മനുഷ്യനന്മകളെ ചിത്രീകരിക്കുന്ന നോവലുകള്‍

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ നിരൂപണങ്ങള്‍.
പുസ്തകം- രാഷ്ട്രീയവും പാരിസ്ഥിതികവും സാമൂഹികവുമായ ആശയങ്ങളെ തന്റെ സാഹിത്യരചനകളിലൂടെ സമൂഹത്തിന്റെ വിശാലമായ ചർച്ചയ്ക്ക് വയ്ക്കുന്ന എഴുത്തുകാരനാണ് പി. സുരേന്ദ്രൻ. പ്രത്യയശാസ്ത്രപരമായ ചർച്ചകളെയും ചിന്തകളെയും ആവിഷ്‌കരിക്കുന്ന കഥകളുടെ സമാഹാരമായ രാഷ്ട്രീയകഥകളിലും ആത്മഹത്യയുടെ സാമൂഹികവശങ്ങൾ ചർച്ച ചെയ്യുന്ന നോവൽ
പുസ്തകം- 101 ഇസ്ലാം കഥകള്‍, 101 കഥകളാണ് ഈ പുസ്തകത്തിൽ മുഹമ്മദ് ശമീം ഉമരി അവതരിപ്പിക്കുന്നത്. നന്മയുടെ കഥകളാണ് ഈ പുസ്തകത്തിന്റെ എടുത്തു പറയാവുന്ന ഒരു പ്രത്യേകതയായി പറയാവുന്നത്. ഇരുട്ടിലാണ്ടു കിടക്കുന്ന മാനവ സമൂഹത്തിന് ഒരു ദിശാബോധം പകരുക എന്നൊരു ഉദ്ദേശ്യം കൂടി ഗ്രന്ഥകർത്താവ് പുസ്തക രചനയിലൂടെ ഉദ്ദേശിച്ചു കാണണം.
പുസ്തകം-ചിരിയിലൂടെ ചികിത്സ, ആഹ്ലാദത്തിന്റെയും ചിരിയുടെയും ലോകം കൂടിയാണ് ആശുപത്രികള്‍. ദു:ഖത്തിന്റെയും വേദനയുടേയും മാത്രമല്ല നര്‍മ്മത്തിന്റെ മേമ്പൊടി കലര്‍ന്ന ഒരുപാടു സംഭവങ്ങളും അവിടെ നിരന്തരം ഉണ്ടാകുന്നുണ്ട്. ഇത്തരം നര്‍മ്മങ്ങള്‍ തൃശൂര്‍ ഭാഷയില്‍ അവതരിപ്പിക്കുയാണ് ചിരിയിലൂടെ ചികിത്സ എന്ന പുസ്തകത്തിലൂടെ ഡോ. ജിമ്മി മാത്യു.

മനുഷ്യനന്മകളെ ചിത്രീകരിക്കുന്ന നോവലുകള്‍
രാഷ്ട്രീയവും പാരിസ്ഥിതികവും സാമൂഹികവുമായ ആശയങ്ങളെ തന്റെ സാഹിത്യരചനകളിലൂടെ സമൂഹത്തിന്റെ വിശാലമായ ചർച്ചയ്ക്ക് വയ്ക്കുന്ന എഴുത്തുകാരനാണ് പി. സുരേന്ദ്രന്‍. പ്രത്യയശാസ്ത്രപരമായ ചർച്ചകളെയും ചിന്തകളെയും ആവിഷ്‌കരിക്കുന്ന കഥകളുടെ സമാഹാരമായ രാഷ്ട്രീയകഥകളിലും ആത്മഹത്യയുടെ സാമൂഹികവശങ്ങൾ ചർച്ച ചെയ്യുന്ന നോവൽ ശൂന്യമനുഷ്യരിലും ഒക്കെ ഇതു വളരെ പ്രകടമായി വായിക്കാവുന്നതാണ്. അതേപോലെയാണ് മഹായാനം, സാമൂഹ്യപാഠം, മായാപുരാണം. കാവേരിയുടെ പുരുഷൻ, ജൈവം എന്നീ അഞ്ചു നോവലുകളുടെ സമാഹാരമായ ‘പി സുരേന്ദ്രന്റെ 5 നോവലുകൾ’ എന്ന പുസ്തകവും. പ്രത്യയശാസ്ത്രപരമായ മതിലുകൾക്കപ്പുറം മനുഷ്യനന്മകളെത്തേടുന്ന ഒരു തൂലികയിൽനിന്നും രൂപംകൊണ്ട അഞ്ച് മികച്ച രചനകൾ, മാറുന്ന കാലത്തിന്റെ വായനയ്ക്കായി ഒറ്റപ്പുസ്തകമായി ലഭിക്കുകയാണ് പി സുരേന്ദ്രന്റെ 5 നോവലുകളിൽ.

ഒന്നും സൂക്ഷിക്കാനുള്ള അവകാശം മനുഷ്യനില്ല, പ്രകൃതി ചോദിക്കുമ്പോൾ എല്ലാം തിരികെ കൊടുക്കണം എ്ന്ന പാരിസ്ഥിതിക ദർശനത്തെ ഉയർത്തിക്കാട്ടുന്ന മഹായാനം ഹരിതരാഷ്ട്രീയത്തെ വളരെക്കാലം മുമ്പുതന്നെ മലയാളികൾക്കുമുന്നിൽ ആവിഷ്‌കരിച്ച നോവലാണ്. നക്‌സലിസത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട ഈ നോവൽ തോക്ക് പച്ചയിലേക്ക് വലിച്ചെറിയുമ്പോൾ മാത്രമെ വിശ്രാന്തിയും വിവേകവുമുള്ളൊരു വിമോചനം രൂപപ്പെടുകയുള്ളു എന്ന് വ്യക്തമാക്കുന്നു. ഇപ്പോൾ ഈ ആഖ്യായികയുടെ ചലച്ചിത്രഭാഷ്യം തയ്യാറാകുന്നുമുണ്ട്. ഒട്ടേറെ തലങ്ങളിലുള്ള വായനയ്ക്ക് സാധ്യതനൽകുന്ന നോവലാണ് സാമൂഹ്യപാഠം, വിലക്കുകളോ അതിരുകളോ ഇല്ലാതെ, പ്രകൃതിയുടെ ഭാഷ സംസാരിച്ച് സ്വച്ഛന്ദമായ ജീവിതം നയിക്കുന്നവരുടെ ഇടയിലേക്ക് ആധുനികമെന്ന് സങ്കല്പിക്കുന്ന സ്‌കൂൾ വിദ്യാഭ്യാസം കടന്നുവരുന്നതാണ് നോവലിന്റെ പശ്ചാത്തലം. എന്നാൽ വിദ്യാഭ്യാസത്തെക്കുറിച്ചല്ല ഈ നോവൽ.
ഫാഷിസം ഗ്രസിക്കുന്ന സമൂഹങ്ങളെക്കുറിച്ചുള്ള ആകുലതയാണ് ഈ നോവൽ പ്രകടിപ്പിക്കുന്നത്. ഒരു നോവൽ ത്രയമെന്ന നിലയിൽ വായിക്കാവുന്ന രചനകളാണ് മായാപുരാണവും കാവേരിയുടെ നേരും ജൈവവും . സാംസ്‌കാരികവും സാമൂഹികവുമായ അധിനിവേശങ്ങൾക്കെല്ലാമപ്പുറം കാർഷികമായ അധിനിവേശത്തെ ചിത്രീകരിക്കുന്ന മായാപുരാണം സമകാലികസമൂഹത്തിൽ ഏറെ പ്രസക്തമാണ്. ജൈവികമായ തുരുത്തുകളെ പ്രതിനിധീകരിക്കുന്ന കാവേരിയുടെ പുരുഷൻ, നക്‌സലിസത്തിനുശേഷമുള്ള കേരളത്തിലെ ചിത്രങ്ങൾ വരയ്ക്കുന്ന ജൈവം എന്നിവ ഹരിതരാഷ്ട്രീയത്തിന്റെ വ്യത്യസ്തമുഖങ്ങൾ ആഖ്യാനം ചെയ്യുന്നു.

മലയാളത്തിലെ ഏറ്റവും ശക്തമായ പാരിസ്ഥിതിക സാഹിത്യകൃതികളെടുത്താൽ അതിൽ അഗ്രഗണ്യം എന്നുതന്നെ പറയാവുന്ന ഒരു സമാഹാരമാണ് പി സുരേന്ദ്രന്റെ 5 നോവലുകൾ. ഭൂമിയ്ക്കും മനുഷ്യസമൂഹത്തിനും ഏറ്റവും നിർണ്ണായകമായ ഈ കാലത്ത് വിപ്ലവം സാധ്യമാക്കേണ്ടത് ഹരിതാഭയിലൂടെയാണ് എന്ന ദർശനം ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്നു.

പുസ്തകം: പി. സുരേന്ദ്രന്റെ 5 നോവലുകൾ
ഗ്രന്ഥകാരൻ: പി. സുരേന്ദ്രൻ
വിഭാഗം: നോവൽ
പേജ്:292
വില : 160

ഐഎസ്ബിഎൻ 978-81-264-2586-0
പ്രസാധകർ ഡി സി ബുക്‌സ്

_____________________________________________

101 ഇസ്ലാം കഥകള്‍

മുഹമ്മദ് ശമീം ഉമരി

നമ്മുടെയൊക്കെ ജീവിതത്തില്‍ നന്മയുടെ നറുവെളിച്ചം പകരുന്ന 101 കഥകളാണ് ഈ പുസ്തകത്തിൽ മുഹമ്മദ് ശമീം ഉമരി അവതരിപ്പിക്കുന്നത്. നന്മയുടെ കഥകളാണ് ഈ പുസ്തകത്തിന്റെ എടുത്തു പറയാവുന്ന ഒരു പ്രത്യേകതയായി പറയാവുന്നത്. ഇരുട്ടിലാണ്ടു കിടക്കുന്ന മാനവ സമൂഹത്തിന് ഒരു ദിശാബോധം പകരുക എന്നൊരു ഉദ്ദേശ്യം കൂടി ഗ്രന്ഥകർത്താവ് പുസ്തക രചനയിലൂടെ ഉദ്ദേശിച്ചു കാണണം.

മനുഷ്യത്വം, സ്‌നേഹം, സഹിഷ്ണുത, കാരുണ്യം, സമാധാനം, സത്യസന്ധത, വിശ്വസ്തത, നീതി, ധീരത, സൗഹാര്ദ്ദം തുടങ്ങിയ സൽസ്വഭാവങ്ങളുടെയും സുശീല ങ്ങളുടേയും കഥകളാണ് ഇവയെല്ലാം തന്നെ. ഒരു സമൂഹത്തിനെ നേർവഴിയിലേക്ക് നയിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് മാതൃകാജീവിതം നയിക്കാനുതകുന്ന കഥകൾ അവർക്കു നല്കിയാൽ അതവർക്ക് ഭാവിയിൽ ഗുണം ചെയ്യുകതന്നെ ചെയ്യും.

മുഹമ്മദ് നബിയുടെ അനുചരന്മാർ, ഖലീഫമാർ, ഇമാമുകൾ, നീതിമാന്മാരായ ഭരണാധികാരികൾ, പണ്ഡിതന്മാർ, പുണ്യവാന്മാർ എന്നിവരുടെ ജീവിതത്തില് നിന്നുള്ള മാതൃകാ സംഭവങ്ങളും 101 ഇസ്ലാം കഥകളിലുണ്ട്.  കുട്ടികൾക്കുപോലും വായിച്ചു പോകത്തക്കവിധമുള്ള ലളിതമായ ആഖ്യാനമാണ് പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത.

പുസ്തകം: 101 ഇസ്ലാം കഥകൾ
എഴുത്തുകാരൻ :  മുഹമ്മദ് ശമീം ഉമരി
വിഭാഗം –  കഥകൾ
പേജ് –  112
വില –  90 

ഐ.എസ്.ബി.എൻ 978 81  264  6618  4
പബ്ലിഷർ –  ഡി സി ബുക്‌സ്

_____________________________________________________

ചിരിയിലൂടെ ചികിത്സ 
ആഹ്ലാദത്തിന്റെയും ചിരിയുടെയും ലോകം കൂടിയാണ് ആശുപത്രികള്‍. ദു:ഖത്തിന്റെയും വേദനയുടേയും മാത്രമല്ല നര്‍മ്മത്തിന്റെ മേമ്പൊടി കലര്‍ന്ന ഒരുപാടു സംഭവങ്ങളും അവിടെ നിരന്തരം ഉണ്ടാകുന്നുണ്ട്. ഇത്തരം നര്‍മ്മങ്ങള്‍ തൃശൂര്‍ ഭാഷയില്‍ അവതരിപ്പിക്കുയാണ് ചിരിയിലൂടെ ചികിത്സ എന്ന പുസ്തകത്തിലൂടെ ഡോ. ജിമ്മി മാത്യു. തന്റെ ഔദ്യോഗിക ജീവിതത്തില്‍ സാക്ഷ്യം വഹിച്ചിട്ടുള്ള രസകരമായ ചില കാര്യങ്ങളില്‍ അല്പം ഭാവന കലര്‍ത്തി നര്‍മ്മമധുരമായി പറയുകയാണ് അദ്ദേഹം. ഊറിച്ചിരിപ്പിക്കുന്നതും എന്നാല്‍ പിന്നീട് ചിന്തിപ്പിക്കുന്നതുമായ 20 കുറിപ്പുകളാണ് ഈ സമാഹാരത്തിലുള്ളത്.
ചെറിയൊരു സ്ഥലമാണ് തോളൂര്‍. ചുരുങ്ങിയ കാലംകൊണ്ട് അവിടത്തെ പലരുമായും പെട്ടെന്ന് പരിചയമായി. റാഫേലച്ചനെ അങ്ങനെയാണ് പരിചയപ്പെട്ടത്. തൊട്ടടുത്തുള്ള പള്ളിവികാരിയാണ്. പത്തമ്പത്തഞ്ചു വയസ്സായ ഒരു പരമസാത്വികനായിരുന്നു അദ്ദേഹം. അത്യാവശ്യം പ്രഷറും ഷുഗറും ഒക്കെയുണ്ട്. ഇടയ്ക്കിടെ പ്രഷര്‍ നോക്കാനും ചില്ലറ ആരോഗ്യപ്രശ്‌നങ്ങളായും അച്ചന്‍ ഇടയ്ക്കിടെ കയറിവരും. അച്ചന് ധാരാളം സംശയങ്ങളും കാണും. നമ്മള്‍ എന്തുപറഞ്ഞാലും അക്ഷരം പ്രതി അനുസരിക്കും.
”ഡോക്ടര്‍ ഈ വെണ്ടയ്ക്ക കഴിച്ചാല്‍ കുഴപ്പമുണ്ടോ? കൊളസ്‌ട്രോള്‍ കൂടുമെന്നു പറയുന്നു.”
”വെണ്ടയ്ക്കയ്ക്ക് അങ്ങനെ എന്റെ അറിവിലില്ല. ആരാ പറഞ്ഞത്?”
”ഡോക്ടര്‍ക്കു മുമ്പുണ്ടായിരുന്ന ശിവന്‍കുട്ടി ഡോക്ടര്‍ പറഞ്ഞതാ. അഞ്ചാറുവര്‍ഷംമുമ്പ്. പിന്നെ ഞാന്‍ വെണ്ടയ്ക്ക ഇതുവരെ കഴിച്ചിട്ടേയില്ല.”
ഞാന്‍ ചിരിയടക്കാന്‍ പാടുപെട്ടു. എന്റെ ഏഴുവര്‍ഷം സീനിയറായിരുന്ന ശിവന്‍കുട്ടി പഠിക്കുന്ന കാലത്ത് വലിയ ഒരു തമാശക്കാരനായിരുന്നു എന്നു കേട്ടിട്ടുണ്ട്.
”ങ്ങാ, വെണ്ടയ്ക്ക ഉപേക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ല. വേറേ പച്ചക്കറികള്‍ കഴിച്ചാല്‍മതി.” ഞാന്‍ പറഞ്ഞു. അച്ചനു സമാധാനമായി.
”ഈ ഹമാമാണോ പിയേഴ്‌സ് സോപ്പാണോ നല്ലത്?” അച്ചന്‍ ചോദിച്ചു.
”പിയേഴ്‌സ് മതി.” ഞാന്‍ പറഞ്ഞു. ഇങ്ങനെ പറയുന്നതാണ് നല്ലത്. അല്ലെങ്കില്‍ വിശദീകരണങ്ങള്‍ പറഞ്ഞ് നമ്മുടെ തൊണ്ടയിലെ വെള്ളം വറ്റും.
”ഓക്കെ എന്നാ ശരി.” അച്ചന്‍ പോയി.
പിന്നൊരിക്കല്‍ അച്ചന്‍ വന്നു. കൈ കവിളത്തുവെച്ച് മുഖം വാടിയാണ് വരവ്. പല്ലുവേദനയാണ്. ഞാന്‍ ആലോചിച്ചു. പ്രമോദിന്റെ അടുത്തേക്കു വിടാനല്ലാതെ വേറൊരു വഴിയുമില്ല. പല്ല് പറിക്കേണ്ടി വന്നേക്കും.
പല്ലിന്റെ ചികിത്സ ദന്തഡോക്ടര്‍മാരുടെ കുത്തകയായിട്ട് ഒരു നൂറ്റാണ്ടായി. നമുക്ക് അതിനെപ്പറ്റി വലിയ അറിവൊന്നുമില്ല. മാത്രമല്ല അതിനു പ്രത്യേക ഉപകരണങ്ങള്‍ ഒക്കെ വേണം. നാട്ടില്‍ ആകെയുള്ളത്
പ്രമോദിന്റെ ക്ലിനിക്കാണ്. പ്രമോദ് ആ നാട്ടില്‍ വന്ന് ദന്തചികിത്സ തുടങ്ങിയിട്ട് നാലഞ്ചു മാസമേ ആയിരുന്നുള്ളൂ. ഈയിടെയായി പല്ലിന്റെ പ്രശ്‌നങ്ങള്‍ ഉള്ള പലരെയും പ്രമോദിന്റെ അടുത്തേക്കാണ് വിട്ടത്.
ഈ പ്രമോദ് തമാശപ്രിയനും ഒന്നിനും ഒരു ഗൗരവം കല്പിക്കാത്ത ഒരു ബഹളക്കാരനും ആയിട്ടാണ് അദ്ദേഹത്തെ രണ്ടുമൂന്നു പ്രാവശ്യം കണ്ടപ്പോള്‍ എനിക്കു തോന്നിയിട്ടുള്ളത്. പക്ഷേ, പ്രമോദിന്റെ അടുത്തുവിട്ട രോഗികളൊക്കെ വളരെ സന്തോഷത്തോടെ ചിരിച്ചുകളിച്ചാണ് വന്നിട്ടുള്ളത്. പല്ലുപറിച്ചതിനുശേഷം ഒരുത്തന്‍ വന്നുപറഞ്ഞു:
”മ്മടെ ദന്തിസ്റ്റ് ഒരു അടിപൊളി ഗഡീണ്. ഹിഹിഹി ബെസ്റ്റ് പാര്‍ട്ടീണ് ചുള്ളന്‍.”
എത്ര ചോദിച്ചിട്ടും വേറേ വിശദീകരണമൊന്നുമില്ല. എന്തായാലും അച്ചനെ പ്രമോദിന്റെ അടുത്തേക്കു പറഞ്ഞുവിട്ടു. പിറ്റേദിവസം വന്നപ്പോള്‍ അതാ വാര്‍ഡിന്റെ മൂലയിലുള്ള കട്ടിലില്‍ അച്ചന്‍ വിഷണ്ണനായി കിടക്കുന്നു. തലയില്‍ ഒരു കെട്ടുണ്ട്. മേല്‍ച്ചുണ്ട് പൊട്ടി വീര്‍ത്തിട്ടുണ്ട്. പല്ലുവേദന അണപ്പല്ലിനായിരുന്നുവെങ്കിലും മുമ്പിലെ ഒരു പല്ലും കാണാനില്ല. മുഖത്ത് മൊത്തം നീരുണ്ട്. ഞാന്‍ ഓടിച്ചെന്നു.
”എന്താ? എന്തുപറ്റിയച്ചോ?”
”ഇന്നലെ ദോക്തര്‍ പ്രമോദിനടുത്തേക്കു വിത്തില്ലേ?” ചുണ്ടുപൊട്ടിയതിനാല്‍ സംസാരത്തിന് അവ്യക്തതയുണ്ട്.
”അതേ, എന്നിട്ട്?”
”വേദനയുള്ള പല്ല് പറിക്കണമെന്നു പറഞ്ഞു.
”എന്നിട്ട്?”
”എന്നിട്ടെന്താ? പറിച്ചു.”
”അല്ല, ഇതൊക്കെ?” ഞാന്‍ അച്ചന്റെ മുറിവുകളിലേക്കു നോക്കി.
”പല്ലുപറിച്ചതിനുശേഷം ഡോക്ടര്‍ പറഞ്ഞു സെന്‍ട്രല്‍ ഹോട്ടലിലെ കൗണ്ടറിലേക്കുപോകാന്‍.”
”ങ്ങേ?” ഞാന്‍ അന്തംവിട്ടു.
”മൂന്ന് ലാര്‍ജ് വൈറ്റ് മിസ്ചീഫ് കുടിക്കണം എന്നു പറഞ്ഞു.”
”എന്നിട്ടച്ചന്‍ പോയോ ളോഹയുമിട്ടോണ്ട്?”
ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.
”പിന്നേ ഡോക്ടര്‍ പറഞ്ഞതല്ലേ? സത്യം പറയാമല്ലോ. ക്രിസ്ത്യാനിയാെണങ്കിലും ഞാന്‍ ഇന്നലെവരെ ഒരുതുള്ളിപോലും കഴിച്ചിട്ടില്ല.” ”എന്നിട്ട്?”
”കൊണ്ടുവന്ന മൂന്നെണ്ണവും ഒറ്റയടിക്കു കുടിച്ചു. ഭയങ്കര പാടായിരുന്നു. വൃത്തികെട്ട ടേസ്റ്റ്. എന്നാലും കഴിച്ചു.”
ഞാന്‍ സ്തബ്ധനായി കേട്ടിരുന്നു.
”തിരിച്ചുനടന്ന് പടി ഇറങ്ങാറായപ്പോഴേക്കും ഒരു തലകറക്കം. എന്താണെന്നറിയില്ല. പടിയുടെ മുകളില്‍നിന്ന് മുഖമടിച്ച് ഒറ്റവീഴ്ച. പിന്നെ ഒന്നും ഓര്‍മ്മയില്ല.”
പിന്നെ ഞാന്‍ ഡോക്ടര്‍ പ്രമോദിനെ കണ്ടപ്പോള്‍ ചോദിച്ചു:
”പ്രമോദേ, മൂന്നുവേണ്ട. ഒന്നുപോരേ? സത്യത്തില്‍?”

Book: CHIRIYILUDE CHIKITSA
Author: DR JIMMI MATHEW
Category: HUMOUR
Number of pages: 120
PRICE: 100
ISBN : 9788126464913
പബ്ലിഷർ –  ഡി സി ബുക്‌സ്
___________________________________________________ 

Top