നവോത്ഥാനത്തിന്റെ രാഷ്ട്രീയത്തെ നമുക്ക് മുന്നോട്ടുകൊണ്ടുപോകാം

വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കാര്‍ഷിക സമരത്തിന്റെ കാലത്ത് ദളിതരുടെ ഉപജീവത്തിനുവേണ്ടി മത്സ്യതൊഴിലാളി സമൂഹവമായി അയങ്കാളി ബന്ധപ്പെടുകയും ദളിതരെ മത്സ്യബന്ധനത്തന്റെ ഭാഗവാക്കാക്കി അവരുടെ സമരകാലത്തെ ഉപജീവനം ഉറപ്പുവരുത്തകയായിരുന്നു. ഇന്നത്തെ നിയമസഭകളുടെ സ്ഥാനത്തുള്ള രാജഭരണ കാലത്തെ പ്രജാസഭയില്‍ അംഗമായ അയങ്കാളി 1912 ല്‍ ശ്രീമൂലം രാജാവിന്റെ പ്രജാസഭയില്‍ ദളിതര്‍ക്ക് അഞ്ച് ഏക്കര്‍ കൃഷിഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ടു. അയങ്കാളി മുന്നോട്ടുവെച്ച രാഷ്ട്രീയത്തിന് തുടര്‍ച്ചയില്ലാതെ പോയി എന്നതാണ് കേരളത്തിനും കേരളത്തിലെ അധഃസ്ഥിത വിഭാഗത്തിനും സംഭവിച്ച നിര്‍ഭാഗ്യം.

നമ്മള്‍ ഇന്ന് കാണുന്ന കേരളം എങ്ങനെ ഉണ്ടായതാണ്. കേരളം ഭ്രാന്താലയം ആണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഒരു കാലം ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്. നായക്ക് നടക്കാവുന്ന വഴിയിലൂടെ ദലിതന് നടക്കാന്‍ പാടില്ലാത്ത കാലമായിരുന്നു അത്. വൈക്കം ക്ഷേത്രത്തിന് മുന്നിലുള്ള നിരത്തിലൂടെ ജാതി ശ്രേണിയില്‍ താഴ്ന്നവരായി കണക്കാക്കപെട്ടവര്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് 1924 ലെ വൈക്കം സത്യാഗ്രഹം നടന്നത്. മഹാത്മ അയങ്കാളി വില്ലുവണ്ടിയില്‍ സഞ്ചരിച്ച് സഞ്ചാരം തന്നെ സമരമായി മാറിയ ചരിത്രവും പൊതുനിരത്തില്‍ ദലിതര്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു. അയങ്കാളി വില്ലുവണ്ടിയില്‍ സഞ്ചരിച്ച നിരത്തിനെ പൊതുനിരത്ത് എന്ന് പറയാന്‍ കഴിയില്ല. അന്നത് സവര്‍ണ പ്രത്യയശാസ്ത്രത്തിന്റെ നിരത്താണ്. സവര്‍ണരും സവര്‍ണ പ്രത്യയശാസ്ത്രം അനുവദിച്ചവരും മാത്രം സഞ്ചരിക്കുന്ന നിരത്ത്. ആ പൊതുനിരത്തിന്റെ പൊതുവില്‍ ദലിതരില്ലായിരുന്നു. ആ പൊതുവില്‍ ദലിതരെ കൂടി ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് അയങ്കാളി സമരം ചെയതത്. വൈക്കത്ത് സത്യാഗ്രഹം നടന്നത്.

നിരക്ഷരനായ മഹാത്മാ അയങ്കാളി ദലിത് കുഞ്ഞുങ്ങളുടെ സാക്ഷരതക്കുവേണ്ടി കൃഷി ഭൂമി സ്തംഭിപ്പിച്ച് സമരം ചെയ്തു. ദലിത് കുട്ടികളെ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. തിരുവിതാംകൂര്‍ രാജാവ് അതിന് വേണ്ടി ഉത്തരവ് ഇറക്കിയിട്ടും അവിടത്തെ മേലാളര്‍ അതിന് സന്നദ്ധമായില്ല. അയങ്കാളി ദളിതരെ സംഘടിപ്പിച്ച് ജന്മിമാരുടെ കൃഷിഭൂമിയില്‍ കൃഷി ഇറക്കാതെ തരിശിട്ട് സമരം ചെയ്തു.

”കാണായ പാടങ്ങളെല്ലാം

മുടിപ്പുല്ല് കുരുപ്പിക്കും” എന്നായിരുന്നു അയ്യങ്കാളി സവര്‍ണതയുടെയും ജന്മിത്വത്തിന്റെയും കരണത്തടിച്ചതുപോലെ പ്രഖ്യാപിച്ചത്. ഒരുപാട് പ്രകോപനങ്ങളും പ്രതിസന്ധികളുമുണ്ടായിട്ടും ഒരു ജനത അദ്ദേഹത്തിന്റെ പിന്നില്‍ ഉറച്ചുനിന്നു. അയങ്കാളി ഒരു സമൂഹ നിര്‍മാതാവായിരുന്നു. ഒരു സോഷ്യല്‍ എഞ്ചനീയര്‍. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടെ സഹകരണത്തെ സംയോജിപ്പിച്ചും പ്രയോജനപ്പെടുത്തിയുമാണ് അയങ്കാളി തന്റെ സമൂഹനിര്‍മാണം സാധിച്ചെടുത്തത്. വിശാലമായ ബഹുജന രാഷ്ട്രീയമാണ് അയങ്കാളി പ്രയോഗവല്‍ക്കരിച്ചത്.

കല്ലുമാല എന്ന കുപ്പിച്ചില്ലു കൊണ്ടുള്ള വികൃതമായ ആഭരണമായിരുന്നു അധഃസ്ഥിത സ്ത്രീകള്‍ മാറിലണിഞ്ഞിരുന്നത്. അയങ്കാളി നടത്തിയ വിപ്ലവകരമായ സമരമായിരുന്നു കല്ലുമാല പൊട്ടിക്കല്‍ സമരം. ഇതിന്റെ പ്രഖ്യാപനം നടത്തിയത് എന്‍.എസ്.എസ് പ്രസിഡണ്ടായിരുന്ന ചങ്ങനാശ്ശേരി കെ. പരമേശ്വരന്‍ പിള്ള ആയിരുന്നു. പൊതുവിദ്യാലയങ്ങളില്‍ നിയമ സാധുത ഉണ്ടായിട്ടും പ്രവേശനം നിഷേധിക്കപ്പെട്ട ദലിത്  സമൂഹത്തിന് വേണ്ടി അയങ്കാളി ആരംഭിച്ച സകൂളിലെ അധ്യാപകന്‍ മറ്റൊരു പരമേശ്വരപ്പിള്ളയായിരുന്നു. നെല്ലരിക്കണ്ടി നായര്‍ എന്ന ചട്ടമ്പിയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ കുണ്ടറ പെരിനാട് അവകാശ പോരാട്ടം നടത്തുന്ന ദളിതര്‍ക്കുനേരെ വലിയ അക്രമണങ്ങള്‍ നടത്തുകയും ധാരാളം ദളിത് ഗൃഹങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ദളിതര്‍ തിരിച്ചടിക്കുകയും ചെയ്തു. ഉടനെ അയങ്കാളി പെരിനാട് എത്തുകയും രംഗം ശാന്തമാക്കുകയും എഡ്മണ്ട് എന്ന ക്രിസ്ത്യന്‍ മിഷിനറിയുടെ സഹായത്തോടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് കൊല്ലത്ത് പൊതുപരിപാടി നടത്താന്‍  സ്ഥലം ലഭിക്കാതെ പോയ അയങ്കാളിയെ സ്ഥലം അനുവദിച്ച് സഹായിച്ചത് രത്‌നാഭായി എന്ന ഈഴവ സമുദായാംഗമായ മാന്യ വനിത ആയിരുന്നു. വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കാര്‍ഷിക സമരത്തിന്റെ കാലത്ത് ദളിതരുടെ ഉപജീവത്തിനുവേണ്ടി മത്സ്യതൊഴിലാളി സമൂഹവമായി അയങ്കാളി ബന്ധപ്പെടുകയും ദളിതരെ മത്സ്യബന്ധനത്തന്റെ ഭാഗവാക്കാക്കി അവരുടെ സമരകാലത്തെ ഉപജീവനം ഉറപ്പുവരുത്തകയായിരുന്നു. ഇന്നത്തെ നിയമസഭകളുടെ സ്ഥാനത്തുള്ള രാജഭരണ കാലത്തെ പ്രജാസഭയില്‍ അംഗമായ അയങ്കാളി 1912 ല്‍ ശ്രീമൂലം രാജാവിന്റെ പ്രജാസഭയില്‍ ദളിതര്‍ക്ക് അഞ്ച് ഏക്കര്‍ കൃഷിഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ടു. അയങ്കാളി മുന്നോട്ടുവെച്ച രാഷ്ട്രീയത്തിന് തുടര്‍ച്ചയില്ലാതെ പോയി എന്നതാണ് കേരളത്തിനും കേരളത്തിലെ അധഃസ്ഥിത വിഭാഗത്തിനും സംഭവിച്ച നിര്‍ഭാഗ്യം.

ആധുനിക കേരളത്തിന്റെ ശില്‍പിയാണ് ശ്രീ നാരായണഗുരു. സാഹോദര്യത്തിന്റെ രാഷ്ട്രീയവും ആത്മീയതയുമാണ് ഗുരു മുന്നോട്ടുവെച്ചത്.

”ജാതി ഭേദം മതദ്വേഷം, ഏതുമില്ലാതെ സര്‍വരും

സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്നാണ് അദ്ദേഹം കേരളത്തെ വിഭാവന ചെയതത്.

”നരനും നരനും തമ്മില്‍

സാഹോഹര്യമുണ്ടായിരിക്കണം

അതിനു വിഘ്‌നമായുള്ളതെല്ലാം

ഇല്ലാതെ ഇരിക്കണം

എന്ന് ഗുരു പഠിപ്പക്കുന്നുണ്ട്.”

തമ്മില്‍ ഇണ ചേര്‍ന്ന് സന്താനോല്‍പാദനം നടത്താന്‍  കഴിവുള്ള ജീവികളൊക്കെ ഒരു ജാതിയാണ്. എന്ന്  പറഞ്ഞതിലൂടെ ഗുരു സ്ഥാപിക്കുന്നത് മനുഷ്യന്‍ ഒരൊറ്റ ജാതിയാണെന്ന സത്യമാണ്. അതു കൊണ്ട് തന്നെ മനുഷ്യര്‍ ഏകോതര സഹാദരീ സഹോദരന്‍മാരാണ്.

ശ്രീ നാരായണ ഗുരു ഹിന്ദു സന്യാസിയായാലും പൊതുസന്യാസിയായാലുമെല്ലാം അദ്ദേഹം പഠിപ്പിച്ചത് ജാതിക്കും മതത്തിനുമപ്പുറമുളള മാനവ സാഹോദര്യമാണ്. ഭാരതീയ ദര്‍ശനങ്ങളും ക്രൈസ്തവ വേദങ്ങളും, ഇസ്ലാമിക സിദ്ധാന്തങ്ങളും മാര്‍ക്‌സിസവുമെല്ലാം മാനവരാശിയുടെ പൊതു സ്വത്താണ്. അദ്വൈതത്തെ മാനവികമായി വ്യാഖ്യാനിക്കുകയാണ് ശ്രീനാരായണ ഗുരു ചെയ്തത്. ഗുരു ശിഷ്യനായിരിക്കെത്തന്നെ മതരഹിതമായ മാനവികതയാണ് സഹോദരന്‍ അയ്യപ്പന്‍ സ്വീകരിച്ചത്. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് പറയുമ്പോഴും ധര്‍മം വേണം ധര്‍മം വേണം ധര്‍മം വേണം മനുഷ്യന് എന്ന് അയ്യപ്പന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അയ്യപ്പന്റെ മതരാഹിത്യവും ആഡൂരമിട്ടത് ധര്‍മബോധത്തിലായിരുന്നു. സാഹോദര്യമായിരുന്നു ഗുരു ശിഷ്യന്മാരുടെയും ഏറ്റവും വിപ്ലകരമായ രാഷ്ട്രീയ മുദ്രാവാക്യം.

ഗുരുവിനും ഒരു നൂറ്റാണ്ട് മുമ്പ് പ്രവര്‍ത്തിച്ച മമ്പുറം തങ്ങളിലും ഇതേ സാഹോദര്യത്തിന്റെ രാഷ്ട്രീയം നമുക്ക് കാണാന്‍ കഴിയും. ജാതിവ്യവസ്ഥ ശ്രേണിയില്‍ താഴ്ന്നവരായി കണക്കാക്കിയവരോട് സവര്‍ണരും ജന്മിമാരുമായ ഉന്നതസ്ഥാനീയരെ അങ്ങുന്ന്, തമ്പുരാന്‍ മുതലായ വിധേയത്വത്തിന്റെയും ആത്മനിന്ദാസൂചനാ ശബ്ദങ്ങളിലൂടെയും അധികാരബോധം ചെലുത്തരുതെന്ന് തങ്ങള്‍ പഠിപ്പിച്ചു. ജന്മിമാരുടെ എച്ചില്‍ തിന്നരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു അധ്യാപനം. ദൈവം മനുഷ്യനെ ആദരിച്ചിരിക്കുന്നു. നല്ലത് ആഹരിപ്പിച്ചരിക്കുന്നു എന്ന  വിമോചന ദൈവശാസ്ത്രമായിരുന്നു മമ്പുറം തങ്ങളെ പ്രചോദിപ്പിച്ചിരുന്നത്. ക്രൈസ്തവ മിഷനറിമാര്‍ ക്രിസ്തുവിന്റെ കരുണയെ സാഹോദര്യമായി കേരള്തതില്‍ പരിചയപ്പെടുത്തി.  ചരിത്രപരമായി സാഹോദര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് സാഹോദര്യം ഉറപ്പുവരുത്തുക എന്നതാണ് ഈ രാഷ്ട്രീയം ചെയ്തത്. സാഹോദര്യ ബോധത്തിന്റെ അനിവാര്യമായ ഭാഗമായിരുന്നു വിഭവങ്ങളിലെ ന്യായമായ പങ്കാളിത്തവും ഉടമസ്ഥതയും .

പക്ഷെ, ആധുകനിക കേരളത്തിന് ഈ രാഷ്ട്രീയത്തെ വേണ്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പില്‍ക്കാലത്ത് കഴിഞ്ഞില്ല.  ഇടര്‍ച്ച സംഭവിച്ച നവോത്ഥാനത്തിന്റെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകായാല്‍ മാത്രമേ കേരളത്തെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളു.

(വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റാണ് ലേഖകന്‍)

Top