സാംസ്‌ക്കാരിക ദേശീയവാദവും ഹിന്ദുത്വ അജണ്ഡയും

പ്രത്യേകതരം ഭക്ഷണ സംസ്‌ക്കാരം മറ്റുള്ളവയെക്കാള്‍ സംശുദ്ധവും മേന്മയേറിയതുമാണെന്ന് വിശ്വസിക്കാനും, പ്രചരിപ്പിക്കാനും ഒരു മത വിഭാഗത്തിനു കഴിഞ്ഞേക്കാം. എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് ഇതെങ്ങനെ സാധിക്കും? സാംസ്‌ക്കാരിക ദേശീയതെക്കുറിച്ച് സംസാരിക്കുന്ന ബി.ജെ.പി.ക്ക് മാംസാഹാരികളായ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയുമോ? അവര്‍ക്കിതിന് കഴിയില്ലായെന്നത് സ്പഷ്ടമാണ്. ദളിത് ബഹുജന്‍ വിഭാഗങ്ങളുടെ മാംസ്ഹാരസംസ്‌ക്കാരം ഒരു പിന്നാമ്പുറ സാംസ്‌ക്കാരിക പ്രക്രിയ അല്ല. അവര്‍ ഭക്ഷിക്കുന്നതെന്തോ അതുതന്നെയാണ് അവര്‍ അവരുടെ ദൈവങ്ങള്‍ക്കും നല്‍കുന്നത്. ഭക്ഷണരുചികള്‍ സാവധാനത്തില്‍ ആന്തരികവല്ക്കരിക്കപ്പെടുകയും അവ എപ്പോഴും മനുഷ്യരോടൊപ്പം നിലനില്‍ക്കുകയും ചെയ്യും. ആത്മീയ ജീവിതരീതികളും അവരുടെ ജീവിതപ്രക്രിയയില്‍ നിന്നു രൂപം കൊള്ളുന്നതാണ്. രൂഢമൂലമായ ഈ ജീവിതരീതികളെ മാറ്റിമറിക്കാനും അവയെ ഏകസംസ്‌ക്കാരമായി നിര്‍മ്മിച്ചെടുക്കാനും കഴിയുന്നതെങ്ങനെയാണ്?.

ഹിന്ദുത്വം അഥവാ സാംസ്‌ക്കാരിക ദേശീയതയാണ് തങ്ങളുടെ ആശയസംഹിതയെന്ന് ബി.ജെ.പി. സംഘപരിവാര്‍ ശക്തികള്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വവും സാംസ്‌കാരിക ദേശീയതയും ഒന്നു തന്നെയാണ്. എന്നാല്‍ നമ്മുടെ സാമാന്യബോധം കാണിക്കുന്നത് ഇവ രണ്ടും വ്യത്യസ്തകാര്യങ്ങളാണെന്ന്. ഹിന്ദുത്വമെന്നത് മതപരമായ ഒരു പ്രക്രിയ ആയിരിക്കെ, സാംസ്‌കാരിക ദേശീയത ഒരു രാജ്യത്തിലെ രാഷ്ട്രീയ സാംസ്‌കാരിക പ്രക്രിയയെയാണ് കുറിക്കുന്നത്. ഒരു രാഷ്ട്രം, ഒരു ജനത, ഒരു സംസ്‌ക്കാരം എന്ന ആത്യന്തിക ലക്ഷ്യം നേടിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി. സംഘ്പരിവാര്‍ ശക്തികള്‍ അതിനായി വ്യത്യസ്ത സംസ്‌ക്കാരങ്ങളെ സമന്വയിപ്പിക്കും എന്ന നിലപാടാണ് ഉയര്‍ത്തിയിരിക്കുന്നത്.

ചരിത്രത്തിലൊരു കാലത്തും ഇന്ത്യ ഏകജനതയുടെയും ഏകസംസ്‌ക്കാരത്തിന്റെയും നാടായിരുന്നില്ല. ശൈവ-വൈഷ്ണവ വിഭാഗങ്ങളുടെ ദൈനംദിന ജീവിതരീതികളിലുള്ള വ്യത്യാസങ്ങള്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന മതപരവും സാംസ്‌കാരികവുമായ വൈവിദ്ധ്യത്തിന്റെ ഉദാഹരണങ്ങളാണ്. വൈദിക ഹിന്ദുമതവുമായി പൊതുവില്‍ പങ്കിടാവുന്ന അടിസ്ഥാനങ്ങള്‍ ഒന്നും തന്നെ ജൈന-ബൗദ്ധധാരകള്‍ക്ക് ഇല്ലായെന്നതും ഈ വൈവിദ്ധ്യത്തിന്റെ തന്നെ ലക്ഷണമാണ്. ജൈന-ബുദ്ധപാരമ്പര്യങ്ങള്‍ ഹിന്ദുത്വത്തിന്റെ ഭാഗമാണെന്ന് വ്യാഖ്യാനിക്കാന്‍ ബി.ജെ.പി. സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചരിത്രത്തിലുടനീളം വൈദികസംസ്‌ക്കാരവുമായി നിരന്തര സംഘട്ടനത്തിലായിരുന്നു ജൈന-ബുദ്ധചിന്തകളെന്നത് തെളിവുകള്‍ നിരവധിയാണ്. ഈ മൂന്നു ചിന്താപദ്ധതികളും അഹിംസയോടുള്ള അവയുടെ സമീപനത്തില്‍ വ്യത്യസ്ത ധ്രുവങ്ങളിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. സാമൂഹ്യ വൈരുദ്ധ്യങ്ങളെ ഹിംസ്ത്മക മാര്‍ഗ്ഗത്തിലൂടെ പരിഹരിക്കാമെന്നാണ് വൈദിക ഹിന്ദുയിസം വിശ്വസിച്ചിരുന്നത്. ജൈനചിന്തയില്‍ കേവലമായ അഹിംസക്കാണ് സ്ഥാനം. ബൗദ്ധചിന്തകരാകട്ടെ മദ്ധ്യമ മാര്‍ഗ്ഗത്തെയാണ് ആദര്‍ശമായി കണ്ടത്.

______________________________
ബി.ജെ.പി. സംഘപരിവാര്‍ ശക്തികളുടെ വന്യഭാവനയിലുദിച്ച ഒരു ജനത. ഒരു സംസ്‌ക്കാരം എന്ന സങ്കല്പം ഇന്ത്യയിലൊരുകാലത്തും നിലനിന്നിരുന്നില്ല. ഇന്ത്യയിലെ ദ്വിജന്മാരും ശൂദ്രരരും, ചണ്ഡാളരും ആദിവാസികളും ഏകസംസ്‌ക്കാരമുള്ള ഒരു ജനത എന്ന നിലയിലല്ല ഇവിടെ ജീവിച്ചുവന്നത്. ശങ്കരന്റെ രംഗപ്രവേശം വരെ വ്യത്യസ്തവിഭാഗങ്ങള്‍ക്കിടയില്‍ മാംസാഹാര ക്രമമായിരിക്കാം നിലനിന്നിരുന്നതെങ്കിലും അവര്‍ക്കിടയിലെ അനുഷ്ഠാനരീതികളും സ്ത്രീ പുരുഷ ബന്ധങ്ങളും സമ്പൂര്‍ണ്ണമായും വ്യത്യസ്തമായിരുന്നു. ശങ്കരന്റെ പ്രചണ്ഡമായ പ്രചാരണത്തെ തുടര്‍ന്ന് ദ്വിജന്മാര്‍ മാംസാഹാരം ഉപേക്ഷിക്കുകയും സസ്യാഹാരികളായി മാറുകയും ചെയ്തു. എന്നാല്‍ ശുദ്രരും ചണ്ഡാളരും ആദിവാസികളും മാംസഭുക്കുകളായി തുടരുകയാണുണ്ടായത്.

ഇസ്ലാം, ക്രിസ്ത്യന്‍, സിക്ക്, പാഴ്‌സി തുടങ്ങിയ മതസംസ്‌ക്കാരങ്ങളെ ഒഴിവാക്കിയാല്‍ ദളിത് ബഹുജന്‍വിഭാഗങ്ങളുടെയും ദ്വിജന്മാരുടെയും ഭക്ഷണക്രമങ്ങള്‍ ഇന്നും വ്യത്യസ്ഥമാണെന്ന് കാണാം. ഹിന്ദുക്കളുടെ ഭാഗമാണെന്ന് ബി.ജെ.പി. സംഘപരിവാര്‍ ശക്തികള്‍ പ്രചരിപ്പിക്കുന്ന ദളിത് ബഹുജന്‍വിഭാഗങ്ങളുടെ ഭക്ഷ്യസംസ്‌ക്കാരത്തിന് മുസ്ലീ-ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ഭക്ഷ്യസംസ്‌ക്കാരത്തോട് കൂടുതല്‍ സാമ്യമുള്ളതെന്നാണ് ഏറെ രസകരം. ഇന്ത്യന്‍ ഭക്ഷ്യസംസ്‌ക്കാരത്തെ ഏകമാനമാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി. സംഘപരിവാര്‍ ശക്തികള്‍ക്ക് ന്യൂനപക്ഷമായ സസ്യാഹാരികളെ മാംസാഹാരികളാക്കുക എന്നതാണ് കൂടുതല്‍ പ്രായോഗികം. ആധുനികവല്ക്കരണത്തിന്റെയും, ആഗോളവല്‍ക്കരണത്തിന്റെയും ഭാഗമായി ഇതുസംഭവിക്കുന്നുണ്ട്. ഈ പ്രക്രിയയെ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ദളിത്‌വല്ക്കരണം എന്നുവിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.

സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന സാംസ്‌ക്കാരിക ദേശീയത്വ സങ്കല്പത്തിലുള്ള വൈരുദ്ധ്യം അതിന്റെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും അവരുടെ ദൈനംദിന ജീവിതത്തില്‍ മാംസാഹാരികളായിരിക്കെ അവരുടെ ദാര്‍ശനിക വ്യവഹാരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് സസ്യാഹാര സംസ്‌ക്കാരമാണ് എന്നതാണ്. ബ്രാഹ്മണരുടെ സസ്യാഹാര സംസ്‌ക്കാരത്തിനുള്ളിലാണ് ഹിന്ദുയിസം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നതുകൊണ്ടുതന്നെ ബി.ജെ.പി. സംഘപരിവാര്‍ ശക്തികള്‍ക്ക് സസ്യാഹാരസംസ്‌ക്കാരത്തെ നിഷേധിക്കാനാവില്ല. ബംഗാളി, ഒറിയ, കാശ്മീരി ബ്രാഹ്മണര്‍ മാംസാഹാരികളാണെങ്കിലും ഹിന്ദുവിന്റെ അനുഷ്ഠാനരീതികളെല്ലാം സസ്യാഹാരക്രമത്തെയാണ് അടിസ്ഥാനമാക്കിയിട്ടുള്ളത്. ഒരു ഹിന്ദുദൈവത്തിനും മാംസാഹാരം നിവേദിക്കപ്പെടുന്നില്ല. എന്നാല്‍ ദളിത് ബഹുജന്‍ വിഭാഗങ്ങള്‍ അവരുടെ എല്ലാ ദൈവങ്ങള്‍ക്കും മദ്യവും മാംസവുമാണ് നിവേദിക്കുന്നത്. ന്യൂനപക്ഷമായ സസ്യാഹാര ബ്രാഹ്മണര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഹൈന്ദവത ഇവിടുത്തെ ബഹുഭൂരിപക്ഷത്തിന്റെയും മതമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള അവരുടെ ശ്രമങ്ങള്‍ ബി.ജെ.പി.സംഘപരിവാര്‍ ശക്തികളുടെ രാഷ്ട്രീയ ദുഷ്ടലാക്കിന്റെ ഭാഗം മാത്രമാണ്.

_______________________________
 ബ്രാഹ്മണരുടെ സസ്യാഹാര സംസ്‌ക്കാരത്തിനുള്ളിലാണ് ഹിന്ദുയിസം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നതുകൊണ്ടുതന്നെ ബി.ജെ.പി. സംഘപരിവാര്‍ ശക്തികള്‍ക്ക് സസ്യാഹാരസംസ്‌ക്കാരത്തെ നിഷേധിക്കാനാവില്ല. ബംഗാളി, ഒറിയ, കാശ്മീരി ബ്രാഹ്മണര്‍ മാംസാഹാരികളാണെങ്കിലും ഹിന്ദുവിന്റെ അനുഷ്ഠാനരീതികളെല്ലാം സസ്യാഹാരക്രമത്തെയാണ് അടിസ്ഥാനമാക്കിയിട്ടുള്ളത്. ഒരു ഹിന്ദുദൈവത്തിനും മാംസാഹാരം നിവേദിക്കപ്പെടുന്നില്ല. എന്നാല്‍ ദളിത് ബഹുജന്‍ വിഭാഗങ്ങള്‍ അവരുടെ എല്ലാ ദൈവങ്ങള്‍ക്കും മദ്യവും മാംസവുമാണ് നിവേദിക്കുന്നത്. ന്യൂനപക്ഷമായ സസ്യാഹാര ബ്രാഹ്മണര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഹൈന്ദവത ഇവിടുത്തെ ബഹുഭൂരിപക്ഷത്തിന്റെയും മതമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള അവരുടെ ശ്രമങ്ങള്‍ ബി.ജെ.പി.സംഘപരിവാര്‍ ശക്തികളുടെ രാഷ്ട്രീയ ദുഷ്ടലാക്കിന്റെ ഭാഗം മാത്രമാണ്.
_______________________________

ഇവിടെയാണ് ഫുലെയും, പെരിയോറും, അംബേദ്കറും ഹിന്ദുദേശീയവാദികളുമായി വിയോജിക്കുന്നത്. ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച ഒരു പ്രസ്ഥാനത്തിന് വ്യത്യസ്ത സാംസ്‌ക്കാരിക വിഭാഗങ്ങളെ സമന്വയിപ്പിക്കാന്‍ കഴിയുന്നതെങ്ങനെയാണ്? ബി.ജെ.പി. അതിന്റെ സമന്വയസിദ്ധാന്തത്തിനുവേണ്ടി ദളിത്, ബഹുജന്‍ വിഭാഗങ്ങളെ സസ്യാഹാരികളാക്കി മാറ്റിയാല്‍ തന്നെ അതില്‍ അന്തര്‍ലീനമായിരിക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. സസ്യാഹാരക്രമത്തിന്റെ സാംസ്‌കാരിക മേന്മകളെക്കുറിച്ച് ബ്രാഹ്മണശക്തികള്‍ യുക്തിപൂര്‍വ്വമായ പ്രചാരണങ്ങള്‍ നടത്തിയിട്ടും ദളിത് – ബഹുജന്‍ വിഭാഗങ്ങള്‍ മാംസാഹാരക്രമം ഉപേക്ഷിക്കാതിരുന്നതെന്തുകൊണ്ടാണ്? ദളിത് ബഹുജന്‍ വിഭാഗങ്ങള്‍ക്ക് പൂജയിലും, വായനയിലും, ധ്യാനത്തിലും കഴിയുന്നവരെക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരുമെന്നത് ഒരു വസ്തുതയാണ്. എല്ലാവരും സസ്യാഹാരികളായി മാറിയാല്‍ അത് നമ്മുടെ ഉല്പാദന മേഖലയെ ആയിരിക്കും പ്രതികൂലമായി ബാധിക്കുന്നത്.

പ്രത്യേകതരം ഭക്ഷണ സംസ്‌ക്കാരം മറ്റുള്ളവയെക്കാള്‍ സംശുദ്ധവും മേന്മയേറിയതുമാണെന്ന് വിശ്വസിക്കാനും, പ്രചരിപ്പിക്കാനും ഒരു മത വിഭാഗത്തിനു കഴിഞ്ഞേക്കാം. എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് ഇതെങ്ങനെ സാധിക്കും? സാംസ്‌ക്കാരിക ദേശീയതെക്കുറിച്ച് സംസാരിക്കുന്ന ബി.ജെ.പി.ക്ക് മാംസാഹാരികളായ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയുമോ? അവര്‍ക്കിതിന് കഴിയില്ലായെന്നത് സ്പഷ്ടമാണ്. ദളിത് ബഹുജന്‍ വിഭാഗങ്ങളുടെ മാംസ്ഹാരസംസ്‌ക്കാരം ഒരു പിന്നാമ്പുറ സാംസ്‌ക്കാരിക പ്രക്രിയ അല്ല. അവര്‍ ഭക്ഷിക്കുന്നതെന്തോ അതുതന്നെയാണ് അവര്‍ അവരുടെ ദൈവങ്ങള്‍ക്കും നല്‍കുന്നത്. ഭക്ഷണരുചികള്‍ സാവധാനത്തില്‍ ആന്തരികവല്ക്കരിക്കപ്പെടുകയും അവ എപ്പോഴും മനുഷ്യരോടൊപ്പം നിലനില്‍ക്കുകയും ചെയ്യും. ആത്മീയ ജീവിതരീതികളും അവരുടെ ജീവിതപ്രക്രിയയില്‍ നിന്നു രൂപം കൊള്ളുന്നതാണ്. രൂഢമൂലമായ ഈ ജീവിതരീതികളെ മാറ്റിമറിക്കാനും അവയെ ഏകസംസ്‌ക്കാരമായി നിര്‍മ്മിച്ചെടുക്കാനും കഴിയുന്നതെങ്ങനെയാണ്?.

നൃത്ത, സംഗീത, ഗാന കലകളുടെ ജനപ്രിയ രൂപങ്ങളെല്ലാം ദളിത്ബഹുജന്‍ സംസ്‌ക്കാരത്തില്‍ നിന്ന് ഉടലെടുത്തവയാണ്. നൂറ്റാണ്ടുകളിലൂടെ രൂപം കൊണ്ട ഈ ജനകീയസൗന്ദര്യബോധത്തിന് അദ്ധ്വാനവുമായി രക്തബന്ധമുണ്ട്. ‘റോക്ക് ആന്റ് റോള്‍’ എന്നനൃത്തരൂപം ദളിത് ബഹുജന്‍വിഭാഗങ്ങളുടെയും കറുത്തവര്‍ഗ്ഗക്കാരുടെയും സാംസ്‌കാരികജീവിതത്തില്‍ നിന്ന് രൂപം കൊണ്ടതാണ്. അദ്ധ്വാനത്തിലേര്‍പ്പെടുന്ന വിഭാഗങ്ങളുടെ ശാരീരിക തയ്യാറെടുപ്പിനെ സഹായിക്കുന്ന മുന്‍ചൊന്ന നൃത്തരൂപങ്ങള്‍ക്കുമേല്‍ ഭരതനാട്യം പോലുള്ള നൃത്തരൂപങ്ങള്‍ കൃഷ്ണഭക്തിക്കകത്താണ് നിലനില്‍ക്കുന്നതെങ്കില്‍ ദളിത് ബഹുജന്‍ വിഭാഗങ്ങളുടെയും കറുത്തവര്‍ഗ്ഗങ്ങളുടെയും കലാരൂപങ്ങള്‍ക്ക് മതേതര സ്വഭാവമാണുള്ളത്. ഇന്ത്യയുടെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന സുഷമസ്വരാജ് പറയുന്നത് ഹൈന്ദവകലാരൂപങ്ങള്‍ക്കും ഹൈന്ദവ ഇതിഹാസങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്കും ദൂരദര്‍ശനില്‍ മുന്‍ഗണനകൊടുക്കുമെന്നാണ്.

ഹിന്ദുകലാരൂപങ്ങളില്‍ ദളിത് ബഹുജന്‍ വിഭാഗങ്ങള്‍ അദൃശ്യരാണെന്നും അതില്‍ ആര്യന്‍ സംസ്‌ക്കാരം ആധിപത്യം പുലര്‍ത്തുന്നുണ്ടെന്നും ദ്രാവിഡരെ രാക്ഷസരായി ചിത്രീകരിക്കുന്നുണ്ടെന്നുമുള്ള വസ്തുത സുഷമസ്വരാജിന് ഇനിയും മനസ്സിലായിട്ടില്ലെന്നുണ്ടോ? ഇന്ത്യയിലെ സാംസ്‌ക്കാരികവും വംശീയവുമായ വൈവിദ്ധ്യങ്ങളെ ഒരു ഏകമാനതയിലേയ്ക്ക് സ്വാംശീകരിക്കാന്‍ കഴിയില്ലെന്ന വസ്തുത മനസ്സിലാക്കാന്‍ ഇന്ത്യഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി.ക്ക് ബാധ്യതയുണ്ട്. പാശ്ചാത്യവംശീയ വിഭാഗങ്ങള്‍പ്പോലും വെള്ളക്കാരുടെ സാംസ്‌കാരിക അധീശത്വത്തെ പുന:പരിശോധിച്ചതിലൂടെ അവരുടെ സാംസ്‌ക്കാരിക മേഖല കറുത്ത വര്‍ഗ്ഗങ്ങളുടെ സാംസ്‌ക്കാരികരൂപങ്ങള്‍ ഗുണപരമായി സ്വാംശീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഏകമാനമായ ഒരു സംസ്‌ക്കാര സൃഷ്ടിക്കുവേണ്ടി ഇന്ത്യന്‍ സംസ്‌ക്കാരത്തെ ദളിത്വല്ക്കരിക്കാന്‍ ഇന്ത്യന്‍ ബ്രാഹ്മണശക്തികള്‍ തയ്യാറാവുമോ?.

_________________________________
സങ്കീര്‍ണ്ണമായ ഇന്ത്യന്‍ സാംസ്‌ക്കാരിക വ്യവസ്ഥയില്‍ വൈവിദ്ധ്യ പൂര്‍ണ്ണമായ നിലനില്‍പ്പാണ് മനുഷ്യനുള്ളത്. ഏരു രാഷ്ട്രീയകക്ഷി ഈ വ്യത്യസ്ഥതകളെ സമന്വയിപ്പിക്കാന്‍ ശ്രമിച്ചാലും അതവര്‍ക്കുതന്നെ ഒരു തിരിച്ചടിയായിത്തീരുമെന്നുറപ്പാണ്. നിരവധി സാംസ്‌ക്കാരിക സമൂഹങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ സ്വാഭാവിക മാറ്റങ്ങളെ അനുവദിക്കുക എന്നതാണ് കരണീയമായിട്ടുള്ളത്. ഇന്ത്യയ്ക്കുവേണ്ടത് ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ ഒരു ഏകമുഖമായ സാംസ്‌കാരിക ദേശീയത്വമല്ല.
_________________________________

സമ്പദ്ഘടനയുടേയും കമ്പോളത്തിന്റെയും മണ്ഡലത്തില്‍ സ്വദേശിപ്രസ്ഥാനത്തെപ്പറ്റി പറയുമ്പോള്‍ തന്നെ, ബി.ജെ.പി.യെ പിന്‍തുണയ്ക്കുന്നവരില്‍ ബഹുഭൂരിപക്ഷവും അവരുടെ ദൈനംദിന ജീവിതരീതികളില്‍ കൂടുതല്‍ കൂടുതല്‍ പാശ്ചാത്യവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ പാശ്ചാത്യ രീതികള്‍ക്ക് ഗ്രാമീണമായ ദളിത് ബഹുജന്‍ സംസ്‌ക്കാരത്തോട് വളരെ വലിയ സാമ്യമാണുള്ളത്. വിദേശരാജ്യങ്ങളില്‍ പോകുന്ന ബ്രാഹ്മണ-ബനിയ യുവാക്കള്‍ വിവിധതരം മാംസാഹാരങ്ങള്‍ ഭക്ഷിക്കുകയും മദ്യപിക്കുകയും ചെയ്യുന്നു. ദേശീയപ്രസ്ഥാനത്തിന്റെ ഘട്ടത്തില്‍ വിദേശങ്ങളില്‍ ജീവിച്ച ഗാന്ധിയും, തിലകനും, രാധാകൃഷ്ണനുമൊക്കെ ബ്രാഹ്മണപാരമ്പര്യങ്ങളെ മുറുക്കി പിടച്ചത് ഒരു പ്രതികാരബോധത്തിലാണ്. പാശ്ചാത്യസംസ്‌ക്കാരം ഇന്ത്യയിലെ ശുദ്ര-ചണ്ഡാള സംസ്‌ക്കാരങ്ങളെപ്പോലെ അധമവും, അശുദ്ധവുമാണെന്ന് അവര്‍ കരുതിയിരുന്നു.
സാംസ്‌കാരിക സത്വത്തിലധിഷ്ഠിതമായ നവീന സാമൂഹ്യപ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനപരമായി മാറ്റിമറിച്ചിട്ടുണ്ട്. മാറിവരുന്ന ആഗോള ജീവിതരീതിയില്‍ ക്രിസ്ത്യന്‍, മുസ്ലീം സംസ്‌കാരങ്ങളോട് ഏറെ സാമ്യമുള്ള ദളിത് സംസ്‌ക്കാരത്തിന് കൂടുതല്‍ സ്വീകാര്യത ഉണ്ട്.

(1998)

Top