എസ് എഫ് ഐക്കെതിരെ ആരും കവിത എഴുതില്ലല്ലോ.

ഞാനൊരു മുസ്ലീം പെൺകുട്ടിയും അപ്പുറത്ത് എസ് എഫ് ഐ യും അല്ലായിരുന്നുവെങ്കില്‍ കുറച്ചൂടെ ആളുകള്‍ ഞങ്ങളെ പിന്തുണക്കുമായിരുന്നുവെന്ന് തോന്നുന്നുണ്ട്. എം ടി അന്‍സാരിയുടെ ഒരു പ്രയോഗം ഫെയ്‌സ്ബുക്കിലൊക്കെ കണ്ടിട്ടുണ്ട്. : അവര്‍ മനുഷ്യരായിരുന്നുവെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിച്ചു പോകുന്നു, എന്ത് ചെയ്യാം അവര്‍ മുസ്ലീങ്ങളായി പോയില്ലേ”…ഒരു വാക്ക് കൂടി ക്കൂട്ടി ചേര്‍ക്കാമെന്ന് തോന്നുന്നു. എന്ത് ചെയ്യാം അപ്പുറത്ത് അവര്‍ എസ് എഫ് ഐ ആയി പോയില്ലേ..എസ് എഫ് ഐ ക്കെതിരെ ആരും കവിത എഴുതൂല്ലാലോ.. ”

സാല്‍വ അബ്ദുള്‍കാദര്‍

വല്ലാത്തൊരു മാനസ്സികാവസ്ഥയിലാണ് ഇത് എഴുതുന്നത്. മടപ്പള്ളി കോളജിനെ കുറിച്ച് ഞാന്‍ പ്രത്യേകമായി പറയേണ്ടതില്ലാലോ. എസ് എഫ് ഐ മാത്രമേ പാടുള്ളൂ എന്നാണ് തിട്ടൂരം. ഞാനിവിടെ വരുന്നതിന് മുൻപും എസ് എഫ് ഐയുടെ ഫാസിസത്തെ ചോദ്യം ചെയ്തതിന് കുറെ കുട്ടികളെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും എല്ലാം ചെയ്തതായി അറിയാം. അതിനെതിരെ മിണ്ടാതിരിക്കാന്‍ വയ്യ എന്നുള്ളത് കൊണ്ടാണ് ഇൻക്വിലാബില്‍ ചേരാന്‍ തീരുമാനിച്ചത്.

ഇവിടെ എന്‍ എസ് എസില്‍ ആളെ ചേര്‍ക്കുന്നതിന്റെ പേരില്‍ ഒന്നാം വര്‍ഷ വിദ്യാർഥികളെ റാഗ് ചെയ്യുന്നൊരു ഒരു രീതിയുണ്ട്.എസ് എഫ് ഐക്കാര്‍ തന്നെയാണ് എന്‍ എസ് എസില്‍ ആളെ എടുക്കുന്നത്. അതിനെ ഞാനന്ന് മീറ്റിംഗില്‍ സംസാരിച്ചിരുന്നു.

തിരുവനന്തപുരത്തെ ലോ അക്കാദമിയില്‍ സംയുക്തസമര സമിത പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത ദിവസം ഞങ്ങള്‍ പഠിപ്പ് മുടക്കിന് അനുവാദം ചോദിച്ച് പ്രിൻസിപ്പാളിന് നോട്ടീസ് നൽകി. നിങ്ങള്‍ സമരത്തിലില്ലാത്ത സംഘടന ആയത്‌കൊണ്ട് അനുവാദം തരില്ലാന്ന് പ്രിൻസിപ്പാള്‍ പറഞ്ഞു. അപ്പോൾ ഇതൊന്നും ഇവിടെ നടക്കില്ല എന്ന് പറഞ്ഞ് കൊണ്ട് എസ് എഫ് ഐ നേതാക്കള്‍ പ്രിൻസിപ്പാളുടെ റൂമിലേക്ക് കയറി വന്ന് കുറെ ചീത്ത വിളിച്ചു. ചില അധ്യാപകരും എസ് എഫ് ഐ ക്കാര്‍ക്ക് അനൂകൂലമായി സംസാരിച്ചു. നിങ്ങളുടെ നന്മക്ക് ഇതൊന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങള്‍ പ്രകടനം വിളിക്കാന്‍ അനുവാദം വാങ്ങി പുറത്തിറങ്ങിയപ്പോള്‍ എസ് എഫ് ഐ നേതാക്കള്‍ വന്ന് തടഞ്ഞു. അപ്പോള്‍ ഞങ്ങള്‍ അവിടെ നിന്ന് മുദ്രാവാക്യം വിളിച്ചു. ഒരുപാട് എസ് എഫ് ഐ ക്കാര്‍ ഓടി വന്ന് സ്വാതന്ത്ര്യം,ജനാധിപത്യം മുദ്രാവാക്യം മുഴക്കി അടിക്കാന്‍ തുടങ്ങി. ഞങ്ങൾ എട്ട് പേരാണ് ഉണ്ടായിരുന്നത്. അഞ്ച് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും. ആറ് പേർ ഫസ്റ്റ് ഇയര്‍ കുട്ടികളാണ്. ആണ്‍കുട്ടികളെ മൂന്ന് ഭാഗത്തേക്കായി അവര്‍ പിടിച്ചു കൊണ്ട് പോയി. തടയാന്‍ ശ്രമിച്ച എന്നെയും കൂടെയുള്ളവരെയും അവര്‍ മുഖത്തടിക്കുകയും കൈപിടിച്ച് തിരിക്കുകയും പറയാനറക്കുന്ന അസഭ്യങ്ങള്‍ വിളിക്കുകയും ചെയ്തു. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായ സെകന്റ് ഇയര്‍ ഇംഗ്ലീഷിലെ ആശിഖും യൂണിയന്‍ ചെയർമാന്‍ നിജിലേഷും അവിടത്തെ നേതാക്കളായ അഖിലും അർജുനും വിജിനുമാണ് എന്നെയും കൂടെയുള്ള പെണ്‍കുട്ടികളെയും തല്ലിയത്. ആണ്‍കുട്ടികളെ ഇവരുടെ നേതൃത്വത്തില്‍ കൂട്ടമായി അടിക്കുകയായിരുന്നു.

കുറെ കഴിഞ്ഞപ്പോള്‍ അധ്യാപകര്‍ വന്ന് ഞങ്ങളെ പ്രിൻസിപ്പാളുടെ മുറിയിലേക്ക് കൊണ്ട് പോയി. അപ്പോള്‍ അവിടേക്ക് ചെയർമാന്‍ വന്ന് സര്‍ ഒരു പരാതിയുണ്ട് എന്ന്‍ പറഞ്ഞു. അനുശ്രീ എന്ന എസ് എഫ് ഐ നേതാവിനെ ഇന്‍ക്വിലാബിന്റെ പ്രവർത്തകനായ അസ്ലം മുഖത്തടിച്ചു,തല്ലി എന്നായിരുന്നു പരാതി. (ഇപ്പോള്‍ പീഢിപ്പിച്ചുവെന്ന് പോലീസില്‍ പരാതി കൊടുത്തതായി കേൾക്കുന്നു.). ഇതിലാരാണ് അസ്ലം എന്ന് നിനക്കറിയാമോ എന്ന് പ്രിൻസിപ്പാള്‍ അനുശ്രീയോട് ചോദിച്ചു. അവള്‍ക്ക് അറിയില്ലായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടിയാണ് കാണിച്ച് കൊടുത്തത്. പോലീസ് വന്നാണ് ആശുപത്രിയില്‍ പോവാന്‍ അവസരമുണ്ടായത്. ആശുപത്രിയിലും പോലീസ് സ്‌റ്റേഷനിലുമൊന്നും ഞങ്ങളുടെ പരിക്കിനും പരാതിക്കുമൊന്നും അവര്‍ ഒരു ഗൗരവവും തന്നില്ല.

എല്ലാം കഴിഞ്ഞ് കോളജില്‍ വന്ന അന്നു മുതല്‍ ആൺകുട്ടികളും പെൺകുട്ടികളുമായ എസ് എഫ് ഐ നേതാക്കള്‍ ഞങ്ങളെ പരാതി പിൻവലിക്കാന്‍ പറഞ്ഞ് നിരന്തരം സംസാരിച്ചു. സ്‌നേഹവും ഉപദേശങ്ങളും വാരിച്ചൊരിഞ്ഞു. അത് വിജയിക്കില്ലെന്ന് ബോധ്യമായപ്പോള്‍ മുന്‍ യൂണിയൻ ചെയർമാന്‍ അഭിനന്ദും ഇപ്പോഴത്തെ ചെയർമാന്‍ നിജിലേഷും അഖിലും ഭീഷണിപ്പെടുത്തി. അനുശ്രീയുടെ നേതൃത്വത്തില്‍ പെൺകുട്ടികളും. ഞങ്ങളെ ഒരോരുത്തരെയും വേവ്വേറെ പിടിച്ച് നിര്‍ത്തിയാണ് ഭീഷണിപ്പെടുത്തിയത്.

അവസാനം ഞങ്ങള്‍ റാഗിംങ് സഹിക്കവയ്യാതെ പ്രിന്‍സിപ്പാളിനു പരാതി കൊടുത്തു. പരാതി ഒത്തു തീർപ്പാക്കാന്‍ രക്ഷിതാക്കളെ വിളിച്ച് വരുത്തി. അഖിലിനെ അച്ചനെ അറിയിക്കാന്‍ പറ്റില്ല , പ്രശ്‌നമാണ് എന്ന് പറഞ്ഞ് രക്ഷിതാക്കള്‍ വന്നില്ല. വേറൊറു കുട്ടിയുടെ രക്ഷിതാവ് ഒരു സി പി എം നേതാവ് വന്ന് അപ്പോള്‍ തന്നെ പോയി. എന്നിട്ട് പ്രിൻസിപ്പാള്‍ പരാതി പിന്‍വലിക്കാനാണ് പറഞ്ഞത്. ഞങ്ങളത് പറ്റില്ലാന്ന് പറഞ്ഞു.

അതിനാണ് അവരിന്നലെ ആദിലിനെ തല്ലിയത്. പരാതി പിന്‍വലിച്ചില്ലേല്‍ ചോരതുപ്പിക്കും,കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ദീപക്കും ആശിഖുമാണ് തല്ലാന്‍ നേതൃത്വം കൊടുത്തത്. എല്ലാവരും കേൾക്കാന്‍ പറയുന്നതാണ് പെണ്ണായത് കൊണ്ട് നിന്നെ ഇപ്പോള്‍ വെറുതെ വിടുന്നു, നീ അനുഭവിക്കും എന്ന് എന്നോട് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ആശിഖ് പറഞ്ഞു. സല്‍വ ഇനി ജീവനോടെ ഉണ്ടാവൂലാ ,കോളജിലും ഉണ്ടാവൂലാ എന്ന് അനുശ്രീ എല്ലാരോടും പറയുന്നുണ്ട്. സകല കള്ള ക്കേസും കൊടുത്തവര്‍ ഞങ്ങള്‍ക്ക് സംസ്‌കാരമില്ല എന്നാണ് പറയുന്നത്.

അതിന് ശേഷം അവരുടെ യൂണിറ്റ് കമ്മിറ്റി എന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ വായിച്ച് കാണുമല്ലോ. ഈ പ്രയോഗത്തെയൊക്കെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്. എന്താണ് എസ് എഫ് ഐ ക്കാരുടെ മനസ്സില്‍ മുസ്ലീം പെൺകുട്ടികളെ കുറിച്ചും, പെണ്‍കുട്ടികളെ കുറിച്ച് പൊതുവെ തന്നെ  പെണ്‍കുട്ടികളെ കുറിച്ചും മനസ്സിലാക്കുന്നത് എന്നതിന് ഇതില്‍പരം തെളിവ് വേണോ?

ഞങ്ങളുടെ രക്ഷിതാക്കള്‍ക്ക് പേടിയുണ്ട്. ഈ സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ ഞങ്ങള്‍ നിശബ്ദരായി പോകും. അതാണവരുടെ ആവിശ്യവും. ഈ സ്ത്രീവിരുദ്ദവും ജനാധിപത്യവിരുദ്ദവുമായ അതിക്രമങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്നതിലൂടെ നിങ്ങളും അതിന് കൂട്ട് നിൽക്കുകയാണ്..ഞങ്ങള്‍ക്ക് ജീവിക്കണം,ഞങ്ങള്‍ക്ക് പഠിക്കണം,ഞങ്ങളെ സഹായിക്കണ. ഞാനൊരു മുസ്ലീം പെൺകുട്ടിയും അപ്പുറത്ത് എസ് എഫ് ഐ യും അല്ലായിരുന്നുവെങ്കില്‍ കുറച്ചൂടെ ആളുകള്‍ ഞങ്ങളെ പിന്തുണക്കുമായിരുന്നുവെന്ന് തോന്നുന്നുണ്ട്. എം ടി അന്‍സാരിയുടെ ഒരു പ്രയോഗം ഫെയ്‌സ്ബുക്കിലൊക്കെ കണ്ടിട്ടുണ്ട്. : അവര്‍ മനുഷ്യരായിരുന്നുവെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിച്ചു പോകുന്നു, എന്ത് ചെയ്യാം അവര്‍ മുസ്ലീങ്ങളായി പോയില്ലേ”…ഒരു വാക്ക് കൂടി ക്കൂട്ടി ചേര്‍ക്കാമെന്ന് തോന്നുന്നു. എന്ത് ചെയ്യാം അപ്പുറത്ത് അവര്‍ എസ് എഫ് ഐ ആയി പോയില്ലേ..എസ് എഫ് ഐ ക്കെതിരെ ആരും കവിത എഴുതൂല്ലാലോ.. ”

Top