മതേതരത്വം : ജ്ഞാനോദയത്തിന്റെ മാതൃകകള്‍

ഉത്കണ്ഠാകുലരായ ജനാധിപത്യശക്തികള്‍ ഉന്നത മൂല്യങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും അവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ സ്ഥാപകപിതാക്കന്മാരായ ഗാന്ധിയിലേക്കും നെഹ്‌റുവിലേക്കും വീണ്ടും തിരിയുകയും ചെയ്യുന്നു. ഗാന്ധിയുടെ കാര്യത്തില്‍ തെറ്റുകളുളളതായി എനിക്കു തോന്നുന്നു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരുമിച്ചുകൊണ്ടുവരാനായി അദ്ദേഹം ചരിത്രബന്ധമില്ലാത്ത മതസാമുദായിക ബിംബങ്ങള്‍ ഉപയോഗിച്ചു. ഖിലാഫത്ത് മുസ്ലീങ്ങളുടെ ആവശ്യങ്ങളുടെ പ്രതീകവും രാമരാജ്യം ഹിന്ദുക്കളുടെ ആവശ്യങ്ങളുടെ പ്രതീകവുമാക്കി. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇരു സംസ്‌കാരങ്ങളുടെയും യാഥാസ്ഥിതിക ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി. അംബേദ്കറുടെ ദളിതരോടുള്ള മതം മാറ്റത്തിനുള്ള ആഹ്വാനത്തെ അദ്ദേഹം എതിര്‍ക്കുകയും ദളിതര്‍ പൂര്‍വികരുടെ മതത്തില്‍ നില്‍ക്കണമെന്ന് ശഠിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്ത ആ പാരമ്പര്യത്തിലെ തുല്യതാ വിരുദ്ധ, മര്‍ദ്ദക ശക്തികള്‍ക്കുമേല്‍ പിടിമുറുക്കുന്നതിന് വിസമ്മതിച്ചു.

ഇന്ത്യയില്‍ ‘മതേതരത്വ’ത്തിനുള്ള വിപുലമായ അര്‍ഥം മനസ്സിലാക്കാന്‍ എനിക്ക് ഒരുപാട് സമയം ആവശ്യമായി വന്നു. അമേരിക്കയില്‍ ‘മതത്തിന്റെ സ്വാതന്ത്ര്യ’മെന്നാണ് അതിനു കൂടുതല്‍ പരിഗണിക്കപ്പെടുന്ന അര്‍ഥം. ഓരോ വിഭാഗത്തിനും തങ്ങളുടെ ഇഷ്ടാനുസരണം മതവിശ്വാസം പുലര്‍ത്താനുള്ള അവകാശം (മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോളം) അഥവാ മതസ്വേച്ഛാധികാരത്തില്‍നിന്നുള്ള സ്വാതന്ത്ര്യം എന്നാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അമേരിക്കയിലുള്ള നിരവധി കുടിയേറ്റക്കാരില്‍ നല്ല പങ്കും മതസ്വേച്ഛാധിപത്യത്തിന്‍ കീഴില്‍നിന്ന് പലായനം ചെയ്ത് അവിടെയെത്തിയവരാണ് . മിക്കവരുംതന്നെ ജ്ഞാനോദയ മൂല്യങ്ങള്‍ ആര്‍ജിച്ച രാജ്യങ്ങളില്‍നിന്ന് വന്നവരായിരുന്നു എന്നതും മറ്റൊരു വസ്തുതയാണ്. പുതിയ നാട്ടില്‍ സാമ്പത്തികമായും സാമൂഹികവുമായുള്ള സുരക്ഷിതത്വമാണ് അവര്‍ മുഖ്യമായി തേടിയത്.
ഇന്ത്യയിലാവട്ടെ, ‘മതേതരത്വ’ത്തിന് അതിനേക്കാളൊക്കെ അര്‍ഥമുണ്ട്. ‘ധര്‍മനിരപേക്ഷത’, അല്ലെങ്കില്‍ ‘സര്‍വധര്‍മ സമഭാവം’ എന്നിങ്ങനെയുള്ള വിവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയില്‍ മതേതരത്വത്തെ ഹിന്ദുത്വശക്തികള്‍ ആക്രമണവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. മതേതരത്വം അതിന്റെ വിപുലമായ അര്‍ഥംകൊണ്ട്, മതസ്വേച്ഛാധിപത്യത്തില്‍നിന്നുള്ള മോചനം സംഭവിച്ച ഒരു സമൂഹത്തെ മാത്രമല്ല അത് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്. അത് തുല്യനീതി, യുക്തിബോധം, പുരോഗതി എന്നിവയുള്ള സമൂഹത്തെക്കൂടിയാണ്.
ഇതിന് പ്രധാനമായും നാലു മുഖ്യഘടകങ്ങളുണ്ട്.
അവയില്‍ ആദ്യത്തേത് നമ്മുടെ സാമൂഹികജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ മതപരമായ അന്തര്‍ജ്ഞാനം, ആത്മീയമായ പ്രമാണികത്വം, അനുഷ്ഠാപരത എന്നിവയേക്കാള്‍ അനുഭവങ്ങളോടും യുക്തിയോടും ഐക്യസാമീപ്യം പുലര്‍ത്തുന്നു എന്നതാണ്. യുക്തിബോധത്തെയും ശാസ്ത്രത്തെയും അതിന്റെ പാരമ്പര്യത്തില്‍ നിന്നും പൗരോഹിത്യത്തിന്റെ കെട്ടുപാടുകളില്‍നിന്നും മോചിപ്പിക്കുന്നു. രാജകീയ നിയന്ത്രണങ്ങളില്‍നിന്ന് മോചിപ്പിക്കുക എന്നത് ഉല്‍ക്കര്‍ഷോന്മുഖമായ എല്ലാ സമൂഹങ്ങളുടെയും പ്രയത്‌നങ്ങളുടെ ഭാഗമായിരുന്നു.
യൂറോപ്പില്‍ ഈ പ്രക്രിയ ജ്ഞാനോദയത്തോടുകൂടി ആഗതമായി. അതിന് അവരുടെ സാംസ്‌കാരികപാരമ്പര്യത്തില്‍ ആഴത്തില്‍ വേരുകള്‍ ഉണ്ടായിരുന്നു. യൂറോപ്യന്‍ ഭാഷകളിലേക്കുള്ള ബൈബിളിന്റെ ആദ്യ വിവര്‍ത്തനത്തോടുകൂടിയാണ് ആദ്യം അതു സംഭവിച്ചത്. സ്വന്തം ഭാഷയില്‍ ബൈബിള്‍ വായിക്കാനും അങ്ങനെ പുരോഹിതര്‍ തങ്ങളോട് പറഞ്ഞതിലെ സത്യമെന്തെന്ന് സ്വയം വിലയിരുത്താനും ജനങ്ങള്‍ക്കായി. പള്ളിയുടെ വ്യവസ്ഥാപിത രൂപങ്ങള്‍ നിഷേധിച്ചുകൊണ്ട് നടന്ന ശാസ്ത്രീയ പരീക്ഷണങ്ങളോടെയായിരുന്നു അതിന്റെ തുടക്കം. ഗലീലിയോവിന്റെ കാര്യത്തിലടക്കം പല കാര്യങ്ങളിലും അത് ദുരന്തമായെങ്കിലും.
ഇന്ത്യയില്‍ യുക്തിയുടെയും പരീക്ഷണത്തിന്റേതുമായ ഈ അന്വേഷണം ലോകായതന്മാരുടെയും ബുദ്ധന്റെയും കാലത്തോളം നീളുന്നു. ബുദ്ധന്‍ ബുദ്ധഭിക്ഷുക്കളോട് പറഞ്ഞു: ”നിങ്ങള്‍ സ്വന്തം വിളക്കാവുക”. ജാതിശ്രേണി വ്യവസ്ഥയ്ക്കും അനുഷ്ഠാനപരതയ്ക്കും എതിരായി തങ്ങളുടെ സ്വന്തം അനുഭവവും ആധികാരികതയും ഭക്തിപ്രസ്ഥാനം മുന്നോട്ടുവെച്ചു. കൊളോണിയലിസത്തിനെതിരെയുള്ള സ്വാതന്ത്ര്യപോരാട്ടത്തില്‍ ഈ ആശയം ഉപയോഗിക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യ എന്നത് യുക്തിയുടെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു സമൂഹമായിരുന്നു. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആത്മീയവാദത്തിന്റെ പാരമ്പര്യത്തിലായിരുന്നില്ല അതിന്റെ അടിത്തറ.

_____________________________________
അമേരിക്കയില്‍, ഒരു യുദ്ധം നടന്നത് ബ്രിട്ടീഷ് ഭരണത്തിനെതിരായിരുന്നു. പക്ഷേ, അതിനേക്കാള്‍ വലിയ പോരാട്ടം ആഭ്യന്തര യുദ്ധമായിരുന്നു. അത് ആഭ്യന്തര അടിമത്തത്തിനെതിരെയുള്ള പോരാട്ടമായിരുന്നു. അതേപോലെ തന്നെ, ഇന്ത്യയില്‍ സ്വാതന്ത്ര്യപോരാട്ടങ്ങളുടെ നേട്ടം പ്രതിനിധീകരിക്കുന്നത് യുദ്ധത്തിന്റെ പാതിയെ മാത്രമാണ്. തുല്യതയ്ക്കും മതേതരത്വത്തിനും വേണ്ടിയുള്ള യുദ്ധം ഇനിയും പോരാടാന്‍ ഇരിക്കുന്നു.
_____________________________________ 

‘മതേതരത്വത്തി’ന്റെ രണ്ടാമത്തെ പ്രധാന ഘടകം ബഹുസാംസ്‌കാരികതയാണ്. ഇന്ത്യയുടെ മതസാംസ്‌കാരിക പാരമ്പര്യങ്ങള്‍ ബഹുരൂപിയും വിവിധ രൂപങ്ങളുള്ളതുമാണ്. ഇന്ന് ഹിന്ദുയിസം എന്നു വിളിക്കപ്പെടുന്നതിനു മാത്രമല്ല, ഉപഭൂഖണ്ഡത്തിനപ്പുറം കിഴക്കോട്ടും പടിഞ്ഞാറോട്ടും പോയ മതങ്ങള്‍ക്കും ഇതു ബാധകമാണ്. ബുദ്ധമത പാരമ്പര്യം ഇന്ത്യയെ അവയുടെ തെക്കും കിഴക്കുമുള്ള അയല്‍ക്കാരുമായി ബന്ധിപ്പിച്ചു. ഇസ്ലാമിക പാരമ്പര്യം ഇന്ത്യന്‍ ജീവിത്തിന്റെയും സംസ്‌കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭാഗമായിത്തീര്‍ന്നു. അങ്ങനെ പടിഞ്ഞാറും വടക്കുമുള്ള അയല്‍വാസികളുമായി അതു ബന്ധം സ്ഥാപിച്ചു. ക്രിസ്ത്യന്‍ പാരമ്പര്യം ഇന്ത്യയും യൂറോപ്പുമായും അമേരിക്കയുമായും ബന്ധിപ്പിച്ചു. മനുഷ്യജീവിതം മതത്തില്‍നിന്ന് സ്വതന്ത്രമായിരിക്കണം എന്നല്ല, വ്യത്യസ്ത മതസമുദായങ്ങളെ ഒരുമിച്ച് സമാധാനത്തിലും സമൃദ്ധിയിലും ജീവിക്കുകയും വികസിക്കുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ ആശയം. ഇന്ത്യന്‍ ധൈഷണികത ഓരോ മതപാരമ്പര്യങ്ങളെയും രൂപപ്പെടുത്തുകയും പരിവര്‍ത്തനപ്പെടുത്തുകയും അതില്‍നിന്ന് സമ്പുഷ്ടമാവുകയും ചെയ്തു.
മൂന്നാമത്തെ ഘടകം തുല്യനീതിയാണ്. ഇന്ത്യയില്‍ പുരാതനകാലം മുതലേ തുല്യതയുടെ മൂല്യങ്ങള്‍ നിനിന്നിരുന്നു. ബ്രാഹ്മണാധികാരത്തിന്റെ വര്‍ണാശ്രമധര്‍മങ്ങളുടെ അധീശത്വമൂല്യങ്ങളുമായി എന്നും പോരാടിക്കൊണ്ടിരുന്നു. അവ ബുദ്ധിസത്തില്‍നിന്നും പിന്നീട് വിവിധ വഴികളിലൂടെ ഇസ്ലാമില്‍ നിന്നും, പ്രത്യേകിച്ച് സൂഫി പ്രസ്ഥാനത്തിലൂടെ പ്രചോദനങ്ങള്‍ കൈക്കൊണ്ടു. ഞാനറിയുന്ന ഏറ്റവും പഴക്കം ചെന്ന മനുഷ്യാവകാശ മാനിഫെസ്റ്റോ നടന്നത് ഇന്ത്യയിലാണ്. പതിനേഴാം നൂറ്റാണ്ടില്‍ സന്ത് തുക്കാറാമില്‍ നിന്നാണ് അതുണ്ടായത്. ബ്രാഹ്മമര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍., ചണ്ഡാളന്‍ എല്ലാവരും അധികാരികളാണ്. ആണുങ്ങള്‍, കുഞ്ഞുങ്ങള്‍.. വേശ്യകള്‍ പോലും എന്നാണ് അദ്ദേഹം പാടിയത്. ആത്മീയമായ തുല്യതയ്ക്കും മനുഷ്യരെന്ന നിലയിലുള്ള തുല്യതയ്ക്കും വേണ്ടിയുള്ള അവകാശ പ്രഖ്യാപനമായിരുന്നു അത്. തുക്കറാം സര്‍ഗാത്മകതയ്ക്കും വളര്‍ച്ചയ്ക്കും കഴിവുള്ളവരായി മനുഷ്യരെ കണ്ടു. സന്ത് രവിദാസ് വര്‍ഗരഹിതമായ, ജാതിനിര്‍മുക്തമായ ബെഗുംപുര എന്ന മാതൃകാപരമായ രാജ്യം സ്വപ്നം കണ്ടിരുന്നു. അവിടെ നികുതികളും സ്വത്തും ഇല്ലായിരുന്നു. തോന്നുന്നതുപോലെ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ജാതി നിയന്ത്രണങ്ങളില്‍ കൊട്ടിയടക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതായിരുന്നു ഈ ആശയം.
ഇതെല്ലാം സ്വാതന്ത്ര്യ സമരകാലത്ത് മതേതരത്വമെന്ന ആശയമായും ഒരു പുതു സമൂഹനിര്‍മാണവുമായും ബന്ധപ്പെട്ടിരുന്നു. ‘സോഷ്യലിസം’, ‘സോഷ്യല്‍ ഡെമോക്രസി’ എന്നീ പേരുകളാല്‍ ഈ ആശയങ്ങള്‍ എപ്പോഴും പ്രകടിപ്പിക്കപ്പെട്ടു. എല്ലാ മനുഷ്യര്‍ക്കും സ്വാതന്ത്ര്യത്തിലും സമൃദ്ധിയിലും നേടാനാവുന്ന ഒരു സമൂഹ നിര്‍മിതി എന്നതായിരുന്നു ഇതിന്റെ ആശയം. കാലം ദുരന്തത്തില്‍നിന്ന് ഉട്ടോപ്യയിലേക്കും അവിടെനിന്ന് തിരിച്ചും പോകുന്ന പോക്കായിരുന്നില്ല അത്. കാലം ചരിത്രമാണ് എന്നതായിരുന്നു ഇവിടെ ദര്‍ശനം. ഉട്ടോപ്യ എന്നത് ഭാവിയിലേക്കുള്ളതായിരുന്നില്ല. അവിടെ രാജാക്കന്‍മാരും വിശുദ്ധരും പടച്ചുണ്ടാക്കുന്നതല്ല, മറിച്ച് അധ്വാനിക്കുന്ന മനുഷ്യര്‍ ഒരുമിച്ച് ഈ ഭൂമിയില്‍ ഉടനെ ഉണ്ടാക്കിയെടുക്കേണ്ട ഒന്നായിരുന്നു അത്.
നാലാമത്തെ ഘടകം സാര്‍വലൗകികതയായിരുന്നു. യുക്തിവിചാരം, ശാസ്ത്രം, ജനാധിപത്യം എന്നീ മാര്‍ഗങ്ങളിലൂടെ ഒരു സമൂഹത്തിലേക്ക് സ്വയം പരിവര്‍ത്തിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ആദ്യത്തെ സാമ്രാജ്യത്വ വിരുദ്ധ ഐക്യങ്ങളിലും പിന്നീട് ചേരിചേരാപ്രസ്ഥാനത്തിലൂടെയും നെഹ്‌റു യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചതും ഇതായിരുന്നു. ഇതിനു മുന്‍കാല പാരമ്പര്യത്തില്‍ തന്നെ വേരുണ്ടായിരുന്നു. അതായത് ബുദ്ധിസം ആദ്യത്തെ മിഷനറി മതമായിത്തീരുകയും ബുദ്ധന്‍ ബഹുജനഹിതത്തിനും ബഹുജനസുഖത്തിനും വേണ്ടി ശിഷ്യരോട് ധര്‍മം ആചരിക്കാന്‍ പറയുകയും ചെയ്ത കാലത്തോളം അതിനുവേരുകളുണ്ടായിരുന്നു.
ഇത്തരം വിവിധതരത്തിലുള്ള കാഴ്ചപ്പാടുകള്‍ നാം സെക്കുലറിസം എന്നു വിളിക്കുന്ന ആശയം രൂപീകരിക്കുന്നതിലേക്ക് എത്തിച്ചേര്‍ന്നു. ഇന്ന് ഹിന്ദുത്വവാദത്തിന്റെ ഭീഷണിയിലാണ് ഇവയെല്ലാം. യുക്തിബോധത്തില്‍നിന്ന് കുതറിമാറി ഇന്ത്യയിലെ കാലമില്ലാത്ത പാരമ്പര്യങ്ങള്‍ക്കും വേണ്ടി അവര്‍ അന്വേഷണങ്ങള്‍ നടത്തുന്നു. ഹിന്ദുരാഷ്ട്രം എന്ന പേരില്‍ ഇന്ത്യയുടെ ബഹുസാംസ്‌കാരികതയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ദളിതര്‍ക്കും ഒ.ബി.സി വിഭാഗങ്ങള്‍ക്കും കേവല ആനുകൂല്യങ്ങള്‍ നല്‍കിയ തുല്യതാ ശ്രമങ്ങളെ ഇകഴ്ത്താനും ഉയര്‍ന്ന വര്‍ണത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. സാര്‍വലൗകികത്വത്തെ പിന്നോട്ടടിക്കാന്‍ വിശുദ്ധഭൂമി, പിതൃഭൂമി എന്നിവയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ആശ്രയസംഹിതകള്‍ സ്വീകരിച്ച് ഉപദ്വീപിനെ മനുഷ്യദര്‍ശനങ്ങളുടെ അതിരായി (അറ്റമായി) പരിഗണിക്കുകയും ചെയ്യുന്നു.
ഉത്കണ്ഠാകുലരായ ജനാധിപത്യശക്തികള്‍ ഉന്നത മൂല്യങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും അവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ സ്ഥാപകപിതാക്കന്മാരായ ഗാന്ധിയിലേക്കും നെഹ്‌റുവിലേക്കും വീണ്ടും തിരിയുകയും ചെയ്യുന്നു. ഗാന്ധിയുടെ കാര്യത്തില്‍ തെറ്റുകളുളളതായി എനിക്കു തോന്നുന്നു.

_____________________________________
നെഹ്‌റു അഭിമാനപൂര്‍വമായി വിശ്വസിച്ചിരുന്നത് യുക്തിയിലും ശാസ്ത്രീയ മൂല്യങ്ങളിലുമായിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം ഇടതുകാരെയും പോലെ മാര്‍ക്‌സിസത്തിന്റെ സാമ്പത്തിക പ്രവണതകളാല്‍ അദ്ദേഹം പരിമിതപ്പെട്ടിരുന്നു. നെഹ്‌റു തൊട്ടുകൂടായ്മ അവസാനിപ്പിക്കാനുള്ള ഗാന്ധിയുടെ ഊന്നലിനെ കണ്ടത് ഒരു വ്യതിയാനമായിട്ടാണ്. ദളിതരുടെയും ശൂദ്രരുടെയും പ്രശ്‌നങ്ങള്‍ കര്‍ഷകതൊഴിലാളികളുടെയും ഭൂരഹിത കര്‍ഷകരുടെയും പോലെ തന്നെയാണെന്നാണ് നെഹ്‌റു കരുതിയത്. 
_____________________________________ 

ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരുമിച്ചുകൊണ്ടുവരാനായി അദ്ദേഹം ചരിത്രബന്ധമില്ലാത്ത മതസാമുദായിക ബിംബങ്ങള്‍ ഉപയോഗിച്ചു. ഖിലാഫത്ത് മുസ്ലീങ്ങളുടെ ആവശ്യങ്ങളുടെ പ്രതീകവും രാമരാജ്യം ഹിന്ദുക്കളുടെ ആവശ്യങ്ങളുടെ പ്രതീകവുമാക്കി. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇരു സംസ്‌കാരങ്ങളുടെയും യാഥാസ്ഥിതിക ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി. അംബേദ്കറുടെ ദളിതരോടുള്ള മതം മാറ്റത്തിനുള്ള ആഹ്വാനത്തെ അദ്ദേഹം എതിര്‍ക്കുകയും ദളിതര്‍ പൂര്‍വികരുടെ മതത്തില്‍ നില്‍ക്കണമെന്ന് ശഠിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്ത ആ പാരമ്പര്യത്തിലെ തുല്യതാ വിരുദ്ധ, മര്‍ദ്ദക ശക്തികള്‍ക്കുമേല്‍ പിടിമുറുക്കുന്നതിന് വിസമ്മതിച്ചു.
ഇതുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളെല്ലാം കാണിക്കുന്നത് സ്വന്തം വിധിയെ ബാധിക്കുന്ന തരത്തില്‍ തീരുമാനം എടുക്കാന്‍ കഴിയാത്തത്ര ലഘുമാനസരായിരുന്നു ദളിതര്‍ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു എന്നാണ്. ‘എക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി’യില്‍ എം.വി. നദ്ക്കര്‍ണി ഈയിടെ എഴുതിയ ലേഖനം വായിച്ചപ്പോള്‍ ദളിതരെയും എന്തിന് സ്വന്തം ഭാര്യയെപ്പോലും മനസ്സില്ലാത്ത പശുക്കള്‍ എന്ന നിലയിലാണ് തന്റെ ആത്മീയ ചിന്തകളില്‍ ഗാന്ധി കണ്ടിരുന്നത് എന്ന് വ്യക്തമാക്കുന്നു.
നെഹ്‌റു അഭിമാനപൂര്‍വമായി വിശ്വസിച്ചിരുന്നത് യുക്തിയിലും ശാസ്ത്രീയ മൂല്യങ്ങളിലുമായിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം ഇടതുകാരെയും പോലെ മാര്‍ക്‌സിസത്തിന്റെ സാമ്പത്തിക പ്രവണതകളാല്‍ അദ്ദേഹം പരിമിതപ്പെട്ടിരുന്നു. നെഹ്‌റു തൊട്ടുകൂടായ്മ അവസാനിപ്പിക്കാനുള്ള ഗാന്ധിയുടെ ഊന്നലിനെ കണ്ടത് ഒരു വ്യതിയാനമായിട്ടാണ്. ദളിതരുടെയും ശൂദ്രരുടെയും പ്രശ്‌നങ്ങള്‍ കര്‍ഷകതൊഴിലാളികളുടെയും ഭൂരഹിത കര്‍ഷകരുടെയും പോലെ തന്നെയാണെന്നാണ് നെഹ്‌റു കരുതിയത്. വ്യവസായവല്‍ക്കരണം നിലവില്‍വരുമ്പോള്‍ തനിയെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഇക്കാര്യത്തില്‍ നെഹ്‌റുവിനും തെറ്റുപറ്റി.
ഇക്കാരണങ്ങളിലൊക്കെത്തന്നെ മതേതരത്വത്തിന്റെ ശരിയായ അടിത്തറ ഇന്ത്യയില്‍ ഇന്നു നിലകൊള്ളുന്നത് ഫൂലേ, അംബേദ്കര്‍, പെരിയോര്‍, ഇയോതിദാസ്, അച്യുതാനന്ദ മുതലായവരുടെ ചിന്തകളിലാണ്. ഉന്നതകുല പരിഷ്‌കാരികള്‍ ആര്യസമാജങ്ങളും ബ്രഹ്മസമാജങ്ങളും സ്ഥാപിക്കുമ്പോള്‍ ഫൂലേയുള്‍പ്പെടെയുള്ളവര്‍ സത്യാന്വേഷണ സമൂഹങ്ങളും സ്വാഭിമാന പ്രസ്ഥാനങ്ങളും സംഘടിപ്പിച്ചു. ഫൂലേ ഇസ്ലാമിലെ തുല്യതാവകാശത്തെ ശ്ലാഘിക്കുകയും ബ്രാഹ്മണ്യത്തില്‍നിന്നും അടിമത്തത്തില്‍നിന്നും മുക്തരാകാന്‍ മതംമാറ്റത്തെ പ്രസ്ഥാനമായി കാണുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ഗണന ഏകദൈവത്തില്‍ വിശ്വസിക്കുന്ന ‘സാര്‍വജനിക് സത്യധര്‍മ്മയ്ക്കാ’യിരുന്നു. ആദ്യം ഇയോതിദാസും പിന്നീട് അംബേദ്കറും ദശലക്ഷക്കണക്കിന് താഴ്ന്ന ജാതിക്കാരായ ഇന്ത്യക്കാരോട് ബുദ്ധമതത്തെ യുക്തിപരമായി സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തു. തദ്ദേശീയ ജനവിഭാഗങ്ങളുടെ വേദകാലത്തിനുമുന്‍പുള്ള യഥാര്‍ത്ഥ മതമായി ശുദ്ധമായ ഭക്തിപ്രസ്ഥാനത്തെ സ്വീകരിക്കാന്‍ അച്യുതാനന്ദ ആഹ്വാനം ചെയ്തു. ഇവരെയെല്ലാം തന്നെ തുല്യത അവകാശത്തിലും ജനാധിപത്യമൂല്യങ്ങളിലും അടിസ്ഥാനമാക്കിയ ഒരു നല്ല സമൂഹം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാണ് നോക്കിയത്. തന്റെ ജീവിതത്തിന്റെ അവസാനകാലത്ത് അംബേദ്കര്‍ ഫ്രഞ്ചുവിപ്ലവത്തിന്റെ മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെ ഉദ്‌ഘോഷിച്ചു.
അമേരിക്കയില്‍, ഒരു യുദ്ധം നടന്നത് ബ്രിട്ടീഷ് ഭരണത്തിനെതിരായിരുന്നു. പക്ഷേ, അതിനേക്കാള്‍ വലിയ പോരാട്ടം ആഭ്യന്തര യുദ്ധമായിരുന്നു. അത് ആഭ്യന്തര അടിമത്തത്തിനെതിരെയുള്ള പോരാട്ടമായിരുന്നു. അതേപോലെ തന്നെ, ഇന്ത്യയില്‍ സ്വാതന്ത്ര്യപോരാട്ടങ്ങളുടെ നേട്ടം പ്രതിനിധീകരിക്കുന്നത് യുദ്ധത്തിന്റെ പാതിയെ മാത്രമാണ്. തുല്യതയ്ക്കും മതേതരത്വത്തിനും വേണ്ടിയുള്ള യുദ്ധം ഇനിയും പോരാടാന്‍ ഇരിക്കുന്നു.

(വിവ: ബിജുരാജ്/യെല്‍ദോ)

Top