സഹോദരന്‍ അയ്യപ്പന്‍ കേരളത്തിന്റെ ബാബാ സാഹേബ്

November 27, 2014

ക്ഷേത്രപ്രവേശനമല്ല, വിദ്യാലയപ്രവേശനമാണ് തങ്ങള്‍ക്ക് വേണ്ടത് എന്ന് ബോധ്യം വന്ന അയ്യന്‍കാളി ക്ഷേത്രപ്രവേശന സമരങ്ങളില്‍ ബോധപൂര്‍വ്വം പങ്കെടുത്തില്ല. ഹിന്ദുമതത്തേയും ക്രിസ്തു മതത്തേയും ശക്തമായി വിമര്‍ശിച്ച് പൊയ്കയിലപ്പച്ചന്‍ പ്രത്യക്ഷരക്ഷാ ദൈവസഭ എന്ന സ്വതന്ത്ര മതം സ്ഥാപിച്ചു. ഇവയെല്ലാം ബഹിഷ്‌കരണവാദത്തെ തന്നെയാണ് മുന്നോട്ടുവെക്കുന്നത്. അത്തരത്തില്‍ അംബേദ്കറിസത്തില്‍ ഊന്നിയ ഹിന്ദു ബഹിഷ്‌കരണവാദം മുന്നോട്ടു വച്ചതിനാലാണ് കാവ്യഗുണങ്ങളും ഭാഷാശുദ്ധിയുമൊക്കെക്കൊണ്ട് അക്കാലത്തെ ഏതു കവിയെക്കാള്‍ പിന്നിലല്ലായിരുന്നിട്ടുകൂടി സഹോദരനയ്യപ്പന്റെ കവിതകള്‍ തഴയപ്പെട്ടത്.

ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യഗണങ്ങളില്‍ പ്രധാനിയായിരുന്നെങ്കിലും കുമാരനാശാന് ലഭിച്ച സ്വീകാര്യത കേരളീയ സാംസ്‌കാരിക ചിന്താലോകത്ത് ലഭിക്കാതെ പോയ കവിയും സാമൂഹീക പരിഷ്‌കര്‍ത്താവുമാണ് സഹോദരന്‍ അയ്യപ്പന്‍. ശ്രീ നാരായണീയ പ്രസ്ഥാനങ്ങള്‍ പോലും സഹോദര ചിന്തകള്‍ വേണ്ടപോലെ മുന്നോട്ടു കൊണ്ടുപോകാന്‍ പരിശ്രമിക്കാതെ പിന്നാക്കം പോയി. എന്നാല്‍ ഇന്ന് സഹോദരന്‍ അയ്യപ്പന്റെ മേലുള്ള വിപുലമായ പുനരന്വേഷണങ്ങളാണ് നടക്കുന്നത്. അദ്ദേഹം നയിച്ച അവസസമത്വ പ്രക്ഷോഭണങ്ങള്‍, ജാതി രാക്ഷസദഹനം, ആധുനികതാവബോധം മുതലായവ വിവിധമേഖലകളില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഏറ്റവുംവലിയ പുനരന്വേഷണം നടക്കുന്നത് സഹോദരപ്രസ്ഥാനം എന്ന അദ്ദേഹത്തിന്റെ ആശയത്തിലാണ്. കേരളത്തിലെ ദലിത്സംഘടനകള്‍ രൂപപ്പെടുകയും ദലിത് എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും പ്രാധാന്യം വര്‍ദ്ധിക്കുകയും ചെയ്തപ്പോഴാണ് സഹോദരന്‍ അയ്യപ്പന്‍ വീണ്ടെടുക്കപ്പെട്ടതെന്ന വസ്തുതയും ഓര്‍ക്കേണ്ടതാണ്.
‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവചനത്തിന് ‘ധര്‍മ്മം’ എന്ന കവിതയിലൂടെ സഹോദരന്‍ അയ്യപ്പന്‍ മറുപടി നല്‍കുന്നത് ഇപ്രകാരമാണ്.
“ജാതി വേണ്ട, മതം വേണ്ട
ദൈവം വേണ്ട, മനുഷ്യനു
വേണം ധര്‍മ്മം , വേണം ധര്‍മ്മം
വേണം ധര്‍മ്മം യഥോചിതം”
എന്ന് ഗുരുവിനെ തിരുത്തുകയും മനുഷഗുണങ്ങള്‍ ആരോപിച്ച് മനുഷ്യര്‍തന്നെ നിര്‍മ്മിച്ച ദൈവം രൂപമില്ലാത്തൊരു മനുഷ്യന്‍മാത്രമാണെന്നും.
“ജാതിയും മതവും സാക്ഷാല്‍
ദൈവവും കൂടി മുഴിയില്‍
മനുഷ്യനിന്ദാ ദ്രോഹങ്ങള്‍
ളേതു ചെയ്തില്ലിതേവരെ”.
എന്ന് ജാതിയെയും മതത്തേയും ദൈവത്തേയും “വിമര്‍ശിച്ചുകൊണ്ട് മനുഷ്യലോക സൗഭാഗ്യമേറ്റിടുന്ന ശാസ്ത്രബോധത്തെ” തടയുന്നവയാണ് മുന്‍ചൊന്നവകള്‍ എന്നുകൂടി പറയുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും ദൈവത്തിന്റെയും സ്ഥാനത്ത് സത്യം, ദയ, സ്‌നേഹം, ധര്‍മ്മം തുടങ്ങിയ മനുഷ്യ നന്മകളെ സഹോദരന്‍ തുടര്‍ന്ന് അവതരിപ്പിക്കുന്നു.
“രൂപമില്ലാത്തൊരവ്യക്തമര്‍ത്യന്‍ താന്‍ ദൈവമോര്‍ക്കുകില്‍” എന്ന് പറയുന്നിടത്ത് ശ്രീനാരായണ ഗുരുതന്നെ ഒരു ആള്‍ ദൈവമായി പോകുമെന്ന ഉത്കണ്ഠയും കാണാനാകും. ബ്രാഹ്മണിക് മൂല്യവ്യവസ്ഥകളോടു കലഹിച്ചുകൊണ്ട് വളര്‍ന്നുവന്നതെങ്കിലും ഹൈന്ദവീകതയുമായി ഒത്തുതീര്‍പ്പിലെത്തുന്ന സന്ദര്‍ഭങ്ങള്‍ ഗുരുവിങ്കലും ആശാനിലും നമുക്ക് കണ്ടെത്താന്‍ കഴിയും. എന്നാല്‍ ഹിന്ദു വിശ്വാസാചാരങ്ങള്‍ വെടിഞ്ഞ് ബുദ്ധമതത്തില്‍ അഭയം പ്രാപിച്ചാലേ ജാതിഭേദം നീക്കാനാവൂ എന്ന ബോധ്യം സഹോദരന്റെ കവിതകള്‍ എല്ലാ അര്‍ത്ഥത്തിലും വിളിച്ചുപറയുന്നു.
2011 ജനുവരിയില്‍ കോരളസാഹിത്യ അക്കാദമി എറണാകുളത്ത് നടത്തിയ ദളിത് സാഹിത്യ സംഗമത്തില്‍ സംസാരിച്ചുകൊണ്ട് പ്രൊ. എം.കെ. സാനു ഒരു കുറ്റസമ്മതം നടത്തുകയുണ്ടായി. “സഹോദരന്‍ അയ്യപ്പന്റെ ചിന്താപദ്ധതികളും പ്രവര്‍ത്തനങ്ങളും അദ്ദേഹത്തോടൊപ്പം നടന്നെങ്കിലും ഞങ്ങളെപോലുള്ളവര്‍ക്ക് അത്ര ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കാരണം കേരളത്തില്‍ അക്കാലത്ത് അത്ര സുപരിതിതമല്ലാതിരുന്ന അംബേദ്കര്‍ ചിന്തകളാണ് സഹോദരന്‍അയ്യപ്പനെ ഒരു ഒറ്റയാനായി മാറിനടക്കാന്‍ പ്രേരിപ്പിച്ചത്. അംബേദ്കര്‍ ചിന്തകളും അദ്ദേഹത്തിന്റെ രാഷ്ട്രീയവും കേരളത്തില്‍ ആദ്യമായി പ്രാക്ടീസ് ചെയ്ത പരിഷ്‌കര്‍ത്താവു കൂടിയാണ് ശ്രീമാന്‍ സഹോദരന്‍. അയ്യപ്പന്റെ ചിന്തകള്‍ ഇനി വരുന്ന തലമുറയാകും കൂടുതല്‍ ചര്‍ച്ചചെയ്യുക” എന്ന് സാനുമാഷ് പറഞ്ഞത് ശരി തന്നെയെന്നു തെളിയിക്കുന്ന നിരവധി കവിതകള്‍ സഹോദരന്റേതായി കാണാന്‍ കഴിയും.
ഡോ.അംബേദ്കര്‍ മുന്നോട്ടുവച്ച ചാതുര്‍വര്‍ണ്യാധിഷ്ഠിത ബ്രാഹ്മണ വിരുദ്ധതതയും പുത്തന്‍ ജനാധിപത്യസങ്കല്‍പവും അതേപടി ഉള്‍ച്ചേരുന്ന കവിതയാണ് ‘റാണീ സന്ദേശം’. തിരുവിതാം കൂര്‍ ഭരണാധികാരിയായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ശൈശവത്തില്‍ അദേഹത്തെ ഏതുവിധത്തില്‍ പരിശീലനം കൊടുത്ത്, മനുഷ്യസമത്വത്തിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഒരു രാജ്യനിര്‍മ്മിതി സാധ്യമാക്കാം എന്ന് സഹോദരന്‍ മാതാവായ സേതുപാര്‍വ്വതീ ഭായിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണീ കവിത.
തങ്ങളെ തങ്ങള്‍ക്കായ് തങ്ങള്‍ ഭരിക്കുന്ന
മംഗല്യപൂര്‍ണ്ണ ഭരണരീതി
എന്നിയെ മറ്റൊന്നും മേലില്‍ ജനങ്ങള്‍ക്ക്
സമ്മതമാവാത്ത കാലമായി.
………………………
രാജകുടുംബം പരമ്പരാധര്‍മ്മമായ്
ആചരിക്കുന്ന ഹോ പക്ഷപാതം
മന്നവനോര്‍ക്കില്‍ പുലയനും പട്ടരും
തുല്യരായ് തന്നെയിരുന്നിടേണം
എങ്കിലുമിങ്ങു പുലയനധ:കൃതന്‍
സന്തതം പട്ടര്‍ നമസ്‌കൃതനും.
രാജഭരണം മാറി തങ്ങളെ തങ്ങള്‍ക്കായി തങ്ങള്‍ ഭരിക്കുന്ന ജനാധിപത്യം വരേണ്ട കാലമായി എന്നു പറയുന്നതോടൊപ്പം “രാജാക്കള്‍, ബ്രാഹ്മണര്‍, നായന്മാര്‍, ജാതികള്‍ക്കെല്ലാം പരമ്പരയായ് ബാധിച്ച ഘോരമാം മൂഢത തന്നുടെ ക്രൂരതയേല്‍ക്കുന്നീ സാധൂവൃന്ദം”. എന്നും “സ്വന്തം ശക്തി കാട്ടാത്തോരപരാധമല്ലാതെ” മറ്റെന്തു തെറ്റാണ് അവര്‍ ചെയ്തത് എന്നും ചോദ്യം ചെയ്യുന്നു.
രാമന്‍, കൃഷ്ണന്‍ എന്ന പ്രഹേളിക എന്ന ഗ്രന്ഥത്തില്‍ അംബേദ്കര്‍ ബ്രാഹ്മണ രക്ഷാര്‍ത്ഥം ശൂദ്രശംബൂകനെ വധിച്ച രാമനെ അപലപിക്കുന്നുണ്ട.് ആ ബോധ്യം രാജകാണ്ഡത്തില്‍ വരുന്നതിങ്ങനെയാണ്. ബ്രാഹ്മണ സമ്പ്രദായങ്ങള്‍ക്കടിപ്പെട്ട് അന്യപ്രജകളെ വിസ്മരിക്കുന്ന ഹിന്ദു രാജാക്കന്മാര്‍
“ബ്രാഹ്മണ ബാലകമൃത്യുപരിഹാരം
താപസ ശുദ്രവധത്തിനാലെ
സാധിച്ച ബ്രാഹ്മണദാസനാം രാമന്റെ”പിന്‍തുടര്‍ച്ചക്കാരാണെന്നും
“ബ്രാഹ്മണര്‍ ജന്മത്താല്‍ മറ്റു ജനത്തേക്കാള്‍
കൂടിയോരെന്ന പിഴച്ചബോധം”
തീണ്ടാതെ വേണം ചിത്തിരതിരുനാളിനെ വളര്‍ത്തേണ്ടതെന്നും മുന്നറിയിപ്പു നല്‍കുന്നു. രാജകാണ്ഡം എന്ന് പേരിടുമ്പോഴും കവിത രാജവാഴ്ചയുടെ വിമര്‍ശനമാകുന്നത് ശ്രദ്ധേയമാണ്.
തുടര്‍ന്ന് ബ്രാഹ്മണ വിമര്‍ശനത്തില്‍ നിന്ന് ബുദ്ധമത സ്ഥാപനത്തിലേക്ക് കടക്കുമ്പോള്‍ വിപ്ലവം തന്നെയായി മാറുന്നു. തൃപ്പടി ദാനത്തിലൂടെ രാജ്യം പത്മനാഭന് കാഴ്ചവെച്ച് പദ്മനാഭദാസന്മാരായി ഭരണം നടത്തിപ്പോരുന്ന തിരുവിതാംകൂറിന്റെ കുലദൈവത്തെ തന്നെ സഹോദരന്‍ തിരിച്ചിടുന്നതുകാണാം. നിങ്ങള്‍ കുലദൈവമായി ആരാധിച്ചു പോരുന്ന ശ്രീപദ്മനാഭന്‍ “ശേഷശയന പ്രതിമയായ്” തെറ്റിദ്ധരിപ്പിച്ച
“നിര്‍വ്വാണശായിയാം ബുദ്ധഭഗവാന്റെ
സര്‍വാഭൃതമായിരുന്ന ബിംബ്”മാണെന്നും അത് പ്രാചീന വസ്തു നിരീക്ഷികദൃഷ്ടികള്‍ അവശിഷ്ടങ്ങള്‍ വിശകലനം ചെയ്ത് സ്ഥാപിച്ചിട്ടുള്ളതാണെന്നും ഒര്‍മ്മപ്പെടുത്തുന്നു. പണ്ട് ശ്രീബുദ്ധഭഗവാന്റെ ധര്‍മ്മ ചിന്ത ഈ മണ്ഡലമാകെ നിറഞ്ഞിരുന്നതാണെന്നും ആചരിത്ര സത്യം ഉള്‍ക്കൊണ്ട് ,
“അന്യസുദര്‍ല്ലഭ രാജന്യ ഭോഗങ്ങ-
ളെല്ലാം ചവിട്ടിക്കടന്നുപോയ

_______________________________________
2011 ജനുവരിയില്‍ കോരളസാഹിത്യ അക്കാദമി എറണാകുളത്ത് നടത്തിയ ദളിത് സാഹിത്യ സംഗമത്തില്‍ സംസാരിച്ചുകൊണ്ട് പ്രൊ. എം.കെ. സാനു ഒരു കുറ്റസമ്മതം നടത്തുകയുണ്ടായി. “സഹോദരന്‍ അയ്യപ്പന്റെ ചിന്താപദ്ധതികളും പ്രവര്‍ത്തനങ്ങളും അദ്ദേഹത്തോടൊപ്പം നടന്നെങ്കിലും ഞങ്ങളെപോലുള്ളവര്‍ക്ക് അത്ര ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കാരണം കേരളത്തില്‍ അക്കാലത്ത് അത്ര സുപരിതിതമല്ലാതിരുന്ന അംബേദ്കര്‍ ചിന്തകളാണ് സഹോദരന്‍അയ്യപ്പനെ ഒരു ഒറ്റയാനായി മാറിനടക്കാന്‍ പ്രേരിപ്പിച്ചത്. അംബേദ്കര്‍ ചിന്തകളും അദ്ദേഹത്തിന്റെ രാഷ്ട്രീയവും കേരളത്തില്‍ ആദ്യമായി പ്രാക്ടീസ് ചെയ്ത പരിഷ്‌കര്‍ത്താവു കൂടിയാണ് ശ്രീമാന്‍ സഹോദരന്‍. അയ്യപ്പന്റെ ചിന്തകള്‍ ഇനി വരുന്ന തലമുറയാകും കൂടുതല്‍ ചര്‍ച്ചചെയ്യുക” എന്ന് സാനുമാഷ് പറഞ്ഞത് ശരി തന്നെയെന്നു തെളിയിക്കുന്ന നിരവധി കവിതകള്‍ സഹോദരന്റേതായി കാണാന്‍ കഴിയും.
_______________________________________ 

ശാക്യസിംഹന്റെ”(ശ്രീബുദ്ധന്‍) പാത സ്വീകരിച്ച് ഭൂപതിമാരില്‍ പ്രഥിതനന്യന്‍ ആയ അശോക ചക്രവര്‍ത്തിയെ മാതൃകയാക്കാന്‍ മകനെ പ്രാപ്തനാക്കണമെന്ന് സേതു പാര്‍വ്വതീഭായിയോട് ആവശ്യപ്പെടുന്നു കവിതയില്‍.
ബ്രാഹ്മണത്വത്തിന്റെ പിടിച്ചടക്കലുകള്‍ക്കെതിരെ ബുദ്ധ, ജൈന, ദ്രാവിഢ സമൂഹങ്ങള്‍ നടത്തിയ പ്രതിരോധങ്ങളെ പുതിയൊരനുഷ്ടാനമായി നിലനിര്‍ത്താന്‍ പിന്നീട് കഴിഞ്ഞെന്നും അതിനുദാഹരണമാണ് കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ എന്ന കീഴാള ആഘോഷമെന്നും ഡോ. എം.ബി. മനോജ് നിരീക്ഷിച്ചിട്ടുണ്ട്. കീഴാളര്‍ക്കുമാത്രമായ ചില ആചാരങ്ങള്‍ ഹിന്ദുമതത്തിനകത്ത് ഇന്നും നിലനില്‍ക്കുന്നത് കാണാം. ശൂലംതറയ്ക്കല്‍, കാവടിതുള്ളല്‍, തീയില്‍തുള്ളല്‍, തെറിപ്പാട്ട്, ഭിക്ഷയെടുത്ത് പളനിയ്ക്കുപോക്ക്, കുതിരകെട്ട്, ഗരുഢന്‍തൂക്കം, തുടങ്ങിയവയാണത്. അത്തരം കാര്യങ്ങളെ വിമര്‍ശിക്കുന്ന കവിതകള്‍ സഹോദരന്‍ അയ്യപ്പന്‍ നിരവധി എഴുതിയിട്ടുണ്ട്. “ഭരണിക്ക് പോകല്ലേ പളനിക്ക് പോകല്ലേ”എന്ന കവിത ഇതില്‍ ശ്രദ്ധേയമാണ്.
“പണമില്ല നിത്യതക്കെങ്കിലുംനാം
കടമങ്ങുവാങ്ങിച്ചുകൊണ്ടുപോയി
ശിലകള്‍ക്കും പണ്ടാരവര്‍ഗ്ഗത്തിനും
വെറുതെ കൊടുക്കുന്നു വിത്തമേറെ”.
എന്ന് പറയുന്നതോടൊപ്പം ഇതെല്ലാം പുണ്യമെന്നു പറയുന്ന ബ്രാഹ്മണരും മേല്‍ജാതിക്കാരും ഇത് ചെയ്യാത്തതെന്തുകൊണ്ടാണെന്നു ചോദിക്കുന്നു.
“അവരാരുമെങ്കിലും കാവില്‍ വന്നു
ഭരണിക്ക് കോഴിയറുക്കുന്നുണ്ടോ
ഇരുതുള്ളിയാര്‍ത്തു മദിക്കുന്നുണ്ടോ
………………
ഇതു പുണ്യമേറ്റുന്ന കൃത്യമെങ്കില്‍
അവരെന്തുകൊണ്ടിതു ചെയ്യുന്നില്ല?” എന്ന് കൂടി പറഞ്ഞുവക്കുന്നു.
ബ്രാഹ്മണ മേധാവിത്വത്തെ വെല്ലുവിളിക്കാന്‍ അധ:സ്ഥിതരെ ആഹ്വാനം ചെയ്യുന്ന കവിതയാണ് ഓണപ്പാട്ട് . തദ്ദേശീയ ഗോത്രരാജാക്കന്മാര്‍ ഭരിച്ചിരുന്ന സുഖസമൃദ്ധമായ കാലത്തെകണ്ട് ഈര്‍ഷ്യ മൂത്ത് ബ്രാഹ്മണരാണ് വാനനെ അയച്ച് മാവേലിയെ ചവിട്ടിത്താഴ്ത്തിയത്. ഇന്ത്യയുടെ അധ:പതനം അന്നു തുടങ്ങിയതാണ.് വര്‍ണ്ണ വ്യവസ്ഥയും അയിത്തവുമൊക്കെ ബ്രാഹ്മണസൃഷ്ടികളാണ്. ഇതെല്ലാം കലര്‍ന്ന് ഹിന്ദുമതം കെട്ടമതമായി. മനുഷ്യരെത്തമ്മിലടിപ്പിക്കുന്ന ഈ മതം ഉപേക്ഷിച്ച് സത്യവും ധര്‍മ്മവും പുലര്‍ത്തുന്ന മതം സ്വീകരിക്കുകയാണ് വേണ്ടതെന്ന് കവിത തറപ്പിച്ചു പറയുമ്പോള്‍ ബുദ്ധമത സ്വീകരണം എന്ന അംബേദ്കറുടെ ആഹ്വാനം തന്നെയാണ് കാണുന്നത്.
“മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ” എന്ന ഓണപ്പാട്ടില്‍ നിന്ന് ബ്രാഹ്മണവിരുദ്ധമായവരികള്‍ വെട്ടി മാറ്റിയാണ് ഇന്ന് പ്രചരിച്ചുകാണുന്നത.് എന്നാല്‍ മുപ്പത്തിയഞ്ച് ഈരടികളിലായി ബ്രാഹ്മണവിമര്‍ശനവും ബുദ്ധമത സ്ഥാപനവും കവിതയില്‍ കാണാം.
തീണ്ടുലുമില്ല തൊടീലുമില്ല
വേണ്ടാതിനങ്ങള്‍ മറ്റൊന്നുമില്ല
വിദ്യപഠിക്കാന്‍ വഴിയേവര്‍ക്കും
സിദ്ധിച്ചു മാബലി വാഴും കാലം
………………………….
“സ്ത്രീക്കും പുരുഷനും തുല്യമായി വാച്ചു
സ്വാതന്ത്യത്തെയെന്തുഭാഗ്യം.”
ഇത്തരത്തില്‍ കീഴാള, സ്ത്രീ പ്രശ്‌നങ്ങള്‍ മാത്രമല്ല
“കാലിക്കുകൂടി ചികിത്സചെയ്യാന്‍
ആലയം സ്ഥിപിച്ചിരുന്നു മര്‍ത്യന്‍”
എന്നുകൂടി പറയുമ്പോള്‍ ഉത്തരാധുനിക പരിഗണന നല്‍കിയ എല്ലാ വിഷയങ്ങളേയും മുന്‍കൂട്ടിക്കണ്ട ക്രാന്തദര്‍ശിയിയിരുന്നു സഹോദരനയ്യപ്പന്‍ എന്ന് മനസിലാക്കാം.
“ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നുവന്നീ” ഇന്ത്യയധ:പതിച്ചതെന്നും
“മര്‍ത്ത്യനെ മര്‍ത്ത്യനശുദ്ധമാക്കു
മയിത്തപ്പിശാചും കടന്നുകൂടി”
……………………………………..
സ്ത്രീകളവര്‍ക്ക് കളിപ്പാനുള്ള
പാവകളെന്നുവരുത്തി വച്ചു-
വെന്നും കവി വിളിച്ചുപറയുന്നു. അതിനാല്‍
“ബ്രാഹ്മണെപജ്ഞാമാം കെട്ടമതം
സേവിപ്പോരെ ചവിട്ടും മതം
നമ്മളെ തമ്മിലകറ്റും മതം
നമ്മള്‍ വെടിയണം നന്മവശാല്‍”
എന്ന് വിലയിരുത്തിട്ട് അതിനെല്ലാം പ്രതിവിധിയായി
“സത്യവും ധര്‍മ്മവും മാത്രമല്ല
സിദ്ധിവരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാല്‍ നിര്‍ദ്ദിഷ്ട………………….
ആ മതത്തിനായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദര്‍ശം വെടിഞ്ഞിടേണം
മാബലി വാഴ്ച വരുത്തിടേണം”
എന്നു പറയുമ്പോള്‍ അംബേദ്കര്‍ ചിന്തകള്‍ അതിന്റെ മുഴുവന്‍ സത്തയോടെ സഹോദരന്‍ അയ്യപ്പനില്‍ നമുക്ക് ദര്‍ശിക്കാം. ഗാന്ധിജിയുടെ ചിന്തകള്‍ കേരളത്തില്‍ സ്ഥാപിച്ചെടുക്കാന്‍ കെ.കേളപ്പന്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അദേഹത്തെ കേരള ഗാന്ധിയെന്ന് വിളിക്കാന്‍ കാരണമായതെങ്കില്‍ അംബേദ്കര്‍ ചിന്തകള്‍ കേരളത്തില്‍ ആദ്യമായി പ്രാക്ടീസ് ചെയ്ത സഹോദരനയ്യപ്പന് കേരള അംബേദ്കര്‍ എന്ന ഭൂഷണം കൂടി നല്‍കേണ്ടതാണ്.
ആധുനികകാലത്ത് ഇന്ത്യയില്‍ രൂപം കൊണ്ട സാമൂഹ്യനവോത്ഥാന വിപ്ലവങ്ങള്‍ക്ക് മുഖ്യമായും രണ്ട് മുഖങ്ങളാണുള്ളത്. ഒന്ന് ഹിന്ദുമതചിന്തകളെ പുനര്‍വായന നടത്തി അതിനെ പരിഷ്‌കരിക്കുന്നതിനായുള്ള പരിഷ്‌കരണവാദം. രണ്ട് അസമത്വത്തിലധിഷ്ടിതമായ ഈ മതത്തെ പൂര്‍ണ്ണമായും തിരസ്‌കരിച്ചുകൊണ്ടുള്ള ബഹിഷ്‌കരണവാദം. ഒന്നാമത്തേതിന് ഗാന്ധിജി, രാജാറാം മോഹന്‍ റോയ,് സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തുവെങ്കില്‍ രണ്ടാമത്തേതിന് നേതൃത്വം നല്‍കിയവര്‍ ഡോ.അംബേദ്കര്‍, ജ്യോതിസാഫുലെ തുടങ്ങിയവരാണ് എന്ന് ഗെയ്ല്‍ ഓംവെത്ത് വിലയിരുത്തിയിട്ടുണ്ട്.
ക്ഷേത്രപ്രവേശനമല്ല, വിദ്യാലയപ്രവേശനമാണ് തങ്ങള്‍ക്ക് വേണ്ടത് എന്ന് ബോധ്യം വന്ന അയ്യന്‍കാളി ക്ഷേത്രപ്രവേശന സമരങ്ങളില്‍ ബോധപൂര്‍വ്വം പങ്കെടുത്തില്ല. ഹിന്ദുമതത്തേയും ക്രിസ്തു മതത്തേയും ശക്തമായി വിമര്‍ശിച്ച് പൊയ്കയിലപ്പച്ചന്‍ പ്രത്യക്ഷരക്ഷാ ദൈവസഭ എന്ന സ്വതന്ത്ര മതം സ്ഥാപിച്ചു. ഇവയെല്ലാം ബഹിഷ്‌കരണവാദത്തെ തന്നെയാണ് മുന്നോട്ടുവെക്കുന്നത്. അത്തരത്തില്‍ അംബേദ്കറിസത്തില്‍ ഊന്നിയ ഹിന്ദു ബഹിഷ്‌കരണവാദം മുന്നോട്ടു വച്ചതിനാലാണ് കാവ്യഗുണങ്ങളും ഭാഷാശുദ്ധിയുമൊക്കെക്കൊണ്ട് അക്കാലത്തെ ഏതു കവിയെക്കാള്‍ പിന്നിലല്ലായിരുന്നിട്ടുകൂടി സഹോദരനയ്യപ്പന്റെ കവിതകള്‍ തഴയപ്പെട്ടത്.
രാജ്യം വീണ്ടും ഹൈന്ദവ ഫാസിസത്തിലേക്കും ജനാധിപത്യ വിരുദ്ധതയിലേയ്ക്കും ജാതി കോയ്മകളിലേയ്ക്കും മടങ്ങിപ്പോകുന്ന പുതിയ കാലത്ത് അംബേദ്കര്‍ചിന്തകള്‍കൊണ്ടേ അവയെ പ്രതിരോധിക്കാനാവൂ എന്ന് ലോകം തിരിറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ജാതി നിര്‍മ്മൂലനം എന്ന കൃതി പുതിയ കാലത്ത് എറെ ചര്‍ച്ചകളും വാദങ്ങളും പ്രതിവാദങ്ങളും സൃഷ്ടിക്കുന്നത്. അതിനൊപ്പം സഹോദരനയ്യപ്പന്റെ ചിന്തകളും ചര്‍ച്ചചെയ്യപ്പെടുകതന്നെ ചെയ്യും.

Top