കെജ്‌രിവാളിന്റെ ചൂല്

February 19, 2015

ഗ്രാമപഞ്ചായത്തുകളുടെ ഹിംസാത്മകതയെ കുറിച്ച്‌ പറഞ്ഞിട്ടുള്ള അംബേദ്കറുടെ വാക്കുകള്‍ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് കെജ്രിവാള്‍ തന്‍െറ ‘സ്വരാജ്’ മുന്നോട്ടുവെക്കുന്നത്. അതുകൊണ്ട്, ബി.ജെ.പിയുടെ അക്രമരാഷ്ട്രീയത്തെ കെജ്രിവാളിന്‍െറ ചൂല് തൂത്തുവാരിയെന്ന് ആഘോഷിക്കുമ്ബോള്‍തന്നെ ഈ രണ്ട് രാഷ്ട്രീയങ്ങളും ബ്രാഹ്മണാധിപത്യത്തിന്‍െറ രണ്ട് വ്യത്യസ്ത മുഖങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് തിരിച്ചറിയുന്നതും വളരെ പ്രധാനമാണ്. വാസ്തവത്തില്‍ ഫൂലെ, അംബേദ്കര്‍ എന്നിവര്‍ മുന്നോട്ടുവെച്ച കീഴാള വായനകളുടെയും ഇന്നത്തെ ദലിത ബഹുജന വ്യവഹാരങ്ങളുടെയും കണ്ണിലൂടെനോക്കുമ്ബോള്‍ ഒരുകാര്യം വ്യക്തമാണ്: ജാതിവ്യവസ്ഥക്കെതിരെയുള്ള നിരവധി മുന്നേറ്റങ്ങളെയും ഇസ്ലാം, ക്രിസ്തുമതങ്ങളുടെ സ്വാഭാവികവളര്‍ച്ചയും തടഞ്ഞുകൊണ്ടുള്ള ഗാന്ധിയന്‍ രാഷ്ട്രീയത്തെ തന്നെയാണ്, ഇന്നത്തെ നിയോലിബറല്‍ / പോസ്റ്റ് മണ്ഡല്‍ കാലഘട്ടത്തിനുവേണ്ടി കെജ്രിവാളും ആപ്പും പുനരവതരിപ്പിക്കുന്നത്.

‘കെജ്രിവാളിന്റെ ചൂല്’ ഇലക്ഷന്‍ തൂത്തുവാരിയിരിക്കുകയാണ്. മോദിയുടെ ഹിംസാത്മകമായ രാഷ്ട്രീയത്തിനെതിരെ ആപ്പും കെജ്രിവാളും മാത്രമാണ് ഒരേയൊരു തട എന്ന അഭിപ്രായം വളരുമ്പോള്‍, ആപ്പിന്റെ ഭാഗത്ത് നില്‍ക്കുക എന്നതത് ബി.ജെ.പി.യുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ഒരാവശ്യമായി തീര്‍ന്നിരിക്കുന്നു. ഇങ്ങനെയൊരാവശ്യം നിലനില്‍ക്കുമ്പോള്‍/ നിര്‍മ്മിക്കപ്പെടുമ്പോള്‍ തന്നെ, ആപ്പിന്റെയും അതിനെ നയിക്കുന്ന കെജ്രിവാളിന്റെയും രാഷ്ട്രീയമുയര്‍ത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുക എന്നതും തീര്‍ത്തും അത്യാവശ്യമാണ്.
വിവരാവകാശ ആക്ടിവിസവും 2010 മുതല്‍ അണ്ണാ ഹസാരെയുടെ കൂടെയുള്ള ‘അഴിമതി വിരുദ്ധ’ പോരാട്ടങ്ങളുമാണ് കെജ്രിവാളിനെയും ആപ്പിനെയും ഉണ്ടാക്കിയെടുക്കുന്നത്. ഭരണകൂടങ്ങളെ നിയന്ത്രിച്ചുനിര്‍ത്താനും അടിസ്ഥാനവര്‍ഗങ്ങളുടെ സമരങ്ങളെ വീര്യം കെടുത്താനുമുള്ള ലോകബാങ്കിന്റെ നിയോ ലിബറല്‍ അജണ്ടയുടെ ഭാഗമായാണ് 90 കളുടെ അവസാനം അഴിമതി വിരുദ്ധത എന്ന പുതിയ വ്യവഹാരമുണ്ടായി വരുന്നത്. ഇങ്ങനെയൊരു വ്യവഹാരത്തെയാണ് ഡല്‍ഹിയില്‍ നടന്ന നീണ്ട സമരത്തിലൂടെ അണ്ണാ ഹസാരെ, കെജ്രിവാള്‍, കിരണ്‍ബേദി എന്നിവര്‍ ഒരു ജനകീയ പ്രക്ഷോഭമാക്കിമാറ്റുന്നത്.
ആദ്യം മുതലേ, കീഴാളചിന്തകരും ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥിസംഘടനകളും ഇവരുടെ ഉപരിവിപ്ലവമായ വാദങ്ങളെ എതിര്‍ത്തിരുന്നു. കാഞ്ച ഐലയ്യ അണ്ണാ ഹസാരെയുടെ രാഷ്ട്രീയത്തെ ‘സോഷ്യല്‍ ഫാഷിസ’മെന്നുപോലും വിളിച്ചു. അതുപോലെ തന്നെ അണ്ണാ ഹസാരെയും കൂട്ടരും മുന്നോട്ട് വെച്ച ലോക്പാല്‍ബില്‍ കീഴാളരെ തന്നെയാണ് അവസാനം ജയിലില്‍ അടയ്ക്കുക എന്നും, ഇത് നമ്മുടെ ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന ഒന്നാണെന്നും തുടങ്ങിയ നിരവധി ദലിത്-ബഹുജന വായനകളും വന്നു. (rountable.co.in എന്ന ബ്ലോഗില്‍ ഇതിനെ കുറിച്ച് വന്ന ലേഖനങ്ങള്‍ കാണുക). എന്നാല്‍ ഇവിടെ ശ്രദ്ധേയമായ മറ്റൊരു വസ്തുതയിതാണ് : ഇങ്ങനെയൊരു ‘അഴിമതി വിരുദ്ധ’ വ്യവഹാരം തന്നെയാണ് കീഴാളരാഷ്ട്രീയങ്ങളെ ഇല്ലാതാക്കി മോദിയുടെ ദേശീയതലത്തിലേക്കുള്ള വളര്‍ച്ചയെ സാധ്യമാക്കിയത്.
ജാതി, മതം, വര്‍ഗം, പ്രദേശം, ലിംഗബോധം, ഭാഷ എന്നിങ്ങനെ നിരവധി അധികാരങ്ങളെക്കുറിച്ച് പറയാതെയാണ്/പറയാതിരിക്കാനാണ് ‘അഴിമതി’വിരുദ്ധ വ്യവഹാരങ്ങള്‍ ഉണ്ടായിവരുന്നത്. പലപ്പോഴുമിത് കീഴാളരെയും അവരുടെ രാഷ്ട്രീയത്തെയുമാണ് ‘അഴിമതി’ എന്ന നിര്‍വചനത്തിനുകീഴെ കൊണ്ടുനിര്‍ത്തുന്നത്. ഇത്തരം വ്യവഹാരങ്ങള്‍ ഉണ്ടായിവരുന്നതിനുമുമ്പ്, കോണ്‍ഗ്രസ്സിന്റെ 10 വര്‍ഷത്തെ ഭരണത്തിനുശേഷം പ്രാദേശിക പാര്‍ട്ടികള്‍ക്കും ദളിത്  ബഹുജന പാര്‍ട്ടികള്‍ക്കും കൂടുതല്‍ പ്രാധാന്യമുള്ള ഒരു സഖ്യകക്ഷി രാഷ്ട്രീയത്തെക്കുറിച്ചാണ് എല്ലാവരും സംസാരിച്ചിരുന്നത്.

ഇവിടെ ‘പാവപ്പെട്ടവരുടെ’ വിഷമം കണ്ടു അവരെ സഹായിക്കാന്‍ ഇറങ്ങിച്ചെല്ലുന്ന ഒരു ത്യാഗവാനായിട്ടാണ് കെജ്രിവാള്‍ അവതരിക്കുന്നത്. ഇതിലൂടെ വാസ്തവത്തില്‍ ഈ ‘പാവപ്പെട്ടവരുടെ’ സ്വരമാണ് ഒരുതരത്തിലും പാവപ്പെട്ടവനല്ലാത്ത കെജ്രിവാള്‍ സ്വന്തമാക്കുന്നത്, അഥവാ അപഹരിക്കുന്നത്. ചേരികളില്‍ ജനിച്ചുവളര്‍ന്നു അവിടെ തന്നെ സാമൂഹിക പ്രവര്‍ത്തനം ചെയ്യുന്നവരുടെ രാഷ്ട്രീയങ്ങളും, ഡല്‍ഹിയില്‍ വളര്‍ന്നുകൊണ്ടിരുന്ന ദലിതബഹുജന പാര്‍ട്ടിയായ ബി.എസ്.പി.യുടെ ഉയര്‍ച്ചയുമാണ് ഇവിടെ ഇല്ലാതെ ആകുന്നത്. ഡല്‍ഹിയിലെ ചേരി പ്രദേശങ്ങളിലും മറ്റും ദശകങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന വാല്മീകി സമുദായത്തിലെ ചില നേതാക്കന്മാര്‍ പറയുന്നത്, മീഡിയയുടെ സഹായത്തോടെ തങ്ങളുടെ 20 വര്‍ഷത്തെ രാഷ്ട്രീയമാണ് ഏതാനും ചില ദിവസങ്ങള്‍ കൊണ്ട് കെജ്രിവാളും കൂട്ടരും ഇല്ലാതാകുന്നത് എന്നാണ്.

പലരും (മാധ്യമങ്ങള്‍ പോലും) ഇങ്ങനെയൊരു രാഷ്ട്രീയത്തിന്റെ ഭാഗമായി മായാവതി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരുമെന്നുവരെ പറയുമായിരുന്നു. എന്നാല്‍, വൈകാതെ തന്റെ ഭരണകാലത്ത് ഒരൊറ്റ കലാപം പോലും നടത്താന്‍ സമ്മതിക്കാതെ, നിരവധി തലങ്ങളില്‍ മികച്ചഭരണം കാഴ്ചവെച്ച മായാവതിയെ ജാതീയമായ മീഡിയ തികഞ്ഞ അഴിമതിക്കാരിയായി മുദ്രകുത്തി മാറ്റി നിര്‍ത്തി. അതേസമയം, ഈ വ്യവഹാരങ്ങള്‍ തന്നെ ഗുജറാത്തില്‍ മുസ്ലീം വംശഹത്യക്ക് കൂട്ടുനിന്ന നരേന്ദ്രമോദിയെ കോണ്‍ഗ്രസ്സ് ഭരണത്തിനുകീഴെ അഴിമതിയില്‍ മുങ്ങിത്താണ ഒരു രാഷ്ട്രത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ കെല്പ്പുള്ള ഒരു നേതാവായി ഉയര്‍ത്തി. ചുരുക്കിപ്പറഞ്ഞാല്‍, ഇതിനുമുമ്പേ പലരും പറഞ്ഞിട്ടുള്ളതുപോല, ഹസാരെയും കൂട്ടരും ഉയര്‍ത്തിയ അഴിമതിവിരുദ്ധ രാഷ്ട്രീയം തന്നെയാണ് ബി.ജെ.പി.യുടെ ഉയര്‍ച്ചയിലേക്ക് നയിച്ചത്. അണ്ണാഹസാരെയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച പത്ര-ദൃശ്യമാധ്യമങ്ങളും/നവമാധ്യമങ്ങളിലെ സവര്‍ണരും തന്നെയാണ്/മോദിയെ ഇന്ത്യയുടെ രക്ഷകനായി ഉയര്‍ത്തിയത്. ഇങ്ങനെയൊരു രാഷ്ട്രീയത്തില്‍ നിന്ന് ഉണ്ടായിവന്ന കെജ്രിവാളാണ് ഇന്ന് മോദിയെ എതിര്‍ക്കാന്‍ കെല്പുള്ള ഒരേയൊരു നേതാവായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്.
വാസ്തവത്തില്‍, സ്വാതന്ത്ര്യാനന്തര കീഴ്ജാതി രാഷ്ട്രീയത്തിന് വളരെ പ്രധാനമായ സംവരണത്തെക്കുറിച്ച് (ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രമേ സംവരണം നല്‍കാന്‍ പാടുള്ളു. പാവപ്പെട്ട കീഴ്ജാതിക്കാര്‍ക്കും ഗ്രാമീണര്‍ക്കുമാണ് സംവരണം വേണ്ടത് എന്നിങ്ങനെ) വളരെ ജാതീയമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരു പഴയ ‘യൂത്ത് ഫോര്‍ ഇക്വാലിറ്റി’ക്കാരനാണ് (മണ്ഡലവിരുദ്ധ വിദ്യാര്‍ത്ഥിസംഘം) കെജ്രിവാള്‍. എന്നിരുന്നാലും ഡല്‍ഹിയിലെ വാല്മീകി ജാതിക്കാരുടെ തൊഴിലിനെ പ്രതിപാദിക്കുന്ന ‘ചൂല്’ തങ്ങളുടെ ചിഹ്നമാക്കിയും ചേരികളിലും അനധികൃത കോളനികളിലും ‘സേവനം’ ചെയ്തുമാണ് കെജ്രിവാള്‍ സ്വന്തം രാഷ്ട്രീയം ഉണ്ടാക്കിയെടുക്കുന്നത്. ഇവിടെ ‘പാവപ്പെട്ടവരുടെ’ വിഷമം കണ്ടു അവരെ സഹായിക്കാന്‍ ഇറങ്ങിച്ചെല്ലുന്ന ഒരു ത്യാഗവാനായിട്ടാണ് കെജ്രിവാള്‍ അവതരിക്കുന്നത്. ഇതിലൂടെ വാസ്തവത്തില്‍ ഈ ‘പാവപ്പെട്ടവരുടെ’ സ്വരമാണ് ഒരുതരത്തിലും പാവപ്പെട്ടവനല്ലാത്ത കെജ്രിവാള്‍ സ്വന്തമാക്കുന്നത്, അഥവാ അപഹരിക്കുന്നത്. ചേരികളില്‍ ജനിച്ചുവളര്‍ന്നു അവിടെ തന്നെ സാമൂഹിക പ്രവര്‍ത്തനം ചെയ്യുന്നവരുടെ രാഷ്ട്രീയങ്ങളും, ഡല്‍ഹിയില്‍ വളര്‍ന്നുകൊണ്ടിരുന്ന ദലിതബഹുജന പാര്‍ട്ടിയായ ബി.എസ്.പി.യുടെ ഉയര്‍ച്ചയുമാണ് ഇവിടെ ഇല്ലാതെ ആകുന്നത്. ഡല്‍ഹിയിലെ ചേരി പ്രദേശങ്ങളിലും മറ്റും ദശകങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന വാല്മീകി സമുദായത്തിലെ ചില നേതാക്കന്മാര്‍ പറയുന്നത്, മീഡിയയുടെ സഹായത്തോടെ തങ്ങളുടെ 20 വര്‍ഷത്തെ രാഷ്ട്രീയമാണ് ഏതാനും ചില ദിവസങ്ങള്‍ കൊണ്ട് കെജ്രിവാളും കൂട്ടരും ഇല്ലാതാകുന്നത് എന്നാണ്.
വാസ്തവത്തില്‍, അണ്ണാ ഹസാരെയില്‍ നിന്ന് വേര്‍പെട്ടതിനുശേഷവും കെജ്രിവാള്‍ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയവും ‘അഴിമതി വിരുദ്ധ’സമരം പോലെ തന്നെ തീര്‍ത്തും പൊള്ളായായതും പ്രശ്‌നകരവുമാണ്. ഡല്‍ഹി നിവാസികള്‍ക്ക് സൗജന്യമായി ജലം കൊടുത്തു, പകുതി വിലയ്ക്ക് വൈദ്യുതി കൊടുത്തു, ഓട്ടോക്കാരെ പോലുള്ളവരെ പോലീസുകാര്‍ ഉപദ്രവിക്കുന്നത് ഇല്ലാതാക്കി എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കെജ്രിവാള്‍ തന്റെ പ്രചാരണം നടത്തിയിരുന്നത്. ഇത്തരം പദ്ധതികള്‍ തങ്ങളെ സഹായിച്ചതുകൊണ്ടാണ് ഡല്‍ഹി നിവാസികള്‍ കെജ്രിവാളിന് വോട്ട് കൊടുത്തത്. എന്നാല്‍, വലിയ അനീതികളുടെ നഗരമായ ഡല്‍ഹിയില്‍ ദലിതരും ഏറ്റവും കീഴ്ജാതികളും ആദിവാസികളും മുസ്ലീംസമുദായക്കാരരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ് ഭൂരിപക്ഷം സവര്‍ണരായ ഒരു മേലാളവര്‍ഗത്തിന് പണിയെടുക്കാന്‍ വേണ്ടി ചേരികളിലും മറ്റും തിങ്ങിപ്പാര്‍ക്കുന്നത്. ഈ വിഭാഗങ്ങള്‍ തമ്മിലുള്ള അധികാരവ്യത്യാസങ്ങളെ ചോദ്യം ചെയ്യാനോ, മാറ്റാനോ കെജ്രിവാളിന്റെ രാഷ്ട്രീയം ഒരിക്കലും ഉപകാരപ്പെടില്ല.
സ്വയം സംഘടിക്കാനും, മെല്ലെ കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ടുമാറി ദലിത ബഹുജന രാഷ്ട്രീയത്തിന്റെ കൂടെ നില്‍ക്കാനും തുടങ്ങിയ കീഴാളസമുദായത്തിന്റെ രാഷ്ട്രീയം തീര്‍ത്തും ഇല്ലാതാക്കി, അവരെ സവര്‍ണ്ണരുടെ ‘സേവനത്തിന്റെ’ രക്ഷകര്‍തൃത്വത്തിനിടയില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ മാത്രമാണ് ഇങ്ങനെയൊരു രാഷ്ട്രീയം സഹായിക്കുക.

ബി. ജെ. പി. യുടെ അക്രമരാഷ്ട്രീയത്തെ കെജ്രിവാളിന്റെ ചൂല് തൂത്തുവാരിയെന്ന് ആഘോഷിക്കുമ്പോള്‍ തന്നെ ഈ രണ്ട് രാഷ്ട്രീയങ്ങളും ബ്രാഹ്മണാധിപത്യത്തിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് തിരിച്ചറിയുന്നതും വളരെ പ്രധാനമാണ്. ചുരുക്കിപ്പറഞ്ഞാല്‍, ഫൂലെ അംബേദ്ക്കര്‍ എന്നിവര്‍ മുന്നോട്ടുവെച്ച കീഴാള വായനകളുടെയും ഇന്നത്തെ ദലിത ബഹുജന വ്യവഹാരങ്ങളുടെയും കണ്ണിലൂടെ നേക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള നിരവധി മുന്നേങ്ങളെയും ഇസ്ലാം, ക്രിസ്തുമതങ്ങളുടെ സ്വാഭാവിക വളര്‍ച്ചയും തടഞ്ഞുകൊണ്ടുള്ള ഗാന്ധിയന്‍ രാഷ്ട്രീയത്തെ തന്നെയാണ്, ഇന്നത്തെ നിയോലിബറല്‍/പോസ്റ്റ് മണ്ഡല്‍ കാലഘട്ടത്തിനുവേണ്ടി കെജ്രിവാളും ആപ്പും പുനരവതരിപ്പിക്കുന്നത്.

ഇങ്ങനെയൊരു രക്ഷകര്‍തൃത്വം തന്നെയാണ് ഗാന്ധിയും ദലിതര്‍ക്കും നല്‍കാം എന്ന് പറഞ്ഞിരുന്നത്. ഇത് തന്നെയാണ് അംബേദ്ക്കര്‍ ശക്തമായി നിരസിച്ചത്.
ജനങ്ങളുടെ ജനാധിപത്യം ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന ആപ്പിന്റെ ‘മൊഹല്ല’ സഭകളും ഇതുപോലെയൊരു പ്രശ്‌നകരമായ രാഷ്ട്രീയമാണ് മുന്നോട്ടുവെയ്ക്കുന്നത്. നേരത്തെ നിശ്ചയിച്ച ഏതാനും ചില വിഷയങ്ങളെ (വികസനത്തെ സംബന്ധിച്ച) കുറിച്ച് മാത്രമാണ് ജനങ്ങള്‍ ഈ സഭകളില്‍ തീരുമാനമെടുക്കുക. ഭരണകൂടത്തിന്റെ അധികാരത്തെ വികേന്ദ്രീകരിക്കുന്ന ഈ നിയോലിബറല്‍ മാറ്റത്തെയാണ് ജനങ്ങളുടെ ജനാധിപത്യമെന്ന പേരില്‍ കെജ്രിവാള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇതിലുപരി, ഗ്രാമപഞ്ചായത്തുകളുടെ ഹിംസാത്മകതയെ കുറിച്ച പറഞ്ഞിട്ടുള്ള അംബേദ്ക്കറുടെ വാക്കുകള്‍ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് കെജ്രിവാള്‍ തന്റെ ‘സ്വരാജ്’ മുന്നോട്ടുവെയ്ക്കുന്നത്.
കീഴാള രാഷ്ട്രീയത്തെ നയിക്കാന്‍ ഒരു അംബേദ്ക്കര്‍ ഇല്ലല്ലോ, പല ദലിത് ബഹുജന നേതാക്കന്മാരും ബി ജെ പി യുടെ കൂടെയല്ലേ, ഇനി വേറെ എന്താണ് വഴി, ഇവരെങ്കിലും വളരട്ടെ, എന്ന് പറഞ്ഞാണ് പലരും ഈ പ്രശ്‌നങ്ങളെ നേരിടുന്നത്. എന്നാല്‍ ഇന്ന് ഒരു ‘അംബേദ്ക്കര്‍ ഉണ്ടാകാത്തത്’ മുതല്‍ (അങ്ങനെയൊരു ആവശ്യത്തെ വാദത്തിനെങ്കിലും അംഗീകരിച്ചാല്‍ തന്നെ) നിരവധി ദലിതബഹുജന നേതാക്കന്മാര്‍ ബി ജെ പി യിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരാകുന്നത് വരെ, നിലവിലുള്ള ബ്രാഹ്മണ ജാതി ഹിന്ദുവ്യവസ്ഥയുടെ അനന്തരഫലമാണ്;’ആ വ്യവസ്ഥയ്ക്കുള്ളില്‍ തന്നെ, അതിന്റെ അധികാരത്തിനിടയില്‍ ഉണ്ടായി വരുന്ന രാഷ്ട്രീയങ്ങളുടെ പ്രശ്‌നങ്ങളാണ്. ഇത് നേരിടേണ്ടത് കീഴാള രാഷ്ട്രീയങ്ങള്‍ സ്വയം തിരുത്തിയും മറ്റു കീഴാള സ്ഥാനങ്ങളോട് കൂടുതല്‍ അടുപ്പം സ്ഥാപിച്ചുമാണ്. വാസ്തവത്തില്‍ നൂറ്റാണ്ടുകളുടെ ബ്രാഹ്മണാധിപത്യം നിര്‍മ്മിച്ച ഘടനകളെ പുനര്‍നിര്‍മ്മിക്കുക എന്നത് എളുപ്പമല്ല. പക്ഷേ, ബ്രാഹ്മണജാതി ഹിന്ദുവ്യവസ്ഥ ഉണ്ടാക്കുന്ന ഈ പ്രശ്‌നങ്ങളും, തടസ്സങ്ങളും, സങ്കീര്‍ണ്ണതകളും, ജാതി ഹിന്ദു വ്യവസ്ഥയുടെ തന്നെ ഗാന്ധിയന്‍ രക്ഷാകര്‍തൃത്ത്വവുമായി വരുന്ന കെജ്രിവാളിനെ പോലൊരാളുടെ രാഷ്ട്രീയത്തിലേക്ക് നീങ്ങി പരിഹരിക്കാം എന്ന് വിചാരിക്കുന്നതില്‍ യാതൊരു യുക്തിയും ഇല്ല.
അതുകൊണ്ട്, ബി. ജെ. പി. യുടെ അക്രമരാഷ്ട്രീയത്തെ കെജ്രിവാളിന്റെ ചൂല് തൂത്തുവാരിയെന്ന് ആഘോഷിക്കുമ്പോള്‍ തന്നെ ഈ രണ്ട് രാഷ്ട്രീയങ്ങളും ബ്രാഹ്മണാധിപത്യത്തിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് തിരിച്ചറിയുന്നതും വളരെ പ്രധാനമാണ്. ചുരുക്കിപ്പറഞ്ഞാല്‍, ഫൂലെ അംബേദ്ക്കര്‍ എന്നിവര്‍ മുന്നോട്ടുവെച്ച കീഴാള വായനകളുടെയും ഇന്നത്തെ ദലിത ബഹുജന വ്യവഹാരങ്ങളുടെയും കണ്ണിലൂടെ നേക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള നിരവധി മുന്നേങ്ങളെയും ഇസ്ലാം, ക്രിസ്തുമതങ്ങളുടെ സ്വാഭാവികവളര്‍ച്ചയും തടഞ്ഞുകൊണ്ടുള്ള ഗാന്ധിയന്‍ രാഷ്ട്രീയത്തെ തന്നെയാണ്, ഇന്നത്തെ നിയോലിബറല്‍/പോസ്റ്റ് മണ്ഡല്‍ കാലഘട്ടത്തിനുവേണ്ടി കെജ്രിവാളും ആപ്പും പുനരവതരിപ്പിക്കുന്നത്.

Top