നീല്‍സലാമിനും ലാല്‍ സലാമിനും ഇടയിലെ വിടവുകള്‍

ഇന്ത്യയുടെ സാമൂഹിക നീതിസങ്കല്‍പനവും ജനാധിപത്യ സംവിധാനങ്ങളും വികസിപ്പിക്കാന്‍ നിലവിലുള്ള ഭരണകൂടത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതിനുപരി ജനങ്ങള്‍ സമരം തുടരണമെന്നും സോഷ്യലിസ്റ്റുകള്‍ക്ക് നിര്‍ണായകത്വമുള്ള ഭരണവ്യവസ്ഥ സ്ഥാപിക്കപ്പെടണമെന്നും ഡോ. അംബേദ്ക്കര്‍ പറയുന്നു. ഇതിഅണിനിരക്കേണ്ടവരായി അദ്ദേഹം കരുതുന്നത് ആദിവാസികള്‍, ദലിതര്‍, പിന്നാക്കക്കാര്‍, മുസ്ലീംങ്ങള്‍ മുതലായ സമുദായങ്ങളേയും ദരിദ്രകര്‍ഷകര്‍, തൊഴിലാളികള്‍ മുതലായ സാമൂഹിക ഗണങ്ങളെയുമാണ്. ഈ അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം വ്യക്തമായി പറയുന്ന ഒരു വാചകം ഇപ്രകാരമാണ്. ”സവര്‍ണ്ണ ഹിന്ദുക്കള്‍ പുറംജാതിക്കാരായി കാണുന്ന മുസ്ലീംങ്ങളെ നമ്മള്‍ ഉള്‍ക്കൊള്ളണം. അവരില്‍ വളരെ കുറച്ചുപേരൊഴിച്ചാല്‍ ബാക്കിയുള്ളവര്‍ ഭൂരഹിതരാണ്”

‘ആപല്‍ക്കരമായി ജീവിക്കുക‘ എന്ന് പറഞ്ഞത് തത്വചിന്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമതരില്‍ ഒരാളായ നീഷേയാണ്. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ മദ്ധ്യത്തില്‍ പ്രസിദ്ധീകരിച്ച ‘കലാപവും സംസ്‌കാരവും'(കെ.കെ.കൊച്ച്) എന്ന പുസ്തകത്തില്‍ നീഷേയുടെ ഈ വാക്കുകളെ ‘ആപല്‍ക്കരമായി കര്‍മ്മം ചെയ്യുക’ എന്നു തിരുത്താന്‍ ശ്രമിക്കുന്നതായി കാണാം. ഇത്തരം തിരുത്തലുകളും വീണ്ടെടുപ്പുകളും മാത്രമല്ല ഉണ്ടായത്. അക്കാലത്ത് മുഖ്യധാരയുടെ പുറത്തു നടന്ന ഒട്ടേറെ സമരങ്ങളിലൂടെ ആദിവാസികള്‍, ദലിതര്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, പിന്നാക്കക്കാര്‍, അസംഘടിത വേലക്കാര്‍, ചെറുകിട കര്‍ഷകര്‍ മുതലായ വിഭാഗങ്ങള്‍ പുതുതായി കര്‍തൃത്വം നേടിയവരായി മാറി. ഒരുപക്ഷേ, കേരളത്തിലും ഇന്ത്യയിലും വ്യത്യസ്തമായ ഒരു രാഷ്ട്രീയ സമൂഹം അരികുവല്‍കരിച്ചവരെയും ഉള്‍ക്കൊണ്ട് വികസിച്ചു വന്നതിനെയാവാം ഇവ അടയാളപ്പെടുത്തുന്നതെന്നു തോന്നുന്നു.

വെറും വിമതത്വമോ പ്രതിബോധമോ അല്ല, ചരിത്രപരമായി രൂപപ്പെടുന്ന വിച്ഛേദനം/വേറിടല്‍ ആണ് ലോകത്തിലെ പാര്‍ശ്വവല്‍കൃതരുടെ രാഷട്രീയ മുന്നേറ്റങ്ങള്‍ക്ക് ആധാരമാകുന്നത് എന്ന വസ്തുതയാണ് മേല്പറഞ്ഞ സൂചനകളില്‍ നിന്നും വെളിപ്പെടുന്നത്. മഹാത്മാ ഫൂലേ, ഡബ്‌ളിയു. ബി. ഡൂബോയ്‌സ്, ഡോ. ബി. ആര്‍. അംബേദ്കര്‍, ശ്രീനാരായണ ഗുരു, അയ്യന്‍കാളി, പൊയ്കയിലപ്പച്ചന്‍, സഹോദരന്‍ അയ്യപ്പന്‍, ഇയോതിദാസ്, ജെയിംസ് ബാള്‍ഡ്‌വിന്‍, ആലീസ് വാക്കര്‍ മുതലായ കീഴാളപ്രതിനിധാനങ്ങള്‍ അവരുടെ സമുദായങ്ങള്‍ക്ക് വേണ്ടി മാത്രം ചിന്തിച്ചവരും പ്രവര്‍ത്തിച്ചവരുമാണെന്ന അധീശത്വ പൊതുബോധം ഒരുപാട് അസംബന്ധം നിറഞ്ഞതാണ്. അവര്‍ ഒരേസമയം തങ്ങളുടെ സമുദായം പരിഷ്‌ക്കരിക്കപ്പെടേണ്ടതാണെന്ന് വാദിച്ചതിനൊപ്പം മാറ്റങ്ങളോടും നാഗരികതയോടും സംവദിക്കുകയുമാണ് ചെയ്തത്. ഈ ഇരട്ടിപ്പാണ് അവരുടെ സമരങ്ങളെയും സംഭാവനകളെയും അധീശത്വ ”പൊതു”വില്‍ നിന്നും വിച്ഛേദിക്കുന്നതിനൊപ്പം വേറിട്ടതുമാക്കുന്നത്. ഇന്ത്യയിലെ ദേശീയപ്രസ്ഥാന നേതാക്കള്‍ മുന്നോട്ടുവെച്ച സമവായത്തോട് വിയോജിച്ചുകൊണ്ട് അംബേദ്ക്കര്‍ പറഞ്ഞ പ്രശസ്തമായ വാക്കുകള്‍ ”I am not a part of the whole. I am a part apart” എന്താണെന്നു ഓര്‍ക്കുക.

റിബലുകളോ, വിമതരോ, ഭരണകൂട വിരുദ്ധരോ (ഇത്തരം അവസ്ഥകളെ തള്ളിപ്പറയുകയല്ല) ആവുക എന്നതിനപ്പുറം കടന്നുകൊണ്ടുള്ള സ്വാതന്ത്ര്യപ്രയോഗമാണ് വിച്ഛേദനം/വേറിടല്‍ എന്നത്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ജ്ഞാനപരതയും ജനാധിപത്യത്തെ ജീവിതക്രമമായി കാണാനുള്ള സന്നദ്ധതയും ഇതില്‍ അന്തര്‍ഹിതമാണ്.

ഇന്ത്യയിലെ സവര്‍ണ്ണസമുദായങ്ങളില്‍ നിന്നും കീഴാള- ന്യൂനപക്ഷജനതകളില്‍ നിന്നും പരമ്പരാഗതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരുപാട് പ്രസ്ഥാനങ്ങളും നേതൃത്വങ്ങളും ബുദ്ധിജീവികളും ഉണ്ടാകാറുണ്ട്. എന്നാല്‍ സമുദായങ്ങളെയും സാമൂഹിക വിഭാഗങ്ങളെയും തിരുത്താന്‍ പ്രേരിപ്പിക്കുന്നത്രയും ഉല്‍ബുദ്ധത കാണിക്കുകയും, വൈവിദ്ധ്യങ്ങളെ സഹവര്‍ത്തിപ്പിക്കുന്നതില്‍ കണിശമായ ഉള്‍ക്കാഴ്ച പുലര്‍ത്തുകയും ചെയ്യുന്നവയെ മാത്രമേ വേറിട്ട പ്രസ്ഥാനങ്ങളെന്നോ

Alice Walker

നേതൃത്വങ്ങളെന്നോ ബുദ്ധിജീവികളെന്നോ പറയാന്‍ പറ്റുകയുള്ളൂ. അല്ലാത്തവയെ പാരമ്പര്യ പ്രസ്ഥാനങ്ങളായും നേതൃത്വങ്ങളായും ബുദ്ധിജീവികളായും മനസ്സിലാക്കുകയാണ് നല്ലത്.

സമകാലീനമായി നടന്ന രണ്ടുസംഭവങ്ങള്‍ ഇന്ത്യയിലെ ഹിന്ദുത്വഭരണത്തിന്റെ പരമാധികാരത്തിന് വെല്ലുവിളി ഉയര്‍ത്തുകയുണ്ടായി. ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വേമുല 2016 ജനുവരി 17-ന് ഹോസ്റ്റല്‍ മുറിയില്‍ വെച്ച് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭണങ്ങളാണ് ആദ്യത്തേത്.

____________________________________
ഇന്ത്യയുടെ സാമൂഹിക വിപ്ലവത്തിന്റെ ധാരയുള്‍ക്കൊള്ളുന്ന സമരങ്ങളില്‍ മാത്രമേ ഏറ്റവും അടിത്തട്ടിലെ ജനങ്ങളും മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങളും വലിയ തോതില്‍ അണിനിരക്കുകയുള്ളൂ എന്നതാണ് ഒന്നാമത്തേത്. രണ്ടാമതായി, ഇന്ത്യയിലെ ഹിന്ദുത്വമടക്കമുള്ള അധീശശക്തികള്‍ മുന്നോട്ടു വെയ്ക്കുന്ന വികസന നടപടികള്‍ ചില സമുദായങ്ങളെയും സാമൂഹിക വിഭാഗങ്ങളേയും ഒറ്റതിരിച്ചു ബഹിഷ്‌ക്കരിക്കുന്ന തരത്തിലുള്ളതാണ്. ഉദാഹരണമായി, ഗുജറാത്ത് ഗവണ്‍മെന്റ് സൗരാഷ്ട്ര-കച്ച് മേഖലകളില്‍ പട്ടേല്‍ സമുദായത്തിലെ അമ്പത്തയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് പന്ത്രണ്ട് ലക്ഷത്തോളം ഭൂമി പതിച്ചു നല്‍കിയപ്പോള്‍ തികച്ചും ഭൂരഹിതരായ ദലിതര്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരു സെന്റ് പോലും നല്‍കിയില്ല. ഏറ്റവും സുപ്രധാനമായ കാര്യം, മുസ്ലീംങ്ങളെ അപരവത്കരിച്ചും അവരെ മതപരമായി ധ്വംസിച്ചും ഉണ്ടാക്കിയ ഹിന്ദുത്വജ്വരത്തിന് വിള്ളല്‍ വീഴ്ത്തികൊണ്ട് ദലിത്-മുസ്ലീം ഐക്യമെന്ന രാഷ്ട്രീയ പരികല്പനയെ ചരിത്രത്തില്‍ നിന്നും വീണ്ടെടുത്തു എന്നതാണ്.
____________________________________

ജൂലൈ 11 ന് ഗുജറാത്തിലെ ഊനയില്‍ നാലു ദലിത് യുവാക്കളെ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ചതിന്റെ പേരിലുണ്ടായ പ്രതിഷേധങ്ങളാണ് അടുത്തത്. രണ്ടും ഇന്ത്യയിലെ കീഴാള സമുദായങ്ങളെ പൊതുവിലും ഇതര സമുദായങ്ങളിലെ ജനാധിപത്യവാദികളെ സവിശേഷമായും സ്വാധീനിച്ചു എന്നതിന് സംശയമില്ല. ഈ സംഭവങ്ങളെ തുടര്‍ന്നുണ്ടായ ദേശീയ അസ്വസ്ഥതകള്‍ അന്തര്‍ദേശീയ പ്രതികരണങ്ങള്‍ ഉളവാക്കി.
രോഹിത് വേമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഭരണകൂടത്തിനെതിരെ ഉയര്‍ന്ന ബഹുജന്‍ രോഷത്തെ വഴിതെറ്റിക്കാന്‍ ഹിന്ദുത്വവാദികളുടെ സ്ഥിരം പല്ലവിയായ ”ദേശദ്രോഹം” ”ജാതീയത” മുതലായ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷനെ സ്വാധീച്ചുകൊണ്ട് അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസോസ്സിയേഷനെതിരെ പ്രതികാരനടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. എന്നാല്‍ ഗുജറാത്തിലെ സംഭവവികാസങ്ങളിലൂടെ ഹിന്ദുത്വത്തിന്റെ വിദ്വേഷ രാഷ്ട്രീയം കൂടുതല്‍ വ്യക്തമായി ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടപ്പെടുകയായിരുന്നു. തല്‍ഫലമായി, അവര്‍ക്ക് വലിയ നഷ്ടം വരുത്തിയ മാനവ വിഭവശേഷി മന്ത്രിയേയും ഗുജറാത്ത് മുഖ്യമന്ത്രിയേയും മാറ്റുകയും പ്രധാനമന്ത്രിക്ക് നേരിട്ടുതന്നെ പ്രസ്താവന നടത്തേണ്ടിയും വന്നു. ഇപ്രകാരം ഹിന്ദുത്വ ഭരണത്തെ നേരിട്ട് ബാധിച്ച ചില പ്രശ്‌നങ്ങള്‍ എന്നതിനുപരി രോഹിത് വേമുലയുടെ ആത്മഹത്യയും ഊനയിലെ പ്രക്ഷോഭണങ്ങളും ചരിത്രപരമായി എങ്ങിനെ വേറിട്ടതാകുന്നു എന്നതിനെ പറ്റിയുള്ള ചില നിരീക്ഷണങ്ങളാണ് ഇവിടെ നടത്താന്‍ ഉദ്ദേശിക്കുന്നത്.

  • മിശ്രകാലത്തെ കീഴാള യുവജന മാനിഫെസ്റ്റോ

രോഹിത് വേമുലയുടെ ആത്മഹത്യയെ സ്ഥാപനവല്‍കൃതമായ ഒരു കൊലപാതകമായിട്ടാണ് എല്ലാവരും കണ്ടത്. ഐ.ഐ.ടി അടക്കമുള്ള ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ദളിത്-ന്യൂനപക്ഷ- അതിര്‍ത്തി സംസ്ഥാന വിദ്യാര്‍ത്ഥികള്‍ ജാതീയവും വംശീയവുമായ അധിക്ഷേപങ്ങള്‍ക്ക് വിധേയരാവുന്നതായും പിടിച്ചു നില്‍ക്കാനാവാതെ പലരും ആത്മഹത്യയെ അഭയം പ്രാപിക്കുന്നതായുമുള്ള റിപ്പോര്‍ട്ടുകള്‍ തുടരെ ഉണ്ടായ പശ്ചാത്തലത്തിലാണ് രോഹിതിന്റെ മരണം നടന്നത്. മുന്‍പേ തന്നെ പ്രൊഫസര്‍ തോറാട്ട് അടക്കമുള്ള മുന്‍നിര വിദ്യാഭ്യാസ പണ്ഡിതരും എ. എസ്. എ പോലുള്ള വിദ്യാര്‍ത്ഥി സംഘടനകളും ഇത്തരം സാമൂഹിക മരണങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുകയും, അവ ഒഴിവാക്കാന്‍ കഴിയുന്നതായ നിര്‍ദ്ദേശങ്ങള്‍ വെയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ മുന്‍ഗവണ്‍മെന്റോ ഇപ്പോഴത്തെ ഭരണാധികാരികളോ അവയെ ഇപ്പോഴും മുഖവിലക്കെടുത്തിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്.സ്ഥാപനവല്‍കൃത കൊലപാതകത്തിന്റെ ഒരു ഇരയോടുള്ള സഹാനുഭൂതിയല്ല മറിച്ച്, രോഹിത് വേമുലയുടെ ആത്മഹത്യകുറിപ്പില്‍ ഉള്ളടങ്ങിയ രാഷ്ട്രീയ ഉല്‍ബുദ്ധതയും അതു ഉളവാക്കിയ നൈതിക വിക്ഷോഭവുമാണ് ഇന്ത്യയിലേയും പുറത്തേയും പൊതുമനസ്സാക്ഷിയെ ഇളക്കിയതെന്നും ഭരണാധികാരികളെ പ്രതിസ്ഥാനത്ത് എത്തിച്ചതെന്നും ഉറപ്പാണ്.

ഈ ആത്മഹത്യകുറിപ്പിനൊപ്പം അദ്ദേഹം എഴുതിയ ഫെയ്‌സ്ബുക്ക് നോട്ടുകളും പുറത്തു വന്നിരുന്നു. ഇപ്പോള്‍ അവയെ ”കാസ്റ്റ് ഈസ് നോട്ട് എ റൂമര്‍” എന്ന പേരില്‍ മലയാളി പത്രപ്രവര്‍ത്തകയായ നിഖില ഹെന്ററി എഡിറ്റുചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലൂടെ കടന്നുപോകുമ്പോള്‍ ഉന്നത ചിന്തകളുള്ള ഒരു യുവാവിന്റെ സ്വതന്ത്ര വീക്ഷണങ്ങള്‍ എന്നതിനപ്പുറം, സമകാലീന കീഴാളയുവത്വം മുന്നോട്ടു വെയ്ക്കുന്ന നവജനാധിപത്യ രാഷ്ട്രീയത്തിന്റെ മാനിഫെസ്റ്റോയാണ് അതെന്നു ബോധ്യപ്പെടും.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും സ്ത്രീകളുടെയും ശാക്തീകരണത്തിന് മതാധിഷ്ഠിതമോ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനത്തിലോ ഉള്ള ഏകാധിപത്യ പ്രയോഗങ്ങള്‍ സഹായകരമല്ലെന്ന വാദം അംബേദ്ക്കര്‍ തന്നെ വെച്ചിട്ടുള്ളതാണ്. അതേ തുടര്‍ച്ചയില്‍ നിന്നുകൊണ്ട് എല്ലാത്തരം സമഗ്രാധിപത്യങ്ങളോടും വിയോജിക്കുന്നതിനൊപ്പം യുക്തിയെ തിരസ്‌കരിക്കാതെയും, വിശ്വാസ സ്വാതന്ത്ര്യത്തെ നിഷേധിക്കാതെയും, പുരോഗമന വീക്ഷണത്തെ കയ്യൊഴിയാതെയും, സാര്‍വ്വത്രികമായ ഭരണകൂട പോലീസിംഗിന് പകരം ധാര്‍മ്മികതയ്ക്കും സംവാദപരതയും ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ”പ്രജ്ഞാന”മാണ് (ഉള്‍ക്കാഴ്ച) രോഹിത് വേമുല പുലര്‍ത്തുന്നത്. ഒരു വ്യക്തിയുടെ മൂല്യം പുറമേയുള്ള സ്വത്വത്തിലേയ്ക്കും അടുത്ത സാധ്യതകളിലേക്കും അല്ലെങ്കില്‍ ഒരു വോട്ടിലേയ്‌ക്കോ നമ്പരിലേയ്‌ക്കേ ചുരുക്കുന്നതിലൂടെ അയാള്‍ ഉള്‍ക്കൊള്ളുന്ന സ്വാതന്ത്ര്യബോധത്തെ പരിഗണിക്കാത്ത വ്യവസ്ഥയോടുള്ള ആഴമേറിയ ഭിന്നിപ്പാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.

ഏറ്റവും ശ്രദ്ധേയമായ കാര്യം, മുസ്ലീമിനോടുള്ള സമീപനത്തില്‍ സാമ്പ്രദായിക മതേതര വീക്ഷണങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നു എന്നതാണ്. പകരം ആ സമുദായത്തിന്റെ അപരത്വത്തെ ഉള്‍ക്കൊള്ളുന്ന ആത്മ സാഹോദര്യമാണ് അദ്ദേഹം പുലര്‍ത്തിയത്. പാരമ്പര്യ ദലിത്‌വാദത്തില്‍ നിന്നും കൂടിയുള്ള വിച്ഛേദനമാണ് ഇത്. ഇങ്ങിനെ നോക്കുമ്പോള്‍, ഉന്നത വിദ്യാഭ്യാസരംഗത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥാപനവല്‍കൃത കൊലപാതകങ്ങളുടെ ഒരു കണ്ണിയായിട്ടല്ല മറിച്ച് പുതു ജനാധിപത്യത്തിനു വേണ്ടി ആപല്‍ക്കരമായി കര്‍മ്മം ചെയ്ത; അസാധാരണമായ വിധത്തിലുള്ള ബലിയിലൂടെ ചരിത്രത്തിലേക്ക് പ്രവേശിച്ച, വേറിട്ട ഒരു വിമോചക വ്യക്തിത്വമായിട്ടാവും ഇനിയുള്ള കാലം ബഹുജന്‍ രാഷ്ട്രീയം രോഹിത് വേമുലയെ സ്ഥാനപ്പെടുത്താന്‍ പോകുന്നത്.
അന്തര്‍ദേശീയ നിലവാരമുള്ള രണ്ട് പ്രധാനപ്പെട്ട സ്‌കോളര്‍ഷിപ്പുകള്‍ കിട്ടിയ സമര്‍ത്ഥനായ ശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നു രോഹിത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്നും രാജിവെച്ചുകൊണ്ടാണ് അദ്ദേഹം അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി സംഘടനയില്‍ ചേര്‍ന്നത്. ഇതിന് പിന്നില്‍ ഉണ്ടായിരുന്നത് കാമ്പസ് രാഷ്ട്രീയത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രമായിരുന്നില്ല.

ആന്ധ്രാപ്രദേശിലെ യാഥാസ്ഥിതിക -തീവ്രവാദ മാര്‍ക്‌സിസത്തിന്റെ മിലിറ്ററിസ്റ്റ് നിലപാടുകളും അതിന്റെ പേരില്‍ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും ഏറ്റവുമധികം മുറിപ്പെടുത്തിയിട്ടുള്ളത് ദലിത് സമുദായത്തെയാണെന്ന വസ്തുത ആ സമുദായത്തിലെ ഉല്‍ബുദ്ധ വിഭാഗങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. പ്രസിദ്ധ കീഴാളഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഗോഗുല്‍ ശ്യാമളയുമായി നിഖില ഹെന്ററിി നടത്തിയ ഒരു അഭിമുഖ സംഭാഷണത്തിലൂടെ ഈ കാര്യം നന്നായി വിശദീകരിക്കപ്പെടുന്നുണ്ട്. മാത്രമല്ല, മാല-മാദിക ഉപജാതികള്‍ തമ്മിലുള്ള പൊരുത്തക്കേടുകളും ദലിത് സമുദായത്തിന്റെ സാമൂഹികമായ ചലനത്തെയും വളര്‍ച്ചയേയും തടസ്സപ്പെടുത്തുന്നതായും അവര്‍ മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണകൂടത്തിന്റെയും മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തിന്റെയും യാന്ത്രികമായ അനുഷ്ഠാനങ്ങളോടും ജാതി- ഉപജാതി സങ്കുചിതത്തോടും ഒരേപോലെ വിച്ഛേദനം പ്രഖ്യാപിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് 1992-ല്‍ എ. എസ്. എ രൂപീകരിച്ചത്. ഉന്നതമായ സാമൂഹികചിന്തയും സ്വാതന്ത്ര്യബോധവുമുണ്ടായിരുന്ന രോഹിത് വേമുല മറ്റുപലരേയും പോലെ ആ സംഘടനയുടെ ഭാഗമായി മാറി.

ജാതിയുടെ സ്വയംഭരണത്തെയും സാംസ്‌കാരികമായ തുടര്‍ച്ചകളെയും ഏറ്റവും ഫലപ്രദമായി തകര്‍ക്കാന്‍ കഴിയുന്ന ”കലര്‍പ്പി”നെ (ഹൈബ്രിഡിറ്റി) സമയനിഷ്ഠമായി ഉള്‍ക്കൊണ്ടുഎന്നതാണ് ഈ ദലിത്‌വിദ്യാര്‍ത്ഥി സംഘടന നടത്തിയ ചരിത്രപരമായ തിരുത്ത്. ഇതിലൂടെ എല്ലാത്തരം പാര്‍ശ്വവത്കൃതരെയും രാഷ്ട്രീയമായി ഉള്‍ക്കൊള്ളുന്നതും ന്യൂനപക്ഷങ്ങള്‍ക്കും സ്വതന്ത്രചിന്താഗതിയുള്ള സവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ക്കും കടന്നുവരാന്‍ കഴിയുന്ന വിധം തുറന്നതും വിപുലവുമായ പ്ലാറ്റ്‌ഫോമായി എ.എസ്.എ മാറി.
ദലിത്-ന്യൂനപക്ഷ പ്രസ്ഥാനങ്ങളെ കേവല സത്താവാദപരമായ, അടഞ്ഞ സംഘടനകളായി മുദ്രകുത്തി തങ്ങളുടെ ”വര്‍ഗ്ഗശുദ്ധി” പ്രഖ്യാപിക്കുന്ന ഇടത്-ലിബറല്‍ സംഘടനകള്‍ പറച്ചിലില്‍ പുരോഗമനകാരികളാണെങ്കിലും, വാസ്തവത്തില്‍ ശാസ്ത്രീയ വംശീയവാദത്തിന്റെ കെണികളിലാണ് ഇവരില്‍ ബഹുഭൂരിപക്ഷവും അകപ്പെട്ടിരിക്കുന്നതെന്നതാണ് ദുഃഖകരം. ഈ വിഷയത്തിലേക്ക് തല്‍ക്കാലം കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ഹൈദ്രബാദ് യൂണിവേഴ്‌സിറ്റിയിലെ അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി സംഘടനയെ തുറന്ന ഒരു പൊതുസ്ഥലിയാക്കി മാറ്റുന്നതില്‍ കേരളത്തില്‍ നിന്നുള്ള ദലിത് -ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെയും അക്ഷീണ പരിശ്രമവുമുണ്ടെന്ന വസ്തുത ഇവിടെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്.

__________________________________
സൂഷ്മമായി നോക്കിയാല്‍, ”നാനാത്വത്തില്‍ ഏകത്വം” എന്ന ദേശീയ പ്രസ്ഥാനത്തിന്റെ പ്ലൂറലിസ്റ്റ് കാഴ്ചപ്പാടിനെ കൂടുതല്‍ ഉയര്‍ന്ന തലത്തിലുള്ള ”വൈവിദ്ധ്യങ്ങളുടെ സഹവര്‍ത്തിത്വം” എന്നു പുതുക്കുന്ന ഒരു പ്രോജക്ടാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നതെന്നു കാണാം. ഈ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് 1970-കളില്‍ ദളിത് പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്. അവ ബ്രാഹ്മണിസത്തെയും മുതലാളിത്തത്തെയും എതിര്‍ത്തതിനൊപ്പം ഇന്ത്യന്‍ ജനതയുടെ എണ്‍പത്തിയഞ്ച് ശതമാനം ജനങ്ങളെയും ഐക്യപ്പെടുത്തുക എന്ന കാഴ്ചപ്പാടും മുന്നോട്ടുവച്ചിട്ടുണ്ട്. 1980- കളുടെ മധ്യത്തിലുണ്ടായ കാന്‍ഷിറാം പ്രസ്ഥാനവും ‘ബഹുജന്‍’ എന്ന സങ്കല്പത്തിലൂടെ ഇന്ത്യയുടെ വൈവിദ്ധ്യങ്ങളെ സഹവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. അടിയന്തിരാവസ്ഥ, സംവരണ വിരുദ്ധ കലാപങ്ങള്‍, ദലിത്-മുസ്ലീം കൂട്ടക്കൊലകള്‍, സമ്പത്ത്-അധികാരം-പദവി എന്നി മേഖലകളില്‍ നിന്നും കീഴാളരെ ഒഴിച്ചു മാറ്റുന്ന ഭരണവര്‍ഗ്ഗ നടപടികള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് മേല്പറഞ്ഞ കീഴാള മുന്നേറ്റങ്ങള്‍ ഉണ്ടായതെന്ന് ഓര്‍ക്കണം.
__________________________________

ഒരുവട്ടം ആ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിമി കോറോട്ട്, പ്രസിഡന്റായിരുന്ന പ്രേംകുമാര്‍, അതിന്റെ ഇന്റലക്ച്വല്‍ വിംഗിന് നേതൃത്വം കൊടുത്തിരുന്ന അരുണ്‍ അശോകന്‍, വിവിധ ഘട്ടങ്ങളില്‍ നിര്‍ണ്ണായകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മുഹമ്മദ് അലി, ഷിഹാബ് പള്ളിയില്‍, അനുനാദ് മുരളി, ബാസിമ മുഹമ്മദ്, നൈമ ഇടപ്പാള്‍, ഫേബ റഷീദ്, മുസ്ഹിന അഷ്‌റഫ്, ഉത്തമന്‍ എം.കെ, പ്രസന്ന കെ.വി, പ്രമീള കെ.പി. അശ്വതി ഗിരിജന്‍, ഷിനുമോള്‍ റ്റി.വി, മുഹമ്മദ് ഷാ എസ്, ശ്രീരാഗ് പൊയ്ക്കടവ്, ജോബി മാത്യൂ, ഹനു ജി. ദാസ് മുതലായവരുടെ പേരുകള്‍ ഓര്‍ക്കപ്പെടേണ്ടതാണ്. ഹൈദ്രബാദ് യൂണിവേഴ്‌സിറ്റിയിലെ ഇടതു വിദ്യാര്‍ത്ഥി സംഘടന എങ്ങിനെയാണ് ജാതിയെ പുനരുത്പാദിപ്പിക്കുന്നതെന്ന് വിശദീകരിച്ച ഉജ്വലമായ ഒരു പഠനലേഖനം 2009-ല്‍ അരുണ്‍ അശോകന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജെ. എന്‍. യു അടക്കമുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികളിലെ കീഴാള വിദ്യാര്‍ത്ഥികള്‍ ”സ്വത്വവാദികള്‍” എന്ന കുറ്റാരോപണത്തെ മറികടന്നുകൊണ്ട് പുതിയ പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാക്കുന്നതിനെ പറ്റിയുള്ള ശ്രദ്ധേയമായ വിലയിരുത്തല്‍ കെ. അഷ്‌റഫ് നടത്തിയിട്ടുണ്ട്. ഇത്തരം പ്ലാറ്റുഫോമുകളും സമരങ്ങളുമാണ് മണ്ഡല്‍- മസ്ജിത് അനന്തര ഘട്ടത്തിലെ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളിലെ ബഹുജന്‍ വിദ്യാര്‍ത്ഥി സാന്നിധ്യത്തെ വേറിട്ടതാക്കുന്നത്.

  • പശുദേശീയതയുടെ പരമാധികാരത്തെ വെല്ലുവിളിക്കുമ്പോള്‍

ഇന്ത്യന്‍ സമൂഹത്തെ പിന്നോട്ടു നടത്തണമെന്നോ നിശ്ചലമാക്കി നിറുത്തണമെന്നോ ആഗ്രഹിക്കുന്ന പിന്തിരിപ്പന്മാരുടെ എക്കാലത്തെയും സുവര്‍ണ്ണ ആയുധമാണ് പശുമേന്മ വാദം. മഹാഭാരതം പോലുള്ള ഇതിഹാസ ഗ്രന്ഥങ്ങള്‍ കമ്പോട് കമ്പ് വായിച്ചാല്‍ അവയിലെ എഴുപതു ശതമാനം ഭാഗങ്ങളും ബ്രാഹ്മണരെയും പശുക്കളെയും പറ്റിയുള്ള മഹത്വകല്പനകളും സ്തുതി വചനങ്ങളുമാണെന്നു കാണാം.

ഇന്ത്യയിലെ ഹിന്ദുക്കള്‍ പലതരം മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും ആരാധിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ പശുവിന് മാത്രം ഇത്രയധികം പ്രാധാന്യം വന്നതിന് പിന്നിലുള്ള കാരണം ആര്യാധിനിവേശത്തെയും ബ്രാഹ്മണരുടെ വംശീയമായ ശ്രേഷ്ഠതാ സങ്കല്പത്തെയും അത് നേരിട്ട് പ്രതിനിധാനം ചെയ്യുന്നതുകൊണ്ടാണെന്നു പറയാം. യൂറോപ്പില്‍ രാജാധിപത്യങ്ങള്‍ക്ക് മുകളില്‍ പൗരോഹിത്യം പിടിമുറുക്കിയത് പൊതുബോധമായി ഉറഞ്ഞുപോയ മതഭക്തിയുടെ ബലത്തിലാണ്. ഇതിന് സമാനമായി ഇന്ത്യയില്‍ ഉണ്ടായ അബ്രാഹ്മണ അധികാര വാഴ്ചകള്‍ക്കും മത-സാമൂഹിക-രാഷ്ട്രീയ വിപ്ലവങ്ങള്‍ക്കും മുകളില്‍ ബ്രാഹ്മണരുടെ ശ്രേഷ്ഠതയെ തുടര്‍ന്ന് സ്ഥാപിക്കാനുള്ള മിത്തോളജിയായിട്ടാണ് പശുഭക്തി നിലനില്‍ക്കുന്നത്.

അബ്രാഹ്മണരില്‍ നിന്നും ഉയര്‍ന്നു വന്ന മറാത്ത രാജാവായ ശിവജിയെ അഭിഷേകം ചെയ്യാന്‍ ബ്രാഹ്മണ പുരോഹിതര്‍ വിസമ്മതിച്ചപ്പോള്‍ കനത്ത കൈമടക്ക് കൊടുത്താണ് അദ്ദേഹം അതിനുള്ള ഏര്‍പ്പാട് തരപ്പെടുത്തിയത്. എങ്കിലും നിര്‍ണ്ണായക സമയത്ത് ബ്രാഹ്മണ പുരോഹിതന്‍ തന്റെ വാഗ്ദാനത്തില്‍ നിന്നും പിന്നോട്ടുപോയി അയാളുടെ ജാതിയുടെ വിശുദ്ധി കാത്തുസൂക്ഷിച്ചു. കേരളത്തിലെ അബ്രാഹ്മണ പദവിയിലുണ്ടായിരുന്ന രാജാക്കന്മാരാരെ ‘ശുദ്ധീകരിച്ചു’ എടുക്കാനുള്ള അനുഷ്ഠാനമായിരുന്നു ഹിരണ്യ ഗര്‍ഭം. ഇപ്രകാരം ബ്രാഹ്മണരുടെ ശ്രേഷ്ഠത ഉറപ്പിക്കാനും മറ്റുള്ള എല്ലാറ്റില്‍ നിന്നും തങ്ങള്‍ സ്വയം ശുദ്ധീകരിക്കപ്പെട്ടവരാണെന്നു പ്രഖ്യാപിക്കാനുമുള്ള ഉപാധിയായിട്ടാണ് പശുവിന്റെ സാന്നിദ്ധ്യം. പാല്, മൂത്രം, ചാണകം മുതലായവ ചരിത്രത്തിന് മുകളില്‍ സ്ഥാനം പിടിച്ചത്. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, ബ്രാഹ്മണരുടെ ജാതീയ പരമാധികാരം നിതാന്തമായി തുടരാന്‍ അനുവദിക്കുന്നതിനാലാണ് പശു ആരാധനയ്ക്ക് മാത്രം മറ്റുള്ളവയില്‍ കവിഞ്ഞുള്ള സ്ഥാനം കിട്ടുന്നത്. കേരളത്തിലെ ചട്ടമ്പിസ്വാമിയെ പോലുള്ള ശൂദ്ര സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ഇത്തരം കാര്യങ്ങളെ കണിശമയി തുറന്നു കാട്ടിയിട്ടുണ്ട്. എന്നാല്‍ മിത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തെ വേര്‍പെടുത്താന്‍ വിസമ്മതിച്ചവരായ ഇന്ത്യയിലെ ദേശീയ പ്രസ്ഥാന നേതാക്കന്മാരും ഗാന്ധിജി അടക്കമുള്ള സൈദ്ധാന്തികരും പശുഭക്തിക്ക് അനര്‍ഹമായ മഹത്വം കല്പിക്കുകയും അതിനു പിന്നിലെ വംശാധികാരത്തിന്റെ തുടര്‍ച്ചയെ പരോക്ഷമായി അംഗീകരിക്കുകയുമാണ് ഉണ്ടായത്.

സ്വാതന്ത്ര്യത്തിനു ശേഷം വര്‍ഷങ്ങളോളം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സിന്റെ സെക്കുലര്‍ ഗവണ്‍മെന്റുകളും വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങളും പശു ആരാധനയുടെ മറവിലുള്ള വംശീയതയുടെ കേന്ദ്രീകരണത്തെ തൊടാന്‍ പോലും ശ്രമിക്കുകയുണ്ടായില്ല. മാത്രമല്ല, പശുവിനെ സാംസ്‌കാരിക ചിഹ്നമായി പുനര്‍വിന്യസിച്ചുകൊണ്ടുള്ള സീരിയലുകളും മറ്റും പോപ്പുലര്‍ കള്‍ച്ചറിലൂടെ കുത്തിയൊഴുക്കുകയും ചെയ്തു. ഇങ്ങിനെ ഭക്തിയുടെ നിറവില്‍ അടിയുറപ്പിക്കപ്പെട്ട പശു ചിഹ്നത്തെ അപരര്‍ക്ക് എതിരായ പൊതുബോധമായും അക്രമണോത്സുകമായ രാഷ്ട്രീയ പ്രമേയവുമാക്കി മാറ്റുകയാണ് ഹിന്ദുത്വം ചെയ്തത്. ഒരു വശത്ത് ലിബറലുകളായി നടിക്കുകയും പഴയ കോണ്‍ഗ്രസ്സിന്റെ സ്ഥാനത്തേക്ക് ഉയരുന്ന ദേശീയ പാര്‍ട്ടിയാണെന്ന് മേനി പറയുകയും ചെയ്യുന്ന ബി.ജെ.പി നേതൃത്വം പശുവിന്റെ പേരിലുള്ള വിദ്വേഷരാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം.

ഗുജറാത്തിലെ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള ‘ദലിത് സ്വാഭിമാന പ്രസ്ഥാനം’ പശുവിന്റെ സ്ഥാനമഹിമയെ അംഗീകരിക്കാത്ത, പാരമ്പര്യതൊഴില്‍ ചെയ്യാന്‍ വിസമ്മതിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റമായതിനാല്‍ അതിന് സാമൂഹിക വിപ്ലവത്തിന്റെ തുടര്‍ച്ചയുണ്ട്. ഇവിടെ ഓര്‍ക്കേണ്ട കാര്യം, അംബേദ്ക്കറെ പോലുള്ളവര്‍ കുലത്തൊഴിലുകള്‍ ഉപേക്ഷിക്കണമെന്ന് പറഞ്ഞത് ദലിതരെ മാത്രം ഉദ്ദേശിച്ചിട്ടില്ലെന്നതാണ്. കുലപരമായി പൂജ ചെയ്യുന്ന ബ്രാഹ്മണരും, കച്ചവടം ചെയ്യുന്ന ബനിയായും, തലച്ചോറിനെ മാത്രം പ്രവര്‍ത്തിപ്പിക്കുന്ന വൈറ്റ്‌കോളര്‍ തൊഴിലാളിയും സമൂഹത്തെ നിശ്ചലമാക്കി മാറ്റുന്നുണ്ട്. കുലത്തൊഴില്‍ ചെയ്യില്ലെന്നു കീഴാളര്‍ പ്രതിജ്ഞയെടുക്കുമ്പോള്‍ അതിനു സമാന്തരമായി തങ്ങള്‍ ചെയ്യുന്ന കുലത്തൊഴിലുകളിലും അധഃപതനം നിലനില്ക്കുണ്ടെന്ന വസ്തുത സവര്‍ണ്ണ സമുദായങ്ങളിലുള്ളവരും തിരിച്ചറിയേണ്ടതാണ്. ഈ അഭാവം മൂലമാണ് ഊന പ്രക്ഷോഭണങ്ങളിലെ സാമൂഹിക വിപ്ലവത്തിന്റെ പ്രാധാന്യം കാണാതെ അതിലെ ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയ പ്രതിധ്വനികളെ പറ്റി മാത്രം പലരും വാചാലരാകുന്നത്.

സവര്‍ണ്ണ സാമൂഹിക പരിഷ്‌കര്‍ത്താവായ റാനഡേ സ്ഥാപിച്ച സോഷ്യല്‍ കോണ്‍ഫറന്‍സ് പ്രസ്ഥാനം കീഴാളരെ ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍ തിലകന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ റാഡിക്കലുകള്‍ അക്രമണപരമായി സോഷ്യല്‍ കോണ്‍ഫറന്‍സിനെ അമര്‍ച്ച ചെയ്യുകയും കീഴാളരും ദേശീയ പ്രസ്ഥാനവുമായിട്ടുള്ള ഭിന്നിപ്പിന് ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. അതേ തുടര്‍ച്ചയില്‍ തങ്ങളുടെ പ്രത്യയശാസ്ത്രപരവും സംഘടനാ പരവുമായ ദുശാഠ്യങ്ങളില്‍ കടിച്ചു തൂങ്ങുന്നവരായ ഇന്ത്യയിലെ ലിബറലുകളും ഇടതുപക്ഷവും ഒരു കാലത്തും സാമൂഹിക വിപ്ലവത്തിന് വെറും അടവ് എന്നതിനപ്പുറമുള്ള പ്രാധാന്യം കൊടുത്തിട്ടില്ല. അവരാണ് ഊന പ്രക്ഷോഭണത്തെ വെറും മോഡി വിരുദ്ധതയാക്കി ചുരുക്കുന്നത്.

ഇന്ത്യയില്‍ ഹിന്ദുത്വം അധികാരത്തിലേറിയതിന് പിന്നില്‍ കുത്തക മുതലാളിത്ത വളര്‍ച്ച, കോര്‍പ്പറേറ്റ് പ്രചരണ പരിപാടികള്‍, അടിത്തട്ടിനെ സമൂലമായി ബഹിഷ്‌കരിച്ചുകൊണ്ടുള്ള വികസന നടപടികള്‍, സൈനികവല്‍കരിച്ച ബ്യൂറോക്രാസി മുതലായവയുടെ സാന്നിദ്ധ്യമുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍ സ്വാതന്ത്ര്യത്തിനു ശേഷം അധികാരത്തിലേറിയ മതേതര ഭരണവര്‍ഗ്ഗം പുലര്‍ത്തിയ നയങ്ങളുടെ തുടര്‍ച്ചയും പൊതുസമ്മതിയും മാത്രമല്ല, പുതു മധ്യവര്‍ഗ്ഗത്തിന്റെ വമ്പിച്ച പിന്തുണയുമുണ്ടെന്നതിനെ വിസ്മരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള ദലിത് മുന്നേറ്റം മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളെയെങ്കിലും പൊതു മണ്ഡലത്തിലെത്തിച്ചു. ഇന്ത്യയുടെ സാമൂഹിക വിപ്ലവത്തിന്റെ ധാരയുള്‍ക്കൊള്ളുന്ന സമരങ്ങളില്‍ മാത്രമേ ഏറ്റവും അടിത്തട്ടിലെ ജനങ്ങളും മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങളും വലിയ തോതില്‍ അണിനിരക്കുകയുള്ളൂ എന്നതാണ് ഒന്നാമത്തേത്. രണ്ടാമതായി, ഇന്ത്യയിലെ ഹിന്ദുത്വമടക്കമുള്ള അധീശശക്തികള്‍ മുന്നോട്ടു വെയ്ക്കുന്ന വികസന നടപടികള്‍ ചില സമുദായങ്ങളെയും സാമൂഹിക വിഭാഗങ്ങളേയും ഒറ്റതിരിച്ചു ബഹിഷ്‌ക്കരിക്കുന്ന തരത്തിലുള്ളതാണ്. ഉദാഹരണമായി, ഗുജറാത്ത് ഗവണ്‍മെന്റ് സൗരാഷ്ട്ര-കച്ച് മേഖലകളില്‍ പട്ടേല്‍ സമുദായത്തിലെ അമ്പത്തയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് പന്ത്രണ്ട് ലക്ഷത്തോളം ഭൂമി പതിച്ചു നല്‍കിയപ്പോള്‍ തികച്ചും ഭൂരഹിതരായ ദലിതര്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരു സെന്റ് പോലും നല്‍കിയില്ല. ഏറ്റവും സുപ്രധാനമായ കാര്യം, മുസ്ലീംങ്ങളെ അപരവത്കരിച്ചും അവരെ മതപരമായി ധ്വംസിച്ചും ഉണ്ടാക്കിയ ഹിന്ദുത്വജ്വരത്തിന് വിള്ളല്‍ വീഴ്ത്തികൊണ്ട് ദലിത്-മുസ്ലീം ഐക്യമെന്ന രാഷ്ട്രീയ പരികല്പനയെ ചരിത്രത്തില്‍ നിന്നും വീണ്ടെടുത്തു എന്നതാണ്.

  • കാരാട്ട് വരുത്തിയ ”വിശുദ്ധ തെറ്റും” കനയ്യയുടെ തിരുത്തും

രോഹിത് വേമുലയുടെ മരണത്തോട് അനുബന്ധിച്ചുണ്ടായ പ്രക്ഷോഭണ ഘട്ടത്തില്‍ ജെ. എന്‍.യു വില്‍ വ്യത്യസ്തമായ തരത്തിലുള്ള ഭരണകൂട ഇടപെടലുണ്ടായി. എങ്കിലും അതില്‍ നിന്നും ഉരിത്തിരിഞ്ഞ മുദ്രാവാക്യം ‘നീല്‍ സലാം-ലാല്‍ സലാം’ എന്നായിരുന്നു. അത് പിന്നീട് ‘ലാല്‍സലാം നീല്‍സലാം’ എന്നായി. ഈ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ഫാഷിസത്തെ നേരിട്ട് അഭിമുഖീകരിക്കുന്നവരാണെന്നും അവരുടെ കൈകളാല്‍ ജനാധിപത്യം സംരക്ഷിക്കപ്പെടുകയുമാണെന്ന തത്വദര്‍ശനങ്ങളും ഉണ്ടായി. കെജ്‌രിവാളിന്റെ പ്രസ്ഥാനം ഡെല്‍ഹിയില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ അതില്‍ ഇന്ത്യയുടെ ഭാവി കണ്ടവര്‍ തന്നെയാണ് ലാല്‍സലാം- നീല്‍സലാം മുദ്രാവാക്യങ്ങളില്‍ ആവേശം പൂണ്ടെതെന്നതാണ് രസകരം.

ജിഗ്നേഷ് മേവാനി പരമ്പരാഗത ഇടതുപക്ഷവുമായി ചില വേദികള്‍ പങ്കിടുകയും അംബേദ്ക്കറിസത്തോടൊപ്പം സോഷ്യലിസവും തന്റെ ആദര്‍ശമാണെന്ന് പ്രഖ്യാപിക്കുകയും ഉണ്ടായി. ഇതിനെ മുന്‍നിറുത്തി ”സ്വത്വവാദത്തിന്റെ കെടുതികളില്‍” നിന്നും ദലിതരെ മോചിപ്പിച്ച് അവരുടെ സ്വാഭാവിക അഭയകേന്ദ്രമായ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് ബന്ധിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നാണ് ചിലര്‍ ആശ്വസിക്കുന്നത്. ഇതേ അവസരത്തില്‍ ബി.ജെ.പി ഭരണം ഫാഷിസമാണോ എന്നതിനെക്കുറിച്ച് പ്രകാശ് കാരാട്ട് നടത്തിയ ചില നിരീക്ഷണങ്ങള്‍ ഒരു ‘വിശുദ്ധ തെറ്റായി’ മാറുകയും കനയ്യകുമാര്‍ അദ്ദേഹത്തെ തിരുത്തുക മാത്രമല്ല, വല്ല ന്യൂയോര്‍ക്കിലും മറ്റും പോയി ജീവിച്ചുകൂടെ എന്നുഉപദേശിക്കുകയം ചെയ്തു.

_____________________________________
കമ്മ്യൂണിസ്റ്റുകള്‍ പൊതുവേ സാമൂഹിക വിപ്ലവം, നവോത്ഥാനം, ലിബറല്‍ ജനാധിപത്യം മുതലായവയെ വെറും അടവുപരമായ പ്രശ്‌നങ്ങളായിട്ടാണ് കാണുന്നത്. സോഷ്യലിസത്തോടും അവര്‍ക്കുള്ള സമീപനം അപ്രകാരം തന്നെയാണ്. അതുകൊണ്ടാണ് വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് അധികാരമുണ്ടായിരുന്ന ത്രിപുരയിലും ബംഗാളിലും കേരളത്തിലും കീഴാള വിഭാഗങ്ങള്‍ വീണ്ടും വീണ്ടും പിന്നണിയിലാകുമ്പോള്‍ മേലാളര്‍ എപ്പോഴും മുമ്പോട്ട് കുതിക്കുന്നവരാകുന്നത്. മാവോയിസത്തിന് വേരോട്ടമുള്ള സ്ഥലങ്ങളിലാവട്ടെ കീഴാളരുടെ സാമൂഹികമായ ചലനാത്മകത തന്നെ നശിപ്പിക്കപ്പെടുകയാണ്. വ്യവസ്ഥാപിത-റാഡിക്കല്‍ മാര്‍ക്‌സിസ്റ്റുകളില്‍ സോഷ്യലിസ്റ്റുകളും കീഴാളരുമുണ്ടെന്നത് ശരിയാണ്. എന്നാല്‍, അവരുടെ പ്രത്യയശാസ്ത്ര കാഴ്ചപ്പാടിലും പാര്‍ട്ടി അധികാരഘടനയിലും സോഷ്യലിസത്തിനും കീഴാളതയ്ക്കും സ്ഥാനമില്ലെന്ന വസ്തുത ജിഗ്നേഷ് മേവാനിക്കൊപ്പം എല്ലാവരും തിരിച്ചറിയുന്നുണ്ട്.
_____________________________________

കനയ്യകുമാറിനെ യെച്ചൂരിയും കൂട്ടരും സര്‍വ്വാത്മന പിന്തുണച്ചു. ഇടതുപക്ഷ മുന്‍കൈയ്യിലുണ്ടായ ഈ മൂന്നു സംവാദങ്ങളും വെറും പ്രഹസനം എന്ന നിലവിട്ട് ചില വസ്തുതകളുടെ ബഹിഷ്‌കരണത്തെയും അതിലൂടെ ഫാഷിസത്തെ തന്നെയും എങ്ങിനെയാണ് പുറം വാതിലിലൂടെ പുനരാനയിക്കുന്നതെന്നു സൂചിപ്പിക്കേണ്ടതിനാലാണ് അവയെപ്പറ്റിയും ഇവിടെ പറയേണ്ടി വരുന്നത്.
കനയ്യകുമാറിനെ പോലുള്ളവര്‍ ഇന്ത്യയുടെ രാഷ്ട്രീയ മാറ്റങ്ങളുടെ കേന്ദ്രം പരമ്പരാഗത മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനങ്ങളാണെന്നു വിശ്വസിക്കുന്നവരാണ്. റാഡിക്കല്‍ മാര്‍ക്‌സിസം അല്ലെങ്കില്‍ മാവോയിസമാണ് ഇതേ സ്ഥാനത്തുള്ളതെന്നു പ്രചാരണം നടത്തുന്നവരാണ് ഉമര്‍ഖാലിദും മറ്റും. പ്രത്യയ ശാസ്ത്ര അന്ധവിശ്വാസവും യാന്ത്രികവാദത്തിന്റെ അതിപ്രസരവും ഒഴിവാക്കിയാല്‍ ഇവരുടെ വാക്കുകളില്‍ വിശ്വസനീയമയി എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല. ലിബറല്‍ ഇടങ്ങളിലും വ്യവസ്ഥാപിത മാര്‍ക്‌സിസ്റ്റുകള്‍ക്കും സവര്‍ണ്ണ റാഡിക്കല്‍ മാവോയിസ്റ്റ് കേന്ദ്രങ്ങള്‍ക്കും ഒരേപോലെ സ്വീകാര്യമായ ലാല്‍സലാം-നീല്‍സലാം മുദ്രാവാക്യം എങ്ങിനെയാണ് ചില വിഭാഗങ്ങളെ സമര്‍ത്ഥമായി ബഹിഷ്‌കരിക്കുന്നതെന്നു നോക്കാം.

1950-ല്‍ ബോംബയിലെ കഫേ പരേഡില്‍ വെച്ച് ഡോ.ബി.ആര്‍ അംബേദ്ക്കറും മുല്‍ക്ക് രാജ് ആനന്ദുമായി ഒരു അഭിമുഖ സംഭാഷണം നടത്തുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാണഘട്ടത്തില്‍ ഹൈന്ദവപാരമ്പര്യവാദികളുമായി അംബേദ്ക്കര്‍ നടത്തിയ നിരന്തര സമരങ്ങളും ബുദ്ധിസത്തോടുള്ള താല്പര്യവുമടക്കം നിരവധി വിഷയങ്ങള്‍ ഈ ചര്‍ച്ചയില്‍ വരുന്നുണ്ട്.

ഇന്ത്യയുടെ സാമൂഹിക നീതിസങ്കല്‍പനവും ജനാധിപത്യ സംവിധാനങ്ങളും വികസിപ്പിക്കാന്‍ നിലവിലുള്ള ഭരണകൂടത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതിനുപരി ജനങ്ങള്‍ സമരം തുടരണമെന്നും സോഷ്യലിസ്റ്റുകള്‍ക്ക് നിര്‍ണായകത്വമുള്ള ഭരണവ്യവസ്ഥ സ്ഥാപിക്കപ്പെടണമെന്നും ഡോ. അംബേദ്ക്കര്‍ പറയുന്നു. ഇതിനുവേണ്ടി അണിനിരക്കേണ്ടവരായി അദ്ദേഹം കരുതുന്നത് ആദിവാസികള്‍, ദലിതര്‍, പിന്നാക്കക്കാര്‍, മുസ്ലീംങ്ങള്‍ മുതലായ സമുദായങ്ങളേയും ദരിദ്രകര്‍ഷകര്‍, തൊഴിലാളികള്‍ മുതലായ സാമൂഹിക ഗണങ്ങളെയുമാണ്. ഈ അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം വ്യക്തമായി പറയുന്ന ഒരു വാചകം ഇപ്രകാരമാണ്. ”സവര്‍ണ്ണ ഹിന്ദുക്കള്‍ പുറംജാതിക്കാരായി കാണുന്ന മുസ്ലീംങ്ങളെ നമ്മള്‍ ഉള്‍ക്കൊള്ളണം. അവരില്‍ വളരെ കുറച്ചുപേരൊഴിച്ചാല്‍ ബാക്കിയുള്ളവര്‍ ഭൂരഹിതരാണ്”
സൂഷ്മമായി നോക്കിയാല്‍, ”നാനാത്വത്തില്‍ ഏകത്വം” എന്ന ദേശീയ പ്രസ്ഥാനത്തിന്റെ പ്ലൂറലിസ്റ്റ് കാഴ്ചപ്പാടിനെ കൂടുതല്‍ ഉയര്‍ന്ന തലത്തിലുള്ള ”വൈവിദ്ധ്യങ്ങളുടെ സഹവര്‍ത്തിത്വം” എന്നു പുതുക്കുന്ന ഒരു പ്രോജക്ടാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നതെന്നു കാണാം. ഈ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് 1970-കളില്‍ ദളിത് പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്. അവ ബ്രാഹ്മണിസത്തെയും മുതലാളിത്തത്തെയും എതിര്‍ത്തതിനൊപ്പം ഇന്ത്യന്‍ ജനതയുടെ എണ്‍പത്തിയഞ്ച് ശതമാനം ജനങ്ങളെയും ഐക്യപ്പെടുത്തുക എന്ന കാഴ്ചപ്പാടും മുന്നോട്ടുവച്ചിട്ടുണ്ട്. 1980- കളുടെ മധ്യത്തിലുണ്ടായ കാന്‍ഷിറാം പ്രസ്ഥാനവും ‘ബഹുജന്‍’ എന്ന സങ്കല്പത്തിലൂടെ ഇന്ത്യയുടെ വൈവിദ്ധ്യങ്ങളെ സഹവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. അടിയന്തിരാവസ്ഥ, സംവരണ വിരുദ്ധ കലാപങ്ങള്‍, ദലിത്-മുസ്ലീം കൂട്ടക്കൊലകള്‍, സമ്പത്ത്-അധികാരം-പദവി എന്നി മേഖലകളില്‍ നിന്നും കീഴാളരെ ഒഴിച്ചു മാറ്റുന്ന ഭരണവര്‍ഗ്ഗ നടപടികള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് മേല്പറഞ്ഞ കീഴാള മുന്നേറ്റങ്ങള്‍ ഉണ്ടായതെന്ന് ഓര്‍ക്കണം. ചുരുക്കി പറഞ്ഞാല്‍, ”നീല്‍സലാം” എന്ന മുദ്രാവാക്യം വൈവിദ്ധ്യങ്ങളെയും കീഴാള-ന്യൂനപക്ഷ കര്‍തൃത്വത്തെയും പ്രതിനിധാനം ചെയ്യുമ്പോള്‍ ‘ലാല്‍സലാം” എന്ന മുദ്രാവാക്യം വര്‍ഗ്ഗ ഏകാധിപത്യത്തിനും പാര്‍ട്ടിസ്വേച്ഛാധിപത്യത്തിനും അപ്പുറം കടന്നിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് വരേണ്യമാര്‍ക്‌സിസത്തെ പുറംവാതിലിലൂടെ സംരക്ഷിക്കാനുള്ള സ്ഥിരം അനുഷ്ഠാന മുദ്രാവാക്യങ്ങളില്‍ ഒന്നുമാത്രമായി ഇതും മാറുന്നത്.

ജിഗ്നേഷ് മേവാനി വ്യവസ്ഥാപിത ഇടതുപക്ഷ കേന്ദ്രങ്ങളുമായി സംവദിക്കുന്നതോ അവരുമായി കൂടിച്ചേര്‍ന്നുള്ള സമരങ്ങളില്‍ ഏര്‍പ്പെടുന്നതോ വലിയ കുഴപ്പമായി തോന്നുന്നില്ല. എന്നാല്‍, ഇന്ത്യയിലെ സോഷ്യലിസത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ വ്യവസ്ഥാപിത-റാഡിക്കല്‍ മാര്‍ക്‌സിസ്റ്റുകളാണോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. കമ്മ്യൂണിസ്റ്റുകള്‍ പൊതുവേ സാമൂഹിക വിപ്ലവം, നവോത്ഥാനം, ലിബറല്‍ ജനാധിപത്യം മുതലായവയെ വെറും അടവുപരമായ പ്രശ്‌നങ്ങളായിട്ടാണ് കാണുന്നത്. സോഷ്യലിസത്തോടും അവര്‍ക്കുള്ള സമീപനം അപ്രകാരം തന്നെയാണ്. അതുകൊണ്ടാണ് വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് അധികാരമുണ്ടായിരുന്ന ത്രിപുരയിലും ബംഗാളിലും കേരളത്തിലും കീഴാള വിഭാഗങ്ങള്‍ വീണ്ടും വീണ്ടും പിന്നണിയിലാകുമ്പോള്‍ മേലാളര്‍ എപ്പോഴും മുമ്പോട്ട് കുതിക്കുന്നവരാകുന്നത്. മാവോയിസത്തിന് വേരോട്ടമുള്ള സ്ഥലങ്ങളിലാവട്ടെ കീഴാളരുടെ സാമൂഹികമായ ചലനാത്മകത തന്നെ നശിപ്പിക്കപ്പെടുകയാണ്. വ്യവസ്ഥാപിത-റാഡിക്കല്‍ മാര്‍ക്‌സിസ്റ്റുകളില്‍ സോഷ്യലിസ്റ്റുകളും കീഴാളരുമുണ്ടെന്നത് ശരിയാണ്. എന്നാല്‍, അവരുടെ പ്രത്യയശാസ്ത്ര കാഴ്ചപ്പാടിലും പാര്‍ട്ടി അധികാരഘടനയിലും സോഷ്യലിസത്തിനും കീഴാളതയ്ക്കും സ്ഥാനമില്ലെന്ന വസ്തുത ജിഗ്നേഷ് മേവാനിക്കൊപ്പം എല്ലാവരും തിരിച്ചറിയുന്നുണ്ട്.
______________________

കടപ്പാട് മാതൃഭൂമി വീക്കിലി

Top