പി. എസ് പുതുക്കുടി: ദാര്‍ശനികതയുടെ വേറിട്ട വ്യക്തിത്വം

പൊയ്കയില്‍ അപ്പച്ചനെപ്പോലെതന്നെ ബൈബിളില്‍ തന്റെ ജനത എവിടെ എന്ന ചോദ്യം അദ്ദേഹം ചോദിക്കുന്നത് ആധുനികചരിത്ര പഠനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. തുടര്‍ന്ന്, സുവിശേഷകനായിരുന്ന തങ്കച്ചന്‍ പാസ്റ്റര്‍ എന്ന അദ്ദേഹം വെറും പുതുക്കുടി എന്ന പേരിലേയ്ക്ക് മാറിത്തീരുകയായിരുന്നു. അഥവാ തനിക്ക് ഒരു പക്ഷേ അതുവരെ സമൂഹം നല്‍കിവന്നിരുന്ന ആദരവില്‍ നിന്നും പരിഗണനകളില്‍ നിന്നും ഒഴിഞ്ഞുമാറി, സ്വയം പുറത്തേയ്ക്ക് പോരികയായിരുന്നു.
ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിലേയ്ക്ക് കൂടുതലായി സഞ്ചരിക്കുന്നത് ഇതേത്തുടര്‍ന്നാണ്. ഡോ. ബി. ആര്‍ അംബേദ്കറുടെ നിലപാടുകളിലേയ്ക്ക് എത്തിച്ചേരുന്നതും ഇതേത്തുടര്‍ന്നാണ്.

അനുസ്മരണം ;-
_________________

  • പി.എസ്. പുതുക്കുടി ഇടുക്കി ജില്ലയില്‍ അടിമാലിയിലാണ് താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസം (14-08-2014) കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വച്ച് അദ്ദേഹം അന്തരിച്ചു. മൂന്നുതവണ ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അതുകൊണ്ട് തന്നെ സാമൂഹ്യപ്രവര്‍ത്തന രംഗത്തുനിന്നും മാറിനില്‍ക്കേണ്ടി വന്നിരുന്നു അദ്ദേഹത്തിന്. മരണത്തിനും ഒരാഴ്ച മുമ്പ് എന്നെ വിളിച്ചിരുന്നു. ദീര്‍ഘമായി സംസാരിക്കുന്നതിന് അദ്ദേഹം ആഗ്രഹിച്ചിരുന്നതായി എനിക്ക് തോന്നി. അന്ന് അദ്ദേഹം അടിമാലി ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നില്ല അദ്ദേഹത്തിന് സംസാരിക്കുവാന്‍ ഉണ്ടായിരുന്നത്.

ഇന്ത്യന്‍ ചരിത്രപഠന കമ്മറ്റിയില്‍ പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വയുടെ കടന്നുകയറ്റത്തെ സംബന്ധച്ചായിരുന്നു പറയുവാനുണ്ടായിരുന്നത്. ഇന്ത്യന്‍ ചരിത്രത്തിലും സംസ്‌കാരത്തിലും ഹിന്ദുത്വം നടത്താന്‍ സാധ്യതയുള്ള കടന്നുകയറ്റങ്ങളെ തിരിച്ചറിയുന്നതിലും പ്രതിരോധിക്കുന്നതിലും എത്രമാത്രം ജാഗരൂകമായിരിക്കാന്‍ അക്കാദമിക് സമൂഹത്തിന് കഴുയുന്നുണ്ട് എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ഇടുക്കി പോലുള്ള ഒരു പിന്നോക്ക പ്രദേശത്ത്, ഒരു സാധാരണവീട്ടില്‍, സാധാരണ അന്തരീക്ഷത്തില്‍, കൂലിവേലയെടുത്ത് ജീവിക്കുന്ന, അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് പൊതുജീവിതം നയിക്കുന്ന, എഴുതുകയും പഠിക്കുകയും ചെയ്യുന്ന ഒരാളുടെ ആശങ്ക എത്രമാത്രം ദീര്‍ഘവീക്ഷണമുള്ളതും സമകാലികവുമാണ് എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെയും ശ്രമങ്ങളുടെയും പ്രാധാന്യം നമുക്ക് വ്യക്തമാവുക. മൂവാറ്റുപുഴ സ്വദേശിയായിരുന്ന അദ്ദേഹം ബൈബിള്‍ പ്രചാരകനായിട്ടാണ് ഇടുക്കിയില്‍ എത്തുന്നത്. ബൈബിള്‍ കോളേജിലെ വിദ്യാഭ്യാസം അദ്ദേഹത്തിന് ഏറെ ആകാംഷയുള്ളതായിരുന്നു. ഇംഗ്ലീഷ് ഭാഷയ്ക്ക് ഒപ്പം, ഹീബ്രു ഭാഷയും അരമായ ഭാഷയും പഠിക്കുകയും ബൈബിളിനെ അത് എഴുതിയ ഭാഷയില്‍ത്തന്നെ വായിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇത് ചില പുതിയ പാരായണങ്ങളിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചു.
ഈ പാരായണങ്ങള്‍ ചരിത്ര പഠനങ്ങള്‍ക്കായി അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു. ചരിത്രപഠനത്തിന്റെ വെളിച്ചത്തില്‍ ബൈബിളിനെ പുനര്‍വായിക്കുക എന്ന ഒരാവശ്യത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. പൊയ്കയില്‍ അപ്പച്ചനും മറ്റും നടത്തിയ നിരീക്ഷണങ്ങള്‍ക്കു സമാനമായിരുന്നു ഈ അന്വേഷണവും. പില്‍ക്കാലത്ത് ഇത് തിരിച്ചറിഞ്ഞ പി. എസ് പുതുക്കുടി, പൊയ്കയില്‍ അപ്പച്ചന്റെ അന്വേഷണങ്ങളെ ഉള്‍ക്കൊള്ളുന്നതും കാണുവാന്‍ കഴിയും.
ഫറവോനോട് എതിര്‍പ്പു പ്രകടിപ്പിക്കുന്ന മോശ ഏതര്‍ത്ഥത്തിലും ആഫ്രിക്കന്‍ സംസ്‌കാരങ്ങളിലെ കറുത്ത രാജാക്കന്മാരോടുള്ള എതിര്‍പ്പാണ് അതിലൂടെ പ്രകടിപ്പിക്കുന്നത് എന്ന് അദ്ദേഹം വിലയിരുത്തുന്നു. നൈല്‍ നദീതടത്തില്‍ സംസ്‌കാരങ്ങളെ വികസിപ്പിച്ചെടുത്ത കറുത്തവരും തദ്ദേശിയരും അധ്വാനശീലരായിരുന്നു. എന്നാല്‍ അധ്വാനത്തോടുള്ള വെറുപ്പില്‍ നിന്നാണ് കറുത്തവരോടും ഫറവോന്മാരോടുള്ള വെറുപ്പായി വെളുത്തവര്‍ വികസിപ്പിച്ചെടുത്തത് എന്ന് പുതുക്കുടി നിരീക്ഷിക്കുന്നു. അതിനാല്‍ മോശയുടെ മുന്‍കയ്യില്‍ നടന്ന പ്രതിവിപ്ലവങ്ങളാണ് അവ എന്നും പി. എസ് പുതുക്കുടി നിരീക്ഷിക്കുന്നു. ഇന്ത്യയില്‍ ബുദ്ധദര്‍ശനങ്ങള്‍ക്കെതിരെ ബ്രാഹ്മണ്യം നടത്തിയ പ്രതിവിപ്ലവത്തിന്റെ ചരിത്രം ഡോ. ബി. ആര്‍ അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ടല്ലൊ. അത്തരമൊരു വിശകലന സമ്പ്രദായമാണ് അദ്ദേഹവും പിന്‍തുടരുന്നത് എന്ന് കാണുവാന്‍ കഴിയും.
യഹൂദന്മാര്‍ക്കിടയില്‍ത്തന്നെയുള്ള ശൂദ്ര സമൂഹങ്ങളാണ് യേശുക്രിസ്തുവിന്റെ സമൂഹമായി രൂപപ്പെട്ടത് എന്ന നിരീക്ഷണം ഇന്നു നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ യേശു ക്രിസ്തു അടിസ്ഥാന ജനതയെ കയ്യൊഴിഞ്ഞിരുന്നു എന്നും താന്‍ തേടിവന്നത് തന്റെ വംശത്തെയും ജനത്തെയും ആണെന്നും അതില്‍ അടിസ്ഥാന-തദ്ദേശ ജനതയില്ല എന്ന നിലപാടും പി.എസ് പുതുക്കുടിയുടേതായുണ്ട്. പന്നിയുടെ മുന്നില്‍ മുത്തുമണികള്‍ വിതറരുത് എന്നും, ഞാന്‍ എന്റെ വംശത്തിലെ കാണാതായ അടുക്കളെയാണ് തിരയുന്നത് എന്നും പിതാക്കള്‍ക്കുള്ള അപ്പം നായക്കള്‍ക്കു മുന്നില്‍ ഇട്ടുകൊടുക്കാറില്ല തുടങ്ങിയ വാക്യങ്ങളും ഉദാഹരണത്തിനായി അദ്ദേഹം നിരത്തുന്നു.
ഇത് ബൈബിളിനോടുള്ള അടിസ്ഥാന വിമര്‍ശനമായി മാറിത്തീരുകയും സുവിശേഷ പ്രവര്‍ത്തനത്തില്‍ നിന്നും അദ്ദേഹം പിന്‍തിരുയുകയുമായിരുന്നു. കഠിനാധ്വാനികളും സാംസ്‌കാരിക നാഗരികതയും പടുത്തുയര്‍ത്തിയ ഫറവോന്മാര്‍ എന്ന അടിസ്ഥാന ജനതയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന വെള്ളക്കാരന്റെ യുക്തിയെ അദ്ദേഹം നിഷേധിച്ചു. ഫറവോന് ഞാന്‍ അടിമയല്ല എന്ന വാശി വെള്ളക്കാരന്റെ അധികാര താല്പര്യങ്ങളുടെ സംരക്ഷണം മാത്രമായിരുന്നു എന്നും വെളുത്തവന്റെ സാമ്രാജ്യത്വമോഹമായിരുന്നു അതിനുപിന്നില്‍ എന്നും പി. എസ് പുതുക്കുടി നിരീക്ഷിക്കുന്നു.

__________________________________
രണ്ടായിരംവരെ സജീവമായിരുന്നു അദ്ദേഹത്തിന്റെ സാമൂഹ്യജിവിതം. പ്രത്യക്ഷരക്ഷാദൈവസഭയുടെ യോഗങ്ങളില്‍ അടക്കം വിവിധ ദളിത്-ബഹുജന്‍പ്രസ്ഥാനങ്ങളില്‍ പ്രധാന സാന്നിധ്യമായിരുന്നു അദ്ദേഹം. ഇരവിപേരൂരിലെ പി.ആര്‍ ഡി.എസ് ജന്മദിന മഹോത്സവത്തിലും അദ്ദേഹം പ്രഭാഷണം നിര്‍വ്വഹിച്ചിട്ടുണ്ട്. നവ ഹൈന്ദവവീയതയുടെ ആദ്യഘട്ടത്തില്‍ പ്രത്യേകിച്ച് മണ്ഡല്‍-മസ്ജിദ് കാലഘട്ടത്തില്‍ നിരവധി പൊതുവേദികള്‍ സൃഷ്ടിച്ചുകൊണ്ട് സാമൂഹ്യമായ ഇടപെടലുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുകയുണ്ടായി. ഇറാഖ് വാറിന്റെയും അമേരിക്കന്‍ അധിനിവേശത്തിന്റെയും ഘട്ടത്തില്‍ പൊതു ഇടപെടലുകള്‍ നടത്തുവാന്‍ പി.എസ്സിനു കഴിഞ്ഞുരുന്നു.
__________________________________ 

പൊയ്കയില്‍ അപ്പച്ചനെപ്പോലെതന്നെ ബൈബിളില്‍ തന്റെ ജനത എവിടെ എന്ന ചോദ്യം അദ്ദേഹം ചോദിക്കുന്നത് ആധുനികചരിത്ര പഠനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. തുടര്‍ന്ന്, സുവിശേഷകനായിരുന്ന തങ്കച്ചന്‍ പാസ്റ്റര്‍ എന്ന അദ്ദേഹം വെറും പുതുക്കുടി എന്ന പേരിലേയ്ക്ക് മാറിത്തീരുകയായിരുന്നു. അഥവാ തനിക്ക് ഒരു പക്ഷേ അതുവരെ സമൂഹം നല്‍കിവന്നിരുന്ന ആദരവില്‍ നിന്നും പരിഗണനകളില്‍ നിന്നും ഒഴിഞ്ഞുമാറി, സ്വയം പുറത്തേയ്ക്ക് പോരികയായിരുന്നു.
ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിലേയ്ക്ക് കൂടുതലായി സഞ്ചരിക്കുന്നത് ഇതേത്തുടര്‍ന്നാണ്. ഡോ. ബി. ആര്‍ അംബേദ്കറുടെ നിലപാടുകളിലേയ്ക്ക് എത്തിച്ചേരുന്നതും ഇതേത്തുടര്‍ന്നാണ്. ലഭ്യമാക്കാവുന്ന ഇംഗ്ലീഷ് പുസ്തകങ്ങള്‍ പരിശോധിച്ചുകൊണ്ടും തദ്ദേശജനതയെ കൂടുതല്‍ അന്വേഷിച്ചുകൊണ്ടുമുള്ള ശ്രമങ്ങള്‍, പൗരസ്ത്യവാദ ദര്‍ശനത്തോടുള്ള കാഴ്ചകളും വിയോജിപ്പുകളും നിഗമനങ്ങളുമായി മാറിത്തീരുകയായിരുന്നു. പാശ്ചാത്യര്‍ ഇന്ത്യയില്‍ നിന്നും ഏഷ്യയില്‍ നിന്നും സാംശീകരിച്ചെടുത്ത നിരവധി ജ്ഞാനങ്ങളില്‍ പ്രധാനമായത് ബൗദ്ധമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. ബൗദ്ധജ്ഞാനത്തില്‍ നിന്നും ശേഖരിക്കുകയും ഉള്‍പ്പെടുത്തുകയും ചെയ്ത നിരവധി കാഴ്ചപ്പാടുകള്‍ ബൈബിളിലുണ്ട് ദാര്‍ശനികമായി എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇവയെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ പലതും കുറിപ്പുകളും എഴുത്തുകളുമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. അവയെ വിപുലപ്പെടുത്തുന്നതുമായുള്ള ആലോചനയിലിരിക്കുമ്പോഴാണ് രണ്ടാമത്തെ ഹൃദയാഘാതം സംഭവിക്കുന്നത്. രചനാസാമഗ്രികളും അവയുടെ ശേഖരിക്കലും എല്ലാം അങ്ങനെ താല്ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
രണ്ടായിരംവരെ സജീവമായിരുന്നു അദ്ദേഹത്തിന്റെ സാമൂഹ്യജിവിതം. പ്രത്യക്ഷരക്ഷാദൈവസഭയുടെ യോഗങ്ങളില്‍ അടക്കം വിവിധ ദളിത്-ബഹുജന്‍പ്രസ്ഥാനങ്ങളില്‍ പ്രധാന സാന്നിധ്യമായിരുന്നു അദ്ദേഹം. ഇരവിപേരൂരിലെ പി.ആര്‍ ഡി.എസ് ജന്മദിന മഹോത്സവത്തിലും അദ്ദേഹം പ്രഭാഷണം നിര്‍വ്വഹിച്ചിട്ടുണ്ട്. നവ ഹൈന്ദവവീയതയുടെ ആദ്യഘട്ടത്തില്‍ പ്രത്യേകിച്ച് മണ്ഡല്‍-മസ്ജിദ് കാലഘട്ടത്തില്‍ നിരവധി പൊതുവേദികള്‍ സൃഷ്ടിച്ചുകൊണ്ട് സാമൂഹ്യമായ ഇടപെടലുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുകയുണ്ടായി. ഇറാഖ് വാറിന്റെയും അമേരിക്കന്‍ അധിനിവേശത്തിന്റെയും ഘട്ടത്തില്‍ പൊതു ഇടപെടലുകള്‍ നടത്തുവാന്‍ പി.എസ്സിനു കഴിഞ്ഞുരുന്നു.
ദളിത്-ബഹുജന്‍ ചിന്താധാരയുമായുള്ള അടുപ്പമായിരുന്നു മറ്റൊരു പ്രത്യേകത. പ്രത്യേകിച്ചും ദേശീയമായി അംബേദ്കര്‍ നിലപാടുകളുടെ തുടര്‍ച്ച അന്വേഷിച്ചു കൊണ്ടിരുന്ന അദ്ദേഹം രാഷ്ട്രീയമായും ഒരു ദേശീയസാന്നിധ്യത്തെ അന്വേഷിച്ചിരുന്നു. എണ്‍പത്തഞ്ചുകളില്‍ പത്രമാധ്യമങ്ങളിലൂടെ കാന്‍ഷിറാം പ്രസ്ഥാനത്തെക്കുറിച്ച് അറിയുകയും ഔദ്യോഗിക ബന്ധങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ തന്നെ ഇടുക്കിയില്‍ ബി.എസ് .പി യുടെ ഒരു യൂണിറ്റ് ആരംഭിയ്ക്കുകയും ജനങ്ങളെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. പിന്നീട് കല്ലറസുകുമാരനുമായുള്ള ബന്ധം സ്ഥാപിച്ചുകൊണ്ട് തന്റെ മുന്‍കയ്യിലുള്ള ബഹുജന്‍ സമാജിനെ അതിന്റെ ഭാഗമാക്കി മാറ്റുകയും തുടര്‍ന്ന് മുഴുവന്‍ സമയ സാമൂഹ്യപ്രവര്‍ത്തകനായി മാറിത്തീരുകയുമായിരുന്നു. കല്ലറസുകുമാരനുമായും പോള്‍ചിറക്കരോടുമായുള്ള അടുപ്പവും കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ ധാരണകള്‍ക്ക് പുതിയ ഊര്‍ജ്ജമായിത്തീര്‍ന്നു. ബി.എസ്.പി.യുടെ ഇടുക്കി ജില്ലാസെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
എന്നാല്‍ ആ പാര്‍ട്ടിയില്‍ സംഭവിച്ചു ഉള്‍പ്പിരിവുകളും കല്ലറസുകുമാരനും പോള്‍ചിറക്കരോടും രണ്ടു ഗ്രൂപ്പുകളായി വിഭജിച്ചതും അതിന്റെ സംഘര്‍ഷങ്ങളും കുറച്ചൊന്നുമായിരുന്നില്ല പി.എസ് പുതുക്കുടിയെ ഉലച്ചത്. കാന്‍ഷിറാം പ്രസ്ഥാനത്തിന്റെ പ്രസക്തി ഉത്തരേന്ത്യന്‍ മാധ്യമങ്ങളിലുടെയും സുഹൃത്തുക്കളിലൂടെയും തിരിച്ചറിഞ്ഞുകൊണ്ടേയിരുന്ന അദ്ദേഹം കേരളത്തിലെ ബി.എസ് പി.യുടെ പിന്നോട്ടുപോക്കില്‍ ദുഃഖിതനായിത്തീരുകയും സ്വയം തകര്‍ന്നുതുടങ്ങുകയും ചെയ്തു.
എന്നാല്‍ ഈ ഘട്ടത്തില്‍ത്തന്നെ ഒരു പറ്റം യുവത്വത്തെ ആകര്‍ഷിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രെജിശങ്കരന്‍, ഷാജികത്തിപ്പാറ, സൂര്യന്‍ അടിമാലി, ജോയി തുരുത്തേല്‍, ലിന്‍സ് ഡേവിഡ്, ബോബന്‍ ദ്രാവിഡ, അഡ്വ. ബിനോയ് തോണിയില്‍, കെ. ജെ. മാത്യുകുന്നത്തുതെക്കേല്‍, അനില്‍രാജാക്കാട്, വി. ബി. രാജേന്ദ്രന്‍, ബിനോജ് ബാബു, സുനില്‍ കുമാര്‍ ടി. കെ, രാജേഷ് മന്നാന്‍ കാല, അരുന്ധതി മധുമേഘ, അംബിക പ്രഭാകരന്‍ തുടങ്ങിയ വ്യത്യസ്തമേഖലകളില്‍ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു പിടി യുവതലമുറയെ കണ്ടുമുട്ടുകയും അതിന്റെ സംവാദങ്ങളും നിരീക്ഷണങ്ങളും അവരുമായി പങ്കുവെച്ചുകൊണ്ടുമാണ് തുടര്‍ന്ന് അദ്ദേഹം നിലകൊണ്ടത്.
ദലിത് മൂവ്‌മെന്റ് എന്ന ഒരാശയത്തിനു തുടക്കമിടുന്നതും ആ നിലയ്ക്കുള്ള ചര്‍ച്ചകള്‍ വികസിച്ചു വരുന്നതും ഇതേത്തുടര്‍ന്നായിരുന്നു. കോട്ടയം കുറിച്ചി സചീവോത്തമപുരം 11 K.V. സമരത്തിലും കുണ്ടള എഞ്ചിനീയറിംങ്ങ് കോളേജ് ആദിവാസി ഊരില്‍ സ്ഥാപിച്ച് അവരെ കുടിയിറക്കാന്‍ ശ്രമിക്കുന്നതിനെതിരെയും സി. കെ. ജാനുവിന്റെയും ഗീതാനന്ദന്റെയും സണ്ണി എം. കപിക്കാടിന്റെയും എം.ഡി. തോമസിന്റെയും മുന്‍കയ്യില്‍ വികസിച്ച ആദിവാസി -ദലിത് സമരസമിതിയിലും സഹകരിച്ചുകൊണ്ട് സവിശേഷമായ ശ്രദ്ധയാകര്‍ഷിയ്ക്കുവാന്‍ ഇവര്‍ക്ക് കഴിയുകയും ചെയ്തു. ദലിത് -ബഹുജന്‍ ആശയങ്ങളില്‍ മുന്‍നിര്‍ത്തിയുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അത്തരത്തിലുള്ള ചര്‍ച്ചവികസിപ്പിക്കുന്നതിനും വേണ്ടുന്ന ശ്രമങ്ങളായിരുന്നു ഇതോടൊപ്പം അദ്ദേഹത്തിനു മുന്‍കയ്യില്‍ നടന്നത്. ബോധി സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് ഇതിന്റെ ഭാഗമായാണ്. പി.എസ് പുതുക്കുടി അതിന്റെ അധ്യക്ഷനായിരുന്നു. കല്ലേന്‍പൊക്കുടന്‍ മാഷിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണ പരിപാടികള്‍, മലയാള ഭാഷയുടെ ക്ലാസിക്കല്‍ പദവിയ്ക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍, ഷോര്‍ട്ട് ഫിലിം സംവിധായകന്‍ ബാബു കാമ്രത്തിന്റെ മുന്‍കയ്യിലുള്ള ഫിലിം പഠനപരിപാടികള്‍, വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവന്നിരുന്ന പഠനപരിശീലനങ്ങള്‍, മുതിര്‍ന്ന വ്യക്തികളെ ആദരിക്കല്‍ എന്നിങ്ങനെ പ്രധാനമായ നിരവധികാര്യങ്ങള്‍ നടത്തുന്നിതിനു ബോധി സാംസ്‌കാരിക വേദിക്കു കഴിഞ്ഞു.

_________________________________
അംബേദ്കര്‍ കൃതികളുടെ ഇംഗ്ലീഷ് വാല്യങ്ങള്‍ ഞങ്ങള്‍ ആദ്യമായി കണ്ടത് അദ്ദേഹത്തിന്റെ അലമാരയില്‍ നിന്നായിരുന്നു. അതിനും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ കൃതികളുടെ മലയാള പരിഭാഷകള്‍ ഉണ്ടാകുന്നത്. ദളിത് പാന്ദര്‍ മുവ്‌മെന്റുകള്‍, ആദിധര്‍മ്മപ്രസ്ഥാനം, ഗണേശോത്സവ വിരുദ്ധ പ്രസ്ഥാനങ്ങള്‍, ബാലിസ്ഥാന്‍ മൂവ്‌മെന്റുകള്‍, ഉത്തരേന്ത്യയിലെയും കര്‍ണ്ണാടകത്തിലെയും ദളിത് ബഹുജന മുന്നേറ്റങ്ങള്‍, സമരങ്ങള്‍ തുടങ്ങിയ ദേശീയമായ നിരവധി ഇടപെടലുകളെ പഠിക്കുകയും പകര്‍ന്നു കൊടുക്കുകയും ചെയുന്നതില്‍ അദ്ദേഹം ശ്രദ്ധേയനായിരുന്നു.
_________________________________ 

തുടര്‍ച്ചായുള്ള രോഗങ്ങളെത്തുടര്‍ന്ന് യാത്രയും മറ്റുപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടി വന്ന സന്ദര്‍ഭങ്ങളിലെല്ലാം അദ്ദേഹം കടുത്ത നിരാശയിലും സമ്മര്‍ദ്ദത്തിലുമായിരുന്നു. തന്റെ കാഴ്ചപ്പാടുകളെ പകര്‍ത്തിയെഴുതുകയും കൂടുതല്‍ പരിശോധന ആവശ്യമുള്ളവയെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുകയും ചെയ്തുകൊണ്ട് താന്‍ അന്വേഷിക്കുന്ന വഴികള്‍ സഹപ്രവര്‍ത്തകര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു ഈ അടുത്തകാലത്ത്. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങള്‍ ശേഖരിച്ചും പരിശോധിച്ചും വായനശാലകള്‍ അരിച്ചുപെറുക്കിയും ചരിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജനതകളെ കണ്ടെടുക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്.
രാത്രികളില്‍ ദീര്‍ഘമായി നടത്തിവന്നിരുന്ന സംവാദങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ചരിത്രവും വര്‍ത്തമാനവും പ്രസ്ഥാനങ്ങളും സമരങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നിരുന്നത് നാടകീയതയുടെ നിരവധി ഘടകങ്ങള്‍ ചേര്‍ത്ത് ആകര്‍ഷകമാക്കിക്കൊണ്ടായിരുന്നു. ഫ്യൂലെയുടെയും കോസാംബിയുടെയും അംബേദ്കറിന്റെയും നിരീക്ഷണങ്ങള്‍ എണ്‍പതുകളുടെ പകുതിയില്‍ത്തന്നെ സഹപ്രവര്‍ത്തകരിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ലഭ്യമായിരുന്ന അംബേദ്കര്‍ കൃതികളുടെ ഇംഗ്ലീഷ് വാല്യങ്ങള്‍ ഞങ്ങള്‍ ആദ്യമായി കണ്ടത് അദ്ദേഹത്തിന്റെ അലമാരയില്‍ നിന്നായിരുന്നു. അതിനും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ കൃതികളുടെ മലയാള പരിഭാഷകള്‍ ഉണ്ടാകുന്നത്. ദളിത് പാന്ദര്‍ മുവ്‌മെന്റുകള്‍, ആദിധര്‍മ്മപ്രസ്ഥാനം, ഗണേശോത്സവ വിരുദ്ധ പ്രസ്ഥാനങ്ങള്‍, ബാലിസ്ഥാന്‍ മൂവ്‌മെന്റുകള്‍, ഉത്തരേന്ത്യയിലെയും കര്‍ണ്ണാടകത്തിലെയും ദളിത് ബഹുജന മുന്നേറ്റങ്ങള്‍, സമരങ്ങള്‍ തുടങ്ങിയ ദേശീയമായ നിരവധി ഇടപെടലുകളെ പഠിക്കുകയും പകര്‍ന്നു കൊടുക്കുകയും ചെയുന്നതില്‍ അദ്ദേഹം ശ്രദ്ധേയനായിരുന്നു.
ഇന്ന് ദേശീയമായി ദളിത് പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടിയില്‍ ഏറെ ദുഃഖിതനായിരുന്നു പി. എസ്. അരോഗ്യപരമായ തന്റെ വീഴ്ചകളെക്കാള്‍ അദ്ദേഹം വിഷാദനായിരുന്നു അക്കാര്യത്തില്‍. എങ്കിലും ലിന്‍സ് ഡേവിഡ്, ശ്രീജിത്ത് പൈതലേന്‍, ഷൈബൂ ജേക്കബ്, രെജിശങ്കര്‍ തുടങ്ങിയ ചെറുപ്പക്കാരുടെ നിരയുമായിചേര്‍ന്ന് പ്രസിദ്ധീകരണങ്ങള്‍ക്കും ചെറുഫിലിമുകള്‍ക്കും ഒക്കെയുള്ള ശ്രമത്തിലുമായിരുന്നു. ബോധി സിനിമയുടെ പ്രദര്‍ശനം, ഉത്തരകാലം വെബ്മാഗസിന്റെ ലോഞ്ചിംഗ്, ഒ.കെ. സന്തോഷ് എഡിറ്റുചെയ്ത കാതല്‍ ദളിത് കവിതാസമാഹാരത്തിന്റെ പ്രദര്‍ശനം തുടങ്ങി ചെന്നെത്താന്‍ കഴിയുന്നിടത്തെല്ലാം സഹയാത്രികരായ യുവാക്കളോടൊപ്പം അദ്ദേഹം മുന്നേ ഇറങ്ങി നടന്നു.
തന്റെ മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിക്കണം എന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം കോട്ടയം മെഡിക്കല്‍ കോളേജിന് ബന്ധുക്കള്‍ സമര്‍പ്പിച്ചു. ശ്രീ. പി.എസ്. പുതുക്കുടി സാറിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും ഓര്‍മ്മകളും പ്രവര്‍ത്തനമേഖലകളും സമാഹരിക്കുകയും ശേഖരങ്ങളാക്കി മാറ്റുകയും ചെയ്യേണ്ടതായുണ്ട്. ഗവേഷണത്തിന് ഉതകും വിധമുള്ള ഒരു സ്മാരകവും അദ്ദേഹത്തോടുള്ള ആദരവായി സമര്‍പ്പിയ്‌ക്കേണ്ടതായുണ്ട്.

Top