ഓണാഘോഷം ഒരു വിയോജന കുറിപ്പ്

ഓണത്തെ സംബന്ധിച്ച് നാട്ടില്‍ ബോധപൂര്‍വ്വം പ്രചരിക്കപ്പെട്ടിട്ടുള്ള കഥ മഹാബലി ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ മടങ്ങിവരുന്ന ദിവസമാണ് തിരുവോണമെന്നാണ്. മഹാവിഷ്ണുവിന്റെ ദശാവതാര കഥയില്‍ ആറാമതായി അവതരിച്ച പരശുരാമന്‍ മഴുവെറിഞ്ഞു വീണ്ടെടുത്ത കേരളത്തില്‍ അഞ്ചാമത് അവതരിച്ച വാമനന്‍ പുതിയ ഭരണ ക്രമമുണ്ടാക്കി എന്നാണല്ലോ വിശ്വാസം. മാനുഷരെല്ലാരു മൊന്നുപോലെ കഴിയാന്‍ സഹായിച്ച് സകല ജനതയ്ക്കും സ്വര്‍ഗ്ഗീയ സുഖം പ്രദാനം ചെയ്ത് അസുര ചക്രവര്‍ത്തിയെ ചതിയില്‍പ്പെടുത്തി ചവുട്ടിത്താഴ്ത്തി (ചവുട്ടി കൊന്ന്) ഭൂമി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. ഇന്നിവിടെ നരക സമാനമായ ദുരിതങ്ങള്‍ സൃഷ്ടിച്ചിന്റെ ഉടമാവകാശം മഹാവിഷ്ണുവെന്ന ദൈവത്തിന്റെ തലയില്‍ കെട്ടിവെച്ചിരിക്കുന്നു. എന്നിട്ട് ആ ദൈവത്തെ ആരാധിക്കുന്നു. പരശുരാമന്‍ മഴുവെറിഞ്ഞ് കടല്‍ മാറ്റി കേരളം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു എന്ന കഥയും വാമനന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു എന്ന കഥയും കേരളത്തിന്റെ മണ്ണില്‍ ബ്രാഹ്മണര്‍ അല്ലാത്തവര്‍ക്ക് ഒരു തരി മണ്ണിനുപോലും അവകാശമില്ലായെന്ന അവബോധം സൃഷ്ടിക്കുന്നുണ്ട്.

കല്ലറ സുകുമാരന്‍
____________________________________
മലയാളികളുടെ മഹോത്സമായി ഓണം ആര്‍ഭാടപൂര്‍വ്വം നൂറ്റാണ്ടുകളായി ആഘോഷിച്ചുപോരുന്ന ഒരാചാരമാണ്. കോടിക്കണക്കിന് രൂപ വാരിക്കോരി ചെലവഴിച്ച് ഓണാഘോഷം നടത്തുമ്പോള്‍ അതിന്റെ കെടുതികളെക്കുറിച്ച് അധികമാരും ആലോചിക്കുന്നില്ല. ഒരു വിഭാഗത്തിനെങ്കിലും ഓണം മാനസിക പീഡനമാണ്.
ഓണത്തെ സംബന്ധിച്ച് നാട്ടില്‍ ബോധപൂര്‍വ്വം പ്രചരിക്കപ്പെട്ടിട്ടുള്ള കഥ മഹാബലി ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ മടങ്ങിവരുന്ന ദിവസമാണ് തിരുവോണമെന്നാണ്. മഹാവിഷ്ണുവിന്റെ ദശാവതാര കഥയില്‍ ആറാമതായി അവതരിച്ച പരശുരാമന്‍ മഴുവെറിഞ്ഞു വീണ്ടെടുത്ത കേരളത്തില്‍ അഞ്ചാമത് അവതരിച്ച വാമനന്‍ പുതിയ ഭരണ ക്രമമുണ്ടാക്കി എന്നാണല്ലോ വിശ്വാസം. മാനുഷരെല്ലാരു മൊന്നുപോലെ കഴിയാന്‍ സഹായിച്ച് സകല ജനതയ്ക്കും സ്വര്‍ഗ്ഗീയ സുഖം പ്രദാനം ചെയ്ത് അസുര ചക്രവര്‍ത്തിയെ ചതിയില്‍പ്പെടുത്തി ചവുട്ടിത്താഴ്ത്തി (ചവുട്ടി കൊന്ന്) ഭൂമി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. ഇന്നിവിടെ നരക സമാനമായ ദുരിതങ്ങള്‍ സൃഷ്ടിച്ചിന്റെ ഉടമാവകാശം മഹാവിഷ്ണുവെന്ന ദൈവത്തിന്റെ തലയില്‍ കെട്ടിവെച്ചിരിക്കുന്നു. എന്നിട്ട് ആ ദൈവത്തെ ആരാധിക്കുന്നു. പരശുരാമന്‍ മഴുവെറിഞ്ഞ് കടല്‍ മാറ്റി കേരളം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു എന്ന കഥയും വാമനന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു എന്ന കഥയും കേരളത്തിന്റെ മണ്ണില്‍ ബ്രാഹ്മണര്‍ അല്ലാത്തവര്‍ക്ക് ഒരു തരി മണ്ണിനുപോലും അവകാശമില്ലായെന്ന അവബോധം സൃഷ്ടിക്കുന്നുണ്ട്. ഇന്ന് പരശുറാം എക്‌സ്പ്രസ്സ് പോലും പീഡിതന്റെ കരളിലാണ് കൂരമ്പായി തറയ്ക്കുന്നത്.
ഓണത്തിന്റെ ചരിത്ര പശ്ചാത്തലം കെട്ടുകഥകള്‍ ഉപേക്ഷിച്ച് വസ്തു നിഷ്ഠമായി പരിശോധിക്കാന്‍ നമ്മുടെ ചരിത്രകാരന്മാര്‍ അധികം പേരും വിമുഖരാണ്. കാരണം അവരിലേറെപ്പേരും ഓണത്തിന്റെ ആവിര്‍ഭാവത്തോടെ അതിന്റെ ഗുണഭോക്താക്കളാവരില്‍പ്പെടും. തിരുവങ്ങാട് കൃഷ്ണക്കുറുപ്പിനെപ്പോലുള്ള ചരിത്രകാരന്മാരുടെ കേരള ചരിത്രം, പരശുരാമനിലൂടെ എന്നു തുടങ്ങി ഏതാനും ചില ചരിത്രഗ്രന്ഥങ്ങളെ കൃതജ്ഞതാപൂര്‍വ്വം ഓര്‍മ്മിക്കുന്നു. ഓണാഘോഷം വിളവെടുപ്പ് മഹോത്സവമാണെങ്കില്‍ വിളവെടുപ്പ് കഴിയുന്നത് ചിങ്ങമാസത്തിലല്ല കന്നിക്കൊയ്‌ത്തോടുകൂടിയാണ് എന്നെങ്കിലും സമ്മതിക്കേണ്ടിവരും.

  • പെരുമാളും പരാമരനും

സംഘഭരണത്തിനു തൊട്ടുപുറകേ ചേരരാജാക്കന്മാരുടെ ഭരണം കേരളത്തില്‍ ഉറപ്പിക്കപ്പെട്ടു. കോയമ്പത്തൂര്‍ വരെ വികസിച്ചിരുന്ന കേരളത്തിന്റെ മണ്ണില്‍ ആദിയന്‍, ചേരന്‍, പെരുഞ്ചേറ്റുതയന്‍ തുടങ്ങിയ പള്ളിവാണ പെരുമാള്‍വരെയുള്ള പെരുമാക്കന്മാരുടെ ഭരണത്തിന് കീഴിലായിരുന്നു. പെരുമാള്‍ എന്ന സ്ഥാനപേരുതന്നെ തമിഴ്പദമായ പെരു+ അംബ= പെരുമാള്‍ (വലിയ മനുഷ്യന്‍ /രാജാവ്) എന്നാണല്ലോ. പാലൈ, മുല്ലൈ, മരുതം, നൈതല്‍, കുറുഞ്ഞി എന്നീ ഐന്തിണൈ ഭൂപ്രദേശങ്ങള്‍ ഒട്ടേറെ നാട്ടുരാജ്യങ്ങളായി വികസിച്ചു. തിണൈവാസികളുടെ ഇടയില്‍ ജാതിയോ ഉപജാതിയോ മറ്റ് അസ്പൃശ്യതകളോ ഇല്ലാതിരുന്ന സംഘകാലം വിട്ട് തൊഴിലിന്റെ പേര് ജാതിപ്പേരായി മാറിയ പെരുമാള്‍ ഭരണകാലഘട്ടം ജാതിയ സമത്വങ്ങള്‍ അശേഷമില്ലാതിരുന്ന കാലവുമായിരുന്നു. മഹോദയപുരം ആസ്ഥാനമാക്കി പള്ളിവാണപെരുമാള്‍ ചക്രവര്‍ത്തിയായി നാട് ഭരിക്കുമ്പോള്‍ ഇന്നത്തെ ദലിത് പിന്നോക്ക (മതന്യൂന പക്ഷവും) മല്ലാതെ മറ്റ് യാതൊരു വര്‍ഗ്ഗ വംശങ്ങളുടെ നേരിയ സാന്നിദ്ധ്യം പോലും കേരളത്തിന്റെ മണ്ണില്‍ ഇല്ലായിരുന്നു. ആര്യാവര്‍ത്തനം വിട്ട് വിന്ധ്യാപര്‍വ്വതത്തിന് തെക്ക് ആര്യന്മാര്‍ എത്തിയിരുന്നില്ല.
ക്രിസ്തുവര്‍ഷം 974 ല്‍ മഹോദയപുരം ആസ്ഥാനമാക്കി ഒടുവില്‍ നാടുവാണ പള്ളിവാണ പെരുമാള്‍ ചക്രവര്‍ത്തിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സാമന്തരാജാവായിരുന്ന കോലത്തിരി ഉദയവര്‍മ്മനുമായി (കാസര്‍കോട്) അഭിപ്രായസംഘട്ടനമുണ്ടായി. ചക്രവര്‍ത്തിയോട് പക വീട്ടാന്‍ ഉദയവര്‍മ്മന്‍ മാര്‍വാരാജാവായിരുന്ന വാഗ്പതിയെ ചെന്നുകണ്ട് ഒത്തുതീര്‍പ്പ് ഉണ്ടാക്കി. ബ്രാഹ്മണനായ വാഗ്പതിയുടെ പുത്രന്‍ പരാമരനെയും സൈന്യത്തെയും ക്ഷണിച്ചുകൊണ്ടുവന്ന് സ്വന്തം സൈന്യത്തോട് കൂടി പെരുമാളിനെ പരാജയപ്പെടുത്തിയ പരാമരന്റെ ആയുധം പരശു (കോടാലി) ആയിരുന്നതുകൊണ്ട് പരാമരന്‍ പരശുരാമനായി അറിയപ്പെട്ടു.
ഭീമന് ഗദയും ബലരാമന് കലപ്പയും കൃഷ്ണന് ചക്രവും അര്‍ജ്ജുനന് അസ്ത്രവും ആയുധമായിരുന്നത് പോലെ പരാമരന്റെ ആയുധം കോടാലി ആയിപ്പോയത് പെരുമാള്‍ വംശങ്ങളുടെ കണ്ഠകോടാലിയായി മാറി. നാടുപിടിച്ചെടുത്ത് വൈദേശികാധിപത്യം കേരളത്തിന്റെ മണ്ണിലുറപ്പിച്ച് ബ്രാഹ്മണനായ പരശുരാമന്‍ കേരളത്തിന്റെ ഉടമസ്ഥാവകാശം തന്നോടൊപ്പമായിരുന്ന ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തത് ഈ നാടിന്റെ ജന്മാവകാശികളെ അനാഥരും അന്യരുമാക്കി.
കേരളം ആര്യന്മാര്‍ക്ക് കീഴടങ്ങുന്നതിന്റെ ആഹ്ലാദം അത്തം തുടങ്ങി തിരുവോണം വരെയുള്ള 10 ദിവസം അവര്‍ ആര്‍ഭാടപൂര്‍വ്വം ആഘോഷിച്ചുവെന്നതാണ് ചരിത്രസത്യം. നാടും വീടും നഷ്ടപ്പെട്ട ജനത ചരിത്ര സത്യം മനസ്സിലാക്കാതെ അന്യരുടെ ആഹ്ലാദതിമിര്‍പ്പില്‍ പങ്കുചേരുകയും ഓണം ആഘോഷിക്കുകയും ചെയ്യുമ്പോള്‍ എല്ലാം നഷ്ടപ്പെട്ടതിന്റെ ഘനീഭവിച്ച ദുഃഖം ഉള്ളില്‍ പേറി വിതുമ്പിക്കരയുന്ന, വര്‍ഷങ്ങളായി ആ ദിനം ദുഖാചരണമായി ആചരിക്കുന്ന അനേകം കുടുംബങ്ങളില്‍ ഒന്നില്‍പെട്ട അംഗമാണ് ഇതെഴുതന്നു ആള്‍.

  • അധഃസ്ഥിതരുടെ മഹാബലി

മഹാബലി എന്നത് ഒരു വ്യക്തിയുടെയോ രാജാവിന്റെയോ പേര് ആയിരുന്നില്ല. നരബലി, മൃഗബലി എന്നതുപോലെ നീണ്ട ദിവസങ്ങള്‍ കൊണ്ട് രാജ്യ വ്യാപകമായി നടത്തിയ കൂട്ടക്കുരുതിയായിരുന്നു മഹാബലിയെന്ന പേരില്‍ അറിയപ്പെടേണ്ടത്. ഇന്ത്യയില്‍ ഒട്ടേറെ സംസ്ഥാനങ്ങളില്‍ ബലി എന്ന പേര് ചേര്‍ത്ത് സ്ഥലനാമങ്ങളുണ്ട്. ബലിപ്പൂര്‍, ബലിപ്പട്ടണം, മഹാബലിപുരം തുടങ്ങി ആന്ധ്രയിലും, ഡല്‍ഹിയിലും, തമിഴ്‌നാട്ടിലും, കര്‍ണാടകത്തിലും ഒക്കെ ഉള്ള സ്ഥലനാമങ്ങള്‍ മഹാബലി ഭരിച്ചിരുന്ന രാജ്യങ്ങളായിരുന്നില്ല. അവിടെയെല്ലാം ആദിമ ജനതക്കെതിരെ ആര്യന്മാര്‍ നടത്തിയ കൂട്ടക്കുരുതികളെ അനുസ്മരിക്കുന്ന സ്ഥലനാമങ്ങളാണുണ്ടായത്. ഇന്ന് ബെല്‍ച്ചി, കീഴ് വെണ്മണി, ദ്വിയോളി, ഗുണ്ടൂര്‍. ഫറുക്കാബാദ്, രാമായണന്‍പൂര്‍, നരസിംഹപൂര്‍, വില്ലുപുരം, പാന്തുനഗര്‍. പിപ്ര തുടങ്ങി ഇന്ത്യയില്‍ എമ്പാടും അധഃസ്ഥിതര്‍ക്കെതിരെ മഹാബലി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ആര്യന്മാര്‍ കീഴ്‌പ്പെടുത്തിയ പള്ളിവാണപ്പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മക്കത്തുപോയി എന്നാണ് അവര്‍ പറഞ്ഞുപരത്തിയ നുണ. എന്നാല്‍ നൂറ്റാണ്ടു യുദ്ധത്തിന്റെ ഘട്ടത്തില്‍ ക്രിസ്തുവര്‍ഷം 1010- മൈസൂര്‍ രാജാവായിരുന്ന ജഗദേക്കമല്ലന്‍, സുമാദ്ര ദ്വീപില്‍ നിന്നും കണ്ടെടുത്ത പൊന്നിന്‍കിരീടം ചേരമാന്‍ പെരുമാളിന്റെതതായിരുന്നുവെന്ന് തെളിയിക്കപ്പെട്ടതോടെ, അദ്ദേഹം മക്കയിലേക്ക് പോയതല്ല മറിച്ച് സുമാദ്രാ ദ്വീപിലേക്ക് പരശുരാമനാല്‍ നാടുകടത്തപ്പെട്ടതാണ് എന്ന് വെളിവായിരിക്കുന്നു.
ഓണാഘോഷത്തിനുവേണ്ടി ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് ആയി നല്‍കുമ്പോള്‍ ഒരു ദിവസത്തെ വേതനം പോലും ലഭിക്കാത്തവരും തിരുവോണ ദിനത്തില്‍ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്തവരും, കേരളത്തിന്റെ മണ്ണില്‍ ലക്ഷങ്ങളുണ്ടെന്ന് ആരറിയുന്നു. മറ്റൊരു വിഭാഗം ആളുകള്‍ക്ക് ഓണാഘോഷത്തിന് മുമ്പ് പെന്‍ഷന്‍ കുടിശിഖ നല്‍കുമ്പോള്‍ കാലവര്‍ഷക്കെടുതിമൂലം കൂലിവേലപോലും ലഭിക്കാതെ ദിനരാത്രങ്ങള്‍ കൊടും പട്ടിണിയില്‍ തള്ളിനീക്കുന്നവരും നിരവധിയുണ്ട്. എല്ലാവരാലും ചവിട്ടിയരയ്ക്കപ്പെട്ട മൂക ജീവികള്‍ സത്യാന്വേഷണം എവിടെ എങ്ങനെ തുടങ്ങണമെന്ന് തിട്ടമില്ലാത്ത അവസ്ഥയില്‍ നമ്മുടെ നാട് ഇന്ന് അനാഥമാണ്. അതേ നമ്മുടെ നാടും നമ്മളും തീര്‍ച്ചയായും അനാഥമാണ്. തിരുവോണ ദിവസം വിശന്നു കരയുന്ന മണ്ണിന്റെ മക്കളുടെ പൊന്നോമന കുഞ്ഞുങ്ങളില്‍ മാത്രം നമുക്ക് നമ്മുടെ പ്രതീക്ഷകള്‍ അര്‍പ്പിക്കാം.
(1991 ആഗസ്റ്റ്)

Top