പച്ചവിരല്‍ ദയാബായിയുടെ ആത്മകഥയുടെ ഒരേട്

നീതിയുടെയും സ്‌നേഹത്തിന്റെയും പുസ്തകമാണവര്‍ക്ക് ബൈബിള്‍. അവരുടെ കൂടെ ഉറങ്ങാന്‍ ‘അത്തോസും ഗോരിയും’ മാത്രം. അവരുടെ വീടിന് അടച്ചുറപ്പുള്ള ജനാലകളോ വാതിലുകളോ ഇല്ല, മുളന്തണ്ടുകള്‍ ചേര്‍ത്തുകെട്ടിയ ജാലകങ്ങള്‍ക്കും വാതിലുകള്‍ക്കുമിടയിലൂടെ ചിലപ്പോള്‍ തണുപ്പും കോടക്കാറ്റും കടിച്ചുപറിക്കാന്‍ വരും. എന്നാല്‍ തണുപ്പ് അവരെ വിറപ്പിക്കുന്നില്ല, ക്രിസ്തുവിന്റെ സ്‌നേഹസഹനങ്ങളും ആണിപ്പഴുതുകള്‍ തൊട്ടറിഞ്ഞ ആത്മബലത്തോടെ എല്ലാ കാലുഷ്യങ്ങള്‍ക്കും ഇടയിലൂടെ അവര്‍ സഞ്ചരിക്കുന്നു. വേനല്‍ കുടിച്ച് വീണ്ട വയലുകള്‍പോലെ അനുഭവങ്ങളുടെ വെയിലില്‍ വെടിച്ച് അസുന്ദരങ്ങളായ ആ പാദങ്ങള്‍ മുന്നോട്ടുവെച്ച്.

ക്രിസ്റ്റ്യാനിറ്റിയും ഭരണകൂടവുമായുണ്ടായിട്ടുള്ള സന്ധിബന്ധങ്ങള്‍ അക്രമാത്മകവും അവിശുദ്ധവുമായ അനുഭവങ്ങളായിരുന്നു ലോകമെമ്പാടും. കത്തോലിക്കാസഭയുടെ സ്ഥാപനത്തിനുശേഷമുള്ള 15 നൂറ്റാണ്ടുകളുടെ ക്രിസ്തീയ ചരിത്രത്തെ ‘സ്യൂഡോ ക്രിസ്റ്റ്യാനിറ്റി’ എന്നാണ് ടോള്‍സ്റ്റോയി വിളിക്കുന്നത്. കേരളത്തില്‍ വിമോചനസമരത്തിന്റെ ഹിംസാത്മകമായ ഉള്‍ക്കളങ്ങളിലേക്ക് കുഞ്ഞാടുകളില്‍നിന്നും പള്ളിഗുണ്ടകളെ വരെ സൃഷ്ടിച്ചിട്ടുള്ള സഭയും ആ കാലഘട്ടത്തില്‍ നിന്നുള്ള പ്രേതവിമുക്തി സംഭവിച്ചിട്ടില്ല എന്ന് അടുത്തകാലത്ത് വ്യക്തമാവുകയുണ്ടായി. പള്ളികളോടനുബന്ധിച്ചുള്ള സമ്പത്ത് കൈവശപ്പെടുത്തുന്നതിനും വെച്ചനുഭവിക്കുന്നതിനും ക്രിസ്തുവിന്റെ പേരില്‍ പരസ്പരം വാളെടുക്കുകയും ഗുണ്ടകളെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന സഭകളും കേരളത്തിലുണ്ട്. സമ്പത്തും ശേഷിയുമുള്ള ഏതാനും കുടുംബങ്ങളുടെ താല്പര്യങ്ങള്‍ക്കുവേണ്ടി ഭൂരിപക്ഷം വരുന്ന സഭാവിശ്വാസികള്‍ ഉപയോഗിക്കപ്പെടുകയാണിവിടെ. ഇക്കാരണങ്ങളെല്ലാംകൊണ്ട് ഈ നാട്ടിലെ സഭകള്‍ മാത്രം വിമര്‍ശനങ്ങള്‍ക്കതീതമായ വിശുദ്ധപശുക്കളല്ല.
കത്തോലിക്കാസഭയുടെ വരട്ടുവാദങ്ങള്‍ ശാസ്ത്രപുരോഗതിയുടെയും നവോത്ഥാനത്തിന്റെയും നാള്‍വഴികളില്‍ തകര്‍ന്നുവീഴുന്നത് നാം ലോകചരിത്രത്തില്‍ കാണുന്നുണ്ട്. സോക്രട്ടീസിനു വിഷം നല്കിയപ്പോഴും കോപ്പര്‍നിക്കസ് ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോഴും മതം ചിന്തയുടെ പുരോഗതിയെ പിറകോട്ട് വലിച്ചതുപോലെ, രാഷ്ട്രീയ പുരോഗതിയെ സഭ പിറകോട്ട് വലിക്കുന്നുണ്ട്. തൊഴിലാളിവര്‍ഗ്ഗവുമായിട്ടുള്ള സഭയുടെ സംഘര്‍ഷങ്ങള്‍ രാഷ്ട്രീയ യാഥാസ്ഥിതികത്വത്തിന്റെ നിദര്‍ശനങ്ങളാവുന്നതിങ്ങനെയാണ്. കോപ്പര്‍നിക്കസ് എന്ന, ആഫോയന്‍ബര്‍ഗ്ഗിലെ പുരോഹിതന് മതമേലധികാരികളുടെ എതിര്‍പ്പുമൂലം മരണക്കിടക്കവരെ കാത്തിരിക്കേണ്ടിവന്നു തന്റെ സിദ്ധാന്തങ്ങള്‍ വെളിപ്പെടുത്തുവാന്‍. ദൈവനിന്ദയും യുവാക്കളെ ദുഷിപ്പിക്കലുമായിരുന്നു ദാരിദ്ര്യത്തെ നെഞ്ചേറ്റിക്കൊണ്ട് ലോകത്തിന്റെ വെളിവും വെളിവുകേടും വിളിച്ചുപറഞ്ഞ സോക്രട്ടീസിനുമേല്‍ ചുമത്തിയ കുറ്റം. രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ സ്വതന്ത്രചിന്തകളേയും വീക്ഷണങ്ങളേയും ഉയര്‍ത്തിപ്പിടിച്ച് ആത്മീയമായ സഹനത്തെ (ക്വയറ്റിസം) ഊന്നിപ്പറഞ്ഞ ആര്‍ച്ചുബിഷപ്പും ദൈവശാസ്ത്രജ്ഞനുമായിരുന്ന ഫെയര്‍ ലോണിനെ(Fearlon 1651-1715) ശിക്ഷിക്കാന്‍ ലൂയി പതിനാലാമനൊപ്പം ഫ്രഞ്ച് സഭയും ചേര്‍ന്നു. പില്‍ക്കാല ഫ്രഞ്ച് ലിബറല്‍ സംസ്‌കാരത്തിന്റെ തിരിച്ചറിവ് അദ്ദേഹമായിരുന്നു (ലെസ് അഡ്വഞ്ചേഴ്‌സ് സെ ടെലിമാക്-1699).

എ.ഡി. 1500 മാര്‍ട്ടിന്‍ ലൂഥറിന്റെ നേതൃത്വത്തില്‍ പ്രൊട്ടസ്റ്റാന്‍ഷ്യലിസം ഉദയം ചെയതതോടെയാണ് കത്തോലിക്കാസഭയുടെ ഹിംസ കൂടുതല്‍ പ്രകടമാവുന്നത്. 1572 ല്‍ പേപ്പസി ഫ്രഞ്ച് രാജകുടുംബവുമായി ചേര്‍ന്നുനിന്നുകൊണ്ട് ഫ്രഞ്ച് പ്രൊട്ടസ്റ്റാന്‍ഷ്യലിസത്തിനെതിരെ നടത്തിയ സെയിന്റ് ബര്‍ത്ത്‌ലോമിയോ കൂട്ടക്കകുരുതിയില്‍ എഴുപതിനായിരം പേരാണ് മരിച്ചത്. 1600 ലെ ബൊഹീമിയന്‍ കൂട്ടക്കുരുതിയില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിനുപിന്നിലും ഹിംസാത്മകമായി സ്ഥാനവത്ക്കരിക്കപ്പെട്ട കത്തോലിക്കാസഭയുണ്ട്. മാര്‍ട്ടിന്‍ ലൂഥറെന്ന ജര്‍മ്മന്‍കാരനായ ക്രിസ്ത്യന്‍ സന്യാസി പേപ്പസിയുടെ തിന്മകളെയും ഹിംസകളെയും ബൈബിളിന്റെ വെളിച്ചത്തില്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് കത്തോലിക്കാ സഭയ്ക്ക് പുറത്തുവന്നത്. ആ കാലഘട്ടം വരെ ബൈബിള്‍ സാധാരണ ജനങ്ങള്‍ക്ക് വായിക്കാന്‍ അവകാശമില്ലായിരുന്നു. ആശ്രമ ശ്രേഷ്ഠന്റെ പ്രത്യേക അനുമതിയോടെ ബൈബിള്‍ വായിച്ചുകൊണ്ടാണ് അദ്ദേഹം ആ തിരിച്ചറിവിലേക്കെത്തുന്നത്. പ്രൊട്ടസ്റ്റന്റിനോടും യഹൂദന്മാരോടും ശാസ്ത്രലോകത്തോടും മറ്റും സഭചെയ്ത ക്രൂരതകള്‍ക്ക് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ക്ഷമചോദിച്ചത് ഇരുപതാം നൂറ്റാണ്ടിലാണ്.
ക്രിസ്തുജീവിതത്തെയും അതിന്റെ വെളിച്ചത്തെയും സാമാന്യമായ മനുഷ്യാവസ്ഥകളുമായി ചേര്‍ത്തുവയ്ക്കുകയും ആഖ്യാനം ചെയ്യുകയും ചെയ്ത വിശ്വസാഹിത്യകാരന്‍ ടോള്‍സ്റ്റോയിയെ പുറത്താക്കിക്കൊണ്ട് റഷ്യയിലെ സഭ അദ്ദേഹത്തിനെതിരെ നടത്തിയിട്ടുള്ള ആക്രമണങ്ങള്‍ ചരിത്രപാഠകങ്ങളാണ്. ‘വഴിപിഴച്ചുപോയ അദ്ദേഹത്തിന്റെ ബൗദ്ധികമായ അഹങ്കാരം, ധിക്കാരമായി ക്രിസ്തുവിനും പവിത്രമായ ക്രിസ്തീയപാരമ്പര്യത്തിനും എതിരായിരിക്കുന്നു എന്നും. യാഥാസ്ഥിതികസഭയെ പാരസ്യമായി നിഷേധിക്കുന്നു’ എന്നുമാണ് അവിടുത്തെ സഭ അദ്ദേഹത്തെപ്പറ്റി പറഞ്ഞത്. എന്നാല്‍ തന്റെ നിഷേധം ദൈവത്തിനെതിരായുള്ളതല്ല മറിച്ച് തന്റെ ആത്മാവിന്റെ എല്ലാ ശക്തിയോടുംകൂടി അവനെ സേവിക്കാനും മഹത്വപ്പെടുത്താനുമാണ് എന്നാണ് ടോള്‍സ്റ്റോയി പറഞ്ഞത്:’

________________________________
‘പള്ളിയുടെ പ്രമാണങ്ങളെ ഞാന്‍ ഒരു വര്‍ഷക്കാലം സശ്രദ്ധം പഠിച്ചു. ദൈവശാസ്ത്രവിധികളെ വിശകലനം ചെയ്തു. പള്ളിയുടെ എല്ലാ നിരോധനങ്ങള്‍ക്കുമനുസരിച്ചും വര്‍ത്തിച്ച് ശുശ്രൂഷകളും ഉപവാസങ്ങളും അനുഷ്ഠിച്ചു. പള്ളിയുടെ സൈദ്ധാന്തികവും പ്രായോഗികവുമായ പാഠങ്ങളെ നിരവധി വര്‍ഷങ്ങള്‍ നിരീക്ഷിച്ച് മനനം ചെയ്തു. അപ്പോള്‍ എനിക്ക് മനസ്സിലായത് പള്ളിയുടെ പ്രമാണങ്ങള്‍ സൈദ്ധാന്തികമായി കുടിലവും ഹാനികരവുമായ നുണയാണ് എന്നാണ്. അത് കൊഴുത്ത അന്ധവിശ്വാസത്തിന്റെയും ആഭിചാരത്തിന്റെയും ആകത്തുകയാണ്. അത് ക്രിസ്തു പഠിപ്പിച്ചതിനെ പൂര്‍ണ്ണമായി മറച്ചുവയ്ക്കുന്നു’.
________________________________ 

‘പള്ളിയുടെ പ്രമാണങ്ങളെ ഞാന്‍ ഒരു വര്‍ഷക്കാലം സശ്രദ്ധം പഠിച്ചു. ദൈവശാസ്ത്രവിധികളെ വിശകലനം ചെയ്തു. പള്ളിയുടെ എല്ലാ നിരോധനങ്ങള്‍ക്കുമനുസരിച്ചും വര്‍ത്തിച്ച് ശുശ്രൂഷകളും ഉപവാസങ്ങളും അനുഷ്ഠിച്ചു. പള്ളിയുടെ സൈദ്ധാന്തികവും പ്രായോഗികവുമായ പാഠങ്ങളെ നിരവധി വര്‍ഷങ്ങള്‍ നിരീക്ഷിച്ച് മനനം ചെയ്തു. അപ്പോള്‍ എനിക്ക് മനസ്സിലായത് പള്ളിയുടെ പ്രമാണങ്ങള്‍ സൈദ്ധാന്തികമായി കുടിലവും ഹാനികരവുമായ നുണയാണ് എന്നാണ്. അത് കൊഴുത്ത അന്ധവിശ്വാസത്തിന്റെയും ആഭിചാരത്തിന്റെയും ആകത്തുകയാണ്. അത് ക്രിസ്തു പഠിപ്പിച്ചതിനെ പൂര്‍ണ്ണമായി മറച്ചുവയ്ക്കുന്നു’.
സത്യാവസ്ഥകളോടുള്ള സഭകളുടെ പ്രതികരണം പലപ്പോഴും തീര്‍ത്തും സ്ഥാപനപരവും സാമ്പത്തികതലത്തിലുമുള്ളതാണ്. ‘ഇംഗ്ലണ്ടിലെ വ്യവസ്ഥാപിത തിരുസഭ അതിന്റെ 39 അടിസ്ഥാന തത്വങ്ങളില്‍ 38 -നും എതിരായ ആക്രമണങ്ങളെ ഒരുപക്ഷേ, സഹിച്ചേക്കാം. എങ്കിലും അതിന്റെ വരുമാനത്തിന്റെ 39-ല്‍ ഒരു ഭാഗത്തിനു നേരെയുള്ള ആക്രമണത്തെ അതു പൊറുക്കുകയില്ല’ എന്ന് മാര്‍ക്‌സ് പറഞ്ഞതിന്റെ ഔചിത്യമതാണ്. പള്ളി എന്ന വാക്കുവരുന്നത് ലസസഹലശൈമ എന്ന വാക്കില്‍നിന്നുമാണ്. ഒരു കൂട്ടം എന്നേ ഇതിനര്‍ത്ഥമുള്ളൂ. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്ക് ഏറ്റവും വിപരീതമായ തിന്മകളെ ഉത്പാദിപ്പിക്കുന്ന ഇടമായി പള്ളിമതം മാറിയതായി ടോള്‍സ്റ്റോയി പറയുന്നുണ്ട്. പള്ളി പറയുന്ന രക്ഷയുടെ സത്യത്തെ ജനങ്ങളിലെത്തിക്കുവാന്‍ ഉപയോഗിച്ച ഹിംസയുടെ മാര്‍ഗ്ഗങ്ങളെയും അദ്ദേഹം ചരിത്രപരമായി വിവേക്ഷിക്കുന്നു. അത് സ്വീകരിക്കാന്‍ വിമുഖത കാണിച്ച് ലക്ഷക്കണക്കിനുപേര്‍ പീഢിപ്പിക്കപ്പെട്ടു. പള്ളിമതത്തെ വിദ്യാഭ്യാസമില്ലാത്തവരുടെയും പാവങ്ങളുടെയും മനസ്സിലേക്ക് കുത്തിനിറയ്ക്കുകയാണ് ചെയ്തത്.
അയല്‍ക്കാരന്റെ ദുഃഖവും വേദനയും അവന്റെ പട്ടിണിയും ദാരിദ്ര്യവും അഭിസംബോധന ചെയ്തുകൊണ്ടാണ് ക്രിസ്തു എന്ന സംസ്‌കാരം ആരംഭിക്കുന്നത്. എത്ര കൃത്യമായിട്ടാണ് ക്രിസ്തു സ്വന്തം അന്വേഷണങ്ങള സാമൂഹ്യവത്കരിച്ചിരിക്കുന്നതെന്ന് ബൈബിളിന്റെ മനുഷ്യോന്മുഖമായ വായന വ്യക്തമാക്കിത്തരും. ബൈബിള്‍ ദൈവദത്തായ അത്ഭുതങ്ങളുടെ പുസ്തകമല്ല. ഈ നിലയ്ക്ക് ക്രിസ്തുമതം വേറിട്ട ഓരോ മനുഷ്യരുടെയും ലോകവുമായുള്ള പാരസ്പര്യമാവേണ്ടതാണ്. എല്ലാകാലത്തേക്കുള്ള ജീവിതത്തിന്റെ ധാര്‍മ്മികത ഉരുവംകൊള്ളേണ്ടത് ഈ പാരസ്പര്യത്തില്‍നിന്നാണ്. അതുകൊണ്ടാണ് ശേഷിയുള്ളവന്‍ മാത്രം അതിജീവിക്കണമെന്ന ‘സോഷ്യല്‍ ഡാര്‍വിനസ’ത്തിന്റെ നേര്‍വിപരീതമാണ് മതം മുന്നോട്ടുവയ്ക്കുന്ന ധാര്‍മ്മികതയെന്ന് തോമസ് ഹക്‌സിലിയെയും ഗ്രീക്ക്-ഹൈന്ദവ ചിന്തകളെയും ഉദ്ധരിച്ചുകൊണ്ട് ടോള്‍സ്റ്റോയി സമര്‍ത്ഥിക്കുന്നത്.
അടുപ്പില്‍ വിറകെരിയുമ്പോള്‍ തീയുണ്ടാകുന്നതുപോലെ സാമൂഹ്യജീവിതത്തില്‍ ധാര്‍മ്മികത കൊണ്ടുവരികയാണ് മതങ്ങള്‍ ചെയ്യേണ്ടത്. മതങ്ങളുടെ അഭേദ്യമായ സത്യം ധാര്‍മ്മികതയാണ്. മതങ്ങള്‍ ഏതുതരത്തില്‍ പറിച്ചുനടപ്പെട്ടവയാണെങ്കിലും അതില്‍ പുഷ്പിക്കേണ്ടത് ധാര്‍മ്മികതയാണ്.
മാറ്റങ്ങള്‍ക്ക് വിമുഖമായി നില്‍ക്കുന്ന സഭയ്ക്ക്, ‘ഞാന്‍ കണ്ട മഹാത്മാവ് ഏറ്റവും മനുഷ്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു’ എന്നു പറഞ്ഞ സരതുഷ്ട്രയുടെ വചനങ്ങള്‍ കേള്‍ക്കാനാവില്ല. റിട്ട. ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമ പരിഷ്‌കാര കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുള്ള വിപ്ലവകരമായ നിര്‍ദ്ദേശങ്ങളോടുപോലും സഹിഷ്ണുത പുലര്‍ത്താന്‍ കേരളത്തിലെ സഭാനേതൃത്വത്തിനാവുന്നില്ല. ബഹുസ്വരമായ യാതൊരു സമൂഹത്തിന്റെയും വചനഭേദങ്ങള്‍ കേള്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.
ലോകം മുഴുവന്‍ അനീതിയില്‍ മുങ്ങിച്ചാകുമ്പോഴും, ഞാന്‍ നീതിമാനാണ് എന്നു പറഞ്ഞുകൊണ്ടവര്‍ നടക്കും. കാളഹന്ദിയിലെ പട്ടിണിമരണങ്ങളെപ്പറ്റി ഇവിടുത്തെ സഭാപ്രവര്‍ത്തകര്‍ കേട്ടിട്ടുണ്ടാവില്ല. കാശിപ്പൂരിലെ അടിമകളായ ആദിവാസിത്തൊഴിലാളികളെ അവര്‍ക്ക് കാണാനാവില്ല. ആ മനുഷ്യരുടെ കൈപിടിക്കാന്‍ എത്തുന്നത് ക്രിസ്തുവും ബുദ്ധനുമാണ് എന്നവര്‍ അറിയുന്നില്ല. സാമൂഹ്യപുരോഗതിയുടെ തത്വം ശേഷിയുള്ളവന്റെ അതിജീവനനല്ല. ധാര്‍മ്മികതയുടെ അതിജീവനമായിരിക്കണമെന്ന് അവര്‍ക്ക് പറയാനാവില്ല. ഛത്തീസ്ഗഡിലെ ആദിവാസികള്‍ക്കിടയിലെ ആരോഗ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതിന്റെ പേരില്‍ മാസങ്ങളോളം ജയിലറകളില്‍ പീഡിപ്പിക്കപ്പെട്ട ഡോക്ടര്‍ വിനായക് സെന്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ ജനിച്ച സാമൂഹ്യപ്രവര്‍ത്തകനാണ്. അദ്ദേഹത്തെപ്പോലെയുള്ളവരെ നക്‌സലൈറ്റ് ഭീകരരായി ചിത്രീകരിക്കുന്ന അധികാരസ്ഥാനങ്ങളോട് ചേര്‍ന്നുനില്‍ക്കാനേ സഭയ്ക്കാവൂ.
ഒറീസയിലെ കാന്ദമാലില്‍ ഫാസിസത്തിന്റെ ശൂലമുനകളില്‍ നില്‍ക്കുന്ന പുരോഹിതരേയും കന്യാസ്ത്രീകളേയും അവര്‍ സംരക്ഷിക്കുന്ന അനാഥരേയും സേവിക്കുന്ന ആദിവാസികളെയും ദരിദ്രരെയും കാണാന്‍ ഇവിടത്തെ അരമനകളിലിരിക്കുന്ന പുരോഹിതശ്രേഷ്ഠര്‍ക്ക് കഴിഞ്ഞില്ല. അവരുടെ ശരീരത്തില്‍ ഏതുനേരവും കരവാളുകള്‍ ആഴ്ന്നിറങ്ങാം.

____________________________________
ശേഷിയുള്ളവന്‍ മാത്രം അതിജീവിക്കണമെന്ന ‘സോഷ്യല്‍ ഡാര്‍വിനസ’ത്തിന്റെ നേര്‍വിപരീതമാണ് മതം മുന്നോട്ടുവയ്ക്കുന്ന ധാര്‍മ്മികതയെന്ന് തോമസ് ഹക്‌സിലിയെയും ഗ്രീക്ക്-ഹൈന്ദവ ചിന്തകളെയും ഉദ്ധരിച്ചുകൊണ്ട് ടോള്‍സ്റ്റോയി സമര്‍ത്ഥിക്കുന്നത്.
അടുപ്പില്‍ വിറകെരിയുമ്പോള്‍ തീയുണ്ടാകുന്നതുപോലെ സാമൂഹ്യജീവിതത്തില്‍ ധാര്‍മ്മികത കൊണ്ടുവരികയാണ് മതങ്ങള്‍ ചെയ്യേണ്ടത്. മതങ്ങളുടെ അഭേദ്യമായ സത്യം ധാര്‍മ്മികതയാണ്. മതങ്ങള്‍ ഏതുതരത്തില്‍ പറിച്ചുനടപ്പെട്ടവയാണെങ്കിലും അതില്‍ പുഷ്പിക്കേണ്ടത് ധാര്‍മ്മികതയാണ്.
____________________________________

തീപ്പന്തങ്ങള്‍ പാഞ്ഞു ചെല്ലാം, സംരക്ഷിക്കുന്ന പോലീസുകാരാല്‍ത്തന്നെ അവിടത്തെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടാം എന്നതൊന്നും അവരെ ഞെട്ടിച്ചില്ല. അവര്‍ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങളുടെ സ്ഥാപനങ്ങളില്‍ ‘ദരിദ്രനെ കയറ്റി നിരങ്ങാന്‍ വിടുന്ന’ സര്‍ക്കാര്‍ നടപടികളേക്കാള്‍ വലുതല്ല ഒറീസയിലെ പ്രത്യക്ഷത്തിലുള്ള ആക്രമണങ്ങള്‍.
ഹിന്ദുമതം സ്വീകരിച്ച് ഒരു കാവിമുണ്ടുമാത്രം ഉടുത്ത് മറ്റൊരു കാവിമുണ്ട് പുതച്ച് ചെരുപ്പുപോലും ഉപയോഗിക്കാതെ സേവനം ചെയ്യുന്ന ഫാദര്‍ സദാനന്ദ എന്ന സ്വാമിയച്ചനെ മദ്ധ്യപ്രദേശിലെ നരസിംപൂരിനടുത്തുള്ള ആദിവാസിമേഖലകളില്‍ അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയും. ഇന്ത്യയുടെ പലഭാഗത്തും ഈ വിധം ജീവിക്കുകയും സാമൂഹ്യസേവനം ചെയ്യുകയും ചെയ്യുന്നവരുണ്ട്. ഈ നന്മകളെയെല്ലാം മതപരിവര്‍ത്തനം എന്ന മറ ഉപയോഗിച്ച് മറച്ചുപിടിക്കാനുമാവില്ല.
തനിക്കുചുറ്റുമുള്ള അനിശ്ചിതവും അരക്ഷിതവുമായ ഒരു ലോകത്തിന്റെ അസ്വസ്ഥതകളില്‍നിന്ന് മാറിനില്‍ക്കാനിവില്ല എന്ന ജീവിതദര്‍ശനമാണ് ദയാബായിയുടെ ദൈവദര്‍ശനം. താന്‍ ജീവിക്കുന്ന ലോകത്തിനനുസരിച്ചാണ് സ്വന്തം ദൈവത്തെയും പ്രാര്‍ത്ഥനാസങ്കല്പങ്ങളെയും അവര്‍ വ്യാഖ്യാനിക്കുന്നത്. പ്രാര്‍ത്ഥിക്കുന്നതിന് അവര്‍ പ്രത്യേകിച്ച് സമയം കണ്ടെത്തുന്നില്ല. അവരുടെ ഓരോ ദിവസങ്ങളും ദൈവത്തിന്, ലോകത്തിന് അര്‍പ്പിക്കുന്ന കൂദാശകളാണ്. ദിനാന്ത്യത്തില്‍ എല്ലാ ജോലികളും അലച്ചിലുകളും തീര്‍ത്ത്, തളര്‍ന്നിരുന്ന് അവര്‍ ദൈവത്തോടു പറയുന്നു. എല്ലാ ഊര്‍ജ്ജവും ഇറങ്ങിപ്പോയി ശൂന്യമായ, ശ്ലാഥമായ ഈ ശരീരം ഞാനിതാ നിനക്കു സമര്‍പ്പിക്കുന്നു.’
ദൈവത്തെ അവര്‍ ‘ഗോയി’ എന്നാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ആ പേര് സുര്‍ളാഘാപ്പയിലെ ഗോത്രവര്‍ഗ്ഗജീവിതത്തില്‍നിന്ന് കണ്ടെടുത്തതാണ്. ഏറ്റവും മമതയുള്ള പ്രിയപ്പെട്ട സുഹൃത്താണ് ഗോയി. വേദനകളില്‍ ഞാന്‍ മുറിയടച്ചിരുന്ന് എന്റെ ഗോയിക്ക് ഫോണ്‍ ചെയ്തു എന്നാണവര്‍ പറയുക. അത് ഒരു പൊക്കിള്‍ക്കൊടി ബന്ധമാണ്:

‘l’ ve an umbilical cord
Relationship with the mother Goddess.
It’s only this relationship
That keeps me going on.
yes, the telephone connection
With the Oopervala (the Highest one)
At times its just a ‘Hellow’!
At other times
At times it’s a stream of tears.
Some tims it’s falling at the feet-
In desperation and remaining hope!’

ദൈവവുമായുള്ള അവരുടെ വിനിമയം ഇത്തരത്തില്‍ ഹൃദ്യവും തുറന്നതുമാണ്. അപൂര്‍വ്വ അവസരങ്ങളില്‍ മാത്രമേ അവര്‍ കുര്‍ബ്ബാനകളില്‍ പങ്കെടുക്കാറുള്ളൂ. അതിനവര്‍ക്ക് പ്രത്യേകിച്ച് വസ്ത്രങ്ങളോ രീതികളോഇല്ല. നാടോടികളുടെ നിറത്തിലും ശരീരഭാഷകളിലുമാണവര്‍ ദൈവത്തിന്റെ ഭവനങ്ങളിലേക്ക് കടന്നുചെല്ലുന്നത്.

‘രാം…രാം എന്നാണവര്‍ ആളുകളെ സംബോധന ചെയ്യുന്നത് ‘രാം…രാം ബഹന്‍ജീ’ എന്ന് ഗ്രാമീണര്‍ അവരെ പ്രത്യദിവാദം ചെയ്യുമ്പോള്‍ മതപരമായ കാലുഷ്യത്തിന്റെ കണികപോലും അതില്‍ കണ്ടെത്താനാവില്ല, മതം മയക്കാത്തതാണവരുടെ മനുഷ്യത്വം. ദുരിതങ്ങള്‍ തീരാത്ത ഗോത്രവര്‍ഗ്ഗ ഗ്രാമങ്ങളും കെടുതികള്‍ നിറഞ്ഞ പുനരധിവാസമേഖലകളും അഭയാര്‍ത്ഥിക്യാമ്പുകളും ദുരന്തഭൂമികളുമാണ് അവരുടെ ഇടം. നീതിയുടെയും സ്‌നേഹത്തിന്റെയും പുസ്തകമാണവര്‍ക്ക് ബൈബിള്‍. അവരുടെ കൂടെ ഉറങ്ങാന്‍ ‘അത്തോസും ഗോരിയും’ മാത്രം. അവരുടെ വീടിന് അടച്ചുറപ്പുള്ള ജനാലകളോ വാതിലുകളോ ഇല്ല, മുളന്തണ്ടുകള്‍ ചേര്‍ത്തുകെട്ടിയ ജാലകങ്ങള്‍ക്കും വാതിലുകള്‍ക്കുമിടയിലൂടെ ചിലപ്പോള്‍ തണുപ്പും കോടക്കാറ്റും കടിച്ചുപറിക്കാന്‍ വരും. എന്നാല്‍ തണുപ്പ് അവരെ വിറപ്പിക്കുന്നില്ല, ക്രിസ്തുവിന്റെ സ്‌നേഹസഹനങ്ങളും ആണിപ്പഴുതുകള്‍ തൊട്ടറിഞ്ഞ ആത്മബലത്തോടെ എല്ലാ കാലുഷ്യങ്ങള്‍ക്കും ഇടയിലൂടെ അവര്‍ സഞ്ചരിക്കുന്നു. വേനല്‍ കുടിച്ച് വീണ്ട വയലുകള്‍പോലെ അനുഭവങ്ങളുടെ വെയിലില്‍ വെടിച്ച് അസുന്ദരങ്ങളായ ആ പാദങ്ങള്‍ മുന്നോട്ടുവെച്ച്.
____________________
റഫറന്‍സ്
1. ലെസ് അഡ്വഞ്ചേഴ്‌സ് ടെലിമാക്- ഫെയര്‍ലോണ്‍ 1969

Top