മത്സ്യബന്ധന മേഖല നേരിടുന്ന പ്രതിസന്ധി

കാലാകാലങ്ങളില്‍ മത്സ്യബന്ധനമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് മത്സ്യതൊഴിലാളി സമൂഹത്തിന് പ്രയോജനപ്പെടുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. കേന്ദ്രത്തില്‍ ഫിഷറീസിനായി പ്രത്യേകം മന്ത്രാലയം അനിവാര്യമാണ്. ഏറെ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന മത്സ്യതൊഴിലാളി സമൂഹത്തെ മുഖ്യധാരയിലെത്തിക്കുവാന്‍ വേണ്ട കര്‍പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. അതിനുവേണ്ടിയുള്ള കൂട്ടായ പ്രയത്‌നമാണ് നമുക്കിന്നാവശ്യം.

മത്സ്യബന്ധന മേഖല ഏറെ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഉപജീവനത്തിനായി മീന്‍പിടിത്തത്തിലേര്‍പ്പെടുന്ന പരമ്പരാഗത-ചെറുകിട മത്സ്യതൊഴിലാളി സമൂഹമാണ് ഏറെ ദുരിതത്തിലേക്ക് തള്ളപ്പെടുന്നത്. വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്കും ഇന്ത്യയിലെ തന്നെ വന്‍കിട ട്രോളറുകള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്ന നയസമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടു വരുന്നത്. ഓരോ സംസ്ഥാനത്തിന്റേയും അധികാര പരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ (22കിലോമീറ്റര്‍) കടല്‍ മേഖലയില്‍ പോലും ചെറുകിട മീന്‍പിടിത്തക്കാര്‍ക്ക് ബുദ്ധിമുട്ടുളവാക്കുന്ന ഇടപെടലുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തിലുള്ള 200 നോട്ടിക്കല്‍ മൈല്‍ (360 കിലോമീറ്റര്‍) കടല്‍ മേഖലയില്‍ ഇന്ത്യന്‍ മീന്‍പിടിത്തക്കാര്‍ക്ക് സ്വതന്ത്രമായി മത്സ്യബന്ധനം നടത്താനുള്ള അവകാശം പോലും നിഷേധിച്ചിരിക്കുന്നു.
രാജ്യസുരക്ഷയ്ക്ക് നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നവരാണ് ഇന്ത്യയിലെ മത്സ്യതൊഴിലാളി സമൂഹം. എണ്ണായിരത്തിലേറെ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ കടലോരത്ത് മത്സ്യതൊഴിലാളി സമൂഹം തിങ്ങിപ്പാര്‍ക്കുകയും തീരക്കടലില്‍ മീന്‍പിടിത്തത്തിലേര്‍പ്പെടുകയും ചെയ്യുന്നത് തന്നെ രാജ്യ സുരക്ഷയ്ക്ക് ഏറെ പ്രയോജനപ്പെടുന്നതായും സമീപകാല സംഭവവികാസങ്ങള്‍ തെളിയിച്ചിരിക്കുന്നു. ഏറ്റവും നല്ല പ്രോട്ടീന്‍ ആഹാരമായ മത്സ്യം കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് എത്തിക്കുന്നതും ഈ മത്സ്യത്തൊഴിലാളി സമൂഹമാണെന്ന വസ്തുത ഭരണകര്‍ത്താക്കള്‍ക്ക് വിസ്മരിക്കാനാവില്ല. നല്ലൊരു ശതമാനം വിദേശനാണ്യം നേടിത്തരുന്നതിലും മത്സ്യതൊഴിലാളികളുടെ പങ്ക് വലുതാണ്. അതേസമയം, സ്വയംതൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്ന മത്സ്യതൊഴിലാളി സമൂഹത്തോട് ഭരണകര്‍ത്താക്കളാകട്ടെ, വേണ്ടത്ര നീതി പുലര്‍ത്തുന്നുമില്ല. മത്സ്യബന്ധനമേഖല നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുവാനോ ഈ മേഖലയുടെ സ്ഥായിയായ നിലനില്‍പ്പിനുതകുന്ന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുവാനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല താനും. സമുദ്രാതിര്‍ത്തിയില്‍ പണിയെടുക്കുന്ന മീന്‍പിടുത്തക്കാര്‍ക്ക് പാസ്‌പോര്‍ട്ട് വേണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത് ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ്.

ഏറിവരുന്ന മത്സ്യബന്ധന സമ്മര്‍ദ്ദം

നമ്മുടെ കടലില്‍ നിരോധിക്കപ്പെട്ട പേഴ്‌സീന്‍ ബോട്ടുകളുടെ പ്രവര്‍ത്തനം യഥേഷ്ടം തുടരുമ്പോള്‍ അതിനെതിരെ നിയമനടപടികള്‍ കൈകൊള്ളേണ്ട ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരാകട്ടെ നോക്കുകുത്തിയായി മാറിയിരിക്കുന്നു. ചെറുമത്സ്യങ്ങളെപോലും കോരിയെടുക്കുന്ന ”അടക്കംകൊല്ലി വലകള്‍” നിയന്ത്രിക്കാനുള്ള ഇച്ഛാശക്തി ഫിഷറീസ് വകുപ്പ് കാട്ടുന്നില്ലെങ്കില്‍ സമീപഭാവിയില്‍ മത്സ്യസമ്പത്ത് പാടെ നശിക്കുമെന്നതാണഅ വസ്തുത. കേരള കടലില്‍ നിരോധിച്ചിട്ടുള്ളതും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതുമായ പേഴ്‌സീന്‍ ബോട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നല്‍കുവാനുള്ള അണിയറ നീക്കം നടന്നുവരികയാണ്. യന്ത്രവല്‍കൃത ട്രോളിംഗ് ബോട്ടുകളുടേയും റിംഗ്‌സീന്‍ വള്ളങ്ങളുടേയും അമിതമായ കടന്നു വരവ് ഈ മേഖലയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി മാറിക്കഴിഞ്ഞു. വലയുടെ അനിയന്ത്രിതമായ വലിപ്പം, വള്ളത്തിന്റെ നീളം, എഞ്ചിനുകളുടെ കുതിരശക്തി (HP) എന്നിവ നിയന്ത്രിച്ചേ മതിയാവൂ. തീരക്കടലില്‍ 2 ബോട്ടുകള്‍ ഉപയോഗിച്ചുള്ള ട്രോളിംഗ് (പെയര്‍ ട്രോളിംഗ്) നടക്കുമ്പോള്‍പോലും അവ നിയന്ത്രിക്കാനാവുന്നില്ല. ഇപ്പോള്‍ ചൈനീസ് നിര്‍മ്മിതമായ 470 കുതിരശക്തിവരെയുള്ള എഞ്ചിനുകള്‍ ഉപയോഗിച്ചാണ് ട്രോള്‍ബോട്ടുകള്‍ രാത്രിയും പകലും ഒരു പോലെ മത്സ്യക്കൊയ്ത്ത് നടത്തുന്നത്. ഇത്തരത്തിലുള്ള ചൈനീസ് എഞ്ചിന്‍ സ്പീഡ് കുറച്ച് ഓടിച്ച് കടലിന്റെ അടിത്തട്ടിലെ ട്രോളിംഗും
(Bottom Trawling) കുറെക്കൂടി സ്പീഡ് കൂട്ടി ഓടിച്ച് കടലിന്റെ മദ്ധ്യഭാഗത്തെ ട്രോളിംഗും (Midwater Trawling) ഫുള്‍സ്പീഡില്‍ ഓടിച്ച് കടലിന്റെ ഉപരിതല ട്രോളിംഗും (Pelagic Trawling) നടത്തുന്നു. ഒരു എഞ്ചിന്‍ ഉപയോഗിച്ച് തന്നെ കടലിന്റെ അടിത്തട്ടു മുതല്‍ ഉപരിതലം വരെയുള്ള മീനെല്ലാം കോരിയോടുക്കുന്നു. ചെറുമത്സ്യങ്ങളെപ്പോലും കോരിയെടുത്തു നശിപ്പിക്കുന്നു. ടണ്‍ കണക്കിന് ചെറുമത്സ്യങ്ങളാണ് ഉപയോഗശൂന്യമായി കടലിലേക്ക് തന്നെ വലിച്ചെറിയപ്പെടുന്നത്. ഈ രീതിയിലുള്ള മത്സ്യബന്ധനം തുടരുകയാണെങ്കില്‍ സമീപഭാവിയില്‍ മത്സ്യസമ്പത്ത് തന്നെ ഇല്ലാതാകാം. നമ്മുടെ കടലില്‍ മീന്‍ പിടിത്തത്തിനായി ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ എത്രയോ മടങ്ങ് മത്സ്യബന്ധനയാനങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഓരോ വര്‍ഷവും അവയുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച് വരികയുമാണ്. നമ്മുടെ കടലില്‍ എത്രമാത്രം മത്സ്യബന്ധനയാനങ്ങള്‍ ആകാമെന്ന് തിട്ടപ്പെടുത്തുകയും അവ കര്‍ശനമായി പരിപാലിക്കുകയും ചെയ്യുവാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടാകണം. മത്സ്യതൊഴിലാളികളുമായി ചര്‍ച്ച ചെയ്തുകൊണ്ട് മത്സ്യബന്ധനയാനങ്ങള്‍ നിയന്ത്രിക്കാനുള്ള തീരുമാനം ഇനിയും കൈക്കൊള്ളിന്നില്ലെങ്കില്‍ ഒട്ടും വൈകാതെ ശൂന്യമായ കടലിനെ നോക്കി വിലപിക്കേണ്ടിവരും.

വിദേശ മീന്‍പിടിത്ത കപ്പലുകളുടെ കടന്നുകയറ്റം

ആഗോളവല്‍ക്കരണത്തിന്റേയും ഉദാരവല്‍ക്കരണത്തിന്റേയും ഭാഗമായി ഇന്ത്യന്‍ കടല്‍ വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്കായി തുറന്നു കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടുകൂടി പരമ്പരാഗത-ചെറുകിട മീന്‍പിടിത്ത മേഖല പ്രതിസന്ധിയിലേക്ക് തള്ളപ്പെട്ടു കഴിഞ്ഞു. കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള വലകളും മറ്റു ആധുനിക സംവിധാനങ്ങളും ഹെലിപ്പാഡുപോലുള്ള ഫാക്ടറി കപ്പലുകളാണ് നമ്മുടെ മത്സ്യസമ്പത്തെല്ലാം കോരിയെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റ ഈ നയ സമീപനത്തിനെതിരെ രാജ്യവ്യാപകമായി മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭം നടത്തിയതിന്റെ ഫലമായി പി.മുരാരിയുടെ നേതൃത്തിലുളള ഒരു പഠന കമ്മിറ്റി രൂപീകരിക്കപ്പെട്ടു. പ്രസ്തുത കമ്മിറ്റി മത്സ്യമേഖലയിലെ സംഘടനകളുമായി ചര്‍ച്ചചെയ്ത ശേഷം 21 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്ക് മേലില്‍ ലൈസന്‍സ് നല്‍കരുതെന്നും നിലവിലുള്ള വിദേശ മീന്‍പിടിത്ത കപ്പലുകളുടെ ലൈസന്‍സിന്റെ കാലാവധി തീരുന്ന മുറക്ക് അവ പുതുക്കാന്‍ പാടില്ലെന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇന്ത്യയിലെ പരമ്പരാഗത-ചെറുകിട മീന്‍ പിടുത്തക്കാരെ പ്രാപ്തരാക്കണമെന്നും മുരാരി കമ്മിറ്റി നിര്‍ദ്ദേശിക്കുകയുണ്ടായി.

ആഗോളവല്‍ക്കരണത്തിന്റേയും ഉദാരവല്‍ക്കരണത്തിന്റേയും ഭാഗമായി ഇന്ത്യന്‍ കടല്‍ വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്കായി തുറന്നു കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടുകൂടി പരമ്പരാഗത-ചെറുകിട മീന്‍പിടിത്ത മേഖല പ്രതിസന്ധിയിലേക്ക് തള്ളപ്പെട്ടു കഴിഞ്ഞു. കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള വലകളും മറ്റു ആധുനിക സംവിധാനങ്ങളും ഹെലിപ്പാഡുപോലുള്ള ഫാക്ടറി കപ്പലുകളാണ് നമ്മുടെ മത്സ്യസമ്പത്തെല്ലാം കോരിയെടുക്കുന്നത്.

മുരാരി കമ്മിറ്റിയുടെ 21 നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിരുന്നു. പിന്നീടാകട്ടെ, ബാഹ്യശക്തികളുടെയും നിക്ഷിപ്ത താത്പര്യക്കാരുടേയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആഴക്കടല്‍ മത്സ്യബന്ധന നയം സംബന്ധിച്ച് പഠിക്കാന്‍ ഡോ:മീനാകുമാരിയുടെ നേതൃത്തില്‍ വീണ്ടുമൊരു കമ്മിറ്റിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. മത്സ്യതൊഴിലാളികളുമാടയോ മത്സ്യതൊഴിലാളിസംഘടനകളുമായോ ചര്‍ച്ച പോലും ചെയ്യാതെ മീനാകുമാരി കമ്മിറ്റി കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പി.മുരാരി കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ഘടക വിരുദ്ധമായുള്ള റിപ്പോര്‍ട്ടാണ് ഡോ:മീനാകുമാരി കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. വിദേശമീന്‍ പിടിത്ത കപ്പലുകളടക്കം 1178 വന്‍കിട ട്രോളറുകള്‍ക്ക് ലൈസന്‍സ് നല്കാമെന്നും 200 മുതല്‍ 500 വരെ മീറ്റര്‍ ആഴമുള്ള കടല്‍ ഒരു കരുതല്‍ മേഖല (Buffer zone) യായി പ്രഖ്യാപിക്കണമെന്നും പ്രതിവര്‍ഷം 2500 ഡോളര്‍ വരെ ശമ്പളം നല്‍കിക്കൊണ്ട് വിദഗ്ധരായ വിദേശ തൊഴിലാളികളെ ഇന്ത്യന്‍ കപ്പലുകളില്‍ നിയമിക്കണമെന്നും ഏകീകൃത ട്രോളിംഗ് നിരോധന കാലയളവില്‍ പോലും വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രത്തില്‍ മീന്‍പിടിത്തമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന്റെ ചുവടു പിടിച്ചുകൊണ്ട് കേന്ദ്ര കൃഷിമന്ത്രാലയം 12112014-ലും 28/11/2014-ലും ഇറക്കിയ ഗൈഡ്‌ലൈനും ഗവണ്മെന്റ് ഉത്തരവും അതീവ ഗുരുതരവും പരമ്പരാഗത-ചെറുകിട മത്സ്യബന്ധന മേഖലയെ തകര്‍ക്കുന്നവയുമാണ്. മിഡ് വാട്ടര്‍, പെലാജിക്ക് ട്രോളര്‍, ട്യൂണ പേഴ്‌സീനിങ്ങ്, സ്‌ക്യൂഡ് ജിഗ്ഗിംഗ് അടക്കം ഏഴുതരം മത്സ്യബന്ധനം നടത്തുന്നതിന് 2010 കപ്പലുകള്‍ക്കും ട്രോളറുകള്‍ക്കും ലറ്റര്‍ ഓഫ് പെര്‍മിറ്റ് (Lop) കൊടുക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. പന്ത്രണ്ട് നോട്ടിക്കല്‍ മൈലിന് അപ്പുറത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മത്സ്യബന്ധന യാനങ്ങള്‍ക്കും എം.എം.ഡി രജിസ്‌ട്രേഷനോ മറ്റ് അംഗീകൃത സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനോ നിര്‍ബന്ധമാണ്. കൂടാതെ മര്‍ച്ചന്റ് ഷിപ്പിംഗ് റൂള്‍സ് അനുസരിച്ചുള്ള ഉപകരണങ്ങളും ഘടിപ്പിക്കണം. മത്സ്യബന്ധനത്തിന് പോകുന്ന അവസരത്തിലും തിരിച്ചു വരുന്ന അവസരത്തിലും കോസ്റ്റ് ഗാര്‍ഡ് അധികാരികള്‍ക്ക് യാനങ്ങള്‍ പരിശോധിക്കാന്‍ അവകാശമുണ്ടായിരിക്കും. ഇങ്ങനെ പോകുന്നു ചെറുകിട മീന്‍പിടിത്തക്കാരെ ശ്വാസം മുട്ടക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വ്യവസ്ഥകള്‍.
ഇതിനു പുറമേ, 2013 ജൂണ്‍ ഏഴിന് മുന്‍ കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച ഡോ: സൈദാ റാവു കമ്മിറ്റി റിപ്പോര്‍ട്ട് മത്സ്യതൊഴിലാളികള്‍ക്ക് ഏറെ വിനയായി രംഗപ്രവേശം ചെയ്തിരിക്കുന്നു. 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടലില്‍ 61 ദിവസത്തേക്ക് യന്ത്രം ഘടിപ്പിച്ച മുഴുവന്‍ യാനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഡോ:സൈദാ റാവു കമ്മറ്റി പറയുന്നത്. പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ ജൂലായ് 31 വരെയും (31 ദിവസം) കിഴക്കന്‍ തീര സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 14 വരെയും (61 ദിവസം) മത്സ്യബന്ധന നിരോധനം പ്രാബല്യത്തില്‍ വരുത്തണം. പിടിക്കാവുന്ന മത്സ്യങ്ങളുടെ ഏറ്റവും കുറഞ്ഞ വലിപ്പം. വലകളുടെ കണ്ണി വലിപ്പം സംബന്ധിച്ച നിയന്ത്രണങ്ങള്‍, ലൈസന്‍സ്, യന്ത്രവല്‍കൃതവും മോട്ടോര്‍ ഘടിപ്പിച്ചതുമായ ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വിവിധ തരത്തിലുള്ള യാനങ്ങള്‍ മത്സ്യബന്ധനം നടത്തുന്നതിനുള്ള നിയന്ത്രണങ്ങള്‍ എന്നിവ കര്‍ശനമായി നടപ്പാക്കണം.
ആഴക്കടലില്‍ പോയി മീന്‍പിടിക്കാന്‍ ശേഷിയുള്ള മത്സ്യതൊഴിലാളികള്‍ നമുക്കുള്ളപ്പോള്‍ വിദേശീയരെ മാടി വിളിക്കണമെന്ന് പറയുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തൂത്തൂര്‍ പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ ശ്രീലങ്ക, മാലി, പാകിസ്ഥാന്‍ അതിര്‍ത്തികള്‍ വരെ പോയി മീന്‍ പിടിക്കുന്നുണ്ട്. ആഴക്കടലില്‍ കൂടുതല്‍ ലഭ്യമാകുന്ന കേരചൂര വിദേശ കപ്പലുകളെ കൊണ്ട് പിടിച്ചെടുത്തില്ലെങ്കില്‍ അവ നശിച്ചു പോകുമെന് ആരും കരുതേണ്ടതില്ല. 10 വര്‍ഷം മുതല്‍ 40 വര്‍ഷം വരെയാണ് കേരചൂരുടെ ആയുര്‍ദൈര്‍ഘ്യം. അവ പിടിച്ചെടുക്കാനുള്ള ശേഷി ഇന്ന് നമുക്കുണ്ട്. മാത്രവുമല്ല, മുരാരി കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി പ്രാപ്തരാക്കുകയാണ് വേണ്ടത്.

  • മീനാകുമാരി കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ സി.എം.എഫ്.ആര്‍.ഐ.യുടെ വിയോജിപ്പ്

ആഴക്കടല്‍ മത്സ്യബന്ധനമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വിവാദ ഡോ:ബി. മീനാകുമാരി കമ്മറ്റി റിപ്പോര്‍ട്ടിന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (സി.എം.എഫ്.ആര്‍.ഐ.)വിയോജനക്കുറിപ്പ്. ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന സംവിധാനമായ ‘ലെറ്റര്‍ ഓഫ് പെര്‍മിറ്റ്’ (എല്‍.ഒ.പി.) തള്ളണമെന്ന് സി.എം.എഫ്.ആര്‍.ഐ. നിര്‍ദ്ദേശിക്കുന്നു. 270 പുതിയ മത്സ്യബന്ധന യാനങ്ങള്‍ക്ക് കൂടി അനുമതി നല്‍കണമെന്ന ശുപാര്‍ശകളും തള്ളുന്നു. തങ്ങളുടെ മുതിര്‍ന്ന ഗവേഷകരുടെ യോഗം മൂന്നു തവണ വിളിച്ചു ചേര്‍ത്ത ശേഷമാണ് മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സി.എം.എഫ്.ആര്‍.ഐ. ഇതാദ്യമായി നിലപാട് വ്യക്തമാക്കിയത്. ഏഴ് കാര്യങ്ങളിലാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ആഴക്കടലിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ മത്സ്യബന്ധനം നടത്താനുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ കഴിവിനെ പരിപോഷിപ്പിക്കാനുള്ള പദ്ധതികളാണ് കമ്മിറ്റി നിര്‍ദ്ദേശിക്കേണ്ടിയിരുന്നതെന്ന് സി.എം.എഫ്.ആര്‍.ഐ.
വ്യക്തമാക്കുന്നു. മീനാകുമാരി കമ്മിറ്റിയിലെ വസ്തുതകള്‍ നിരത്തിയാണ് എല്‍.ഒ.പി. സംവിധാനം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. തുത്തൂരില്‍ നിന്നുള്ള മത്സ്യബന്ധന തൊളിലാളികള്‍ വര്‍ഷം 45,000 ടണ്‍ മീന്‍ പിടിക്കുമ്പോള്‍ എല്‍.ഒ.പി. യാനങ്ങള്‍ 1,900 ടണ്‍ മാത്രമാണ് പിടിക്കുന്നത്. ആഴക്കടല്‍ വിഭവം ശേഖരിക്കാനുള്ള എല്‍.ഒ.പി. യാനങ്ങളുടെ പരാജയമാണ് ഇത് കാണിക്കുന്നു.
ഇന്ത്യന്‍ വന്‍കരയില്‍ നിന്ന് 1,000 നോട്ടിക്കല്‍ മൈല്‍ ദൂരെയുള്ള ഡിയോഗാര്‍സിയയിലും മറ്റും പോയി മീന്‍പിടിക്കുന്നത് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ കഴിവാണ് തെളിയിക്കുന്നതെന്നും സി.എം.എഫ്.ആര്‍.ഐ. ചൂണ്ടിക്കാട്ടുന്നു.

നിലവിലെ യാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും അതുവഴി മത്സ്യ സമ്പത്ത് കുടുതല്‍ ശേഖരിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനുമുള്ള പദ്ധതികളാണ് മീനാകുമാരി കമ്മിറ്റി നിര്‍ദ്ദേശിക്കേണ്ടിയിരുന്നത്. യാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ഈ മേഖലയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. ആഴക്കടലില്‍ 12 മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മേഖലയില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിച്ചശേഷമേ തങ്ങളുടെ ശുപാര്‍ശകള്‍ നടപ്പിലാക്കാനാവൂവെന്ന മുന്‍കൂര്‍ ഉപാധി മീനാകുമാരി കമ്മിറ്റി വെക്കണമായിരുന്നു. അന്താരാഷ്ട്ര ഉടമ്പടികള്‍ ലംഘിച്ച് അനിയന്ത്രിതമായും രേഖപ്പെടുത്താതെയും നടത്തുന്ന മത്സ്യബന്ധനം തടയാന്‍ തക്ക നിയമം രാജ്യത്ത് നിലവിലില്ല. ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങളെക്കുറിച്ച് നിര്‍വചനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമായിരുന്നു. യാനങ്ങളെ പുതിയ മത്സ്യബന്ധനയാന നിയമത്തില്‍ ഉള്‍പ്പെടുത്തണം. യാനങ്ങളുടെ നീളം 24 മീറ്റര്‍ ആയി വര്‍ദ്ധിപ്പിക്കുന്നതിനേക്കുറിച്ച് വാചാലമാകുമ്പോള്‍ ഇതിന്റെ നിലവാരത്തെക്കുറിച്ച് റിപ്പോര്‍ട്ട് നിശബ്ദത പാലിക്കുന്നെന്നും ചൂണ്ടിക്കാട്ടുന്നു. ആഴക്കടലില്‍ മത്സ്യസംരക്ഷണത്തിന് സംരക്ഷണ മേഖല (ബഫര്‍ സോണ്‍) സൃഷ്ടിക്കണമെന്ന ശുപാര്‍ശയില്‍ അവ്യക്തതയുണ്ട്.
ഇതിനായി നിഷ്‌കര്‍ഷിക്കുന്ന 200-500 മീറ്റര്‍ ആഴമുള്ള മേഖല ഇന്ത്യന്‍ വന്‍കരയിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ 10 ശതമാനം വരും. ഇത്രയും വ്യാപ്തിയുള്ള മേഖല സംരക്ഷിക്കുക ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സ്വതന്ത്രമായ തൊഴില്‍ ഇടപെടലുകള്‍ക്ക് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറെടുക്കുന്നു. കടലില്‍ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചുകൊണ്ട് തദ്ദേശീയ മത്സ്യതൊഴിലാളി സമൂഹത്തെ നിയമത്തിന്റെ ചട്ടവട്ടങ്ങളിലേക്ക് കൊണ്ടുവരുന്നതിനുള്ള മറൈന്‍ ഫിഷറീസ് റഗുലേഷന്‍ ആന്റ് മാനേജ്‌മെന്റ് ബില്‍ 2012 (കരടു വിജ്ഞാപനം) പുറത്തിറക്കി. ബില്ലിന്റെ തുടക്കത്തിലെ നിര്‍വ്വചനങ്ങളില്‍ മത്സ്യതൊഴിലാളിയെന്ന വാക്ക് പരാമര്‍ശിക്കുന്നേയില്ല.
12 നോട്ടിക്കല്‍ മൈലിനു പുറത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ യാനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പെര്‍മിറ്റ് എടുക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. അല്ലാത്ത യാനങ്ങളുടെ ലീഡറോ ഉടമസ്ഥനോ വലിയ പിഴ നല്‍കേണ്ടി വരും.

മീനാകുമാരി കമ്മറ്റിയില്‍ സി.എം.എഫ്.ആര്‍.ഐ. ഡയറക്ടറുടെ പ്രതിനിധി അംഗമായിരുന്നെങ്കിലും 2014 ആഗസ്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നില്ല. മത്സ്യതൊഴിലാളികളുടെ വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് സി.എം.എഫ്.ആര്‍.ഐ. അവരുടെ നിലപാട് പരസ്യപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ നിയമനിര്‍മ്മാണം മത്സ്യബന്ധനമേഖലയെ തകര്‍ക്കും

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സ്വതന്ത്രമായ തൊഴില്‍ ഇടപെടലുകള്‍ക്ക് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറെടുക്കുന്നു. കടലില്‍ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചുകൊണ്ട് തദ്ദേശീയ മത്സ്യതൊഴിലാളി സമൂഹത്തെ നിയമത്തിന്റെ ചട്ടവട്ടങ്ങളിലേക്ക് കൊണ്ടുവരുന്നതിനുള്ള മറൈന്‍ ഫിഷറീസ് റഗുലേഷന്‍ ആന്റ് മാനേജ്‌മെന്റ് ബില്‍ 2012 (കരടു വിജ്ഞാപനം) പുറത്തിറക്കി. ബില്ലിന്റെ തുടക്കത്തിലെ നിര്‍വ്വചനങ്ങളില്‍ മത്സ്യതൊഴിലാളിയെന്ന വാക്ക് പരാമര്‍ശിക്കുന്നേയില്ല.
12 നോട്ടിക്കല്‍ മൈലിനു പുറത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ യാനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പെര്‍മിറ്റ് എടുക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. അല്ലാത്ത യാനങ്ങളുടെ ലീഡറോ ഉടമസ്ഥനോ വലിയ പിഴ നല്‍കേണ്ടി വരും. നിശ്ചിത അതിര്‍ത്ഥിക്ക് പുറത്ത് വച്ച് മത്സ്യബന്ധനയാനങ്ങള്‍ പിടിക്കപ്പെട്ടാല്‍ 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ആദ്യ തവണ പിഴ നല്‍കണം. രണ്ടാമതും പിടിക്കപ്പെട്ടാല്‍ 50000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് പിഴ.
കടലില്‍ അതിര്‍ത്തിവേലികള്‍ നിര്‍ണ്ണയക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മത്സ്യക്കൂട്ടങ്ങളെ പിന്‍തുടര്‍ന്ന് അവയെ പിടിക്കാന്‍ മത്സ്യതൊഴിലാളികള്‍ക്ക് പോകേണ്ടി വരും. ശക്തമായ കാറ്റിലും കടലൊഴുക്കിലും പെട്ട മത്സ്യ തൊഴിലാളികള്‍ അതിര്‍ത്തി ലംഘിച്ചെന്നു വരാം. ഇപ്പോള്‍ത്തന്നെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ ആഴക്കടലിലാണ് മത്സ്യബന്ധനം നടത്തി വരുന്നത്. കടലിലെ ഏത് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന മീന്‍പിടിത്ത യാനങ്ങളെയും പരിശോധിക്കാന്‍ കോസ്റ്റ് ഗാര്‍ഡിന് അവകാശമുണ്ടെന്ന് ഈ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയുടെ പരമാധികാരത്തിലുള്ള 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടലില്‍ മീന്‍ പിടിക്കാനുള്ള മത്സ്യതൊഴിലാളികളുടെ അവകാശത്തിന്മേലുള്ള കൈകടത്തലാണിതെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നു. എല്ലാ അധികാരവും കേന്ദ്ര സംവിധാനത്തിന്റെ കീഴിലേക്ക് മാറ്റാനുള്ള നീക്കമാണിത്. ഈ നിയമം പ്രാവര്‍ത്തികമായാല്‍ പരമ്പരാഗത-ചെറുകിട മീന്‍പിടുത്ത സമൂഹമായിരിക്കും ഏറെ ദുരിതമനുഭവിക്കേണ്ടിവരിക. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ മത്സ്യതൊഴിലാളികള്‍ സമരത്തിന് തയ്യാറെടുത്തുവരികയാണ്.

CRZഉം മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മ്മാണവും

2011ലെ തീരദേശ നിയന്ത്രണ വിജ്ഞാപനത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. അതില്‍ ഉള്‍പ്പെടുന്നതാണ് മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മ്മാണവും. അതേസമയം 20,000 ച. അടിക്ക് മുകളിലുള്ള കെട്ടിടസമുച്ചയങ്ങള്‍ക്ക് നിര്‍മ്മാണാനുമതിയുണ്ടുതാനും. മത്സ്യത്തൊഴിലാളികളുടെ പേരുപറഞ്ഞുകൊണ്ടാണ് ചില തത്പരകക്ഷികള്‍ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിനെതിരെ വാളോങ്ങിയിരിക്കുന്നത്. കടലോരത്ത് 50 മീറ്റര്‍ വരെയും കായലോരത്ത് 50 മീറ്റര്‍വരെയുമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ ഭവനനിര്‍മ്മാണത്തിന് തടസ്സമുള്ളത്. അത്തരം തടസ്സങ്ങള്‍ നീക്കുവാനുള്ള പ്രായോഗിക നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. മറിച്ച് ടൂറിസം ലോബികള്‍ക്ക് കൂട്ടുനില്‍ക്കുകയല്ല വേണ്ടത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കണക്കിലെടുത്ത് കടലോരത്തെ മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മ്മാണത്തിനുള്ള ഒരു പ്രത്യേക പാക്കേജിന് രൂപം നല്‍കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ടൂറിസ്റ്റ് ലോബികളുടേയും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടേയും താല്‍പര്യത്തിനു വഴങ്ങിക്കൊണ്ട് തീരദേശനിയന്ത്രണ വിജ്ഞാപനം അട്ടിമറിച്ചാല്‍ ഭാവിയില്‍ കടലോരവും കായലോരവും ടൂറിസ്റ്റ് റിസോര്‍ട്ടുകളും ഫ്‌ളാറ്റ് സമുച്ചയങ്ങളും കൊണ്ടു നിറയുക മാത്രമല്ല മത്സ്യത്തൊഴിലാളി സമൂഹം തന്നെ തീരത്തുനിന്നും പറിച്ചു മാറ്റപ്പെടും. ആയതിനാല്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പരമ്പരാഗതവും ആചാരപരവുമായ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് നമുക്കിന്നാവശ്യം.

കാലാകാലങ്ങളില്‍ മത്സ്യബന്ധനമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് മത്സ്യതൊഴിലാളി സമൂഹത്തിന് പ്രയോജനപ്പെടുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. കേന്ദ്രത്തില്‍ ഫിഷറീസിനായി പ്രത്യേകം മന്ത്രാലയം അനിവാര്യമാണ്. ഏറെ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന മത്സ്യതൊഴിലാളി സമൂഹത്തെ മുഖ്യധാരയിലെത്തിക്കുവാന്‍ വേണ്ട കര്‍പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. അതിനുവേണ്ടിയുള്ള കൂട്ടായ പ്രയത്‌നമാണ് നമുക്കിന്നാവശ്യം.

Top