സര്‍വകലാശാലകളിലെ ജാതി ഫാക്കല്‍റ്റികള്‍

കേരളത്തില്‍ വിദ്യാഭ്യാസമേഖലയില്‍ ജാതിവ്യവസ്ഥയുടെ രൂപങ്ങള്‍ ഏതുവിധത്തിലൊക്കെയും പ്രവര്‍ത്തിക്കുന്നു എന്നത് ദൂരവ്യാപക ഫലം ഉല്‍പാദിപ്പിക്കുന്ന സംഗതിയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നും ഉപരിപഠനസാഹചര്യങ്ങളില്‍നിന്നും പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളെയും സമാനവിഭാഗങ്ങളെയും ഒഴിവാക്കിനിര്‍ത്തുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്നുണ്ട്

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഉത്തരവാദിത്തക്കുറവിനത്തെുടര്‍ന്നാണ് ഇംഗ്ളീഷ് മീഡിയം വ്യാപിച്ചത്. രണ്ടാംഘട്ടത്തില്‍ ഇത് ഡി.പി.ഇ.പിയുമായി ബന്ധിപ്പിച്ചാണ് സംഭവിക്കുന്നത്. ഗവണ്‍മെന്‍റ് സ്കൂളുകളില്‍ മാത്രമല്ല, എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി ക്ളാസുകളിലും കുട്ടികളെ കിട്ടാതെയായി. ഇതിന്‍െറ മറുവശം, ഇംഗ്ളീഷ് മീഡിയം സ്ഥാപനങ്ങളില്‍ കുട്ടികളുടെ വര്‍ധനവായിരുന്നു. അതിലെ മാനേജ്മെന്‍റുകള്‍ ദലിത് വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കാതിരിക്കാന്‍ ശ്രദ്ധിച്ചു. ഐ.ക്യൂവിലെ അപര്യാപ്തത എന്ന നിലയിലായിരുന്നു ഈ ഒഴിവാക്കല്‍.
രണ്ടാമത്തെ സംഗതി, കൂടുതല്‍ മുതല്‍മുടക്കുള്ളതാക്കി പ്രാഥമിക വിദ്യാഭ്യാസത്തെ മാറ്റിത്തീര്‍ത്തു എന്നതായിരുന്നു. ഇടത്തരക്കാര്‍ക്കുപോലും താങ്ങാവുന്നതിലധികമായി ഫീസും മറ്റും. എന്നിട്ടും പ്രവേശിക്കാന്‍ താല്‍പര്യം കാണിച്ച ദലിത് കുടുംബത്തിലെ വിദ്യാര്‍ഥികളെ പട്ടിക്കൂട്ടില്‍ ഇടുന്നതിലേക്കും അപമാനിക്കുന്നതിലേക്കും മാനേജ്മെന്‍റ് മാറിത്തീര്‍ന്നു.
അതീവ ദരിദ്രര്‍, കോളനി ദലിതര്‍, രോഗികളായ കുട്ടികള്‍ തുടങ്ങിയവര്‍ക്കുള്ളതായി സര്‍ക്കാര്‍ പ്രാഥമികവിദ്യാലയങ്ങള്‍.
പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ബാധകമല്ലാതിരുന്നിട്ടും ചില മാനേജ്മെന്‍റുകള്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നു
കോഴിക്കോട് നഗരത്തിലെ ചക്കിലിയ വിദ്യാര്‍ഥികളെ ഒഴിവാക്കുന്നത് 1950നു മുമ്പുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ല എന്നുപറഞ്ഞാണ്. ശിവന്‍ എന്ന പിതാവ് പറയുന്നത്; അഞ്ചുവിദ്യാര്‍ഥികള്‍ മെഡിക്കല്‍ പ്രവേശത്തിന് എന്‍ട്രന്‍സ് പാസായ ഘട്ടത്തിലാണ് സര്‍ട്ടിഫിക്കറ്റിന്‍െറ തടസ്സമുണ്ടായതെന്നാണ്. കൊല്ലം നഗരസഭക്കുള്ളിലെ തോട്ടിത്തൊഴിലാളികളും ഇതേ പ്രശ്നം നേരിടുന്നതായി വിധു വിന്‍സന്‍റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ചില മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍ വരുമാന സര്‍ട്ടിഫിക്കറ്റിന്‍െറ പേരിലാണ് അഡ്മിഷന്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ബാധകമല്ലാതിരുന്നിട്ടും ഈ മാനേജ്മെന്‍റുകള്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നു എന്നതാണ് അതിശയം. ചില സന്ദര്‍ഭങ്ങളില്‍ വില്ളേജ് ഓഫിസുകള്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞ് ഉപരിപഠനത്തെ മാത്രമല്ല,ജോലിയെക്കൂടി ബാധിക്കുംവിധം ഇടപെടാറുണ്ട്. മിശ്രവിവാഹിതരുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞ് അതിവേഗം നടപടി സ്വീകരിച്ച ഓഫിസുകള്‍ ദലിത് വിഭാഗങ്ങളുടെ ചരിത്രത്തിന്‍െറ സങ്കീര്‍ണതകളെ മനസ്സിലാക്കാത്തവരും ആ നിലക്ക് ഒരുവിധ ധാരണയും ഇല്ലാത്തവരുമാണ്. ഈ അര്‍ഥത്തില്‍ അനാവശ്യമായ ഒരു സംശയം ഉയര്‍ത്തുകയും ഒടുവില്‍, സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തപ്പോള്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതിന്‍െറ സമയം കഴിഞ്ഞതിനാല്‍ സാംകുട്ടി പട്ടംകരിക്ക് അസിസ്റ്റന്‍റ് പ്രഫസര്‍ ജോലിയാണ് നഷ്ടമായത്. മറ്റൊന്ന് 100 ശതമാനം മാര്‍ക്കിനുവേണ്ടിയുള്ള ഒഴിവാക്കലാണ്. പലതവണ പരീക്ഷ എഴുതാനാവാതെ പ്രായക്കൂടുതലോടെ ആ കുട്ടികള്‍ അപ്രത്യക്ഷരാകുന്നു.
എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി തുടങ്ങിയ വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ ഈ വിഭാഗത്തിലെ ഗവേഷകരുടെ പ്രശ്നങ്ങളെ ഗണിച്ചിട്ടില്ല
ഈ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ഗവേഷണത്തിന് ഫെലോഷിപ് നല്‍കിത്തുടങ്ങിയത് പി.കെ. രാഘവന്‍ പട്ടികജാതി മന്ത്രിയായിരുന്ന കാലത്താണ്. യു.ജി.സി നല്‍കുന്ന ഫെലോഷിപ് നല്‍കുക എന്നതായിരുന്നു ആ ഉത്തരവിന്‍െറ ചുരുക്കം. മാത്രമല്ല, യു.ജി.സിയൊ സ്റ്റേറ്റ് ഗവണ്‍മെന്‍േറാ ആരാണോ കൂടുതല്‍ നല്‍കുന്നത് അതില്‍ ഗവേഷകര്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍, പല സമയങ്ങളിലും ഈ ഉത്തരവനുസരിച്ചുള്ള വര്‍ധന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകാറില്ലായിരുന്നു. ദലിത് വിദ്യാര്‍ഥി മൂവ്മെന്‍റ് (ഡി.എസ്.എം) എന്ന വിദ്യാര്‍ഥി സംഘടന മാത്രമാണ് ഇക്കാര്യത്തില്‍ നിരന്തര ഇടപെടല്‍ നടത്തിയിട്ടുള്ളത്. എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി തുടങ്ങിയ വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ ഈ വിഭാഗത്തിലെ ഗവേഷകരുടെ പ്രശ്നങ്ങളെ ഗണിച്ചിട്ടില്ല.
2007ലാണ് കാലടി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ ദലിത് ഗവേഷകര്‍ക്ക് യു.ജി.സിയുടെ വര്‍ധിപ്പിച്ച നിരക്കിലുള്ള ഫെലോഷിപ് ലഭിച്ചുതുടങ്ങിയത്. അതുവരെയും ജില്ലാ ഓഫിസര്‍മാര്‍ ഫയല്‍ പൂഴ്ത്തിവെക്കുകയായിരുന്നു. ഇത് നേടിയെടുക്കാന്‍ ഒ.പി. രവീന്ദ്രന്‍ അടങ്ങുന്ന ഡി.എസ്.എംകാര്‍ നിരാഹാരസമരം അനുഷ്ഠിക്കേണ്ടിവന്നു. മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റിയില്‍ മൂന്നുവര്‍ഷത്തില്‍ കൂടുതലായി ഫെലോഷിപ് നല്‍കിയിരുന്നില്ല.
കോഴ്സ്വര്‍ക് ഫുള്‍ടൈം കോഴ്സിന്‍െറ ഭാഗമല്ല എന്ന് സര്‍വകലാശാല പറഞ്ഞതോടെ, ഗവേഷകര്‍ക്ക് ഫെലോഷിപ്പിന് സാധ്യമല്ല എന്ന് ജില്ലാ പട്ടികജാതി-വര്‍ഗ ഓഫിസ് പറയുകയായിരുന്നു. അത് ഇന്നും പൂര്‍ണമായി പരിഹരിക്കാതെ നിലനില്‍ക്കുകയാണ്.
കാലടി സര്‍വകലാശാലയില്‍ ഫെലോഷിപ്പിന്‍െറ വര്‍ധനക്കുവേണ്ടി മുമ്പ് വിദ്യാര്‍ഥികള്‍ക്ക് സമരം ചെയ്യേണ്ടിവന്നു. ഉദ്യോഗതലത്തിലുള്ള ദലിത് വിരുദ്ധസമീപനങ്ങള്‍ ഇവിടെയും കാണാം.
ഒരു പാഠ്യവിഷയമായി ദലിത് പഠനങ്ങള്‍ വികാസം നേടിയ ഘട്ടത്തിലും അതിന് അനുകൂലമല്ല സര്‍വകലാശാലകളുടെ നിലപാട്
ദലിത് സാഹിത്യപഠനങ്ങളും അതോടൊപ്പം സ്ത്രീ, പരിസ്ഥിതി, പാര്‍ശ്വവത്കൃത വിഷയങ്ങളും ഇന്ന് പാഠ്യപദ്ധതിയുടെ ഭാഗമാണ്. അവയെ അവഗണിക്കുകയോ ഒഴിവാക്കിനിര്‍ത്തുകയോ ചെയ്യുന്നു എന്നതാണ് മറ്റൊന്ന്. കാലടി സര്‍വകലാശാല ഇത്തരത്തിലുള്ള ഒരു കോഴ്സ് നിര്‍ത്തിവെപ്പിക്കുകയുണ്ടായി. ‘ജെന്‍ഡര്‍ ഇക്കോളജി ആന്‍ഡ് ദലിത് സ്റ്റഡീസ്’ എന്ന പി.ജി കോഴ്സ് യു.ജി.സിയുടെ സഹകരണത്തോടെ ആരംഭിച്ചെങ്കിലും അതിന്‍െറ നിലനില്‍പ് ഓരോഘട്ടത്തിലും കടമ്പകളായിത്തീര്‍ന്നു. കഴിഞ്ഞ അക്കാദമിക് ഇയറില്‍ കോഴ്സ് ഒഴിവാക്കുകയും ചെയ്തു.
ഒരു പാഠ്യവിഷയമായി ദലിത് പഠനങ്ങള്‍ വികാസംനേടിയ ഘട്ടത്തിലും അതിന് അനുകൂലമല്ല പലപ്പോഴും സര്‍വകലാശാലകളുടെയും ഫാക്കല്‍റ്റികളുടെയും നിലപാട്. സ്വത്വവാദപഠനങ്ങള്‍ എന്നനിലയില്‍ ഒഴിവാക്കണം എന്ന് വാശിപിടിക്കുന്നവരും ഇതിലുണ്ട്. അക്കാദമിക സംവാദമണ്ഡലമല്ല മറിച്ച് ചില താല്‍പര്യങ്ങളാണ് ഇവക്കുപിന്നിലുള്ളത് എന്ന് വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ പ്രാദേശിക ചരിത്രനിര്‍മാണവുമായി ബന്ധപ്പെട്ട ഒരു അധ്യാപകന്‍ നടത്തിവന്നിരുന്ന പ്രോജക്ട്, ദലിത് മേഖലയിലെ പ്രാദേശിക ചരിത്രത്തിന്‍െറതായിരുന്നു എന്ന കാരണത്താല്‍ തടസ്സപ്പെടുത്താന്‍ അധികാരികള്‍ക്കു കഴിഞ്ഞു.
സ്വയംഭരണം അടക്കമുള്ളവ ഏറ്റവും വലിയ ഭീഷണിയാകുന്നത് ദലിതര്‍ക്കാണ്
കാമ്പസുകളിലെ ദലിത്, ഒ.ബി.സി, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍, ഭിന്നശേഷിയുള്ളവര്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ നേരിടുന്ന പ്രശ്നം അറിയാനും പരിഹരിക്കാനും നിരവധി സംവിധാനങ്ങള്‍ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കേണ്ടതായുണ്ട്. ‘ഈക്വല്‍ ഓപര്‍ച്യൂണിറ്റി സെല്‍’ അടക്കമുള്ളവ. ഇത് എത്രമാത്രം പ്രവര്‍ത്തനക്ഷമമാണ് എന്നതാണ് മറ്റൊരുകാര്യം. എറണാകുളത്തെ ഒരു പ്രധാനപ്പെട്ട മാനേജ്മെന്‍റ് സ്ഥാപനത്തില്‍നിന്ന് സര്‍വകലാശാലയില്‍ എത്തിയ പരാതി ഇന്‍േറണല്‍ മാര്‍ക്ക് നല്‍കാതെ തോല്‍പിച്ചതുമായി ബന്ധപ്പെട്ടാണ്. സാധ്യമാകുമായിരുന്നിട്ടും മിനിമം ഇന്‍േറണല്‍ മാര്‍ക്കുപോലും നല്‍കുന്നില്ല എന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിയുന്നത്. ഗവേഷണത്തിനത്തെിയ ഒരു വിദ്യാര്‍ഥിനിക്ക് ഇരിപ്പിടം നല്‍കാതെയും ലാബ് അനുവദിക്കാതെയും പെരുമാറുന്ന സമീപനമാണ് മറ്റൊന്ന്. മറ്റൊരു സര്‍വകലാശാലയിലാകട്ടെ ഹോസ്റ്റലില്‍ മെസ് നിഷേധിച്ച് ഒറ്റപ്പെടുത്തുന്നു. മറ്റൊരു പരാതി അതിലും വിചിത്രമായിരുന്നു. ഒരു അധ്യാപകന്‍െറ കീഴില്‍ എന്തിന് ഗവേഷണം നടത്തി എന്ന കാരണത്താലായിരുന്നു ആ ഗവേഷക ഒറ്റപ്പെട്ടത്. അഡ്മിഷന്‍ സീറ്റുകള്‍ നികത്താതെ ഒഴിവാക്കലാണ് മറ്റൊരു രീതി. സ്വയംഭരണം അടക്കമുള്ളവ ഏറ്റവും വലിയ ഭീഷണിയാകുന്നത് ദലിതര്‍ക്കാണ്. കാരണം, അവര്‍ക്ക് സ്വന്തം മാനേജ്മെന്‍റുകള്‍ ഇല്ലല്ളോ.
ചെറു ക്ളാസുകളില്‍ സ്ളേറ്റ് ഇടയില്‍വെച്ച് അകല്‍ച്ച പ്രാക്ടിസ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഹൈസ്കൂളിലത്തെുമ്പോള്‍ ബാഗ് ഇടയില്‍വെച്ച് ഇത് തുടരുന്നു
അയിത്തം പാലിക്കുന്ന ക്ളാസ്മുറികള്‍ ഇന്ന് കേരളത്തിലുണ്ട്. കോഴിക്കോട് പേരാമ്പ്രയിലെ ചില സ്കൂളുകള്‍ അതിനുദാഹരണമാണ്. ചെറു ക്ളാസുകളില്‍ സ്ളേറ്റ് ഇടയില്‍വെച്ച് അകല്‍ച്ച പ്രാക്ടിസ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഹൈസ്കൂളിലത്തെുമ്പോള്‍ ബാഗ് ഇടയില്‍വെച്ച് ദലിതരോട് അകല്‍ച്ചപാലിക്കുന്നു. അധ്യാപകര്‍ അതിനനുവദിക്കുകയും ചെയ്യുന്നു. പുതുതലമുറയുടെ ഏറ്റവും പുതിയ കുരുന്നുകള്‍ ചിന്തിക്കുന്നത് തുറന്ന ജാതിബോധത്തോടെയാണെന്ന് അറിയേണ്ടതുണ്ട്. മതങ്ങള്‍ തമ്മിലുള്ള വിദ്വേഷത്തിലേക്കും ഇതുമാറുന്നുണ്ട്. ഏതുതരത്തിലുള്ള ഒൗഷധമാവും ഈ രോഗങ്ങള്‍ക്കൊക്കെയും
നമുക്ക് നിര്‍ദേശിക്കാനുണ്ടാവുക?
-തുടരും

കാലിക്കറ്റ് സര്‍വകലാശാലമലയാള വിഭാഗം പ്രഫസറാണ് ലേഖകന്‍

Top