിച്ചുടക്കുകയും പാര്‍ശ്വവല്‍കൃത മനസുകള്‍ക്ക് മേല്‍ സവര്‍ണ്ണ രക്ഷകര്‍തൃത്തെ നിര്‍മ്മാണം നടത്തുകയും ചെയ്യുന്നു. ഇതിനപവാദമായി നില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആനുകൂല്യങ്ങളുടെയും സൗകര്യങ്ങളുടെയും മുന്‍ഗണനകളുടെയും അഭാവം കാരണം പ്രവര്‍ത്തന മണ്ഡലങ്ങളില്‍ കൂടുതല്‍ മുന്നോട്ട് പോവാന്‍ കഴിയാതെ വിഷമിക്കുകയും ചെയ്യുന്നു. സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തിയായി വര്‍ത്തിക്കേണ്ട ഇത്തരം സംവിധാനങ്ങളെ മുഴുവന്‍ ജാതീയ ശക്തികള്‍ അവരുടെ സമ്പൂര്‍ണ്ണ ആധിപത്യം നിലനിര്‍ത്തുന്നതിനുവേണ്ടി ഉപയോഗിച്ച്‌കൊണ്ടിരിക്കുന്നു എന്നതാണ് സമകാലിക ഇന്ത്യന്‍ യാഥാര്‍ത്ഥ്യം. ജാതിവ്യവസ്ഥയെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉന്മൂലനം (Annihilation) ചെയ്യാതെ രാഷ്ട്രീയവും സാമ്പത്തികവുമായ പരിഷ്‌കരണവും പുരോഗതിയും അസാധ്യമാണ് എന്ന അംബേദ്ക്കറിന്റെ മൗലികമായ നിരീക്ഷണത്തെ കേന്ദ്ര ആശയമായി സ്വീകരിച്ചുകൊണ്ടല്ലാതെ സമത്വത്തില്‍ അധിഷ്ഠിതമായ ഇന്ത്യ എന്ന ലക്ഷ്യത്തിന്റെ സഫലീകരണം അക്ഷരാര്‍ത്ഥത്തില്‍ അചിന്തനീയമാണ്.
_____________________________________________

  • Notes

1:- Caste Diversity in Indian Development Sector: Does it Exist?, Published at http://roundtable-India.co.in/ viewed on july 10, 2010.
2:- Pedagogy of the oppressed, Friere meets Bourdieu, Published at http://burawoy.berkeley. edu/Bourdieu.htm.viewed on July 13, 2015.
3:- Another Khairlanji:Rajasthan’s Nagaur District is the new Dalit Slavghterhouse, Published at http://roundtableindia.co.in/ viewed on July13, 2015.

  • References

* Fiere Paulo(1996), Pedagogy of the oppressed, London:Penguin Books.
* Shafak Elif(2010), The forty Rules of love:A novel of RUMI, USA: viking Adult.
* Tultumble Anand(2010), Persistence of caste:The Khairlanji Murders and India’s hidden apparthied, NewYork:Zed Books.
____________________________
(കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.ഡബ്ലിയു. വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

Top