ഈഴവ സമുദായത്തിന്‍റെ പതനം

ഈഴവ സമുദായത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പിന്നോക്കാവസ്ഥക്ക് പിന്നില്‍ സവര്‍ണ ഗൂഢാലോചനക്ക് കൃത്യമായ പങ്കുണ്ട്. ഈ പിന്നോക്കാവസ്ഥയെ പതനമെന്ന് വിശേഷിപ്പിക്കുന്നത് ഒട്ടും അതിശയോക്തിയാവുകയില്ല. അവര്‍ണ വിഭാഗങ്ങളെ തങ്ങളുടെ സാമൂഹിക-രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചുപേക്ഷിക്കാനുള്ള കേവലം ഉപകരണങ്ങളായി മാത്രമാണ് ഇടത്-വലത് രാഷ്ട്രീയ നേതൃത്വങ്ങള്‍ പരിഗണിച്ചുപോരുന്നത് എന്നത് അനിഷേധ്യമായ വസ്തുതയാണ്.

ഈഴവ സമുദായം നേരിടുന്ന പ്രശ്നങ്ങളെന്തൊക്കെയാണ് എന്ന ചോദ്യത്തിന് ഓരോരുത്തരുടെ ആഗ്രഹമനുസരിച്ചു വ്യത്യസ്തമായ ഉത്തരം പറയും. ഭാഗികമായ ശരികളുടെ അംശങ്ങള്‍ ഈ ഉത്തരങ്ങളില്‍ കണ്ടെന്നും വരാം. നല്ലൊരു ശതമാനം ആളുകളും കരുതുന്നത് ഈഴവ സമുദായം ചില പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട് എന്നാണ്. എല്ലാവര്‍ക്കും അസംതൃപ്തി തോന്നുംവിധം ഒരു പൊതുവായ പ്രശ്നം ഇവിടുണ്ടെന്നാണ് അതിനര്‍ത്ഥം. അത് ഇഴവ സമുദായം നേരിടുന്ന പ്രതിസന്ധിയല്ല, സമഗ്രമായ പതനമാണെന്നാണ് ഈ ലേഖകൻ കരുതുന്നത്.

കേരള ജനസംഖ്യയുടെ മൂന്നിലൊന്നോളമുള്ള ഈഴവ ജനത ഇന്ന്‌ ‘തലപോയി, മണ മാത്രമായ’ അവസ്ഥയിലാണ്. മണ എന്നു പറഞ്ഞാല്‍ കരണ്ടി എന്നാണര്‍ത്ഥം. ആര്‍ക്കു വേണമെങ്കിലും, എന്തു ചീഞ്ഞവസ്തു വേണമെങ്കിലും അതുപയോഗിച്ചു കോരാം. അധികാരം കൈയാളുന്നവരുടെ, കോരികളായ, അപമാനകരമായ സ്ഥിതി എങ്ങനെ മാറും എന്നതിനെപ്പറ്റി ഗൗരവമായി ചിന്തിച്ചേ മതിയാകൂ. ‘മനമലര്‍ കൊയ്തുപൂജ നടത്തിടേണം’ എന്നു ശ്രീനാരായണഗുരു പറഞ്ഞതിന്‍റെ മറ്റൊരര്‍ത്ഥം ഇന്നു തേടണം. ‘അധികാരമലര്‍ കൊയ്തു നീതി നടത്തിടേണം’ എന്നു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മുലക്കരം മുതല്‍, കണ്ടാല്‍പ്പോലും തീണ്ടല്‍ ആചരിക്കുന്ന,നാണം കെടുത്തുന്ന മനുസ്മൃതി സംസ്ക്കാരത്തില്‍ നിന്ന്‌ ഈഴവര്‍, രാഷ്ട്രീയമായി കരകയറാന്‍ ശ്രമം തുടങ്ങിയിട്ടു നൂറു വര്‍ഷമായതേയുള്ളൂ. ഇന്നത്തെ തലമുറയ്ക്ക് അറിയാന്‍ വയ്യാത്ത ഒട്ടനവധി കാര്യങ്ങൾ അവസാനിപ്പിക്കാന്‍ അവർക്കു സാധിച്ചിട്ടുണ്ട്. എന്നാല്‍ അന്നത്തെ പ്രധാന ലക്ഷ്യം ഇപ്പോഴും അകലെയാണ്. ശ്രീനാരായണഗുരു ജീവിച്ചിരുന്ന കാലത്തു തന്നെയാണ് (1918-ല്‍) ഈഴവര്‍ പൗരാവകാശ ലീഗ് ഉണ്ടാക്കുന്നതും രാഷ്ട്രീയമായി പ്രവര്‍ത്തിക്കുന്നതും. ഇ.ജെ. ജോണും, റ്റി.കെ. മാധവനുമാണ് നേതൃത്വം നല്‍കിയത്. ഹൈന്ദവ സനാതന ധര്‍മത്തിലെ അയിത്ത ജാതി എന്നതില്‍ നിന്ന്‌ ആധുനിക കാലത്തെ സിവില്‍ സമൂഹമാകാനുള്ള ശ്രമമായിരുന്നു അതെന്നു വിലയിരുത്താം.

ശ്രീനാരായണ ഗുരു

തിരിച്ചറിവും കഴിവും സമ്പത്തും ഉണ്ടായാല്‍ ഉന്നത വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിനും വേണ്ടി ഏതൊരു സമൂഹവും പരിശ്രമിക്കും. മെച്ചപ്പെട്ട സാമൂഹിക ജീവിതം ആത്യന്തികമായി നിലനില്‍ക്കണമെങ്കില്‍ അധികാരത്തില്‍ പങ്കാളിത്തം കിട്ടാതെ സാധിക്കില്ല. മറ്റുള്ള സമുദായങ്ങളെപ്പോലെ ഈഴവ സമുദായവും ഈ ലക്ഷ്യം വച്ചാണ് പൗരാവകാശ ലീഗ് ഉണ്ടാക്കിയത്. അതിലേക്ക് എത്തുന്നതിനു മുന്നോടിയായി ഒട്ടനവധി രംഗങ്ങളില്‍ ഈഴവ സമുദായം ഉണര്‍ന്നു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. സാഹിത്യാദി കാര്യങ്ങളില്‍ ശ്രീനാരായണഗുരുവും കുമാരനാശാനും മൂലൂരും നേതൃത്വപരവും പരിവര്‍ത്തനാത്മകവുമായ പങ്കാണു വഹിച്ചത്. ആത്മീയ കാര്യത്തില്‍ ഗുരുവിന്‍റെ ചിന്തകള്‍ ഇന്നും വിപ്ലവകരം തന്നെയാണ്. ശങ്കരാചാര്യരുടെ അദ്വൈതമായിരുന്നില്ല ഗുരുവിന്‍റെ അദ്വൈതം. താര്‍ക്കിക അദ്വൈതവും പ്രായോഗിക ഏകത്വവും ഒന്നല്ല എന്നത് ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. രണ്ടും ഒന്നു തന്നെ എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഒരു നൂല്‍പ്പാല വ്യത്യാസം പോലെ രണ്ടും ഭിന്നവുമാണ്. ‘ജാതി സ്ഥാപിക്കാന്‍ ശങ്കരാചാര്യന്‍ ബുദ്ധികൊണ്ടു പറന്നിട്ടുണ്ട്. ശങ്കരാചാര്യര്‍ വലിയ ആളായിരിക്കാം, ജാതിയുടെ കാര്യത്തില്‍ ചെറിയ ആളായിരുന്നു’ എന്നാണു ഗുരു പറഞ്ഞത്. (1) ജാതി കാര്യത്തിലെന്ന പോലെ മതകാര്യത്തിലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നു പറയുന്ന അദ്വൈതവും, മതവൈരം വച്ചു പുലര്‍ത്തുന്ന അദ്വൈതവും ഒന്നാണെന്ന് എങ്ങനെ പറയാന്‍ പറ്റും? മായാദ്വൈതവും ഏകത്വവും പ്രായോഗികതയിലും മാനവികതയിലും ഒന്നല്ല. തന്നെയല്ല അദ്വൈതവാദിക്കും ദ്വൈതവാദിക്കുമെല്ലാം സഹവര്‍ത്തിക്കാനും അറിയാനും അറിയിക്കാനുമെന്ന തരത്തില്‍ സമീപിക്കുവാനും ഗുരു മനസു കാണിച്ചിരുന്നു. ജ്ഞാന മണ്ഡലത്തിലും പ്രായോഗിക മണ്ഡലത്തിലും ഗുരു വലിയ ജനാധിപത്യ മൂല്യം ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്നാണര്‍ത്ഥം. അഗ്നിയെ നാശത്തിനും മനുഷ്യോപകാരത്തിനും വിനിയോഗിക്കാന്‍ കഴിയും. അതുപോലെ ശങ്കരാചാര്യരുടെയും ഗുരുവിന്‍റെയും അദ്വൈതം ഒന്നാണ് എന്നു വേണമെങ്കില്‍ വാദിക്കാം. പക്ഷേ അനുഭവത്തില്‍ അതൊന്നല്ല. ഇത്തരത്തില്‍ അദ്വൈതത്തെ സമീപിച്ചാല്‍ സമൂഹത്തില്‍ ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പ്രതിഷ്ഠ നടത്താന്‍ ഗുരുവിനു സാധിച്ചതിന്‍റെ താത്ത്വികാടിത്തറയും ഇതാണ്. ശിവനെ രണ്ടു തരത്തിലും ഉപയോഗിക്കാന്‍ കഴിയും. ഉയര്‍ത്തെഴുനേല്‍പ്പിനാണ് ശിവനെ ഗുരു ഉപയോഗിച്ചത്. ഇത്തരത്തില്‍ ആത്മീയതയിലും സാഹിത്യത്തിലും ഒപ്പം സാമ്പത്തിക രംഗത്തും വളര്‍ച്ച നേടാൻ ഈഴവര്‍ പരിശ്രമിച്ചിരുന്നു.

ശ്രീനാരായണ ഗുരുവിന്‍റെ അദ്ധ്യക്ഷതയിലുള്ള എസ്.എന്‍.ഡി.പി.യോഗമാണ്, ഏഷ്യയിലെ തന്നെ ആദ്യത്തെ വ്യാവസായിക പ്രദര്‍ശനം 1905-ല്‍ കൊല്ലത്തു വച്ചു നടത്തിയത്. അത് ടാറ്റാ, ബിര്‍ലമാരുടെ വ്യാവസായിക പ്രദര്‍ശനമായിരുന്നില്ല. അടിത്തട്ടില്‍ നിന്നു വളരുന്ന വ്യാവസായിക ഇച്ഛാശക്തിയായിരുന്നു. പഴയ സവര്‍ണ തൊഴിലിടങ്ങളില്‍ നിന്ന്‌ പുതിയ കാലത്തിന്‍റെ മൂലധന പ്രവേശനമായി അതിനെ കാണാം. ആറാട്ടുപുഴ വേലായുധപ്പണിക്കരെപ്പോലെയും ആലുംമൂട്ടില്‍ ചാന്നാരെപ്പോലെയുമുള്ള സാമ്പത്തിക ശക്തികള്‍ ഈഴവ സമുദായത്തിലുണ്ടായിരുന്നു. വലിയ കച്ചവടക്കാരും വൈദ്യന്മാരും ഉണ്ടായിരുന്നു. കുമാരനാശാന്‍ തന്നെ ഓട്ടുകമ്പനിയുടെ ഉടമയായിരുന്നു. ഭൗതിക മൂലധനത്തെ ഒരു സമൂഹത്തിന്‍റെ അടിത്തറയായി കണക്കാക്കുകയാണെങ്കില്‍ ഈഴവ സമുദായത്തിലെ ഭൗതികാടിത്തറയുടെ ഗതിയെന്തായി എന്നു വിലയിരുത്തേണ്ടതു മുഖ്യപ്രശ്നമായി വരും.

കുമാരനാശാന്‍

ഇന്ത്യയിലെമ്പാടും ഇത്തരം ചെറുകിട മൂലധന താത്പര്യങ്ങളും മറിച്ചുള്ള വിദേശമൂലധന താത്പര്യങ്ങളും അക്കാലത്തും ഉണ്ടായിരുന്നു. ഇന്ത്യ സ്വതന്ത്ര്യമാകുമ്പോഴേക്കും അടിത്തട്ടില്‍ നിന്നുയര്‍ന്നു വന്ന ഭൗതിക മൂലധന വികാസത്തോട് എന്തു സമീപനം എടുക്കണം എന്നതില്‍, ദേശീയ പ്രഖ്യാപനങ്ങളൊന്നുമല്ല പ്രാബല്യത്തില്‍ വന്നത്. 1944-ല്‍ ഇന്ത്യന്‍ മുതലാളി വര്‍ഗത്തിന്‍റെ പ്രതിനിധികളായ ജെ.ആര്‍.ഡി. റ്റാറ്റ, ജി.ഡി. ബിര്‍ള, പുരുഷോത്തം ദാസ്, ഠാക്കൂര്‍ദാസ്, ശ്രീറാം, കസ്തൂര്‍ഭായ് എന്നിവരാല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ബോംബേ പ്ലാന്‍’ എന്ന രേഖയാണ് ഇന്ത്യന്‍ മൂലധന താത്പര്യം എങ്ങനെയാവണം എന്നു നിശ്ചയിച്ചതെന്നു സുനീതികുമാർ ഘോഷ് നിരീക്ഷിക്കുന്നു. (2) അത് ബ്രിട്ടീഷ് മൂലധനത്തോടു സഹകരിച്ചുനിന്ന ഇന്ത്യന്‍ വന്‍കിട മൂലധന സമീപനവും സര്‍ക്കാര്‍ മൂലധന രീതികളുമാണു മുന്നോട്ടു വച്ചത്. അത് അടിത്തട്ടില്‍ നിന്നുയര്‍ന്നുവന്ന ഭൗതിക മൂലധന താത്പര്യങ്ങളല്ല. ഈഴവ സമുദായത്തില്‍ നിന്നുയര്‍ന്നു വന്ന മൂലധന ശക്തികള്‍ക്ക് ദേശീയ അവസരങ്ങള്‍ നിഷേധിക്കപ്പെടും എന്നാണിതിനര്‍ത്ഥം.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമീപനം ദേശീയ മുതലാളിവര്‍ഗത്തിന്‍റെ പൊതു ഇച്ഛയ്ക്കനുസരിച്ചു തന്നെയാണു നീങ്ങിയത്. 1951-ലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ നയപ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പ് അധികാരത്തിലേക്ക് അവര്‍ തിരിയുകയും സാമൂഹിക പരിഷ്കരണത്തിന്‍റെ അടിത്തട്ടു താത്പര്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. റഷ്യന്‍ മുതലാളിത്തത്തെ പിന്‍പറ്റി പലവിധ ബോര്‍ഡുകളും കോര്‍പ്പറേഷനുകളുമാണ് അവർ ഉണ്ടാക്കിയത്. ഈഴവര്‍ ചെയ്തുകൊണ്ടിരുന്ന പല മൂലധന പ്രവൃത്തികള്‍ക്കും സര്‍ക്കാര്‍ മറ്റൊരു മുഖച്ഛായ നല്‍കി. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാനെന്നു പറഞ്ഞ് ഇന്ത്യന്‍ വന്‍കിട മുതലാളിത്ത കമ്പനിയായ റയോണ്‍സിനെ കോഴിക്കോട് കൊണ്ടു വന്നു. അങ്ങനെ മൂന്നു കോടിക്കു തുടങ്ങിയ മാവൂര്‍ ഗ്വാളിയാര്‍ റയോണ്‍സ് മുന്നൂറു കോടി ഉണ്ടാക്കിയ ചൂഷണം നാം കണ്ടതാണ്. കേരളത്തിലെ ബാംബു ചൂഷണവും പരമ്പരാഗത തൊഴിലുകളുണ്ടായിരുന്ന ജീവിതങ്ങള്‍ തകര്‍ന്നതും ഇനിയും സവിശേഷമായി പഠിക്കപ്പെട്ടിട്ടില്ല.

ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഈഴവര്‍ക്കു നല്കുന്നത് എക്സൈസ് വകുപ്പാണ്. ഈഴവരുടെ കുലത്തൊഴില്‍ കള്ളു വ്യവസായമാണെന്ന സവര്‍ണ അധിക്ഷേപത്തിന്‍റെ ആധുനിക ചെയ്തികളാണവ. ഈഴവര്‍ വൈദ്യവും കച്ചവടവും കൃഷിയും മറ്റു വ്യവസായങ്ങളും ചെയ്തിരുന്നു എന്ന യാഥാർഥ്യം തമസ്കരിക്കപ്പെട്ടു. ചുരുക്കത്തില്‍ 1905-ലെ വ്യാവസായിക പ്രദര്‍ശനത്തിലൂടെ ഈഴവ സമുദായം വളർത്താന്‍ ശ്രമിച്ച ഭൗതിക മൂലധന താത്പര്യങ്ങള്‍ വഴിതിരിഞ്ഞ് മറ്റു മേഖലകളിലേക്കു പോയി. അടിയില്‍ നിന്നു വളരാന്‍ ശ്രമിച്ച ഭൗതിക മൂലധന ചലനങ്ങൾ അട്ടിമറിക്കപ്പെട്ടു എന്നും വിലയിരുത്താം.

രണ്ടു പ്രധാനപ്പെട്ട വാദങ്ങള്‍ കൂടി നിലനില്‍ക്കുന്നുണ്ട്. ഒന്ന്, ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ നടത്തി വന്ന സാമൂഹിക പരിഷ്ക്കാരങ്ങള്‍ തങ്ങളാണു തുടര്‍ന്നു നയിച്ചതെന്ന ഇടതു പ്രസ്ഥാനങ്ങളുടെ വാദമാണ്. അവകാശ സമരങ്ങളുടെ കാര്യത്തില്‍ ഇടപെട്ടു എന്നതു ശരിയാണ്. പക്ഷേ അവകാശങ്ങള്‍ നേടിയവര്‍ എന്തു ചെയ്തു എന്ന ചോദ്യമുണ്ട്. കടമ നിര്‍വഹിച്ചില്ല എന്നു മാത്രമല്ല , സമ്പത്തുള്ളവരോടുള്ള ശത്രുതയും വളര്‍ന്നു. ‘നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ എന്നൊക്കെ ധരിച്ചാണ് ഇങ്ങനൊക്കെ നീങ്ങിയത്. വയലുകളുടെ സ്ഥിതിയെന്തായി എന്നത് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്.

ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഈഴവര്‍ക്കു നല്കുന്നത് എക്സൈസ് വകുപ്പാണ്. ഈഴവരുടെ കുലത്തൊഴില്‍ കള്ളു വ്യവസായമാണെന്ന സവര്‍ണ അധിക്ഷേപത്തിന്‍റെ ആധുനിക ചെയ്തികളാണവ. ഈഴവര്‍ വൈദ്യവും കച്ചവടവും കൃഷിയും മറ്റു വ്യവസായങ്ങളും ചെയ്തിരുന്നു എന്ന യാഥാർഥ്യം തമസ്കരിക്കപ്പെട്ടു. ചുരുക്കത്തില്‍ 1905-ലെ വ്യാവസായിക പ്രദര്‍ശനത്തിലൂടെ ഈഴവ സമുദായം വളർത്താന്‍ ശ്രമിച്ച ഭൗതിക മൂലധന താത്പര്യങ്ങള്‍ വഴിതിരിഞ്ഞ് മറ്റു മേഖലകളിലേക്കു പോയി. അടിയില്‍ നിന്നു വളരാന്‍ ശ്രമിച്ച ഭൗതിക മൂലധന ചലനങ്ങൾ അട്ടിമറിക്കപ്പെട്ടു എന്നും വിലയിരുത്താം.

ഭൂരിപരിഷ്കരണമാണ് കൊട്ടിഘോഷിക്കുന്ന മറ്റൊരു ആഘോഷം. ഭൂപരിഷ്കരണത്തെപ്പറ്റിയുള്ള ദലിത് വിമര്‍ശനം യാഥാര്‍ത്ഥ്യമായി നമ്മുടെ മുന്നിലുണ്ട്. ഇന്നും ഭൂമിക്കുവേണ്ടി ദലിതർ ജീവിത സമരത്തിലാണ്. വെട്ടിച്ചുരുക്കി ലഭിച്ച ഭൂമിയില്‍ കൃഷി നടത്താനാവശ്യമായ ആധുനികവത്ക്കരണമോ സര്‍ക്കാര്‍ പിന്തുണയോ ഈഴവര്‍ക്കു ലഭിച്ചില്ല എന്നതാണു സത്യം. നാമമാത്രമായ ഭൂപരിഷ്ക്കരണത്തിന്‍റെ ഫലമായ ഉദ്പാദന വര്‍ദ്ധന മൂലധന വികാസത്തിനുതകുന്നതിനു പകരം, അഖിലേന്ത്യാ കുത്തകകള്‍ക്ക് പര്‍ച്ചെയ്സ് നടത്താനുള്ള ക്ഷമതയായി പരിണമിക്കുകയായിരുന്നു. കേരളം വിപണിയായി മാറുകയായിരുന്നു. ഭൂപരിഷ്ക്കരണത്തെ തുടര്‍ന്നുണ്ടാകേണ്ടിയിരുന്ന ആധുനികവത്ക്കരണമോ വ്യാവസായവത്ക്കരണമോ നടത്താന്‍ ഇടതുകക്ഷികള്‍പോലും മനസു കാണിക്കാഞ്ഞതിനാല്‍ കാര്‍ഷിക സ്വയംപര്യാപ്തത തകര്‍ന്നു പോയി. അരിക്കും പച്ചക്കറിക്കും കേരളം കൈ നീട്ടുന്ന സ്ഥതിയിലായി. ‘ഞങ്ങള്‍ക്കു ഭൂമി തരൂ, ഞങ്ങള്‍ കൃഷി ചെയ്യാം’ എന്നു പറയുന്ന ദലിത് ജനതയോടു മുഖം തിരിഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയ മനോഭാവം ജാതിയുടേതല്ലാതെ മറ്റെന്താണ്? ചുരുക്കത്തില്‍ പ്രകൃതി മൂലധനവും വ്യാവസായിക- സാമൂഹിക-സാംസ്കാരിക മൂലധനവുമെല്ലാം തമ്മില്‍ ബന്ധപ്പെട്ട് ആരോഗ്യപരമായി ഉണ്ടാകേണ്ടിയിരുന്ന വളര്‍ച്ചയാണു തകര്‍ന്നു പോയത്. മണ്ണില്‍ നിന്നു വളരേണ്ടിയിരുന്നതിനെ ദേശീയ-സംസ്ഥാന സവര്‍ണ രാഷ്ട്രീയ നേതൃത്വങ്ങള്‍ തകര്‍ത്തു എന്നു കാണാം.

വളരെ പ്രധാനപ്പെട്ട മറ്റൊരു വസ്തുത കൂടി അറിയേണ്ടതുണ്ട്. ഇന്ത്യയില്‍ രണ്ടു തരം സാമൂഹിക പരിഷ്കരണവും അതിന്‍റെ രാഷ്ട്രീയ പ്രാതിനിധ്യവും വളര്‍ന്നു വന്നിരുന്നു. രാജാറാം മോഹന്‍ റോയിയുടെ സവര്‍ണജാതി നേതൃത്വത്തിലുള്ള സാമൂഹിക പരിഷ്കരണവും അതിന്‍റെ രാഷ്ട്രീയ പ്രതിനിധിയായ ഗാന്ധിജിയുടെ പാതയുമാണ് ഒന്ന്. മറ്റൊന്ന് ജ്യോതിബാ ഫൂലെ, ശ്രീനാരായണഗുരു, പൊയ്കയില്‍ അപ്പച്ചന്‍ തുടങ്ങിയവരുടെ അവര്‍ണ സാമൂഹിക പരിഷ്കരണവും അതിന്‍റെ തുടര്‍ച്ചയായ അംബേദ്കര്‍-ആര്‍.ശങ്കര്‍-അയ്യങ്കാളി രാഷ്ട്രീയ പാതയും. ഇന്ത്യ സ്വതന്ത്രമാകാന്‍ ശ്രമം നടന്നപ്പോള്‍ അവര്‍ണസാമൂഹിക പരിഷ്കരണവും അതിന്‍റെ രാഷ്ട്രീയ തുല്യതയും തകര്‍ക്കപ്പെടുകാണുണ്ടായത്.

പൊയ്കയില്‍ അപ്പച്ചന്‍

അഖിലേന്ത്യാതലത്തില്‍ ഈ ദൗത്യം നിര്‍വഹിച്ചത് 1932-ലെ പുണെ കരാറാണ്. ഇന്ത്യയിലെ അവര്‍ണ ജനത, സവര്‍ണ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തൊഴുത്തില്‍ തളയ്ക്കപ്പെടുന്നത് അതോടുകൂടിയാണ് എന്നു പറയാം. അതിനുശേഷമുള്ള രാഷ്ട്രീയസംവരണ കാലത്തെ, ‘ചട്ടുക’ യുഗം എന്നാണു കാന്‍ഷിറാം വിളിച്ചത്. 1928-ലെ സൈമണ്‍ കമ്മീഷനു മുൻപാകെ എസ്.എന്‍.ഡി.പി.യോഗവും അതിന്‍റെ നേതൃത്വവും ഈഴവ-അവര്‍ണ ജനതകളുടെ നീതിപൂർവകമായ ആവശ്യം മെമ്മോറാണ്ടമായി അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെമ്പാടുമുള്ള സാമൂഹിക പ്രസ്ഥാനങ്ങളുടെയും കേരളത്തിലെ ഈഴവ സമുദായത്തിന്റെയും ആവശ്യ പ്രകാരമായിരുന്നു, 1932-ലെ ബ്രിട്ടീഷിന്ത്യാ കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിക്കപ്പെടുന്നത്. ഇതിനെതിരെ ഗാന്ധി മരണംവരെ നിരാഹാരം കിടക്കുകയും 1932 ലെ ഗാന്ധി-അംബേദ്കര്‍ പുണെ കരാറുണ്ടാവുകയും ചെയ്തു. ഇത് വിദേശ വെള്ളക്കാരില്‍ നിന്ന് ഇന്ത്യന്‍ വെള്ളക്കാരിലേക്ക് അധികാരത്തെ കൊണ്ടെത്തിക്കുന്നതിന്‍റെ തുടക്കമായിരുന്നു. ഇന്ന് ഇന്ത്യയില്‍ കാണുന്ന അനീതിയുടെ രാഷ്ട്രീയ അടിവേര് അവിടെയാണു തുടങ്ങുന്നത്. അതു പല ഘട്ടങ്ങളിലൂടെ പരിണമിച്ച് അവര്‍ണ ജനതയ്ക്കു മേലുള്ള ഫാഷിസമായി രൂപാന്തരപ്പെട്ടിരിക്കുന്നു. പല രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ക്ക് ഇതൊരു ഫാഷിസമായി തോന്നാത്തത് സവര്‍ണ മേല്‍ക്കോയ്മാ മനോഭാവം അവയിലും ഉള്ളതുകൊണ്ടാണ്. ഈഴവര്‍ പലപ്പോഴും അതില്‍ത്തന്നെ മെരുക്കപ്പെട്ടതുകൊണ്ടാണ് അവര്‍ക്കും അതൊരു പ്രശ്നമായി തോന്നാത്തത്. സവർണ സമുദായങ്ങൾ, താക്കോല്‍ സ്ഥാനങ്ങള്‍ക്കു വേണ്ടി വാദിക്കുകയും വിജയിക്കുകയും ചെയ്യുമ്പോള്‍ ഈഴവരില്‍ ചിലര്‍ നക്കാപ്പിച്ചകളില്‍ തൃപ്തരാവുകയാണ്.

ഇത്തരമൊരു അവസ്ഥ രൂപപ്പെട്ടതില്‍ അഖിലേന്ത്യാ രാഷ്ട്രീയത്തോടൊപ്പം, കേരളത്തിൽ രൂപം കൊണ്ട മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് അവര്‍ണ ജനത കടന്നു വരാതെ വഴിതിരിച്ചുവിടപ്പെട്ടതും മറ്റു ചില കാര്യങ്ങളും എല്ലാം കാരണമായിട്ടുണ്ട്. അതിലൊന്ന് 1946 -ലെ പുന്നപ്ര-വയലാര്‍ സംഭവമാണ്. നിവര്‍ത്തന പ്രക്ഷോഭത്തിലും തുടര്‍ന്നുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളിലും ഈഴവ ജനത ഏകദേശം ഒന്നായി നീങ്ങിയെങ്കില്‍ പുന്നപ്ര-വയലാര്‍ സംഭവത്തോടെ രാഷ്ട്രീയമായി ഒന്നായി നീങ്ങാന്‍ കഴിയാത്ത വിധം പിളരുകയും അവരിൽ വികസന വിരുദ്ധവും മൂലധന വിരുദ്ധവുമായ ഒരു മനോഭാവം സൃഷ്ടിക്കപ്പെടുകയും ചെയ്തു. കേരളത്തിന്‍റെ നിരത്തുകളില്‍ ഓട്ടോറിക്ഷകള്‍ ഓടാന്‍ തുടങ്ങിയപ്പോള്‍, സൈക്കിള്‍ റിക്ഷക്കാരുടെ തൊഴില്‍ പോകുമെന്നു പറഞ്ഞ് ഓട്ടോ തല്ലിത്തകര്‍ത്ത തൊഴിലാളി വിരുദ്ധ  മനോഭാവമാണതു സൃഷ്ടിച്ചത്. രാഷ്ട്രീയവും-സാമ്പത്തികവുമായ യാതൊരു സ്വയം വിമര്‍ശനവും നാളിതുവരെ അവര്‍ നടത്തിയിട്ടുമില്ല. ശ്രീനാരായണ പൈതൃകം പിന്‍തുടരുന്നതു തങ്ങളാണെന്നു ഇന്നും വീമ്പു പറയുന്നു, ഈഴവര്‍ തലകുലുക്കുന്നു.

“ബ്രിട്ടീഷുകാരില്‍ നിന്നു സ്വാതന്ത്ര്യം കിട്ടാന്‍ എട്ടുമാസം അവശേഷിക്കുമ്പോഴാണ് പുന്നപ്ര-വയലാര്‍ സമരം നടത്തുന്നത്. തങ്ങള്‍ ഇന്ത്യ വിടുകയാണെന്ന് അപ്പോഴേക്കും ബ്രിട്ടീഷുകാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. അധികാര കൈമാറ്റത്തെപ്പറ്റി ചര്‍ച്ച നടന്നുകൊണ്ടിരിക്കെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ഈ മനുഷ്യക്കുരുതി എന്തിനായിരുന്നു? സ്വതന്ത്ര തിരുവിതാംകൂര്‍ വാദമുന്നയിച്ച രാജാവിനെതിരെ ആയിരുന്നില്ല സമരം. (1947 ജൂണ്‍ 11 നാണു സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപനം നടന്നത്. പുന്നപ്ര-വയലാര്‍ 1946 ലും) അന്നു കല്‍ക്കട്ട തീസ്സിസ്സും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന പ്രശ്നങ്ങളാവട്ടെ, സമരം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ടി.വി.തോമസും സര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇത്തരം സാഹചര്യത്തില്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷിത്വം എസ്.എന്‍.ഡി.പി.യോഗത്തെ നിര്‍വീര്യമാക്കുകയായിരുന്നു ഇ.എം.എസിന്‍റെയും കൂട്ടാളികളുടേയും ഒരു പ്രധാന ലക്ഷ്യം.” (3)

ഇത്തരത്തില്‍ രാഷ്ട്രീയമായി പിളര്‍ന്നു പോയ ഈഴവ ജനത, പിന്നീടൊരിക്കലും മേല്‍ക്കൈ നേടാതിരിക്കാനുള്ള മറ്റു ചില കാര്യങ്ങളും ചെയ്തിരുന്നു. 1947-ല്‍ ഇന്ത്യ സ്വതന്ത്ര്യമായെങ്കിലും കേരളം രൂപപ്പെടാന്‍ പിന്നെയും പത്തുവര്‍ഷത്തോളമെടുത്തു. ഇതിനിടയില്‍ സംഭവിച്ച കാര്യങ്ങളും പഠന വിഷയമാക്കേണ്ടതാണ്. നാടാര്‍ സമുദായത്തെ പിളര്‍ത്തി രണ്ടു സംസ്ഥാനങ്ങളിലായി ദുര്‍ബലപ്പെടുത്തി എന്നതാണ് ആ ചരിത്രം. വൈകുണ്ഠ സ്വാമിയും നാടാര്‍ സമുദായവും ഈഴവ ജനതയും ഒന്നിച്ചൊരു രാഷ്ട്രീയ ദേശത്തു നിന്നാലുണ്ടാകുന്ന അവസ്ഥയെ മറികടക്കുകയായിരുന്നു സവര്‍ണ മേല്‍കൈ രാഷ്ട്രീയത്തിന്‍റെ ഉദ്ദേശ്യം.
ഈഴവ-നാടാര്‍-തിയ്യ-ദലിത് ജനത ഒരു ദേശസമൂഹത്തില്‍, രാഷ്ട്രീയ സമത്വത്തില്‍ വരാതിരിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നിവര്‍ത്തന പ്രക്ഷോഭത്തിനു ശേഷം പുന്നപ്ര-വയലാര്‍ വിഭജനത്തോടെയും, നവോത്ഥാന രാഷ്ട്രീയത്തെ അട്ടിമറിച്ചുണ്ടാക്കിയ ഐക്യകേരളത്തിലൂടെയും ഈഴവ ജനതയുടെ പതനത്തിന്‍റെ രാഷ്ട്രീയ ഭൂപടം വരയ്ക്കപ്പെട്ടു കഴിഞ്ഞിരുന്നു.

അയ്യങ്കാളി

മലയാളി മെമ്മോറിയലില്‍ ഡോ.പല്‍പ്പുവിനെ ഉപയോഗിച്ചുപേക്ഷിച്ചു (use and throw) സൃഷ്ടിച്ച സവര്‍ണ രാഷ്ട്രീയാടിത്തറയിലാണു കേരള ഭരണചക്രം സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ സാമൂഹിക നീതിയും നിഷേധിക്കപ്പെട്ടു. സാമൂഹിക നീതിയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമുദായാടിസ്ഥാനത്തിലുള്ള സംവരണം തന്നെയാണ്. സംവരണം പലരൂപത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. മെറിറ്റില്‍ വരുന്ന സംവരണീയരെ സംവരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതു വഴി യാഥാര്‍ത്ഥത്തില്‍ സംവരണത്തില്‍ വരേണ്ടവര്‍ തഴയപ്പെടുകയാണ്. സംവരണീയരിലെ മെറിറ്റ് അട്ടിമറിയാണത്. ഒരു വെടിക്കു രണ്ടു പക്ഷി. അണ്‍എയ്ഡഡ് മേഖലയിലും സ്വകാര്യ മേഖലയിലും സംവരണം പാലിക്കപ്പെടുന്നില്ല. വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യാതെയും കരാര്‍ വ്യവസ്ഥ നടപ്പാക്കിയും സംവരണം പരിമിതപ്പെടുത്തിക്കൊണ്ടിരുന്നു. സവര്‍ണജാതികള്‍ക്ക് ഭരണഘടനാ വിരുദ്ധമായിപ്പോലും കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ സര്‍ക്കാര്‍ മഹാമനസ്സു കാണിക്കുകയാണ്. ദേവസ്വം ബോര്‍ഡിലെ നിയമനം പി.എസ്.സി.ക്കു വിടും എന്നതു വെറും തട്ടിപ്പു മാത്രമായിരുന്നു. ജി.സുധാകരനെ മാറ്റി കടന്നപ്പള്ളി രാമചന്ദ്രനെ ദേവസ്വം മന്ത്രിയാക്കിയ കഴിഞ്ഞ കാലചരിത്രം നമ്മുടെ മുമ്പിലുണ്ട്. ഇപ്പോഴും രാജവാഴ്ചക്കാലത്ത് ഉണ്ടാക്കിയ ബോര്‍ഡ് പ്രാതിനിധ്യം മാത്രമേ പിന്‍തുടരുന്നുള്ളൂ. ജനാധിപത്യ സര്‍ക്കാരുകള്‍ വന്നിട്ടും സ്ഥിതി അതുതന്നെ. ജനാധിപത്യപരമായി തീരുമാനിക്കുക എന്നു പറഞ്ഞാല്‍ നീതി നിഷേധിക്കുക എന്നായിരിക്കുന്നു അര്‍ത്ഥം. സംവരണത്തില്‍ ക്രീമിലേയറും മറ്റു സാമ്പത്തിക മാനദണ്ഡവും കൊണ്ടുവന്നു തുരങ്കം വച്ചുകൊണ്ടേയിരിക്കുന്നു. ഈ നീതി നിഷേധത്തിനെതിരെ ചുവടുവയ്ക്കാന്‍ ഈഴവ സമുദായത്തിനു കഴിയുന്നില്ല. വെറും പ്രസ്താവനകള്‍ നടത്തിയിട്ടെന്തു കാര്യം?

ബ്രിട്ടീഷുകാരില്‍ നിന്നു സ്വാതന്ത്ര്യം കിട്ടാന്‍ എട്ടുമാസം അവശേഷിക്കുമ്പോഴാണ് പുന്നപ്ര-വയലാര്‍ സമരം നടത്തുന്നത്. തങ്ങള്‍ ഇന്ത്യ വിടുകയാണെന്ന് അപ്പോഴേക്കും ബ്രിട്ടീഷുകാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. അധികാര കൈമാറ്റത്തെപ്പറ്റി ചര്‍ച്ച നടന്നുകൊണ്ടിരിക്കെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ഈ മനുഷ്യക്കുരുതി എന്തിനായിരുന്നു? സ്വതന്ത്ര തിരുവിതാംകൂര്‍ വാദമുന്നയിച്ച രാജാവിനെതിരെ ആയിരുന്നില്ല സമരം. (1947 ജൂണ്‍ 11 നാണു സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപനം നടന്നത്. പുന്നപ്ര-വയലാര്‍ 1946 ലും) അന്നു കല്‍ക്കട്ട തീസ്സിസ്സും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന പ്രശ്നങ്ങളാവട്ടെ, സമരം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ടി.വി.തോമസും സര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇത്തരം സാഹചര്യത്തില്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷിത്വം എസ്.എന്‍.ഡി.പി.യോഗത്തെ നിര്‍വീര്യമാക്കുകയായിരുന്നു ഇ.എം.എസിന്‍റെയും കൂട്ടാളികളുടേയും ഒരു പ്രധാന ലക്ഷ്യം.

വളരെ പ്രധാനപ്പെട്ട ചില സംഗതികള്‍ കൂടി അറിഞ്ഞിരിക്കണം. എന്തുകൊണ്ടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ദലിത് സമുദായ സംഘടനകള്‍ ഉണ്ടാക്കി അവരെ പിളര്‍ത്തി നിര്‍ത്തിയിരിക്കുന്നത്? സവര്‍ണജാതികളുടെ ഇടയില്‍ നിന്ന് എന്തുകൊണ്ടാണ് ഓരോ രാഷ്ട്രീയ പോഷക സമുദായ സംഘടന ഉണ്ടാകാത്തത്? എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളുടെയും തീരുമാനം എടുക്കുന്ന കീപോയിന്‍റില്‍ അവര്‍ ഉണ്ട്. അതുകൊണ്ട് പ്രത്യേകം സംഘടന ഉണ്ടാക്കേണ്ട കാര്യമില്ല. ഉയര്‍ന്ന ജാതികളുടെ ഇടയില്‍ പിളര്‍പ്പ് ഇല്ലാതിരിക്കുമ്പോള്‍ താഴേക്കു വരുംതോറും അതു കൂടിക്കൂടി വരുന്നു. ഇതു ജാതിവ്യവസ്ഥിതിയുടെ അനന്തര ഫലവും വിഘടനത്തിന്‍റെ സവര്‍ണ തന്ത്രവുമാണ്.

ടി.കെ. മാധവന്‍

ഈഴവ സമുദായത്തിനകത്തെ ജനാധിപത്യവും തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ്. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവിന്‍റെ ആശയത്തിനു പകരം, ‘ജാതിവേണ്ട, മതംവേണ്ട, ദൈവംവേണ്ട മനുഷ്യന്’ എന്നു പറയുന്നവര്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഗുരുവിന്‍റെ കാലത്തു കഴിഞ്ഞിരുന്നു. ഈഴവര്‍ ഹിന്ദുവായി നില്‍ക്കണം എന്നു പറയുമ്പോള്‍ത്തന്നെ അതിനെ എതിര്‍ക്കുന്നവര്‍ക്കും ‘ഈഴവര്‍ സ്വതന്ത്ര സമുദായമാണ്’ എന്നു പറയുന്നവർക്കും ഒന്നിച്ചു നില്‍ക്കാവുന്നതായിരുന്നു ഈഴവ സമുദായത്തിന്‍റെ കരുത്ത്. ഒരു കാലത്ത് ഈഴവര്‍ക്ക് സമൂഹത്തിന്‍റെ മുന്‍നിരയിലേക്കു കടന്നുവരാന്‍ കഴിഞ്ഞതും അതുകൊണ്ടു തന്നെയാണ്. ഇന്നു സ്ഥിതിയാകെ മാറിയിരിക്കുന്നു. ജനാധിപത്യം എന്താണെന്നു പോലും ആര്‍ക്കും അറിയില്ല. ഗുരുവിന്‍റെ മാനവികതയ്ക്കു പകരം വര്‍ഗീയ വിഷം നിറഞ്ഞവരായി മാറിക്കൊണ്ടിരിക്കുന്നു. ആത്മീയ മൂല്യങ്ങളും സന്ന്യാസ മൂല്യങ്ങളും തകര്‍ന്നിരിക്കുന്നു. ഈഴവര്‍ ഇന്നത്തെ സമൂഹത്തിന്‍റെ പിന്നിലായിക്കൊണ്ടിരിക്കുന്നു.

ഗുരുവിന്‍റെ മാനവികത നിറഞ്ഞ ആത്മീയതയും സാമൂഹിക പരിഷ്കരണ ബോധവും തമസ്ക്കരിക്കപ്പെട്ടു. ഈഴവരിലെ മൂലധന ശക്തികളെ ദിശ മാറ്റി സമുദായത്തെ രാഷ്ട്രീയമായി പിളര്‍ത്തി. സമുദായത്തിനുള്ളില്‍ ജനാധിപത്യം തകര്‍ന്നു. സംവരണം പോലുള്ള സാമൂഹിക നീതിയും അട്ടിമറിക്കപ്പെടുന്നു. നവോത്ഥാന മൂല്യങ്ങളോരോന്നും അവഗണിക്കപ്പെട്ടു. എന്തിനും ഏതിനും പണം മാത്രമാണു ചിന്ത. സമൂഹം മൊത്തത്തില്‍ ദുഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈഴവര്‍ നോക്കുകുത്തികളാകുന്നു. ഉന്നതാധികാര രംഗത്തോ ശാസ്ത്രനേട്ടങ്ങളുടെ മുന്നിലോ സാഹിത്യ-സര്‍ഗാത്മക നേതൃത്വത്തിലോ ചരിത്രബോധവും മാനവിക മൂല്യങ്ങളും ഇല്ലാത്ത പരമ ദയനീയമായ സ്ഥിതിയാണുള്ളത്. പ്രതിസന്ധി എന്നല്ല ഇതിനെ വിളിക്കേണ്ടത്, പതനം എന്നാണ്. ഗുരുവിന്‍റെ ദുഃഖം ഇതായിരുന്നിരിക്കണം. ഈഴവ സമുദായം ആപാദചൂഢം തകരുമ്പോള്‍, അതിന്‍റെ നേതൃത്വം വഹിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ ചരിത്രപരമായ ദൗത്യം ഏറ്റെടുക്കുകയല്ല, മറിച്ച് സ്വാര്‍ത്ഥമോഹങ്ങളുടെയും ഹൈന്ദവ മതത്തിന്‍റെയും വീണ വായിക്കുകയാണ്. അവസരവാദത്തിന്‍റെ ഉത്തമ മാതൃകയായിരിക്കുന്നു വെള്ളാപ്പള്ളി നടേശന്‍. മൈക്രോ ഫൈനാന്‍സ് തട്ടിപ്പുകേസുകള്‍ വി.എസ്.അച്യുതാനന്ദന്‍ മേശപ്പുറത്തു വച്ചപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ പിണറായി പൂജ ആരംഭിച്ചു. കേരളത്തില്‍ ബി.ഡി.ജെ.എസ്സിനു ചില പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞ് ഇടതുപക്ഷത്തെ തണുപ്പിക്കുന്നു. കേന്ദ്ര അന്വേഷണങ്ങളെ ഭയന്ന് അമിത്ഷായുടെ കാലു തിരുമ്മുന്നു. ഇനി കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് വന്നാല്‍ രാഹുല്‍ഗാന്ധിയുടെയും കാലു തിരുമ്മും. ഈഴവ സമുദായത്തിന്‍റെ വിഴുപ്പായി ഈ നേതൃത്വ കൂട്ടാളികള്‍ മാറി. ഈഴവ സമുദായ ചരിത്രത്തിലെ കറുത്ത ഏടാണിത്. “മോളു വെളുമ്പി, അമ്മ കറുമ്പി” എന്നു പറയുമ്പോലെ അച്ഛനും മകനും നാടകമാടുകയാണ്. ഈഴവ സമുദായത്തിനകത്തെ ജനാധിപത്യത്തെ തകര്‍ത്തു വാരിയിരിക്കുന്നു ഇവര്‍. യൂണിയനുകള്‍ പിരിച്ചുവിട്ടു സമുദായത്തെ ദുര്‍ബലപ്പെടുത്തുന്നു. സമുദായത്തിനകത്തെ ജനാധിപത്യം എന്നത് വെള്ളാപ്പള്ളിയുടെ ഔദാര്യം മാത്രമായിരിക്കുന്നു. ശ്രീനാരായണ ഗുരു ഉയര്‍ത്തിക്കൊണ്ടുവന്ന മൂല്യബോധങ്ങളും മാനവീകതയുമെല്ലാം തകര്‍ന്നടിഞ്ഞു. സാഹോദര്യം, മതേതരം, മാനവികത, ആത്മീയ സ്വാതന്ത്ര്യം എന്നെല്ലാമുള്ള തുഴ, ചവിട്ടി ഒടിക്കപ്പെട്ടിരിക്കുന്നു. “എന്‍റെ ശവകുടീരത്തില്‍ ഒരു ഈഴച്ചെമ്പകം നടണം. അതിന്‍റെ വേരുകളിലൂടെ പൂക്കളായി ഞാന്‍, എന്‍റെ സമുദായത്തിന്‍റെ വരും തലമുറ വളര്‍ന്നു വലുതാകുന്നതു കണ്ടുകൊണ്ടിരിക്കും” എന്ന ഡോ.പല്‍പ്പുവിന്‍റെ സ്വപ്നം എവിടെ? ഈഴവ സമുദായത്തിന്‍റെ പരമ ദയനീയമായ ഇന്നത്തെ സ്ഥിതി മാറേണ്ടതാണ്. അവർ മൊത്തത്തില്‍ ചെന്നുപെട്ടിരിക്കുന്ന തകര്‍ച്ചകളെ വിലയിരുത്താന്‍ പ്രാപ്തിയുള്ള, ചരിത്രപരമായ കടമ നിര്‍വഹിക്കാന്‍ കഴിയുന്ന നേതൃത്വം ഈഴവ സമുദായത്തിനുണ്ടാകേണ്ടിയിരിക്കുന്നു. അതാണു കാലം ആവശ്യപ്പെടുന്നത്. ഈ പതനത്തില്‍ നിന്നു കരകയറുക തന്നെ വേണം.

 

  • 1. ഡോ.ടിഭാസ്ക്കരന്‍ ശ്രീനാരായണ ഗുരു വൈഖരി' 2010 പുറം 132.
  • 2. സുനിതികുമാര്‍ ഘോഷ് -'ഇന്ത്യന്‍ വന്‍കിട മുതലാളിവര്‍ഗം ഉത്ഭവവും വളര്‍ച്ചയും സ്വഭാവവും' പുസ്തക പ്രസാധകസംഘം 1990-പുറം 232.
  • 3. ഡോ.എം.എസ്.ജയപ്രകാശ്, മാധ്യമം -2001 ഒക്ടോ.ബുധന്‍
Top