ജനായത്തത്തിനും പ്രാതിനിധ്യത്തിനും എതിരായ പട്ടീദാരന്മാരുടെ പടയോട്ടം

സാമൂഹ്യ നീതിക്കും ജനായത്തത്തിനും മതേതര ആധുനിക നാഗരിക സംസ്‌കാരത്തിനുമെതിരായ പാഷണ്ഡമതത്തിന്റെ ഹിംസാത്മകമായ സംസ്‌കാര ദേശീയവാദ പ്രതിവിപ്ലവമാണിത്. നീതിക്കും മാനവികതയ്ക്കും കാലത്തിനും നിരക്കാത്ത ഈ ഫാഷിസ്റ്റ് പടപ്പുറപ്പാടിനെ ജനങ്ങള്‍ ഗൗരവത്തോടെ അടിയന്തിരമായി തിരിച്ചറിയേണ്ടതുണ്ട്. ബഹുജനങ്ങള്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും തങ്ങളുടെ സംസ്‌കാര ചരിത്രവും രാഷ്ട്രീയ പ്രതിരോധ പാരമ്പര്യങ്ങളും വീണ്ടെടുക്കുകയും ഇന്ത്യയുടെ ഭരണഘടനയുടെ അന്തസ്സും യശസ്സും പ്രാഥമികമാക്കി നീതിക്കുവേണ്ടിയുള്ള സമാധാനപരമായ സാംസ്‌കാരിക രാഷ്ട്രീയ സമരം സജീവമാക്കുകയും അതിലൂടെ ഹിന്ദുത്വ സമഗ്രാധിപത്യത്തെ ഫലപ്രദമായി ചെറുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

ഹൈന്ദവവും ബ്രാഹ്മണികവുമായ ദേശീയവാദം അഖണ്ഡഭാരതവും ഉരുക്കുഭാരതവും കോടിക്കണക്കിനു ടണ്‍ കോണ്‍ക്രീറ്റിലും സ്റ്റീലിലുമുള്ള പട്ടേലപ്രതിമയും മുന്നോട്ടുവയ്ക്കുമ്പോള്‍, അധിനിവേശ ആധുനികതയുടെ വിമോചന സന്ദര്‍ഭത്തില്‍ സാമൂഹ്യ ജനായത്തത്തിന്റേയും പ്രാതിനിധ്യത്തിന്റേയും സാമൂഹ്യ നീതിയുടേയും നൈതികമായ വിമോചന രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുവന്നതും വികസിപ്പിച്ചതും ഫൂലേയും അംബേദ്കറും നാരായണഗുരുവും അടങ്ങുന്ന അടിത്തട്ടിലുള്ള ദലിത ബഹുജന അവര്‍ണ പ്രസ്ഥാനങ്ങളാണ്. ഈ അടിത്തട്ടില്‍ നിന്നുള്ള ജനായത്ത പ്രസ്ഥാനങ്ങളുടെ ദശകങ്ങള്‍ നീണ്ട സമരങ്ങളുടെ ഫലമാണ് ഇന്ത്യയിലെ സാമൂഹ്യ നീതി സംവിധാനവും മാനവിക മതേതര സംസ്‌കാരവും. സഹോദരന്‍ 1940 കളില്‍ തന്നെ പാടിയ പോലെ ഭാവിഭാരതം നന്ദിതിങ്ങുന്ന ഹൃദയത്തോടെ ശരണമന്ത്രമായി വിളിക്കുന്ന അംബേദ്കറെന്ന തൊട്ടുകൂടാത്തവനാണ് ഇന്ത്യയുടെ നൈതികമായ ആ സാമൂഹ്യക്രമവും കരാറും സാധ്യമാക്കിയത്. മനുവിന്റെ തികച്ചും ബ്രാഹ്മണികവും ചാതുര്‍വര്‍ണ്യപരവുമായ ഹിന്ദുനിയമാവലിയെ അദ്ദേഹം ആധുനികവും നൈതികവുമായ ഭരണഘടനയിലൂടെ മാറ്റിയെഴുതി. തന്റെ സാമൂഹ്യ ജനായത്ത സങ്കല്‍പവും ഉള്‍ക്കൊള്ളലിന്റെ നൈതിക ചിന്തയും പാശ്ചാത്യ ആധുനികതയില്‍ നിന്നു മാത്രമല്ല ബുദ്ധന്‍ 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ സാധ്യമാക്കിയ ജനായത്ത ഗണങ്ങളുടെ സംഘങ്ങളില്‍ നിന്നുകൂടിയാണു താന്‍ വികസിപ്പിക്കുന്നതെന്നും ബാബാസാഹേബ് വ്യക്തമാക്കിയിട്ടുണ്ട്. സാധ്യതയുടെ നൈതികമായ കലയായി നവബുദ്ധന്‍ ഇന്ത്യയുടെ ജനായത്ത രാഷ്ട്രീയത്തെ വികസിപ്പിച്ചു. ഭരണഘടന നിലവില്‍ വരുന്ന തൊള്ളായിരത്തി അമ്പതുകള്‍ക്ക് ദശകങ്ങള്‍ക്കു മുമ്പു തന്നെ കേരളം, മദ്രാസ്, ബറോഡ, കോല്‍ഹാപ്പൂര്‍ എന്നിവയടക്കമുള്ള ഇന്ത്യയിലെ പല നാട്ടുരാജ്യങ്ങളിലും സാമൂഹ്യ പ്രാതിനിധ്യം അധികാരപങ്കാളിത്തത്തിന്റെ തലത്തില്‍ സാമുദായിക സംവരണത്തിലൂടെ സാധ്യമായിരുന്നു. മലയാളി മെമോറിയല്‍ മുതല്‍ നിവര്‍ത്തന പ്രക്ഷോഭം വരെയുള്ള പ്രാതിനിധ്യ സമരങ്ങളുടെ കേരള ചരിത്രം നമുക്കറിവുള്ളതാണ്.
ജാതിഹിന്ദുക്കളായ സവര്‍ണരും അവരുടെ ദേശീയവാദ ബ്രാഹ്മണിക നേതാക്കളും സംഘടനകളും ആദ്യകാലം മുതല്‍ സംവരണത്തിനെതിരേ മുറവിളി ഉയര്‍ത്തിയിട്ടുണ്ട്. അമ്പതുവര്‍ഷത്തോളം സാമൂദായിക സംവരണത്തെ എതിര്‍ത്തവര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങളേക്കൂടി സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന പുതിയ വിചിത്ര വാദവുമായി രംഗത്തു വന്നിരിക്കുന്നു. ജനായത്ത വ്യവസ്ഥയെ പുറത്തുനിന്നും അക്രമിച്ചില്ലാതാക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉള്ളില്‍ കയറിയില്ലാതാക്കുക എന്ന പഴയ അഗമ്യഗമന തന്ത്രമാണിത്. ജന്മനാടായ ഇന്ത്യയില്‍ നിന്നും ബുദ്ധിസത്തെ ബ്രാഹ്മണിസം ഇല്ലാതാക്കിയത് ഉള്ളില്‍ നുഴഞ്ഞുകയറി ആശയക്കുഴപ്പമുണ്ടാക്കി പിളര്‍ത്തി വിഴുങ്ങുന്ന ഈ മായാന തന്ത്രത്തിലൂടെയാണ്. വടക്കേയിന്ത്യയില്‍ ഗുജ്ജറുകളും ജാട്ടുകളും ഇപ്പോള്‍ പട്ടീദാരന്മാരെന്ന പട്ടേലുകളും പട്ടികജാതികളിലും പിന്നോക്കജാതികളിലും തങ്ങളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെടുന്ന ഭൗതികയാഥാര്‍ഥ്യങ്ങള്‍ക്കും സാമൂഹ്യ ചരിത്രത്തിനും നിരക്കാത്ത കിരാതമായ ജാതിലഹളയിലാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സംവരണത്തിനെതിരേ ദില്ലിയിലെ എയിംസില്‍ നടന്ന കുബേര ഹൈടെക്ക് സമരങ്ങളും അതിനു മുമ്പ് 1990 കളില്‍ മണ്ഡല്‍ വിരുദ്ധ സമരങ്ങളിലും തീയാട്ടങ്ങളിലും പടയണികളിലും സാമൂഹ്യ പ്രാതിനിധ്യത്തിന്റെ നൈതിക പ്രത്യയശാസ്ത്രത്തിനെതിരേ ഉറഞ്ഞുതുള്ളി തീയില്‍ ചാടിയ വരേണ്യവംശീയദേശീയവാദികളാണ് ഇപ്പോള്‍ തങ്ങളും പിന്നോക്കക്കാരാണെന്നു പറഞ്ഞു വരുന്നത്. തികച്ചും ചരിത്രവിരുദ്ധവും വര്‍ത്തമാന വിഭവവിതരണങ്ങള്‍ക്കു വിരുദ്ധവുമാണ് ഈ അസംബന്ധവാദം. കാരണം ഗുജറാത്തിലെ പരമ്പരാഗത ഭൂവുടമകളും വന്‍കിട കര്‍ഷകമുതലാളിമാരും കാര്‍ഷിക വ്യാവസായിക ഭീമന്മാരും രത്‌നവ്യാപാരികളും അമേരിക്കയടക്കമുള്ള പ്രവാസലോകങ്ങളെ കൈപ്പിടിയിലൊതുക്കിയ വിദേശവണിക്കുകയും ഡോളര്‍മുതലാളിമാരുമാണ് പട്ടേലന്മാരെന്ന പട്ടീദാരന്മാര്‍. പാശ്ചാത്യ മൂലധനാസ്തികളും ഡോളര്‍ ക്രയവിക്രയ ശേഷിയും തങ്ങളുടെ ഭാഷാസ്വത്വരൂപീകരണത്തിലേക്കു കോപ്പുകൂട്ടിയ പാദജരായിരുന്നു പട്ടേലുകള്‍.
പത്തൊമ്പതാം നൂറ്റാണ്ടുവരെ വര്‍ണാശ്രമധര്‍മ വ്യവസ്ഥയില്‍ ശൂദ്രപദവിയായിരുന്നു കുമ്പികള്‍ക്കും കോലികള്‍ക്കും. ഇവരാണു പിന്നീടു പട്ടേലന്മാരും രജപുത്രരുമായത്. കൊളോണിയല്‍ ബ്രിട്ടീഷ് കാര്‍ഷികനയങ്ങളെ പ്രയോജനപ്പെടുത്തി കുമ്പികള്‍ ഭൂവിഭവശേഷിയും സംസ്‌കൃതവല്‍ക്കരണത്തിലൂടെ ക്രമേണ വൈശ്യപദവിയും നേടി പട്ടേലെന്ന പുതിയ ജാതിനാമവും എടുത്തണിഞ്ഞു. പടജനങ്ങളില്‍ നിന്നും കോലികള്‍ ക്ഷത്രിയപദവിയിലേക്കും വര്‍ണാശ്രമധര്‍മത്തിന്റെ പടവുകള്‍ കയറി. മറവക്കുപ്പിണികള്‍ മുറജപവും ഹിരണ്യഗര്‍ഭവും നടത്തി ബ്രാഹ്മണര്‍ക്കു പൊന്നുംപണവും മൂക്കുമുട്ടെ കൊടുത്ത് തിരുവിതാംകൂറിലെ ”ക്ഷത്രിയ” രാജാക്കന്മാരായതു പോലെയുള്ള ഒരു വര്‍ണാശ്രമധര്‍മ ചരിതമാണിത്.

________________________________
ചണ്ടാളരുടെ തലയെണ്ണി അവരെ ഹിന്ദുക്കളായി പേരില്‍ നിലനിര്‍ത്തി വേണം ഈ കപട ഭൂരിപക്ഷരാജ്യം ന്യൂനപക്ഷങ്ങളില്‍ നിന്നും അയല്‍പക്കക്കാരില്‍ നിന്നും സംരക്ഷിക്കാന്‍. ചണ്ടാളരുടെ സ്വതന്ത്രാസ്തിത്വത്തിനെതിരേ മരണം വരെ നിരാഹാരം കിടക്കാനും പൂനാപ്പട്ടിണി നടത്താനും പരമപിതാക്കന്മാരും പുത്രന്മാരും ദേശീയനേതാക്കളും ദണ്ഡനീതിയുടെ നീണ്ടയാത്രകള്‍ തന്നെ നടത്തുന്ന അശ്വമേധത്തിന്റേയും നരമേധത്തിന്റേയും പരമപവിത്രമായ രാമരാജ്യമാണിത്. രാമചരിത മാനസത്തിന്റെ മള്‍ടിമീഡിയ പതിപ്പുകള്‍ നരേന്ദ്രമോദി പുറത്തിറക്കി കഴിഞ്ഞു. രാമന്റെ രാജ്യത്തായിരുന്നെങ്കില്‍ ശംബൂകന്റെ ഗതിയാകും തനിക്കുണ്ടാവുകയെന്നും അതു കൊണ്ടു നമുക്കു സന്യാസം തന്ന നമ്മുടെ ഗുരുക്കന്മാര്‍ ഇംഗ്ലീഷുകാരാണെന്നും അവര്‍ ഒന്നാം ലോകയുദ്ധത്തില്‍ ജയിക്കാന്‍ നാം പ്രാര്‍ഥിക്കണമെന്നും പറഞ്ഞ നാരായണഗുരുവിനെ കേരളീയര്‍ മറന്നുകൂട.
________________________________ 

നവക്ഷത്രിയന്മാരായി ഹൈന്ദവനായകരായി മാറിയ കുപ്പിണികളും പടയാളിഗോത്രവുമായ രജപുത്രരെന്ന രണശൂരന്മാരുടെ പാട്ടക്കാരായിരുന്നു പാട്ടീദാരന്മാര്‍ പലയിടങ്ങളിലും. രജപുത്രരായി മാറിയ കോലികള്‍ പടവെട്ടിപ്പിടിക്കുന്ന ഭൂമിയിലെ കരവൊഴിവായി കൃഷിനടത്തുന്ന കാണക്കാരായിരുന്നു അവര്‍. ഗുജറാത്തിലെ ഭൂമിയും കൃഷിയും വ്യവസായവും അവരുടെ കുത്തകയായിരുന്നു. 1950 കളുടെ തുടക്കത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ നിയമവെളിച്ചത്തില്‍ നടന്ന ഭൂപരിഷ്‌കരണത്തിലൂടെ അവര്‍ക്കെല്ലാം ഭൂമിയുടെ നിയമപരമായ ഉടമസ്ഥതയും കരഗതമായി. അതായത് ചുരുങ്ങിയത് കഴിഞ്ഞ ഒരുനൂറ്റാണ്ടായി കാണക്കാരും ഭൂവുടമകളും മൂലധനസ്വാമിമാരുമാണവരെന്നു ചുരുക്കം. രത്‌നവ്യപാരം ഒന്നിടിഞ്ഞപ്പോള്‍ അവരിതാ പ്രാന്തീകൃതരായ ദലിതബഹുജനങ്ങളുടെ നൈതികവും ഭരണഘടനാപരവുമായ രാഷ്ട്രീയാധികാര വിഹിതത്തില്‍ കൈയ്യിട്ടുവാരാനായുന്നു.
സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയ്ക്കു നല്‍കുന്ന ഭരണഘടനാ പരിരക്ഷയാണ് സംവരണം. ചരിത്രവിഹിതങ്ങള്‍ നിഷേധിക്കപ്പെട്ട ജനതയ്ക്കുള്ള നൈതിക സംരക്ഷണമാണത്. തികച്ചും ശാസ്ത്രീയവും ഭൗതികവുമായ സാമൂഹ്യ വികസന മാനകങ്ങളുപയോഗിച്ചാണ് ഇന്ത്യയില്‍ സാമൂഹ്യ പിന്നോക്കാവസ്ഥയെ വിലയിരുത്തുന്നത്. ഇന്ത്യയിലെ സംവരണതത്വങ്ങള്‍ സാമൂഹ്യനീതി ചിന്തയിലൂന്നിയതും നിയമപരവും ഭരണഘടനാപരവുമാണ്. അപനിര്‍മിക്കാനും ചോദ്യം ചെയ്യാനുമാവാത്ത നീതിയുടെ സാമൂഹ്യ ജനായത്ത പ്രയോഗമാണത്. യു. എസിലേയും മറ്റും അഫേമേറ്റിവ് ആക്ഷനേക്കാളും ശക്തവും യുക്തിഭദ്രവും പ്രാഥമികമായ നൈതികക്കരാറിന്റെ ഭാഗവുമാണത്. തങ്ങള്‍ക്കു നല്‍കിയില്ലെങ്കില്‍ ഇന്ത്യയിലെ സാമൂഹ്യ നീതിയുടെ ഭരണഘടനാപ്രയോഗം നിര്‍ത്തിക്കളയണമെന്നും മറ്റുമുള്ള പട്ടീദാരന്മാരുടെ വാദം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ രഹസ്യ അജണ്ടയെ പുറത്താക്കുന്നതാണ്.
മാത്രമല്ല ഗുജറാത്തിലെ പ്രകടനത്തിനു ശേഷം ദില്ലിയിലും പടവെടിയും പടയണിയും നടത്താന്‍ കച്ചകെട്ടുന്ന 22 കാരനായ വാണിജ്യശാസ്ത്ര ബിരുദധാരിയുടെ പിന്നില്‍ നിന്നും സ്വയം സേവകനായ ആചാര്യന്‍ എം. ജി. വൈദ്യ സത്യം വെളിപ്പെടുത്തിക്കഴിഞ്ഞു. സാമുദായിക സംവരണം അവസാനിപ്പിക്കണമെന്നും പഴയ ജോസഫ് കമ്മീഷനിലൂടെ ഇ. എം. എസ്. കേരളത്തില്‍ കൊണ്ടു വന്ന സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും സംഘി വൈദ്യന്‍ വിളിച്ചു പറഞ്ഞിരിക്കുന്നു (ഹിന്ദു 31 ഓഗസ്റ്റ് 2015, പേജ് 12). പട്ടേലന്മാരുടെ സമരത്തില്‍ അപ്പോള്‍ പുതുമയില്ല. ഹിന്ദുത്വ പ്രവാചകന്മാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പറയുന്ന രാമരാജ്യമാണവര്‍ക്കു വേണ്ടത്. ശൂദ്രരും ചണ്ടാളരും അക്ഷരവും തുല്യമായ മനുഷ്യാവകാശങ്ങളും നേടാന്‍ പാടില്ലാത്ത വര്‍ണാശ്രമധര്‍മത്തിന്റെ ജാതിസ്വരാജ്യം. ചണ്ടാളരുടെ തലയെണ്ണി അവരെ ഹിന്ദുക്കളായി പേരില്‍ നിലനിര്‍ത്തി വേണം ഈ കപട ഭൂരിപക്ഷരാജ്യം ന്യൂനപക്ഷങ്ങളില്‍ നിന്നും അയല്‍പക്കക്കാരില്‍ നിന്നും സംരക്ഷിക്കാന്‍. ചണ്ടാളരുടെ സ്വതന്ത്രാസ്തിത്വത്തിനെതിരേ മരണം വരെ നിരാഹാരം കിടക്കാനും പൂനാപ്പട്ടിണി നടത്താനും പരമപിതാക്കന്മാരും പുത്രന്മാരും ദേശീയനേതാക്കളും ദണ്ഡനീതിയുടെ നീണ്ടയാത്രകള്‍ തന്നെ നടത്തുന്ന അശ്വമേധത്തിന്റേയും നരമേധത്തിന്റേയും പരമപവിത്രമായ രാമരാജ്യമാണിത്. രാമചരിത മാനസത്തിന്റെ മള്‍ടിമീഡിയ പതിപ്പുകള്‍ നരേന്ദ്രമോദി പുറത്തിറക്കി കഴിഞ്ഞു. രാമന്റെ രാജ്യത്തായിരുന്നെങ്കില്‍ ശംബൂകന്റെ ഗതിയാകും തനിക്കുണ്ടാവുകയെന്നും അതു കൊണ്ടു നമുക്കു സന്യാസം തന്ന നമ്മുടെ ഗുരുക്കന്മാര്‍ ഇംഗ്ലീഷുകാരാണെന്നും അവര്‍ ഒന്നാം ലോകയുദ്ധത്തില്‍ ജയിക്കാന്‍ നാം പ്രാര്‍ഥിക്കണമെന്നും പറഞ്ഞ നാരായണഗുരുവിനെ കേരളീയര്‍ മറന്നുകൂട. അക്ഷരം പഠിക്കുകയും യോഗിയാവുകയും ചെയ്ത ശൂദ്രമുനിയായ ശംബൂകനെ വര്‍ണാശ്രമധര്‍മമെന്ന സനാതന വൈദിക ബ്രാഹ്മണിക ഹിന്ദുമതം സംരക്ഷിക്കാനായി ക്ഷത്രിയ നായകനായ രാമന്‍ തന്നെ കഴുത്തറക്കുകയായിരുന്നു. ആ

രാമനെയാണ് ഇന്ന് ഭരണകൂട ഉപാധികളായ ആകാശവാണിയും ദൂരദര്‍ശനും എല്ലാം ഉപയോഗിച്ച് പരമദൈവമായും മാതൃകാപുരുഷനായും ഇന്ത്യയിലങ്ങോളം ഇങ്ങോളം അടിച്ചുറപ്പിക്കുന്നത്. വാണിജ്യകാര്യത്തില്‍ മല്‍സരിക്കുന്ന എഫ്. എം. റേഡിയോ നിലയങ്ങള്‍ പോലും കഴിഞ്ഞ കര്‍ക്കിടകമാസം കേരളത്തില്‍ രാമസേവയ്ക്കു വേണ്ടി ഉഴിഞ്ഞുവച്ച പൊതുപണവും സമയവും എത്രമാത്രമെന്ന് കേള്‍വിക്കാര്‍ക്കേ അറിയൂ. രാമായണമാസാചരണം തന്നെ ബൗദ്ധമായ വര്‍സ എന്ന വര്‍ഷകാല പഠനാചരണത്തിനു പകരം വയ്ക്കാനുള്ള ഹിന്ദുകര്‍മപരിപാടിയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളിലൂടെയാണ് രാമായണാചരണത്തേയും രക്ഷാബന്ധനത്തേയും ഗണേശചതുര്‍ഥിയേയും അഷ്ടമിരോഹിണിയേയും മറ്റും പരിവാര പാദജര്‍ കേരളത്തിലും മറ്റും നാട്ടുനടപ്പാക്കി മാറ്റിയെടുത്തത്.
തികച്ചും ഹൈന്ദവവും വൈദികവും ബ്രാഹ്മണികവുമായ വര്‍ണാശ്രമ ജാതി നരകത്തിലേക്കുള്ള ഫാഷിസ്റ്റു പരിണാമമാണ് ഈ വ്യാജ ഭൂരിപക്ഷവാദത്തിലും പൈതൃകവാദത്തിലും പുണ്യപുരാണവാദങ്ങളിലും ജനായത്തവിരുദ്ധവും ഭരണഘടനാവിരുദ്ധവും നീതിവിരുദ്ധവുമായ പട്ടേലപ്പടപ്പുറപ്പാടിലും സ്വയംസേവകരുടെ തീട്ടൂരങ്ങളിലും നിറയുന്നത്. സാമൂഹ്യ നീതിക്കും ജനായത്തത്തിനും മതേതര ആധുനിക നാഗരിക സംസ്‌കാരത്തിനുമെതിരായ പാഷണ്ഡമതത്തിന്റെ ഹിംസാത്മകമായ സംസ്‌കാര ദേശീയവാദ പ്രതിവിപ്ലവമാണിത്. നീതിക്കും മാനവികതയ്ക്കും കാലത്തിനും നിരക്കാത്ത ഈ ഫാഷിസ്റ്റ് പടപ്പുറപ്പാടിനെ ജനങ്ങള്‍ ഗൗരവത്തോടെ അടിയന്തിരമായി തിരിച്ചറിയേണ്ടതുണ്ട്. ബഹുജനങ്ങള്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും തങ്ങളുടെ സംസ്‌കാര ചരിത്രവും രാഷ്ട്രീയ പ്രതിരോധ പാരമ്പര്യങ്ങളും വീണ്ടെടുക്കുകയും ഇന്ത്യയുടെ ഭരണഘടനയുടെ അന്തസ്സും യശസ്സും പ്രാഥമികമാക്കി നീതിക്കുവേണ്ടിയുള്ള സമാധാനപരമായ സാംസ്‌കാരിക രാഷ്ട്രീയ സമരം സജീവമാക്കുകയും അതിലൂടെ ഹിന്ദുത്വ സമഗ്രാധിപത്യത്തെ ഫലപ്രദമായി ചെറുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
_________________________________
ഡോ. അജയ് ശേഖര്‍, അസി. പ്രൊഫസര്‍, ഇംഗ്ലീഷ് വിഭാഗം, സംസ്‌കൃത സര്‍വകലാശാല, കാലടി 683574.

Top