പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സമുദായം എന്താണ്?

നിലനിൽക്കുന്ന അധികാരഘടനയെ ഊട്ടിയുറപ്പിക്കുന്ന  വരേണ്യവർഗത്തിന്റെ പരിസ്‌ഥിതി വായനകൾ, കീഴാള സമൂഹങ്ങൾക്കു മേലുള്ള വലിയ ഹിംസയായി മാറിത്തീരുന്നു. കേരളീയ സമൂഹത്തിൽ കാര്യങ്ങൾ നിർവചിക്കാനും പൊതു ആശയങ്ങൾ ഉല്പാദിപ്പിക്കാനും അധികാരം ആർക്ക് എന്നതാണു പ്രശ്നം. ഇതിനെ വിശകലനം ചെയ്യാതെ പരിസ്ഥിതിയെ കുറിച്ച് സംസാരിച്ചു തുടങ്ങാനാവില്ല.

പരിസ്ഥിതി സംരക്ഷിക്കണം എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഓരോ സമൂഹവും അവരുടേതായ രീതിയിൽ അതു ചെയ്യുന്നുമുണ്ട്. അതിനാൽത്തന്നെ മറ്റൊരു വിഷയമാണു ഞാൻ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. മുഖ്യധാരാ പരിസ്‌ഥിതി പ്രസ്ഥാനങ്ങളും അവയുടെ ആശയങ്ങളും ഇവിടത്തെ ആദിവാസി -ദലിത് – മുസ്ലീം – ബഹുജൻ സമൂഹങ്ങളെ ഏതു തരത്തിലാണു നോക്കിക്കണ്ടത് എന്നതാണ് ആലോചിക്കേണ്ടത്. നിലനിൽക്കുന്ന അധികാരഘടനയെ ഊട്ടിയുറപ്പിക്കുന്ന വരേണ്യവർഗത്തിന്റെ പരിസ്‌ഥിതി വായനകൾ, കീഴാള സമൂഹങ്ങൾക്കു മേലുള്ള വലിയ ഹിംസയായി മാറിത്തീരുന്നു. കേരളീയ സമൂഹത്തിൽ കാര്യങ്ങൾ നിർവചിക്കാനും പൊതു ആശയങ്ങൾ ഉല്പാദിപ്പിക്കാനും അധികാരം ആർക്ക് എന്നതാണു പ്രശ്നം. ഇതിനെ വിശകലനം ചെയ്യാതെ പരിസ്ഥിതിയെ കുറിച്ച് സംസാരിച്ചു തുടങ്ങാനാവില്ല.

1997-98 ൽ മലപ്പുറം കോളേജിൽ പഠിക്കുന്ന കാലത്ത്, രശ്‌മി ഫിലിം സൊസൈറ്റി പ്രദർശിപ്പിച്ച ദലമർമരം എന്ന സിനിമയാണ് എനിക്കോർമ വരുന്നത്. ചാലിയാർ സമരത്തിനു നേതൃത്വം നൽകിയ കെ.എ റഹ്‌മാന്റെ ജീവിതമായിരുന്നു പ്രതിപാദ്യം. വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ടായ,എല്ലാവർക്കുമറിയാവുന്ന കെ. എ.റഹ്‌മാൻ സാഹിബ്, മുസ്ലിംലീഗുകാരനും സാധാരണ ജീവിതം നയിച്ച മതവിശ്വാസിയുമായിരുന്നു. തന്റെ നാട്ടുകാരുടെ ആവശ്യത്തിനു വേണ്ടി പോരാടി, അവസാനം ക്യാൻസർ വന്നു മരിക്കുകയാണദ്ദേഹം. എന്നാൽ സിനിമയിൽ കെ.എ.ഉസ്മാൻ എന്ന പേരിലുള്ള സമരനായകൻ (വി.സി.ഹാരിസാണ് അഭിനയിച്ചത് ) മിശ്രവിവാഹിതനും മഹല്ല് ഊരുവിലക്കിയവനും അൽത്തൂസറെ വായിക്കുന്നവനുമാണ് . സവർണ- ലിബറൽ കീഴ്‌വഴക്കം അനുഷ്ഠിച്ചുകൊണ്ടാണ് നായകന്റെ വിപ്ലവം മുന്നേറുന്നത്. കെ.എ.ഉസ്മാനെ   ‘യാഥാസ്ഥിതിക മതവിശ്വാസ’ത്തോടു കലഹിക്കുന്ന ഒരു റെവലൂഷണറി മുസ്ലിമാക്കി ചിത്രീകരിച്ചതിന്റെ കാരണം വളരെ വിചിത്രമായിരുന്നു, നിലനിൽക്കുന്ന മത സംവിധാനങ്ങളോടു പുറം തിരിഞ്ഞിരിക്കുന്ന വ്യക്തികൾക്കേ  വിപ്ലവം  നടത്താനുള്ള പ്രാപ്തിയുള്ളൂ എന്നായിരുന്നു വാദം.

ഇത്തരം വാർപ്പുമാതൃകകളാണു പൊതുബോധത്തെ ഉണ്ടാക്കിക്കൊണ്ടു വരുന്നത് എന്നാലോചിക്കുക.

കേരളത്തിൽ അധിവസിക്കുന്ന വിവിധ സമുദായങ്ങളുടെ പരസ്പരമുള്ള ഇടപാടുകളുടെ ചരിത്രത്തെ മുൻനിർത്തിയാണ് ഇവിടത്തെ ജനാധിപത്യ പ്രക്രിയയെ മനസ്സിലാക്കേണ്ടത്. ഹിന്ദു / മുസ്ലിം എന്ന മതപരമായ ദ്വന്ദ്വമല്ല ഇവിടെ പ്രവർത്തിച്ചിട്ടുള്ളത്. 1930 – 40 വരെ നമ്പൂതിരി , നായർ, ഈഴവർ, ക്രിസ്ത്യൻ, മുസ്ലിം, അരയർ, പുലയർ, എന്നിങ്ങനെയുള്ള സമുദായങ്ങളുടെ  ഇടപെടലുകളുടെ ചരിത്രമാണു കേരള ചരിത്രം. കൊളോണിയൽ സെൻസസിനെ മുൻനിർത്തി സവർണ മേൽക്കോയ്മാ രാഷ്ട്രീയമാണ്, ദേശീയ പ്രസ്ഥാനവും ഐക്യകേരളവും സംസ്ഥാന രൂപവത്കരണവുമാണ് ഹിന്ദു / മുസ്ലീം എന്ന ദ്വന്ദ്വം ഉണ്ടാക്കിയെടുക്കുന്നത്‌. പിന്നീട് ദേശീയതയുടെ ചിഹ്നങ്ങൾ നിർമിക്കുന്നതിൽ മുഖ്യ ഉപാധിയായി മാറിയ മലയാളിയുടെ ചരിത്ര നിർമാണം സവർണയുക്തിയിലൂടെയാണു ഭാവന ചെയ്യപ്പെട്ടത്. അതിനാൽത്തന്നെ, ഇവയെ വെല്ലുവിളിച്ചു കൊണ്ടുള്ള,  ഭൂമിയും പ്രകൃതിവിഭവങ്ങളും സന്തുലിതമായി പങ്കിട്ടെടുക്കലാണു  പരിസ്ഥിതിയുടെ ജനാധിപത്യമായി ഞാൻ മനസ്സിലാക്കുന്നത്.

ഗാന്ധിയുടെ ‘സത്യാന്വേഷണ പരീക്ഷ’കളിൽ, കുട്ടിയായിരിക്കെ, മുസ്ലിം സഹപാഠിയിൽ നിന്നു മാംസം കഴിച്ചു പോയതിൽ പശ്ചാത്തപിക്കുന്ന സന്ദർഭമുണ്ട്. ഇങ്ങനെയൊക്കെയാണ് നാം ‘അഹിംസ ‘ശീലിച്ചത്.

അധികാരവും അറിവും നിഷേധിക്കപ്പെട്ടു കഴിഞ്ഞിരുന്ന, കീഴാളരായ അനേകം ഉപജാതികളെ സമന്വയിപ്പിച്ച് ദലിത് എന്ന രാഷ്ട്രീയ സമുദായം രൂപപ്പെടുത്തിയ അംബേദ്‌കറിന്റെ വീക്ഷണം ഇവിടെ പ്രധാനമാണ്.  അരികുവൽക്കരിക്കപ്പെട്ട ശബ്ദങ്ങൾക്ക് മുഖ്യധാരയിൽ  സ്വാധീനങ്ങൾ ഉണ്ടാക്കാൻ സാധിച്ചത് അതുവഴിയാണ്. നീതിയുക്തമായ അധികാര പങ്കാളിത്തത്തിനു വേണ്ടി സമുദായം (community) എന്ന  കാറ്റഗറി ഉണ്ടാക്കുകയും വിവിധ  ഉപജാതികളെ  രാഷ്ട്രീയമായി ഒന്നിച്ചു നിർത്തുകയും ചെയ്തു അദ്ദേഹം. ഇത്തരം നിലപാടുകളിൽ നിന്ന് പരിസ്ഥിതിയെക്കുറിച്ച് ആലോചിക്കുമ്പോൾ, പരിസ്ഥിതിയുടെ ചർച്ചകളിൽ കടന്നു വരുന്ന, തദ്ദേശീയമായ, നമ്മുടേതായ എന്നൊക്കെയുള്ള പദാവലികളും പ്രശ്നവൽക്കരിക്കേണ്ടതുണ്ട്. വർത്തമാനകാല പരിസ്ഥിതി മുന്നേറ്റങ്ങളുടെ ആകെത്തുക പരിശോധനക്കെടുക്കുമ്പോൾ തദ്ദേശീയമായത്, തനത്, നമ്മുടേത് എന്നതൊക്കെ നിർവചിക്കാനുള്ള അധികാരവും സ്വാതന്ത്ര്യവും ചില സവർണരിൽ നിക്ഷിപ്തമാണ് എന്നു കാണാം.

ഗാന്ധിയുടെ ‘സത്യാന്വേഷണ പരീക്ഷ’കളിൽ, കുട്ടിയായിരിക്കെ, മുസ്ലിം സഹപാഠിയിൽ നിന്നു മാംസം കഴിച്ചു പോയതിൽ പശ്ചാത്തപിക്കുന്ന സന്ദർഭമുണ്ട്. ഇങ്ങനെയൊക്കെയാണ് നാം ‘അഹിംസ ‘ശീലിച്ചത്.

ഇന്‍ഡ്യയിലെ ബഹുഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന കീഴാള സമൂഹത്തിന്, അവരുടെ ആരോഗ്യകരമായ നിലനില്പിന് മാംസഭക്ഷണം അനിവാര്യമായിരുന്നു. ദക്ഷിണേന്‍ഡ്യയിലാണെങ്കിൽ സംഘകാലം മുതലേ ഊൻചോറ് (മാംസവും ചോറും ഒരുമിച്ചു വേവിക്കുന്നത്) പ്രധാന വിഭവമായിരുന്നു.എന്നാൽ ,ഇന്‍ഡ്യയിലെ അനുകരണീയ ഭക്ഷണ രീതി മേൽജാതിക്കാരുടേതാണെന്ന് ദേശീയവാദികളിലൂടെ സ്ഥാപിതമായ സസ്യാഹാരക്രമം മുന്നോട്ടുവച്ചു.   സസ്യാഹാരവും ഗോപൂജയും അഹിംസയുടെയും, മാംസാഹാരം ഹിംസയുടെയും പ്രതീകമായത് ഇങ്ങനെയാണെന്നു കെ.കെ.കൊച്ച് എഴുതിയിട്ടുണ്ട്.

ഗൾഫ് പണം പരിസ്ഥിതി വിരുദ്ധവും ജൈവവിരുദ്ധവുമാണെന്നു വിധിയെഴുതുന്നതിനു മുൻപ്‌ അതിനു പിന്നിലെ രാഷ്‌ട്രീയം, അധിജീവന ചരിത്രം ഈ ഘടകങ്ങളെ വിസ്മരിച്ചു കൂടാ. പടർന്നു പിടിച്ച പ്രവാസവും അതിന്റെ സ്വാധീനങ്ങളും കേരളത്തിൽ മുൻധാരണയിൽ നിന്നു മാറി, സ്വന്തമായ ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രാപ്‌തി ജനങ്ങൾക്കു നേടികൊടുത്തു. മുഖ്യധാരയിലെ ഇടങ്ങളെ ആർക്കും വീതിച്ചെടുക്കാവുന്ന (egalitarian ) ഒരു സാമൂഹിക സാഹചര്യം പ്രദാനം ചെയ്‌തു. കേരളത്തിൽ പഴയ ഫ്യൂഡൽഘടനയുടെ അടിച്ചമർത്തലുകൾക്കു വിധേയപ്പെട്ട പുലയർ, ഈഴവർ എന്നീ ഉപജാതികളൊക്കെ മുഖ്യധാരയിൽ ചെറിയ തോതിൽ ഇടം പിടിച്ചു.

70പതുകൾക്കു ശേഷമാണ് കേരളത്തിൽ പ്രവാസം സജീവമാകുന്നത്. സൂക്ഷ്മാർഥത്തിൽ പ്രവാസം കേരളത്തിൽ അനേകം വികസനങ്ങൾക്കു വഴിവെച്ചു. ഗൾഫ് പണത്തിന്റെ കൊഴുപ്പു കൊണ്ടാണ് ജൈവമായ പാടങ്ങളും കുന്നുകളും മലയോരങ്ങളും നമ്മിൽ നിന്നു നഷ്ട്ടപ്പെട്ടതെന്നു നമ്മുടെ പരിസ്ഥിതിവാദികൾ തീർപ്പിലെത്തുന്നത് കേരളീയ സമൂഹത്തിലെ അധികാരബന്ധങ്ങളെ വിശകലനം ചെയ്തിട്ടല്ല എന്നാണു പറഞ്ഞുവരുന്നത്. പ്രവാസം, സാംസ്കാരികവും വിദ്യാഭ്യാസപരവുമായ നേട്ടങ്ങളും പരിസ്ഥിതിപരമായ കോട്ടങ്ങളും ഒരേസമയം ഉണ്ടാക്കിയിട്ടുണ്ടാവാം. മനുഷ്യൻ എന്ന മാപിനിയുടെ പരിധികളിൽ നിന്ന് അടർത്തിമാറ്റപ്പെട്ട സമൂഹങ്ങൾക്ക് അതുപക്ഷേ,നിലനില്പിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു. സമുദായം എന്ന കാറ്റഗറി നിർമിക്കുന്നതിലൂടെ ബാബാസാഹിബ് പരിഹരിക്കാൻ ശ്രമിച്ചതും ഈ പ്രശ്നമായിരുന്നു.

തദ്ഫലമായി, സ്വന്തമായ ഫിനാൻഷ്യൽ ക്യാപിറ്റൽ നേടിയെടുക്കാനും കേരളത്തിലെ സവർണ മധ്യവർഗത്തിനു തുല്യമായ ജീവിതം കെട്ടിപ്പടുക്കാനുമുള്ള ആർജവം എല്ലാവര്‍ക്കുമുണ്ടായി. അതുപോലതന്നെ വിദ്യാഭ്യാസവും സാംസ്‌കാരികവുമായ ഇടങ്ങളിൽ ജനാധിപത്യപരമായ തുല്യ പങ്കാളിത്തം കൈവരുകയും ചെയ്‌തു. അക്കാലത്ത് ഉയർന്നുവന്ന സാഹിത്യങ്ങളിലും, പളപളപ്പുള്ള ഗൾഫുകാരനും അവന്റെ അത്തരുമൊക്കെ അപരിഷ്കൃത കഥാപാത്രങ്ങളായിരുന്നു എന്നത് ഇതിനോടു ചേർത്തുവായിക്കണം.

ജയമോഹന്റെ ‘നൂറ് സിംഹാസനങ്ങൾ’ എന്ന നോവലിന്റ ഇതിവൃത്തം വികസിക്കുന്നത് ഇന്‍ഡ്യയിലെ സമുന്നതമായ കരിയർ എന്നു വിശേഷിക്കപെടുന്ന സിവിൽ സർവീസ് പദവിയിലേക്ക് എത്തിപ്പെടുന്ന ഒരു നായാടിയുടെ ജീവിതപരിസരങ്ങളിലൂടെയാണ്. ഐ.എ.എസ് ഉദ്യോസ്ഥനാവും മുന്‍പുള്ള ഇന്റർവ്യൂവിൽ അദ്ദേഹത്തോട് ഒരു ചോദ്യമുണ്ടായി. താങ്കളുടെ മുന്‍പില്‍ കുറ്റവാളിയായി ഒരു നായാടിയും എതിർകക്ഷിയായി ഒരു മധ്യവർഗ മനുഷ്യനും വന്നുനിന്നാൽ താങ്കൾ ആരുടെ കൂടെ നിൽക്കും? സംശയരഹിതമായി അദ്ദേഹം പറയുന്നത് നായാടിയുടെ കൂടെ എന്നാണ്. നൂറ്റാണ്ടുകളായി പുറമ്പോക്കുകളിൽ അടിമജാതിയായി ആക്രമിക്കപ്പട്ടിരുന്ന നായാടിയെ , സകല പ്രിവിലേജുമുള്ള ഒരു മനുഷ്യന്റെ കൂടെ വിചാരണക്കിരുത്തി എന്നിടത്തുതന്നെ അയാളോടുള്ള അനീതി ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ നിരീക്ഷണം പരിസ്ഥിതി ചിന്തയിലും വളരെ പ്രധാനമാണെന്നു ഞാൻ കരുതുന്നു.  പരിസ്ഥിതി മുന്നേറ്റങ്ങളുടെ പ്രത്യയശാസ്ത്രവും സവർണരിലോ അത്തരം മനോഘടനയുള്ളവരിലോ മാത്രമായി ഒതുങ്ങി നിൽക്കുമ്പോൾ അവരുടെ മാത്രം ജീവിതാനുഭവങ്ങളിൽ കാര്യങ്ങളെ മുഖവിലക്കെടുക്കുന്ന ഒരു വീക്ഷണം ഉണ്ടായിത്തീരുന്നു. ഈ ജ്ഞാനശാസ്ത്ര ഹിംസയെ കീഴാള ന്യൂനപക്ഷ സമൂഹങ്ങൾ വൈജ്ഞാനികമായി പൊളിച്ചുകളയുന്നതിലൂടെ മാത്രമേ പരിസ്തിഥി രാഷ്ട്രീയം ജനാധിപത്യവൽക്കരിക്കപ്പെടുകയുള്ളൂ.

(കേട്ടെഴുതിയത് : ഫുആദ് വാണിയമ്പലം)

  • ഓപ്പൻ സൊസൈറ്റി മലപ്പുറം ചാപ്റ്റർ 'ജാതി, സമുദായം, പരിസ്ഥിതി രാഷ്ട്രീയം: പുനർവായനകൾ' എന്ന തലകെട്ടിൽ നടത്തിയ ചർച്ചയിലെ പ്രഭാഷണം
Top