ബാബാ സാഹേബ് എന്റെ ലോകത്തെ ദീപ്തമാക്കുകയും പുതുക്കിപ്പണിയുകയും ചെയ്യുന്നു

‘ഇന്ത്യയിലെ ജാതികള്‍’ വായിക്കുവാന്‍ തുടങ്ങിയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ഞാനിപ്പോള്‍ കൃത്യമായി ഓര്‍മ്മിക്കുന്നു. അതിനെ ഒരു കഥയായി പറയട്ടെ. എനിക്കറിയാമായിരുന്ന ഒരു ജനതയെപ്പറ്റി, ഒരു രാഷ്ട്രത്തെപ്പറ്റി,ഒരു ലോകത്തെപ്പറ്റി ഒരു പുതിയ വെളിച്ചത്തില്‍ വിശദീകരിക്കുന്നതിനെ ഞാന്‍ വായിക്കുകയായിരുന്നു. ഒറ്റയിരുപ്പില്‍ ഞാനത് വായിച്ചു തീര്‍ത്തു. വികാരാധിക്യത്താല്‍ സ്തംഭിച്ചിരുന്നുകൊണ്ട്, ഒരു ക്രൈംത്രില്ലര്‍ വായിക്കുന്നതുപോലെയാണ് വായിച്ചു തീര്‍ത്തത്. കാരണം, അതു വരെ സമസ്യ പോലെ ഞാന്‍ കരുതിയിരുന്ന പല പ്രശ്‌നങ്ങളേയും യുക്തിസഹമായി നിര്‍ദ്ധാരണം ചെയ്യുകയും സത്യത്തിലേക്ക് വെളിച്ചം വീശുന്നതുമായിരുന്നു അത്. സതി, ശൈശവവിവാഹം, സ്ത്രീപുരുഷന്മാരുടെ ‘മിച്ചം’ എന്നിവയെപ്പറ്റിയുള്ള വിശദീകരണങ്ങള്‍ എല്ലാംതന്നെ സൂര്യവെളിച്ചം പതിച്ചതുപോലെ, എന്റെ തലച്ചോറിലെ നാഡീസീമകളെ പൊട്ടിത്തെറിപ്പിക്കുകയായിരുന്നു എന്നു ഞാനോര്‍ക്കുന്നു. ചിലപ്പോഴൊക്കെ ശ്വാസം കിട്ടാനായി ഞാന്‍ വായന നിര്‍ത്തിവച്ചു. ആ പുസ്തകത്തിനു ശേഷമുള്ള വായനകള്‍ പലതും എന്നെ ദൂരേയ്ക്കു കൊണ്ടു പോയെങ്കിലും മുമ്പേ പറഞ്ഞതിനു സമാനമായി മറ്റൊന്നും ഉണ്ടായതായി ഞാന്‍ കരുതുന്നില്ല.

കൃത്യമായ തീയതിയോ സമയമോ എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. മാസ്റ്റേഴ്‌സ് ഡിഗ്രി കോഴ്‌സിന്റെ അവസരത്തില്‍, ഒരു ദിവസം എന്റെ ഒരു വായനാ ലിസ്റ്റില്‍ നിന്നും ഇന്ത്യയിലെ ജാതികള്‍: അവയുടെ പ്രവര്‍ത്തന ഘടന, ഉല്പത്തി വികാസം എന്ന പ്രബന്ധം ഞാന്‍ വായിക്കാന്‍ എടുത്തു. ഈ പ്രാഥമികഘട്ടത്തിന് മുന്‍പ് ഡോ. അംബേദ്കര്‍ സമുന്നതനായ ഒരു എഴുത്തുകാരനാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അംബേദ്കറിസം എന്റെ ചിന്താമണ്ഡലത്തിലേക്ക് ഒരിക്കലും പ്രവേശിച്ചിരുന്നില്ല. വാസ്തവത്തില്‍ അതുവരെ അംബേദ്കറിസത്തെ പറ്റിയുള്ള ഒരു വാക്കു പോലും എനിക്ക് പരിചിതമായിരുന്നില്ല, ഡോ. ബി. ആര്‍ അംബേദ്കറെ കുറിച്ചുള്ള എന്റെ അറിവ് ‘ഭരണഘടനയുടെ പിതാവ്’ എന്ന നിലയിലായിരുന്നു. എങ്കിലും, അതെന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ഞാന്‍ ഒരിക്കല്‍പ്പോലും ശ്രദ്ധിച്ചിരുന്നില്ല. കോളനിവത്കരണത്തില്‍ നിന്നും ഇപ്പോള്‍മാത്രം സ്വതന്ത്രമായ ഇന്ത്യപോലുള്ള ബൃഹത്തും വൈവിദ്ധ്യമാര്‍ന്നതുമായ ഒരു രാജ്യത്തിന്റെ ഭരണഘടന രൂപകല്പന ചെയ്ത ഒരു സംഘത്തെ നയിക്കുകയെന്നത് എന്തൊരു ദുഷ്‌കരമായ ഉത്തരവാദിത്വമായിരുന്നു! അത്തരമൊരു പ്രവൃത്തിയുടെ മഹത്വത്തെപ്പറ്റി ഒരിക്കലും സ്‌കൂള്‍ തലത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. അദ്ധ്യാപകര്‍ തന്നെ അതിനെ ഉള്‍ക്കൊണ്ടിരുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്.

ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അംബേദ്കര്‍ ഒരിക്കലും എന്റെ ബോധമണ്ഡലത്തില്‍ പ്രവേശിച്ചിരുന്നില്ല. തീര്‍ച്ചയായും, ഞാന്‍ വളര്‍ന്നു വന്ന സാംസ്‌കാരികവും ബൗദ്ധികവുമായ ലോകത്ത് അദ്ദേഹം ഉണ്ടായിരുന്നില്ല. എനിക്ക് മാര്‍ക്‌സിനെ ചെറുപ്പം മുതല്‍ക്കേ അറിയാമായിരുന്നു. അദ്ദേഹത്തെ വായിക്കാതെ, അദ്ദേഹത്തിന്റെ ആശയങ്ങളില്‍ ജീവിച്ചുകൊണ്ട് നിങ്ങള്‍ക്ക് മാര്‍ക്‌സിനെ അറിയാന്‍ കഴിയുമെങ്കില്‍, മറ്റേതൊരു വ്യക്തികളേയും പോലെ എനിക്കും കാള്‍മാക്‌സിനെ അറിയാമായിരുന്നു.

ഞാന്‍ ഒരു ഹിന്ദു സ്‌കൂളിലാണ് പഠിച്ചിരുന്നത്. അതുകൊണ്ട് തന്നെ, ഉറപ്പായും എനിക്ക് ഭഗവത് ഗീതയും, സംസ്‌കൃതവും, കര്‍ണാടിക് സംഗീതവും, ഭജനകളും, രാമായണവും, മഹാഭാരതവുമൊക്കെ പരിചിതമായി. എന്റെ മാതൃഭാഷയിലെ വിപ്ലവ കവിതകള്‍ ഞാന്‍ ചൊല്ലിയിരുന്നു. ”ഈശ്വരനല്ല മാന്ത്രികനല്ല ഞാന്‍, പച്ചമണ്ണില്‍ മനുഷ്യത്വമാണ് ഞാന്‍” പ്രശസ്തമായ ഒരു കവിതയിലെ ഇത്തരം വരികള്‍ എന്റെ അച്ഛന് വളരെ ഇഷ്ടമായിരുന്നു. എന്റെ ചെറുപ്പത്തിലെ മതപരമായ അന്വേഷണങ്ങളില്‍ എന്റെ മാതാപിതാക്കള്‍ ഇടപെട്ടിരുന്നില്ല. ഞങ്ങള്‍ക്ക് ശക്തമായ ക്രൈസ്തവ ധാര്‍മ്മിക ബോധ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, മതപരമായ അനുഷ്ഠാനങ്ങള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വീട്ടിലായിരുന്നപ്പോള്‍ സവര്‍ണ്ണ ഹിന്ദുസാംസ്‌കാരിക ലോകം എനിക്ക് പരിചയമായിരുന്നുവെന്ന് മാത്രമല്ല അതെനിക്ക്, അത്രമേല്‍ ആശ്വാസവും നല്‍കിയിരുന്നു. ഇവിടെ ഏറ്റവും പ്രധാനമായി തോന്നുന്നത് പ്രത്യയശാസ്ത്രപരമായ മാര്‍ക്‌സിയന്‍ ലോകവും, ഹിന്ദു ജീവിതരീതികളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ എങ്ങനെയാണ് പരസ്പരം ഇല്ലാതാകുന്നുവെന്നും ഒരു സവര്‍ണ്ണ ഹിന്ദു സാംസ്‌കാരിക ലോകത്ത് ഒരു മാര്‍ക്‌സിസ്റ്റ് സഖാവിനു പാരമ്പര്യത്തോട് ഇഴുകി ചേര്‍ന്നുകൊണ്ട് നില്‍ക്കാന്‍ കഴിയുന്നുവെന്നും ഞാന്‍ കണ്ടു. ഈ ”മതേതര വിപ്ലവലോകത്തില്‍” അംബേദ്കര്‍കര്‍ ഉണ്ടായിരുന്നില്ല.

ഞങ്ങളുടെ വായന പട്ടികയില്‍ ഡോ. ബി. ആര്‍ അംബേദ്കറുടെ പേര് അടയാളപ്പെട്ടപ്പോള്‍ ഞാന്‍ ഒരു പച്ചപരമാര്‍ത്ഥിയായിരുന്നു. ആ സെമസ്റ്ററിലെ വായനയില്‍ തന്നെ ഞാന്‍ കടന്നു പോന്നിട്ടുള്ള വിപ്ലവ സ്വര്‍ഗ്ഗത്തെപ്പറ്റിയും അതിന്റെ പരമാനന്ദത്തെപ്പറ്റിയും അതിലേക്ക് എത്തിച്ചേരാനുള്ള സാമ്പത്തിക പ്രശ്‌നങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങളും ഉണ്ടായിരുന്നു. ‘ഇന്ത്യയിലെ ജാതികള്‍’ വായിക്കുന്നതിന് എന്നെ പ്രേരിപ്പിച്ചത് കൗതുകമായിരുന്നു. ഞാനൊരു ആര്‍ത്തിപിടിച്ച വായനക്കാരിയായിരുന്നെങ്കിലും ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഡോ. ബി. ആര്‍ അംബേദ്കറെ അറിഞ്ഞിരുന്നില്ല.

‘ഇന്ത്യയിലെ ജാതികള്‍’ വായിക്കുവാന്‍ തുടങ്ങിയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ഞാനിപ്പോള്‍ കൃത്യമായി ഓര്‍മ്മിക്കുന്നു. അതിനെ ഒരു കഥയായി പറയട്ടെ. എനിക്കറിയാമായിരുന്ന ഒരു ജനതയെപ്പറ്റി, ഒരു രാഷ്ട്രത്തെപ്പറ്റി,ഒരു ലോകത്തെപ്പറ്റി ഒരു പുതിയ വെളിച്ചത്തില്‍ വിശദീകരിക്കുന്നതിനെ ഞാന്‍ വായിക്കുകയായിരുന്നു. ഒറ്റയിരുപ്പില്‍ ഞാനത് വായിച്ചു തീര്‍ത്തു. വികാരാധിക്യത്താല്‍ സ്തംഭിച്ചിരുന്നുകൊണ്ട്, ഒരു ക്രൈംത്രില്ലര്‍ വായിക്കുന്നതുപോലെയാണ് വായിച്ചു തീര്‍ത്തത്. കാരണം, അതു വരെ സമസ്യ പോലെ ഞാന്‍ കരുതിയിരുന്ന പല പ്രശ്‌നങ്ങളേയും യുക്തിസഹമായി നിര്‍ദ്ധാരണം ചെയ്യുകയും സത്യത്തിലേക്ക് വെളിച്ചം വീശുന്നതുമായിരുന്നു അത്.

_________________________________
എന്നെ സംബന്ധിച്ചിടത്തോളം ബാബാ സാഹേബ് അംബേദ്കര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു യാത്രയാണ്. ഒറ്റയ്ക്കു നിന്നുകൊണ്ടല്ല അദ്ദേഹം വീഥിയെ പ്രകാശിപ്പിക്കുന്നത്. സാവിത്രിഭായിമാരാലും ജ്യോതിബാമാരാലുമാണ് അദ്ദേഹം നയിക്കപ്പെടുന്നത്. അദ്ദേഹം തെളിച്ചുപിടിച്ച ഒരു ടോര്‍ച്ചുമായി ഹൈവേയില്‍ നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ സമീപത്തും മുന്‍പിലും പുറകിലുമായി ധാരാളം മറ്റാളുകളുണ്ട്. നമുക്കും വഴി കണ്ടെത്തേണ്ടതുണ്ട്. പക്ഷേ, നമ്മള്‍ ആ വഴി കണ്ടെത്തുന്നതുവരെ ബാബാസാഹേബാണ് എന്റെ യുക്തിയുടെ അധിപന്‍. എന്റെ ന്യായവാദങ്ങളുടെ മാര്‍ഗദര്‍ശി. എന്റെ പൂര്‍വ്വീകന്‍. എന്റെ റഫറന്‍സ് പോയിന്റ്. സ്വയം കണ്ടെത്താന്‍ അദ്ദേഹം എന്നെ പ്രാപ്തയാക്കുന്നു. മറ്റാര്‍ക്കും സാധ്യമായതിനേക്കാള്‍ എന്റെ ചരിത്രത്തെപ്പറ്റി, അതിനാല്‍ തന്നെ വര്‍ത്തമാനകാലത്തേയും ഭാവിയേയും പറ്റി അദ്ദേഹം എന്നോടു പറയുന്നു.
_________________________________ 

സതി, ശൈശവവിവാഹം, സ്ത്രീപുരുഷന്മാരുടെ ‘മിച്ചം’ എന്നിവയെപ്പറ്റിയുള്ള വിശദീകരണങ്ങള്‍ എല്ലാംതന്നെ സൂര്യവെളിച്ചം പതിച്ചതുപോലെ, എന്റെ തലച്ചോറിലെ നാഡീസീമകളെ പൊട്ടിത്തെറിപ്പിക്കുകയായിരുന്നു എന്നു ഞാനോര്‍ക്കുന്നു. ചിലപ്പോഴൊക്കെ ശ്വാസം കിട്ടാനായി ഞാന്‍ വായന നിര്‍ത്തിവച്ചു. ആ പുസ്തകത്തിനു ശേഷമുള്ള വായനകള്‍ പലതും എന്നെ ദൂരേയ്ക്കു കൊണ്ടു പോയെങ്കിലും മുമ്പേ പറഞ്ഞതിനു സമാനമായി മറ്റൊന്നും ഉണ്ടായതായി ഞാന്‍ കരുതുന്നില്ല. അതുതന്നെയായിരുന്നു എന്റെ ബോധത്തെ ദീപ്തമാക്കിയ ഏറ്റവും പ്രധാനപ്പെട്ട നിമിഷം. ഇങ്ങനെയാണ് ഞാന്‍ അംബേദ്കറെ കണ്ടെത്തിയത്. അങ്ങനെയാണ് എന്റെ ലോകം മാറാന്‍ തുടങ്ങിയത്.

എന്റെ വിദ്യാഭ്യാസ കാലത്ത് എനിക്ക് ആശ്വാസകരമായിരുന്ന പല എല്ലാ സവര്‍ണ്ണ പ്രപഞ്ചങ്ങളും ബാബാ സാഹേബ് അംബേദ്കറെ വായിച്ചതിനുശേഷം എനിക്ക് അപ്രധാനമായി അനുഭവപ്പെട്ടു. എന്തുകൊണ്ടാണ് ഇത്രയും സമുന്നതനായ വ്യക്തിയെപ്പറ്റി ആരും എന്നോട് പറയാതിരുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. എന്റെ സഹപാഠികളില്‍ നിന്നുമാണ് ബാബാ സാഹേബിന്റെ ചിന്തകള്‍ സൃഷ്ടിച്ച വിശാലമായ ലോകത്തെപ്പറ്റി ഞാന്‍ പഠിക്കുവാന്‍ തുടങ്ങിയത്. ഒരു സഹപാഠി അദ്ദേഹത്തെ സ്വന്തം അച്ഛനെപ്പോലെ ‘ബാബ’യെന്നാണ് വിളിച്ചിരുന്നത്. ഒരു ചിന്തകനുമായുള്ള ആഴത്തിലുള്ള അത്തരമൊരു വൈകാരിക ബന്ധം ഞാന്‍ നേരില്‍കാണുന്നത് ആദ്യമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളുമായുള്ള എന്റെ ഇടപെടലുകള്‍ പതിയെ വളര്‍ന്നു തുടങ്ങുകയും, ഒരു പുതിയ രൂപം കൊള്ളുകയും ചെയ്യുന്നതിനിടയിലാണ് NCERT പാഠപുസ്തകത്തിലെ അംബേദ്കറിന്റെ ”കാര്‍ട്ടൂണ്‍ വിവാദം” സംഭവിച്ചത്. ആ കാര്‍ട്ടൂണിനെ പ്രതിരോധിക്കുന്നവരുടെ അക്രമാസക്തമായ പെരുമാറ്റങ്ങള്‍ എന്നെ സംബന്ധിച്ച് നിര്‍ണ്ണായക നിമിഷമായിരുന്നു. ‘ഭരണഘടനയുടെ പിതാവ്’ എന്നത് എന്താണ് അര്‍ത്ഥമാക്കുന്നത്, നമ്മുടെ രാജ്യത്തിന്റെ നിയമപരമായ നിലനില്‍പ്പിന്റെ ആധാര ഗ്രന്ഥം രൂപകല്പന ചെയ്ത ആളെന്ന നിലയില്‍ അദ്ദേഹം എന്തായിരുന്നുവെന്ന് ഒരു വിദ്യാലയത്തിലെ അദ്ധ്യാപികയ്ക്ക് അവരുടെ വിദ്യാര്‍ത്ഥികളോട് വിശദീകരിക്കുവാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍, പിന്നെ എങ്ങനെയായിരിക്കും ആ കാര്‍ട്ടൂണ്‍ അത് അര്‍ത്ഥമാക്കിയ നിലയില്‍ അവര്‍ വിശദീകരിച്ചിട്ടുണ്ടാകുക?

മനുസ്മൃതിയില്‍ നിന്നുള്ള ഒരു സ്ത്രീവിരുദ്ധ പദ്യം ഞാന്‍ സ്‌കൂളില്‍ വച്ച് പഠിച്ചിരുന്നു. ആ പദ്യം വാസ്തവത്തില്‍ സ്ത്രീവിരുദ്ധമല്ലെന്ന് തിരിച്ചറിവില്ലാത്തവരായ വിദ്യാര്‍ത്ഥികളോട് അദ്ധ്യാപകന്‍ വിശദീകരിച്ചു തന്നു. എന്നിട്ട് അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളും അവതരിപ്പിച്ചു. ഞങ്ങളുടെ നിഷ്‌കളങ്കമായ കൗമാരത്തില്‍ ഞാനും അത് വിശ്വസിച്ചു. സ്ത്രീകള്‍ക്ക് അനുകൂലമാണെന്ന നിലയിലായിരുന്നു മനുസ്മൃതി പരിചയപ്പെടുത്തിയിരുന്നത്. മനസ്സുകളെ രൂപപ്പെടുത്തുവാനുള്ള അദ്ധ്യാപകരുടെ ശേഷി വാസ്തവത്തില്‍ വലിയതാണ്.

മറ്റൊരു നിര്‍ണ്ണായക നിമിഷം അരുദ്ധതിറോയി അംബേദ്കറെപ്പറ്റി എഴുതിയതാണ്. അതിന്റെ കലര്‍പ്പില്ലാത്ത ധിക്കാരം ഞെട്ടിപ്പിക്കുന്നതായിരുന്നു. കാരണം അംബേദ്കറൈറ്റുകളായ സുഹൃത്തുക്കളോടും അവരുടെ ചിന്തകളോടും ദൃഢവിശ്വാസങ്ങളോടുമുള്ള അടുപ്പവും അദ്ദേഹത്തിന്റെ എഴുത്തുകളിലെ പുതിയ ലോകത്തിലേക്കും അതിന്റെ അര്‍ത്ഥങ്ങളിലേക്കും ഇനിയും യാത്ര ചെയ്യേണ്ട ദൂരത്തെപ്പറ്റി എനിക്ക് അറിയാമായിരുന്നു. അരുദ്ധതിറോയി ഒരു വ്യക്തിയേയും അദ്ദേഹത്തിന്റെ എഴുത്തുകളെയും മാത്രമല്ല സ്പര്‍ശിച്ചത്. അദ്ദേഹം സാധ്യമാക്കിയ, കോടിക്കണക്കിന് ആളുകള്‍ അധിവസിക്കുന്ന ഒരു സമൂഹത്തേയും അതിന്റെ സാംസ്‌കാരികവും ബൗദ്ധികവും ആത്മീയവുമായ ലോകത്തെയും കൂടിയാണ്. അതിലെ അജ്ഞത ക്രൂരമായിരുന്നെങ്കില്‍, ആദരവില്ലായ്മ ഞെട്ടിക്കുന്നതാണ്.

അതുകൊണ്ട് ബാബാ സാഹേബ് എനിക്കിപ്പോള്‍ എന്താണ്?

എന്നെ സംബന്ധിച്ചിടത്തോളം ബാബാ സാഹേബ് അംബേദ്കര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു യാത്രയാണ്. ഒറ്റയ്ക്കു നിന്നുകൊണ്ടല്ല അദ്ദേഹം വീഥിയെ പ്രകാശിപ്പിക്കുന്നത്. സാവിത്രിഭായിമാരാലും ജ്യോതിബാമാരാലുമാണ് അദ്ദേഹം നയിക്കപ്പെടുന്നത്. അദ്ദേഹം തെളിച്ചുപിടിച്ച ഒരു ടോര്‍ച്ചുമായി ഹൈവേയില്‍ നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ സമീപത്തും മുന്‍പിലും പുറകിലുമായി ധാരാളം മറ്റാളുകളുണ്ട്. നമുക്കും വഴി കണ്ടെത്തേണ്ടതുണ്ട്. പക്ഷേ, നമ്മള്‍ ആ വഴി കണ്ടെത്തുന്നതുവരെ ബാബാസാഹേബാണ് എന്റെ യുക്തിയുടെ അധിപന്‍. എന്റെ ന്യായവാദങ്ങളുടെ മാര്‍ഗദര്‍ശി. എന്റെ പൂര്‍വ്വീകന്‍. എന്റെ റഫറന്‍സ് പോയിന്റ്. സ്വയം കണ്ടെത്താന്‍ അദ്ദേഹം എന്നെ പ്രാപ്തയാക്കുന്നു. മറ്റാര്‍ക്കും സാധ്യമായതിനേക്കാള്‍ എന്റെ ചരിത്രത്തെപ്പറ്റി, അതിനാല്‍ തന്നെ വര്‍ത്തമാനകാലത്തേയും ഭാവിയേയും പറ്റി അദ്ദേഹം എന്നോടു പറയുന്നു.

 

വിവര്‍ത്തനം: ലിന്‍സി തങ്കപ്പന്‍

യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ SOASൽ ഡോക്ടോറൽ കാന്റിഡേറ്റ് ആണ് ശ്രുതി ഹെർബർട്ട്

Top