ഗുജറാത്തി ദലിതര്‍ ഇരകളല്ല

ബീഫ്, പശുവിന്റെ തോലുരിയല്‍, വിഷം കൊടുത്തു കൊല്ലല്‍, കന്നുകാലിക്കടത്ത് തുടങ്ങിയ പേരില്‍ ആക്രമിക്കപ്പെടുന്നത് ദലിതരും മുസ്‌ലിംകളുമാണ്. ബീഫ് സൂക്ഷിച്ചു എന്ന പേരില്‍ മുഹമ്മദ് അഖ്‌ലാഖ് കൊലചെയ്യപ്പെട്ടിട്ട് ഒരുവര്‍ഷം തികയാന്‍ പോവുന്നു. 2002ല്‍ ഹരിയാനയില്‍ അഞ്ച് ദലിതര്‍ പശുത്തോലുരിച്ചു എന്ന പേരില്‍ കൊലചെയ്യപ്പെട്ടതും ശവശരീരങ്ങള്‍ വികലമാക്കപ്പെട്ടതും ഉള്‍പ്പെടെ എത്രയോ സംഭവങ്ങള്‍. മോദി ഭരണത്തിനും എത്രയോ മുമ്പ് ഹിന്ദുത്വരാഷ്ട്രീയം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ ഹിംസകള്‍ക്ക് അറുതിവരുത്താനുള്ള ഒരു ശ്രമമാണ് ഇന്ന് ഉയര്‍ന്നുവരുന്നത്. ജാതികളാല്‍ വിഭജിക്കപ്പെട്ടതിനാല്‍ ഒരൊറ്റ ഹിന്ദുസമുദായത്തെ വിഭാവനം ചെയ്യുക എന്നത് സംഘപരിവാര ശക്തികളുടെ എക്കാലത്തെയും പ്രതിസന്ധിയായിരുന്നു. അന്ന് ഒരു പ്രഹരമായിരുന്ന മണ്ഡല്‍ വ്യവഹാരങ്ങള്‍ക്കുശേഷം ഇപ്പോള്‍ ഈ ഹിന്ദു ജാതിവ്യവസ്ഥയില്‍ ഉദ്ഗ്രഥിക്കപ്പെടാന്‍ മടിക്കുന്ന ദലിതര്‍ ആ പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുന്നു.

ഗുജറാത്തിലെ ദലിത് പ്രക്ഷോഭം ജാതിയെക്കുറിച്ചുള്ള പൊതുവ്യവഹാരങ്ങളുടെ ദിശയെ മാറ്റിത്തീര്‍ത്തു. മുഖ്യധാരാ മാധ്യമങ്ങള്‍ കൂടുതലും ജാതിയാല്‍ പീഡിപ്പിക്കപ്പെടുന്ന ദലിതരെ ഒരു സഹതാപവീക്ഷണത്തോടെ സമീപിക്കാന്‍ ശ്രമിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പലയിടങ്ങളിലായി നടക്കുന്ന ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ മല്‍സരിച്ച് റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ജാതീയ വിവേചനത്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ട, ബലാല്‍സംഗം ചെയ്യപ്പെട്ട ദലിതരുടെ മരക്കൊമ്പുകളില്‍ കെട്ടിത്തൂക്കപ്പെട്ട മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രദര്‍ശനവസ്തുക്കളാവുന്നതും ഒരു പതിവാണ്. ‘പീഡിപ്പിക്കപ്പെടുന്ന’ ദലിത് ശരീരങ്ങള്‍ സിനിമകളിലും പുരോഗമന പ്രേക്ഷകരുടെ മനസ്സലിയിക്കുന്ന കാഴ്ചയാണ്. ഈ ഇരകളുടെ ഒരു വ്യവഹാരത്തില്‍നിന്ന് സാമൂഹികപദവിയെ മാറ്റിത്തീര്‍ക്കുന്ന ഇടപാടുകള്‍ നടത്തുന്നവരായി, കര്‍തൃത്വം ഉള്ളവരായി പൊതുവ്യവഹാരങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട് ഗുജറാത്ത് ദലിത് പ്രക്ഷോഭം. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു എന്ന് എഴുതിക്കൊണ്ടിരുന്നിടത്ത് ദലിത് പ്രക്ഷോഭം ശക്തമാവുന്നു എന്ന് എഴുതേണ്ടിവരുന്നു.

ആഗസ്ത് അഞ്ചിന് അഹ്മദാബാദില്‍നിന്ന് ആരംഭിച്ച ഗുജറാത്തിലെ ദലിതരുടെ ആസാദി കൂന്‍ എന്ന സ്വാതന്ത്ര്യ മാര്‍ച്ച് ആഗസ്ത് 15ന് ഉനയില്‍ സമാപിക്കും. ഈ നിലയ്ക്ക് വന്‍തോതിലുള്ള ദലിത് രാഷ്ട്രീയ ഇടപെടലുകളാണ് ഗുജറാത്തില്‍ നടക്കുന്നത്. പശുത്തോലുരിഞ്ഞു എന്ന ആരോപണത്തിന്റെ പേരില്‍ ഒരു ദലിത് കുടുംബത്തിലെ നാലുപേരെ ഗോസംരക്ഷക ഹിന്ദുത്വസംഘം അര്‍ധനഗ്നരാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് പ്രക്ഷോഭം ശക്തമായത്. ഈ സംഭവത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തവര്‍പോലും വിചാരിച്ചിട്ടുണ്ടാവില്ല ശക്തമായ പ്രക്ഷോഭങ്ങളുണ്ടാവാന്‍ പോവുകയാണെന്നും ഇരകളുടെ പ്രതീകങ്ങളുടെ സ്ഥാനത്ത് കര്‍തൃത്വം ഉള്ള ദലിതരുടെ പ്രതീകങ്ങള്‍ സ്ഥാപിക്കപ്പെടുമെന്നും. ഉന ദലിത് അത്യാചാര്‍ ലടത്ത് സമിതി എന്ന പ്രസ്ഥാനവും ജിഗ്‌നേഷ് മേവാനിയെ പോലെയുള്ള നേതാക്കളും ഉയര്‍ന്നുവന്നത് ദലിതരെ കുറിച്ചുള്ള പൊതുവ്യവഹാരത്തെ തന്നെ ഉലച്ചു. ഗാന്ധിയുടെ ഗുജറാത്ത്, മോദിയുടെ ഗുജറാത്ത് എന്ന പ്രയോഗങ്ങള്‍ ധാരാളം ഉണ്ടാവാറുണ്ട്. എന്നാല്‍, ഇപ്പോള്‍ ഗുജറാത്തിലെ ദലിതരുടെ രാഷ്ട്രീയ ദൃശ്യത ഗുജറാത്തിനെക്കുറിച്ചുള്ള സങ്കല്‍പങ്ങളെ തന്നെ മാറ്റുന്നുണ്ട്.

ജാതീയമായി കല്‍പിക്കപ്പെട്ട ചത്ത പശുക്കളെയും മറ്റും നീക്കം ചെയ്യുന്ന ജോലികള്‍ ചെയ്യില്ലെന്ന് ദലിതര്‍ പറഞ്ഞു. അതിന്റെ ഭാഗമായി ചത്ത പശുക്കളെ ഓഫിസുകളില്‍ കൊണ്ടിട്ടുകൊണ്ടുള്ള പ്രതിഷേധവും നടന്നു. കുലത്തൊഴില്‍ എന്ന പേരില്‍ ചാര്‍ത്തപ്പെടുന്ന തൊഴിലിന്റെ യുക്തിയെ തന്നെ തിരിച്ചിടുകയായിരുന്നു ഈ സമരത്തില്‍. ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ നടന്ന സമരരൂപത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ട ചിത്രങ്ങളെക്കുറിച്ച് ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. ചത്ത പശുക്കളുടെ ശരീരങ്ങളുടെ ദയനീയമായ ക്ലോസപ്പുകളെ കുറിച്ച് എന്താണു പറയേണ്ടതെന്ന് അറിയില്ലായിരുന്നു. മൃഗങ്ങളുടെ അവകാശത്തെ സംബന്ധിച്ച രാഷ്ട്രീയത്തെ ദലിത് രാഷ്ട്രീയത്തിന് നേര്‍വിപരീതമായി പ്രതിഷ്ഠിക്കുന്നതിനു പകരം അവയ്ക്ക് ഒരു ദലിത് പരിപ്രേക്ഷ്യം സാധ്യമാണെന്നു കരുതുന്നു. ഒപ്പം ‘മനുഷ്യ’രാഷ്ട്രീയത്തിന്റെ അതിരുകളെ ലംഘിക്കുന്ന ചില കാര്യങ്ങളെ അഭിസംബോധന ചെയ്യേണ്ടതുമുണ്ട്. അവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ദലിത് ബഹുജന്‍ ജീവിതങ്ങളിലാവണം മൃഗങ്ങള്‍ക്ക് കൂടുതല്‍ സ്ഥാനമുള്ളത്.

ഗുജറാത്തില്‍ ഇപ്പോള്‍ ഈ സമരത്തിലൂടെ ഉയര്‍ന്നുവരുന്ന രാഷ്ട്രീയ ഐഡന്റിറ്റികളുടെ രൂപീകരണവും ചില ഐഡന്റിറ്റികളില്‍ ഉണ്ടാക്കുന്ന വിള്ളലുകളും സഖ്യങ്ങളും എല്ലാം മുന്നോട്ടുവയ്ക്കുന്ന വ്യവഹാരങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഒന്നാണ് അവര്‍ വിഭാവനം ചെയ്യുന്ന ഏകശിലാരൂപത്തിലുള്ള ഹിന്ദു എന്ന സമുദായസങ്കല്‍പത്തില്‍ ഉണ്ടായ വിള്ളല്‍. 2002ലെ മുസ്‌ലിംവിരുദ്ധ വംശീയകലാപത്തിലൂടെ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ച ഈ ശുദ്ധ സമുദായഗണത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളുടെ ദൗര്‍ബല്യം ഈ ദലിത് മുന്നേറ്റം തുറന്നുകാണിച്ചു. ഗുജറാത്തില്‍ മുസ്‌ലിം സമുദായങ്ങള്‍ക്കിടയിലുള്ള വ്യത്യസ്തതകളെയെല്ലാം മായ്ച്ചുകൊണ്ട് ഏകശിലാരൂപത്തിലുള്ള മുസ്‌ലിം എന്ന ഒരു ശത്രുവിനെ നിര്‍മിച്ചുകൊണ്ട് മറച്ചുവയ്ക്കാന്‍ ശ്രമിച്ച ഹിന്ദു ജാതിവ്യവസ്ഥയിലെ ജാതിഹിംസയുടെ ഉള്ള് ദലിതര്‍ തുറന്നുകാണിച്ചു. ഹിന്ദുസമുദായത്തില്‍നിന്നു ഭിന്നമായ ഒരു സ്വതന്ത്ര അസ്തിത്വമുള്ള സമുദായമായി ഗുജറാത്തിലെ ദലിതര്‍ ദൃശ്യത നേടുന്നു. എല്ലാകാലത്തും ഹിന്ദു ദേശീയവാദികള്‍ ‘മുസ്‌ലിം, പാകിസ്താന്‍’ തുടങ്ങിയ ശത്രുക്കളെ ജാതിവ്യവസ്ഥയുടെ ഹിംസയെ മറയ്ക്കാന്‍ ഉപയോഗിച്ചിരുന്നു. വംശഹത്യ നേരിട്ട മുസ്‌ലിംകള്‍ ദലിതരുടെ ഈ ശക്തമായ പ്രക്ഷോഭത്തോട് സഖ്യം ഉണ്ടാക്കുന്ന കാഴ്ച വളരെ ശ്രദ്ധേയമാണ്.

ചമര്‍ എന്ന ജാതിയില്‍പ്പെട്ടവരാണ് പ്രധാനമായും ഈ പുതിയ ദലിത് മുന്നേറ്റത്തെ ഉയര്‍ത്തിക്കൊണ്ടുവന്നത്. വ്യത്യസ്ത തൊഴിലുകള്‍ ചെയ്തിരുന്ന ചമറുകളുടെ എല്ലാ തൊഴില്‍പരമായ വൈവിധ്യങ്ങളെയും മായ്ച്ചുകൊണ്ട് തോല്‍പ്പണിക്കാര്‍ എന്ന നിലയിലുള്ള ഒരു വാര്‍പ്പുമാതൃക ഉണ്ടാക്കിയത് അധീശ കൊളോണിയല്‍/ദേശീയവാദ വ്യവഹാരങ്ങളാണെന്ന് രാംനാരായണ്‍ എസ് രാവത്, ചമര്‍ സമുദായത്തെക്കുറിച്ചുള്ള പഠനത്തില്‍ പറയുന്നുണ്ട്. ഗോരക്ഷിണി സഭകളുടെ ആദ്യകാല വ്യവഹാരങ്ങള്‍ തൊട്ട് മുസ്‌ലിംകളോടൊപ്പം ചമറുകളും ശത്രുക്കളായി പരിഗണിക്കപ്പെട്ടിരുന്നു. 1880കളില്‍ ഗോസംരക്ഷണ രാഷ്ട്രീയം ശക്തമായിരുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഈദ് വേളയില്‍ പശുക്കളുടെ ബലി നടന്നിരുന്നു എന്ന കാരണത്താല്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായ ആക്രമണങ്ങള്‍ നടന്നിരുന്നതുപോലെ തന്നെ ചമറുകള്‍ക്കെതിരേയുള്ള പ്രധാന ആരോപണം അവര്‍ വിഷം വച്ച് പശുക്കളെ കൊല്ലുന്നു എന്നതായിരുന്നു. ഗോരക്ഷിണി സഭകള്‍ പ്രത്യക്ഷമായി തന്നെ ചമറുകള്‍ക്കെതിരേ പ്രമേയങ്ങള്‍ പാസാക്കിയിരുന്നു. ചമറുകള്‍ പശുക്കളെ കൊല്ലുന്നവരാണെന്നും അവര്‍ക്ക്  പശുക്കളെ വില്‍ക്കരുതെന്നുമായിരുന്നു പ്രധാനമായും പ്രമേയങ്ങള്‍. ആ സമയത്തെ ഗോസംരക്ഷണ രാഷ്ട്രീയത്തിന്റെ വികാസവും ഹിന്ദു-മുസ്‌ലിം വിഭാഗീയതയുടെ വളര്‍ച്ചയും വളരെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഗ്യാനേന്ദ്ര പാണ്ഡേയുടെ ഉള്‍പ്പെടെയുള്ള പഠനങ്ങളുണ്ട്. രാംനാരായന്‍ റാവത്തിന്റെ പുസ്തകത്തില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത് ഐക്യപ്പെട്ട ഹിന്ദുസമുദായം ഒരേപോലെ മുസ്‌ലിംകള്‍ക്കും ചമറുകള്‍ക്കും മറ്റു ദലിതര്‍ക്കും എതിരായിരുന്നു എന്നാണ്. പാണ്ഡേ നിരീക്ഷിക്കുന്നതുപോലെ ഹിന്ദു വ്യവസ്ഥയിലേക്കു ചമറുകളെ ഉള്‍ചേര്‍ക്കുകയായിരുന്നു ഗോസംരക്ഷകരുടെ ആക്രമണങ്ങളുടെ ലക്ഷ്യം.

ഈ ഒരു ആക്രമണത്തിന്റെ രീതി തുടര്‍ന്നുവരുന്നതായി കാണുന്നു. മിക്ക സമയത്തും ബീഫ്, പശുവിന്റെ തോലുരിയല്‍, വിഷം കൊടുത്തു കൊല്ലല്‍, കന്നുകാലിക്കടത്ത് തുടങ്ങിയ പേരില്‍ ആക്രമിക്കപ്പെടുന്നത് ദലിതരും മുസ്‌ലിംകളുമാണ്. ബീഫ് സൂക്ഷിച്ചു എന്ന പേരില്‍ മുഹമ്മദ് അഖ്‌ലാഖ് കൊലചെയ്യപ്പെട്ടിട്ട് ഒരുവര്‍ഷം തികയാന്‍ പോവുന്നു. 2002ല്‍ ഹരിയാനയില്‍ അഞ്ച് ദലിതര്‍ പശുത്തോലുരിച്ചു എന്ന പേരില്‍ കൊലചെയ്യപ്പെട്ടതും ശവശരീരങ്ങള്‍ വികലമാക്കപ്പെട്ടതും ഉള്‍പ്പെടെ എത്രയോ സംഭവങ്ങള്‍. മോദി ഭരണത്തിനും എത്രയോ മുമ്പ് ഹിന്ദുത്വരാഷ്ട്രീയം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ ഹിംസകള്‍ക്ക് അറുതിവരുത്താനുള്ള ഒരു ശ്രമമാണ് ഇന്ന് ഉയര്‍ന്നുവരുന്നത്. ജാതികളാല്‍ വിഭജിക്കപ്പെട്ടതിനാല്‍ ഒരൊറ്റ ഹിന്ദുസമുദായത്തെ വിഭാവനം ചെയ്യുക എന്നത് സംഘപരിവാര ശക്തികളുടെ എക്കാലത്തെയും പ്രതിസന്ധിയായിരുന്നു. അന്ന് ഒരു പ്രഹരമായിരുന്ന മണ്ഡല്‍ വ്യവഹാരങ്ങള്‍ക്കുശേഷം ഇപ്പോള്‍ ഈ ഹിന്ദു ജാതിവ്യവസ്ഥയില്‍ ഉദ്ഗ്രഥിക്കപ്പെടാന്‍ മടിക്കുന്ന ദലിതര്‍ ആ പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുന്നു.
___________________

Top