നോ ഫൂളാക്കിങ്ങ് മിസ്റ്റര്‍ ദിലീപ്; ഗൗതമ ബുദ്ധന്‍ ആരെന്നറിയുക

ബുദ്ധനെ ദൈവമായും ഗുരുവായും രക്ഷകനായും ഒക്കൊ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജനകോടികള്‍ ആരാധിക്കുകയും ബഹുമാനിക്കു കയും ചെയ്യുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യവും മികച്ച അഭിനേതാവ് കൂടിയായ ഈ ജനപ്രിയ നായകന്‍ തിരിച്ചറിയേണ്ടതായിരുന്നു. വെറുതെ വിഡ്ഢി വേഷം കെട്ടി ഐഡിയ പരസ്യത്തില്‍ പറയും പോലെ ജനങ്ങളെ ഫൂളാക്കേണ്ടിയിരുന്നില്ല.

നിരീക്ഷണം
______________
ജനപ്രിയ നായകന്‍ ദിലീപ് കഴിഞ്ഞ ദിവസം തന്റെ ഫേസ് ബുക്ക് പോസ്റ്റിലിട്ട തുറന്ന കത്ത് സര്‍വ്വമാധ്യമങ്ങളും ഏറ്റ് പിടിക്കാന്‍ മടിച്ചില്ല. മഹാബലി തമ്പുരാന് ഒരു തുറന്ന കത്ത് എന്ന മട്ടില്‍ ദിലീപ് നല്‍കിയ പോസ്റ്റിലെ മുഖ്യ പരാമര്‍ശം തന്നെ പലരും ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു. ‘അങ്ങയുടെ നന്മ നിറഞ്ഞ ഭരണത്തില്‍ അസൂയാലുക്കളായവര്‍ വാമനനെ അയച്ച് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതെങ്കില്‍ എന്റെ സിനിമയുടെ വിജയത്തിലും ജനസമ്മതിയിലും അസൂയ പുണ്ട ദോഷൈകദൃക്കുകളായ ചില അഭിനവ വാമനന്മാര്‍ കൂട്ടം ചേര്‍ന്ന് കുറേ നാളുകളായി തന്നെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുകയാണെ’ന്നായിരുന്നു പ്രധാന ആരോപണം. പ്രത്യേകിച്ചും തന്റെ പുതിയ സിനിമയുടെ റിലീസിങ്ങിന്റെ സമയത്താണിതെന്നത് ശ്രദ്ധേയമാണിതെന്ന നിരീക്ഷണവും അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്. എന്ത് നുണക്കഥകള്‍ ആര് പ്രചരിപ്പിച്ചാലും അതില്‍ സത്യമില്ലെന്ന് ഒടേ തമ്പുരാന് മാത്രമല്ല, ഇപ്പോള്‍ ജനങ്ങള്‍ക്കും അറിയാമെന്ന ഉറപ്പും ദിലീപ് നിരത്തുന്നുണ്ട്. എന്നിരുന്നാലും ബാല്യം വിടാത്ത തന്റെ മകള്‍ മീനാക്ഷിയുടെ മനസ്സിനെ വേദനിപ്പിക്കും എന്നതിനാല്‍ ഇത്തരം നുണയമ്പുകള്‍ എറിയരുതെന്ന് പിതാവ് എന്ന നിലയില്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ ഇരുവരും സ്വമനസ്സാലെ എടുത്ത തീരുമാനം കഴിഞ്ഞ കുറച്ച് നാളുകളായി മാധ്യമങ്ങളില്‍ നിറഞ്ഞ്‌നിന്ന വാര്‍ത്തയായിരുന്നു. വിവാഹിതയായി അഭിനയ രംഗം വിട്ടത് മുതല്‍ മഞ്ജു അവരുടെ പ്രതിഭ നശിപ്പിക്കുന്നൂവെന്നതില്‍ മാധ്യമങ്ങള്‍ക്ക് കലശലായ വിഷമമായിരുന്നു. ദാമ്പത്യബന്ധം തുടര്‍ന്നാലും തുടര്‍ന്നില്ലെങ്കിലും തങ്ങളുടെ വായനക്കാരെ അല്ലെങ്കില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഇരുവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് കഴിയുമെന്ന് മാധ്യമസ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്ക് കൃത്യമായ ബോധ്യമുണ്ട്. തങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളും സ്വീകരിക്കുമെന്ന് ദിലീപിനും മഞ്ജുവിനും നന്നായി അറിയാം.
തന്റെ ഓണച്ചിത്രത്തിന് മുമ്പായി ദിലീപ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ കുറിച്ച് ആമുഖമായി ഇത്രയും പറഞ്ഞ് വെച്ചത് ബോധപൂര്‍വ്വം തന്നെയാണ്. ദിലീപിന്റെ കഠിനാധ്വാനത്തേയും അര്‍പ്പണ ബോധത്തേയും ഒരു തരത്തിലും കുറച്ച് കാണിക്കാന്‍ ആരു വിചാരിച്ചാലും കഴിയുകയില്ല.താന്‍ സ്വീകരിക്കുന്ന വ്യത്യസ്തങ്ങളായ വേഷങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ ഉലക നായകന്‍ കമല്‍ ഹാസന്‍ കാണിക്കുന്ന അത്ര തന്നെ കഷ്ടപ്പാടുകള്‍ ദിലീപും സഹിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ തെറ്റില്ല. ബുദ്ധി മാന്ദ്യമുള്ളയാളും കൂനനും മാത്രമല്ല പെണ്ണായും ആണുംപെണ്ണും കെട്ടവനായും ഒക്കൊ ദിലീപ് എന്ന നടന്‍ തകര്‍ത്ത് അഭിനയിക്കുമെന്ന കാര്യത്തിലും സംശയമില്ല. തന്റെ ബലഹീനതകളെ പ്ലസ് ആക്കാന്‍ നടനും സംവിധായകനുമായ ശ്രീനിവാസന്‍ കാണിക്കുന്ന ചാതുര്യം ഒരു പക്ഷേ ദിലീപിനുമുണ്ട്. കാക്കിചട്ടൈ എന്ന പഴയ തമിഴ് ചിത്രത്തില്‍ ഉയരക്കുറവ് മൂലം പോലീസ ്‌സേനയില്‍ ചേരാന്‍ സാധിക്കാത്ത നായകനെ കമല്‍ അവതരിപ്പിക്കുന്നുണ്ട്. ‘സി.ഐ.ഡി.മൂസ’എന്ന എത്ര കണ്ടാലും മതി വരില്ലാത്ത സൂപ്പര്‍ കോമഡി ചിത്രത്തില്‍ ഉയരമില്ലാത്തതിനാല്‍ പോലീസില്‍ ചേരാന്‍ സാധിക്കാത്ത മൂലംകുഴിയില്‍ സഹദേവന്‍ എന്ന നായക കഥാ പാത്രത്തെ ദിലീപ് എന്ന പഴയ ഗോപാലകൃഷ്ണന്‍ നായര്‍ ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചതും അത് പോലെ തന്നെയാണ്.
എല്ലാ വേനല്‍ക്കാല അവധിക്കും ഓണത്തിനും കുട്ടികളേയും കുട്ടികളുടെ മനസ്സുള്ള മുതിര്‍ന്നവരേയും കുടുകുടെ ചിരിപ്പിക്കാന്‍ ദിലീപ് തയ്യാറാണ്. നാദിര്‍ഷാ ഉള്‍പ്പെടുന്ന കൂട്ടുകാരുമായി ചേര്‍ന്ന് മുടങ്ങാതെ എല്ലാ ഓണത്തിനും ‘ഓണത്തിനിടക്ക് പൂട്ട് കച്ചവടം’ എന്ന പേരില്‍ പാരഡി ഗാനങ്ങളും മിമിക്രിയുമൊക്കെയായി കാസറ്റും സീഡിയുമിറക്കി വളരെമുമ്പ് തന്നെ ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയയാളുമാണ് ദിലീപ്. അതിന്റെ സ്മരണക്കായിട്ടാണ് എറണാകുളത്ത് ‘ദേ പുട്ട്’ എന്ന പേരില്‍ പുട്ട് മുഖ്യവിഭവമായി ഒരു റസ്റ്ററന്റും ദിലീപിന്റേതായി തുടങ്ങിയിട്ടുമുണ്ട്. അങ്ങനെ യൊക്കൊ മലയാളികളെ തന്നാലാകും വിധം സഹായിക്കാനായി കച്ചകെട്ടിയിറങ്ങിയ ദിലീപ് ഇക്കുറി ‘വില്ലാളി വീരനെ’ന്ന പടവുമായിട്ടാണ് ഓണത്തിന് മലയാളി പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്.

______________________________
മറ്റൊരു പ്രധാന കാര്യം ദിലീപും സംവിധായകന്‍ സുധീഷും മനസ്സിലാക്കേണ്ടതുണ്ട്. കസാന്‍ദ് സാക്കിസിന്റെ ‘ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റും’ സല്‍മാന്‍ റുഷ്ദിയുടെ ‘സത്താനിക് വേഴ്‌സസും’ യഥാക്രമം ക്രൈസ്തവ – ഇസ്ലാമിക സമൂഹത്തില്‍ സൃഷ്ടിച്ച പ്രതിഷേധത്തെ കുറിച്ചും സാമാന്യ ധാരണ ഇത്തരം അബദ്ധങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടും മുമ്പേ അറിയുകയും ആലോചിക്കുകയും വേണം. അഥവാ ഇനി ബുദ്ധ വിശ്വാസികള്‍ അഹിംസാ വാദികള്‍ ആണെന്ന ധൈര്യത്തിലാണ് അങ്ങനെയൊക്കൊ ചെയ്യുന്നതെങ്കില്‍ പണ്ട് യേശുദേവന്‍ പറഞ്ഞതേ പറയാനുള്ളൂ. ‘ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല’.
______________________________ 

സംവിധായകന്‍ എന്ന് പോസ്റ്ററില്‍ സുധീഷ് ശങ്കര്‍ എന്നൊരു പേര് കാണുന്നുണ്ടെങ്കിലും ജനപ്രിയ നായകന്‍ ഇന്‍ ആന്റ് ആസ് വില്ലാളിവീരന്‍ എന്ന് പ്രത്യേകിച്ച് പറയുന്നതിനാല്‍ ചിത്രത്തിന്റെ സകല ഉത്തരവാദിത്തവും ദിലീപിന് മാത്രമാണ്. അക്കാരണത്താല്‍ വിജയത്തിന്റെ ‘ക്രെഡിറ്റ്’ മാത്രമല്ല എന്തെങ്കിലും കുറ്റവും കുറവും സംഭവിച്ചാലും ഉത്തരവാദിത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനുമാകില്ല. തന്നെയുമല്ല സിനിമയുടെ തിരക്കഥയും താരങ്ങളേയും നിശ്ചയിക്കുന്നതും വരെ നായകരാ ണല്ലോ? പ്രത്യേകിച്ചും സൂപ്പര്‍ സ്റ്റാറുകള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാത്തിടത്തോളം മറിച്ച് ചിന്തിക്കാന്‍ യാതൊരു സാധ്യതയുമില്ല.
കാര്യത്തിലേക്ക് കടക്കാം.ബുദ്ധനെ അവഹേളിക്കുന്ന ഗാനരംഗം ഉള്‍പ്പെടുത്തിയ മലയാള സിനിമക്കെതിരെ ബുദ്ധിസ്റ്റ് സംഘടനകള്‍ രംഗത്ത് വന്ന വാര്‍ത്തയാണ് ഈ ലേഖനത്തിലേക്ക് നയിച്ചത്. ദിലീപ് ചിത്രമായ ‘വില്ലാളി വീര’നിലെ ഗാനരംഗത്തില്‍ ലോകം മുഴുവന്‍ ആദരിക്കുന്ന ശ്രീ ബുദ്ധനെ സ്ത്രീയുടെ പ്രലോഭനങ്ങളില്‍ വീഴുന്നയാളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ബുദ്ധനെ മാത്രമല്ല സംഘത്തേയും ധര്‍മത്തേയും അപമാനിക്കുന്നതാണ് ചിത്രമെന്നാണ് പരാതി. ബുദ്ധധര്‍മം പ്രചരിപ്പിക്കുന്നതിനായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള മഹാബോധി മിഷന്‍, കേരള ബൗദ്ധ മഹാസഭ, ത്രിരത്‌ന ബുദ്ധധര്‍മസംഘം എന്നിവരുള്‍പ്പെടുന്നവര്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കാനാണ് തീരുമാനം.
‘ബുദ്ധം ശരണം ഗഛാമി’ എന്ന മന്ത്രോച്ചാരണത്തോടെ ബുദ്ധ പ്രതിമയെ കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ഗാനത്തില്‍ ആല്‍മരത്തിന് ചുവട്ടില്‍ ധ്യാനത്തിലിരിക്കുന്ന ബുദ്ധനെ പോലെ ജഡയും മേല്‍വസ്ത്രവുമുള്ളയാളുടെ മുന്നിലേക്ക് വിചിത്രരൂപമുള്ള ജീവികള്‍ നായികയെ പല്ലക്കില്‍ ചുമന്നു കൊണ്ട് വരുന്നു. നായികയുടെ നൃത്തച്ചുവടുകള്‍ തുടരുമ്പോള്‍ ബുദ്ധന്റെ പ്രതിരൂപമുള്ള പുരുഷന്‍ പതിയെ ഇടം കണ്ണിട്ട് നോക്കുന്നു. തുടര്‍ന്ന് ഗ്രാഫിക്‌സിന്റെ സഹായത്താല്‍ ഇയാള്‍ നായകനായ ദിലീപിന്റെ രൂപം പ്രാപിക്കുന്നു. പിന്നീട് ഇരുവരും ആഭാസകരമായ നൃത്തത്തില്‍ ഏര്‍പ്പെടുന്നു. ഗാനത്തിലെ വിവാദ രംഗങ്ങള്‍ ഇങ്ങനെ പോകുന്നു. ശേഷമാകട്ടെ രംഗത്തില്‍ വരുന്നത് ബുദ്ധ ഭിക്ഷു ക്കളും സന്യാസിമാരുമാണ്. സാഞ്ചിസ്തൂപവും ആല്‍മരങ്ങളുമുള്‍പ്പെടെ ബുദ്ധമതത്തിന്റെ സിമ്പലുകള്‍ നിറച്ച പ്രത്യേക സെറ്റാണ് ഗാനചിത്രീകരണത്തിനായി തയാറാക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. തിബറ്റന്‍ ബുദ്ധമതക്കാര്‍ ബുദ്ധക്ഷേത്രങ്ങളിലും മൊണാസ്ട്രികളിലും ഉപയോഗിക്കുന്ന വാദ്യോ പകരണമായ ഡ്രമ്മും പശ്ചാത്തലത്തിലുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട പഗോഡ രൂപമുള്ള കെട്ടിടങ്ങളുണ്ട്. ദിലീപിന്റേയും നായിക നമിത പ്രമോദിന്റേയും വസ്ത്രധാരണം ബുദ്ധമത സ്വാധീനമേറെയുള്ള ജപ്പാനിലേതിനെ അനുസ്മരിപ്പിക്കുന്നു. ജപ്പാന്‍ വനിതകള്‍ ഉപയോഗിക്കുന്ന വിശറിയടക്കമുള്ള മറ്റ് പ്രതീകങ്ങളും യഥേഷ്ടം ഉപയോഗിച്ചിട്ടുമുണ്ട്.
ചിത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാനൊരുങ്ങുക യാണ് ബുദ്ധിസ്റ്റ് സംഘടനകള്‍. മുഖ്യമന്ത്രിക്കും സിനിമ-സാംസ്‌കാരിക മന്ത്രിക്കും ഇതുസംബന്ധിച്ച് നിവേദനം നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ കോടതിയേയും സമീപിക്കും. ദിലീപ് ഉള്‍പ്പെടുന്ന താര ങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റും പാര്‍ലമെന്റംഗവുമായ ഇന്നസെന്റിനെയും ബുദ്ധിസ്റ്റ് സംഘടനകള്‍ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും എന്നറിയുന്നു.
സോഷ്യല്‍ നെറ്റ്‌വര്‍ക് സൈറ്റുകളുടേയും ബ്ലോഗുകളുടേയും സഹായത്തോടെ വിഷയത്തിന്റെ ഗൗരവം ലോകശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് മഹാബോധി മിഷന്‍ സംസ്ഥാന ചെയര്‍മാന്‍ എന്‍. ഹരിദാസ് ബോധ് വ്യക്തമാക്കി. കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങുന്നതല്ല ഈ വിഷയം. ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികളായ ജനകോടികളുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നതാണ് സിനിമയില്‍ നടന്നത്. ഇതിന്റെ ഗൗരവം ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തീര്‍ച്ചയായും മനസ്സിലാക്കണം. തീര്‍ത്തും അഹിംസാവാദി കളാണ് ബുദ്ധമതാനുയായി കളെന്ന കാര്യം അവര്‍ തിരിച്ചറിയണം. ബുദ്ധമതത്തിന്റെ അടിസ്ഥാന മായ ഈ നിലപാടിനെ ഒരു തരത്തിലും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടരുതെന്നും തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
വളരെ കൃത്യമായ അജണ്ടയുടെ ഭാഗമായിട്ടാണ് ബുദ്ധനെ അവഹേളിക്കുന്ന ദൃശ്യങ്ങള്‍ സിനിമയില്‍ വന്നതെന്ന് ബുദ്ധിസ്റ്റുകള്‍ കരുതുന്നു. അത് അബദ്ധമോ ആകസ്മികമായി സംഭവിച്ചതോ അല്ല. കരുതിക്കൂട്ടി തന്നെയുള്ളതാണ്. ലോകമെമ്പാടും അധാര്‍മികത നിറഞ്ഞ കാലഘട്ടത്തില്‍ ആരും നിര്‍ബന്ധിക്കാതെ മനുഷ്യര്‍ ശാന്തിയുടേയും സമാധാനത്തിന്‍േറയും അനിവാര്യത ബോധ്യപ്പെട്ട് ബുദ്ധ ദര്‍ശനങ്ങളെ സ്വാഭാവികമായും അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ വിളറിപിടിക്കുന്നവരാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. പുതിയ തലമുറക്കിടയില്‍ ലോകഗുരുവായ ബുദ്ധനെ കുറിച്ച് തെറ്റായ ധാരണകള്‍ പരത്താനും ബുദ്ധ ദര്‍ശനങ്ങളെ വികലമായി ചിത്രീകരിക്കാനു മാണ് ‘വില്ലാളിവീരനി’ല്‍ ശ്രമിച്ചിരിക്കുന്നത് ഹരിദാസ് ബോധ് കുറ്റപ്പെടുത്തി.

_____________________________
ചിത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാനൊരുങ്ങുക യാണ് ബുദ്ധിസ്റ്റ് സംഘടനകള്‍. മുഖ്യമന്ത്രിക്കും സിനിമ-സാംസ്‌കാരിക മന്ത്രിക്കും ഇതുസംബന്ധിച്ച് നിവേദനം നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ കോടതിയേയും സമീപിക്കും. ദിലീപ് ഉള്‍പ്പെടുന്ന താര ങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റും പാര്‍ലമെന്റംഗവുമായ ഇന്നസെന്റിനെയും ബുദ്ധിസ്റ്റ് സംഘടനകള്‍ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും എന്നറിയുന്നു. 
_____________________________ 

ബുദ്ധിസ്റ്റുകള്‍ സൂചിപ്പിച്ച കാര്യങ്ങള്‍ വെറും സംശയങ്ങള്‍ അല്ലെന്നതിന്റെ മറ്റ് ചില തെളിവുകളും വെളിയില്‍ വരുന്നു. ‘ബുദ്ധേട്ടന്‍’ എന്ന പേരില്‍ ആലപ്പുഴ കേന്ദ്രമാക്കി അണിയറ പ്രവര്‍ ത്തനങ്ങള്‍ പുരോഗമിക്കുന്ന മറ്റൊരു ദിലീപ് ചിത്രവും സംശയങ്ങള്‍ ഉയര്‍ത്തുന്നു. പേരില്‍ തന്നെ അവഹേളനപരമായ പരാമാര്‍ശമടങ്ങിയ പശ്ചാത്തലത്തില്‍ ബുദ്ധമതപ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നേരില്‍ കണ്ട് തങ്ങളുടെ അതൃപ്തി അറിയിച്ചു. ബുദ്ധമതത്തെ കുറിച്ചോ ബുദ്ധനെ കുറിച്ചോ സാമാന്യധാരണ പോലുമില്ലാത്ത വരാണ് അവരെ അവര്‍ സംഘത്തിലുണ്ടായിരുന്ന ബൗദ്ധ മഹാസഭാ പ്രതിനിധി ഉണ്ണികൃഷ്ണന്‍ തകഴി പറയുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ ബുദ്ധമതം അപ്രായോഗികമാണെന്നും കാലഘട്ടത്തിന് അനുയോജ്യമല്ലാത്ത ഒന്നാണെന്നും ആവര്‍ത്തിക്കുന്ന വൈദികമതത്തിന്റെ വക്താക്കളായ ചിലര്‍ ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയം ഇതിേനാടകം ബലപ്പെട്ടിട്ടുണ്ട്. ഇതിനിടെ ബുദ്ധമതത്തിന്റെ പശ്ചാത്തലത്തില്‍ മികച്ച ചലച്ചി്രത സൃഷ്ടികളും പിറവിയെടുക്കുന്നുന്നെ കാര്യം കാണാതിരുന്ന് കൂടാ. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയെ ആധാരമാക്കി നാടക പ്രവര്‍ത്തക നായ ജി.അജയന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ബോധി’ എന്ന പേരില്‍ ചലച്ചിത്രം സംവിധാനം ചെയ്തിരുന്നു. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയനായ സംവിധായകനായ ആര്‍.ശരത്തിന്റെ പുതിയ ചിത്രമായ ‘ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു’ റിലീസിങ്ങിനായി ഒരുങ്ങുന്നു. ശരത്തിന്റെ ആദ്യചിത്രമായ ‘സായാഹ്ന’ത്തില്‍ കൈകാര്യം ചെയ്തിരിക്കുന്ന മുഖ്യപ്രമേയമായ ആണവ വിസ്‌ഫോടനത്തെ ബുദ്ധന്റെ അഹിംസയുടെ പശ്ചാത്തലത്തിലാണ് സമീപിച്ചിരിക്കുന്നത്. 2001 ല്‍ മ്യൂണിക്ക് ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് സംസ്ഥാന-ദേശീയ അവാര്‍ഡുകളും ലഭിക്കുകയുണ്ടായി. 2011 ല്‍ ശരത്ത് തന്നെ ഹിന്ദിയില്‍ സംവിധാനം ചെയ്ത ‘ഡിസയര്‍-എ ജേര്‍ണി ഓഫ് എ വിമന്‍’ എന്ന ചിത്രത്തിലെ മുഖ്യ പ്രമേയമാകട്ടെ ബുദ്ധന്‍ മാനവരാശിക്ക് മുന്നില്‍ വെച്ച ‘ആശയാണ് സര്‍വ്വ ദുഃഖത്തിനും കാരണ’മെന്ന തത്വത്തിലൂന്നിയാണ്. ഹിമാലയത്തിലെ മഞ്ഞ് പാളികള്‍ക്കിടയില്‍ അകപ്പെട്ട ഇഹലോകം വെടിഞ്ഞ അനുഗൃഹീത നര്‍ത്തകിയും അഭിനേത്രിയു മായിരുന്നു പ്രൊതിമ ബേഡിയായിരുന്നു ചിത്രത്തിലെ നായിക. ഇന്‍ഡോ – ചൈനീസ് സംയുക്ത സംരഭമായി നിര്‍മ്മിച്ച ‘ഡിസൈര്‍’ ജനീവ ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി തെരെഞ്ഞെടുക്ക പ്പെടുകയുമുണ്ടായി.
ആഗോളതലത്തില്‍ ശ്രീബുദ്ധന്റെ ദര്‍ശനങ്ങളെ അധീകരിച്ച് ഒട്ടനവധി ചിത്രങ്ങള്‍ നിര്‍മ്മിക്ക പ്പെട്ടിട്ടുണ്ട്. ഇപ്പോഴും നിരവധി സിനിമകള്‍ വന്ന് കൊണ്ടിരിക്കുന്നുമുണ്ട്. അത്തരത്തില്‍ ലോകത്തില്‍ ബുദ്ധതത്വങ്ങള്‍ വീണ്ടും സ്വീകരിക്കപ്പെടുകയാണ്.ഒരിക്കല്‍ ബുദ്ധ മതത്തെ ആയുധം കൊണ്ടും കുടില തന്ത്രങ്ങളിലൂടെയും നശിപ്പിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് ആ ദര്‍ശനങ്ങളുടെ ശക്തമായ തിരിച്ചു വരവ്. അത് കൊണ്ട് തന്നെയാണ് ബുദ്ധമതത്തിന്റെ ശത്രുക്കളെ തിരയുമ്പോള്‍ ചിലരെ അറിയാതെ സംശയിച്ച് പോകുന്നത്. സൂര്യന് നേരെ മുറം പിടിക്കുന്നതിലപ്പുറം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകമായ ഗുണമില്ലെന്ന് അവര്‍ തിരിച്ചറിയുന്നില്ല. അവരുടെ കൈകളില്‍ പാവയായി അധഃപതിക്കുകയാണ് താനെന്ന് ദിലീപ് അറിയുന്നില്ലെന്നതാണ് വാസ്തവം.
ദിലീപ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് തന്റെ ചിത്രത്തിന്റെ പ്രചരണം മുന്‍ നിര്‍ത്തി തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം അതില്‍ തന്റെ മകളുടെ മനസ്സിനെ നോവിപ്പിക്കരുത് എന്ന അഭ്യര്‍ത്ഥന പിതാവ് എന്ന നിലയില്‍ അതില്‍ മുന്നോട്ട് വെക്കാനും അദ്ദേഹം മറക്കുന്നില്ല. അങ്ങനെ താന്‍ മറ്റെന്തിനേക്കാളും വില മതിക്കുന്ന മകളുടെ മനസ്സിലെങ്കിലും തെറ്റായ വിവരം കടന്ന് ചെല്ലാതിരിക്കാന്‍ ദിലീപ് ശ്രദ്ധിക്കേണ്ടതായിരുന്നു. വിശ്വാമിത്ര മഹര്‍ഷിയുടെ തപസ്സിളക്കാന്‍ ഇന്ദ്ര സഭയിലെ അപ്‌സരസായ മേനക നൃത്തമാടിയെന്ന പണ്ട് മുതല്‍ക്കേ കേട്ട് തഴമ്പിച്ചിട്ടുള്ള പുരാണ ങ്ങളിലെ പരാമര്‍ശത്തിനാണ് വില്ലാളി വീരനില്‍ പാഠഭേദം ചമക്കാന്‍ സംവിധായകന്‍ ധൈര്യപ്പെട്ടത്. പണ്ട് ‘മുന്താണെ മുടിച്ച്’ എന്ന തമിഴ് ചിത്രത്തില്‍ നായകനായി നടിച്ച സംവിധായകന്‍ ഭാഗ്യരാജ് കണ്ണ് തുറക്കണം സാമി എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ ചിത്രീകരണത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അന്ന് മേനകയായി അഭിനയിച്ചത് മലയാളത്തിന്റെ സ്വന്തം ഉര്‍വശിയായിരുന്നു എന്ന കാര്യം പഴയ സിനിമാപ്രേമികള്‍ ഓര്‍ക്കുന്നു ണ്ടാകും. തന്റെ ചിത്രം കണ്ട് വിശ്വാമിത്രനു പകരം ഗൗതമബുദ്ധനെ മകള്‍ മീനാക്ഷി തെറ്റിദ്ധരിച്ചേക്കുമെന്ന വസ്തുതയെങ്കിലും പിതാവായ ദിലീപ് ഓര്‍ക്കേണ്ടതായിരുന്നു. ബുദ്ധനെ ദൈവമായും ഗുരുവായും രക്ഷകനായും ഒക്കൊ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജനകോടികള്‍ ആരാധിക്കുകയും ബഹുമാനിക്കു കയും ചെയ്യുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യവും മികച്ച അഭിനേതാവ് കൂടിയായ ഈ ജനപ്രിയ നായകന്‍ തിരിച്ചറിയേണ്ടതായിരുന്നു. വെറുതെ വിഡ്ഢി വേഷം കെട്ടി ഐഡിയ പരസ്യത്തില്‍ പറയും പോലെ ജനങ്ങളെ ഫൂളാക്കേണ്ടിയിരുന്നില്ല.
അതിലുപരി മറ്റൊരു പ്രധാന കാര്യം ദിലീപും സംവിധായകന്‍ സുധീഷും മനസ്സിലാക്കേണ്ടതുണ്ട്. കസാന്‍ദ് സാക്കിസിന്റെ ‘ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റും’ സല്‍മാന്‍ റുഷ്ദിയുടെ ‘സത്താനിക് വേഴ്‌സസും’ യഥാക്രമം ക്രൈസ്തവ – ഇസ്ലാമിക സമൂഹത്തില്‍ സൃഷ്ടിച്ച പ്രതിഷേധത്തെ കുറിച്ചും സാമാന്യ ധാരണ ഇത്തരം അബദ്ധങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടും മുമ്പേ അറിയുകയും ആലോചിക്കുകയും വേണം. അഥവാ ഇനി ബുദ്ധ വിശ്വാസികള്‍ അഹിംസാ വാദികള്‍ ആണെന്ന ധൈര്യത്തിലാണ് അങ്ങനെയൊക്കൊ ചെയ്യുന്നതെങ്കില്‍ പണ്ട് യേശുദേവന്‍ പറഞ്ഞതേ പറയാനുള്ളൂ. ‘ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല’.

(പ്രമൂഖ മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
_________________________________

സ്റ്റോപ്പ് പ്രസ്സ്: ‘ബുദ്ധേട്ടന്‍’ എന്ന പേരില്‍ ആലപ്പുഴ നടന്ന ചിത്രീകരണം നടത്തിയ സിനിമ തന്നെയാണ് ഇപ്പോള്‍ ‘വില്ലാളി വീര’നായി രൂപാന്തരം പ്രാപിച്ചതെന്ന് ബോധ്യമാകുന്നു. കാരണം സിനിമയിലെ നായകനായ സിദ്ധാര്‍ത്ഥനെ കൂട്ടുകാര്‍ സിദ്ധു  എന്ന് വിളിക്കുമ്പോള്‍ നായിക മാത്രം സ്നേഹ(പ്രേമ)പൂര്‍വ്വം ബുദ്ധേട്ടന്‍ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനില്‍  ആലപ്പുഴ ബീച്ചും കടന്ന് വരുന്നുണ്ട്. ഒരു പക്ഷേ ബൗദ്ധ മഹാസഭ പ്രതിനിധികളുടെ വിനീതമായ അഭ്യര്‍ത്ഥന സ്വീകരിച്ചായിരിക്കും അവര്‍ ചിത്രത്തിന്‍റെ പേര് മാറ്റുവാന്‍ തയ്യാറായത്. അത് അങ്ങനെ തന്നെയെന്ന് കരുതി അവരുടെ നല്ല മനസ്സിന് നന്ദി പറയുന്നു.
1992 ല്‍ പുറത്തിറങ്ങിയ ശശിധരന്‍ ആറാട്ട് വഴി തിരക്കഥ എഴുതി സംഗീത് ശിവന്‍ സംവിധാനം നിര്‍വഹിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ  മോഹന്‍ ലാല്‍ -ജഗതി ശ്രികുമാര്‍ ജോഡികള്‍ തിമിര്‍ത്തഭിനയിച്ച ‘യോദ്ധ’ക്ക് ആദ്യം നിശ്ചയിച്ച പേര് ‘ബുദ്ധ’ എന്നായിരുന്നു. നേപ്പാള്‍ പ്രധാന ലെക്കേഷനായ സിനിമയുടെ പേര് അനൗണ്‍സ് ചെയ്ത് അധികം വൈകാതെ ചിത്രത്തിന്‍റെ പേര് മാറ്റാന്‍ നിര്‍മ്മാതാക്കളായ സാഗാ ഫിലിംസ് തയ്യാറായത് ഓര്‍ത്ത് പോകുന്നു.
ദിലീപിന്‍റെ സിനിമ തീയേറ്ററില്‍ കണ്ടപ്പോള്‍ ഒരു കാര്യം കൂടി ബോധ്യപ്പെട്ടു. വിവാദ ഗാന രംഗത്തില്‍ ബുദ്ധന്‍റെ രൂപത്തിലിരിക്കുന്നത് മറ്റാരുമല്ല. സാക്ഷാല്‍ ദിലീപ് തന്നെ.മേക്കപ്പിലൂടെ സമര്‍ത്ഥമായി മീശ മറച്ച് വെച്ചതാണ്. വില്ലാളി വീരനെന്ന ചിത്രത്തിലെ നായകന് ബുദ്ധന്‍റെ യഥാര്‍ത്ഥ പേരായ സിദ്ധാര്‍ത്ഥന്‍ എന്ന പേര് തിരക്കഥാകൃത്ത് സംവിധായകന്‍ ദിനേഷ് പള്ളത്ത് നല്‍കിയതും ഗാനത്തില്‍ ബുദ്ധനെ അവഹേളിക്കുന്ന രംഗങ്ങള്‍ സംവിധായകന്‍ ഉള്‍പ്പെടുത്തി എന്നീ അബദ്ധങ്ങള്‍ അല്ലാതെ ചിത്രത്തിന് ബൗദ്ധ സംസ്കാരവുമായി പുലബന്ധം പോലുമില്ല.
അറിവില്ലായ്മ മൂലമാണെങ്കിലും മഹാഗുരുവിന്‍റെ വേഷം അണിയാനുള്ള ഭാഗ്യം ദിലീപിന് ലഭിച്ചു. തന്‍റെ  അവിവേകം ഭഗവാന്‍ ബുദ്ധന്‍ പൊറുത്ത് തരുമെന്ന് വൈകിയ വേളയിലെങ്കിലും തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിയട്ടെ.

 

Top