ഇസ്‌ലാമും ബ്ലാക്ക് ഓറിയന്റലിസവും : ഷെർമൻ ജാക്സനെ വായിക്കുമ്പോൾ

വിവിധ ആശയങ്ങൾ കൂടിക്കലർന്ന ദലിത്-മുസ്‌ലിം സംവാദങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു അലിഗറി ആയി വായിക്കുമ്പോഴാണ് ആഫ്രോ-അമേരിക്കൻ മുസ്ലിംങ്ങളുടെ ചരിത്രത്തെ അടുത്തറിയുന്നതിനപ്പുറം ഒരു ഇന്ത്യൻ വായനക്ക് ഈ ഗ്രന്ഥം പ്രസക്തമാകുന്നത്.

സാമൂഹികശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ഇബ്നു ഖൽദൂന്റെ വിഖ്യാതമായ ഗ്രന്ഥമാണ് മുഖദ്ദിമ. മുട്ടാണിശ്ശേരിൽ കോയാക്കുട്ടി മൗലവിയുടെ മലയാള വിവർത്തനത്തിന് വൈക്കം മുഹമ്മദ് ബഷീർ, “മനുഷ്യചരിത്രത്തിന് ഒരാമുഖംഎന്നു പേരിട്ട ഗ്രന്ഥം. സദ്ദാം ഹുസൈൻ തന്റെ ജയിൽ ജീവിതകാലത്തും ഫേസ്ബുക്കിന്റെ മാർക്ക് സുക്കർബർഗ് തന്റെ അവധിക്കാലത്തും വായിക്കാനെടുത്തിരുന്നു എന്നതാണ് മുഖദ്ദിമയുടെ, കാലാതിവർത്തിയായ ജനകീയതയെ കുറിക്കുന്ന, അടുത്ത കാലത്തു പ്രചരിപ്പിക്കപ്പെട്ട രണ്ടു വർത്തമാനങ്ങൾ.

ഷെർമൻ ജാക്സന്റെ ഇസ്‌ലാം ആന്‍ഡ്  ദ ബ്ലാക്കമേരിക്കനില്‍  മുഖദ്ദിമയിലെ, പ്രാക്തന വംശീയ സ്വഭാവമുള്ള രണ്ട് ഉദ്ധരണികൾ വരുന്നുണ്ട്. കറുത്തവരെ മനുഷ്യരായി ഗണിക്കാനാവുന്നതല്ല എന്നും മെഡിറ്ററേയിനൻ പ്രദേശത്തെ മിതോഷ്‌ണ കാലാവസ്ഥയിൽ നിന്നു് അകന്നു കഴിയുന്നതിനാൽ നാഗരികതയുടെ സദ്ഗുണമൊന്നും അവർക്ക് ഏശിയിട്ടില്ലെന്നുമാണു മുഖദ്ദിമയിലെ ഉദ്ധരണി. രണ്ടാമത്തേത് അത്ര നിഷേധാത്മക സ്വഭാവത്തിലുള്ള പ്രസ്താവനയല്ല. മുരടിച്ച (sedentary) നാഗരിക ജീവിതത്തേക്കാൾ അനിശ്ചിതത്വം നിറഞ്ഞ ബദവിനാടോടി ജീവിതം ചരിത്രത്തിന്റെ ഗതി നിർണയിക്കുന്നു എന്നത് മുഖദ്ദിമയിലെ സുപ്രധാനമായ പ്രമേയമാണ്.

Islam and the Blackamerican: Looking Toward the Third Resurrection, Sherman A. Jackson, Oxford University Press

കറുത്തവരുടെ അനുഭവത്തിൽ നിലനിൽക്കുക്കുകയും നിഴൽ പോലെ കൂടെ നടക്കുകയും ചെയ്ത വംശീയതയെ, വിശേഷിച്ചും അറ്റ്ലാന്റിക്കിനപ്പുറത്തേക്കു പറിച്ചു നട്ട അടിമവ്യവസ്ഥയുടെ തുടർച്ചയായി വ്യവസ്ഥപ്പെടുത്തുകയും ദൈനംദിന വ്യവഹാരങ്ങളിൽ നിലനിർത്തപ്പെടുകയും ചെയ്ത വംശീയതയെ, ആ ചരിത്രമുഹൂർത്തത്തിന്റെ പൂർവകാലത്തുണ്ടായ ആഖ്യാനങ്ങളിൽ നിന്നു വേർപെടുത്തി മനസ്സിലാക്കണം എന്നതാണു ജാക്സന്റെ അഭിപ്രായം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ബ്ളാക് അമേരിക്കൻ ജീവിത യാഥാർഥ്യത്തോടു പൂരകമായ, ഇസ്‌ലാമിന്റെ (Islam appropriated by the Blackamericans) സങ്കീർണമായ ചരിത്രദശയിൽ പലപ്പോഴും പ്രത്യക്ഷമായ, ഖൽദൂന്റേതു പോലുള്ള ആഖ്യാനത്തെ, വെളുത്തവരുടെ വംശീയതയുമായി സമീകരിച്ചു കൊണ്ട് ഇസ്‌ലാം മറ്റൊരു ചർച്ച്ണെന്ന ധാരണ പരത്തുന്ന വ്യവഹാരങ്ങളെ ജാക്സൺ സംശയത്തോടെ മാറ്റി നിർത്തുന്നുണ്ട്. ബ്ളാക് ഓറിയന്റലിസം എന്നാണ് അദ്ദേഹം അത്തരം വ്യവഹാരങ്ങളെ വിശേഷിപ്പിക്കുന്നത്.

വൈക്കം മുഹമ്മദ്‌ ബഷീര്‍

ബ്ളാക് ഓറിയന്റലിസം എന്നത് ഖൽദൂനോടും മറ്റു പ്രാഗ് വംശീയതകളോടുമുള്ള ക്രിയാത്മകമായ വിമർശനമോ അകൽച്ചയോ അല്ല. ഖൽദൂനെതിരേ ഹിപ്ഹോപ് സംഗീതങ്ങൾ, ബ്ളോഗെഴുത്തുകൾ എന്നിവ കറുത്തവർക്കിടയിൽ ജനകീയമാണ്. ഫ്രഞ്ച് ഓറിയന്റലിസ്റ്റുകളുടെ കൃതികളെ ആശ്രയിച്ചു കൊണ്ട് ഖൽദൂന്റെ കാലാവസ്ഥാ സംബന്ധമായ നിരീക്ഷണങ്ങളെ വിമർശിക്കുന്ന ക്ളയർ ഡ്രേകിന്റെ Black Flocks Here and There(ബ്ലാക് ഫ്ലോക്സ് ആന്‍ഡ് ദേര്‍)  പോലും ബ്ളാക് ഓറിയന്റലിസമല്ല എന്നു ജാക്സൺ പറയുന്നു. കുറേക്കുടി മുൻധാരണകളാൽ നിർണയിക്കപ്പെടുന്ന ഇസ്‌ലാമിക വിമർശനമാണു ബ്ളാക് ഓറിയന്റലിസ്റ്റുകളുടേത്. Black Orientalists, in other words, tend to see only what they are looking for. ഖൽദൂനെപ്പോലെ ഇസ്‌ലാമിലെ പ്രതിഭാശാലികൾ കറുത്തവരെക്കുറിച്ചു പറഞ്ഞതു കേട്ടില്ലേ, പിന്നെയെന്തിനാണ് അവർ ഇസ്‌ലാമിലേക്കു പോകുന്നത്, എന്ന സാമാന്യവത്കരിക്കപ്പെട്ട പ്രസ്താവനയാണത്. ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങളാൽ പ്രചോദിതരായ ഫെമിനിസ്റ്റുകളും ആക്റ്റിവിസ്റ്റുകളും ഇസ്‌ലാമിനോട് അനുഭാവം പുലർത്തുന്ന ഫെമിനിസ്റ്റുകളോടും ഇസ്‌ലാമിക ഫെമിനിസ്റ്റുകളോടും ദലിത് ചിന്തകരോടും പ്രവർത്തകരോടും ഒക്കെ പറയുന്നതു പോലെ.

എൻമെഷ്മെന്റ് (enmeshment) എന്നാൽ വലയിൽ കുടുങ്ങുക . ആലങ്കാരികമായി പറഞ്ഞാൽ, ചരിത്രത്തിന്റെയും നിലനിൽക്കുന്ന, പ്രബലമായ ധൈഷണിക ആഖ്യാനങ്ങളുടെയും അതിസങ്കീർണമായ ശ്രേണികളിൽ നിന്നു പുറത്തുവരാനാകാതെ അകപ്പെട്ടു പോകുക. അപ്രകാരം പുറത്തുവരുന്നതു മുഴുവൻ, ജ്ഞാന മിത്തുകളുടെ മേധാവിത്തപരമായ സാധാരണതയെ വെല്ലുവിളിച്ചു കൊണ്ടും ചോദ്യം ചെയ്തു കൊണ്ടുമാണ്. തനിക്കു ചുറ്റും വീശിയിട്ടിരിക്കുന്ന ജ്ഞാനാധികാരത്തിന്റെ വലക്കണ്ണികളിൽ നിന്നു കുതറി മാറുന്ന ഇബ്നു ഖൽദൂന്റെ ധൈഷണിക ഉദ്യമത്തെ മാനിച്ചു കൊണ്ടാണ് ജാക്സൺ അദ്ദേഹത്തിന്റെ സാമൂഹിക ശാസ്ത്രചിന്തയിലെ പ്രതിലോമപരമായ നിരീക്ഷണങ്ങളെ ചോദ്യം ചെയ്യുന്നത്.

ഖൽദൂന്റെ കാലത്തു നിലനിന്ന നരവംശശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ വ്യവഹാരങ്ങളെ ചോദ്യം ചെയ്തു കൊണ്ടാണ് തന്റെ ബദൽ വംശനിരീക്ഷണങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്നതെന്ന വസ്തുത ജാക്സൺ അംഗീകരിക്കുന്നുണ്ട്. കറുത്ത ദേശത്തെക്കുറിച്ചുള്ള സത്താവാദപരമായ (essentialist) വ്യവഹാരങ്ങൾ പലതും അക്കാലത്തു പ്രബലമായിരുന്നു. ഉദാഹരണമായി, തന്റെ പേടകത്തിൽ കയറാതെ പോയ ഹാമിനെ, നോഹ ശപിച്ചുവെന്നും അവന്റെ പിൻഗാമികൾക്ക് അടിമകളായി ജീവിക്കുവാനുള്ള വിധിയുണ്ടായെന്നും പഴയനിയമത്തെ ആധാരമാക്കിയുള്ള ചരിത്രനിയോഗപരമായ (historiodicy) സങ്കൽപ്പനങ്ങൾ സ്പെയ്നിൽ പ്രചാരത്തിലുണ്ടായിരുന്നു. കറുത്ത അടിമകൾ ഹാമിന്റെ രക്തപരമ്പരയായിരുന്നുവത്രേ. അത്തരം തീർപ്പുകളെ വിമർശിച്ചു കൊണ്ടാണ് ഖൽദൂന്റെ കാലാവസ്ഥാ പഠനം പുറത്തുവരുന്നത്. കറുപ്പുവെളുപ്പു ഭേദം അക്കാലത്തെ ചരിത്രപരവും സാമൂഹികശാസ്ത്രപരവുമായ പ്രമേയമായിരുന്നു. ഖൽദൂൻ പറയുന്നു:

മുട്ടാണിശ്ശരിൽ കോയാക്കുട്ടി മൗലവി

ദക്ഷിണദിക്കിലുള്ള നീഗ്രോകളെ മുഴുവനും ഹാമിന്റെ സന്തതികളായുംഉത്തരദിക്കുകാരെ മിക്കവരെയും യാഫിഥയുടെ സന്തതികളായുംസന്തുലിത കാലാവസ്ഥയുടെ പ്രദേശങ്ങളിലെ ജനങ്ങളിൽ മിക്കവരെയും ഷെമിന്റെ സന്തതികളായും നരവംശശാസ്‌ത്രജ്ഞർ വച്ചു. ഇവരുടെ ഈ വംശാവലി യാദൃഛികമായി അവരുടെ നിഗമനവുമായി ഒത്തുവന്നാൽപ്പോലും യുക്തിസഹമായ ഒരു വാദഗതിയല്ല. ജനതകൾ തമ്മിലുള്ള വ്യത്യാസം അവരുടെ വംശാവലി ഒന്നുകൊണ്ടുമാത്രമാണു സംഭവിക്കുകയെന്ന അവരുടെ വിശ്വാസമാണ് ഈ അബദ്ധത്തിനു കാരണം. ” (മുഖദ്ദിമ, വിവ: മുട്ടാണിശ്ശരിൽ കോയാക്കുട്ടി മൗലവി, ഡിസി ബുക്സ്, കോട്ടയം). മഹ്മൂദ് മംദാനിയുടെ Reading Ibn Khaldun in Kambala (റീഡിങ് ഇബ്നു ഖല്‍ദൂന്‍ ഇന്‍ കംബാലഎന്ന മോണോഗ്രാഫിൽ ഖൽദൂന്റെ വംശസിദ്ധാന്തങ്ങൾക്ക് ആധുനിക വംശശാസ്ത്ര നിരീക്ഷങ്ങളിൽ നിന്നുള്ള ഭേദങ്ങളെപ്പറ്റി വിശദീകരിക്കുന്നുണ്ട്.

ഖൽദൂന്റെ വംശീയ നിരീക്ഷണങ്ങൾ പ്രശ്നപരമല്ല എന്നല്ല. ഷെർമൻ ജാക്സൺ പറയുന്നു: Race, in other words, was simply not Ibn Khaldu¯n’s thing. And one must ask why the history of race relations in America must serve as the only prism through which his statements can be understood. അമേരിക്കയിലെ വംശബന്ധങ്ങളുടെ കണ്ണാടിയിലൂടെ ഇബ്നു ഖൽദൂന്റെ നിരീക്ഷണങ്ങളെ നോക്കിക്കാണുന്നതിന്റെ പ്രശ്നമാണു ബ്ളാക് ഓറിയന്റലിസമായി മാറുന്നത്. ജാക്സൺ അനുബന്ധമായി പറയുന്ന മറ്റൊരു കാര്യമുണ്ട്.

മധ്യകാലത്തെ ഇസ്‌ലാമിക നിയമവ്യവഹാരങ്ങളിലും മറ്റും കറുത്തവരെക്കുറിച്ചുള്ള മുൻവിധികളും സത്താവാദപരമായ തീർപ്പുകളും നിറഞ്ഞിരുന്നു. ഏതൊരു മാപ്പുസാക്ഷി ന്യായീകരണത്തെയും തള്ളിക്കളയുന്ന വിധം ശക്തമായ വ്യവഹാരങ്ങളായിരുന്നു അത്. പക്ഷേപ്രായോഗിക ജീവിതത്തിൽ (empirical realm) അത്തരം മുൻവിധികൾക്കു വിരുദ്ധമായ അനുഭവങ്ങളും നിലനിനിന്നിരുന്നു. ജാക്സൺ പറയുന്നു: “അമേരിക്കയിൽ സിവിൽ അവകാശ പ്രസ്ഥാനങ്ങൾ കടന്നുവരുന്നതിന് ഏഴു നൂറ്റാണ്ടുകൾക്കു മുന്‍പു് മംഗോളിയർ ബാഗ്ദാദ് നഗരം നശിപ്പിച്ചതിനു ശേഷം, 1260-ൽ ഒരു കറുത്ത മനുഷ്യൻ കെയ്റോവിൽ പ്രത്യക്ഷനായി. അബ്ബാസിയാ രാജവംശത്തിൽ പെട്ടയാളാണു താനെന്ന് അദ്ദേഹം അവകാശപ്പെട്ടു. പണ്ട് തുർക്കിയിലെ അടിമയായിരുന്ന മംലൂക് സുൽത്താൻ, ആഗതന്റെ അവകാശവാദം പരിശോധിക്കാൻ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. വലിയൊരു ആരാധക വൃന്ദത്തിനിടയിൽ വെച്ച് ആഗതന്റെ വംശാവലി തീർപ്പാക്കപ്പെട്ടു. മുസ്തൻഫിർ (പോരാട്ടവീര്യമുള്ളവൻ) എന്ന പേരിൽ ആ കറുത്ത മനുഷ്യൻ അമീറുൽ മുഅമിൻ അഥവാ വിശ്വാസികളുടെ നേതാവ് അഥവാ ഖലീഫ ആയി മാറി. പ്രവാചകൻ മുഹമ്മദിന്റെ താൽക്കാലിക പിന്തുടർച്ചക്കാരനും ലോകമെമ്പാടുമുള്ള മുസ്‌ലിം സമുദായത്തിന്റെ നേതാവുമാണ് അമീറുൽ മുഅമിനീൻ. ഇന്നോളം അമേരിക്കയുടെയോ പ്രമുഖ പടിഞ്ഞാറൻ ജനാധിപത്യ രാഷ്ട്രങ്ങളുടെയോ തലപ്പത്ത് ഒരു കറുത്ത വർഗക്കാരൻ വന്നിട്ടില്ല എന്നു മനസിലാക്കണം. (ഒബാമയുടെ കാലഘട്ടത്തിനു മുന്‍പാണു ജാക്സൺ ഈ പുസ്തകം എഴുതുന്നതെങ്കിലും ഒബാമാനന്തര യുഗത്തിലും ഈ നിരീക്ഷണം പ്രസക്തമാണ്).

ഷെർമൻ ജാക്ക്സണ്‍

1965-നു മുന്‍പ് അമേരിക്കയിലെ ഇസ്‌ലാം മതവിശ്വാസികളിൽ ഭൂരിപക്ഷവും കറുത്തവരായിരുന്നു. Appropriation (തങ്ങളുടേതാക്കി മാറ്റുക) എന്ന വാക്കുപയോഗിച്ചാണ് കറുത്തവരുടെ ഇസ്‌ലാം സ്വീകരണത്തെ ജാക്സൺ വിശദീകരിക്കുന്നത്. അതായത് ഇസ്ളാമിനെ തങ്ങളുടെ ഫോക് അനുഭവങ്ങളോടും ജീവിതത്തോടും, പീഡനം പേറുന്ന സാമൂഹികരാഷ്ട്രീയ അനുഭവങ്ങളോടും രാജിയാക്കുക. ഇസ്‌ലാമിന്റെ മുഖ്യധാരയ്ക്ക് ഫോക് അനുഭവാധിഷ്ഠിതമായ ബ്ളാക് ഇസ്‌ലാമിനോടു രാജിയാകാൻ പറ്റാത്ത സാഹചര്യങ്ങളുണ്ടായിരുന്നു. പക്ഷേ,  തങ്ങളുടെ അനുഭവങ്ങളോടു പുറന്തിരിഞ്ഞ, മുകളിൽ സൂചിപ്പിച്ച ദാർശനിക മുൻവിധികൾ പേറുന്ന തത്ത്വങ്ങളോടു രാജിയാകാൻ കറുത്തവർക്കു കഴിയുകയില്ലല്ലോ. അപ്രകാരം ബ്ളാക് ജീവിതത്തോട് ഉൻമുഖമായ സുന്നി ഇസ്ലാമിനെയാണ് ഒരു പ്രായോഗിക മാതൃകയായി ജാക്സൺ അവതരിപ്പിക്കുന്നത്.

തനിക്കു ചുറ്റും പ്രബലമായ ജ്ഞാനാധികാരത്തിന്റെ വലക്കണ്ണികളിൽനിന്നും കുതറി മാറുന്ന ഇബ്നു ഖൽദൂന്റെ ധൈഷണിക ഉദ്യമത്തെ മാനിച്ചു കൊണ്ടാണ് ഷെർമൻ ജാക്സൺ അദ്ദേഹത്തിന്റെ സാമൂഹിക ശാസ്ത്രചിന്തയിലെ പ്രതിലോമപരമായ അംശങ്ങളെ ചോദ്യം ചെയ്യുന്നത്.

ചർച്ചിൽ കേന്ദ്രീകരിക്കപ്പെട്ട ക്രൈസ്തവതയുടെ ശാഠ്യം മാത്രമല്ല, ഇസ്‌ലാമിന്റെ കറുത്തവർക്കിടയിലെ ജനകീയതയുടെ കാരണം. “ജർമൻ ഓറിയന്റലിസ്റ്റായ കാൾ ബേക്കറിനെപ്പോലുള്ളവർ, കറുത്തവർക്കിടയിൽ ഇസ്‌ലാമിനുണ്ടായ സ്വീകാര്യത ഇസ്‌ലാമിന്റെ അപകർഷതയായി കരുതി. പ്രാകൃത വർഗക്കാരായ ലളിത മനസ്കർക്കു യോജിക്കാത്ത പരിഷ്കൃത മതമാണല്ലോ ക്രൈസ്തവത. കറുത്തവർഗക്കാർക്കു പ്രതീക്ഷിക്കാവുന്ന അങ്ങേയറ്റം, ഇസ്ലാമാണ്.” ഇതു കൂടാതെ, അടിമവൃത്തിക്കും വംശീയതക്കും വേദപുസ്തകങ്ങളിലും പ്രമാണങ്ങളിലുമുള്ള സാധുത (വംശത്തിന്റെ ഉത്പത്തി ഹാമിലേക്ക് ആരോപിച്ചതു പോലെ) കൽപ്പിച്ചു കൊടുക്കുകയായിരുന്നു ഔദ്യോഗിക ക്രൈസ്തവ മതം.

കറുത്തവർക്കിടയിലുള്ള ഇസ്‌ലാമിന്റെ ജനകീയതയെ അപഗ്രഥിക്കുന്ന ആത്മവിമർശനാത്മകമായ കൃതിയാണ് പ്രസിബിറ്റേറിയൻ പുരോഹിതനും, ബ്ളാക് ആക്ടിവിസ്റ്റുമൊക്കെയായ എഡ്വേഡ് വിൽമോട് ബ്ളൈഡന്റെ ക്രിസ്റ്റ്യാനിറ്റി, ഇസ്‌ലാം ആന്റ് നീഗ്രോ റേസ്.” വെള്ളക്കാരായ ക്രിസ്തുമത പ്രബോധകരിലും തന്റെ ചർച്ചിൽപ്പെട്ട വിശ്വാസികളിലും അന്തർലീനമാകുകയും പ്രകടമാകുകയും ചെയ്ത വംശമേധാവിത്വത്തെക്കുറിച്ച് ബ്ളൈഡൻ മുന്നറിയിപ്പു നൽകുന്നുണ്ട്. ഒരു മതത്തെ, കറുത്തവരുടെ സാമൂഹികസ്മൃതിയുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ ക്രിയാത്മകമായി സ്വദേശവത്കരിക്കപ്പെടുത്താവുന്നതാണ് എന്നതിന്റെ മാതൃകയായി ബ്ളൈഡൻ ചൂണ്ടിക്കാണിക്കുന്നത് ഇസ്‌ലാമിനെയാണ്. ആദിമ വിശ്വാസികളും പ്രബോധകരും നേറ്റീവ് വിശ്വാസികളെ മാനസികമായി കോളനിവത്കരിക്കാതെയും രക്ഷാകർതൃത്വം ഏറ്റെടുത്തു കൽപ്പന നടത്താതെയുമാണ് ഇസ്‌ലാം കറുത്തവരെ അഭിസംബോധന ചെയ്തത്.

കുടിയേറ്റ ഇസ്‌ലാം എന്ന പ്രശ്നത്തെ ജാക്സൺ അഭിമുഖീകരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. അമേരിക്കയിലേക്കു കുടിയേറി വന്ന മുസ്ളിംകളെയല്ല ഇവിടെ പരാമർശിക്കുന്നത്. മറിച്ച് വെളുത്തവരുടെ മുഖ്യധാരാ അനുശാസനങ്ങളോടു സമരസപ്പെടുകയും, വംശീയമായ മുൻവിധികൾ നിറഞ്ഞതും ശരിയായ ഇസ്ളാംഎന്ന ചട്ടക്കൂടിനെ (normative) മുൻനിർത്തി മനസ്സിനെയും ജീവിതത്തെയും അധീശപ്പെടുത്തുകയും ചെയ്യുന്ന നിർമിതിയാണു് കുടിയേറ്റ ഇസ്ളാം.

ജാക്സൺ പറയുന്നു: “കുടിയേറ്റ ഇസ്‌ലാം കടന്നുവരുന്നതിനു മുന്‍പ് വിവിധ ഇസ്ലാമിക, പ്രാഗ് ഇസ്‌ലാമിക വിഭാഗങ്ങൾക്കിടയിൽ നിലനിന്ന സംഘർഷങ്ങളെയും അഭിപ്രായവ്യത്യാസങ്ങളെയും തീർപ്പാക്കുന്ന, പ്രാപഞ്ചികമായി അംഗീകരിക്കപ്പെട്ട ഇസ്‌ലാമിക അധികാരഘടന ഉണ്ടായിരുന്നില്ല. കുടിയേറ്റക്കാരായ മുസ്‌ലിംകൾ ഈ പണി ഏറ്റെടുത്തു. ആർക്കും ബ്ളാക് അമേരിക്കക്കാരുടെ മുസ്‌ലിം പദവി ചോദ്യം ചെയ്യാനാവുമായിരുന്നില്ല. അവർ മുസ്ളിംകളല്ലെങ്കിൽപ്പിന്നെ, ആരാണു  മുസ്‌ലിം? എന്നാൽ അമേരിക്കയിൽ മുസ്‌ലിമാണെന്ന് അവകാശപ്പെടുന്നവരുടെ കാര്യത്തിൽ തീരുമാനമെടുക്കുന്ന ഒരു അധികാരകേന്ദ്രം രൂപപ്പെട്ടതു പെട്ടെന്നാണ്.”

ജാക‌സൺ തുടരുന്നു: പിൽക്കാലത്തു കുടിയേറിയ മുസ്‌ലിം വിഭാഗങ്ങൾ കറുത്തവരും അല്ലാത്തവരുമായ മുസ്‌ലിംകളുടെ മേൽ ചട്ടങ്ങളും ചട്ടാനുസാരിയായ തീർപ്പുകളും അടിച്ചേൽപ്പിക്കാൻ തുടങ്ങി. കുടിയേറ്റക്കാരുടെ സങ്കൽപ്പങ്ങളുമായി താദാത്മ്യപ്പെടുന്നതിന്നുസരിച്ച് ബ്ളാക് മുസ്‌ലിംകളുടെ ഇസ്ലാമികതഅളക്കാൻ തുടങ്ങി. അതിനനുസൃതമായി നല്ലതും‘ ‘ശരിയും‘ ‘സുന്ദരവും‘ ‘പ്രധാനപ്പെട്ടതുമൊക്കെ ഉത്ഭവിച്ചത് കറുത്തവരുമായോ അമേരിക്കയുമായോ ബന്ധല്ലാത്ത ഒന്നിൽ നിന്നാണെന്നു വന്നു.

സവിശേഷമായ ഒന്നിനെ പ്രാപഞ്ചികവത്കരിക്കുന്ന പെരുമാറ്റമാണ് കുടിയേറ്റ ഇസ്ളാം. ആധുനിക മുസ്ളിം ലോകത്തെ ചരിത്രാനുഭവങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന ഇസ്ളാമിന്റെ ആവിഷ്കാരങ്ങളെ, ലോകമെമ്പാടുമുള്ള മുസ്ളിംകൾക്ക് അതു മാതൃകയാക്കുന്നു. വ്യത്യാസമൊന്നുമില്ലാത്ത അസ്തിത്വ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള, ലളിതവും മധ്യവർത്തി വിമുക്തവുമായ കാഴ്ചപ്പാടിനെ അവർ, ഇസ്ളാമിനെക്കുറിച്ചുള്ള കുടിയേറ്റ ഇസ്ലാമിന്റെ ധാരണയായി സമീകരിക്കുന്നു. അതുവഴി എല്ലായിടത്തും ശരിയായ ഇസ്ലാമിന് ഒരൊറ്റ രൂപം കൈവരുന്നു. ക്രമേണ, കുടിയേറ്റ ഇസ്ളാമിന്റെ വ്യാഖ്യാനങ്ങളെ, അവ കേവലം വ്യാഖ്യാനങ്ങൾ മാത്രമാണെന്ന വസ്തുതയെ നിരാകരിച്ചു കൊണ്ട് വിമർശനാതീതമായി സ്ഥാപിതമാക്കുന്നു.”

ബ്ളാകമേരിക്കൻ ഇസ്‌ലാമെന്നത് ചുരുക്കത്തിൽ, വെള്ളക്കാരന്റെ വംശമേധം പേറുന്ന മുഴുവൻ തീർപ്പുകളിൽ നിന്നും സ്വന്തം ഫോക് സാമൂഹിക ബോധത്തോട് അനുപൂരകമാകുന്ന, ജീവിതോന്മുഖവും വിമോചനാത്മകവുമായ ഒരു വിശ്വാസവഴക്കമാണ്.

മൂന്നു പുനരുദ്ധാരണങ്ങളിലൂടെയാണു ജാക്സൺ ബ്ളാക് അമേരിക്കൻ ഇസ്ലാമിന്റെ ചരിത്രത്തെ അനാവരണം ചെയ്യുന്നത്. ഇപ്പോൾ നിലനിൽക്കുന്ന മൂന്നാം പുനരുദ്ധാനത്തിന്റെ സവിശേഷതകളും ഭാവിയുമാണു പുസ്തകം വിശകലനം ചെയ്യുന്നത്. Towards a Third Resurrection (റ്റുവേഡ്സ് ഏ തേഡ് റീസറക്ഷന്‍എന്നതാണ് ഉപശീർഷകം.

 

എലിജാ മുഹമ്മദ്‌

അഭിവന്ദ്യനായ എലിജാ മുഹമ്മദ് 1975-ൽ വിടവാങ്ങിയപ്പോൾ അനുയായികൾ അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ, ‘ഒന്നാം പുനരുദ്ധാനംഎന്നു വിളിച്ചു. തങ്ങളുടെ ദാസ്യ മനോഭാവത്തിൽ നിന്ന് ശരിയായ ബ്ളാക് അമേരിക്കൻ സ്വത്വത്തിന്റെ വെളിച്ചത്തിലേക്കുള്ള വിമോചനമായിരുന്നു അക്കാലം. അദ്ദേഹത്തിന്റെ മരണശേഷം, ലൂയി ഫറാഖാന്റെയും ഡബ്ള്യൂ ഡി മുഹമ്മദിന്റെയും നേതൃത്വത്തിനു കീഴിലുള്ള കാലഘട്ടമാണ് രണ്ടാം പുനരുദ്ധാനം. രണ്ടു സമയത്തും, സ്വാധീനശക്തിയും പ്രഭാവവുമുള്ള (charismatic) നേതൃത്വമാണ്, വെളിപാടു വാഖ്യാനിക്കാൻ കഴിയുന്ന, വസ്തുനിഷ്ഠമായ രീതിയല്ല മതപ്രമാണത്തെ രൂപവത്കരിച്ചതും പൊളിച്ചെഴുതിയതും.”

എന്നാൽ, മൂന്നാം പുനരുദ്ധാനത്തിൽ, കരിസ്മാറ്റിക് ആയ നേതൃത്വം അവസാനിച്ചു. “ബ്ളാക് അമേരിക്കൻ സ്വത്വത്തിന് ആധികാരികത നൽകുന്നതു സുന്നി പാരമ്പര്യ ഘടനയാണ്. ഒരു യാഥാർത്ഥ്യമെന്ന നിലയ്ക്ക്; മാതൃക എന്ന നിലയ്ക്കല്ല. ഇതാണു മൂന്നാം പുനരുദ്ധാനത്തിന്റെ കാലം.”

ബ്ളാക്കമേരിക്കൻ ഇസ്ളാമെന്നത് ചുരുക്കത്തിൽ, വെള്ളക്കാരന്റെ വംശമേധം പേറുന്ന മുഴുവൻ തീർപ്പുകളിൽ നിന്നും സ്വന്തം തദ്ദേശീയസാമൂഹിക ബോധത്തോട് അനുപൂരകമായ, ജീവിതോന്മുഖവും വിമോചനാത്മകവുമായ ഒരു വിശ്വാസവഴക്കമാണ്.

സുന്നി എന്ന പദം കൊണ്ട് ജാക്സൺ ഉദ്ദേശിക്കുന്നത്, “ശിയഅല്ലാത്തത് എന്നു മാത്രമാണ്. ശീഇസത്തിന്റെ ശ്രേണീകൃതമായ അധികാര ഘടനയേക്കാൾ വഴക്കമുള്ളതും വൈവിധ്യം നിറഞ്ഞതുമായ താത്ത്വിക നൈയാമിക ഘടനയാണ് സുന്നിസത്തിന്റേത്. ബ്ളാക് അമേരിക്കൻ ശിയാക്കൾ ഇല്ല എന്നല്ല. കൂടുതൽ ബ്ളാക് അമേരിക്കക്കാർക്കും രാജിയാകാൻ പറ്റുന്ന പ്രമാണമാണു സുന്നിസം. അതവരുടെ അനുഭവത്തോടും, വിശ്വാസത്തെ ജീവിതത്തോടു വഴക്കമുള്ളതാക്കാനുള്ള ആഭിമുഖ്യത്തോടും ചേർന്നു നിൽക്കുന്നു.

മാല്‍ക്കം എക്സ്

മൂന്നാം പുനരുദ്ധാനത്തിന്റെ ദിശ വ്യക്തമാക്കിക്കൊണ്ട് ജാക്സൺ മുന്നോട്ടു വെക്കുന്നത് സൂഫിസമാണ്. മാൽകം എക്സിന്റെ രക്തസാക്ഷിത്വത്തിലേക്കു നയിക്കുന്ന വിധം നേഷൻ ഓഫ് ഇസ്ലാമിൽ വന്നു ഭവിച്ച, ഘടനാവത്കരിക്കപ്പെട്ടതും അപരനോടുള്ള സന്ദേഹത്താൽ പ്രചോദിതമായതുമായ വിധേയത്വങ്ങൾ, ബ്ളാക് ഓറിയന്റലിസം പോലുള്ള മുൻധാരണകൾ, edemonism (ക്ഷണികവും ഭൗതികവുമായ ലക്ഷ്യങ്ങളെ മോക്ഷമായി കൂട്ടിക്കുഴക്കൽ/ അല്ലെങ്കിൽ, ഭൂമിയിലെ ദൈവരാഷ്ട്ര സ്ഥാപനത്തെ ഒരേയൊരു വിമോചനമായി തീർപ്പാക്കൽ) തുടങ്ങിയവയിൽ നിന്നുള്ള വിച്ഛേദനമാണ് സൂഫിസം കൊണ്ടു ജാക്സൺ വിവക്ഷിക്കുന്നത്.

എന്നാൽ ഹെലനിസ്റ്റിക്, പേർഷ്യൻ, ഇന്ത്യൻ സ്വധീനങ്ങളുള്ള അദ്വൈതാത്മകമായ മിസ്റ്റികൽ സൂഫിസമല്ല ജാക്സൺ നിർദ്ദേശിക്കുന്നത്. ബ്ളാക് അനുഭവത്തിലും ജീവിതത്തിലും ഉൾച്ചേർന്ന ആത്മീയതയാണ് (imminent spirituality). ന്നാൽ ഉൾച്ചേരലല്ലമിസ്റ്റിക്കൽ സൂഫിസം. അതു വ്യവഹാരാതീതമാണ് (transcendence). “അതായത് ഭൗതികവ്യവഹാരത്തെ അതിജയിക്കുന്ന ശരീരം ആത്മത്തെയും ആത്മബോധത്തെയും (ego) ഉൻമൂലനം ചെയ്ത് ദൈവികതയുമായി ഏകത കൈവരിക്കുന്ന അനുഭവം ആവിഷ്കരിക്കുകയാണ്.” ഈ ചിന്തയിൽ സത്യവും സൗന്ദര്യവും ആകർഷകത്വവും ഉണ്ടാകാം.

എന്നാൽ എല്ലാ ദിവസവും സ്വശരീരത്തിന്റെ പരപീഡനത്തിലൂടെ, ആരുമല്ലായ്മയുടെ“(nobodyness) ബോധം പേറുന്ന ജനസഞ്ചയത്തിന് യാതൊരർത്ഥവും ഈ ചിന്തയ്ക്കു പകർന്നു നൽകാനില്ലെന്നു ജാക്സൺ പറയുന്നു.

സ്വന്തം മുൻവിധിയിൽ നിന്നും പലപ്പോഴും തങ്ങൾ ആശ്രയിച്ച വയലൻസിൽ നിന്നും ക്ഷണികമായ അധികാരലബ്ധി നൽകുന്ന ഉത്കർഷബോധത്തിൽ നിന്നും ബ്ളാക് അമേരിക്കയെ വിമോചിപ്പിക്കുന്ന ഒന്നാണ് വ്യവഹാരത്തിൽ ഉൾച്ചേർന്ന ആത്മീയത. അപ്പോൾ, വൈവിധ്യാത്മകവും പരസ്പരം ഇടഞ്ഞുനിൽക്കുകയും ചെയ്യുന്ന സുന്നി ദൈവശാസ്ത്ര സമീപനങ്ങളിൽ നിന്നു കറുത്തവർ സ്വീകരിക്കേണ്ടതെന്താണ്? ഷെർമൻ ജാക്സൺ അതേപ്പറ്റി Islam and the Problem of Black Suffering-(ഇസ്‌ലാം ആന്‍ഡ് ദ് പ്രോബ്ലം ഒഫ് ബ്ലാക് സഫറിങ്ങി)ൽ വ്യക്തമാക്കുന്നുണ്ട്. പിന്നീടൊരു കുറിപ്പിൽ അതു ചർച്ച ചെയ്യാം

വിവിധ ആശയങ്ങൾ കൂടിക്കലർന്ന, ദലിത്മുസ്‌ലിം സംവാദങ്ങളുടെ പശ്ചാത്തലത്തിൽ Islam and the Blackamerican (ഇസ്‌ലാം ആന്‍ഡ് ദ ബ്ലാക്കമേരിക്കന്‍) ഒരു അലിഗറി ആയി വായിക്കുമ്പോഴാണ് ബ്ളാക് അമേരിക്കൻ മുസ്‌ലിംകളുടെ ചരിത്രത്തെ അടുത്തറിയുന്നതിനപ്പുറം ഈ ഗ്രന്ഥം കേരളത്തിലെ വായനക്കാർക്കു പ്രസക്തമാകുന്നത്.

Top