വിഭവ രാഷ്ട്രീയവും ദലിതരുടെ ആദിപാപവും 

ജാതിവ്യവസ്ഥയിലെ സമുദായങ്ങളുടെ രൂപീകരണത്തെയും അതിന്റെ ഉയര്‍ച്ച താഴ്ചകളെയും പരിഗണിക്കാതെ, മുതലാളിത്ത വികസനത്തിന്റെ ഇരകളായി പാര്‍ശ്വവത്കൃതരെ കാണുകയും വിഭവ മേഖല അവര്‍ക്ക് കൈമാറുകയും ചെയ്യുക എന്ന കാഴ്ചപ്പാടാണ് വിഭവരാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നത്. ഇത് കീഴാളരുടെ ഇല്ലാ യ്മയെയാണ് പ്രമേയമാക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ‘പുറന്തള്ളല്‍’ ‘ഇല്ലായ്മ’ എന്നിവ വ്യത്യസ്തമായ രാഷ്ട്രീയഭൂമികകളെ പ്രതിനിധാനം ചെയ്യുന്ന രണ്ട് കാഴ്ചപ്പാടുകളാണ്. ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഊനയില്‍ നടന്ന പ്രക്ഷോഭത്തെ കേരളത്തിലെ ഇടതു ലിബറലുകള്‍ സ്വീകരിച്ചത് ദലിതരുടെ സാമുദായിക കര്‍തൃത്വത്തെ നിഷേധിക്കുക എന്ന താല്‍പര്യത്തോടെയാണ്. മുന്‍പ്, വര്‍ഗ്ഗബോധത്തിന്റെ കുറവാണ് കീഴാളരില്‍ അവര്‍ കണ്ട കുറ്റമെങ്കില്‍, ഇപ്പോള്‍ സ്വത്വബോധത്തിന്റെ അധികമാണത്രേ കുഴപ്പം. ഈ അധികത്തെ(Excess) ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ നീക്കമാണ് ‘ചലോ തിരുവനന്തപുരം’ പരിപാടിയിലുള്ളതെന്ന് ദലിതര്‍ തിരിച്ചറിഞ്ഞതിലൂടെ ആ പദ്ധതി ഗര്‍ഭത്തില്‍ വെച്ചുതന്നെ അലസിപ്പോവുകയാണ് ഉണ്ടായത്.

ജാതിവ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി ഡോ.ബി.ആര്‍.അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നത് ”പുറന്തള്ളലിനെ”യാണ് (Exclusion). കേരളത്തില്‍ നടന്ന പൗരസമത്വ പ്രക്ഷോഭണത്തിനു നേതൃത്വം നല്‍കിയ സഹോദരനയ്യപ്പനാണ് ‘സമുദായം’ എന്ന സങ്കല്പം മുന്നോട്ടുവെച്ചത്. ജാതിവ്യവസ്ഥ പോകാനും പൗരസമത്വം നടപ്പിലാക്കാനും സമുദായങ്ങള്‍ തമ്മിലുള്ള ഉയര്‍ച്ചതാഴ്ചകള്‍ അവസാനിപ്പിക്കണമെന്നു അദ്ദേഹം വാദിച്ചു. മേല്‍പ്പറഞ്ഞ രണ്ട് വിചാരങ്ങളാല്‍ നിന്നുമാണ് കേരളത്തിലും ഇന്ത്യയിലും മിക്ക ദലിത്മൂവ്‌മെന്റുകളും ഉണ്ടായത്.

ഇതേ സമയം ‘വിഭവാധികാരം’ എന്ന പദം രൂപപ്പെട്ടത് അരികുവത്കരിക്കപ്പെട്ടവരെ  ‘ഇല്ലായ്മകളി’ലൂടെ (Lack) കാണുന്ന സവര്‍ണ്ണ ലിബറല്‍ പൊതുബോധത്തില്‍ നിന്നാണ്. ഡോ. എം. കുഞ്ഞാമനെ പോലെയുള്ള ഇടതുപക്ഷ സഹയാത്രികരായ അക്കാദമിക് പണ്ഡിതര്‍, തൊണ്ണൂറുകളിലെ ദലിത് മൂവ്‌മെന്റുകളോട് വിയോജിച്ചതിന്റെ ഭാഗമായാണ് ഈ പദം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ‘ദരിദ്രര്‍, ഭൂരഹിതര്‍, നിരക്ഷരര്‍’ മുതലായ ”ഇല്ലായ്മക”ളാല്‍ പ്രതിനിധാനം ചെയ്യപ്പെടുന്നവരാണ് ദളിതര്‍. ഇവരുടെ അടിസ്ഥാനതല വിമോചനം സാധ്യമാക്കുന്ന കാര്‍ഷിക സമരങ്ങളിലേക്ക് നയിക്കാതെ, പ്രതീകാത്മക സമരങ്ങളില്‍ തളച്ചിടുന്നു എന്നതായിരുന്നു അദ്ദേഹം ദലിത് മൂവ്‌മെന്റുകള്‍ക്ക് എതിരെ വെച്ച വിയോജിപ്പ്.

രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തില്‍ ‘ആദിപാപം’ എന്ന പ്രയോഗം നിലനില്‍ക്കുന്നത്, ചില സാമൂഹിക വിഭാഗങ്ങളെ രാഷ്ട്രീയമായി നിര്‍വചിക്കാതെ അവരെ നിതാന്തമായ പിന്നോക്കാവസ്ഥയിലും വാര്‍പ്പുമാതൃകകളിലും കാണുന്നതിന്റെ ഫലമായിട്ടാണ്. യൂറോപ്പിലെ പഴയ വേലക്കാര്‍, സന്മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കുകയും കരുതലില്ലാതെ ജീവിക്കുകയും ചെയ്യുന്നതിലൂടെ ‘ആദിപാപ’ത്തിന് വിധേയരായി എന്നാണ് വരേണ്യര്‍ കരുതിയിരുന്നത്. എന്നാല്‍, അദ്ധ്വാനത്തെയും മൂലധനത്തെയും നിര്‍വചിച്ചുകൊണ്ട് തൊഴിലാളി സംഘടനകളും അവരുടെ പ്രത്യയശാസ്ത്ര മണ്ഡലങ്ങളും വികസിച്ചു വന്നതോടെ ‘ആദിപാപം’ എന്ന സങ്കല്പം ഉപേക്ഷിക്കേണ്ടതായി വന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം; ബ്രാഹ്മണിസത്തെ പ്രശ്‌നവത്കരിക്കാതെയും, ജാതിവിരുദ്ധസമരങ്ങളുടെ ഭാഗമായ സമുദായ രൂപീകരണത്തെ അംഗീകരിക്കാതെയും, പൗരസമത്വ പ്രക്ഷോഭണങ്ങളിലും ലിബറല്‍ ജനാധിപത്യത്തിലുള്ള കീഴാള ഇടപെടലുകളെ പരിഗണിക്കാതെയും ‘കാര്‍ഷിക വിപ്ലവം’ എന്ന മാര്‍ക്‌സിസ്റ്റ് ഒറ്റമൂലി നിര്‍ദ്ദേശിക്കുന്നവര്‍, ദലിതരുടെ ‘ദാരിദ്ര്യം, ഭൂരാഹിത്യം, നിരക്ഷരത’ എന്നിവയെ ആദിപാപം പോലെ അവതരിപ്പിക്കുകയാണ് എന്നതാണ് വസ്തുത. ദലിതര്‍ അടക്കമുള്ള കീഴാള വിഭാഗങ്ങളെ ‘ഇല്ലായ്മക്കാ’രും ‘വല്ലായ്മക്കാരുമായി’ ചിത്രീകരിക്കുന്നതിനൊപ്പം അവരെ ദുര്‍മാര്‍ഗ്ഗികള്‍, മദ്യപാനികള്‍, നന്ദികെട്ടവര്‍, വര്‍ഗ്ഗബോധം ഇല്ലാത്തവര്‍, സ്വത്വവാദികള്‍ മുതലായ നിന്ദാസ്ഥാനങ്ങളില്‍ ഒതുക്കി നിര്‍ത്തുമ്പോഴുമാണല്ലോ സവര്‍ണ്ണ/ ഇടതുപക്ഷ പൊതുബോധം ആശ്വസിക്കുന്നത്.

ഏതായാലും; കേരളത്തിലും ഇന്ത്യയിലും നടന്ന നിരവധി ജാതിവിരുദ്ധ സമരങ്ങളെയും കീഴാള മുന്നേറ്റങ്ങളെയും മുന്‍നിറുത്തി ഡോ.കുഞ്ഞാമന്‍ അടക്കമുള്ളവരുടെ ലിബറല്‍- മാര്‍ക്‌സിസ്റ്റ് യാന്ത്രികവാദങ്ങളെ  കെ.കെ.കൊച്ച് ഖണ്ഡിക്കുകയുണ്ടായി. ഇപ്രകാരം കെട്ടടങ്ങിയ ‘വിഭവാധികാര രാഷ്ട്രീ’യത്തെ പിന്നീട് ഏറ്റെടുത്തത് കേരളത്തിലെ സവര്‍ണ്ണ ബദല്‍ മൂവ്‌മെന്റുകളാണ്. ജാതിവ്യവസ്ഥയിലെ സവിശേഷ സമുദായങ്ങളായി ആദിവാസികളെയും ദലിതരെയും കാണുന്നതിനു പകരം, സാമ്രാജ്യത്വ കടന്നുകയറ്റത്തിന്റെ ഫലമായി വിഭവ മേഖലയില്‍ നിന്നും പറിച്ചെറിയപ്പെടുന്ന വരായും, വികസനത്തിന്റെ ഇരകളായും അവരെ ചിത്രീകരിക്കുന്നു എന്നതാണ് ബദല്‍ മൂവ്‌മെന്റുകള്‍ വെച്ച രാഷ്ട്രീയം.

മേല്‍പ്പറഞ്ഞ നിര്‍വചനങ്ങളെ ഒന്നുകൂടെ വിശദീകരിക്കാം. ജാതിവ്യവസ്ഥയില്‍ സമുദായ നിര്‍മ്മിതി നടത്തുകയും, സ്വയം ശാക്തീകരിക്കുകയും, വ്യത്യസ്ത ജനവിഭാഗങ്ങളുമായി ഐക്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നതിനൊപ്പം, ലിബറല്‍ ജനാധിപത്യത്തില്‍ ഇടപെടാന്‍ ശ്രമിച്ചുകൊണ്ട് ഘടനാപരമായ മാറ്റങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവയാണ് ദലിത്-പിന്നാക്ക-ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍. ബ്രാഹ്മണിസത്തിന്റെ എസ്‌ക്ല്യൂഷനെ പ്രശ്‌നവത്കരിക്കുന്നതിനൊപ്പം ഹിന്ദുത്വം, സവര്‍ണ്ണാധിപത്യം, അഖണ്ഡ ദേശീയത മുതലായവയോട് സംഘര്‍ഷപ്പെടുന്നു എന്നതാണ് ഇവയുടെ സവിശേഷതയായി പറയാവുന്നത്.  ഇതേ സമയം, ജാതിവ്യവസ്ഥയിലെ സമുദായങ്ങളുടെ രൂപീകരണത്തെയും അതിന്റെ ഉയര്‍ച്ച താഴ്ചകളെയും പരിഗണിക്കാതെ, മുതലാളിത്ത വികസനത്തിന്റെ ഇരകളായി പാര്‍ശ്വവത്കൃതരെ കാണുകയും വിഭവ മേഖല അവര്‍ക്ക് കൈമാറുകയും ചെയ്യുക എന്ന കാഴ്ചപ്പാടാണ് വിഭവരാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നത്. ഇത് കീഴാളരുടെ ഇല്ലാ യ്മയെയാണ് പ്രമേയമാക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ‘പുറന്തള്ളല്‍’ ‘ഇല്ലായ്മ’ എന്നിവ വ്യത്യസ്തമായ രാഷ്ട്രീയഭൂമികകളെ പ്രതിനിധാനം ചെയ്യുന്ന രണ്ട് കാഴ്ചപ്പാടുകളാണ്.

2002- ല്‍ തിരുവനന്തപുരത്ത് നടന്ന കുടില്‍ കെട്ടല്‍ സമരകാലത്താണ് വിഭവരാഷ്ട്രീയം, ദലിത്-ആദിവാസി വിഷയമായി അവതരിക്കപ്പെട്ടത്. അക്കാലത്ത് കുടിയേറ്റക്കാരും കൈയ്യേറ്റക്കാരുമായ ഒരു ചെറുന്യൂനപക്ഷം, ആദിവാസികളുടെ ഭൂമി തട്ടിയെടുത്തത് തിരികെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള കോടതി വിധികള്‍ തുടരെയുണ്ടായി. ഇതേ ആവശ്യം മുന്‍നിറുത്തി വിവിധ ആദിവാസി സംഘടനകള്‍ സമരരംഗത്ത് വരുകയും ചെയ്തു. അന്യാധീനപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് തിരികെ നല്‍കണമെന്ന ഭരണ ഘടനാ ബാധ്യത നിറവേറ്റുന്നതില്‍ വീഴ്ചവരുത്തിയതിലൂടെ പ്രതിസന്ധിയിലായ ഭരണകൂടത്തെ രക്ഷിക്കാനായി ‘പകരം ഭൂമി’ എന്ന ആവശ്യമുന്നയിച്ചുകൊണ്ട് നടന്ന അട്ടിമറി സമരമായാണ് കെ.എം. സലിം കുമാറിനെ പോലുള്ളവര്‍ കുടില്‍ കെട്ടല്‍ സമരത്തെ വിലയിരുത്തിയത്. അദ്ദേഹം വിഭവ രാഷ്ട്രീയത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. അതില്‍

K M Salimkumar

‘സമുദായം’ എന്ന ചരിത്രപരമായ രൂപീകരണത്തെ നിരാകരിക്കുകയും ദലിതരെയും ആദിവാസികളെയും ‘ഇല്ലാത്തവരായി’ ചിത്രീകരിക്കുകയും ചെയ്യുന്ന വിഭവരാഷ്ട്രീയത്തെ ‘സവര്‍ണ്ണ ഗൂഢാലോചന’ എന്നാണ് വിശദീകരിച്ചത്.

സമാനമായ നിലപാട് തന്നെ സ്വീകരിച്ച കെ.കെ.കൊച്ച്; 1975- ലെ ആദിവാസി നിയമത്തെ റദ്ദുചെയ്യുന്നതിനുവേണ്ടി ഭരണകൂടത്തിന് ഒത്താശ ചെയ്യുന്നതാണ് കുടില്‍കെട്ടല്‍ സമരമെന്നു വിലയിരുത്തിയതിനൊപ്പം, ആദിവാസികളെ ‘അപരിഷ്‌കൃത’രായും വാഴക്കൂമ്പ് തിന്നു വിശപ്പടക്കുന്ന പട്ടിണിപ്പാവങ്ങളു’മായി ചിത്രീകരിക്കുന്ന കക്ഷി രാഷ്ട്രീയ /പ്രാദേശിക സവര്‍ണ്ണമേമേധാവിത്വ പദ്ധതിയുടെ ഭാഗമാണ് വിഭവ രാഷ്ട്രീയമെന്ന് ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ എഴുതിയ ചെറുകുറുപ്പിലൂടെ പ്രതികരിച്ചു.

കുടില്‍ കെട്ടല്‍ സമരത്തിനു കിട്ടിയ വമ്പിച്ച മാധ്യമ പിന്തുണയുടെയും കൗതുക കാഴ്ചയെന്ന നിലയില്‍ പൊതുബോധത്തിലുണ്ടായ സ്വീകാര്യതയുടെയും പശ്ചാത്തലത്തില്‍, മേല്‍പ്പറഞ്ഞ തരത്തിലുള്ള വിമര്‍ശനങ്ങള്‍ വനരോദനങ്ങളായി മാറി. മാത്രമല്ല വിമര്‍ശകര്‍ ദുഷ്ടലാക്ക് ഉള്ളവരും, ആദിവാസികള്‍ക്കൊപ്പം നില്‍ക്കാതെ തങ്ങളുടെ താന്‍പോരിമയെ മുറുകെ പിടിയ്ക്കുന്ന കര്‍ശന സ്വഭാവമുള്ളവരുമാണെന്നു വരുത്താനുള്ള ബോധപൂര്‍വ്വമായ നീക്കങ്ങളും നടന്നു. ഏതായാലും, അന്യാധീനപ്പെട്ട ഭൂമിക്കു വേണ്ടിയുള്ള സമരങ്ങളെ അട്ടിമറിച്ചു എന്നതിനൊപ്പം മറ്റുചില സവിശേഷതകളും കുടില്‍കെട്ടല്‍ സമരത്തിനുണ്ട്. അതേവരെയുള്ള കീഴാള മൂവ്‌മെന്റുകളെല്ലാം ദലിത്- പിന്നാക്ക-ന്യൂനപക്ഷ ഐക്യമെന്ന അംബേദ്കറൈറ്റ് പ്ലാറ്റ്‌ഫോമിലേക്ക് നടത്തിവന്നത്. ആ നിലപാട് തറയെ നിഷേധിച്ച് ലിബറല്‍ രക്ഷകര്‍ത്താക്കളുടെ കടാക്ഷത്തിലേക്ക് ആദിവാസി-ദലിത് സമരങ്ങളെ വഴിമാറ്റി എന്നതാണ് ഇതില്‍ മുഖ്യം. മറ്റൊന്ന് കേരളത്തിലെ പൊതുമണ്ഡലത്തില്‍ കുത്തക സ്ഥാപിച്ചിരുന്ന സവര്‍ണ്ണ/മധ്യവര്‍ഗ്ഗ ഭാവുകത്വത്തെ വെല്ലുവിളിച്ചും, അതിന്റെ സാംസ്‌കാരിക ചിഹ്ന വ്യവസ്ഥയെ അപനിര്‍മ്മിച്ചും ദലിതരില്‍ നിന്നും ഒരു വൈജ്ഞാനിക സമൂഹം അക്കാലത്ത് ഉയര്‍ന്നു വന്നിരുന്നു. അവരുടെ സാന്നിദ്ധ്യം ഉണ്ടാക്കിയ അലോസരങ്ങളെ ഗതിമാറ്റി വിടാനുള്ള ഏറ്റവും നല്ല ചാലായിരുന്നു ‘നിരക്ഷര’യായ  ഒരു ആദിവാസി സ്ത്രീയുടെ നേതൃത്വത്തിന്റെ ‘ജൈവിക’തയെപ്പറ്റിയുള്ള ഉട്ടോപ്യകള്‍. ഇപ്രകാരം ‘പുറംതള്ളലി’നെ വിസ്മരിച്ച് ‘ഇല്ലായ്’മയെ പുനരാനയിച്ചതിന്റെ ഫലമായിട്ടാണ് കുടില്‍കെട്ടല്‍ സമരത്തെ ആദിവാസി വിമോചനത്തിന്റെ നാഴികക്കല്ലായി പലരും നന്ദിയോടെ സ്മരിക്കുന്നത്.

കുടില്‍ കെട്ടല്‍ സമരകാലത്ത്, ആദിവാസികള്‍ സമം പട്ടിണിക്കാര്‍ സമം ഭൂരഹിതര്‍ എന്ന സമവാക്യമാണ് ഉയര്‍ത്തിയത്. അക്കാലത്ത് ആദിവാസി മേഖലയിലുണ്ടായ ചില പട്ടിണി മരണങ്ങള സംബന്ധിച്ച പത്ര റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലവും ഈ പൊതുബോധ നിര്‍മ്മിതിയെ സഹായിച്ചു. ഇതേ സമയം, ദലിത്-ന്യൂനപക്ഷ-പിന്നോക്ക മൂവ്‌മെന്റുകള്‍ ഭരണഘടനാ പരമായി സവിശേഷ പദവിയുള്ള ജനവിഭാഗമായിട്ടാണ് ആദിവാസികളെ കണ്ടിരുന്നത്. അവരുടെ സവിശേഷ പദവി സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഗവണ്‍മെന്റിനേയും കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളെയുമാണ് കീഴാള മൂവ്‌മെന്റുകള്‍ പ്രതിസ്ഥാനത്ത് നിറുത്തിയത്.

ഭരണഘടന അനുശാസിക്കുന്ന സവിശേഷ പദവിയുള്ള ഒരു ജനവിഭാഗത്തെ പട്ടിണിയുടെ പേരില്‍, വെറും സാമ്പത്തികമാത്ര വാദസമരങ്ങളുടെ കെണിയിലേക്ക് തള്ളി വീഴ്ത്തുന്നത് ഉദാരത മൂലമാണെങ്കില്‍ പോലും ഹൃദയഭേദകമായ, വംശനാശത്തിലേക്ക് നയിക്കുന്ന ഇടപാടാണെന്നു പറയാതെ വയ്യ. മാത്രമല്ല, 1975-ലെ നിയമം നടപ്പാക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭണം ഉണ്ടാക്കിയ സംഘര്‍ഷങ്ങളും നിര്‍മ്മിതികളും അളവറ്റതാണ്. ഇതിന് മുന്നോടിയായി വിവിധ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ആചാര പരിഷ്‌ക്കരണം നടക്കുകയും, അവരില്‍ നിന്നും ആധുനിക വിദ്യാഭ്യാസം നേടിയ ചെറിയൊരു ന്യൂനപക്ഷം ഉയര്‍ന്നുവരികയും ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് അന്യാധീനപ്പെട്ട ഭൂമിക്കു വേണ്ടിയുള്ള സമരങ്ങളും പുത്തന്‍ സാമുദായിക- സാമൂഹിക മുന്നേറ്റങ്ങളും ഉണ്ടായത്. ഇത്തരം മൊബിലിറ്റിയുടെ അനന്തര ഫലമെന്നത്, ആദിവാസികളും കുടിയേറ്റക്കാരും തമ്മിലുള്ള സാമൂഹിക ബന്ധങ്ങളില്‍ മാറ്റമുണ്ടാവുകയും, ആദിവാസികളുടെ ഭരണഘടനാപരമായ സവിശേഷപദവിയെ അംഗീകരിച്ചേ മതിയാകൂ എന്ന സ്ഥിതിയാണുളവായതുമാണ്.

ഈ മൊബിലിറ്റിയെ പുറംതള്ളിയും അദൃശ്യീകരിച്ചുമാണ് ആദിവാസികള്‍ സമം പട്ടിണിക്കാര്‍ എന്ന ‘ലാക്കി’നെ  ആദിപാപം പോലെ ഉയര്‍ത്തിയതെന്നു പറയാം.

ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. ആദിവാസികളെ ആധുനികതയ്ക്ക് പുറത്ത് നിറുത്തിയ, അവരെ ഏദന്‍ തോട്ടത്തില്‍ സര്‍പ്പം കയറുന്നതിനു മുമ്പത്തെ ആദിമ നിഷ്‌കളങ്കരും, ചത്തുവീഴുമ്പോള്‍ സംസ്‌ക്കരിക്കപ്പെടാന്‍ പോലും കഴിയാത്ത ‘പാവം മൃഗങ്ങളു’മായി ചിത്രീകരിച്ച കെ.ജെ ബേബിയുടെ, ‘മാവേലി മന്റം’ എന്ന നോവലായിരുന്നു കേരളത്തിലെ സവര്‍ണ്ണ ബദല്‍ മൂവ്‌മെന്റുകളുടെ മാനിഫെസ്റ്റോ. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം ദലിതരെ അപരവത്കരിച്ചതിന് സമാനമായ വിധത്തില്‍, ആയിരക്കണക്കിന് വേദികളില്‍ അവതരിപ്പിച്ച്  പുരോഗമന-നക്‌സല്‍ വാദികള്‍ക്ക് സ്ഥലജലവിഭ്രാന്തിയുണ്ടാക്കിയ ആധുനികതാ വിരുദ്ധ ഭാഷണമായിരുന്നു ബേബി തന്നെ രചിച്ച ‘നാടുഗദ്ദിക’ എന്ന നാടകം. ഇതില്‍ ആദിവാസികളുടെ സാമൂഹിക പദവിയെന്നത് ‘പൈക്കിന്റോ’ (വിശക്കുന്നു) എന്നു ആര്‍ത്തുവിളിക്കുന്ന പട്ടിണിക്കാരുടേതാണ്. ഇതേ സമയം, ഈ നാടകത്തില്‍ ആദിവാസികളിലെ വിദ്യാഭ്യാസമുള്ളവരെ ‘ചതിയരും’ ‘സ്ത്രീവിരുദ്ധരും”തമ്പുരാന്റെ ബെടക്കു ഭാഷ കക്കുന്നവരുമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്.

ആദിവാസികളുടെ ആചാര പരിഷ്‌കരണ ശ്രമങ്ങളെ നിരാകരിച്ചും, ആധുനിക വിദ്യാഭ്യാസത്തിലേക്കുള്ള അവരുടെ കടന്നു വരവിനെ പരിഹസിച്ചും, അന്യാധീനപ്പെട്ട ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങളെ ദേശീയ വിമോചന വിപ്ലവ മുദ്രാവാക്യങ്ങളില്‍ മുക്കിത്താഴ്ത്തിയുമാണ് ‘നാടുഗദ്ദിക’ നമ്മുടെ പുരോഗമനകാരികള്‍ക്ക് സ്ഥലജല വിഭ്രാന്തിയുളവാക്കിയതെന്നു സാരം.

കുടില്‍ കെട്ടല്‍ സമരത്തിലൂടെ ഉണ്ടായ ‘ഗോത്രമഹാസഭ’ എന്ന പ്രസ്ഥാനം ബദല്‍ വാദികളുടെ കണ്ണും കാതും കുളിര്‍പ്പിക്കുന്നതായിരുന്നു. ആധുനികതയില്‍ നിന്നും പിന്‍വലിഞ്ഞ്, ഗോത്രത്തിലേക്ക് മടങ്ങുകയാണല്ലോ അവര്‍ ആഗ്രഹിക്കുന്ന ആദിവാസി വിമോചനവും വിഭവാധികാരത്തിന്റെ കൈയെത്തി പിടിക്കലും മറ്റും. ഈ പ്രസ്ഥാനത്തെ മുന്‍നിറുത്തി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കാന്‍ ഭരണകൂടം വിസമ്മതിച്ചു. മാത്രമല്ല, മുത്തങ്ങയിലെ ഭരണകൂട ഇടപെടലിനെയും ആറളത്തെ മാര്‍ക്‌സിസ്റ്റ്-ബി.ജെ.പി താന്‍പോരിമയെയും അതിജീവിക്കാനും ഈ പ്രസ്ഥാനത്തിനായില്ല. അത് സാധ്യവുമല്ല. കാരണം; ഗോത്രമഹാസഭ പോലെ ചരിത്രത്തിന് പിന്നില്‍ നില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദിവാസികളുടെ സാമുദായിക കര്‍ത്തൃത്വത്തെയോ, അവരിലെ വിദ്യാഭ്യാസമുള്ളവരുടെയും ഇടത്തരക്കാരുടെയും മൊബിലിറ്റിയെയോ ആകര്‍ഷിക്കാന്‍ പറ്റുകയില്ല. ഇത്തരം വെല്ലുവിളികള്‍ക്കു മുമ്പില്‍ ഗോത്രമഹാസഭ സ്വയം നിര്‍വീര്യമാകുന്നു തിരിച്ചറിവിലാണ് സി.കെ. ജാനു സംഘപരിവാര്‍ കൂടാരത്തിലെത്തിയത്. മറ്റുചിലരാകട്ടെ ‘ചലോ തിരുവനന്തപുരം’ എന്ന പേരില്‍ മാധ്യമ പ്രതീതിക്കുവേണ്ടിയുള്ള പുതിയ നാടകം പ്രഖ്യാപിക്കുകയും ചെയ്തതും അതിന്റെ രാഷ്ട്രീയമായി വിഭവാധികാരത്തെ പുനരാനയിക്കുകയും ചെയ്തു.

കുടില്‍കെട്ടല്‍ സമരം നടക്കുമ്പോള്‍ ആദിവാസികളുടെ വിദ്യാഭ്യാസമുള്ള പുതുതലമുറ ഏറെക്കുറെ നിശബ്ദരായിരുന്നു. എന്നാല്‍ ദലിതരുടെ സ്ഥിതി അതല്ല. അവരുടെ സാമ്പത്തികവും സാമൂഹികവുമായ ചലനശേഷി വര്‍ദ്ധിച്ചതിനൊപ്പം അവരില്‍ നിന്നും പുതിയൊരു വൈജ്ഞാനിക-രാഷ്ട്രീയ സമൂഹം രൂപപ്പെട്ടിട്ടുമുണ്ട്. സമുദായത്തിലെ സ്ത്രീവാദങ്ങളും ഇതരലിംഗ കര്‍തൃത്വങ്ങളും സ്വയം നിര്‍വചിക്കാനുള്ള ശ്രമത്തിലുമാണ്. വൈവിദ്ധ്യ പൂര്‍ണ്ണമായ ഈ സാമുദായികതയില്‍ ഇല്ലായ്മയെ മുന്‍നിറുത്തിയുള്ള സവര്‍ണ്ണ ബദല്‍ രാഷ്ട്രീയം വിളയിപ്പിച്ചെടുക്കുക എളുപ്പമല്ല.

ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഊനയില്‍ നടന്ന പ്രക്ഷോഭത്തെ കേരളത്തിലെ ഇടതു ലിബറലുകള്‍ സ്വീകരിച്ചത് ദലിതരുടെ സാമുദായിക കര്‍തൃത്വത്തെ നിഷേധിക്കുക എന്ന താല്‍പര്യത്തോടെയാണ്. മുന്‍പ്, വര്‍ഗ്ഗബോധത്തിന്റെ കുറവാണ് കീഴാളരില്‍ അവര്‍ കണ്ട കുറ്റമെങ്കില്‍, ഇപ്പോള്‍ സ്വത്വബോധത്തിന്റെ അധികമാണത്രേ കുഴപ്പം. ഈ അധികത്തെ(Excess) ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ നീക്കമാണ് ‘ചലോ തിരുവനന്തപുരം’ പരിപാടിയിലുള്ളതെന്ന് ദലിതര്‍ തിരിച്ചറിഞ്ഞതിലൂടെ ആ പദ്ധതി ഗര്‍ഭത്തില്‍ വെച്ചുതന്നെ അലസിപ്പോവുകയാണ് ഉണ്ടായത്.

ഇതിനര്‍ത്ഥം; ദലിതരുടെ പാര്‍ശ്വവത്കരണം അവസാനിച്ചു എന്നോ, അവരുടെ ഭൂ അവകാശ സമരങ്ങളും, കോളനികളില്‍ നിന്നും വിമോചിക്കപ്പെടാനുള്ള അഭിലാഷങ്ങളും ആവശ്യമില്ലെന്നോ അല്ല. മറിച്ച്; സവര്‍ണ്ണ ബദല്‍/ഇടതു ലിബറല്‍ ഒറ്റമൂലികള്‍ക്ക് ഉപരി സാമൂഹിക നീതി നടപ്പിലാക്കാനും, സാമുദായിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ജനാധിപത്യസമരങ്ങളായി അവ തുടര്‍ന്നു കൊണ്ടിരുന്നു എന്നതാണ് നേര്‍ക്കാഴ്ച.
_________________

Top