പെണ്‍പുത്തനായ പോതി: ജി. അജയന്റെ ബോധി എന്ന ചലച്ചിത്രം

2500 കൊല്ലങ്ങള്‍ക്കു മുമ്പ് ജാതിക്കെതിരേ ബഹുജനഹിതത്തിലേക്കുള്ള തത്വചിന്തയും സാമൂഹ്യ പ്രയോഗവുമാവിഷ്‌കരിച്ച ബുദ്ധനെ കുറിച്ചുള്ള സിനിമയാണ് ബോധി. മാതംഗി എന്ന ചണ്ഡാല യുവതി ദാഹജലത്തിനായി ജാതിവിഭജനത്തെ മറികടന്നു തന്നെ സമീപിച്ച ആനന്ദഭിക്ഷുവില്‍ ആകൃഷ്ടയായി സംഘത്തില്‍ ചേരുന്നതും ഭിക്ഷുണിയാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബുദ്ധന്റെ കാലത്തു തന്നെ അതായത് ബി. സി. ആറാം നൂറ്റാണ്ടില്‍ മധ്യ ഇന്ത്യയിലെ ഉത്തര ഡക്കാണിലാണ് കഥ നടക്കുന്നത്. ജാതിക്കും പൗരോഹിത്യ ആണ്‍കോയ്മയായ ബ്രാഹ്മണ്യത്തിനും എതിരേ ജനങ്ങള്‍ക്കിടയില്‍ അക്ഷരനൈതിക വെളിച്ചമായി പ്രവര്‍ത്തിച്ച പുത്തന്‍ സുവിശേഷകരെ ഇരുട്ടിന്റെ ശക്തികളായ ശൈവകാപാലികര്‍ വിടാതെപിന്‍തുടര്‍ന്നു വേട്ടയാടുന്നു. തികച്ചും നാടകീയമായും ഹിംസയെ ആക്ഷേപവിമര്‍ശം ചെയ്യുന്ന രീതിയിലുമാണ് അജയന്‍ ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

മതം മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ മതത്തിനു വേണ്ടിയല്ല.
______________
അംബേദ്കര്‍

അനുപമകൃപാനിധി അഖിലബാന്ധവന്‍ ശാക്യ-
ജിനമുനി കൃപാരശ്മി ചൊരിയും നാളില്‍…
________________
ആശാന്‍

ജ്ഞാനാഭിവൃദ്ധി നികേതനങ്ങളായി ശോഭിച്ച പുണ്യവിഹാരങ്ങളെ
അന്ധകാരത്തിന്റെ സന്താനങ്ങളവര്‍ ഹന്ത നശിപ്പിച്ചനേകം നാട്ടില്‍…
________________
സഹോദരന്‍

മാനവികമായ സംസ്‌കാരത്തിന്റേയും നീതിയുടേയും ജനായത്തത്തിന്റേയും പുത്തനുയിര്‍പ്പായ കേരള നവോത്ഥാനത്തിന്റെ ചാലക ശക്തി യഥാര്‍ഥത്തില്‍ അടിത്തട്ടിലാണ്ടു കിടന്ന ബൗദ്ധ, ജൈന ചമണ പാരമ്പര്യങ്ങളായിരുന്നു എന്നു പുതിയ പഠനങ്ങളും നോക്കുപാടുകളും കൂടുതല്‍ സുവ്യക്തമാക്കി വരികയാണ്. കേരള ആധുനികതയുടെ ദാര്‍ശനിക വിധാതാവായ നാണുഗുരുവിനെ കേരളബുദ്ധനെന്നു വിലയിരുത്തിയാല്‍ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്ന മൂലൂരിനേയും സി. വി. കുഞ്ഞിരാമനേയും ആശാനേയും സഹോദരനേയും മിതവാദിയേയും മറ്റും ആനന്ദാദികളായ ധമ്മഭിക്ഷുക്കളായും കാണാവുന്നതാണ്. കേരളോല്‍പ്പത്തിയിലും കേരളമാഹാത്മ്യത്തിലും കേരളത്തിലെ ബൗദ്ധരെ വാദിച്ചും ജയിച്ചും തുരത്തിയതായും ബൗദ്ധഗ്രന്ഥങ്ങളും അടയാളങ്ങളും ചുട്ടുകരിച്ചു നശിപ്പിച്ചതായും ബ്രാഹ്മണമതം വമ്പുപറയുന്നുണ്ട്. സിംഹള ബൗദ്ധനായ അമരസിംഹനെഴുതിയ അമരകോശത്തിന്റെ തുടക്കത്തില്‍ നിന്നും ബുദ്ധ പ്രതീകമായ വൃക്ഷത്തെ വെട്ടിനീക്കി പകരം വര്‍ണധര്‍മ സംരക്ഷകനായ രാമനെ സ്ഥാപിക്കുകയുമുണ്ടായി വൈദികഹിന്ദുത്വം. നമോസ്തു ജിനതാം എന്ന ബൗദ്ധവണക്കത്തെ സൂചിപ്പിക്കുന്ന ‘നാനംമോനം’ ആയിരുന്നു കേരളത്തിലെല്ലാ മതങ്ങളിലുമുള്ള ബഹുജനങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ ബൗദ്ധമായ അശോക വിജയദശമിയില്‍ വിദ്യാരംഭത്തിനു നാവിലെഴുതിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടോടെ അതു ഹരിശ്രീയായി മാറി. കേരളത്തിലെ വാസ്തുശില്പത്തിലും ശില്പസിദ്ധാന്തത്തിലും ദൃശ്യസംസ്‌കാരത്തിലും നാട്ടറിവുകളിലും ഭാഷാപരവും സാംസ്‌കാരികവുമായ എല്ലാ രംഗങ്ങളിലും പ്രഛന്നവും മായിക്കപ്പെട്ടരീതിയിലും ബൗദ്ധമായ തിരുശേഷിപ്പുകള്‍ ഒളിഞ്ഞിരിക്കുന്നു. അയ്യോ… എന്ന വിളിയിലും, കുട്ടപ്പനും നാണപ്പനും പൊന്നപ്പനും നാഗപ്പനും നീലനും പുത്തനും അപ്പനും അച്ചനും പൊന്നുവും നാണുവും പെരുകുന്ന നാട്ടുപേരുകളിലും, പള്ളിയും ചേരിയും ചേരുന്ന സ്ഥലപ്പേരുകളിലും സംസ്‌കാര സുന്ദരവും സമഭാവനയുള്ളതുമായ സംഘജനായത്തത്തിന്റെ ബൗദ്ധഭൂതകാലം തെളിയുന്നു. മധ്യകാലത്ത് ഏതാണ്ട് പതിമൂന്നാം നൂറ്റാണ്ടോടെ ജാതിവ്യവസ്ഥയും ബ്രാഹ്മണ പൗരോഹിത്യ ആണ്‍കോയ്മയും സ്ഥാപിച്ചു നടുനായകത്തം നേടിയ ഹിന്ദുമത അധീശവ്യവഹാരങ്ങള്‍ പുത്തനെ ഏതാണ്ടില്ലായ്മ ചെയ്തു. അയ്യോ എന്ന വിളി വിലക്കി, മായാനത്തിലേയും വജ്രയാനത്തിലേയും അവലോകിതേശ്വരനെ ശൈവ-വൈഷ്ണവ സംയോഗത്തിലൂടെ അയ്യപ്പനാക്കിയെങ്കിലും ഭാഷയില്‍ നിന്നും സാംസ്‌കാരികവും രാഷ്ട്രീയവുമായ അബോധത്തില്‍ നിന്നും പോതിയെ അഥവാ ബോധിയെ പുറത്താക്കി ഹൈന്ദവീകരിക്കപ്പെട്ട ശ്രീഭഗവതിയെ അകത്താക്കാന്‍ ഇനിയും മുഴുവനായും കഴിഞ്ഞിട്ടില്ല.

പന്ത്രണ്ടാം നൂറ്റാണ്ടോടെ ഇന്ത്യയിലേതാണ്ടില്ലാതാക്കിയ ബുദ്ധമതത്തെ അംബേദ്കറാണ് ആധുനിക ഇന്ത്യയില്‍ തിരികെ കൊണ്ടുവന്നത്. പ്രബുദ്ധതയുടെ ഇന്ത്യന്‍ തത്വചിന്തയെ പലതലങ്ങളിലും ഉണര്‍ത്തിയെടുക്കുന്നതായിരുന്നു കേരള നവോത്ഥാനത്തിലെ നവബുദ്ധമത പ്രസ്ഥാനം. നിയമപരമായി തന്നെ ബൗദ്ധരായ നാണുഗുരുവിന്റെ ശിഷ്യരായിരുന്ന സി. വി. കുഞ്ഞുരാമനും സഹോദരനയ്യപ്പനും മിതവാദിയുമാണതിനു നേതൃത്വം കൊടുത്തത്. സഹോദരന്റെ പ്രേരണയാല്‍ മൂലൂര്‍ പാലിയില്‍ നിന്നും നേരിട്ട് ധമ്മപദം വിവര്‍ത്തനം ചെയ്തപ്പോള്‍ സഹോദരനും മിതവാദിയും തങ്ങളുടെ പദ്യഗദ്യരചനകളിലൂടെ തഥാഗതന്റെ സുവിശേഷം ബഹുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. ഇന്ന് ഹിന്ദുദേശീയവാദം ഇന്ത്യയുടെ മതേതര ഭരണഘടനയ്ക്കു തന്നെ ഭീഷണിയുയര്‍ത്തി ഭരണത്തിലേറിയിരിക്കുന്ന സന്ദര്‍ഭത്തില്‍ ദലിതബഹുജനങ്ങള്‍ അവസാനത്തെ അഭയവും ശരണവുമായ നവബുദ്ധയാനത്തെ ആശ്ലേഷിക്കുകയാണ്. സഹോദരന്റേയും ആശാന്റേയും ടാഗോറിന്റേയും ബൗദ്ധമായ രചനകള്‍ വീണ്ടും വായിക്കപ്പെടുന്നു. ചണ്ഡാലികയ്ക്കു പുറമേ നടീര്‍പൂജ എന്ന നാടകവും ബൗദ്ധസംസ്‌കാരത്തെ കുറിച്ച് ടാഗോര്‍ എഴുതിയിട്ടുണ്ട്. അംബേദ്കര്‍ പാഠങ്ങള്‍ക്കും ജനായത്തരാഷ്ട്രീയത്തിനും വിമോചനാത്മകമായ ദലിതബഹുജന സംസ്‌കാര രാഷ്ട്രീയത്തിനും കേരളത്തിലും ഇന്ത്യയിലും നിര്‍ണായകത്വമേറി വരുന്നു. ദ്രാവിഡപുത്രി, പാപത്തറ എന്നീ നാടകാനുവാദനങ്ങളിലൂടെ ശ്രദ്ധേയനായ ജി. അജയന്‍ എന്ന കൊച്ചിയിലെ യുവ നാടക, ചലച്ചിത്ര പ്രവര്‍ത്തകന്‍ തന്റെ ആദ്യത്തെ സിനിമ സാക്ഷാല്‍ക്കരിച്ചിരിക്കുന്നത് അംബേദ്കറുടെ ബുദ്ധനും ധമ്മവും എന്ന ഐതിഹാസിക രചനയുടേയും ലക്ഷ്മി നാരസുവിന്റെ ബുദ്ധമതസാരം എന്ന പുസ്തകത്തിന്റേയും ആശാന്റെ ചണ്ഡാല ഭിക്ഷുകിയുടേയും ടാഗോറിന്റെ ചണ്ഡാലിക എന്ന നാടകത്തിന്റേയും സാഹിതീയവും ചരിത്രപരവുമായ ജാതിവിരുദ്ധ സാംസ്‌കാരിക വ്യാവഹാരിക ഭൂമികയിലാണ്. ബി. സി. 1500 നടുത്തു നടന്ന സൈന്ധവ നാഗരികതയുടെ തകര്‍ക്കലും വൈദിക യാഗയജ്ഞ വര്‍ണധര്‍മ സംസ്‌കാരത്തിന്റെ സ്ഥാപനവും മുതല്‍ ഇന്ത്യയില്‍ നഖമാഴ്ത്തുന്ന ജാതി വര്‍ത്തമാനത്തിലും എരിഞ്ഞു നില്‍ക്കുന്നു.

  • വര്‍ണധര്‍മത്തിന്റെയും ജാതി സംരക്ഷകരുടേയും സനാതന ലീലകള്‍

2500 കൊല്ലങ്ങള്‍ക്കു മുമ്പ് ജാതിക്കെതിരേ ബഹുജനഹിതത്തിലേക്കുള്ള തത്വചിന്തയും സാമൂഹ്യ പ്രയോഗവുമാവിഷ്‌കരിച്ച ബുദ്ധനെ കുറിച്ചുള്ള സിനിമയാണ് ബോധി. മാതംഗി എന്ന ചണ്ഡാല യുവതി ദാഹജലത്തിനായി ജാതിവിഭജനത്തെ മറികടന്നു തന്നെ സമീപിച്ച ആനന്ദഭിക്ഷുവില്‍ ആകൃഷ്ടയായി സംഘത്തില്‍ ചേരുന്നതും ഭിക്ഷുണിയാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബുദ്ധന്റെ കാലത്തു തന്നെ അതായത് ബി. സി. ആറാം നൂറ്റാണ്ടില്‍ മധ്യ ഇന്ത്യയിലെ ഉത്തര ഡക്കാണിലാണ് കഥ നടക്കുന്നത്. ജാതിക്കും പൗരോഹിത്യ ആണ്‍കോയ്മയായ ബ്രാഹ്മണ്യത്തിനും എതിരേ ജനങ്ങള്‍ക്കിടയില്‍ അക്ഷരനൈതിക വെളിച്ചമായി പ്രവര്‍ത്തിച്ച പുത്തന്‍ സുവിശേഷകരെ ഇരുട്ടിന്റെ ശക്തികളായ ശൈവകാപാലികര്‍ വിടാതെപിന്‍തുടര്‍ന്നു വേട്ടയാടുന്നു. തികച്ചും നാടകീയമായും ഹിംസയെ ആക്ഷേപവിമര്‍ശം ചെയ്യുന്ന രീതിയിലുമാണ് അജയന്‍ ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ബ്രാഹ്മണ്യത്തിന്റേയും വര്‍ണാശ്രമത്തിന്റേയും ഇത്തരം ആത്മശൂന്യരായ പാദസേവകരും കാലാളുകളും കൊലയാളികളും കാവലാളുകളുമാണ് ഇന്ത്യയില്‍ ജൈനരേയും ബൗദ്ധരേയും ആജീവകരേയും; ജാതിയേയും വര്‍ണവ്യവസ്ഥയേയും അതിന്റെ ഇരിപ്പിടമായ പുരുഷസൂക്തത്തേയും വേദങ്ങളേയും ഗീതയേയും ചെറുത്ത ഇതര ചെറുമതസംഘങ്ങളേയും ഹിംസാത്മകമായി വേട്ടയാടിയത്, അഥവാ ഇപ്പോഴും നരമേധം തുടരുന്നത്. ഇന്നത്തെ ഇന്ത്യയില്‍ ബൗദ്ധമായ ജനായത്ത പാരമ്പര്യമുള്ള അവര്‍ണരേയും ന്യൂനപക്ഷങ്ങളേയും വിടാതെ വേട്ടയാടുന്ന ബജ്‌റങ്ദളും, ശ്രീരാമസേനയും, രണ്‍വീര്‍സേനയും, ശിവസേനയുമെല്ലാം പ്രേക്ഷകരുടെ മനസ്സിലേക്കു വരും ശൈവകാപാലികരുടെ ഈ കിരാതമായ നരമേധ നഗ്നതാണ്ഡവം കാണുമ്പോള്‍. 1984 ല്‍ ദില്ലിയില്‍ നടന്ന സിഖുവിരുദ്ധ വംശഹത്യ, 1992-96 കാലത്തു മുംബൈയില്‍ നടന്ന മുസ്ലീം വിരുദ്ധ ലഹളകള്‍, 2002 ലെ ഗുജറാത്ത് വംശഹത്യ എന്നിവയെല്ലാം നമ്മുടെ മനസ്സില്‍ നിലവിളിക്കും. വൈദികവും വര്‍ണാശ്രമപരവുമായ ബ്രാഹ്മണമതവും നൈതികവും മാനവികവും ജനായത്തപരവുമായ ബുദ്ധ, ജൈന മതങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ഭാഗമായി പ്രാചീന ഇന്ത്യയില്‍ തുടങ്ങിയ ഇത്തരം മതഹിംസയുടേയും പകവ്യവഹാരങ്ങളുടേയും പശ്ചാത്തലത്തില്‍ രാജപുരോഹിതര്‍ എന്ന നിലയില്‍ ബ്രാഹ്മണര്‍ നിര്‍ണായകമായ രാഷ്ട്രീയ അധികാര ശക്തിയായി വളരുകയായിരുന്നു. ചിത്രത്തില്‍ ഗംഭീരമായി ദൃശ്യവല്‍ക്കരിച്ചിരിക്കുന്ന രമേശ് വര്‍മ അവതരിപ്പിക്കുന്ന പ്രസേനജിത്തിനെ പോലുള്ള തെന്നിന്ത്യന്‍ ഭരണാധികാരികളും ബ്രാഹ്മണ്യത്തിന്റെ ചാതുര്‍വര്‍ണ്യത്തിനും ഋഗ്വേദത്തിലെ പുരുഷസൂക്തത്തിനും കീഴ്‌വഴങ്ങി ബൗദ്ധരെ ഹിംസിക്കുന്നതിനു മുന്നിട്ടിറങ്ങുന്നു. വംശഹത്യാപരമായ കാപാലിക ഹിംസയില്‍ പിടിച്ചു നില്‍ക്കാനാവാതെ സംഘം ഛിന്നഭിന്നമാകുന്നതും ഇരുട്ടിന്റേയും ജാതിയുടേയും ശക്തികള്‍ നടുനായകത്തം നേടുന്നതും എന്നാല്‍ ബുദ്ധധമ്മത്തിന്റെ ധര്‍മസമരം തുടരുന്നതുമായാണ് ചലച്ചിത്രാഖ്യാനം. 1956 ഒക്‌റ്റോബര്‍ 14 ന് നാഗ്പൂരിലെ ദീക്ഷാഭൂമിയില്‍ നാലുലക്ഷത്തോളം അനുയായികളുമായി അംബേദ്കര്‍ ബൗദ്ധ ധമ്മം സ്വീകരിക്കുന്ന ചരിത്രപരമായ മുഹൂര്‍ത്തത്തിന്റെ കരിവെള്ള ആര്‍ക്കൈവല്‍ ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടാണ് ചലച്ചിത്രം അവസാനിക്കുന്നത്.

ആദിമധ്യകാലങ്ങളില്‍ തെന്നിന്ത്യയിലാകെയും കേരളത്തില്‍ പ്രത്യേകിച്ചും ബ്രാഹ്മണാധീശത്വം ബൗദ്ധര്‍ക്കും ജൈനര്‍ക്കും എതിരായി തന്ത്രപൂര്‍വം ഉയര്‍ത്തിവിട്ട ഭക്തിപ്രസ്ഥാനപരമായ ശൈവകാപാലികരുടെ കിരാതമായ നരമേധങ്ങള്‍ ചിത്രത്തിലുടനീളം സ്ഥായിയായി വികസിപ്പിക്കുന്നുണ്ട്. ഭക്തിയുടെ ലഹരി മോന്തിയാല്‍ ഏതു കാപാലികത്വവും നടമാടും എന്ന ഇളങ്കുളത്തിന്റെ പ്രസ്താവം ഇവിടെ സ്മരണീയമാണ്. കൊടുങ്ങല്ലൂരും മതിലകത്തുമെല്ലാമുണ്ടായിരുന്ന ബൗദ്ധജൈനക്കോട്ടങ്ങളേയും വട്ടങ്ങളേയും ഭീമാകാരമായ ശിലാലിംഗം നാട്ടിയാഭാസപൂജകളും ജന്തുബലികളും തെറിപ്പാട്ടുകളും നടത്തിയാണ് ശൈവകാപാലികര്‍ ഹിന്ദുവല്‍ക്കരിച്ചെടുത്തത്. തികച്ചും പ്രതീകാത്മക ഹിംസയും ഭൗതിക ഹിംസയും നിറഞ്ഞതായിരുന്നു ഹിന്ദുവല്‍ക്കരണത്തിന്റെ രീതിശാസ്ത്രം. കഴുവേറ്റിക്കല്ലുകളും സ്ഥലങ്ങളും അശമന്നൂരും ത്രിക്കൊടിത്താനവുമുള്‍പ്പെടെ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. മതത്തിന്റെ പേരിലരങ്ങേറിയ ഈ കിരാത ഹിംസകളെ കാലികമായ വിമര്‍ശ മുന്നറിയുപ്പുകളോടെ നാടകീയമായി ദൃശ്യവല്‍ക്കരിക്കുകയാണ് ജി. അജയന്‍. ഹിംസയെ കാരിക്കേച്ചര്‍വല്‍ക്കരിക്കുന്നതിന്റെ ഒരു സംതുലന പ്രശ്‌നം ഉണ്ടെങ്കിലും തികച്ചും നിര്‍ണായകവും വര്‍ത്തമാന സന്ദര്‍ഭങ്ങളില്‍ വിമര്‍ശപ്രതിനിധാനശേഷി ഉള്ളതുമാണ് ത്രിശൂലങ്ങളും കാവിക്കോണകവും കൊടിതോരണങ്ങളുമായുള്ള കാപാലികരുടെ നരവേട്ട.

______________________________
ലാന്‍ഡ്‌സ്‌കേപ്പ് സിനിമ എന്ന ആധുനികോത്തരമായ ദൃശ്യാഖ്യാന ഭാവുകത്വത്തേയും ഗണത്തേയും മലയാളത്തിലാവിഷ്‌കരിക്കുന്ന ആത്മഗഹനവും ജൈവാര്‍ദ്രവുമായ ഒരു ചലച്ചിത്രവും കൂടിയായി ബോധി മാറുന്നു. തികച്ചും മാനവികവും നൈതികവുമാണീ പാരിസ്ഥിതിക-ചലച്ചിത്ര അനുഭവവും പ്രബുദ്ധതയുടെ അവബോധവും. പ്രകൃതിദൃശ്യങ്ങളും ജൈവപരിസ്ഥിതിയുടെ ഭാവങ്ങളും കഥാപാത്രങ്ങളുടെ മാനസികവും വൈകാരികവുമായ ചേതോവികാരങ്ങളുമായി ചേര്‍ത്തുവയ്ക്കുകയും പ്രേക്ഷക മനസ്സില്‍ തന്നെ ഹര്‍ഷപുളകങ്ങളുടെ സ്ഥായിയും ഗാഢവുമായ ചമല്‍ക്കാരങ്ങള്‍ ചമയ്ക്കുകയും ചെയ്യുന്ന ഒരു പുതിയ മാനവീയമായ പാരിസ്ഥിതിക ചലച്ചിത്രണം തന്നെയാണിതെന്നു കാണാം. സൂക്ഷ്മ, സ്ഥൂല ചരാചരങ്ങളേയും സമഭാവനയോടെ കാണുന്ന സര്‍വാശ്ലേഷപരമായ മൈത്രിയും മുദിത്വവും കരുണയും സാക്ഷാല്‍ക്കരിക്കുന്ന ഒരു ബൗദ്ധനവയാനമായി ചലച്ചിത്രത്തെ മാറ്റിത്തീര്‍ക്കുകയുമാണ് പ്രബുദ്ധനായ യുവകലാകാരന്‍.
______________________________

  • പൊതിയില്‍ മലകളും ബോധിമേടുകളും പരിസ്ഥിതി ചലച്ചിത്രണവും

ഇന്ത്യയിലെ സാമൂഹ്യപ്രസക്തമായ സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ പാഠങ്ങളെ ആസ്പദമാക്കിയാണ് കഥയും തിരക്കഥയും ജി. അജയന്‍ തന്നെ നിര്‍വഹിച്ചിരിക്കുന്നത്. ഭാസി ഇരുമ്പനമാണ് നിര്‍മാണത്തിനു പിന്നില്‍. ബുദ്ധ ധമ്മത്തിന്റെ ചരിത്രവും രാഷ്ട്രീയവും ചോരാതെ നവയാനത്തിന്റെ ഭാവികളെ സ്വപ്നം കാണുന്ന തിരക്കഥയാണിത്. സംഭാഷണങ്ങളും തികച്ചും ഉചിതവും സമഭാവനയുടേയും സാഹോദര്യത്തിന്റേയും തുല്യതയുടേയും മനുഷ്യമഹത്വത്തിന്റേയും സന്ദേശ വ്യക്തതയുള്ളതുമാണ്. കഥാപാത്ര നിര്‍മിതിയിലും കാസ്റ്റിങ്ങിലും സൂക്ഷ്മശ്രദ്ധയും മികവും പുലര്‍ത്തിയിരിക്കുന്നു. നായികയായ മാതംഗിയായി നര്‍ത്തകിയും യുവനടിയുമായ പൂജ വിജയന്‍ ഉജ്വലമായ അഭിനയം കാഴ്ച്ചവച്ചിരിക്കുന്നു. അന്ത്യജയില്‍ നിന്നും ഭിക്ഷുണിയിലേക്കുള്ള പരിണാമം പൂജ തന്റെ ഭാവഹാവാദികളില്‍ അയത്‌നലളിതമായി വികസിപ്പിക്കുന്നു. ആനന്ദനായി ബാബു അന്നൂരും രാജാവായി രമേശ് വര്‍മയും ശ്രദ്ധേയമായ ശബ്ദസാന്നിധ്യങ്ങളാകുന്നു. താരമൂല്യമേറിയ അഭിനേതാക്കളെ ഒഴിവാക്കി അഭിനയത്തികവിലും സൂക്ഷ്മമായ പാത്രരചനയിലും ഊന്നുകയാണ് സംവിധായകന്‍. തന്റെ നാടക പ്രവര്‍ത്തനത്തിന്റെ തന്നെ കാലികമായ തുടര്‍ച്ചയായി അദ്ദേഹം ചലച്ചിത്രാവിഷ്‌കാരത്തേയും പ്രബുദ്ധമായി മാറ്റിത്തീര്‍ത്തിരിക്കുന്നു. തികച്ചും നവീനവും ദൃശ്യവിസ്മയമുണര്‍ത്തുന്നതുമായ ആഖ്യാനാവിഷ്‌കാരമാണ് ബോധിയെന്ന ചലച്ചിത്രത്തെ ഇവിടെ സംവിധായകന്റെ പ്രതിഭാസ്പര്‍ശമുള്ള സര്‍ഗാത്മക സൃഷ്ടിയാക്കുന്നത്. വാഗമണ്‍, പീരുമേട് തുടങ്ങിയ മാനംമുട്ടുന്ന പുല്‍മേടുകളിലാണ് ചിത്രീകണം നടത്തിയിരിക്കുന്നത്.

മധ്യകാലങ്ങള്‍ വരെ നിരവധി ബൗദ്ധകേന്ദ്രങ്ങളും കന്യാമഠങ്ങളും ഒളിഞ്ഞും തെളിഞ്ഞും പിടിച്ചുനിന്ന പൊതിയില്‍മലയും ബോധിമലയുമെല്ലാം ഉള്‍പ്പെടുന്ന കേരളത്തിലെ പശ്ചിമഘട്ടത്തിലാണ് പല അവിസ്മരണീയമായ രംഗങ്ങളും സാക്ഷാല്‍ക്കരിച്ചിരിക്കുന്നത്. സംഘകാല പഴന്തമിഴ് സാഹിത്യത്തിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നായ ചിലപ്പതികാരത്തിലെ നായികയായ കണ്ണകി മദുരൈ നഗരം എരിച്ചതിനുശേഷം മലകൂടത്തിനു മുകളില്‍ കുമളിക്കടുത്തുള്ള ബുദ്ധകന്യാമഠത്തില്‍ അഭയം പ്രാപിച്ചതായി കരുതപ്പെടുന്നു. ഈ കന്യകാവ് പിന്നീട് മംഗളാദേവിക്കോട്ടമായി. സമാനമായ രീതിയിലാണ് കല്ലും കാറ്റും നിറഞ്ഞ ഹംപിയില്‍ ചിത്രീകരിച്ച ആദ്യത്തെ ഊഷരവും വര്‍ണബദ്ധവുമായ ജാതിസ്വരാജ്യത്തിലെ ദൃശ്യങ്ങള്‍ക്കു ശേഷം ആനമലകളിലേക്കുള്ള കയറ്റവും വിസ്തൃതമായ ചക്രവാളത്തിന്റേയും ഹരിതാഭമായ ഭൂമിയുടേയും നീലിമയാര്‍ന്ന വാനവരമ്പുകളുടേയും ആകാശക്കാഴ്ച്ചകളും. സൂര്യനും സൂര്യവെളിച്ചവും നിതാന്തമായ ബുദ്ധസാന്നിധ്യമാകുന്നു. നായികയുടെ മുഖത്തും കണ്ണുകളിലും പ്രതിബിംബിക്കുന്ന സൂര്യവെളിച്ചമാണ് പ്രബുദ്ധതയുടെ പ്രകാശചിഹ്നമായി സംവേദനം ചെയ്യപ്പെടുന്നത്. ജി. അജയന്‍ എന്ന കലാകാരന്റെ സവിശേഷമായ ദൃശ്യബോധവും പ്രതീകാത്മകമായ ജ്ഞാനാവബോധവും പ്രേക്ഷകരിലേക്കു സംക്രമിക്കുന്ന ഇടങ്ങളാണിവ. മേഘങ്ങളുമ്മവയ്ക്കുന്ന ആനമലകളിലെ ബോധിമേടും ബോധിമലനിരകളും ബോധിനായകനൂരു പോലെ തോന്നുന്ന താഴ്‌വാരങ്ങളില്‍ നിഴലിക്കുന്ന മേഘസഞ്ചാരവുമെല്ലാം വളരെ ജൈവസാന്ദ്രമായും ദൃശ്യചാരുതയോടെയും പകര്‍ത്തിയിരിക്കുന്നു. തികച്ചും വിസ്മയകരവും കേരളീയമായ പ്രകൃതിയെ ജൈവസാന്ദ്രമായി തൊട്ടുണര്‍ത്തുന്നതുമാണ് അജയന്റെ പ്രകൃതിദൃശ്യ ചലച്ചിത്രണം.

ലാന്‍ഡ്‌സ്‌കേപ്പ് സിനിമ എന്ന ആധുനികോത്തരമായ ദൃശ്യാഖ്യാന ഭാവുകത്വത്തേയും ഗണത്തേയും മലയാളത്തിലാവിഷ്‌കരിക്കുന്ന ആത്മഗഹനവും ജൈവാര്‍ദ്രവുമായ ഒരു ചലച്ചിത്രവും കൂടിയായി ബോധി മാറുന്നു. തികച്ചും മാനവികവും നൈതികവുമാണീ പാരിസ്ഥിതിക-ചലച്ചിത്ര അനുഭവവും പ്രബുദ്ധതയുടെ അവബോധവും. പ്രകൃതിദൃശ്യങ്ങളും ജൈവപരിസ്ഥിതിയുടെ ഭാവങ്ങളും കഥാപാത്രങ്ങളുടെ മാനസികവും വൈകാരികവുമായ ചേതോവികാരങ്ങളുമായി ചേര്‍ത്തുവയ്ക്കുകയും പ്രേക്ഷക മനസ്സില്‍ തന്നെ ഹര്‍ഷപുളകങ്ങളുടെ സ്ഥായിയും ഗാഢവുമായ ചമല്‍ക്കാരങ്ങള്‍ ചമയ്ക്കുകയും ചെയ്യുന്ന ഒരു പുതിയ മാനവീയമായ പാരിസ്ഥിതിക ചലച്ചിത്രണം തന്നെയാണിതെന്നു കാണാം. സൂക്ഷ്മ, സ്ഥൂല ചരാചരങ്ങളേയും സമഭാവനയോടെ കാണുന്ന സര്‍വാശ്ലേഷപരമായ മൈത്രിയും മുദിത്വവും കരുണയും സാക്ഷാല്‍ക്കരിക്കുന്ന ഒരു ബൗദ്ധനവയാനമായി ചലച്ചിത്രത്തെ മാറ്റിത്തീര്‍ക്കുകയുമാണ് പ്രബുദ്ധനായ യുവകലാകാരന്‍. വെളിച്ചത്തേയും പ്രകൃതിയിലെ നിഴലുകളേയും നിറങ്ങളേയും സ്വരഭേദത്തോടെയും വൈപുല്യത്തോടെയും ഉപയോഗിക്കുന്ന ബോധിയുടെ പാരിസ്ഥിതികോര്‍ജവും ആര്‍ജവത്വവും പെരിയ ചിത്രപടത്തിലുള്ള പ്രതിനിധാനവും തികച്ചും ബഹുസ്വരവും നൈതികവും ഭവിഷ്യോന്മുഖവുമാണ്. ചിത്രത്തിലെ ഒരു രംഗം സൂചിപ്പിക്കുന്നതുപോലെ സൂര്യോദയത്തിനു തൊട്ടുമുമ്പുള്ള പ്രകൃതിഭാവങ്ങളെ ഭംഗിയായി പകര്‍ത്തിക്കൊണ്ട് വരുംകാലങ്ങളിലെ മനുഷ്യോദയത്തേയും ജാതിവിടുതിയേയും കടന്നുകാണുകയും പ്രവചിക്കുകയുമാണ് ബോധി.

  • കാവും അസ്പൃശ്യകന്യകയും പോതിയും

തൊട്ടുകൂടാത്തവളായ ചണ്ഡാളക്കിടാത്തിയാണ് കന്യകാവ് അഥവാ കന്യാസ്ത്രീയായി മാറുന്ന മാതംഗി. ശൂദ്രരേയും പെണ്ണുങ്ങളേയും തൊട്ടുകൂടാത്തവരായ അവര്‍ണരേയും ഗോതമന്‍ സംഘത്തില്‍ ചേര്‍ത്തു. ജാതിയേയും ബ്രാഹ്മണ്യത്തേയും ചാതുര്‍വര്‍ണ്യത്തേയും അദ്ദേഹം ഇങ്ങനെ സഫലമായി വെല്ലുവിളിച്ചു. ആനന്ദനുമായുള്ള ദീരഘസംവാദത്തെ തുടര്‍ന്നാണ് സ്ത്രീകളെ സംഘത്തില്‍ ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറായത്. എം. ആര്‍. ഗോപകുമാര്‍ അവതരിപ്പിക്കുന്ന ശൂദ്രന്റെ വേഷം പരാമര്‍ശമര്‍ഹിക്കുന്നു. ജനഭാഷയായ പാലി ഉപയോഗിച്ചതും സ്ത്രീകളെ മിഷനറിമാരാക്കിയതുമാണ് ശാക്യമുനിയുടെ ദീര്‍ഘദര്‍ശിത്തം. പൂജയവതരിപ്പിക്കുന്ന മാതംഗിയെന്ന ചണ്ഡാല കന്യകയാണ് ബോധിയിലെ നായിക. ഇതാശാനുപയോഗിച്ച പേരാണ്. ടാഗോര്‍ പ്രകൃതി എന്ന പേരാണുപയോഗിച്ചത്. രണ്ടു സാഹിത്യ രചനകളിലും ആനന്ദനെന്ന ബുദ്ധന്റെ സഹചാരിയും പ്രധാനശിഷ്യനുമായ ഭിക്ഷുവാണ് ഏതാണ്ട് നായകസ്ഥാനത്തേക്കു കടന്നു വരുന്നത്. ജി. അജയന്റെ ബോധിയില്‍ ആനന്ദന്‍ ശക്തമായ ഒരു കഥാപാത്രവും സാന്നിധ്യവുമാണ്. എന്നാല്‍ ബാബു അന്നൂരിന്റെ ഗാംഭീര്യമുള്ള ആനന്ദന്‍ ഒരിക്കലും കേന്ദ്രപാത്രമായോ നായകനായോ നിറഞ്ഞാടുന്നില്ല. തിലകനെ പോലെ ഒതുക്കിയും മുറുക്കിയും തന്റെ പാത്രത്തെ വികേന്ദ്രിതമായി ബോധിയില്‍ ലയിപ്പിക്കുകയാണ് നടന്‍. സംവിധായകന്റെ രേഖീയമല്ലാത്ത ആഖ്യാനവും ഒരു കേന്ദ്രീകൃത പുരുഷനായകനെ അസ്ഥാനത്താക്കുന്നു. ബുദ്ധനെ പോലും നേരിട്ടു കാണിക്കുന്നില്ല. വിശ്വപ്രകൃതിയായ ബുദ്ധനെ കുറിച്ച് ആനന്ദന്റെ ആദരപരാമര്‍ശമുണ്ട്. വിടരുന്ന പ്രകൃതിയുടെ ദൃശ്യങ്ങളും ശബ്ദങ്ങളും അതിനകമ്പടിയാകുന്നു. വിരാടപുരുഷനായും ഇന്ത്യന്‍ റാം(ബോ) ആയും വാളും വീശി മഞ്ചത്തിലേറി വരുന്ന രമേശ് വര്‍മയെന്ന നാടകകാരന്‍ സമര്‍ഥമായും കിടിലം കൊള്ളിക്കുന്ന രീതിയിലും അവതരിപ്പിച്ചിരിക്കുന്ന പ്രസേനജിത്തെന്ന പുംഗവന്‍ ആനന്ദന്റെ മഞ്ഞക്കൊണദോഷമെന്നു നാട്ടിന്‍പുറത്തു പറയുന്ന ധമ്മബോധനം കേട്ട് വെറും ഇളിഭ്യനും ആട്ടിന്‍കുട്ടിയെ പോലെ ചകിതനും ശാന്തനുമാകുന്നു.
ആണത്തത്തിന്റേയും അതിന്റെ കീഴാള വിരുദ്ധമായ ഹിംസാകാമനയുടേയും വിമര്‍ശവും നിരാസവുമാണ് ചലച്ചിത്രണത്തിന്റെ വിവക്ഷ. ബുദ്ധനെ കുറിച്ചുള്ള ഒരു ചലച്ചിത്രത്തില്‍ തന്നെ ഒരവതാര പുരുഷനായും ദൈവമായും തഥാഗതനെ പുനരവതരിപ്പിക്കാതെ സ്വന്തം വിദ്യാര്‍ഥികളിലൂടെയും ബോധമുള്ള അനുയായികളിലൂടെയും ഒരു ജനായത്തമൂല്യമണ്ഡലമായും വിമോചന സംസ്‌കാരമായും ഗൗതമനെ അവതരിപ്പിക്കുകയാണ് ബോധി. തികച്ചും തേരാവാദ തത്വചിന്തയിലടിയുറച്ചതാണ് ജി. അജയന്റെ ചിഹ്നശാസ്ത്രവും ചലച്ചിത്ര സമീക്ഷയുമെന്നു കാണാം. പ്രതീകങ്ങളിലൂടെ മാത്രം ജിനമുനിയെ മനുഷ്യമനസ്സിലുണര്‍ത്തിയെടുക്കുന്ന നീതിയുടെ കാവ്യമീമാംസയാണത്. പുരുഷനായകന്മാരെ പാടെ അപ്രസക്തമാക്കുന്ന ഒരു പെണ്‍നായികയെയാണ് നാമിവിടെ കാണുന്നത്. രാഗദ്വേഷങ്ങളെ മറികടക്കുകയും ബോധോദയത്തിലേക്കു നടക്കുകയും ചെയ്യുന്ന ഒരു തൊട്ടുകൂടാത്ത പെണ്‍ബുദ്ധയെ ആണു നാം പൂജയില്‍ കാണുന്നത്. പൂജയുടെ നോക്കും വാക്കും ശീരീരചലനങ്ങളും മഞ്ഞനിറമാര്‍ന്ന ഉത്തരീയത്തിന്റെ അലകളും ഇളക്കങ്ങളും പോലും ഭാവസൂചനകളോടെ സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. ഭ്രഷ്ടയായ ഈ പോതിയെയാണ് ബോധി എന്ന ചലച്ചിത്രത്തിന്റെ സവിശേഷനാമം സൂചിപ്പിക്കുന്നത്. തോമസുകുട്ടിയുടെ ”സ്ത്രീബുദ്ധന്‍” എന്ന കവിത നാമോര്‍ക്കാം. ആണത്തത്തേയും പെണ്ണത്തത്തേയും മറികടക്കുന്ന പ്രബുദ്ധതയുടെ ഇന്ത്യന്‍ പാരമ്പര്യമാണ് ഗൗതമനിലും മഹാവീരനിലും ജാതിയേയും ബ്രാഹ്മണ്യത്തേയും വേദത്തേയും നിരാകരിച്ച എണ്ണമില്ലാത്ത ഇന്ത്യന്‍ അമണ മുനിപരമ്പരകളിലും നാം കാണുന്നത്. അവരെല്ലാം ആണുംപെണ്ണുമല്ലാത്ത സുന്ദരരൂപികളും ദിഗംബരരും ശ്വേതാംബരരുമാണ്. താടിയും മീശയും വളര്‍ത്തിയ പുത്തരേയോ തീര്‍ഥങ്കരന്മാരേയോ നാം കണ്ടിട്ടില്ല. അവര്‍ ആണും പെണ്ണും അല്ലാത്തതുമെല്ലാമാകുന്നു. അകവും പുറവും തിങ്ങുന്ന കാരുണ്യവും മൈത്രിയുമാണവര്‍. പൗരോഹിത്യ ആണ്‍കോയ്മയും ആണത്തലിംഗ കാപാലികരുമാണ് പുരുഷദൈവങ്ങളേയും സ്ത്രീദൈവങ്ങളേയും പടച്ചുണ്ടാക്കി ജാതി വ്യവസ്ഥ പോലെ തന്നെ കാറ്റും വെളിച്ചവും വെള്ളവും കേറാത്ത ഒരു മേല്‍കീഴ് ലിംഗവ്യവസ്ഥയും ഇന്ത്യയില്‍ സ്ഥാപിച്ചത്. ജാതി ശ്രേണിയും ലിംഗ ശ്രേണിയുമാണ് ബ്രാഹ്മണിക ആണ്‍കോയ്മ എന്ന ഇന്ത്യന്‍ അധീശത്തത്തിന്റെ രണ്ടു സ്വഭാവങ്ങള്‍. ഈ ഇരുതലമൂര്‍ച്ചയുള്ള വാളിനാലാണ് ഇന്ത്യന്‍ സാമൂഹ്യ ശരീരത്തെ ബ്രാഹ്മണമതം തലങ്ങും വിലങ്ങും വെട്ടിക്കീറിയത്. ജാതിയില്ലാത്ത ഒരു ഹിന്ദുമതം സഹോദരനയ്യപ്പന്‍ പറഞ്ഞപോലെ ഉപ്പില്ലാത്ത സമുദ്രം പോലെ അസാധ്യമാണ്. ആന്തരാധിനിവേശമായ ആ പിളര്‍പ്പിന്റെ മുറിവുണക്കാന്‍ ബോധിയുടെ നൈതിക സമഭാവനയ്ക്കും ജൈവസാഹോദര്യത്തിനും മാത്രമേയാവൂ. ബ്രാഹ്മണഹിന്ദുമതത്തിന്റെ ജാതിലിംഗ അസമത്വങ്ങളെ മറികടക്കുന്ന ഒരു ബോധ്യവും ബോധോദയവും ബോധനവുമാകുന്നു ബോധി എന്ന ചലച്ചിത്രം. കൂടുതല്‍ ഗ്രാമ്യവും തെന്നിന്ത്യനുമായ പോതിയെന്നും ഈ അപൂര്‍വ സാംസ്‌കാരിക രാഷ്ട്രീയ നിര്‍മിതിയെ വിളിക്കാവുന്നതാണ്. പോതിയും പുത്തനും പോതിയിലും (ബോധിയില്‍ അഥവാ പോതിയില്‍ മലയെന്ന ഇന്നത്തെ അകത്തിയകൂടവും പൊതിയില്‍ എന്ന കോട്ടയത്തിനു തെക്കുള്ള ചാക്യാര്‍ കുടുംബവും) പരക്കുന്ന നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പൊലിക്കുന്ന പോതമാണ് പോതി അഥവാ ബോധി. ഹിന്ദു സംസ്‌കാര ദേശീയവാദം ഫാഷിസം തന്നെയായിമാറുന്ന വര്‍ത്തമാന ജീവിത പ്രതിസന്ധിയില്‍ പോതിയുടെ പ്രബുദ്ധതയുടെ ധമ്മമാര്‍ഗം ഇന്ത്യന്‍ സമൂഹത്തേയും ലോകത്തേയും തന്നെ വഴിനടത്തുന്നതാണ്. ഇന്ത്യയുടെ ആ പ്രബുദ്ധ സംസ്‌കാരത്തെ നമുക്കു വീണ്ടെടുക്കാം. പോതിമരങ്ങള്‍ നമ്മുടെ മണ്ണിലും മനസ്സിലും വളരട്ടെ. ആണും പെണ്ണും കറുത്തതും വെളുത്തതും അല്ലാത്തതുമെല്ലാമായ ബഹുലമായ ബോധികളാണ് ഈ ചലച്ചിത്രം തുറക്കുന്നത്.
______________________
ഡോ. അജയ് ശേഖര്‍, അസി. പ്രൊഫസര്‍, ഇംഗ്ലീഷ് വിഭാഗം, സംസ്‌കൃത സര്‍വകലാശാല, കാലടി.

Top