ഗാസയും അറബ്-ഇസ്രായേല്‍ സംഘര്‍ഷങ്ങളുടെ ചരിത്രവഴികളും

September 24, 2014

‘ജൂതരാഷ്ട്രം’ സ്ഥാപിക്കാന്‍ പാലസ്തീനെ തിരഞ്ഞെടുക്കാന്‍ പറഞ്ഞ കാരണങ്ങളില്‍ ഈ ചരിത്രരാഹിത്വം നമുക്കു കാണാന്‍ കഴിയും. അതായത് അവിടെ ജനങ്ങളൊന്നും തന്നെയില്ലായെന്ന വാദമാണ് ആദ്യമായി ഉയര്‍ത്തിയത്. അഥവാ സയണിസ്റ്റ് വ്യവഹാരത്തില്‍ പാലസ്തീന്‍ എന്നു പറയുന്നത്. ‘ജനങ്ങളില്ലാത്ത ഭൂമിയാണ്’. അതുകൊണ്ടുതന്നെ ഭൂമിയില്ലാത്ത ജനങ്ങള്‍ക്കു നല്‍കുകയെന്നുള്ളത് തികച്ചും യുക്തിസഹമായ കാര്യവുമാണ്. ചരിത്രപരമായ പാലസ്തീന്‍ – അറബ് സമൂഹം എന്ന തദ്ദേശജനതയുടെ സാന്നിദ്ധ്യത്തെ ഒരിക്കല്‍പ്പോലും സയണിസം അംഗീകരിച്ചിരുന്നില്ല. ഇത് കൊളോണിയല്‍ ഭരണകൂടങ്ങള്‍ തദ്ദേശവാസികളായ കോളനീക്കാരോടു പെരുമാറുന്നതുമായി താരതമ്യം ചെയ്യാവുന്നതുമാണ്. ഇത്തരത്തിലുള്ള ‘സയണിസ്റ്റ് വ്യവഹാര’ യുക്തിയിലാണ് 1948-ല്‍ ഇസ്രയേല്‍ രാഷ്ട്രം പാലസ്തീനില്‍ ജനിക്കുന്നത്.

പശ്ചിമേഷ്യയിലെ നീറുന്ന പ്രശ്‌നമായി പാലസ്തീന്‍ മാറിയിട്ട് നാളുകളേറെയായി. അധിനിവേശ ശക്തികളുടെ പരീക്ഷണ ഭൂമിയായി മാറ്റപ്പെട്ട ഈ പ്രദേശം ഇന്നും ലോകമനസ്സാക്ഷിക്കു മുന്‍പില്‍ ഒരു ചോദ്യചിഹ്നമായി തുടരുന്നു. താരിഖ് അലിയുടെ അഭിപ്രായത്തില്‍ നമ്മള്‍ 20-ാം നൂറ്റാണ്ടിലും ഇപ്പോള്‍ 21-ാം നൂറ്റാണ്ടിലും ഇത് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഒരിക്കല്‍ കൂടി പാലസ്തീന്‍ പ്രത്യേകിച്ച് ഗാസ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഗാസ നമുക്കു ചില ഓര്‍മ്മപ്പെടുത്തലുകള്‍ നല്‍കുന്നുണ്ട്. അതായത്, 1967 ല്‍ ആരംഭിച്ച സൈനികാധിനിവേശം ഇന്ന് 47 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇത് ആധുനിക ലോകചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഔദ്യോഗിക സൈനികാധിനിവേശമാണ്. ഇത് രണ്ടു ആഭ്യന്തര യുദ്ധങ്ങള്‍ അയല്‍രാജ്യങ്ങളായ ലെബനോണിലും ജോര്‍ദ്ദാനിലും കൂടാതെ അഞ്ചിലധികം യുദ്ധങ്ങള്‍ മേഖലയിലും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം കൂടിച്ചേര്‍ന്നാണ് ഇന്നലെ വരെയുള്ള പാലസ്തീന്‍ സംഘര്‍ഷത്തിന്റെ ചരിത്രം.
ഗാസയില്‍ ഇപ്പോള്‍ നേരിട്ട സൈനികാധിനിവേശത്തെ കേവലം ഹമാസും – ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം മാത്രമായി നോക്കി കാണാനും കാണിക്കാനുമുള്ള ശ്രമങ്ങള്‍ പാശ്ചാത്യ – ഇസ്രായേല്‍ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെങ്കിലും അതിനെ അങ്ങനെ ലഘൂകരിച്ചുകാണാന്‍ സാധിക്കുകയില്ല. ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷത്തെ ചരിത്രപരമായി നോക്കികാണാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്. ഇന്ന് പാലസ്തീനും ഇസ്രായേലും അറിയപ്പെടുന്നത് ഇവര്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെടുത്തി മാത്രമാണ്. ഈ രണ്ടു ജനതകള്‍ പൊതുവ്യവഹാരങ്ങളില്‍ ശത്രുക്കളായി മാത്രമാണു ചിത്രീകരിക്കുന്നത്. എന്നാല്‍, ഇവരുടെ ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന കാര്യമാണ് ഈ സംഘര്‍ഷത്തിനും ശത്രുതയ്ക്കും ഒരു നൂറ്റാണ്ടുപോലും പഴക്കമില്ലെന്നും അതിനു പുരാതനമായ ഏതെങ്കിലും വംശീയ-മതപരമായ വിദ്വോഷമായോ ബന്ധവുമില്ലായെന്നുള്ളതും. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇവര്‍ പൊതുവായി പങ്കുവയ്ക്കുന്ന ചില സമാനതകളും.
പ്രത്യേകിച്ചുപറഞ്ഞാല്‍, ഇവര്‍ രണ്ടും പുരാതന സെമറ്റിക് വിശ്വാസധാരയിലുള്ള സമൂഹങ്ങളാണ്. അതുകൊണ്ടുതന്നെ മതപരമായും, സംസ്‌കാരപരമായും, സാംസ്‌കാരികപരമായും, ഭാഷാപരമായും വളരെയേറെ കൊടുക്കാല്‍ വാങ്ങലുകള്‍ ഇവര്‍ക്കിടയില്‍ നടന്നിട്ടുണ്ട്. ആധുനിക യൂറോപ്പ് ദേശീയതയെ തൊട്ടറിയുന്നതിനു മുമ്പുതന്നെ രാഷ്ട്രീയ സമൂഹങ്ങളെ വാര്‍ത്തെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ടായിരുന്നു. തങ്ങളുടെ സംസ്‌കാരങ്ങളുടെ ഉന്നതിയില്‍ നിന്നുള്ള തകര്‍ച്ച രണ്ടു ജനതകളും നേരിടുകയും ഏകദേശം 19-ാം നൂറ്റാണ്ടോടുകൂടി അതില്‍ നിന്ന് ഒരു പുത്തന്‍ ഉണര്‍വ്വിലേക്ക് എത്താനും ഇവര്‍ക്ക് പൊതുവായി സാധിച്ചിട്ടുമുണ്ട്.
19-ാം നൂറ്റാണ്ടോടുകൂടി യൂറോപ്പ് ഉയര്‍ത്തിയ വെല്ലുവിളികളോടു പ്രതികരിക്കുന്നതിലും ഇവര്‍ സമാനതകള്‍ പുലര്‍ത്തിയിരുന്നു. അതായത്, രണ്ട് ജനതയില്‍ നിന്നും ഒരു വിഭാഗം തങ്ങളുടെ പാരമ്പര്യത്തെ ശക്തമായി തുടരുകയും മറ്റൊരു കൂട്ടര്‍ യൂറോപ്പ്യന്‍ ആധുനികതയും തങ്ങളുടെ പാരമ്പര്യത്തേയും കണ്ണിചേര്‍ത്ത് പിന്നോക്കാവസ്ഥയില്‍ നിന്നും തകര്‍ച്ചയില്‍ നിന്നും ഉയര്‍ന്നുവരാന്‍ ശ്രമം നടത്തിയിരുന്നു. ഇങ്ങനെ ആധുനികവത്ക്കരണ (modernisation) ത്തെ കേന്ദ്രീകരിച്ചുള്ള ബൗദ്ധികമായ ഉണര്‍വാണ് പിന്നീട് ഇവര്‍ക്കിടയില്‍ ദേശീയതകള്‍ ഉയര്‍ന്നുവരാന്‍ കാരണമായിത്തീര്‍ന്നത്. എന്നാല്‍ യൂറോപ്പ് ഉയര്‍ത്തിയിരുന്ന വെല്ലുവിളി കേവലം ബൗദ്ധികമോ, സംസ്‌കാരികപരമോ മാത്രമായിരുന്നില്ല ഇവരെ സംബന്ധിച്ചിടത്തോളം. ജൂത സമൂഹമാണെങ്കില്‍ യൂറോപ്പിലാകമാനമുണ്ടായിരുന്ന ‘സെമറ്റിക് വിരുദ്ധത’യില്‍ അകപ്പെട്ടിരുന്നെങ്കില്‍ അറബ് സമൂഹം യൂറോപ്പ്യന്‍ കോളനിവത്ക്കരണത്തിന്റെ, അഥവാ വംശീയ മേധാവിത്വം പുലര്‍ത്തിയിരുന്ന സാമ്രാജ്യത്വത്തിന്റെ കീഴില്‍ ഞെരിഞ്ഞമര്‍ന്നിരന്നു. ഇത്തരത്തിലുള്ള മേധാവിത്വത്തെ നേരിടുന്നതിന്റെ ഭാഗമായാണ് ദേശീയതയിലധിഷ്ഠിതമായ രാഷ്ട്രീയസംവിധാനങ്ങള്‍, പ്രധാനമായും തങ്ങളുടെ പ്രതിരോധത്തിനും, പുറത്തു നിന്നുള്ള കടന്നുകയറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിനുമായി ഇവര്‍ ഉണ്ടാക്കി എടുത്തത്. ഇത്തരത്തിലൊരു ദേശീയതയുടെ ഉദയമാണ് പിന്നീട് ഈ രണ്ടു സമൂഹങ്ങളെ അകറ്റുന്നതിലേക്ക് കാരണമാക്കിയത്.
ഇവിടെ ‘സയണിസ’മെന്ന പ്രത്യയശാസ്ത്രത്തിന്റെ ഉദയവും അതിന്റെ രാഷ്ട്രീയപരമായ വളര്‍ച്ചയുമായി ഈ അകല്‍ച്ച അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. യൂറോപ്പ്യന്‍ ജൂത അനുഭവങ്ങളുടെ മാത്രം സൃഷ്ടിയായി ഉദയം കൊണ്ടതാണീ പ്രത്യയശാസ്ത്രം. യൂറോപ്പിനു പുറത്തുള്ള ജൂതസമൂഹങ്ങള്‍ പിന്നീട് ഈ ആശയധാരയോടു അടുപ്പം കാണിച്ചിരുന്നെങ്കിലും അടിസ്ഥാനപരമായി അതു യൂറോപ്പ്യന്‍ വംശീയ സ്വഭാവത്തോടുകൂടിയതായിരുന്നു. ആധുനികതയുടെ ഉപോത്പന്നമായ ‘ദേശരാഷ്ട്രം’ (nation – state) ആദ്യമായി സ്‌പെയിനില്‍ രൂപംകൊള്ളുമ്പോള്‍ ആദ്യം ജൂതനോടും പിന്നീട് മുസ്‌ളീമിനോടും, ഒന്നുകില്‍ മതം മാറുക അല്ലെങ്കില്‍ നാടുവിടുകയെന്ന രണ്ടുവഴികള്‍ മാത്രമാണ് കൊടുത്തിരുന്നത്. അങ്ങനെ ആധുനികതയില്‍ത്തന്നെ ‘അപരവത്ക്കരണ’ (otherisation)ത്തിനു വിധേയരായിത്തന്നെയാണ് ജൂത സമൂഹം നിലനിന്നതുതന്നെ.
ഒരു യൂറോപ്യന്‍ അനുഭവങ്ങളില്‍ നിന്നു വന്നതുകൊണ്ടു തന്നെ ‘സയണിസം’ പല കാര്യത്തിലും യൂറോപ്പുമായി അല്ലെങ്കില്‍ യൂറോപ്പ്യന്‍ ചിന്തകളുമായി നിതാന്തമായ സാമ്യതകള്‍ പുലര്‍ത്തുന്നുമുണ്ട്. അതായത് ഏതുതരത്തിലാണോ ‘കോളോണിയല്‍ വ്യവഹാരം’ (colonial discourse) പാലസ്തീന്‍ ചിന്തകന്‍ എഡ്വേര്‍ഡ് സെയ്ദ് പറയുന്നതുപോലെ ഒരു ‘അപരത്വ’ത്തെ (other) അഥവാ സംസ്‌കാരശൂന്യമായ, വംശശുദ്ധിയില്ലാത്ത, ചരിത്രമില്ലാത്ത, ജ്ഞാനപരമല്ലാത്ത, നികൃഷ്ട്മായ, നിറവുമില്ലാത്ത ഒരു പൗരസ്ത്യത്തെ (orient) അതിന്റെ ഭാവനയില്‍ ((imagination) സൃഷ്ടിക്കുന്നതുപോലെ, (കൂടാതെ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നതൊന്നും തന്നെ നിലവിലുള്ള അവസ്ഥയുമായി യാതൊരു ബന്ധവും ഇല്ലാത്തവയുമായിരിക്കുമെന്നുള്ളതു വളരെ വ്യക്തമായതുമാണ്) ആണ് ‘സയണിസ്റ്റ് വ്യവഹാരം”പാലസ്തീന്‍ ജനതയെ ‘അപര’മായി മാറ്റപ്പെടുത്തിയത്.

__________________________________
 ‘സയണിസ’മെന്ന പ്രത്യയശാസ്ത്രത്തിന്റെ ഉദയവും അതിന്റെ രാഷ്ട്രീയപരമായ വളര്‍ച്ചയുമായി ഈ അകല്‍ച്ച അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. യൂറോപ്പ്യന്‍ ജൂത അനുഭവങ്ങളുടെ മാത്രം സൃഷ്ടിയായി ഉദയം കൊണ്ടതാണീ പ്രത്യയശാസ്ത്രം. യൂറോപ്പിനു പുറത്തുള്ള ജൂതസമൂഹങ്ങള്‍ പിന്നീട് ഈ ആശയധാരയോടു അടുപ്പം കാണിച്ചിരുന്നെങ്കിലും അടിസ്ഥാനപരമായി അതു യൂറോപ്പ്യന്‍ വംശീയ സ്വഭാവത്തോടുകൂടിയതായിരുന്നു. ആധുനികതയുടെ ഉപോത്പന്നമായ ‘ദേശരാഷ്ട്രം’ (nation – state) ആദ്യമായി സ്‌പെയിനില്‍ രൂപംകൊള്ളുമ്പോള്‍ ആദ്യം ജൂതനോടും പിന്നീട് മുസ്‌ളീമിനോടും, ഒന്നുകില്‍ മതം മാറുക അല്ലെങ്കില്‍ നാടുവിടുകയെന്ന രണ്ടുവഴികള്‍ മാത്രമാണ് കൊടുത്തിരുന്നത്. അങ്ങനെ ആധുനികതയില്‍ത്തന്നെ ‘അപരവത്ക്കരണ’ (otherisation)ത്തിനു വിധേയരായിത്തന്നെയാണ് ജൂത സമൂഹം നിലനിന്നതുതന്നെ. ഒരു യൂറോപ്യന്‍ അനുഭവങ്ങളില്‍ നിന്നു വന്നതുകൊണ്ടു തന്നെ ‘സയണിസം’ പല കാര്യത്തിലും യൂറോപ്പുമായി അല്ലെങ്കില്‍ യൂറോപ്പ്യന്‍ ചിന്തകളുമായി നിതാന്തമായ സാമ്യതകള്‍ പുലര്‍ത്തുന്നുമുണ്ട്. 
__________________________________ 

ഇതെ യൂറോപ്പ്യന്‍ ഭാവനകള്‍ വളരെ കൃത്യമായി പാലസ്തീന്‍ അറബ് ജനതയ്ക്കു മേല്‍ അടിച്ചേല്‍പ്പിച്ച് അത്തരത്തിലൊരു ജനതയുടെ ചരിത്രപരമായ നിലനില്‍പ്പുതന്നെ ഇത് പിന്നീട് ചോദ്യം ചെയ്യുക വരെയുണ്ടായി.
‘വാഗ്ദത്ത ഭൂമി’ എന്ന തികച്ചും വിശ്വാസപരമായ കാര്യത്തില്‍ മാത്രം നിലനിന്നിരുന്ന ‘ഇസ്രയേലി’നെ ആണ് ഈ ആധുനികകാലത്ത് ചരിത്രപരമല്ലാതെ ‘സയണിസ്റ്റ് വ്യവഹാര’ത്തില്‍ അവതരിപ്പിക്കുകയും, അതിനെ ബലപ്പെടുത്താനാകും വിധത്തിലുള്ള വസ്തുത (statement) കള്‍ ചമച്ചുണ്ടാക്കുകയും ചെയ്തു. അത്തരത്തിലുള്ള വസ്തുതകളുടെ ബലത്തില്‍ ഒരു യാഥാര്‍ത്ഥ്യത്തെ സൃഷ്ടിച്ചെടുക്കുകയാണ് സയണിസം പാലസ്തീനില്‍ ചെയ്തു. ജറുസലേം പോലെയുള്ള പുണ്യസ്ഥലത്തെപ്പറ്റി ആണെങ്കില്‍ അവിടെയൊരു ‘സാംസ്‌കാരികമായ സാന്നിദ്ധ്യം’ (Cultural presence) മാത്രമാണ് നല്ല ശതമാനത്തോളം ജൂതജനത ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സയണിസമാണ് അതിനെ ഒരു രാഷ്ട്രീയമായ സംവിധാനമാക്കി മാറ്റിയത്. അവിടെ നിന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതും.
യൂറോപ്പ്യന്‍ കോളോണിസത്തിനുമുണ്ട് ഇത്തരം പ്രശ്‌നങ്ങളില്‍ അവരുടേതായ സംഭാവനകള്‍. കൊളോണിയല്‍ ഭരണാധികാരികള്‍ അനുവദിച്ചു കൊടുത്ത സഹായങ്ങളാണ് കൃത്യമായും സയണിസ്റ്റ് താത്പര്യങ്ങള്‍ പാലസ്തീനില്‍ സാധ്യമാക്കാന്‍ കാരണമായിതീര്‍ന്നത്. യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ‘കൂട്ടനശീകരണ’ (Holocaust)ത്തിന്റെ പോലെയുള്ള പാപഭാരങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സയണിസ്റ്റ് യുക്തികള്‍ക്കു അനുഗുണമായി നില്‍ക്കേണ്ട അവസ്ഥയുമുണ്ടായിരുന്നു. ഇതാണ് ഇന്നത്തെ ലോക സാഹചര്യത്തില്‍പ്പോലും സയണിസ്റ്റ് യുക്തികള്‍ യൂറോപ്പ്യന്‍ സാമാന്യയുക്തികളുമായി സംഘര്‍ഷമില്ലാതെ നിലനില്‍ക്കാന്‍ കാരണമാകുന്നതും. ഇങ്ങനെയുള്ള പാപഭാരങ്ങള്‍ വളരെ സമര്‍ത്ഥമായി ഉപയോഗിക്കുന്നതില്‍ സയണിസം വിജയിച്ചിരുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യവുമാണ്. ജൂതവിരുദ്ധ ആക്രമണങ്ങളോ, ചിന്തകളോ ഇല്ലാതിരുന്ന സമൂഹങ്ങളില്‍ ഇത്തരം ബോധങ്ങള്‍ വളരെ ആസൂത്രിതമായി ഉണ്ടാക്കി ഇവരെയെല്ലാം തന്നെ തങ്ങളുടെ കുടിയേറ്റ സയണിസ്റ്റ് കോളോണിയല്‍ വ്യവഹാരത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിന്റെയൊക്കെ ഫലമായി ജൂതസമൂഹങ്ങള്‍ കൂട്ടമായി പാലസ്തിനിലേക്ക് എത്തപ്പെടുകയുമാണുണ്ടായത്. എന്നാല്‍ യൂറോപ്പിനു പുറത്തുള്ള സമൂഹങ്ങളില്‍ പ്രത്യേകിച്ചും അറബ് സമൂഹങ്ങളില്‍ ജൂതജനത പീഢനങ്ങളനുഭവിക്കേണ്ടി വന്നിട്ടില്ലായെന്നുള്ളതാണ് സത്യം. ഇത്തരത്തിലുള്ള ചരിത്രസത്യങ്ങളെ തമസ്‌കരിച്ചുകൊണ്ടാണ് സയണിസം അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിച്ചുകൊണ്ടിരുന്നതു തന്നെ. അതുകൊണ്ടാണ് ഇത് ‘ചരിത്രരഹിത’ (ahistorical) ആണ് എന്നു പറയാന്‍ സാധിക്കുന്നത്.
‘ജൂതരാഷ്ട്രം’ സ്ഥാപിക്കാന്‍ പാലസ്തീനെ തിരഞ്ഞെടുക്കാന്‍ പറഞ്ഞ കാരണങ്ങളില്‍ ഈ ചരിത്രരാഹിത്വം നമുക്കു കാണാന്‍ കഴിയും. അതായത് അവിടെ ജനങ്ങളൊന്നും തന്നെയില്ലായെന്ന വാദമാണ് ആദ്യമായി ഉയര്‍ത്തിയത്. അഥവാ സയണിസ്റ്റ് വ്യവഹാരത്തില്‍ പാലസ്തീന്‍ എന്നു പറയുന്നത്. ‘ജനങ്ങളില്ലാത്ത ഭൂമിയാണ്’. അതുകൊണ്ടുതന്നെ ഭൂമിയില്ലാത്ത ജനങ്ങള്‍ക്കു നല്‍കുകയെന്നുള്ളത് തികച്ചും യുക്തിസഹമായ കാര്യവുമാണ്. ചരിത്രപരമായ പാലസ്തീന്‍ – അറബ് സമൂഹം എന്ന തദ്ദേശജനതയുടെ സാന്നിദ്ധ്യത്തെ ഒരിക്കല്‍പ്പോലും സയണിസം അംഗീകരിച്ചിരുന്നില്ല. ഇത് കൊളോണിയല്‍ ഭരണകൂടങ്ങള്‍ തദ്ദേശവാസികളായ കോളനീക്കാരോടു പെരുമാറുന്നതുമായി താരതമ്യം ചെയ്യാവുന്നതുമാണ്. ഇത്തരത്തിലുള്ള ‘സയണിസ്റ്റ് വ്യവഹാര’ യുക്തിയിലാണ് 1948-ല്‍ ഇസ്രയേല്‍ രാഷ്ട്രം പാലസ്തീനില്‍ ജനിക്കുന്നത്. രാഷ്ട്രരൂപീകരണാനന്തരം അറബ് ജനതയോടു വളരെ മനുഷ്യത്വരഹിതമായ നടപടികളാണ് സയണിസ്റ്റ് നേതൃത്വങ്ങള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഗാസയില്‍ നടന്ന സൈനികാധിനിവേശത്തെ ഇങ്ങനെ നോക്കിക്കാണാവുന്നതാണ്.
പാലസ്തീന്‍ – ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ ഭൂമിയെ കേന്ദ്രീകരിച്ചു നടക്കുന്നതു കൂടിയാണ്. ലോകത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് പാലസ്തീനില്‍ എത്തിച്ചേര്‍ന്ന ജൂതകുടിയേറ്റക്കാര്‍ (settlers) മൊത്തം ഭൂമിയുടെ ഏകദേശം 6 ശതമാനം മാത്രമാണ് അറബ് ജനതയില്‍ നിന്ന് വാങ്ങിയത്. പിന്നീട് ഇസ്രയേലിനോടു ചേര്‍ന്ന പ്രദേശങ്ങളെല്ലാം തന്നെ കുടിയേറ്റ കേന്ദ്രങ്ങള്‍ (settlements) വഴിയും, സൈനികനീക്കങ്ങളിലൂടേയും നേടിയെടുത്തവയാണ്. ഇത്തരം ഭൂമിയുടെ കൈമാറ്റത്തോടൊപ്പം ഗ്രാമങ്ങളുടെ പഴയ അറബി പേരുകള്‍ മാറ്റുകയും, പ്രദേശത്തിന്റെ പഴയ ചരിത്രങ്ങള്‍ പറയുന്ന ഗ്രന്ഥങ്ങള്‍ ബോധപൂര്‍വ്വം നശിപ്പിച്ചു കളയുകയും മറ്റുമുണ്ടായി. അങ്ങനെ ഇസ്രയേല്‍ ആയി മാറിയ പാലസ്തീനു പുതിയ ചരിത്രങ്ങള്‍ സയണിസ്റ്റ് ചരിത്രകാരന്മാര്‍ രചിക്കുകയുമുണ്ടായതിനെപ്പറ്റി സെയ്ദ് പറയുന്നുണ്ട്. ഇങ്ങനെ പാലസ്തീന്‍ ഭൂമി ഇസ്രയേലിന്റേതായി മാറ്റപ്പെടുമ്പോള്‍ പാലസ്തീന്‍ ജനത അഭയാര്‍ത്ഥികളായി മാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള കൊളോണിയല്‍ വ്യവഹാര യുക്തിയിലാണ് പാലസ്തീന്‍ പ്രതിരോധങ്ങള്‍ കേവലം ഭീരകവാദമായി അതായത് ചിന്തകനായ എഡ്വേര്‍ഡ് സെയ്ദ് പോലും ഭീകരവാദിയായി വരച്ചുകാട്ടപ്പെടുന്നത്. സയണിസം അതു അപരവത്ക്കരിച്ചതിനെത്തന്നെ ഭീക്ഷണിയായാണ് കാണുന്നത് അതിനാല്‍ ആണ് വളരെ ബഹുസ്വരതയുള്ള പാലസ്തീന്‍ പ്രതിരോധത്തെ ഒന്നാകെ ഭീകരവാദമായി ചിത്രീകരിക്കപ്പെടുന്നത്.
പാലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം വളരെ മുന്‍പ് തന്നെ ആരംഭിച്ചതാണ്. അവിടെ ആദ്യകാലങ്ങളിലെത്തിച്ചേര്‍ന് ജനവിഭാഗങ്ങള്‍ തദ്ദേശരായ അറബ് ജനതയുമായി നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. പിന്നീട് ചില എതിര്‍പ്പുകള്‍ തദ്ദേശവാസികള്‍ ഉയര്‍ത്തിയിരുന്നെങ്കിലും രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ ബന്ധത്തിനു കോട്ടം തട്ടിയിരുന്നില്ല. എന്നാല്‍ മുന്‍പ് സൂചിപ്പിച്ചതു പോലെ. ‘രാഷ്ട്രീയ സയണിസ’ത്തിന്റെയും അതോടൊപ്പം അറബ് ദേശിയതയും വളര്‍ന്നു തുടങ്ങിയപ്പോള്‍ പ്രശ്‌നങ്ങള്‍ തലപ്പൊക്കി തുടങ്ങുകയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ ഒട്ടോമന്‍ സാമ്രാജ്യത്വത്തിനുണ്ടായ തകര്‍ച്ചയും തുടര്‍ന്ന് പാലസ്തീന്‍ പ്രദേശങ്ങള്‍ യൂറോപ്പ്യന്‍ കോളനിവത്ക്കരണത്തിന്റെ ഭാഗമായതും ഇതു ശക്തമായ രീതിയില്‍ തുടരാന്‍ കാരണമാകുകയും ചെയ്തു. ഈ കോളനിവത്ക്കരണമാണ് പിന്നീട് അറബ് മേഖലയില്‍ പുതിയ രാഷ്ട്രങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചത്.

അറബ് ദേശീയതയിലധിഷ്ഠിതമായ സയണിസത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ വ്യാപകമായ രീതിയില്‍ പാലസ്തീനില്‍ നടന്നുകൊണ്ടിരുന്നു. ഇതു പിന്നീട് ‘പില്‍ കമ്മീഷ’നെ നിയമിക്കാന്‍ ബ്രിട്ടനെ നിര്‍ബന്ധിതമാക്കുകയും ചെയ്തു. അങ്ങനെ പില്‍ കമ്മീഷനാണ് പാലസ്തീന്‍ വിഭജിച്ച് ഒരു ജൂതരാഷ്ട്രവും, ഒരു അറബ് രാഷ്ട്രവും നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇത്തരമൊരു നീക്കത്തെ ജൂതസമൂഹം ബെന്‍-ഗുരിയന്റെ നേതൃത്വത്തില്‍ അംഗീകരിക്കുകയും അതെ സമയം ഇത് അറബ് നേതൃത്വങ്ങള്‍ തള്ളിക്കളയുകയാണുണ്ടായത്. ഇതെ തുടര്‍ന്നു നടന്ന ചില അക്രങ്ങള്‍ക്കും, സംഘര്‍ഷങ്ങള്‍ക്കും ശേഷമാണ് ഇസ്രയേല്‍ രൂപീകരണം നടക്കുന്നത്. ഈക്കാലയളവില്‍ മദ്ധ്യേഷ്യയിലും, വടക്കന്‍ ആഫ്രിക്കയിലുമുണ്ടായിരുന്ന ജൂതസമൂഹങ്ങള്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ബ്രിട്ടണ്‍ 1948, മെയ് 14 ന് ഔദ്യോഗികമായി പാലസ്തീനില്‍ നിന്ന് പിന്മാറുകയും അതേ ദിവസം തന്നെ ജൂത ദേശീയ കൗണ്‍സില്‍ ഇസ്രായേല്‍ രാഷ്ട്രം രൂപീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
രാഷ്ട്രരൂപീകരണത്തെ തുടര്‍ന്ന് അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലിനെതിരേ സംയുക്തമായി ആക്രമണങ്ങള്‍ നടത്തുകയുണ്ടായി. അതാണ് 1948 ലെ അറബ് – ഇസ്രയേല്‍ യുദ്ധമായി അറിയപ്പെടുന്നത്. സംഘര്‍ഷം പിന്നീട് 1956 ലും, 1967 ലും, 1974 ലും പിന്നീടും ഇവര്‍ തമ്മില്‍ യുദ്ധങ്ങള്‍ നടക്കാന്‍ കാരണമാക്കിയിട്ടുണ്ട്. ഈ യുദ്ധങ്ങളെല്ലാം തന്നെ പൊതുവായിപ്പറഞ്ഞാല്‍ അറബ് രാഷ്ട്രങ്ങള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുകയും, പാലസ്തീന്‍ ജനതയ്ക്ക് ഭൂമിയും മറ്റും തുടര്‍ച്ചയായി നഷ്ടപ്പെടുവാനും കാരണമാക്കുകയും. ഇസ്രായേല്‍, യുദ്ധങ്ങളെ ഉപയോഗിച്ചുകൊണ്ട് പല പ്രദേശങ്ങളും പിടിച്ചെടുക്കുകതന്നെയുണ്ടായി. (ഇങ്ങനെ ഈജിപ്തിനു സിനായി പ്രദേശവും, ഗാസാ മുനവും, സിറിയ്ക്കു ഗോലന്‍ കുന്നുകളും, ജോര്‍ദ്ദാനു വേസ്റ്റ് ബാങ്കും നഷ്ടമായി). പാലസ്തീന്‍ ജനത അഭയാര്‍ത്ഥികളായി അയല്‍ രാജ്യങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.

____________________________________
പാലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം വളരെ മുന്‍പ് തന്നെ ആരംഭിച്ചതാണ്. അവിടെ ആദ്യകാലങ്ങളിലെത്തിച്ചേര്‍ന് ജനവിഭാഗങ്ങള്‍ തദ്ദേശരായ അറബ് ജനതയുമായി നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. പിന്നീട് ചില എതിര്‍പ്പുകള്‍ തദ്ദേശവാസികള്‍ ഉയര്‍ത്തിയിരുന്നെങ്കിലും രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ ബന്ധത്തിനു കോട്ടം തട്ടിയിരുന്നില്ല. എന്നാല്‍ മുന്‍പ് സൂചിപ്പിച്ചതു പോലെ. ‘രാഷ്ട്രീയ സയണിസ’ത്തിന്റെയും അതോടൊപ്പം അറബ് ദേശിയതയും വളര്‍ന്നു തുടങ്ങിയപ്പോള്‍ പ്രശ്‌നങ്ങള്‍ തലപ്പൊക്കി തുടങ്ങുകയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ ഒട്ടോമന്‍ സാമ്രാജ്യത്വത്തിനുണ്ടായ തകര്‍ച്ചയും തുടര്‍ന്ന് പാലസ്തീന്‍ പ്രദേശങ്ങള്‍ യൂറോപ്പ്യന്‍ കോളനിവത്ക്കരണത്തിന്റെ ഭാഗമായതും ഇതു ശക്തമായ രീതിയില്‍ തുടരാന്‍ കാരണമാകുകയും ചെയ്തു. ഈ കോളനിവത്ക്കരണമാണ് പിന്നീട് അറബ് മേഖലയില്‍ പുതിയ രാഷ്ട്രങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചത്.
____________________________________ 

രണ്ടു വിഭാഗങ്ങളുടേയും ആഭ്യന്തര രാഷ്ട്രീയം ഈ കാലയളവില്‍ വന്‍ മാറ്റങ്ങള്‍ക്കു വിധേയമായി. അറബ് രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം 1948 നു ശേഷം അറബ് ദേശീയത ഒരു ‘സൈനിക കള്‍ട്ടി’ ലേക്ക് മാറുന്നതായി കാണാം, ഇത് ഈക്കാലയളവില്‍ ഈജിപ്തിലും, ഇറാഖിലും, സിറിയായിലുമൊക്കെ നടന്ന സൈനിക അട്ടിമറികളിലൂടെ സംജാതമായതാണ്. ഇത്തരം സൈനിക നേതൃത്വങ്ങള്‍ പാലസ്തീന്‍ ജനതയുടെ രക്ഷകര്‍തൃത്വം ഏറ്റെടുത്തുകൊണ്ടാണ് ഇസ്രായേലുമായി യുദ്ധത്തിനേര്‍പ്പെട്ടത്. ഇത് രാഷ്ട്രീയമായ പരിഹാരം കണേണ്ട ഒരു വിഷയത്തെ സൈനികമായി കാണാന്‍ ശ്രമിച്ചുവെന്ന ശക്തമായ ആരോപണമുയരാന്‍ പിന്നീട് കാരണമായി മാറി. അറബ് ദേശീയതയെ കേന്ദ്രീകരിച്ചുള്ള ഒരു ഏകീകരണം ഈ രാഷ്ട്രങ്ങളെ ആധുനിക ലോകത്തു പലപ്പോഴും ഒറ്റപ്പെടാന്‍ കാരണമാക്കിയിട്ടുണ്ടെന്ന് സെയ്ദ് പറയുന്നുണ്ട്. എന്നാല്‍ ഇസ്രായേല്‍ പതിയെ ഒരു ആധുനിക രാഷ്ട്ര (Modern State))മായി രൂപാന്തരപ്പെടുകയും അത് പാശ്ചാത്യ ലോകത്തിന്റെ ഭാഗമാക്കപ്പെടുകയും ചെയ്തു.
പാലസ്തീന്‍ വിഷയത്തിലുള്ള അറബ് രാഷ്ട്രീയ നിലപാടില്‍ ചില വൈരുദ്ധ്യങ്ങള്‍ ചരിത്രത്തില്‍ കാണാന്‍ കഴിയും. ഔദ്യോഗികമായി അറബ് നേതൃത്വങ്ങള്‍ ഇസ്രായേലിനെ തമസ്‌ക്കരിക്കാന്‍ ശ്രമിക്കുകയും, ഏറ്റവും വലിയ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെങ്കിലും അനൗദ്യോഗികമായി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ പലരും പ്രധാനമായും ഹാഷ്‌മേറ്റ് രാജവംശവും, ജമാല്‍ നാസ്സര്‍ പോലും 1950 കളില്‍ ശ്രമിച്ചിരുന്നതായി സെയ്ദ് സാക്ഷിപ്പെടുത്തുന്നുണ്ട്. ഇത് 1967 നു ശേഷവും തുടരുകയും ചെയ്തിരുന്നു. അറബ് രാഷ്ട്രീയം ശരിയായ അര്‍ത്ഥത്തില്‍ സയണിസം തയ്യാറാക്കിയിട്ടുണ്ടായിരുന്ന പാലസ്തീന്‍ അജണ്ടയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. പാലസ്തീന്‍ ജനതയ്ക്കു 1964 ല്‍ ‘പാലസ്തീന്‍ വിമോചന സംഘടന’ (പി. എല്‍. ഒ) ഉണ്ടാക്കുന്നതുവരെ അവരുടേതായ ഒരു പ്രാതിനിത്യമുണ്ടായിരുന്നില്ല. അവര്‍ അതിനുമുമ്പുവരെ മറ്റു അറബ് രാഷ്ട്രങ്ങളിലൂടെയാണ് പ്രാതിനിത്യവത്ക്കരിച്ചിരുന്നത്. പി. എല്‍. ഒ. യുദ്ധത്തില്‍ ജോര്‍ദ്ദാന്‍ സൈന്യത്തെ സഹായിക്കുകയും മാറ്റമുണ്ടായെങ്കിലും 1970 ലെ പാലസ്തീന്‍ – ജോര്‍ദ്ദാന്‍ ആഭ്യന്തരസംഘര്‍ഷം അവിടെ നിന്ന് തെക്കന്‍ ലെബനോണിലേക്ക് തങ്ങളുടെ പ്രവര്‍ത്തന കേന്ദ്രം മാറ്റാന്‍ ഇവരെ നിര്‍ബന്ധിതരാക്കി. ലബനോണ്‍ ആഭ്യന്തര കലാപവും, 1982 ലെ ഇസ്രായേല്‍ ആക്രമണവും ഇതിന്റെ ആസ്ഥാനം തുണിഷ്യയിലേക്ക് മാറ്റാനിടയാക്കുകയും ചെയ്തു.
ഗാസയിലും, വെസ്റ്റ് ബാങ്കിലും ജനങ്ങള്‍ 1987 കളോടെ ഇസ്രായേല്‍ ആക്രമണങ്ങളേയും, അധിനിവേശത്തിനെതിരേയും പ്രക്ഷോഭമായി രംഗത്തു വരുകയുണ്ടായി. ഇതാണ് പാലസ്തീനിലെ ‘ആദ്യ ഇന്‍തിഫാദ’ (First Inthifada) എന്നറിയപ്പെടുന്നത്. ഇസ്രയേലി സുരക്ഷ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏകദേശം 20,000 ത്തോളം ആര്‍ക്കാര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഇതാണ് പിന്നീട് സെയ്ദ് ‘പാലസ്തീന്‍ വേഴ്‌സായ്’ എന്നു വിശേഷിപ്പിച്ച 1993 ലെ ‘ഓസ്‌ലോ സന്ധി’യിലേക്ക് നയിച്ചത്. ഇത് ‘പാലസ്തീന്‍ ദേശീയ അതോറിറ്റി’ രൂപീകരണത്തിലേക്കും, പി. എല്‍. ഒ. യ്ക്കു പാലസ്തീനില്‍ പ്രവര്‍ത്തിക്കാനും സഹായകമായെങ്കിലും അടിസ്ഥാനപരമായും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകിയില്ല എന്നതാണ് പിന്നീടുള്ള ചരിത്രം. ഈ തരത്തില്‍ പി. എല്‍. ഒ നേതൃത്വം നിരന്തരം ഇസ്രായേലുമായി സമാധാനകരാറുകളില്‍ ഏര്‍പ്പെടുകയും, ജനാധിപത്യമാര്‍ഗ്ഗങ്ങള്‍ തുടരുകയും ചെയ്തിരുന്നെങ്കിലും, ഇസ്രായേലിന്റെ ഭാഗത്തുനിന്നും നിരന്തരമായുണ്ടായിക്കൊണ്ടിരുന്ന അവഹേളനങ്ങളും ആക്രമണങ്ങളും ജനങ്ങള്‍ക്കിടയില്‍ പി. എല്‍. ഒ. ക്കുണ്ടായിരുന്ന സ്വാധീനം കുറയുകയും ഹമാസ് അടക്കമുള്ള ചില മതകേന്ദ്രീകൃതമായ വിഭാഗങ്ങള്‍ക്ക് പാലസ്തീന്‍ പ്രതിരോധത്തില്‍ പ്രാധാന്യമുണ്ടാകാന്‍ കാരണമാവുകയും ഉണ്ടായി. ഇവര്‍ ‘ആത്മഹത്യ ബോംബിങ്ങ്’ ഉള്‍പ്പെടെയുള്ള രീതികളുമായി ഇസ്രായേലിനു നിരന്തരം തലവേദനകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.
തുടര്‍ന്നു നടന്ന ചില സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടതു ഫലമായി 2000 ല്‍ ‘രണ്ടാം ഇന്‍തിഫാദ’ (Second Inthifada)) ആരംഭിക്കുകയും, 2004 – 2005 കാലഘട്ടത്തില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പാലസ്തീനില്‍ വലിയതോതില്‍ ജീവഹാനിയുണ്ടാകുകയും ചെയ്തു. ഇതിന്‍ ഫലമായി ഈ കാലയളവില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി എറിയയല്‍ ഷാരോണ്‍ ഗാസയില്‍ നിന്ന് ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചെങ്കിലും ആ പ്രദേശങ്ങളെ അധിനിവേശത്തിനു മോചിപ്പിച്ചിരുന്നില്ല. 2006 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഹമാസ് പാലസ്തീനില്‍ അധികാരത്തില്‍ വന്നു. എന്നാല്‍, ഇസ്രായേലും പാശ്ചാത്യരാജ്യങ്ങളും ഇതിനെ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഇസ്രായേല്‍ ഗാസയ്ക്കുമേല്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തുകയുണ്ടായി. പാലസ്തീന്‍ അധികാരത്തിനുവേണ്ടി ഫത്ഹും ഹമാസും തമ്മില്‍ 2007 ല്‍ സംഘര്‍ഷമുണ്ടാവുകയും ഗാസയുടെ പൂര്‍ണ്ണനിയന്ത്രണം ഹമാസ് ഏറ്റെടുത്തുക്കുകയുമുണ്ടായി. പാലസ്തീനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു സംഗതിയാണ് 2012 ല്‍ ഐക്യരാഷ്ട്ര സഭ ഇതിനെ ഒരു ‘നോണ്‍ – മെമ്പര്‍ ഒബ്‌സര്‍വര്‍’ സ്ഥാനം കൊടുക്കുകയും മറ്റുമുണ്ടായി. തന്‍മൂലം അതിന്റെ പേര് പാലസ്തീനു പകരമായി ‘സെയ്റ്റ് ഓഫ് പാലസ്തീന്‍’ എന്നാക്കി മാറ്റപ്പെട്ടു.

  • അറബ് രാഷ്ട്രത്തിനുണ്ടായ മാറ്റം

1967 ലെ അറബ് ഇസ്രായേലി യുദ്ധത്തിലുണ്ടായ പരാജയം അറബ് ദേശീയതയുടെ രാഷ്ട്രീയ ഇച്ഛാശക്തിയേയും സൈനിക ശക്തിയേയും ചോര്‍ത്തിക്കളഞ്ഞു. അതില്‍ നിന്ന് ഇനിയും മോചനം നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഇവിടെ അറബ് ദേശീയ രാഷ്ട്രീയത്തിന്റെ ചില നൂനതകള്‍ പ്രത്യേക പരമാര്‍ശമര്‍ഹിക്കുന്നു. ഇത് പിന്നീട് പാലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ വര്‍ദ്ധിക്കാന്‍ നേരിട്ടല്ലാതെ കാരണമാക്കിയിട്ടുമുണ്ട്. അറബ് ദേശീയതയില്‍ ഉയര്‍ന്നുവന്ന ഭരണകൂടങ്ങളൊന്നും തന്നെ ജനാധിപത്യ സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം സൈനിക കേന്ദ്രീകൃതമായ രാഷ്ട്രീയ അധികാര ഘടനയിലായിരുന്നു കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ സങ്കല്‍പ്പത്തില്‍ ജനാധിപത്യമൂല്യത്തിനു അറബ് സാമൂഹ്യരൂപീകരണത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ സ്വതന്ത്ര മാധ്യമങ്ങളോ, അറിവ് ഉദ്പാദിപ്പിക്കുന്നതിനായുള്ള ഗുണനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്കു സാധിച്ചിരുന്നില്ലയെന്നതടക്കമുള്ള കാര്യങ്ങള്‍ സെയ്ദ് വിമര്‍ശനപരമായി ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യവിഭവശേഷി സൂചിക (Human Developmemt Index) യില്‍ അറബ് സമൂഹങ്ങള്‍ പിന്നിട്ടുപോകുന്ന കാഴ്ചയാണ് പിന്നീടു കാണാന്‍ കഴിയുന്നത്.
അറബ് ദേശീയ നേതൃത്വങ്ങള്‍ ഏകാതിപതികളായി മാറുകയും രാഷ്ട്രങ്ങള്‍ കേന്ദ്രീകൃത അധികാര വ്യവസ്ഥയ്ക്കുള്ളില്‍ അകപ്പെട്ടുപോകുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും അതോടൊപ്പം ദേശീയതയെ ഓരോ രാഷ്ട്രത്തിന്റേയും ഉള്ളില്‍ നിര്‍വചിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ മുതലുമാണ് പാലസ്തീന്‍ ജനതയുടെ രക്ഷകരായുണ്ടായിരുന്ന അറബ് രാഷ്ട്രങ്ങള്‍ അപ്രതൃക്ഷരാകുകയും അങ്ങനെ പാലസ്തീന്‍ അനാഥമാക്കപ്പെടുകയും ചെയ്തത്. ഇത് അറബ് രാഷ്ട്രങ്ങള്‍ക്ക് അകത്തുതന്നെ ചില പുതിയ രാഷ്ട്രീയ പ്രവണതകള്‍ക്കു കാരണമായിട്ടുണ്ട്. ഈജിപ്ത്, സിറിയ, ഇറാഖ്, അള്‍ജീറിയ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ മതേതര – സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ ജനാധിപത്യ അവകാശങ്ങള്‍ അംഗീകരിക്കാത്തതുകൊണ്ടുതന്നെ, ജനങ്ങളുടെ രാഷ്ട്രീയമായ എതിര്‍പ്പുകള്‍ മതത്തിന്റെ സ്ഥലങ്ങളില്‍ (religious spaces) മാത്രം നടത്തേണ്ട സ്ഥിതി വിശേഷമുണ്ടായി. ഇത് മതകേന്ദ്രീകൃതമായ പ്രതിരോധ പ്രസ്ഥാനങ്ങള്‍ അറബ് സമൂഹങ്ങളില്‍ ഉയര്‍ന്നുവരാന്‍ കാരണമാക്കുന്നതിലേക്ക് നയിച്ചു. അങ്ങനെയാണ് 1970 കള്‍ കഴിയുന്നതോടെ അറബ് ലോകത്തിന്റെ ഭാഗദേയം നിര്‍ണയിക്കുന്ന പ്രധാനശക്തിയായി നിലവിലുള്ള മതേതര – സോഷ്യലിസ്റ്റ് – ഏകാതിപത്യ ധാരകളെ പിന്‍തള്ളി മതകേന്ദ്രീകൃതമായ രാഷ്ട്രീയ ചിന്താധാരകള്‍ ശക്തമാകുന്നത്.
ഇങ്ങനെ ആഭ്യന്തര ശത്രുവായി മതകേന്ദ്രീകൃത രാഷ്ട്രീയത്തെ കാണുകയും, അതിനെ നേരിടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന അറബ് നേതൃത്വങ്ങള്‍ പാലസ്തീനെ കൈയ്യൊഴിയുന്ന ഒരവസ്ഥയാണ് പിന്നീട് കാണാന്‍ കഴിയുന്നത്. അന്‍വര്‍ സാദത്തിന്റെ ഇസ്രായേല്‍ സന്ദര്‍ശനവും സമാധാന കരാര്‍ ഒപ്പിട്ടതും പ്രശ്‌നത്തിലുള്ള അറബ് നേതൃത്വത്തിന്റെ നിലപാടില്‍ വന്‍ മാറ്റങ്ങള്‍ വരികയുണ്ടായി. പാലസ്തീന്‍ പിന്നീട് അറബ് ദേശീയ നേതൃത്വങ്ങളുടെ കേവലം രാഷ്ട്രീയ പ്രസംഗങ്ങളില്‍ മാത്രം ഒതുങ്ങുന്നതായി മാറ്റപ്പെടുകയാണുണ്ടായത്. ഇത്തരം നിലപാടുകള്‍ പാലസ്തീന്‍ ജനതയോടുള്ള മറ്റ് അറബ് രാഷ്ട്രങ്ങളുടെ പെരുമാറ്റത്തില്‍ നിന്നു വ്യക്തമാണ്. ഇവര്‍ അഭയാര്‍ത്ഥികളായി എത്തപ്പെട്ടിട്ടുള്ള അറബ് രാഷ്ട്രങ്ങളില്‍ ജോര്‍ദ്ദാന്‍ മാത്രമാണ് അവര്‍ക്കു ദേശീയമായ ഒരു അംഗീകാരം നല്‍കിയിട്ടുള്ളത്. ഇവര്‍ക്ക് സിറിയ, ഈജിപ്ത്, ലെബനോണ്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ യാതൊരു തരത്തിലുള്ള അവകാശങ്ങളും ഇതുവരെ അനുവദിക്കപ്പെട്ടിട്ടില്ല.
അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഇസ്രായേല്‍ അയല്‍ അറബ് രാഷ്ട്രങ്ങളുമായും പാലസ്തീന്‍ നേതൃത്വവുമായും സമാധാന കരാറുകളില്‍ ഒപ്പിട്ടുകൊണ്ടേയിരുന്നു. എന്നാല്‍, ഇവയൊന്നും തന്നെ ലക്ഷ്യത്തിലെത്തിയില്ല എന്നുള്ളതാണ് വാസ്തവം. ഇസ്രായേലിനു സമാധാനം എന്നുപറയുന്നത് തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ മാത്രം ഉപയോഗിക്കപ്പെടുന്നതാണ്. ഇവിടെ ഏറ്റവും പ്രധാന സംഗതിയാണ് ഇസ്രായേല്‍ – പാലസ്തീന്‍ വിഭാഗങ്ങള്‍ക്ക് വളരെ വ്യത്യസ്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളത് എന്നത്. ഇസ്രായേലി സയണിസ്റ്റ് നേതൃത്വത്തിനു പാലസ്തീനില്‍ ഒരു ‘ജൂതരാഷ്ട്ര’ത്തെ ആണു നിര്‍മ്മിക്കേണ്ടത്. അതിനായി മുമ്പ് സൂചിപ്പിച്ചതുപോലെ മുന്‍പുണ്ടായിരുന്ന തദ്ദേശമായ എല്ലാത്തിനേയും അതു ചരിത്രമാകാം, പേരുകളാകാം, മായിച്ചുകളയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇസ്രായേല്‍ പൗരന്മാരായ അറബ് ജനതയോടു വളരെ വിവേചനപരമായ നിലപാടാണ് രാഷ്ട്രം പുലര്‍ത്തുന്നത്. അത് അവരുടെ മൗലിക അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിലൂടേയും, ഭൂമി പിടിച്ചെടുക്കുന്നതിലൂടേയും പുലര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു.
പാലസ്തീനെ സംബന്ധിച്ചിടത്തോളം അവരുടെ ‘അറബ് രാഷ്ട്ര’ രൂപീകരണമാണു ലക്ഷ്യം. ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യം ഇന്ന് ഹമാസ് പോലും 1967 നു ശേഷം പിടിച്ചെടുത്ത ഭാഗങ്ങളില്‍ നിന്നുമാത്രമാണ് ഇസ്രായേല്‍ പിന്‍മാറണമെന്നു പറയുന്നത്. എന്നാല്‍, ഇസ്രായേല്‍ ഇതുവരെ ഇതോ, അതോടൊപ്പം അഭയാര്‍ത്ഥികളായി മറ്റു രാഷ്ട്രങ്ങളില്‍ എത്തപ്പെട്ടിട്ടുള്ള പാലസ്തീന്‍ ജനതയുടെ മടങ്ങിവരാനുള്ള അവകാശവും അംഗീകരിച്ചിട്ടില്ല. ഇത്തരത്തില്‍ ഓരോ ഭൂപ്രദേശത്തിനുവേണ്ടിയുള്ള വ്യത്യസ്ത ലക്ഷ്യങ്ങളാണ് ഇന്നും ഈ പ്രശ്‌നത്തിന്റെ കാതലായി നിലനില്‍ക്കുന്നത്. സെയ്ദ് അഭിപ്രായപ്പെടുന്നത് ഇന്ന് ഈ രണ്ടു ജനവിഭാഗങ്ങളും ഭൂപ്രദേശപരമായി വളരെ അടുത്തും രാഷ്ട്രീയപരമായും സമൂഹ്യപരമായും വളരെ അകലത്തില്‍ കഴിയുന്നുവെന്നാണ്.
തങ്ങള്‍ നേരിട്ട ‘കൂട്ടനശീകരണ’ മുള്‍പ്പെടെയുള്ള അതിക്രമങ്ങളെ തന്നെയാണ് എന്നും സയണിസം പാലസ്തീനില്‍ ഉയര്‍ത്തികാട്ടിക്കൊണ്ടിരിക്കുന്നത്. ‘കൂട്ടനശീകരണ’ത്തെപ്പറ്റി താരിഖ് അലി പറയുന്നത് അതൊരു പ്രത്യേകതകള്‍ നിറഞ്ഞ ഒരു കുറ്റമായി കാണേണ്ടതില്ലായെന്നാണ്. അതായത്, അതിനുശേഷവും മുന്‍പും ഇതുപോലെയുള്ള സംഭവങ്ങള്‍ ലോകത്ത് സംജാതമായിട്ടുണ്ട് എന്നതുതന്നെ കാരണം. യൂറോപ്പില്‍ ഇതു നടപ്പാക്കുമ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ബല്‍ജിയന്‍ കോളോണിയല്‍ ഭരണകൂടം 80 ലക്ഷം തദ്ദേശവാസികളെയാണു കൂട്ടക്കൊല നടത്തിയത്. ഇതുതന്നെയായിരുന്നു തദ്ദേശവാസികളായ ഓസ്‌ട്രേലിയക്കാരുടെയും, അമേരിക്കക്കാരുടെയും അവസ്ഥ. ഒരാളെപ്പോലും ബാക്കിവെയ്ക്കാതെ കോളോണിയല്‍ ശക്തികള്‍ നിഷ്‌കരുണം കൊന്നൊടുക്കുകയാണുണ്ടായത്. എന്നാല്‍, ഇന്നത്തെ ഓസ്‌ട്രേലിയക്കാരോടോ, അമേരിക്കക്കാരോടോ ആരും അതിന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചോദിക്കാറില്ല. കാരണം, അത് ഇപ്പോഴത്തെ തലമുറ ചെയ്ത കുറ്റമല്ല. അതിനാല്‍ തന്നെ അവര്‍ക്ക് അതിന്റെ പാപഭാരം ചുമക്കേണ്ട ആവശ്യവുമില്ല.
എന്നാല്‍, ഇവിടെയാണ് സയണിസ്റ്റ് കൃത്യമായി ‘കൂട്ടനശീകരണ’ത്തെ ഉപയോഗപ്പെടുത്തുന്നത്. ഇപ്പോഴത്തെ ജര്‍മ്മന്‍ തലമുറയ്‌ക്കോ, അതോടൊപ്പം ഇപ്പോഴത്തെ ഏതെങ്കിലും യൂറോപ്യന്‍ തലമുറകള്‍ക്കോ ജൂതജനതയോടു മുന്‍തലമുറ ചെയ്ത ക്രൂരതകള്‍ക്ക് ഉത്തരം പറയേണ്ടതിന്റെയോ, പാപഭാരം ചുമക്കേണ്ടതിന്റെയോ ആവശ്യകതയില്ലായെന്നുള്ളതാണ് വാസ്തവം. എന്നാല്‍, അത്തരം പാപഭാരങ്ങള്‍ എന്നും അങ്ങനെതന്നെ നിലനിര്‍ത്തുന്നതില്‍ സയണിസം

___________________________________
പാലസ്തീനെ സംബന്ധിച്ചിടത്തോളം അവരുടെ ‘അറബ് രാഷ്ട്ര’ രൂപീകരണമാണു ലക്ഷ്യം. ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യം ഇന്ന് ഹമാസ് പോലും 1967 നു ശേഷം പിടിച്ചെടുത്ത ഭാഗങ്ങളില്‍ നിന്നുമാത്രമാണ് ഇസ്രായേല്‍ പിന്‍മാറണമെന്നു പറയുന്നത്. എന്നാല്‍, ഇസ്രായേല്‍ ഇതുവരെ ഇതോ, അതോടൊപ്പം അഭയാര്‍ത്ഥികളായി മറ്റു രാഷ്ട്രങ്ങളില്‍ എത്തപ്പെട്ടിട്ടുള്ള പാലസ്തീന്‍ ജനതയുടെ മടങ്ങിവരാനുള്ള അവകാശവും അംഗീകരിച്ചിട്ടില്ല. ഇത്തരത്തില്‍ ഓരോ ഭൂപ്രദേശത്തിനുവേണ്ടിയുള്ള വ്യത്യസ്ത ലക്ഷ്യങ്ങളാണ് ഇന്നും ഈ പ്രശ്‌നത്തിന്റെ കാതലായി നിലനില്‍ക്കുന്നത്. സെയ്ദ് അഭിപ്രായപ്പെടുന്നത് ഇന്ന് ഈ രണ്ടു ജനവിഭാഗങ്ങളും ഭൂപ്രദേശപരമായി വളരെ അടുത്തും രാഷ്ട്രീയപരമായും സമൂഹ്യപരമായും വളരെ അകലത്തില്‍ കഴിയുന്നുവെന്നാണ്.
___________________________________ 

വിജയിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് സത്യം. അതുകൊണ്ടാണ് തങ്ങളുടെ ‘ഇരയാക്കപ്പെടലി’നെ രാഷ്ട്രീയമായി ഉപയോഗിച്ച് പാലസ്തീന്‍ ജനതയ്ക്കുമേല്‍ ആക്രമണവും അധിനിവേശവും നടത്തുമ്പോഴും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ക്ക് അതിനെ പിന്‍തുണയ്‌ക്കേണ്ടി വരുന്നത്. ഏകപക്ഷീയമായ ഇത്തരത്തിലുള്ള സാമ്രാജ്യത്വ പിന്‍തുണയാണ് ഇസ്രായേലിനെ അതിക്രമങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നത്. കൂടാതെ ഇതു പലപ്പോഴും അന്താരാഷ്ട്ര നിയമങ്ങളുടെ നിര്‍വഹണത്തെപ്പോലും തടയാന്‍ കാരണമാക്കിയിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ലോകത്തെ ‘തെമ്മാടി രാഷ്ട്ര’ (Rogne state) ങ്ങളുടെ പട്ടികയില്‍ ഇസ്രായേലിനേയും അവരുടെ പ്രധാന പിന്തുണ ശക്തിയായ അമേരിക്കയേയും ഉള്‍പ്പെടുത്തുന്നതില്‍ വൈരുദ്ധ്യങ്ങളില്ലായെന്ന് പറയാവുന്നതാണ്.

  • ഹമാസും ജൂലൈ ആക്രമണവും

മൂന്ന് ഇസ്രായേലി പൗരന്മാരുടെ മരണത്തെ തുടര്‍ന്നാണ് സൈനിക നടപടി ജൂലൈ 8 നു ആരംഭിച്ചത്. പാലസ്തീന്‍ ജനതയെ സംബന്ധിച്ചിടത്തോളം അധിനിവേശവും, കുടിയേറ്റവും പുതുതായുള്ള സംഗതികളല്ല. അതു മുന്‍പ് സൂചിപ്പിച്ചതുപോലെ വളരെ മുന്‍പ് മുതല്‍ക്കേ പാലസ്തീനില്‍ ആരംഭിച്ചതാണ്. ഇതിന്റെ ഫലമായി ഇന്ന് ഈ ജനത ഗാസയിലും, വെസ്റ്റ് ബാങ്കിലും, കിഴക്കന്‍ ജെറുസലേമിലുമായി മാത്രം ഒതുക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ അവര്‍ തമ്മിലുള്ള ബന്ധങ്ങള്‍പോലും ഇസ്രായേല്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഗാസയെപ്പറ്റി പറയുമ്പോള്‍ അത് ഇന്ന് ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഏകദേശം 5000 ത്തോളം വരുന്ന കുടിയേറ്റക്കാരാണ് 40 ശതമാനത്തിനു മുകളില്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്. ഏകദേശം 10 ലക്ഷത്തിലധികം വരുന്ന പാലസ്തീന്‍ ജനത 60 ശതമാനത്തില്‍ താഴെ വരുന്ന ഭൂമിയിലാണ് കഴിഞ്ഞുകൊണ്ടിരുന്നത്. വെസ്റ്റ് ബാങ്കിലെ അവസ്ഥയും വ്യത്യസ്തമല്ല. 90 ശതമാനത്തിനുമുകളില്‍ ഭൂമി കൈവശം വച്ചിരിക്കുന്നത് കുടിയേറ്റക്കാരാണ്.
ഇസ്രായേല്‍ ഔദ്യോഗികമായി ഹമാസിന്റെ തദ്ദേശിയ റോക്കറ്റ് ആക്രമണത്തെ നേരിടാനായി ‘സ്വയം രക്ഷാര്‍ത്ഥം’ ആണ് ആക്രമണം നടത്തുന്നതായാണ് പറയുന്നത്. എന്നാല്‍, ഹമാസ് റോക്കറ്റുകളുടെ പ്രഹരശേഷി വളരെ പരിമിതമാണെന്നത് അത് ഇസ്രായേലില്‍ ഉണ്ടാക്കിയിട്ടുള്ള വളരെ കുറച്ച് നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇവിടെ ഹമാസിനെ വളരെ മോശമായി ചിത്രീകരിക്കുന്ന വ്യവഹാരങ്ങളാണ് ഇസ്രായേലും പാശ്ചാത്യ രാഷ്ട്രങ്ങളും നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. അതായത്, വളരെ സ്വയരക്ഷാര്‍ത്ഥം മാത്രം ആക്രമണം നടത്തുന്ന ഇസ്രായേലും ഇസ്ലാമിക ഭീകരവാദികളായ ഹമാസും. ഇത്തരം വ്യവഹാരത്തില്‍ ഹമാസ് പ്രശ്‌നത്തിന്റെ കാരണഹേതുവായി മാറ്റപ്പെടുകയും എന്തുകൊണ്ട് റോക്കറ്റ് ആക്രമണം നടത്തുന്നുവെന്നുള്ള ചോദ്യം ബോധപൂര്‍വ്വം വ്യവഹാരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നു.
ഹമാസ് പാലസ്തീന്‍ പ്രതിരോധ പ്രസ്ഥാനങ്ങളില്‍ ഒന്നുമാത്രമാണ്. അപ്പോള്‍ എന്തുകൊണ്ട് ഹമാസിനെ ലക്ഷ്യം വച്ച് പാലസ്തീന്‍ ജനതയെ ഒന്നാകെ ആക്രമിക്കുന്നുവെന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇസ്രായേല്‍ എങ്ങനെ പാലസ്തീന്‍ ജനതയെ നോക്കി കാണുന്നു എന്നതിലേക്കാണ് ഇതിന്റെ ഉത്തരം വിരല്‍ചൂണ്ടുന്നത്. സയണിസ്റ്റ് ഇസ്രായേലി നയരൂപീകരണ വൃന്തങ്ങളില്‍ പാലസ്തീനെന്നു പറയുന്നത് തികച്ചും ഏകമുഖമായ ഒന്നാണ്. എന്നാല്‍ അത് തികച്ചും വ്യത്യസ്തകളും, ബഹുസ്വരതയുള്ളതുമാണെന്നാണ് വാസ്തവം. ഇറാനിയന്‍ ചിന്തകന്‍ ഹമീദ് ദബാഷിയുടെ അഭിപ്രായത്തില്‍ അത് മതപരമായും, രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും വ്യത്യസ്ത പുലര്‍ന്നവരുടെ ഒരു കൂട്ടമാണ്. അവരില്‍ ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും, നിരീശ്വരവാദികളും, ആഗ്നേയ വാദികളുമുണ്ട്. അവര്‍ ദേശീയ വാദികളും, സോഷ്യലിസ്റ്റുകളുമാണ്. അവരില്‍ നിന്നു നമുക്ക് മതേതരവാദികളേയും, ഇസ്‌ളാമിസ്റ്റുകളെയും, ഇസ്ലാമികാനന്തര വാദികളേയും (Post- Islamists), മതേതരാനന്തരവാദികളേയും (Post – secularists) ഒക്കെ കാണാന്‍ കഴിയും. ഇത്തരത്തിലുള്ള ജനതയുടെ വ്യത്യസ്തതകള്‍ പാലസ്തീന്‍ പ്രതിരോധത്തിന്റെ ഭാഗമായിരുന്ന കവി മഹമ്മൂദ് ദാര്‍വിഷിലും, നോവലിസ്റ്റ് ഗസ്സാന്‍ ഖനഫാനിയിലും, സിനിമ പ്രവര്‍ത്തകന്‍ മൈക്കിള്‍ ഖലെഫിയിലും, ആര്‍ട്ടിസ്റ്റായ മോനാഹാത്തുമിലും, ഫെമിനിസ്റ്റായ ലൈലാ അബു ലുഹുദിലും നമുക്കു കാണാന്‍ കഴിയും.
ഇത്തരത്തിലുള്ള ബഹുസ്വരതയെ ഒന്നാകെയാണ് ഇസ്രായേല്‍ കേവലം ഹമാസിലേക്ക് മാത്രം ചുരുക്കിക്കൊണ്ട് ആ ജനതയെ ഒന്നാകെ ആക്രമണത്തിനു വിധേയമാക്കിയിരിക്കുന്നത്. പാലസ്തീന്‍ ജനത ഒന്നാകെ ഹമാസിനെ അനുകൂലിക്കുകയോ അതിന്റെ നയപരിപാടികള്‍ പിന്‍പറ്റുന്നവരോ അല്ലായെന്ന സത്യമാണ് ഇവിടെ മൂടിവയ്ക്കപ്പെടുന്നത്. ഇവിടെ സയണിസ്റ്റ് വ്യവഹാരത്തില്‍ ഓരോ പാലസ്തീനിയും അതു പുരുഷനോ, സ്ത്രീയോ, കുട്ടിയോ, പ്രായമുള്ളവരോ ആരുമാകട്ടെ അവര്‍ പ്രതിനിധാനം ചെയ്യുന്നത് ഹമാസിനെ മാത്രമാണ്. അതുകൊണ്ടാണ് ഇത് എഴുതുമ്പോള്‍ 2000 – ല്‍ എത്തിനില്‍ക്കുന്ന പാലസ്തീന്‍ മരണസംഖ്യയില്‍ ഭൂരിപക്ഷവും നിരവധികളായ സ്ത്രീകളോ, കുട്ടികളോ ആയിരിക്കുന്നത്. പ്രശ്‌നത്തില്‍ പാശ്ചാത്യമാധ്യമങ്ങള്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ കടുത്ത പക്ഷാപാതപരമായ നിലപാടാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. അവര്‍ ചെറിയ തോതില്‍ മാത്രം സംഭവിച്ച ഇസ്രായേലി നാശനഷ്ടങ്ങള്‍ പൊലിപ്പിച്ച് പറയുകയും അതുമായി ബന്ധിപ്പിച്ചു മാത്രമാണ് പാലസ്തീന്‍ നഷ്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുകൊണ്ടായിരിക്കുന്നതും. ഇതില്‍ പ്രധാനപ്പെട്ട കാര്യമെന്നത് ഹമീദ് ദബാഷി പറയുന്നതുപോലെ ഇവര്‍ രണ്ടുപേരും നേരിടുന്ന വെല്ലുവിളികളും നാശനഷ്ടങ്ങളും ഒരു കാരണവശാലും സമാനതകളുള്ളവയല്ലന്നുള്ളതാണ്. എങ്കില്‍ത്തന്നെയും ഇസ്രായേല്‍ എന്നും ‘ഭീകരവാദത്തിന്റെ ഇര’ എന്ന തരത്തിലാണ് മാധ്യമ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞകുറെ വര്‍ഷങ്ങളായി ഇസ്രായേല്‍ അനിധിവേശത്തിനെതിരെ ഹമാസ് നടത്തുന്ന പ്രതിരോധമാണ് ഹമാസിനെ ആക്രമണവിധേയമാക്കാന്‍ പ്രേരിപ്പിച്ച സംഗതി. ഇസ്രായേല്‍ പോരാട്ടവീരം കുറഞ്ഞ പി. എല്‍. ഒ. നേതൃത്വത്തിനെ അപേക്ഷിച്ച് ഇവരെ തികച്ചും അപകടകാരികളായാണ് കാണുന്നത്. ഇവിടെ പാലസ്തീന്‍ ഭാഗത്തുനോക്കുമ്പോള്‍ വളരെ അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നതുകൊണ്ടുതന്നെ ഹമാസിനെ അപേക്ഷിച്ച് പി. എല്‍. ഒ. വളരെ ദുര്‍ബലമായ അവസ്ഥയിലായതും പ്രതിരോധ നേതൃത്വത്തിന്റെ കേന്ദ്രം ഹമാസിലേക്കുവരാന്‍ കാരണമാക്കിയിട്ടുണ്ട്. സമാധാനം നിലനിലനിന്നാല്‍ അധിനിവേശങ്ങള്‍ സാദ്ധ്യമാകാതെ വരുമെന്നതുകൊണ്ട് തീവ്രവാദത്തെക്കാള്‍ ഹമാസുമായുള്ള വെടിനിര്‍ത്തലാണ് ഇസ്രായേലിനെ ഭയപ്പെടുത്തുന്നതെന്ന മര്‍വന്‍ ബിഷാറയുടെ അഭിപ്രായം ഇവിടെ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇതു സാഷ്യപ്പെടുത്തുന്നതാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഹമാസിനെ ലക്ഷ്യമിടാനെന്ന പേരില്‍ പാലസ്തീന്‍ ജനതയ്ക്കുമേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും അധിനിവേശങ്ങളും.
ലോകശ്രദ്ധ ഇറാഖ്, ഉക്രയിന്‍ പ്രശ്‌നങ്ങളില്‍ കേന്ദ്രീകരിക്കുകയും, അറബ് ലോകം സിറിയ, ഈജിപ്ത്, ലിബിയ, ലബനോണ്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ‘അറബ് വസന്ത’ത്തിനുശേഷമുള്ള ഏറ്റവും ദുര്‍ഘടമായ അവസ്ഥയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന സമയത്തും, അതോടൊപ്പം അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഫത്ഹും, ഹമാസും ചേര്‍ന്ന് ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഇത്തരമൊരു അക്രമണവുമായി ഇസ്രായേല്‍ രംഗത്ത് വന്നത് വളരെ ബോധപൂര്‍വ്വമാണെന്നതില്‍ തെല്ലും സംശയമുള്ള കാര്യമല്ല. അറബ് – മുസ്ലീം ലോകത്തെ ചില സംഭവവികാസങ്ങള്‍ ഹമാസിനെ തെല്ലൊന്നു ക്ഷയിപ്പിച്ചിട്ടുണ്ടെന്ന വസ്തുതയേയും ഇസ്രായല്‍ ആക്രമണത്തിന്റെ കാരണമായി കാണാവുന്നതാണ്.
ഈ ആക്രമണം മറ്റ് ഏതൊന്നിനെപ്പോലെതന്നെ പാലസ്തീന്‍ ജനതയുടെ നാശനഷ്ടങ്ങള്‍ വര്‍ദ്ധിപ്പിച്ചെങ്കിലും അതിനെ രാഷ്ട്രീയ പരമായോ – തന്ത്രപരമായോ ഒരു വിജയമാക്കാന്‍ ഇസ്രായേലിനു സാധിക്കുന്നില്ല എന്നതാണിതിലെ ഏറ്റവും പ്രധാന സംഗതി.മുന്‍ ആക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്രായേല്‍ സൈനികരുടെ ജീവഹാനി, പാലസ്തീനെ അപേക്ഷിച്ച് വളരെ കുറവാണെങ്കില്‍ കൂടിയും, പാലസ്തീന്‍ പ്രതിരോധത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചതായും കാണിക്കുന്നുമുണ്ട്. ഇപ്പോള്‍ ഗാസയ്ക്കുമേല്‍ നടത്തിയ ആക്രമണങ്ങള്‍ ‘മാനവികതയ്‌ക്കെതിരെയുള്ള യുദ്ധം’ (War against humanity) ആണെന്നതില്‍ സംശയമില്ലാത്ത കാര്യമാണ്. ഇത്തരം സാഹസങ്ങളിലേക്ക് ഇസ്രായേലിനെ നിര്‍ബന്ധിക്കുന്നത് പ്രധാനമായും തങ്ങള്‍ക്ക് മാത്രം അനുകൂലമായ രീതിയില്‍ ഒരു സമാധാന കരാറിലേക്ക്, അതായത് താങ്കള്‍ക്ക് യഥേഷ്ടം കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്ന തരത്തിലുള്ളത്, പാലസ്തീന്‍ നേതൃത്വത്തെ എത്തിക്കുകയെന്നുള്ളതാണ്. എന്നാല്‍ ഇസ്രായേല്‍ ധരിക്കുന്ന തരത്തിലുള്ള സമാധാനം, അതായത് അവര്‍ക്കു മാത്രം അനുകൂലമായത്, ഒരു തരത്തിലും ഈ ഭൂപ്രദേശത്ത് സാദ്ധ്യമല്ലായെന്നത് വളരെ വ്യക്തമായ സത്യമാണ്. അതുകൊണ്ടുതന്നെ ചരിത്രപരമായ അനുഭവങ്ങളേയും സമാനതകളേയും അനുകൂല ഘടകമാക്കി പാലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശ (self – determination)ത്തെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു ശാശ്വത പ്രശ്‌ന പരിഹാരം കാണേണ്ടതു കാലഘട്ടത്തിന്റെ കൂടി ആവശ്യകതയാണ്. അതിനായി ലോകരാഷ്ട്രങ്ങളും, ഐക്യരാഷ്ട്ര സംഘടനയും മുന്നിട്ടിറങ്ങിയില്ലെങ്കില്‍, സെയ്ദ് പറഞ്ഞതുപോലെ പാലസ്തീന്‍ 21 -ാം നൂറ്റാണ്ടിലെ ‘ദക്ഷിണാഫ്രിക്കന്‍ വര്‍ണ്ണവിവേചന’മായി ലോകമനസാക്ഷിക്കു മുന്‍പില്‍ നിലനില്‍ക്കും.

 

ലേഖകൻ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പോളിറ്റിക്‌സ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്നു.

Top