സണ്ണി എം കപിക്കാടിനോട് ചോദിക്കാനുള്ളത്…

ഹാദിയ വിവാഹം കഴിച്ച പുരുഷന്‍ ,ഷെഫിന്‍ ഒരു പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണ്. അദ്ദേഹത്തിന്റെ വിവാഹം ഇത്ര വലിയ നിയമ പോരാട്ടമായി തീരുകയും അവരുടെ തന്നെ സംഘടനയുടെ ഭാഗമായ സത്യസരണി അതിലേക്കു വലിച്ചിഴക്കപ്പെടുകയും ചെയ്യുമ്പോള്‍, അതിലുപരി ഇസ്ലാം സ്വീകരിക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കുന്ന സംഘടനകളെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, അതിനുവേണ്ടി നിയമ പോരാട്ടവും ഷെഫിനു വേണ്ട നിയമ സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്നതാണോ മുസ്ലിം സംഘടനകള്‍ രാഷ്ട്രിയ മുതലെടുപ്പിനു ശ്രമിച്ചു, ആ വീട്ടില്‍ ഭീകരത സൃഷ്ടിച്ചു എന്ന് അങ്ങു വിശേഷിപ്പിക്കുന്നത്?

താങ്കള്‍ അടങ്ങുന്ന സംഘം ഹാദിയയുടെ വീട്ടില്‍ പോയതിനെ, ഒരുപാടു പ്രതീക്ഷയോടെയാണു ഞാന്‍ കണ്ടത്. എന്നാല്‍ സന്ദര്‍ശനത്തിനുശേഷം താങ്കള്‍ നടത്തിയ പ്രസ്താവന ഞെട്ടലാണ് ഉളവാക്കിയത്. നിങ്ങളുടെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യുക എന്നതല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. മറിച്ച്, വസ്തുതകളെന്ന രീതിയില്‍ താങ്കള്‍ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ചില വിഷയങ്ങള്‍ (അവയ്ക്കാണെങ്കില്‍ പൊതുസമൂഹത്തില്‍ വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്) സംബന്ധിച്ച വ്യക്തതയ്ക്കുവേണ്ടിയാണ് ഈ ചോദ്യങ്ങള്‍.

1.“പുറത്തു കേള്‍ക്കുന്ന കഥകളല്ല എന്നാണ് എനിക്ക് ആദ്യം തോന്നിയ കാര്യം. ഹാദിയയെ അവരുടെ വീട്ടുകാര്‍ തടങ്കലില്‍ വക്കുകയും പുറത്തു നിന്നു വരുന്നവരെ കാണിക്കാതിരിക്കുകയും അങ്ങനെ ആ കുട്ടിയുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതാണ് നമ്മുടെ മുന്നിലുള്ള കഥ. അതു യാഥാര്‍ഥ്യമാണ്.” ഇതാണ് താങ്കള്‍ പറഞ്ഞത്.

ഹാദിയ അനുഭവിക്കുന്ന പീഡനങ്ങളെ ‘കഥ’ എന്നു വിളിച്ചു കാല്പനികതയാക്കി മാറ്റുകയും അടുത്ത വരിയില്‍ ‘അതില്‍ സത്യമുണ്ട്’ എന്നു പറഞ്ഞു സ്വന്തം അഭിപ്രായം തന്നെ ഖണ്ഡിക്കുകയും ചെയ്യുന്ന വൈരുധ്യമാണ് ഈ പ്രസ്താവത്തില്‍ കാണുന്നത്. തകര്‍ന്ന കുടുംബത്തിന്റെ ചിത്രം വിവരിക്കുന്നതിന്റെ മുഖവുരയായാണ് താങ്കള്‍ ഈ വൈരുധ്യം അവതരിപ്പിച്ചതെന്നു മനസിലാകുന്നു…

അടുത്ത പാരഗ്രഫിലും ഇതേ വൈരുധ്യം കാണാം : “ കാവല്‍ പോലീസുകാര്‍ വലിയ പ്രശ്‌നക്കാരാണ്….. കുറേപ്പേര്‍ ഞങ്ങളോടു സൗഹാര്‍ദപരമായാണു സംസാരിച്ചത്….. രണ്ടുപേര്‍ മാത്രമാണ് പോലീസ് മുറയെടുക്കാന്‍ ശ്രമിച്ചത്. ആരു ചെന്നാലും അവിടെ ആരും വരാന്‍ പാടില്ലെന്നു കോടതി വിധിയുണ്ടെന്നാണു പോലീസുകാര്‍ പറയുന്നത്. അവരാണു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്…. അവര്‍ വീട്ടില്‍ ചെന്നു ചോദിച്ചിട്ട്, കാണാന്‍ പറ്റില്ലെന്നു പറഞ്ഞു എന്നു പറഞ്ഞാല്‍ നമ്മള്‍ തിരിച്ചു പോന്നോളണം എന്നാണ്. അവരുടെ മുറ്റത്തു പോലും കയറ്റില്ല.”

ഇതിലെ വൈരുധ്യം പ്രത്യേകം പറയണ്ടല്ലോ? എന്തുകൊണ്ടാണ് താങ്കള്‍,  ഇത്രയധികം വളച്ചുകെട്ടി , വൈരുധ്യങ്ങള്‍ നിറച്ചുകൊണ്ട് ഈ വിഷയത്തില്‍ പ്രത്യക്ഷത്തില്‍ നിലനില്ക്കുന്ന , വ്യക്തമായ മനുഷ്യാവകാശ ലംഘനത്തെ കാണാത്തതായി ഭാവിക്കുന്നത്?

വ്യക്തമാക്കാം…
24 വയസുള്ള, ഡോക്ടര്‍ കൂടിയായ ഹാദിയ എന്ന സ്ത്രീ ആ വീട്ടില്‍ തടവിലാണ്. പോലീസ് നിയമം വളച്ചൊടിക്കുന്നു എന്നു താങ്കൾ വ്യക്തമാക്കി. നിങ്ങള്‍ക്കും അവളെ  കാണാന്‍ ആയില്ല. അവളുടെ ‘മനുഷ്യാവകാശം’ഹനിക്കപ്പെടുന്നില്ല എന്ന അഭിപ്രായം ഉണ്ടോ താങ്കള്‍ക്ക്?

അവളുടെ മാതാപിതാക്കള്‍ തടവില്‍ അല്ല , സ്വതന്ത്രരാണ് . അവരുടെ താൽപ്പര്യങ്ങൾക്കു വേണ്ടി, നിയമം വരെ വളച്ചൊടിച്ചു കൊടുക്കുന്ന ഭരണകൂടം. എല്ലാ സംവിധാനങ്ങളുടെയും ആര്‍.എസ്.എസ്സിനെപ്പോലുള്ള സംഘടനയുടെ പൂര്‍ണ പിന്തുണയും ലഭിക്കുന്ന അവരെയും  എല്ലാ പുറംലോക ബന്ധവും വിച്ഛേദിക്കപ്പെട്ടു് ഒരു മുറിക്കുള്ളില്‍, വനിതാ പോലീസിനോടൊപ്പം മാത്രം ഉറങ്ങാന്‍ പോലും അനുവാദം ഉള്ള, ആ മുറിക്കു പുറത്തേക്കു് ഒരു ശബ്ദം പോലും പുറത്തു വരാത്ത വണ്ണം അടയ്ക്കപ്പെട്ട സ്ത്രീയേയും നിങ്ങള്‍ക്കെങ്ങനെയാണ് ഇങ്ങനെ സമീകരിക്കാന്‍ ആവുന്നത്????

ഒരു ദലിത്‌ ചിന്തകന്‍ എന്ന നിലയില്‍ power inequalities-നെക്കുറിച്ച് താങ്കള്‍ക്ക്  എന്റെ സൂചനകളുടെ ആവശ്യമില്ലല്ലോ.അങ്ങേയുടെ തന്നെ എഴുത്തുകള്‍ ധാരാളം ഉണ്ട്. അതെല്ലാം വിസ്മരിച്ചു് താങ്കള്‍ക്കെങ്ങനെയാമ് ഇങ്ങനെ ഒരു പ്രസ്താവന ഇറക്കാന്‍ കഴിയുന്നത്?

2. “യഥാര്‍ഥത്തില്‍ ആര്‍.എസ്.എസ്സിന്റെയും മുസ്ലീം സംഘടനകളുടെയും രാഷ്ട്രീയ താത്പര്യങ്ങള്‍ ഏറ്റുമുട്ടുന്ന ഒരു സ്ഥലമായി ആ വീട് മാറിയിട്ടുണ്ട്.” എന്നു താങ്കള്‍ പറയുന്നു.

ആ വീട്ടില്‍ ആര്‍.എസ്.എസ്സുകാര്‍ വന്നു പോകുന്നതു വാര്‍ത്തയായതാണ്. എന്നാല്‍, മുസ്ലിം സംഘടനകളുടെ രാഷ്ട്രിയ താല്പര്യങ്ങള്‍ പ്രവര്ത്തിപ്പിക്കാന്‍ ആരുണ്ടവിടെ.??? മുസ്ലിം രാഷ്ട്രിയക്കാരാരെങ്കിലും അവിടെ കയറി ഇറങ്ങുന്നുണ്ടോ? താന്‍ മകള്‍ ഇസ്ലാം വിടാന്‍ തയാറല്ല എന്ന ഹാദിയയുടെ നിര്‍ബന്ധത്തെയാണോ താങ്കള്‍ ഇങ്ങനെ സമീകരിച്ചു പറഞ്ഞത്? ( വീണ്ടും power equalization  നടത്തുകയാണു താങ്കളിവിടെ.)

3. “ആ വീട് പൂര്‍ണമായും തകര്‍ന്നരിക്കുകയാണ്.” എന്നാണ് താങ്കളുടെ വേറൊരു അഭിപ്രായം.

അതേ. ഒരു കുടുംബം എന്ന നിലയില്‍ ആ ഗൃഹാന്തരീക്ഷം കലുഷമാണ്. മാതാപിതാക്കള്‍ ഒരു മതത്തിലും മകള്‍ മറ്റൊരു മതത്തിലേക്കും മാറിയാല്‍ ഉണ്ടാകാവുന്ന  അവസ്ഥ. പക്ഷേ, അവളെ അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ അവര്‍ സ്വീകരിച്ച മാര്‍ഗമാണ് ആ കാലുഷ്യത്തെ ഇപ്പോളത്തെ അവസ്ഥയിലേക്ക് എത്തിച്ചതെന്നു താങ്കള്‍ മറക്കരുത് .

4. “ഹാദിയയ്ക്കു മാത്രമല്ല അവളുടെ മാതാപിതാക്കള്‍ക്കും മനുഷ്യാവകാശം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.” എന്നും താങ്കളെഴുതി.

ആരാണ് അതു ലംഘിക്കുന്നത്? എങ്ങനെ ആണതെന്ന് ഒന്നു വ്യക്തമാക്കാമോ?

‘ആര്‍. എസ്. എസ്’ എന്നും ‘ഭരണകൂടം’ എന്നും പറയാന്‍ അങ്ങേയ്ക്കു ഭയം ഉണ്ടോ?

5. “ നാട്ടുകാര്‍ വന്ന് ആക്രമിക്കും എന്നു പറയുന്നതൊക്കെ വെറുതെ പറയുന്നതാണ്. ഞങ്ങള്‍ രണ്ടു മണിക്കൂറോളം അവിടെ നിന്നിട്ട് ‘നിങ്ങള്‍ എന്തിനാണു വന്നതെന്നോ എന്താ കാര്യമെന്നോ’ ആരും ചോദിച്ചിട്ടില്ല. അവിടെ ഒരാള്‍ക്കൂട്ടവും ഉണ്ടായിരുന്നില്ല. അതെല്ലാം ഉണ്ടാക്കിയെടുക്കുന്ന സങ്കല്പങ്ങളാണ്.” താങ്കള്‍ പറയുന്നു.

Social visibility(സാമൂഹിക ദൃശ്യത) ഉള്ള താങ്കളെപ്പോലുള്ള ആളുകള്‍ സ്ഥലത്തെ പ്രമുഖനോടൊപ്പം അവിടെ ചെന്നപ്പോള്‍ ആളുകള്‍ പ്രശ്നമുണ്ടാക്കിയില്ല എന്നതുകൊണ്ട്  അതാണവിടത്തെ status quo ആണെന്നും അവിടെ പോയി വന്ന ആറു പെണ്‍കുട്ടികള്‍ അന്നനുഭവിച്ചത് കെട്ടിച്ചമച്ച കഥയാണെന്നുമണോ താങ്കള്‍ പറയാതെ പറയാന്‍ ശ്രമിക്കുന്നത് ?
എത്ര ഹീനമായ രീതിയിലാണ് അധികാരമില്ലാത്ത പെണ്‍സ്വരങ്ങളെ താങ്കള്‍  റദ്ദാക്കുന്നത്?

6. ഇനി താങ്കള്‍ പറയാത്തതും എന്നാല്‍ ധ്വനിപ്പിക്കുന്നതുമായ ഒന്നിന്നെ അഡ്രസ്‌ ചെയ്യട്ടെ.
മുസ്ലിം സംഘടനകളുടെ ഈ വിഷയത്തിലെ ഇടപെടല്‍ !!!

വിഷയത്തിനെ രണ്ടായി തരംതിരിക്കാന്‍ ആഗ്രഹിക്കുന്നു:
a.ഹാദിയയുടെ ഇസ്ലാം ആശ്ലേഷം.
b. ഹാദിയയുടെ വീട്ടുതടങ്കലും മനുഷ്യാവകാശലംഘനവും .

ഇതില്‍ ആദ്യത്തേതില്‍ ഭരണഘടന അനുവാദം നല്‍കുന്ന പ്രവര്‍ത്തനം മാത്രമല്ലേ ‘സത്യസരണി’ ചെയ്തത്. ?
ഇസ്ലാം, കുടുംബം എന്ന വ്യവസ്ഥയെ വളരെ സവിശേഷമായ ഒന്നായാണു പ്രതിപാദിക്കുന്നത്. മുസ്ലിം അല്ലാത്ത ഒരു വ്യക്തി ഇസ്ലാം മതം സ്വീകരിക്കുന്നതു  vacuum(ശൂന്യത)യില്‍ നിന്നല്ലല്ലോ. ഇസ്ലാമില്‍ ആകൃഷ്ടയായി മതത്തില്‍ എത്തുന്ന വ്യക്തിക്ക് ആ മതം മനസിലാക്കാനും ആഴത്തില്‍ പഠിക്കാനും അവസരം ഒരുക്കേണ്ടത് മുസ്ലിം സമുദായം ആണെന്ന കാര്യത്തില്‍ അങ്ങേയ്ക്ക് എതിരഭിപ്രായം ഉണ്ടോ? അങ്ങനെ ഇസ്ലാം പഠിക്കാന്‍ സ്വന്തം കുടുംബത്തിന്റെ തണലില്‍ നിന്നുകൊണ്ടു സാധ്യമല്ല എന്നു മനസിലാക്കി ആ കുടുംബം വിട്ടു വരുന്ന സ്ത്രീക്ക് പരിരക്ഷ നല്കാന്‍ മുസ്ലിം സമുദായം ബാധ്യസ്ഥരല്ലേ? ആ ബാധ്യത നിർവഹിച്ച സത്യസരണി , ഗവണ്മെന്റ് അംഗീകാരമുള്ള മതപഠന കേന്ദ്രമാണ്. മതം മാറിവരുന്നവരെ സംരക്ഷിക്കാനും അംഗീകാരമുള്ള,  നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. അവര്‍ ഈ വിഷയത്തില്‍ ഹാദിയക്കു നല്കിയ പരിരക്ഷ തെറ്റാണെന്നു അങ്ങു കരുതുന്നുണ്ടോ?

ഇനി ഹാദിയ വിവാഹം കഴിച്ച പുരുഷന്‍ ,ഷെഫിന്‍ ഒരു പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണ്. അദ്ദേഹത്തിന്റെ വിവാഹം ഇത്ര വലിയ നിയമ പോരാട്ടമായി തീരുകയും അവരുടെ തന്നെ സംഘടനയുടെ ഭാഗമായ സത്യസരണി അതിലേക്കു വലിച്ചിഴക്കപ്പെടുകയും ചെയ്യുമ്പോള്‍, അതിലുപരി ഇസ്ലാം സ്വീകരിക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കുന്ന സംഘടനകളെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, അതിനുവേണ്ടി നിയമ പോരാട്ടവും ഷെഫിനു വേണ്ട നിയമ സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്നതാണോ മുസ്ലിം സംഘടനകള്‍ രാഷ്ട്രിയ മുതലെടുപ്പിനു ശ്രമിച്ചു, ആ വീട്ടില്‍ ഭീകരത സൃഷ്ടിച്ചു എന്ന് അങ്ങു വിശേഷിപ്പിക്കുന്നത്?

Dalit socio- political assertions ന്യായവും Muslim socio-political assertions എങ്ങനെയാണു് അന്യായവും ആകുന്നത്?

അതോ മുസ്ലിം, by default, പ്രശ്നപങ്കിലമായ സ്വത്വം ആണെന്നാണോ വാദം ?  Assertion of muslim identity and religion എന്നത് അനുവദിക്കപ്പെടാന്‍ പാടില്ലാത്ത കാര്യം എന്ന നിലയ്ക്കാണോ താങ്കള്‍ കാണുന്നത്  ?

താങ്കളുടെ വ്യക്തമായ മറുപടി പ്രതീക്ഷിച്ചുകൊണ്ട്.

വര്‍ഷ ബഷീര്‍

Top