ഫാസിസ്റ്റ് വിരുദ്ധ മുന്നണി: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയുടെ വഴി 

അംബേദ്കർ സ്റ്റുഡന്റ്‌സ്  അസോസിയേഷന്റെ നേതൃതത്തിലുള്ള എസ്ഐഒ, എംഎസ്എഫ് എന്നിവരുൾക്കൊള്ളുന്ന സഖ്യവും, എസ്എഫ്ഐ, ഡിഎസ്യു (ദലിത് സ്റ്റുഡന്റ് യൂണിയൻ) , ടിവിവി (തെലങ്കാന വിദ്യാർഥി വേദിക,), ടിഎസ്എഫ് (ട്രൈബൽ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ) തുടങ്ങിയവർ  ഒന്നായിക്കൊണ്ടാണ് അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന പേരിൽ വിശാല സഖ്യം രൂപീകരിച്ചിട്ടുള്ളത്. ബിഎസ്എഫ് (ബഹുജൻ സ്റ്റുഡന്റസ് ഫ്രണ്ട്) പുറമെ നിന്ന് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദലിതു ബഹുജനങ്ങൾ, മുസ്ലിംകൾ, ആദിവാസികൾ, ക്രൈസ്തവർ അടക്കമുള്ള മത ന്യൂനപക്ഷങ്ങൾ, വിവിധ തരം കീഴാള സത്രീവാദികൾ ഒക്കെ ഉൾപെട്ട ദലിത് ബഹുജൻ, മുസ്ലിം വിദ്യാർഥി സംഘടനകളും കാമ്പസിലെ ഒരു ഇടതുപക്ഷ സംഘടനയായ എസ്എഫ്ഐ യും ഉൾപെട്ടതാണ് ഈ സഖ്യം.

രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് ശേഷം ഹൈദരാബാദ് സർവകലാശാലയിൽ ശക്തിയാർജിച്ച കീഴാള വിദ്യാർഥി പോരാട്ടങ്ങളുടെ അലയൊലികളിൽ നിന്നാണ് രാജ്യത്താകമാനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ പുതിയ് ഊർജം കണ്ടെത്തുന്നത് . അത് കൊണ്ട് തന്നെ ഈ സർവകലാശാലയിലെ തെരഞ്ഞെടുപ്പു വർത്തമാനങ്ങൾ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ വളരെയധികം പ്രസക്തിയർഹിക്കുന്നു.എ ബി വി പിക്ക് എതിരെയുള്ള പോരാട്ടത്തിൽ അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് (സാമൂഹ്യ നീതിക്കായുള്ള  സഖ്യം) എന്ന യോജിച്ച മുദ്രാവാക്യത്തിൽ ഒരുമിച്ച് നിൽകാൻ സർവകലാശാലയിലെ ഭൂരിപക്ഷം വിദ്യാർഥി സംഘടനകളും തീരുമാനിച്ചിരിക്കുന്നു.

ഒന്നര വർഷം മുമ്പ് രോഹിത് വെമുലക്ക് നീതി ലഭിക്കാൻ ജോയിന്റ് ആക്ഷൻ കമ്മിറ്റി ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന ബാനറിൽ യോജിച്ച അതേ സംഘടനകൾ തന്നെയാണ് ഇപ്പോൾ തിരഞ്ഞെടുപിലും ഒന്നിച്ചു വന്നിരിക്കുന്നത്. ഭിന്നവീക്ഷണങ്ങൾ നിലനിറുത്തിക്കൊണ്ട് ഇന്ത്യൻ ഫാസിസത്തിന് എതിരായുള്ള പോരാട്ടത്തിൽ ഒന്നിച്ചു നിൽക്കാനാണ് തീരുമാനം.ചരിത്രപരമായി തന്നെ ജാതി വിരുദ്ധ പോരാട്ടങ്ങളിൽ സൈദ്ധാന്തികവും പ്രായോഗികവുമായ നൂതന പാഠങ്ങൾ നൽകിയ കാമ്പസാണ് ഹൈദരാബാദ് സർവകലാശാല. ദളിത് മുസ്ലിം ആദിവാസി പിന്നാക്ക/ കീഴാള സംഘടനകളുടെ ശക്തമായ സാനിധ്യവും അവർക്കിടയിൽ നിലനിൽക്കുന്ന സഹജീവനവും സഹവർതിത്വവും ഇന്ത്യയിലെ മറ്റു കാമ്പസുകളിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു പാർശ്വവൽകൃത രാഷ്ട്രീയത്തെ സാധ്യമാക്കിയിട്ടുണ്ട്.

ഈ മുന്നേറ്റം ഇന്ത്യയിലെ പൊതുവിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന സവർണ / നിയോലിബറൽ ആധിപത്യ അധികാരത്തിനു ഏല്പിച്ചു കൊണ്ടിരുന്ന വെല്ലുവിളികളുടെ ശക്തി അധികാരികൾക്ക് നന്നായറിയാം. ഇതിന്റെയൊക്കെ അനന്തരഫലമായിട്ടാണ് അംബേദ്കർ സ്റ്റുഡന്റ്‌സ്് അസോസിയേഷനുമായി ബന്ധപ്പെട്ട വിദ്യാർഥി നേതാക്കൾക്ക് സർവകലാശാലാ അധികാരികൾ സാമൂഹിക ഭ്രഷ്ട് കല്പിച്ചതും രോഹിത് വെമുലയുടെ ജീവത്യാഗം സംഭവിച്ചതും അടക്കമുള്ള കാര്യങ്ങൾ എന്ന് നാം ഓർക്കേണ്ടതുണ്ട്.

അംബേദ്കർ സ്റ്റുഡന്റ്‌സ്  അസോസിയേഷന്റെ നേതൃതത്തിലുള്ള എസ് ഐ ഒ, എം എസ് എഫ് എന്നിവരുൾക്കൊള്ളുന്ന സഖ്യവും, എസ് എഫ് ഐ, ഡി എസ യു(ദലിത് സ്റ്റുഡന്റ് യൂണിയൻ) , ടി വി വി(തെലങ്കാന വിദ്യാർഥി വേദിക,) , ടി എസ് എഫ് ( ട്രൈബൽ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ)  തുടങ്ങിയവർ  ഒന്നായിക്കൊണ്ടാണ് അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന പേരിൽ വിശാല സഖ്യം രൂപീകരിച്ചിട്ടുള്ളത്. ബി എസ് എഫ് (ബഹുജൻ സ്റ്റുഡന്റസ് ഫ്രണ്ട്) പുറമെ നിന്ന് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  ദലിതു ബഹുജനങ്ങൾ, മുസ് ലിംകൾ, ആദിവാസികൾ, ക്രൈസ്തവർ അടക്കമുള്ള മത ന്യൂനപക്ഷങ്ങൾ, വിവിധ തരം കീഴാള സത്രീവാദികൾ ഒക്കെ ഉൾപെട്ട ദലിത് ബഹുജൻ ,മുസ് ലിം വിദ്യാർഥി സംഘടനകളും കാമ്പസിലെ ഒരു ഇടതുപക്ഷ സംഘടനയായ എസ് എഫ് ഐ യും ഉൾപെട്ടതാണ്  ഈ സഖ്യം.

ആർഎസ്എസിന്റെ വിദ്യഭ്യാസ നയത്തെ ചെറുക്കുക  

രണ്ടു തലങ്ങളിലാണ് ഈ സഖ്യം പ്രസക്തമാവുന്നത്. ഒന്ന്, വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന ആർ എസ് എസ് വൽക്കരണത്തെ ചെറുക്കുക.. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം ആർ എസ് എസിന്റെ ശക്തമായ കടന്നാക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സർവകലാശാലകളിൽ സംവരണങ്ങൾ നടപ്പിലാക്കുന്നതിൽ വരുത്തുന്ന ബോധപൂർവമായ അപാകതകളും പല മേഖലകളിലും സംവരണം എടുത്തു നീക്കാനുള്ള ശ്രമങ്ങളും അവർ നടത്തിക്കൊണ്ടിരിക്കുന്നു. ജെ എൻ യു അടക്കമുളള സർവകലാശാലകളിൽ നടന്നുകൊണ്ടിരിക്കുന്ന സീറ്റുകൾ വെട്ടിച്ചുരുക്കലും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവേഷണ ഫണ്ട് കുറക്കുന്നതും സ്‌കോളർഷിപ്പുകളും മറ്റു ആനുകൂല്യങ്ങളും എടുത്തുകളയുന്നതും നമുക്ക് കാണാൻ കഴിയുന്നു. ഈ മാറ്റം വിദ്യാർഥികളെ, വിശിഷ്യാ, ദളിത് മുസ്ലിം മത ന്യൂനപക്ഷ ആദിവാസി തുടങ്ങി പിന്നോക്ക വിഭാഗങ്ങളിൽ പെട്ട വിദ്യാർഥികളെ കാര്യമായി ബാധിക്കുന്നുണ്ട്. മാത്രമല്ല നമ്മുടെ കാമ്പസുകളിൽ ജാതി വിവേചനങ്ങളും ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റവും അനുദിനമെന്നോണം വർധിച്ചു കൊണ്ടേയിരിക്കുന്നു. രോഹിത് വെമുല മുതൽ മുത്തുകൃഷ്ണനും നജീബും വരെയുള്ള ദാരുണമായ സംഭവങ്ങൾ സമീപകാല ഉദാഹരണങ്ങളാണ്.

കേന്ദ്ര സർക്കാരും സർവകലാശാലാ അധികൃതരും എ ബി വി പി പോലുള്ള സവർണ ഫാസിസ്റ്റ് കൂട്ടങ്ങളും സംഘടിപ്പിക്കുന്ന പല തരത്തിലുള്ള ജനാധിപത്യ വിരുദ്ധ അതിക്രമങ്ങൾക്ക് ഹൈദരാബാദ് സർവകലാശാല കഴിഞ്ഞ മാസങ്ങളിൽ സാക്ഷ്യം വഹിക്കുകയാണ്. പലതരത്തിലുള്ള സ്വകാര്യ സേനകളെ നിയമിച്ചു പൊതുപരിപാടികൾ തടസ്സപ്പെടുത്തുക. പൊതു ഇടങ്ങളിലെ രാഷ്ട്രീയ പരിപാടികൾ നിരോധിക്കുക. പൊതു പരിപാടികൾക്ക് അനുമതി തേടണമെന്ന് ഉത്തരവ് പുറപ്പെടുവിച്ച് അനുമതി നിഷേധിക്കുക. പോസ്റ്ററുകൾ പതിക്കുന്നത് നിയന്ത്രിക്കുക. സ്റ്റുഡന്റ്‌സ് യൂണിയൻ ഭരണഘടന തിരുത്തുകയും അതിൽ വി സിക്ക് നേരിട്ട് അധികാരം സാധ്യമാക്കുകയും ചെയ്യുക. യൂണിയൻ ഭാരവാഹികൾക്കും വിദ്യാർഥി സംഘടനാ ഭാരവാഹികൾക്കും നേരെ യാതൊരു കാരണവുമില്ലാതെ അന്വേഷണങ്ങൾക്ക് ഉത്തരവിടുക. പോലീസ് കേസുകളിൽ കുടുക്കുക, വിദ്യാർഥി സംഘടനകളുടെ പ്രവർത്തനാധികാരങ്ങളെ നിയന്ത്രിക്കുക തുടങ്ങി പല തരത്തിലുള്ള ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നയങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി, പ്രത്യേകിച്ചും രോഹിത് മൂവ്‌മെന്റിന്റെ ശേഷം കാമ്പസിൽ നടപ്പാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഈ നീക്കങ്ങലെയെല്ലാം സർവാത്മനാ സ്വീകരിക്കുകയും അവ നടപ്പിൽ വരുത്താനുള്ള ഒത്താശകൾ ചെയ്യുകയുമാണ് എ ബി വി പിയുടെ നയം. എ ബി വി പി യും അധികൃതരും തമ്മിലുള്ള ഈയൊരു ബന്ധം ക്യാമ്പസിലെങ്ങും ദൃശ്യമാണ്. കാമ്പസിൽ പോലീസ് സ്റ്റേഷൻ കൊണ്ട് വരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ സന്തോഷം സ്വീകരിച്ച എച് സി യു അധികാരികളുടെ കൂടെയാണ് എ ബി വി പി . ഈ നിലപാടിനെ വിദ്യാർഥി സമൂഹം ഒന്നടങ്കം എതിർത്തപ്പോൾ കാമ്പസുകൾ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ള ഇടമാവുകയാണെന്നും അതിനാൽ ഇന്ത്യയെ രക്ഷിക്കാൻ പോലീസ് സ്റ്റേഷൻ വന്നെ മതിയാവൂ എന്നും യൂനിയന്റെ ജനറൽ ബോഡി യോഗത്തിൽ വാദിച്ച കരൻ പൻസാലിയയാണ് എ ബി വി പി യുടെ സ്ഥാനാർഥി.ഇങ്ങനെ  സർക്കാരും സർവകലാശാല അധികൃതരും സവർണ ഹിന്ദുത്വവാദികളായ വിദ്യാർഥി സംഘങ്ങളും ചേർന്നു നിൽക്കുന്ന സാഹചര്യത്തിൽ, വിദ്യഭ്യാസ മേഖലയിൽ ഫാസിസത്തിനെതിരായ ശക്തമായ പ്രതിരോധ മുന്നണിയെന്ന നിലയിൽ അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് വളരെ അധികം പ്രാധാന്യമർഹിക്കുന്നു.

സാമൂഹികതയുടെ ഫാസിസവല്കരണത്തെ ചെറുക്കുക

രണ്ടാമത്, ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാമൂഹ്യ സാഹത്തിന്റെ മേഖലയിലെ ഫാസിസ്റ്റ് ഇടപെടലുകളാണ്. സർക്കാരും സേനകളും അന്വേഷണ കമ്മീഷനുകളും നിയമ വ്യവഹാരങ്ങളും സവർണ ഫാസിസ്റ്റുകളുടെ ഭാഗമായി മാറുന്ന കാഴ്ചയാണുള്ളത. ഈയൊരു സാമൂഹ്യ സാഹചര്യത്തിൽ ഫാസിസതിനെതിരായ പോരാട്ടത്തിലുള്ള വ്യത്യസ്ത ശക്തികൾ ഒന്നിച്ചു വരുന്നത് ഏറെ പ്രധാനമാണ്.  സാമൂഹ്യ നീതിയെക്കുറിച്ചുള്ള തീക്ഷ്ണമായ ചോദ്യങ്ങളുയർത്തിക്കൊണ്ടാണ് കാമ്പസിൽ രാഷ്ട്രീയ പ്രചാരണങ്ങൾ നടക്കുന്നത്. അത് വിദ്യഭ്യാസ മേഖലയിലേക്ക് മാത്രം ചുരുങ്ങുന്നില്ല. നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടി വന്ന തമിഴ്‌നാട് സ്വദേശിയായ ദളിത് വിദ്യാർഥി അനിത, മതപരിവർത്തനെ തുടർന്ന് വീട്ടു തടങ്കലിൽ കഴിയേണ്ടി വരുന്ന ഹാദിയ , നീതി നിഷേധിക്കപ്പെട്ട് വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വരുന്ന അബ്ദുന്നാസർ മദനി, ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ജാതിവിരുദ്ധ പോരാട്ടങ്ങൾ തുടങ്ങി സാമൂഹ്യ നീതിയുമായ ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെ സാമൂഹ്യ നീതിക്കായുള്ള വിദ്യാർഥി മുന്നണിയുടെ പ്രചാരണത്തിൽ ദൃശ്യമാണ്.

സഖ്യ രാഷ്ട്രീയവും കീഴാള ഉള്ളടക്കവും

സാമൂഹ്യ നീതി സഖ്യത്തിൽ നിന്ന് മത്സരിക്കുന്നവരെല്ലാം ദളിത് മുസ്ലിം ആദിവാസി പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നതും ശ്രദ്ധേയമാണ്. സവർണ സാമൂഹിക സ്ഥാനത്തു നിന്നുള്ള വിദ്യാര്തികളുടെ പിൻവാങ്ങൽ മാറുന്ന കാമ്പസിന്റെ കീഴാള ഉള്ളടകത്തെ സജീവമാക്കുന്നുണ്ട്. പലരും രോഹിത് വെമുലയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സജീവമായിരുന്നവരാണ് . പ്രസിഡന്റ് സ്ഥാനാർഥിയായ ശ്രീരാഗ് പൊയ്ക്കാടൻ , രോഹിത് വെമുലയുടെ കൂടെ എ എസ എ യിൽ പ്രവർത്തിക്കുകയും പിന്നീട് രോഹിത്തിനു നീതി ലഭിക്കാനായുള്ള പോരാട്ടത്തിൽ ജയിൽ വാസമാനുഷ്ടിക്കുകയും ചെയ്ത വിദ്യാർഥി നേതാവാണ്.

ഫാസിസത്തിന്റെ പ്രാഥമിക ഇരകളായ മുസ്ലിം സംഘടനകളോടുള്ള ഇടതുപക്ഷത്തിന്റെ സമീപനവും എടുത്തു പറയേണ്ടതാണ്.ദലിത് വിദ്യാർഥി സംഘടനകൾക്ക് മുസ് ലിം സംഘടനകളുമായി യോജിച്ച പോരാട്ടത്തിന്റെ ദീർഘ ചരിത്രമുള്ളപോൾ ഇടതു സംഘടനകൾക്ക് ഇതെക്കെ പുതുമയാണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ മുസ്ലിം സംഘടനകളുടെ കർത്തൃത്വപരമായ സാന്നിധ്യം ഒരു നിർണായക രാഷ്ട്രീയ പ്രശ്‌നമാണെന്ന തിരിച്ചറിവ് ഇന്നത്തെ  പൊതുസംവാദങ്ങളിൽ ശക്തമാണ്. ഇത് അവഗണിക്കാൻ ആർക്കും കഴിയില്ലെന്ന ഉറച്ച സന്ദേശം ഈ മുന്നണിയും നൽകുന്നുണ്ട്. എസ് ഐ ഓയുമായി സാങ്കേതികർഥത്തിൽ സഖ്യമായതിനുശേഷം അതിന്റെ സങ്കീർണത കാമ്പസിലെ എസ് എഫ് ഐ കടലാസിലൂടെ പ്രഖ്യാപിച്ചത് ഏറെ കൗതുകമുണർത്തി. മുന്നണിയിൽ പ്രത്യക്ഷമായി തന്നെ എം എസ് എഫുമായും എസ് ഐ ഒ യുമായും പ്രായോഗികമായി സഹകരിക്കാൻ അവർ നിർബന്ധിതരാണ് . സാമൂഹ്യ നീതി സഖ്യത്തിലെ ഏറ്റവും പ്രധാന കക്ഷിയായ അംബേദ്കർ സ്റ്റുഡൻസ് അസോസിയേഷന് പറയുന്ന പോലെ എസ് ഐ ഒ അടക്കമുള്ള ദലിത് മുസ്ലിം സംഘടനകൾ കർത്യത്യപരമായി തന്നെ ഈ സഖ്യത്തിന്റെ അഭിവാജ്യ ഘടകമാണെന്നു അംഗീകരിച്ചു കൊണ്ട് മാത്രമാണ് ഫാസിസ്റ്റ് വിരുദ്ധ സഖ്യം രൂപം കൊണ്ടിട്ടുള്ളത്. എൻ എസ് യുവിനെയും ഈ മുന്നണിയിൽ പങ്കാളിയാക്കാൻ കഴിയാത്തത് ഇത്തരം ചില ആശയക്കുഴപ്പങ്ങൾ മൂലമാണ്.

മുന്നണി ബന്ധങ്ങളിലെ സൈദ്ധാന്തിക ഭിന്നതകൾ നിലനിറുത്താനും ആശയ സംവാദങ്ങൾ തുടരാനും സാധിക്കുമ്പോൾ തന്നെ സംഘപരിവാറിന്റെ വിദ്യാർഥി വിഭാഗമായ എബിവിപി പരാജയപെടുത്തുക എന്ന മുദ്രാവാക്യമുയർത്താൻ പുതിയ സാഹചര്യം ആവശ്യപ്പെടുന്നുണ്ട്. സാമൂഹ്യ നീതിക്കുവേണ്ടി , സവർണ ഫാസിസത്തിനെതിരെ ഒറ്റക്കെട്ടായി നിന്ന് കൊണ്ട് ഹൈദരാബാദ് സർവകലാശാല ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ മാതൃകയാണ് സമ്മാനിക്കുന്നത്.

(ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് എം എ മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിയായിരുന്നു ലേഖകൻ)
Top