തൃഷ്ണയുടെ ശ്മശാനം മുസ്ലീംങ്ങളോ ?

തൃശൂരില്‍ നടക്കാന്‍ പോകുന്ന രണ്ട് സമ്മേളനങ്ങളും ചെറായിയില്‍ നടന്നുകഴിഞ്ഞ മറ്റൊരു സമ്മേളനവും വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വത്തെ ആധാരമാക്കിയ ബഹുജന്‍ രാഷ്ട്രീയ സ്പിരിറ്റിനെ കൈവിട്ടിരിക്കുകയാണ്. ഇതിനുമുപരി, ദലിതരുടെയും പിന്നാക്കക്കാരുടെയും പേര് പറഞ്ഞ് മുസ്ലീങ്ങളെ പുറത്തുചാടിക്കാനുള്ള മനുഷ്യസംഗമ അജണ്ടയുടെ തുടര്‍ച്ചയാണ് ഇവയെന്ന വിമര്‍ശനം അത്യന്തം ഗൗരവമുള്ളതാണ്. എന്തുകൊണ്ടെന്നാല്‍; മനുഷ്യസംഗമത്തില്‍ വിളക്കിയെടുത്ത റാഡിക്കല്‍ ഉന്മാദ ആണത്തം മുസ്ലീമിന്റെ മതപരതയെയും സാമുദായികതയെയുമാണ് തങ്ങളുടെ കാമനകളുടെ ശ്മശാനമായി നിദര്‍ശിച്ചിട്ടുള്ളത്. വളരെ അന്തര്‍സ്ഥിതമായ ഇത്തരം വംശീയ കോഡുകളിലൂടെയും തൃഷ്ണാപരതകളിലൂടെയുമാണ് അപരരെ പുറന്തള്ളുക എന്ന പ്രക്രിയ നടക്കുന്നതെന്നതാണ് വസ്തുത. മനുഷ്യസംഗമവേദിയില്‍ ഇരട്ടനാവുകൊണ്ട് സംസാരിച്ച ദലിതര്‍ക്കും, സവര്‍ണ്ണ ഉപജാപത്തിനൊപ്പം നിന്ന മുസ്ലിംങ്ങള്‍ക്കും, ഇത് മനസ്സിലാവുക പ്രയാസമാണ്.

ഇന്ത്യയിലെ അബ്രാഹ്മണ ജനതയ്ക്ക് മേല്‍ ബ്രാഹ്മണരുടെ വംശീയമായ ശ്രേഷ്ഠതയെ ഉറപ്പിച്ചു നിര്‍ത്തുന്ന ‘ടാബു’ ആയിട്ടാണ് പശുവിന്റെ വിശുദ്ധ പദവി നിലനില്‍ക്കുന്നത്. ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ നടന്ന ഊന പ്രക്ഷോഭണം ഈ ടാബുവിനെ കളങ്കപ്പെടുത്തിയതിനൊപ്പം, ജാതിയുടെ സ്വയംഭരണത്തെ ശക്തിപ്പെടുത്തുന്ന കുലത്തൊഴിലുകളെ ഉപേക്ഷിക്കാനും ആഹ്വാനം ചെയ്യുകയുണ്ടായി. മാത്രമല്ല; ഗുജറാത്ത് പോലുള്ള മാതൃകാസംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ ചില സാമൂഹിക വിഭാഗങ്ങളെ ഒറ്റതിരിച്ചു പുറന്തള്ളുന്നതാണെന്ന വസ്തുതയും പുറത്തുകൊണ്ടുവന്നു. ഏറ്റവും പ്രധാനം, മുസ്ലീമിനെ പൊതുശത്രുവായി കല്പിച്ചു ഉണ്ടാക്കിയ ഹിന്ദുത്വജ്വരത്തിന് വിള്ളലേല്പിച്ചുകൊണ്ട്  ദലിത്-മുസ്ലീം അപര സാഹോദര്യമെന്ന രാഷ്ട്രീയ പരികല്പനയെ ചരിത്രത്തില്‍ നിന്നും വീണ്ടെടുത്തു എന്നതാണ്.
ഇന്ത്യയുടെ സാമൂഹിക വിപ്ലവചരിത്രത്തില്‍ തന്നെ അതീവ പ്രാധാന്യമുള്ളതാണ് മേല്പറഞ്ഞ കാര്യങ്ങള്‍. എന്നാല്‍, ജിഗ്നേഷ് മേലാവിയെ മുന്‍നിര്‍ത്തി കേരളത്തില്‍ ചിലര്‍ നടത്തുന്ന പ്രചാരണ പരിപാടികളില്‍ നിന്നും സാമൂഹിക വിപ്ലവം എന്ന സങ്കല്പനം തന്നെ ചോര്‍ന്നുപോയിരിക്കുന്നു എന്നതാണ് നിര്‍ഭാഗ്യകരം. അദ്ദേഹം ദളിതരുടെ ഭൂ ഉടമസ്ഥതയ്ക്ക് വേണ്ടി വാദിക്കുകയും ചില ഇടതുപക്ഷ വേദികളില്‍ പങ്കെടുക്കുകയും ചെയ്തതിലൂടെ ”സ്വത്വവാദത്തിന്റെ കെടുതികളില്‍” നിന്നും കീഴാളരെ മോചിപ്പിച്ച് അവരുടെ സ്വാഭാവിക അഭയകേന്ദ്രമായ ഇടത് ലിബറല്‍ പ്രസ്ഥാനങ്ങളിലേക്ക് തന്നെ തിരിച്ചേല്പിക്കുകയാണെന്ന ആശ്വാസമാണ് ഇക്കൂട്ടര്‍ പ്രകടിപ്പിക്കുന്നത്.
ദേശീയ വാദത്തിന്റെയും വര്‍ഗ്ഗവിപ്ലവത്തിന്റേയും പേര് പറഞ്ഞ് നിലനില്ക്കുന്ന പ്രസ്ഥാനങ്ങളുടെ ആധികാരികത സംശയിക്കപ്പെട്ട പുതിയ സാമൂഹിക പരിസ്ഥിതിയെയാണ് പലരും ‘സ്വത്വവാദം’ എന്നു വിളിക്കുന്നതെന്നു തോന്നുന്നു. ഏതായാലും ഈ വാദത്തിന്റെ കെടുതികള്‍ ആരംഭിച്ചപ്പോഴാണ് ദലിതരുടെയും മറ്റു പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെയും കീഴാള സ്ത്രീകളുടെയും സ്വരം ഉയര്‍ന്നുകേട്ടത്. അതിനുശേഷം മാത്രമാണ് ഏറ്റവും അടിത്തട്ടിലുള്ളവരുടെ ഭൂരാഹിത്യവും അവരെ കോളനികളില്‍ തളച്ചിട്ടതും അടക്കമുള്ള വിഷയങ്ങള്‍ പ്രശ്‌നമായത്. ഇതേ കാര്യത്തെ ചരിത്ര സ്മരണയാക്കാന്‍ വിസമ്മതിച്ചുകൊണ്ട് ചിലരുടെ നക്‌സല്‍ ഭൂതകാലാഭിരതികളും മാര്‍ക്‌സിസ്റ്റ് പിതൃസങ്കടങ്ങളും ചെലവാക്കാനുള്ള സുവര്‍ണ്ണാവസരമായിട്ടാണ് ലിഗ്നേഷ് മേലാവിയുടെ സാന്നിധ്യം ഉപയോഗപ്പെടുത്തുന്നതെന്നതാണ് വിചിത്രം.
ഞാനൊക്കെ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍, ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന ദലിത്‌സംഘടന തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് കാല്‍നടയായി നടത്തിയ ‘അവസരസമത്വ പ്രക്ഷോഭണ ജാഥ’യില്‍ പ്രധാനമായും അഞ്ച് ഡിമാന്റുകളാണ് കീഴാളരുടെ ഭൂഉടമസ്ഥതയെ കേന്ദ്രീകരിച്ച് ഉയര്‍ത്തിയത്. ‘കേരള മോഡല്‍ ഭൂപരിഷ്‌കരണം അറബിക്കടലില്‍’ ‘റോഡ്-തോട് പുറമ്പോക്ക് നിവാസികള്‍ അടക്കമുള്ള മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുന്ന സമഗ്രവും ശാസ്ത്രീയവുമായ ഭൂപരിഷ്‌കരണം നടപ്പിലാക്കുക’ ‘കോളനി-ലക്ഷംവീട് പദ്ധതികള്‍ അവസാനിപ്പിക്കുകയും അവിടെയുള്ള അധിക കുടുംബങ്ങളെ ഭൂമിയും പാര്‍പ്പിടവും നല്‍കി പുനരധിവസിപ്പിക്കുകയും ചെയ്യുക’, ‘ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുക’ ‘വന്‍കിട തോട്ടങ്ങളെ ഭൂപരിഷ്‌കരണ പരിധിയില്‍ കൊണ്ടുവരിക’ എന്നിവയായിരുന്നു ആ ഡിമാന്റുകള്‍.
വിവിധ ദലിത്; കീഴാള സംഘടനകളും ബുദ്ധിജീവികളും ഏറ്റെടുത്ത മേല്പറഞ്ഞ ഡിമാന്റുകള്‍ ആയിരക്കണക്കിന് ലഘുലേഖകളിലൂടെയും പൊതുസമ്മേളനങ്ങളിലൂടെയും പഠന-ഗവേഷണ പ്രബന്ധങ്ങളിലൂടെയും സ്ഥാപിക്കപ്പെടുകയായിരുന്നു. പിന്നീട് മുത്തങ്ങ മുതല്‍ ചെങ്ങറവരെയുളള വലിയ ഭൂസമരങ്ങളും അനേകം ചെറിയ ഭൂസമരങ്ങളും കീഴാളരില്‍ നിന്നുമുണ്ടായി. ഇന്നും കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഒട്ടേറെ ഭൂസമരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെയൊന്നും ചെലവാകാത്ത പിതൃസങ്കടങ്ങള്‍ക്ക് പുതിയതായി ഉണ്ടായ പ്രസക്തി എന്താണാവോ?
എണ്‍പതുകളോടെ കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ സമൂഹം രൂപപ്പെട്ടു. പഴയ ദേശീയവാദത്തിന്റെയും വര്‍ഗ്ഗസമരത്തിന്റെയും ആശയലോകങ്ങളില്‍ നിന്നും മാത്രമല്ല, പഴയ ജാതീയവാദങ്ങളില്‍ നിന്നും മതപരതയില്‍ നിന്നും കൂടി വേറിട്ടിട്ടാണ് ഈ രാഷ്ട്രീയ സമൂഹം വികസിച്ചത്. ഇതിന്റെ ഏറ്റവും നിര്‍ണ്ണായക ഭാഗവും ചാലകശക്തിയുമാണ് ദലിത്-പിന്നാക്ക-ന്യൂനപക്ഷ പ്രതിനിധാനങ്ങളും അവ ഉല്‍പ്പാദിപ്പിച്ച രാഷ്ട്രീയ; നൈതിക സങ്കല്പനങ്ങളും. ഇപ്രകാരം, വിമോചനാത്മകമായ അന്തര്‍ധാരകളുള്ള കീഴാള സാന്നിധ്യത്തെ കേവല സ്വത്വവാദമായും സാമൂഹികവും സാമ്പത്തികവുമായ അവകാശസമരങ്ങളെ പറ്റി കേട്ടറിവുപോലുമില്ലാത്ത ‘അപരിഷ്‌കൃതരുടെ’ ഭാവന വിലാസവുമായി ചിത്രീകരിക്കുന്നവര്‍ ആരാണ് ? തീര്‍ച്ചയായും, രാമരാജ്യത്തിന്റെയും വര്‍ഗ്ഗ വാഴ്ചയുടെയും രക്ഷകവേഷങ്ങള്‍ അഴിച്ചുമാറ്റി ഉന്മാദ ആണത്തത്തിന്റെ റാഡിക്കല്‍ പരിവേഷത്തോടെ രംഗത്ത് വന്നിരിക്കുന്ന ശാസ്ത്രീയ വംശീയ വാദികളായ കുറച്ചുപേരാണ് ഇക്കൂട്ടര്‍ എന്നു തിരിച്ചുപറയേണ്ടിയിരിക്കുന്നു.
ദേശരാഷ്ട്രം അരികുജനതകളെയും ന്യൂനപക്ഷങ്ങളെയും അപരരാക്കി മാറ്റിക്കൊണ്ട് അക്രമപരമായ പോലീസിംഗിലേയ്ക്ക് തിരിയുകയും, സവര്‍ണ്ണാധിപത്യത്തിനും പുരുഷാധിപത്യത്തിനും മുമ്പൊരിക്കലും സാധ്യമാകാത്ത വിധത്തിലുള്ള ‘സാര്‍വ്വത്രികത നാട്യം’ പുലര്‍ത്താന്‍ കഴിയുന്നതുമാണ് സമകാലീനാവസ്ഥ. ഈ ഘട്ടത്തില്‍, കീഴാളര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന അതിജീവന പാഠങ്ങളെയും പൊളിച്ചെഴുത്തുകളെയുമാണ്  ഇക്കൂട്ടര്‍ കേവലസ്വത്വവാദമെന്നു ആക്ഷേപിക്കുന്നതെന്നു ഓര്‍ക്കണം. മനുഷ്യസംഗമങ്ങള്‍ നടത്തുകയും, ഭൂതകാലത്തില്‍ ഉറച്ചുപോയ ചില ദലിത്‌നേതാക്കന്മാരെയും മുസ്ലിംങ്ങളെയും സ്ത്രീവാദികളെയും പൊക്കിക്കാട്ടിയാലൊന്നും ഇവര്‍ അന്തര്‍വഹിക്കുന്ന ശാസ്ത്രീയ വംശീയവാദത്തിന്റെ ദുര്‍സൂചനകള്‍ പൊഴിഞ്ഞുപോകില്ല.
തൃശൂരില്‍ നടക്കാന്‍ പോകുന്ന രണ്ട് സമ്മേളനങ്ങളും ചെറായിയില്‍ നടന്നുകഴിഞ്ഞ മറ്റൊരു സമ്മേളനവും വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വത്തെ ആധാരമാക്കിയ ബഹുജന്‍ രാഷ്ട്രീയ സ്പിരിറ്റിനെ കൈവിട്ടിരിക്കുകയാണ്. ഇതിനുമുപരി, ദലിതരുടെയും പിന്നാക്കക്കാരുടെയും പേര് പറഞ്ഞ് മുസ്ലീങ്ങളെ പുറത്തുചാടിക്കാനുള്ള മനുഷ്യസംഗമ അജണ്ടയുടെ തുടര്‍ച്ചയാണ് ഇവയെന്ന വിമര്‍ശനം അത്യന്തം ഗൗരവമുള്ളതാണ്. എന്തുകൊണ്ടെന്നാല്‍; മനുഷ്യസംഗമത്തില്‍  വിളക്കിയെടുത്ത റാഡിക്കല്‍  ഉന്മാദ ആണത്തം മുസ്ലീമിന്റെ മതപരതയെയും സാമുദായികതയെയുമാണ് തങ്ങളുടെ കാമനകളുടെ ശ്മശാനമായി നിദര്‍ശിച്ചിട്ടുള്ളത്. വളരെ അന്തര്‍സ്ഥിതമായ ഇത്തരം വംശീയ കോഡുകളിലൂടെയും തൃഷ്ണാപരതകളിലൂടെയുമാണ് അപരരെ പുറന്തള്ളുക എന്ന പ്രക്രിയ നടക്കുന്നതെന്നതാണ് വസ്തുത. മനുഷ്യസംഗമവേദിയില്‍ ഇരട്ടനാവുകൊണ്ട് സംസാരിച്ച ദലിതര്‍ക്കും, സവര്‍ണ്ണ ഉപജാപത്തിനൊപ്പം നിന്ന മുസ്ലിംങ്ങള്‍ക്കും, ഇത് മനസ്സിലാവുക പ്രയാസമാണ്.
_____________________________–
Top