ആധാര്‍: കുടിയേറ്റവിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും പ്രചരിപ്പിക്കുന്നതെങ്ങനെ?

ഇന്ത്യയുടെ പൊതുനയത്തിൽ ആധാർ സൃഷ്ടിക്കുന്ന മാറ്റങ്ങൾ വിലയിരുത്തുകയാണ് ഈ ലേഖനം. കുടിയേറ്റവിരുദ്ധതയും ഇസ്ലാമോഫോബിയയും അടിസ്ഥാനമാക്കി വികസിക്കുന്ന ആധാറിന്റെ പ്രായോഗിക ഇടപെടലുകൾ ഏറെ ഗൗരവത്തോടെ കാണണം.സ്വകാര്യതയുടെ ലംഘനം എന്നത് മൗലികാവകാശ പ്രശ്നമായെടുക്കുമ്പോൾ തന്നെ ആധാർ ഉയർത്തുന്ന സാമൂഹികവും രാഷ്ട്രീയവുമായ വെല്ലുവിളികളും ചർച്ച ചെയ്യേണ്ടതുണ്ട്.

ആധാറുമായി ബന്ധപ്പെട്ട നിയമ വ്യവഹാരവും പൊതു ചര്‍ച്ചയും ഇന്ത്യയുടെ പൊതുനയ നിര്‍മാണ ചരിത്രത്തിലെ നിര്‍ണായക സന്ദര്‍ഭമാണ്. ഈ സംവാദം, സ്വകാര്യതയേയും പൗരസ്വാതന്ത്ര്യങ്ങളെയും കുറിച്ചാണ് ; സാമൂഹ്യ സുരക്ഷാ സേവനങ്ങളുടെ ലഭ്യതയേയും അതില്‍ നിന്നുള്ള ഒഴിവാക്കലുകളെയും സംബന്ധിച്ചും ജനങ്ങളുടെ ദൈനംദിന ജീവിത ത്തിലേക്കുള്ള കോര്‍പ്പറേറ്റുകളുടെ കടന്നു കയറ്റത്തെപ്പറ്റിയുമാണ്. അത് ഭരണകൂടവും മൂലധനവും ജനങ്ങളും  തമ്മിലുള്ള ബന്ധത്തിന് സാങ്കേതിക വിദ്യയുടെ മധ്യസ്ഥതയിലൂടെ വരുന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. ഗവണ്‍മെന്റുകളുടെ നിയമപരവും നിയന്ത്രണപരവുമായ ശേഷിയെ പൊതു നിയമ വ്യവസ്ഥയില്‍ നിന്നു സ്വകാര്യ മേഖലയിലേക്കു മാറ്റുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണിത്. എന്നാല്‍ ജനങ്ങളുടെ താല്‍പ്പര്യത്തിനു വേണ്ടി നിലകൊള്ളുന്ന നിഷ്‍പക്ഷ ബുദ്ധിജീവികളും നമ്മുടെ ബയോമെട്രിക് വിവരങ്ങള്‍ മോഷ്ടിക്കാനൊരുമ്പെടുന്ന ദുഷിച്ച സര്‍ക്കാരും തമ്മിലുള്ള പോരാട്ടമായി ആധാറിനെ കണക്കാക്കുന്നതു കൊണ്ട് ഒരു ഗുണവുമില്ല. ഇത്തരം പൊതുതാല്‍പര്യ നിയമ വ്യവഹാരങ്ങളെ അല്‍പ്പം വ്യത്യസ്തമായി, കൂടുതല്‍ അടുത്തു പരിശോധിക്കുന്ന, തുറന്ന രീതിയാണ് ആവശ്യം.

വിവിധ കോടതി കേസുകളെയും അവയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളെയും വിശകലനം ചെയ്യുക വഴി, പൗരന്മാരും ഭരണകൂടവും, അല്ലെങ്കില്‍ സ്വകാര്യതയും നിരീക്ഷണവും (Surveillance) തമ്മിലുള്ള കേവല വൈരുധ്യത്തിലുപരി, ആധാര്‍, എത്ര സങ്കീര്‍ണമാണെന്നു കാണിക്കാനാണ് ഞാന്‍ ഈ ലേഖനം വഴി ശ്രമിക്കുന്നത്. പല കാരണങ്ങളാലും ആധാര്‍ എതിര്‍ക്കപ്പെടുന്നുണ്ട്. എന്നാല്‍ അവയെ സസൂക്ഷ്മം വിശകലനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ആധാറിനെതിരെയുള്ള ഹര്‍ജികളില്‍ തുടര്‍ച്ചയായി ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന എതിര്‍പ്പിന്റെ അടിസ്ഥാനങ്ങളിലൊന്നിനെ വിശകലനം ചെയ്യാനാണ് ഞാനിവിടെ ശ്രമിക്കുന്നത്: ദേശീയതയും നിയമവിരുദ്ധ കുടിയേറ്റവും;  അതു വഴി, ഈ  ഹര്‍ജികളിലെ പ്രധാന ഊന്നലായ ‘സ്വകാര്യതയും പൗരസ്വാതന്ത്ര്യവും’ എന്നതിനെ മനസ്സിലാക്കാനും.

ആധാര്‍ വ്യവഹാരങ്ങളും കുടിയേറ്റ വിരുദ്ധവും മുസ്‌ലിം വിരുദ്ധ പാരാമർശങ്ങളും

വിദ്വേഷവും മുൻവിധികളും പടർത്താൻ പൊതുതാല്പര്യത്തേക്കാൾ മികച്ച മറ്റൊന്നില്ലെന്ന് ചില ആധാർ പരാതികൾ വായിക്കുമ്പോൾ തോന്നും.  ആധാറിനെതിരെ ആദ്യത്തെ പൊതു താല്പര്യ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത് 2012 ല്‍ ജസ്റ്റിസ് പുട്ടസ്വാമിയായിരുന്നു. ഹർജിയിൽ നിന്ന് ഉദ്ധരിക്കാം:
‘മേല്‍പ്പറഞ്ഞ വിജ്ഞാപനത്തെത്തുടര്‍ന്നുള്ള ആധാര്‍ കാര്‍ഡിന്റെ രൂപവത്കരണവും വിതരണവും മൂലം ഇന്‍ഡ്യയിലെ എണ്ണമറ്റ പൗരന്മാരുടെ മൗലികാവകാശങ്ങള്‍, അതായത് ഇന്‍ഡ്യന്‍ ഭരണഘടനയുടെ 21-ാം ആര്‍ട്ടിക്കിളിനു കീഴില്‍ വരുന്ന, സ്വകാര്യതയ്ക്കുള്ള അവകാശം, 28-01-2009 ലെ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പിലാക്കാന്‍ ഒരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭരണപരമായ നടപടിയിലൂടെ ദോഷകരമായി ബാധിക്കപ്പെടുകയാണ് . അതേസമയം, നാഷണല്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ ബില്‍ 2010 (ഇവിടുന്നങ്ങോട്ട് ‘ബില്‍ 2010’ എന്നു ചുരുക്കി പരാമര്‍ശിക്കുന്നു) പൗരന്മാര്‍ക്കും അതുപോലെ തന്നെ, രാജ്യത്തു നിയമവിരുദ്ധമായി താമസിച്ചു വരുന്ന നിയമ വിരുദ്ധ കുടി യേറ്റക്കാര്‍ക്കും ആധാര്‍ നമ്പറുകള്‍  നല്‍കുകയാണ്…… കൂടുതല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു കൂടുതല്‍ പണം ലക്ഷ്യം വക്കുന്ന സ്വകാര്യ കമ്പനികള്‍, ശരിയായ ഒരു പരി ശോധനയും കൂടാതെ ആധാര്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഒരു സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍പ്പോലും അവര്‍ കാര്‍ഡുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ഈ പ്രക്രിയ നിയമപരമാക്കിയതിനു ശേഷം അത്തരം ഡെയ്റ്റാ ബേസ് നീക്കം ചെയ്യുകയോ പുനഃപരിശോധിക്കുകയോ പ്രയാസമാണ് . അതു രാജ്യത്തെ സംബന്ധിച്ച് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്കു കാരണമാകും ”

മൈത്രി പ്രസാദ്

ഈ ഹര്‍ജിയില്‍ മൂന്നു പ്രശ്നങ്ങളാണുന്നയിക്കുന്നത്. സ്വകാര്യത , നിയമവിരുദ്ധ കുടിയേറ്റക്കാർ, പിന്നെ ദേശസുരക്ഷ. പിന്നീടെപ്പോഴെങ്കിലും സവിശേഷ അധികാരം ചോദ്യം ചെയ്യപ്പെടുമ്പോൾ പുറത്തെടുത്തു പ്രയോഗിക്കാൻ തക്കവിധം ജാതിയേയും മതത്തെയും പുറകിലൊളിപ്പിച്ചുകൊണ്ട് ദേശീയതയേയും വ്യക്തിസ്വാതന്ത്ര്യത്തെയും കൂട്ടിക്കെട്ടുന്ന ആദിമ ഉദാര അബോധ(primordial liberal unconscious) മായാണു ഞാനിതിനെ കാണുന്നത്. 2013  സെപ്റ്റംബറിലെ ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി, നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പ്രശ്നം പരിഗണിക്കുകയുണ്ടായി: “ഏതെങ്കിലുമൊരു അധികാര കേന്ദ്രം ആധാർ കാർഡ് നിർബന്ധമാക്കി സർക്കുലർ ഇറക്കിയതുകൊണ്ട് അതില്ലാതെ ഒരാളും ബുദ്ധിമുട്ടാനിടയാകരുത് എന്നിരിക്കെത്തന്നെ ഒരാൾ സ്വയമേവ അതിനു വേണ്ടി അപേക്ഷിക്കുമ്പോൾ അയാൾ അതിനു നിയമപരമായി അർഹനാണോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് അതു നൽകരുത്. ”

ആധാർ നിർബന്ധമല്ല എന്നു സ്പഷ്ടമാക്കിയ ഈ വിധിയെ പണ്ഡിതരും ആക്റ്റിവിസ്റ്റുകളും വളരെ സന്തോഷത്തോടെ എതിരേറ്റു. എന്നാൽ കുടിയേറ്റക്കാർക്കു് ആധാര്‍ നിഷേധിക്കുന്ന  അതിലെ പിന്തിരിപ്പൻ രണ്ടാം ഭാഗം  ഒരു ലേഖനത്തിലൂടെ ഞാൻ ചൂണ്ടിക്കാണിച്ചിട്ടുപോലും അവഗണിക്കപ്പെട്ടു. ആക്റ്റിവിസ്റ്റുകളും പൊതുതാത്പര്യക്കാരായ പൗരന്മാരും നൽകിയ, തുടർന്നുള്ള പരാതികളിലും കുടിയേറ്റക്കാർക്കെതിരെയുള്ള ഈ ആക്രമണം തുടർന്നു. എസ്.ജി.വോംബദ്കെരെ (S .G.Vombatkere) യും ബെസ്‌വാഡ വിത്സണും(Bezwada Wilson) ആധാറിനെതിരെ നൽകിയ ഹർജിയിലെ പ്രധാന വാദങ്ങളിലൊന്ന് ഇനി പറയുന്നവയാണ്:

“ഒരു വ്യക്തിയുടെ നിയമപരമായ പദവിയെ കണക്കിലെടുക്കാതെ, വിവേചനരഹിതമായി പ്രയോഗിക്കപ്പെട്ട ഈ നിയമം , നിയമപരമായി ഇൻഡ്യാ വാസികളായവരെയും നിയമവിരുദ്ധമായി ഇവിടെ താമസിക്കുന്നവരെയും ചില ലക്ഷ്യാധിഷ്ഠിത സേവനങ്ങൾക്കുള്ള ഏകമാന ഗണമായി കാണുന്നു. ഇന്‍ഡ്യയുടെ സമ്പത്തിൽ നിന്നു ചെലവ് കണ്ടെത്തി നൽകുന്ന ആനുകൂല്യങ്ങളും സേവനങ്ങളും സബ്സിഡികളും ഉൾപ്പെടെയുള്ള ലക്ഷ്യാധിഷ്ഠിത സേവനങ്ങൾക്ക് (ടാർഗെറ്റഡ് ഡെലിവറി ) നിയമപരമായി തദ്ദേശവാസികളെയും നിയമവിരുദ്ധരായ കുടി യേറ്റക്കാരെയും ഒരു ഗണമായി, ഒരുപോലെ കാണാൻ കഴിയില്ലെന്ന് ആദരപൂർവം കോടതി മുന്‍പാകെ ബോധിപ്പിക്കുകയാണ്. ആധാർ നംബർ കൊടുക്കുന്ന സമയത്തെ നിയമപരമായ വാസസ്ഥലം ശരിയായി പരിശോധിക്കാത്തതിനാലും വിശ്വസനീയമായി നിർണയിക്കാത്ത തിനാലും ഈ നിയമത്തിന്റെ അടിത്തറ ഭരണഘടനാ വിരുദ്ധമാണ്. ദേശീയ താല്പര്യത്തിനെതിരായി പ്രവർത്തിക്കുന്നവർക്കും വിദേശികൾ ക്കും കൂട്ടാളികൾക്കും ആധാർ നംബറുകൾ നൽകുക വഴി നിയമവിരുദ്ധതയെ സാധൂകരിക്കാനിടയാക്കുന്നു. ഒക്ടോബർ 2015 ൽ നടന്ന ബർദ്വാൻ സ്ഫോടനത്തിന്റെ പേരിൽ സംശയാസ്പദമായി അറസ്റ്റ് ചെയ്യപ്പെട്ട ബംഗ്ളാദേശി താരിഖ് ഉൾ ഇസ്‌ലാമിന്  ആധാർ നംബർ ഉണ്ടായിരുന്നു. എൻ.ഐ.എ.യുടെ അറസ്റ്റിൽ നിന്നുമൊഴിവാകാൻ ഇന്‍ഡ്യൻ പൗരനാണെന്നു കാണിക്കാൻ അയാൾ ആധാർ നംബർ ഉപയോഗിച്ചു. മറ്റൊരു ഉദാഹരണം, ഹൈദരാബാദിലെ പ്രത്യേക അന്വേഷണ സംഘം ഹർഖത്ത്-ഉൾ-ജിഹാദി അൽ -ഇസ്‌ലാമി (HUJI ) എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുള്ള മുഹമ്മദ് മുഹമ്മദ് നാഷ് എന്ന പാക്കിസ്ഥാൻ പൗരന് ആധാർ കാർഡ് ലഭിച്ചിരുന്നു എന്നു കണ്ടെത്തിയതാണ്. “

ഇന്‍ഡ്യയിൽ നിയമവിരുദ്ധമായി താമസിക്കുന്നവർക്ക്, പ്രത്യേകിച്ചു പാക്കിസ്ഥാനിൽ നിന്നും ബംഗ്ളാദേശിൽ നിന്നുമുള്ളവർക്ക്, ആധാർ നൽകപ്പെടുമെന്നു ഹർജിക്കാർ ഭയപ്പെടുന്നു. തീവ്രവാദ സംഘടനകളെയും നിയമവിരുദ്ധ കടിയേറ്റക്കാരെയും പരാമർശിക്കുന്നതിലൂടെ അവർ ഇന്‍ഡ്യൻ സുരക്ഷാ സംവിധാനത്തിന്റെ ഭാഷയിലാണു സംസാരിക്കുന്നത്. അടഞ്ഞ ദേശീയതയിലും ദേശീയ താൽപ്പര്യത്തിലും ആധാരമായതാണ് ഈ വാദങ്ങൾ. ഇന്‍ഡ്യൻ സുരക്ഷാ ഏജൻസികൾ ചമച്ച കേസുകളിൽ, ധാരാളം മുസ്‍ലിംകൾ രാജ്യത്തെ ജയിലുകളിൽ കഴിയുന്നു. ഈ ഏജൻസികൾ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കപ്പെടാനാകാതെ വർഷങ്ങൾ നീണ്ട ജയിൽ വാസത്തിനു ശേഷം വിട്ടയക്കപ്പെടുന്നു. ഇതു പരാതിക്കാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു തോന്നുന്നു. വാസ്തവത്തിൽ മുംബൈ ആക്രമണത്തിന്റെ നീണ്ടു നിൽക്കുന്ന പ്രത്യാഘാതമെന്ന നിലയിൽ കുറ്റവാളിയാണെന്ന അനുമാനത്തിന്റെ ഭാഷ അവതരിപ്പിക്കുന്ന ഒന്നായിട്ടാണ് എൻ.ഐ.എയുടെ രൂപവത്കരണത്തെ വില്യം ആർ പിഞ്ച് (William R Pinch) തിരിച്ചറിയുന്നത്. ആധാർ കാർഡിനെതിരെയുള്ള അവരുടെ വാദത്തെ ശക്തിപ്പെടുത്താനായി പരാതിക്കാർ ഉപയോഗിച്ചത് കുടിയേറ്റ വിരുദ്ധവും ഇസ്‌ലാം ഭീതിപരവുമായ ഭരണകൂട യുക്തിയാണ്.

“നിയമവിരുദ്ധ കുടിയേറ്റക്കാർ” എന്നത് ബംഗ്ളാദേശി കുടിയേറ്റക്കാർക്കായി – അവരിൽ ചിലർ ദശാബ്ദങ്ങൾക്കു മുൻപു കുടിയേറിയവരും അവരുടെ മക്കൾ ഇവിടെ ജനിച്ചവരുമാണ്-നീക്കി വച്ചിരിക്കുന്ന പദമാണ്. പശ്ചിമ ബംഗാളിലും വടക്കും വടക്കുകിഴക്കൻ ഇന്‍ഡ്യയുടെയും (പ്രധാനമായും ആസാമിൽ) വിവിധ ഭാഗങ്ങളിൽ അപകടകരവും പാർശ്വവൽകൃതവുമായ ജീവിതം നയിച്ചുകൊണ്ടിരിക്കുകയാണ് അവർ. തങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നും കൂരകളിൽ നിന്നും പലതവണ ആട്ടി യോടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവരിൽ അധികവും മുസ്‍ലിംകളാണെന്നതുകൊണ്ടുതന്നെ ഇപ്പോൾ നിലനിൽക്കുന്ന ഇസ്‌ലാം ഭീതി നിറഞ്ഞ അന്തരീക്ഷം അവരുടെ അന്യവൽക്കരണത്തിന് ആക്കം കൂട്ടി. അവർ രാഷ്ട്രീയ-സാമ്പത്തിക-പാരിസ്ഥിതിക അഭയാര്‍ഥികളാണ്. ഇന്‍ഡ്യൻ നഗരങ്ങളിൽ കെട്ടിടനിർമാണവും വീട്ടുജോലിയുമുൾപ്പെടെ ശാരീരികാധ്വാനമാവ ശ്യമുള്ള പല ജോലികളും ചെയ്യുന്നത് അവരാണ്. അവരിൽ ചിലർ റേഷൻ കാർഡോ ഇലക്ഷൻ തിരിച്ചറിയൽ കാർഡോ പോലുള്ള രേഖകൾ കൈവശമുള്ളവരാണ്. അവർ ഒരു സ്ഥലത്തു നിന്നു വേറൊരു സ്ഥലത്തേയ്ക്കു ജോലി അന്വേഷിച്ചു പോകുന്ന, വലിയ നാടോടി തൊഴിൽ ശക്തിയുടെ ഭാഗമാണ്. പലപ്പോഴും, നിയമവിരുദ്ധ കുടിയേറ്റക്കാർ എന്നതു തന്നെ, ദരിദ്ര തൊഴിലാളികളുടെ സാന്നിധ്യത്തെ നിയമവിരുദ്ധമാക്കാനായി ഉപയോഗിക്കുന്ന ഒരു മൃദു പദമാണ്.

ഭരണകൂടത്തിന്റെ നിരീക്ഷണവുമായി ബന്ധപ്പെട്ട  കുടിയേറ്റ തൊഴിലാളിയുടെ അനുഭവം,  ഉയർന്ന ജാതി, മധ്യവർഗ, എന്തിന്,  പാവപ്പെട്ട തദ്ദേശവാസിയായ വ്യക്തിയുടേതിൽ നിന്നു പോലും തീർത്തും വിഭിന്നമാണ്. ആരാണ് അഭികാമ്യനായ കുടിയേറ്റക്കാരൻ, ആരാണ് അങ്ങനെയല്ലാത്തത് എന്നതിനെ നിശ്ചയിക്കാൻ ജാതി, മധ്യസ്ഥം വഹിക്കുന്നു എന്നതു ശ്രദ്ധേയമാണ്. നമ്മുടെ നഗരങ്ങളിൽ വളരെ വ്യവസ്ഥാപിതമായി കുടിയേറ്റക്കാരെ നിയമവിരുദ്ധരാക്കുകയും അവരുടെ സാന്നിധ്യം ക്രിമിനൽവൽക്കരിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് കേരളത്തിൽ സ്ഥിരമായി അന്തർ സംസ്ഥാന തൊഴിലാളികളെ വളഞ്ഞു പിടിക്കുകയും തിരിച്ചറിയൽ കാർഡ് ഹാജരാക്കാത്ത പക്ഷം തടവിലിടുകയും ചെയ്യുന്നു. തങ്ങളുടെ പേരിൽ യാതൊരു ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടില്ലെന്നു തെളിയിക്കുന്ന  ക്ലിയറൻസ് ഫോം അവരുടെ ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിൽ നിന്നു ഹാജരാക്കുവാൻ 2012 ൽ എറണാകുളത്തെ ലോക്കൽ പോലീസ് ആവശ്യപ്പെടുകയുണ്ടായി. ശാരീരികാധ്വാനം ചെയ്യുന്ന ഒരു ഇതര സംസ്ഥാനക്കാരനേക്കാൾ വ്യത്യസ്തമായി എറണാകുളത്തെ പൊതു സ്ഥലത്ത് അലഞ്ഞുതിരിയുന്ന, പശ്ചിമ ബംഗാളിൽ നിന്നുള്ള  ഉന്നത ജാതി ഹിന്ദു ടെക്കിക്ക് പൊതു സ്ഥലങ്ങൾ പ്രാപ്യമാണ്.  അതിനാല്‍ ഇതുപോലെ വളഞ്ഞു പിടിക്കുകയുമില്ല. ഇത് -ദരിദ്രരെ ഇങ്ങനെ സ്ഥിരമായി കുടിയിറക്കുന്നതും ഒഴിവാക്കുന്നതും- നാഗരിക ജീവിതത്തിന്റെ ഭാഗമാണ്.

ഇതിനു സമാനമായ ഒരു പൗരത്വ സങ്കൽപ്പമാണ് ആധാർ ഹർജിക്കാർ തങ്ങളുടെ പരാതിയിൽ ഉന്നയിക്കുന്നത്. ആധാർ വിരുദ്ധരുടെ ഇത്തരം തന്ത്രപരമായ ഇസ്‌ലാം ഭീതി ജനങ്ങളുടെ മേലുണ്ടാക്കുന്ന പരിണത ഫലങ്ങളേറെയാണ്. ആസ്സാമിലെ വളരെ കുറഞ്ഞ എൻറോൾമെന്റ് (ദേശീയ ശരാശരി 86% ആയിരിക്കുമ്പോൾ ആസാമില്‍ അത് 6% ആണ്.) കാണിക്കുന്നത് ഈ പൊതു താല്പര്യ ഹർജികൾ നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് തിരിച്ചറിയൽ രേഖകൾ ലഭിക്കുന്നതു തടയുന്നതിൽ വിജയിച്ചു എന്നതാണ്. ദേശീയ പൗരത്വ രജിസ്റ്റർ (നാഷണൽ സിറ്റി സൺ രജിസ്റ്റർ) പുതുക്കാതെ സംസ്ഥാനത്ത് ആധാർ കാർഡുകൾ എൻറോൾ ചെയ്യില്ലെന്ന് ചില പത്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആധാർ വിരുദ്ധ ഹർജികൾക്ക് കുടിയേറ്റക്കാരുടെയും മുസ്‍ലിംകളുടെയും ക്രിമിനൽവൽക്കരണത്തിൽ ഊന്നേണ്ടി വരുന്നു എന്നത് പൊതു താല്പര്യത്തെയും മുൻവിധികൾ കൊണ്ടുനടന്നു വിറ്റഴിക്കുന്നതിനുള്ള അതിന്റെ ശേഷിയേയും വ്യ ക്തമാക്കുന്നു.

ദരിദ്രർ നടത്തുന്ന ചതിയും കള്ളപ്രമാണം ചമയ്ക്കലും ഭരണകൂട അനുകരണവും

ഇത്തരം പരാതികൾ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം താമസക്കാരനും പൗരനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ്. ഉദാഹരണത്തിന് ആധാർ കാർഡ് ഉള്ള ഒരാൾക്ക് തിരിച്ചറിയൽ രേഖകളില്ലാത്ത ഒരാളെ ആധാർ കാർഡിനായി ശുപാർശ ചെയ്യാമെന്നത് വിവിധ സുരക്ഷാ അപായ സാധ്യതകൾക്കും  വ്യാജ തിരിച്ചറിയൽ രേഖകൾക്കും ഇടവരുത്തുകയും അത് ദേശ സുരക്ഷയെത്തന്നെ അടിയറ വയ്ക്കാനിടയാക്കുമെന്നും അരുണ റോയിയുടെ ഹർജിയിൽ പറയുന്നു. താമസക്കാരനായ ഏതൊരാൾക്കും ആധാർ കാർഡ് ലഭിക്കുമെന്നും അത് പൗരത്വം കാണിക്കുന്ന രേഖയല്ലെന്നുമാണ് ആധാർ വെബ്സൈറ്റ് പ്രഖ്യാപിക്കുന്നത്. ചതിയേയും വ്യാജ നിർമിതിയേയും പറ്റിയുള്ള ഈ ഭീതി ഈ ഹർജികളിലും, അതുപോലെ തന്നെ ആധാർ വിരുദ്ധ ക്യാമ്പയിനുകളിലും സ്ഥിരമാണ്.

2012 ൽ ഹൈദരാബാദിലെ ഒരു പഴയ നഗരത്തിൽ ഉള്ള  ആധാർ എൻറോൾമെൻറ് കേന്ദ്രത്തിൽ 30000 ആളുകൾ മുഹമ്മദ് അലി എന്ന, ജോലിയിൽ നിന്നു പിരിച്ചു വിടപ്പെട്ട  ഡാറ്റാ എൻട്രി സൂപ്പർവൈസറുടെ വിരലടയാളങ്ങളും പാസ്‌വേഡും ഉപയോഗിച്ച് എൻറോൾ ചെയ്യപ്പെട്ടു. ഇതും ഒപ്പം മറ്റു കൃത്രിമത്വങ്ങളെയും ഇരട്ടിക്കലിനെയും കുരുക്കുകളെയും ചൂണ്ടി ക്കാണിച്ച് ആധാർ വിശ്വാസ യോഗ്യമല്ലാതാവുന്നതിനെയും അതു സ്വകാര്യ എജൻസികൾക്കു നൽകുന്നതിലുള്ള അപകട സാധ്യതകളെപ്പറ്റിയും ആധാർ വിരുദ്ധ ആക്റ്റിവിസ്റ്റുകൾ 2017 ൽ ട്വീറ്റ് ചെയ്യുകയുണ്ടായി.  അനൗപചാരിക ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ വ്യാപനത്തെയും മധ്യവർത്തിത്വത്തെപ്പറ്റിയും അവർ മുന്നറിയിപ്പു തന്നു. മധ്യവർത്തിത്വം, കൃത്രിമത്വം, കൈ ക്കൂലി എന്നിവ ഇന്‍ഡ്യൻ ഭരണകൂട നിർമിതിയുടെ തന്നെയും, തൽഫലമായ ജനാധിപത്യ പ്രയോഗങ്ങളുടെയും ഭാഗമാണ്. ചെറുകിട മധ്യവർത്തികളെയും ചെറുകിട വെട്ടിപ്പുകാരെയും ഒഴിവാക്കുക എന്നത് ഇന്‍ഡ്യൻ സാഹചര്യത്തിൽ ഒരു മുതലാളിത്ത സ്വപ്നം മാത്രമാണ്, ഒരു ജനാധിപത്യ സ്വപ്നമല്ല. ആധാറും അതിന്റെ എതിരാളികളും ഈ സുതാര്യ ഭരണകൂടത്തെയും സാങ്കേതിക കൃത്യതയേയും കുറിച്ചുള്ള സ്വപ്നങ്ങളുടെ വരിക്കാരാണ് എന്നത് ആശ്ചര്യകരമാണ്.

അതേ സമയം ഡി മോണിറ്റൈസേഷനു ശേഷമുള്ള സംഭവങ്ങൾ , ഇപ്പോൾ വ്യത്യസ്ത വലുപ്പത്തിലുള്ള മൂലധനത്താലും അനവധി രാഷ്ട്രീയ കൂറുകളുള്ള സംരംഭകരാലും മാധ്യസ്ഥം വഹിച്ചു വരുന്ന ഭരണകൂടവും പൗരന്മാരും തമ്മിലുള്ള ഇടപെടലുകളിൽ ഒരു പുന:ക്രമീകരണത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. ഈ ഇടപെടലുകളുടെ കേന്ദ്രീകരണത്തിലേയ്ക്കും മൂലധന ത്തിന്റെ ഏകീകരണത്തിലേയ്ക്കുമുള്ളതാണ് ഈ നീക്കം. ഭരണകൂട-പൗര ഇടപെടലുകളുടെ കേന്ദ്രീകരണത്തെ എളുപ്പമാക്കുന്ന ഒരു നോഡൽ ഏജൻസിയായി വർത്തിക്കാൻ ആധാറിനു സാധിക്കും. ചതിയിലൂടെയും കൃത്രിമത്വത്തിലൂടെയും ഭരണകൂട വ്യാപാരങ്ങളിലൂടെയും പുഷ്ടിപ്പെട്ടു വരുന്ന പുത്തൻ സംരംഭകത്വത്തെയും പരമ്പരാഗത ചെറു മൂലധനത്തെയും ലക്‌ഷ്യം വച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ തന്ത്രമാണിത്. കോർപ്പറേറ്റ് മൂലധനത്തെ തങ്ങളുടെ താൽപ്പര്യവുമായി സമന്വയിപ്പിക്കുന്ന, ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ശത്രുവാണ് ഈ സംരംഭകത്വ ഊർജങ്ങൾ. ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ആധാറിനെതിരായ യുദ്ധം നടക്കുന്നത്. ചില ആധാർ വിരുദ്ധ ആക്റ്റിവിസ്റ്റുകളുടെ അറിവിനുമപ്പുറമാണ് ഇവയെല്ലാം. ഇത്തരക്കാരുടെ ഉദാര നീതിപരിപാലതാല്‍പര്യം അവരുടെ ഇസ്‌ലാംഭീതിയെയും മധ്യവർത്തികളോടുള്ള വിമർശനമേതുമില്ലാത്ത അനിഷ്ടത്തെയും നന്നായി സേവിക്കുന്നു.

സ്വകാര്യതയും സ്വകാര്യ സ്വത്തും സ്വകാര്യ മൂലധനവും

എങ്ങനെയാണ് ചതിക്കും വഞ്ചനക്കും ഇരയാവുന്ന, ഈ ഉദാര പൗരത്വ സ്വകാര്യത എന്ന ഒറ്റ ലളിതചിന്തയും ലളിതസങ്കല്പവും അതിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നത്? സ്വകാര്യതയും സ്വകാര്യസ്വത്തും വളരെ അടുത്തു ബന്ധപ്പെട്ടവയാണ്. അത് സ്വത്തുടമ വർഗത്തിന്റെ സവിശേഷ അവകാശമാണെന്നോ മറ്റുള്ളവർക്ക് അതിനുള്ള

ജൂഡിത് തോംസൺ

അവകാശമില്ലെന്നോ ഞാൻ അർഥമാക്കുന്നില്ല. സമ്പന്നനും ദരിദ്രനും  ഹിന്ദുവിനും മുസ്ലിമിനും  സവർണനും ദലിതനും ഭരണകൂടവുമായി വ്യത്യസ്ത ബന്ധങ്ങളാണുള്ളത്. അതുകൊണ്ടു തന്നെ സ്വകാര്യത യുടെയും നിരീക്ഷണത്തിന്റെയും കാര്യത്തിലും വത്യാസമുണ്ട് എന്നാണു ഞാൻ ഉദ്ദേശിച്ചത്. ഒരു രീതിയിൽ, ജൂഡിത് തോംസൺ (1) വാദിക്കുന്നതുപോലെ, വേഷപ്രഛന്നമായ സ്വത്ത വകാശമാണ് സ്വകാര്യതാ അവകാശം. നമ്മൾ സ്വകാര്യത എന്നതിലേക്കു കൂടുതൽ കൂടുതൽ ആഴ്ന്നിറങ്ങും തോറും അതേതെങ്കിലും രൂപത്തിലുള്ള സ്വത്തവകാശമായോ അല്ലെങ്കിൽ സ്വത്തു പോലുള്ള അവകാശമായോ – ഉദാഹരണത്തിന് നമ്മുടെ ശരീരത്തിന്മേലുള്ള അവകാശം – കെട്ടു പിണഞ്ഞുകിടക്കുന്നതായി കാണാമെന്നു് അവർ വാദിച്ചു. സ്വകാര്യതയും സ്വകാ ര്യ സ്വത്തും ഒന്നു മറ്റൊന്നിലേക്കു ചുരുക്കാതെ അവ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നത് ആധാറിനെ മനസിലാക്കുന്നതിനു പ്രയോജനകരമാകും.(2)

ഉദാഹരണത്തിന് ഒരു വ്യക്തി അവന് / അവൾക്കു നിരീക്ഷിക്കപ്പെടാതിരിക്കാനുള്ള അവകാശമുണ്ടെന്നു പറയുമ്പോൾ അത് അവളുടെ / അവന്റെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ , സാമ്പത്തിക സ്രോതസുകളുടെ ഉപയോഗവും സാമൂഹിക ക്ഷേമവും സേവനങ്ങളും പ്രാപ്യ മാവുന്നതിനുള്ള ശേഷിയും അവന്റെ / അവളുടെ സ്വത്താണ് എന്നു പറയുന്നതു പോലെയാണ്. ഈ നിരീക്ഷണത്തെ സംബന്ധിച്ച് വിവിധ വർഗങ്ങളിൽപ്പെട്ടവരും വ്യത്യസ്ത താൽപര്യങ്ങളുള്ളവരുമായ ജനങ്ങൾ വ്യത്യസ്ത തരത്തിലായിരിക്കും കാണുക. ആരാണു നിരീക്ഷണം നടത്തുന്നത്, പോലീസ് ആണോ അല്ലെങ്കിൽ ഒരു കച്ചവട സ്ഥാപനമാണോ എന്നതിനെക്കൂടി ആശ്രയിച്ചായിരിക്കും അത്. ബാങ്ക് വഴിയോ ഓൺലൈൻ വഴിയോ പണമടയ്ക്കുന്ന അന്തർ സംസ്ഥാന തൊഴിലാളിയെക്കാൾ നിരീക്ഷണം, വ്യക്തിപരമായി ബാധിക്കുക ഒരു സംരംഭക നേയോ -ഉദാഹരണത്തിന് ഒരുപാട് ഓൺലൈൻ ഇടപാടുകൾ നടത്തുന്ന ഓരു ഐ.ടി.സ്റ്റാർട്ടപ് കമ്പനിയുടെ സി.ഇ.ഓ. അല്ലെങ്കിൽ വിദ്യാഭ്യാസ ലോൺ എടുത്ത വിദ്യാർഥിയേയോ ആയിരിക്കും. അന്തർ സംസ്ഥാന തൊഴിലാളിയെ സംബന്ധിച്ചുള്ള വിവരമാണ് ഒരു നിശ്ചിത സംഘ മാളുകളുടെ സാമ്പത്തിക സ്വഭാവത്തിനെപ്പറ്റിയുള്ള വിവരശേഖരത്തിലേയ്ക്കു ചേർക്കപ്പെടാൻ സാധ്യതയുള്ളത്. ഒരു പ്രത്യേക കൂട്ടത്തിലെ അവന്റെ / അവളുടെ അംഗത്വം മൂലം ഒരു മുസ്ലിം അന്തർസംസ്ഥാന തൊഴിലാളിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കപ്പെടുന്നു. എന്നാൽ ഇത് തന്റെ സാമ്പത്തിക ഇടപാടുകൾക്കുള്ള വ്യക്തിസ്വാതന്ത്ര്യം അപകടാവസ്ഥയിലാവുന്ന ഒരു സവർണ്ണ ഐ.ടി.സംരംഭകന്റെ കാര്യത്തിൽ നിന്നും വ്യത്യസ്തമാണ്. വ്യത്യസ്ത ജാതികളിലും മതങ്ങളിലും വംശീയതയിലും പെട്ട ആളുകളുടെ വിവരങ്ങൾ അവയുടെ മൂല്യത്തിൽ മാത്രമല്ല വ്യക്തി എന്ന നിലയിലുള്ള അവരുടെ നില നിൽപ്പിലും വ്യത്യസ്തമാണ്.

ഇതു ചൂണ്ടിക്കാണിക്കുന്നത് ആധാറിൽ നിന്നുമുൽപ്പാദിപ്പിക്കപ്പെടുന്ന ഡാറ്റ കൂട്ടായതായിരിക്കും – മുതലാളിത്തത്തിന് പുറത്ത് യാതൊരർത്ഥവുമില്ലാത്ത തരത്തിൽ അടച്ചു കെട്ടിയതും ചരക്കുവൽക്കരിക്കപ്പെട്ടതുമായി മാത്രം നിലനിൽക്കുന്ന വിധം കൂട്ടായത്. സ്വാഭാവികമായും മൂലധനത്തിന് വേണ്ടി നിൽക്കുന്ന മറ്റേതൊരു കൂട്ടായ്മയും പോലെ തന്നെ ഈ വിവരശേഖര ത്തിനും ഭരണകൂടത്തിന്റെ അനുവാദവും സഹപ്രവർത്തനവും ആവശ്യമാണ്. സഞ്ചിതമായ വിവരത്തിന്റെ ഈ കൂട്ടായ്മാ സ്വഭാവമാണ് വ്യക്തിസ്വാതന്ത്ര്യത്തിൽ അടിസ്ഥാനപ്പെടുത്തിയ സ്വകാര്യതാ സങ്കൽപ്പത്തെ ആധാരമാക്കിയുള്ള എതിർപ്പിനെ അസാധ്യമാക്കുന്നത്. പൊതുവിലുള്ളതിന്റെ പരാജയം (anti-commons) എന്ന് കൂടി ഈ കൂട്ടായ്മയെ വിളിക്കാവുന്നതാണ്. ഭരണകൂടത്തിന്റെ സ്വാഭാവികഫലമായി അത് നിലനിൽക്കുകയും ഉപയോഗയുക്തത കൊണ്ട് അതിനെ പ്രാപ്തമാക്കുകയും ചെയ്യുന്നു.ഭരണകൂടം അതിന്റെ നിലനിൽപ്പിനും നീതീകരണ ത്തിനും ജനങ്ങളെ കുറിച്ചുള്ള ഈ സമാഹൃത വിവരത്തെയാണ് (data) ആശ്രയിക്കുന്നത്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ സമാഹൃത വിവരത്തിന്റെ അടിത്തട്ടിലുള്ള സാമൂഹ്യബന്ധങ്ങളെ ചോദ്യം ചെയ്യാതെ സ്വകാര്യതയെ വിശേഷിച്ചും ബൃഹത്തായ സമാഹൃത വിവര ത്തിൽ അടങ്ങിയ സ്വകാര്യ വിവരങ്ങളെ സംരക്ഷിക്കൽ അസാധ്യമാണ്. വാസ്തവത്തിൽ സമാഹൃത വിവരത്തിന്റെ സംരക്ഷണത്തിന് “സ്വകാര്യത” ഒരു ദുർബലമായ വാദമാണ്. അവ ൻറെ/ അവളുടെ ശാരീരികമോ ജനസംഖ്യാപരമായ സവിശേഷതകളുടെയോ വിവരങ്ങൾക്കു മേലുള്ള സ്വത്തിനു് സമാനമായ അവകാശങ്ങളുടെ അപഹരണത്തിൽ നിന്നു സംര ക്ഷണം ആവശ്യമുള്ളതു പൗര വ്യക്തിക്കു മാത്രമല്ല . പക്ഷേ ഈ വിവര സമാഹരണത്താൽ ഉന്നം വക്കപ്പെടുന്ന സവിശേഷ വിഭാഗങ്ങൾക്കും  ആ സമാഹൃത വിവരങ്ങൾക്കും കൂടിയാണ് . ഈ സമാഹൃത വിവരങ്ങൾ നേരത്തെ തന്നെ ഉൽപ്പാദിപ്പിക്കപ്പെടുകയും ചരക്കുവൽക്കരിക്കപ്പെടുകയും ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ഇതു തീർത്തും വാസ്തവമാണ് . അതാണ് UIDAI ചെ യ്തത് . ഭരണകൂടവും പൗരൻമാരുമായുള്ള ഇടപെടലുകളിൽ സ്വകാര്യ വിവരങ്ങളെ ചരക്കു വൽക്കരിച്ചു കൊണ്ടുള്ള ഈ മാറ്റത്തെ മനസ്സിലാക്കിയിട്ടുണ്ടെന്നതിനാൽ ജനങ്ങൾ കൂട്ടം കൂട്ടമായി ആധാർ എടുക്കുന്നതിൽ യാതൊരു അദ്‌ഭുതവുമില്ല .

പുട്ട സ്വാമി

ഈ സമ്മതവും പങ്കാളിത്തവും അറിവില്ലായ്മ കൊണ്ടോ ബലപ്രയോഗം കൊണ്ടോ അല്ല, മറിച്ച് തന്ത്രപരവും സ്പര്‍ശ്യവും ആണ്. ഇന്റര്‍നെറ്റിലൂടെ ചില നേട്ട ങ്ങള്‍ക്കായി വിവര വിനിമയം ചെയ്തുള്ള നമ്മുടെ പരിചയം കൊണ്ടാണ് ഒരു പരിധി വരെ ഇതു സ്വീകാര്യമാകുന്നത് . എപ്പോള്‍ പ്രത്യക്ഷരാകണമെന്നും ഭരണ കൂടത്തിന്റെ കണക്കെടുപ്പില്‍ എപ്പോള്‍ എണ്ണപ്പെടണമെന്നും എണ്ണപ്പെടരുതെന്നും തന്ത്രപരമായി തീരുമാനമെടുക്കുന്നതിനുള്ള ശേഷിയെ ആശ്രയിച്ചാണ് എ പ്പോഴും സാധാരണ ജനങ്ങളുടെ അതിജീവനം എന്ന് പാ‍ര്‍ഥാ ചാറ്റ‍‍‍ര്‍ജിയെ പിന്തുടര്‍ന്നുകൊണ്ട് ആനന്ദ് മരിങാങി ചൂണ്ടിക്കാണിക്കുന്നു. തങ്ങള്‍ നടത്തുന്നതു നല്ലതിനു വേണ്ടിയുള്ള പോരാട്ടമാണ് എന്നു ചിന്തിക്കുന്ന ഉദാര പൗരന്മാരായ ആധാര്‍ വിരുദ്ധ വ്യവഹാരികള്‍ക്ക് ഈ ഭരണകൂട- ഇടത്തെക്കുറിച്ചുള്ള സഹജാവബോധം അപ്രാപ്യമാണ്.

ഇസ്ലാം ഭീതിയും സുരക്ഷാ ഭരണകൂടത്തിന്റെ ഭാഷ്യവും പരാതികളില്‍ കടന്നുകൂടിയതു യാദൃഛികമല്ല. ഈ രാജ്യത്തെ ഏതൊരു ഉദാര സംരംഭത്തെയും സമ ന്വയിപ്പിക്കുന്ന ഒന്നാണത്. മുസ്ലിങ്ങളെയും കുടിയേറ്റക്കാരെയും പൗരന്മാരായി കാണാത്ത ഈ വിഷലിപ്ത ഉദാരവാദത്തിന്റെ പിടിയില്‍ നിന്ന് സ്വകാര്യത എന്ന അവകാശത്തെ രക്ഷിക്കാനാകുമോ? സ്വാര്‍ഥത നിറഞ്ഞ വ്യക്തിവാദത്തെ (possessive individualis) അടിസ്ഥാനമാക്കിയ സ്വകാര്യതയുടെ പരിമിതികള്‍ നാം മനസ്സിലാക്കാത്തിടത്തോളം അതില്‍ എനിക്കു സംശയമുണ്ട്. സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ചു കൊണ്ട് അറ്റോണി ജനറല്‍ മുകുള്‍ റോഹ്തഗിയുടെ വാക്കു കള്‍ ആധാര്‍യ വിരുദ്ധ വ്യവഹാരികളെ ഉണര്‍ത്തേണ്ടതാണ്. ‘ഈ പറയപ്പെടുന്ന സ്വകാര്യതയെക്കുറിച്ചും ശരീരത്തിന്മേലുള്ള കടന്നു കയറ്റത്തെക്കുറിച്ചുമുള്ള വാദങ്ങള്‍ വ്യാജമാണ്. ഒരാള്‍ക്ക് തന്റെ ശരീരത്തില്‍ പരമമായ അവകാശം ഉണ്ടാകുക സാധ്യമല്ല.’ആധാറിനെ സമീപിക്കാന്‍ മറ്റൊരു കൂട്ടം ചോദ്യങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അദ്ദേഹത്തോടു യോജിക്കും.

(സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ സ്വകാര്യതാ വിധിന്യായത്തിനു മുന്‍പു തയ്യാറാക്കിയതാണ് ഈ ലേഖനം. ദില്ലി കേന്ദ്രമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെന്റിൽ അസോസിയേറ്റ് ഫെലോയാണ് ലേഖിക.)

(കടപ്പാട് – ചുവരെഴുത്തുകള്‍ -വിവര്‍ത്തനം: ഉമ  എം എന്‍)

Original Link : Resisting Aadhaar, Resisting Islamophobia: A critical look at debates and litigation around Aadhaar

  • Judith Jarvis Thompson - ‘The right to privacy’ Philosophy and public affairs, 4-197
  • See a critique of Judith Thompson’s position in the article by Annabelle Lever, Published in The Goods Society
Top