ഡോ. പ്രസാദ് പന്ന്യനും അഖിൽ താഴത്തിനും ഐക്യദാർഢ്യം

സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ സംഘ് പരിവാര്‍ നിയന്ത്രിക്കുന്ന ഭരണസമിതിയുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ തുടരുകയാണ്. അധ്യാപക വിദ്യാര്‍ഥി ഭേദമില്ലാതെ വിയോജിപ്പിന്‍റെ ശബ്ദമുയര്‍ത്തുന്നവരെല്ലാം വേട്ടയാടപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ഭരണസമിതിയുടെ പകപോക്കല്‍ നടപടികള്‍ക്ക് വിധേയരായ ഡോ. പ്രസാദ് പന്ന്യന്‍, അഖില്‍ താഴത്ത്, നാഗരാജു, അന്നപൂര്‍ണി തുടങ്ങിയവര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ അണിചേരാന്‍ മുഴുവന്‍ വിദ്യാര്‍ഥി സമൂഹത്തോടും ആഹ്വാനം ചെയ്തുകൊണ്ട് സി.യു.കെ അംബേഡ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവന.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള (സി.യു.കെ) ഒരുകാലത്തും വിദ്യാര്‍ഥികളോട് സൗഹാര്‍ദപരമായ സമീപനം സ്വീകരിച്ചിട്ടില്ല. ഭരണഘടനാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെ അനാദരിക്കുന്ന തരത്തിലാണ് സര്‍വകലാശാലയുടെ സംഘ്പരിവാര്‍ ഭരണസമിതി വിദ്യാര്‍ഥികളുടെ വിമര്‍ശന സ്വരങ്ങളെ അടിച്ചമര്‍ത്തി ഇല്ലാതാക്കുന്നത്. എച്ച്.ഒ.ഡി സ്ഥാനത്ത് നിന്നും ഒരു അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതാണ് അവരുടെ ഏറ്റവും പുതിയ നീക്കം.

പുരുഷ ഹോസ്റ്റലിലെ ഒരു ചില്ല് പൊട്ടിച്ചതിന്‍റെ പേരില്‍ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട എ.എസ്.എയുടെ (ASA) സജീവപ്രവര്‍ത്തകനും ഭാഷാഗവേഷണ വിഭാഗത്തില്‍ ഗവേഷകനുമായ നാഗരാജുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, സര്‍വകലാശാല ഭരണസമിതിയുടെ വിദ്യാര്‍ഥി വിരുദ്ധ നയങ്ങളെ വിമര്‍ശിച്ചും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്‍റെ  പേരില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ തലവനും ലിബറല്‍ ആശയക്കാരനും വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രിയങ്കരനുമായ ഡോ. പ്രസാദ് പന്ന്യന്‍  സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ്

സര്‍വകലാശാലയിലെ ഒരു അധ്യാപകനെതിരെയുള്ള ഈ അനീതിയെ സി.യു.കെ അംബേഡ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ശക്തമായി അപലപിക്കുന്നു. ഒരു കാര്യത്തോട് വിയോജിക്കാന്‍ പോലും അവസരമില്ലെങ്കില്‍, ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കാണ് ഉറപ്പുനല്‍കാന്‍ കഴിയുക? വിദ്യാര്‍ഥി സമൂഹത്തിനെതിരെയുള്ള ഏകപക്ഷീയമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ ആവര്‍ത്തിക്കപ്പെടുന്ന ഈ സമയത്ത് പ്രസ്തുത ചോദ്യത്തെ കുറിച്ച് നാം കൂടുതല്‍ ആലോചിക്കേണ്ടതുണ്ട്.

തുടരുന്ന വിദ്യാര്‍ഥി വിരുദ്ധ വേട്ട

സര്‍വകലാശാല ഭരണസമിതിയുടെ വിദ്യാര്‍ഥി വിരുദ്ധ നയങ്ങള്‍ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഭരണസമിതിക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല വാക്കുകൾ ഉപയോഗിച്ച് പോസ്റ്റിട്ടു എന്ന ആരോപണത്തെ തുടര്‍ന്ന് എം.എ ഇന്റർനാഷണൽ റിലേഷൻസ് രണ്ടാം വർഷ വിദ്യാർഥി അഖിൽ പുറത്താക്കപ്പെട്ടപ്പെടാണ് പുതിയ സംഭവം. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം, താനെഴുതിയ ഒരു കഥയുടെ ഭാഗമായിരുന്നു ആ പോസ്റ്റെന്നും ഭരണസമിതിയെ അത് വൃണപ്പെടുത്തിയെങ്കിൽ മാപ്പു പറയുന്നു എന്നും അന്വേഷണ കമ്മിറ്റിക്ക് എഴുതി കൊടുത്തിരുന്നു. അതിനു ശേഷമാണ് ഇത്തരത്തിലൊരു ഫാസിസ്റ്റ് നടപടിയുണ്ടായത്. സി.യു.കെയിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അഖില്‍ താഴത്ത്. ഇക്കാരണം കൊണ്ടു തന്നെയാണ് അദ്ദേഹം പുറത്താക്കപ്പെട്ടത് എന്ന് വിദ്യാര്‍ഥി സമൂഹം ഉറച്ചുവിശ്വസിക്കുന്നു. സര്‍വകലാശാലയിലെ ഫാസിസ്റ്റ് ഭരണസമിതിയുടെ വിദ്യഭ്യാസ-ജനാധിപത്യ വിരുദ്ധ നടപടികളെ ചോദ്യം ചെയ്യുന്നവരെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്ന രീതിയുടെ തുടർച്ച മാത്രമാണ് അഖിലിനും പ്രൊഫ. പ്രസാദ് പന്ന്യനും നാഗരാജുവിനും എതിരെയുള്ള നടപടികള്‍.

സര്‍വകലാശാലയിലെ ഫാസിസ്റ്റ് ഭരണസമിതിയുടെ വിദ്യഭ്യാസ-ജനാധിപത്യ വിരുദ്ധ നടപടികളെ ചോദ്യം ചെയ്യുന്നവരെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്ന രീതിയുടെ തുടർച്ച മാത്രമാണ് അഖിലിനും പ്രൊഫ. പ്രസാദ് പന്ന്യനും നാഗരാജുവിനും എതിരെയുള്ള നടപടികള്‍.

ഒരു വ്യക്തിയുടെ ചിന്തകൾ പ്രകടിപ്പിക്കാനുള്ള മാധ്യമമാണ് ഫേസ്ബുക്ക്. സര്‍വകലാശാല ഭരണസമിതിയെ അപകീര്‍ത്തിപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അഖില്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ പുറത്താക്കുന്നതിന് മുന്‍പ് അഖിലിന്റെ ഡിപ്പാർട്ടുമെന്‍റുമായോ അന്വേഷണ കമ്മിറ്റിയിലെ വിദ്യാർഥി പ്രതിനിധിയുമായോ ചർച്ച ചെയ്യുക എന്ന സാമാന്യ ജനാധിപത്യ മര്യാദ പാലിക്കാന്‍  അന്വേഷണ കമ്മിറ്റി തയ്യാറാവുക പോലുമുണ്ടായില്ല. അംബേഡ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷൻ നേതാവായ നാഗരാജുവിനെ ഹോസ്റ്റലിൽ നിന്ന് ഡിസ്മിസ് ചെയ്യുന്നതിന് ഒരു കാരണമായി പറയുന്നത് അയാൾ അഞ്ചു ദിവസം ജയിലിൽ കിടന്നു എന്നതാണ്. ഒരു ദിവസം പബ്ലിക് പ്രൊസിക്യുട്ടർ അവധി, രണ്ട് ദിവസം കോടതി അവധി, മറ്റൊരു ദിവസം ജഡ്ജി അവധി; ഇതായിരുന്നു അദ്ദേഹം അഞ്ചു ദിവസം ജയിലിൽ കിടന്നതിന് പിന്നിലെ യാഥാര്‍ഥ വസ്തുത.

സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ഥികളും അനുഭവിക്കുന്ന അനിശ്ചിതത്വം, അസഹിഷ്ണുതയും ഏകാധിപത്യവും അടിസ്ഥാന സ്വഭാവസവിശേഷതകളായ സംഘ്പരിപാറിന്റെ അടിച്ചമര്‍ത്തല്‍ രീതികള്‍ ഉപയോഗിക്കുന്ന ഒരു ഭരണസമിതിയാല്‍ ഭരിക്കപ്പെടുന്ന സര്‍വകലാശാലയിലെ മനുഷ്യാവകാശങ്ങളുടെ ഭാവി എന്തായിരിക്കും എന്ന കാര്യത്തെ കുറിച്ച് നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതാണ്. അതിനാല്‍, നീതിക്ക് വേണ്ടി പോരാടുന്ന അഖില്‍ താഴത്ത്, പ്രൊഫ. പ്രസാദ് പന്ന്യന്‍, നാഗരാജു തുടങ്ങിയ അധ്യാപക-വിദ്യാര്‍ഥികളോടൊപ്പം അണിചേരാന്‍ മുഴുവന്‍ വിദ്യാര്‍ഥി സമൂഹത്തോടും സി.യു.കെ അംബേഡ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ആഹ്വാനം ചെയ്യുകയാണ്. അത്തരം വിഷയങ്ങളെ കുറിച്ച് നിഷ്പക്ഷമായി പഠിക്കാന്‍ കാര്യക്ഷമമായ ഒരു അന്വേഷണ സമിതിയെ നിയോഗിക്കണമെന്നും ഈ അവസരത്തില്‍ ആവശ്യപ്പെടുന്നു. ജയ് ഭീം.

 

മൊഴിമാറ്റം: അഭിനന്ദ് കിഷോര്‍, ഇര്‍ഷാദ് കാളാച്ചാല്‍

Top