രാജു തോമസ് എന്ന അംബേദ്ക്കറൈറ്റ്

ഇന്ത്യയില്‍ ജനാധിപത്യ ബോധത്തെത്തന്നെ കെടുത്തിക്കളയുന്ന ബ്രാഹ്മണിക്ക് ഭരണസമ്പ്രദായം ഇവിടെ ദലിത്-പിന്നോക്ക-മുസ്ലീം വിഭാഗങ്ങളെ ജനോസൈഡിന് വിധേയമാക്കും. ഇതിനെ പ്രതിരോധിക്കാന്‍ അദ്ദേഹം ഒരു വഴിയെ കാണുന്നുള്ളു. അത് അംബേദ്ക്കറിസം മാത്രമാണ്. അംബേദ്ക്കര്‍ ചിന്തകളില്‍ താനൊരു മൗലീകവാദിയാണെന്ന് അദ്ദേഹം കൂടെകൂടെ പ്രഖ്യാപിക്കുമായിരുന്നു. തന്റെ വിശ്വാസപ്രമാണങ്ങളില്‍ സന്ധിചെയ്യാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഈ സന്ധിയില്ലാത്ത നിലപാട് ഒരു വേദിയിലും അനുരജ്ഞനപ്പെടാന്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല.

പി.കെ. കുമാരന്‍
______________

കഴിഞ്ഞ മാസം 21-ാം തീയതി (21-04-2017) നമ്മെ വിട്ടുപോയ പ്രൊഫ. രാജുതോമസിനെ ഒരു അംബേദ്കറൈറ്റ് എന്ന നിലയില്‍ അടയാളപ്പെടുത്തുമ്പോള്‍ അദ്ദേഹം മൂന്നു പതിറ്റാണ്ട് കേരളത്തിലെ ദലിത് സാമൂഹ്യ രാഷ്ട്രീയ മേഖലയില്‍ എന്ത് സംഭാവനയാണ് നല്‍കിയത് എന്ന ചോദ്യമുന്നയിച്ച് പ്രതിരോധിക്കുന്നവരാകും അധികവും ഉണ്ടാവുക. ഇതിനൊരു ഉത്തരം കണ്ടെത്തുവാന്‍ മുതിരുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ സമഗ്രമാറ്റത്തിന് ഏകപരിഹാരം അംബേദ്ക്കര്‍ മാത്രമാണ് എന്നു വിശ്വസിച്ചു. ഈയൊരു വിശ്വാസം ഇടപെടുന്നിടത്തെല്ലാം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എങ്കിലും മറ്റുള്ളവരിലേക്ക് പകരുന്നതിലോ വിശ്വാസമാര്‍ജിക്കുന്നതിലോ എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്നത് സംശയമാണ്.

20-ാം നൂറ്റാണ്ടിലെ അപ്രതിരോധ്യനായ ബുദ്ധിജീവിയായിരുന്നു ഭീംറാവു അംബേദ്കര്‍. ഇന്ത്യന്‍ ദേശീയതയെ പുനര്‍നിര്‍വചിച്ചുകൊണ്ട് ഹിന്ദുത്വ അധിഭൗതികവാദ ചിന്തയും അസമത്വപുനരുത്പാദന പ്രക്രിയകളും ഇന്ത്യന്‍ സാമാന്യജീവിതത്തില്‍ സന്നിവേശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചരിത്ര ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇവിടെ ഇന്ത്യയുടെ സമഗ്രമാറ്റത്തിന് ഡോ. അംബേദ്ക്കറുടെ ആഹ്വാനങ്ങള്‍ നാം ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണ്. ആധുനിക ശാസ്ത്രവീക്ഷണങ്ങളും പ്രപഞ്ച വീക്ഷണരീതികളും പുനരുത്പാദിപ്പിക്കാന്‍ അംബേദ്ക്കറൈറ്റുകള്‍ക്ക് കഴിയണം. നവബുദ്ധിസ്റ്റ്-ദളിത് പ്രസ്ഥാനങ്ങളിലൂടെയും അവരുടെ നവജനാധിപത്യരാഷ്ട്രീയ ഇടപെടലുകളുമാകും ഇനി ഇന്ത്യന്‍ ജനാധിപത്യത്തെ രൂപപ്പെടുത്തുക. അംബേദ്ക്കര്‍ ബുദ്ധിസ്റ്റ് ആകുന്നത് തന്നെ ആധുനികകാലഘട്ടത്തില്‍ മനുഷ്യസ്വാതന്ത്ര്യത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ്. ബൗദ്ധപാരമ്പര്യത്തില്‍ സര്‍ഗ്ഗാത്മകമായ പുനര്‍നിര്‍മ്മാണം നടത്തേണ്ടത് ഉണ്ടെന്ന് അംബേദ്ക്കര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈയൊരു തിരിച്ചറിവ് അംബേദ്കറെ വായിച്ചുകൊണ്ട് രാജുതോമസിനും ഉണ്ടായിരുന്നു. അംബേദ്കര്‍ കണ്ട ബുദ്ധനിലായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അദ്ദേഹം ക്രിസ്ത്യാനിയായിരിക്കുമ്പോഴും താന്‍ വിശ്വസിക്കുന്ന ക്രിസ്തു ബുദ്ധിസ്റ്റായിരുന്നു. ‘നിങ്ങളെ വിമോചിപ്പിക്കാവുന്‍ ഒരു ക്രിസ്തുവിനും കഴിയില്ല’ എന്ന് അദ്ദേഹം ദലിത് ജനതയോട് പ്രഖ്യാപിക്കുന്നുണ്ട്. രാജു തോമസിനെ ഒരു നിര്‍വചനത്തിലേക്ക് സാംശീകരിക്കുക പ്രയാസമായിക്കും. ജീവിതത്തില്‍ ഉടനീളം ക്ഷുഭിത യൗവ്വനത്തിന്റെ പ്രസരിപ്പായിരുന്നു. പ്രകോപനത്തിന്റെ ഭാഷാ ശൈലിയും, തീക്ഷ്ണവും ഊര്‍ജ്ജസ്വലവുമായ ശബ്ദവും, സ്റ്റേജ് ഇഫക്ട് ഉണ്ടാക്കുന്ന പ്രകടനങ്ങളും കൊണ്ട് നിറഞ്ഞാടുന്ന ഒരു പ്രാസംഗികനെ ആണ് നമുക്ക് മുന്നില്‍ കാണാന്‍ കഴിയുന്നത്.

1971-ലെ യുദ്ധകാലത്ത് ആര്‍മിയില്‍ നിന്നും സ്വയം വിരമിച്ചുകൊണ്ട് പുതിയ ജീവിതം തേടിയുള്ള അലച്ചിലില്‍ ആസാമിലെത്തിച്ചേരുന്നു. ഒരു ട്യൂഷന്‍ മാസ്റ്ററുടെ വേഷം കെട്ടിയെങ്കിലും ജര്‍ഹത്തിലുള്ള ഈസ്റ്റേണ്‍ തിയോളജിക്കല്‍ കോളജില്‍ പ്രിന്‍സിപ്പളിന്റെ സെക്രട്ടറിയായി ജോലി തുടരുന്നു. ആ കോളേജില്‍ ഈസ്റ്റേണ്‍ തിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടി. ജപല്‍പൂരിലുള്ള ലിയോനാര്‍ഡ് തിയോളജിക്കല്‍ കോളേജ്, മദ്രാസ് തിയോളജിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തി. ഈ കോളേജില്‍ തന്നെ ദൈവശാസത്ര അദ്ധ്യാപകനായി ജോലി ചെയ്തു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ബൈബിള്‍ വൈജ്ഞാനിക മണ്ഡലം തുറക്കപ്പെട്ടു. ‘തത്വശാസ്ത്രവും മതവും’ പഠിപ്പിക്കുന്ന പ്രൊഫസറുടെ പ്രഫഷണല്‍ ജീവിതത്തില്‍ നിന്നും ഒരു സ്‌ഫോടനാത്മകമായ മാറ്റം അദ്ദേഹത്തിന് സംഭവിക്കുന്നത് കറുത്ത ബിഷപ്പ് എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന ബിഷപ്പ് അസ്സരയ്യയുമായുള്ള കൂടിക്കാഴ്ചയാണ്. അദ്ദേഹത്തില്‍ ചുരമാന്തി നിന്ന പ്രൊട്ടസ്റ്റന്റ് വിപ്ലവകാരിയെ ഈ കൂടിക്കാഴ്ച ശക്തിപ്പെടുത്തി. ആ മഹാ ദൈവശാസ്ത്രത്തിന്റെ ശിക്ഷണം കറുത്തവന്റെ മനസ്സില്‍ ഉരുണ്ടുകൂടി കറുത്ത ദൈവശാസ്ത്രം മറ്റൊരുവഴിക്ക് രൂപാന്തരം പ്രാപിക്കുന്നത് പ്രമുഖ അംബേദ്കറൈറ്റായ വി.ടി. രാജശേഖറുമായുള്ള പരിചയമാണ്. അദ്ദേഹത്തില്‍ നിന്നും ഡോ. അംബ്‌ദേകറെ അറിയുകയും അദ്ദേഹത്തിന്റെ പത്രമായ ‘ദളിത് വോയ്‌സ്’ ന്റെ കേരളത്തിലെ പ്രതിനിധിയായി മാറുകയും ചെയ്യുന്നു. അംബേദ്കര്‍ ചിന്തയുടെ തീവ്ര ആശയങ്ങള്‍ വി.റ്റി. ആറില്‍ നിന്നും പകര്‍ന്നു കിട്ടി. എങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പ്രസ്തുത ആശയഗതിക്ക് കുറച്ചുകൂടി ആധികാരികതയും ദൃഢതയും കൈവരിക്കപ്പെടുന്നത് പ്രമുഖ അംബേദ്കറൈറ്റായ ദലിത് ഏലിമലയെ കണ്ടുമുട്ടുന്നതോടുകൂടിയാണ്. അംബേക്‌റിസം അതിന്റെ താര്‍ക്കിക സ്വഭാവത്തിലൂടെ പഠിക്കുവാന്‍ അദ്ദേഹത്തില്‍ നിന്നും കഴിഞ്ഞു. ഇതോടെ ബൈബിളില്‍ നിന്നും അംബേദ്കറിലേക്ക് കൂടുമാറ്റം നടത്തിക്കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അടിസ്ഥാന ജനതയുടെ പോരാട്ടചരിത്രം ബൈബിളില്‍ വായിക്കുന്നത് അംബേദ്കറിലൂടെയായിരുന്നു. കേരളത്തിലുടനീളം മിക്കവാറും എല്ലാ ദലിത് കൂട്ടായ്മകളിലും അദ്ദേഹം പ്രത്യക്ഷപ്പെടുകയും അംബേദ്കറിസത്തിന്റെ പ്രചാരണം ഒരു ദൗത്യമായി ഏറ്റെടുത്ത് ഒറ്റയാനെപ്പോലെ സഞ്ചരിക്കുകയായിരുന്നു. ഒരു വേദിയിലും അദ്ദേഹത്തെ സ്‌നേഹത്തോടെ സ്വീകരിച്ചിരുന്നില്ല. ‘പലര്‍ക്കും താന്‍ സ്വീകാര്യനായിരുന്നില്ല’ എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു അടുക്കും ചിട്ടയുമില്ലാതെയുള്ള ആത്മരോഷത്തിന്റെ തീപ്പന്തം പേറിയുള്ള പാച്ചിലായിരുന്നു.

1980 കോഴിക്കോട് വച്ച് നടന്ന ഒരു ദലിത് സമ്മേളനത്തിലാണ് ആദ്യമായി അദ്ദേഹം പ്രത്യക്ഷപ്പെടുന്ന പൊതുവേദി. അവിടെ കല്ലറ സുകുമാരന്‍, പോള്‍ ചിറക്കരോട്, കെ.കെ. എസ്.ദാസ്, ദലിത് പാന്തര്‍ നേതാവ് പന്തളം രാജേന്ദ്രന്‍, വി. പ്രഭാകരന്‍ എന്നിവരെല്ലാം പങ്കെടുത്തിരുന്നു. കല്ലറ സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കൂടുതല്‍ ആകൃഷ്ടനായിരുന്നു. ഈ വേദി ഒരു അംബേദ്കറൈറ്റ് എന്ന നിലയിലുള്ള ഒരു അരങ്ങേറ്റമായി അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടതും അല്ലാത്തതുമായ നിരവധിയായ സെമിനാര്‍ വേദികളില്‍ പല പ്രമുഖരുമായി ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്. ചരിത്രകാരി റൊമീല ഥാപ്പര്‍, ആര്‍. എസ്.എസ്. താത്വികാചാര്യന്‍ പി. പരമേശ്വരന്‍ തുടങ്ങി പല പ്രമുഖരുമായി കൊമ്പുകോര്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇവിടെ എല്ലാം അംബേദ്കറെ മനപ്പൂര്‍വ്വം തമസ്‌കരിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ രോഷം പ്രകടിപ്പിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഈ പോരാട്ടവീര്യം കേരളത്തിലെ ദലിത് പാന്തര്‍ പ്രസ്ഥാനമാണ് ഉള്‍ക്കൊണ്ടത്. അതിനുള്ളിലെ യുവാക്കള്‍ക്ക് അദ്ദേഹം ആവേശമായിരുന്നു. ഇത്. കെ. അംബുജാക്ഷനും സജി. കെ. ചേരമനും നന്ദിയോടെ പറയാറുണ്ട്. അംബേദ്കര്‍ ചിന്തകളിലും ബൈബിളിലുമുള്ള സംശയങ്ങള്‍ അദ്ദേഹത്തില്‍ നിന്നുമാണ് ദൂരീകരിച്ചുപോന്നത് എന്ന് അവര്‍ പറയാറുണ്ട്.

ഹിന്ദുത്വശക്തികളുടെ അമിതാവേശത്തോടെയുള്ള രാഷ്ട്രീയ ഇടപെടല്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനാമൂല്യങ്ങള്‍ക്കും തകര്‍ച്ച സംഭവിക്കുമെന്ന് ഉത്കണ്ഠപ്പെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഇതിനെ പ്രതിരോധിക്കാന്‍ അംബേദ്ക്കറിസത്തിന് മാത്രമേ സാധിക്കുകയുള്ളൂ. പക്ഷേ, ഇതൊരു ദൗത്യമായി ഏറ്റെടുക്കേണ്ടവര്‍ ദുര്‍ബലരാണ്. ‘സാമൂഹ്യ വിപ്ലവം നടക്കാതെ രാഷ്ട്രീയ വിപ്ലവം നടക്കുകയില്ല’ എന്ന അംബേദ്കര്‍ ചിന്ത അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുത്തുമായിരുന്നു. ഹിന്ദു മതം ഉപേക്ഷിച്ച് അംബേദ്കര്‍ കാണിച്ചുതന്ന പാത പിന്തുടരാന്‍ അദ്ദേഹം ഉപദേശിച്ചിരുന്നു. അതിലൂടെ അടിച്ചമര്‍ത്തപ്പെട്ട അനാര്യ ജനത (നാഗജനത) ബുദ്ധമത സ്വീകരണത്തിലൂടെ ഏകീകരിക്കപ്പെടുകയും ജനാധിപത്യ വിപ്ലവം ത്വരിതപ്പെടുകയും ചെയ്യും. മറ്റൊരു പ്രവര്‍ത്തനവും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുകയില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി ജനിച്ചുമരിച്ച ചരിത്ര പുരുഷനാണ് ഡോ. അംബേദ്കര്‍. മറിച്ച് ക്രിസ്തുവോ നബിയോ എന്തെങ്കിലും എഴുതിവച്ചിട്ടില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരുടെ വാക്കുകളിലൂടെയാണ് നാം അറിയുന്നത്. അവ സത്യമോ മിഥ്യയോ എന്നതിന് വ്യക്തതയില്ല. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വ്യാഖ്യാനം. ആയതിനാല്‍ നമ്മുടെയിടയില്‍ ജീവിച്ച് നമുക്ക് വേണ്ടി പ്രവര്‍ത്തിച്ച് നമുക്ക് അനുഭവവേദ്യമായ ഡോ. അംബേദ്ക്കര്‍ മാത്രമാണ് നമ്മുടെ ലിബറേറ്റര്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായം.

ലോകരാഷ്ട്രീയ ക്രമം പുതിയ അച്ചുതണ്ട് ശക്തികളായി പരിണമിക്കുകയണ്. ഇന്ത്യ അമേരിക്കയോടും ഇസ്രായേലിനോടും യോജിക്കുന്നു. പാലസ്തീന്‍ വിഷയം ഇന്ത്യയ്ക്ക് ഇപ്പോള്‍ വലിയ പ്രശ്‌നമല്ല. പുതിയ വംശീയ കൂട്ടുകെട്ടിലേക്ക് ഇന്ത്യ മാറുകയാണ്. ഹിന്ദുത്വ ശക്തിയെ-(ബ്രാഹ്മണ-യഹൂദ കൂട്ടായ്മ)- ലോക ശാക്തികചേരിയാക്കണമെന്ന മോഹമാണ് ആര്‍.എസ്.എസ് ഭരണകൂടത്തിനുള്ളത്. യഹൂദരും ബ്രാഹ്മണരും ഒരേകുടുംബാംഗങ്ങളാണെന്ന നിരീക്ഷണമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇറാക്കിലെ ഊര്‍ എന്ന സ്ഥലത്തുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയവര്‍ അവിടെ നിന്നും ഇന്ത്യയിലേക്ക് എത്തിയവര്‍ ഇവിടെ ബ്രാഹ്മണരായി അറിയപ്പെടുന്നു, മോശയുടെയും അനുയായികളുടെയും നേതൃത്വത്തില്‍ കനാന്‍ ദേശക്കാരെ യഹോവയുടെ നിര്‍ദ്ദേശപ്രകാരം ആക്രമിച്ചു കീഴ്‌പ്പെടുത്തിയതുപോലെ സൈന്ധവദേശത്തെ ബ്രാഹ്മണരും കീഴ്‌പ്പെടുത്തി. യഹൂദരുടെ നേതാവ് യഹോവയും ബ്രാഹ്മണരുടെ നേതാവ് ഇന്ദ്രനും (പുരന്തരന്‍) ഈ നേതൃത്വങ്ങളിലൂടെ തദ്ദേശീയര്‍ അതിദാരുണമായി കൊലചെയ്യപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു. ഇതായിരുന്നു രാജു തോമസിന് ചരിത്രത്തിലുള്ള അടിസ്ഥാന വീക്ഷണം. ഇന്ത്യന്‍ അവസ്ഥയെ ഈ ഒരു ചരിത്രവീഷണത്തിലൂടെയാണ് അദ്ദേഹം വ്യാഖ്യാനിച്ചുപോന്നത്. ഇന്ത്യയില്‍ ജനാധിപത്യ ബോധത്തെത്തന്നെ കെടുത്തിക്കളയുന്ന ബ്രാഹ്മണിക്ക് ഭരണസമ്പ്രദായം ഇവിടെ ദലിത്-പിന്നോക്ക-മുസ്ലീം വിഭാഗങ്ങളെ ജനോസൈഡിന് വിധേയമാക്കും. ഇതിനെ പ്രതിരോധിക്കാന്‍ അദ്ദേഹം ഒരു വഴിയെ കാണുന്നുള്ളു. അത് അംബേദ്ക്കറിസം മാത്രമാണ്. അംബേദ്ക്കര്‍ ചിന്തകളില്‍ താനൊരു മൗലീകവാദിയാണെന്ന് അദ്ദേഹം കൂടെകൂടെ പ്രഖ്യാപിക്കുമായിരുന്നു. തന്റെ വിശ്വാസപ്രമാണങ്ങളില്‍ സന്ധിചെയ്യാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഈ സന്ധിയില്ലാത്ത നിലപാട് ഒരു വേദിയിലും അനുരജ്ഞനപ്പെടാന്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല.
________________________

Top